സുല്ലമുസ്സലാമും ജമാഅത്തെ ഇസ്‌ലാമിയും
എ. അബ്ദുസ്സലാം സുല്ലമിയുമായി ബഷീര്‍ തൃപ്പനച്ചി നടത്തിയ അഭിമുഖം(ലക്കം 2900, 2901) വായിച്ചു. കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ കീഴിലുള്ള അരീക്കോട് സുല്ലമുസ്സലാം അറബിക്കോളേജില്‍ ജമാഅത്തെ ഇസ്‌ലാമി അനുഭാവികളായ വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്നു എന്ന പരാമര്‍ശം 1970-'75 കാലഘട്ടത്തിലെങ്കിലും സത്യമാണ്. മുന്നുവര്‍ഷം ആലിയാ അറബിക്കോളേജിലും ഒരുവര്‍ഷം ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജിലും പഠിച്ച ഈ കുറിപ്പുകാരന്‍ ആനുകാലികങ്ങള്‍ വായിച്ചു തുടങ്ങിയതും ജമാഅത്തെ ഇസ്‌ലാമിയെ പ്രാഥമികമായും ഏറക്കുറെ ആഴത്തിലും പഠിച്ചതും സുല്ലമില്‍ വെച്ചാണ്. കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയും കോളേജ് പ്രിന്‍സിപ്പലുമായ കെ.പി മുഹമ്മദ് മൗലവി, എ.പി അബ്ദുല്‍ഖാദിര്‍ മൗലവി, കെ.കെ മുഹമ്മദ് സുല്ലമി ഉള്‍പ്പെടെയുള്ള അധ്യാപകരുടെ ഭാഗത്തുനിന്ന് ജമാഅത്തിനെതിരെ അസഹിഷ്ണുതാപരമായ നിലപാടുണ്ടായതായി ഓര്‍ക്കുന്നില്ല. നദ്‌വത്തിനേക്കാള്‍ ലീഗിനെ സ്‌നേഹിച്ചിരുന്ന ചില 'മലപ്പുറം കുട്ടികള്‍' രാഷ്ട്രീയ കാരണങ്ങളാല്‍ ചിലപ്പോഴൊക്കെ പരിഹസിക്കുമായിരുന്നു എന്നുമാത്രം. അന്നേ രാപ്പകല്‍ ഭേദമന്യേ വായനയിലും പഠനത്തിലും മുഴുകിയിരുന്ന സുല്ലമിലെ വിദ്യാര്‍ഥിയായിരുന്ന എ. അബ്ദുസ്സലാം സുല്ലമി ജമാഅത്തു വിമര്‍ശനത്തില്‍ അത്ര തല്‍പരനായിരുന്നില്ല എന്നാണോര്‍മ.
സുല്ലമില്‍നിന്ന് അകലെയല്ലാത്ത ജമാഅത്ത് ഓഫീസില്‍ വിദ്യാര്‍ഥി മുത്തഫിഖ് ഹല്‍ഖയുടെ വാരാന്തയോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇ. അബൂബക്കര്‍(കരുവമ്പൊയില്‍), ടി. അബൂബക്കര്‍(ചുങ്കത്തറ), പി.വി അഹ്മദ്, എന്‍.പി മുഹമ്മദ് കുഞ്ഞി, യു.കെ അബ്ദുല്‍ ഖാദിര്‍ (കൊടുവള്ളി), പി.ടി മുഹമ്മദ് ഇസ്മാഈല്‍ (മഞ്ചേരി-പെരിമ്പലം), മര്‍ഹൂം ഇസ്ഹാഖ് പാണ്ടിക്കാട്, അബ്ദുല്‍ഹമീദ് മുത്തന്നൂര്‍ മുതലായവരായിരുന്നു സുല്ലമുസ്സലാം കോളേജിലെ ജമാഅത്ത് അനുഭാവികളായ വിദ്യാര്‍ഥികള്‍. ഐ.എസ്.എല്‍ രൂപവല്‍കൃതമായപ്പോള്‍ ഈ സംഘം 'ചലനം' എന്ന പേരില്‍ നിലവാരമുള്ള നല്ലൊരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് വായനക്ക് നല്‍കി. മുജാഹിദ്-ജമാഅത്ത് സംവാദവിഷയങ്ങള്‍ ഒട്ടുമേ പ്രകോപിതനാവാതെ താര്‍ക്കികമായി അവതരിപ്പിക്കാന്‍ ഇ.അബുബക്കര്‍ സാഹിബിന് അപാരമായ കഴിവായിരുന്നു. എതിരാളി എത്ര പ്രകോപിതനായാലും പുഞ്ചിരിച്ചു മാത്രം സംവദിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബ്, ബീരാന്‍കുട്ടി മാസ്റ്റര്‍ (കീഴുപറമ്പ്) എന്നിവരുടെ കോളേജ് സന്ദര്‍ശനങ്ങള്‍ ഞങ്ങള്‍ക്ക് ആവേശം നല്‍കി.ഇടക്കിടെ മുടങ്ങിപ്പോവുന്ന 'അല്‍മനാറി'ന്റെ ഒന്നോ രണ്ടോ കോപ്പിമാത്രം എപ്പോഴെങ്കിലും കാണാന്‍ കിട്ടുന്ന കോളേജില്‍ 'പ്രബോധന'ത്തിന്റെ ധാരാളം കോപ്പികള്‍ വിറ്റഴിഞ്ഞിരുന്നു.
അന്ന് ജമാഅത്ത്-മുജാഹിദ് ആശയ മേഖലയില്‍ സജീവ വിഷയമായിരുന്ന 'ഇബാദത്തി'നെപ്പറ്റി ഒരു സംവാദം സംഘടിപ്പിക്കാമെന്ന് അധ്യാപകനായ കെ.കെ മുഹമ്മദ് സുല്ലമി അഭിപ്രായപ്പെടുകയും അതുപ്രകാരം അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ മുതല്‍ വൈകുന്നേരംവരെ കേളേജില്‍ പരിപാടി നടത്തുകയും ചെയ്തിരുന്നു. ഇബാദത്തിന് അനുസരണം എന്ന അര്‍ഥമുള്ള സൂക്തങ്ങളുടെ തഫ്‌സീറുകള്‍ കണ്ടെത്തി അവതരിപ്പിക്കാന്‍ ഇ. അബൂബക്കര്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. കോളേജ് ലൈബ്രറിയിലെ ഏതാണ്ടെല്ലാ കിതാബുകളും തഫ്‌സീറുകളും തദാവശ്യാര്‍ഥം പരിശോധിച്ചു. ആവശ്യമായ രേഖകള്‍ കണ്ടുകിട്ടി. ഇത്, ജമാഅത്തുകാര്‍ ഇസ്‌ലാമിനന്യമായ സിദ്ധാന്തം അവതരിപ്പിക്കുന്നു എന്ന മുജാഹിദ് വാദത്തെ ഖണ്ഡിക്കാന്‍ മാത്രമല്ല, എന്നില്‍ രൂപപ്പെട്ട പ്രസ്ഥാനാഭിമുഖ്യത്തിന് കൂടുതല്‍ മതപരവും രേഖാപരവുമായ ദാര്‍ഢ്യവും നല്‍കി. സയ്യിദ് മൗദൂദിയോട് എന്തെന്നില്ലാത്ത ആദരം വര്‍ധിച്ചു. ത്വാഗൂത്തിന്റെ ഇനങ്ങള്‍ വിശദീകരിച്ച 'ഫത്ഹുല്‍മജീദി'ലെയും മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ 'അല്‍ജാമിഉല്‍ ഫരീദി'ലെയും ഭാഗങ്ങള്‍ കണ്ടപ്പോള്‍ ആദരം ശതഗുണീഭവിച്ചു. സമസ്തയുമായി സംവദിക്കുമ്പോള്‍ ഖുര്‍ആനും സുന്നത്തും മറ്റു രേഖകളും ആധാരമാക്കുന്ന മുജാഹിദ് സുഹൃത്തുക്കള്‍ ജമാഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ 'നാവ് തന്നെ ധാരാളം' എന്ന മട്ടിലാണ് സംസാരിച്ചത്. ഗ്രന്ഥങ്ങള്‍ പരതുന്നതിനിടയില്‍ മൗദൂദിയുടെ സൂറത്തുന്നൂറിന്റെ അറബി പരിഭാഷ കാണാനിടയായി. വായിച്ചു നോക്കിയപ്പോള്‍ അതിലെ ആശയ ഗഹനത കൂടുതല്‍ താല്‍പര്യമുണര്‍ത്തി. പരാമൃഷ്ട ഇബാദത്ത് ചര്‍ച്ചയില്‍ പല ഇബാറത്തുകളും ഉദ്ധരിച്ചുവെങ്കിലും മറുപക്ഷം കേട്ടതായി പോലും ഭാവിച്ചില്ല.
മുജാഹിദ് പ്രസ്ഥാനം സമൂഹത്തിലുണ്ടാക്കിയ വിവരണാതീതമായ മാറ്റങ്ങളെ ജമാഅത്ത് ഇന്നുവരെ ചെറുതായി കണ്ടില്ലെന്നു മാത്രമല്ല, സ്റ്റേജുകളിലും പേജുകളിലും അക്കാര്യം എത്രയോ തവണ എടുത്തു പറയുകയും ചെയ്തിട്ടുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പ് ബിദ്അത്തുകള്‍ വിപാടനം ചെയ്യുന്ന കാര്യത്തിലുണ്ടാക്കിയ പ്രയാസങ്ങള്‍ ധാരാളമായി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ആരാധനാ-ആത്മീയ രംഗത്തെ ബിദ്അത്തുകള്‍ക്കെതിരില്‍ ജമാഅത്തെ ഇസ്‌ലാമി കുറച്ചുകൂടി ജാഗ്രത പുലര്‍ത്തുകയും, മുസ്‌ലിംകളെ ഇസ്‌ലാമികമായി സാമൂഹികവല്‍ക്കരിക്കുന്നതില്‍ മുജാഹിദ് പ്രസ്ഥാനം കൂടുതല്‍ ഊന്നല്‍ നല്‍കുകയും ചെയ്താല്‍, സംശയമില്ല, കേരളീയ മുസ്‌ലിംകളുടെ ഇസ്‌ലാമിക സാക്ഷ്യം അത്ര മോശമാവില്ല.
Comments