Prabodhanm Weekly

Pages

Search

2015 മെയ്‌ 22

തീന്‍മേശക്ക് ചുറ്റും ചില വീട്ടുകാര്യങ്ങള്‍

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

        ഒരു ഒഴിവു ദിവസം ഞാന്‍ കുടുംബത്തെയും കൂട്ടി ഉച്ച ഭക്ഷണത്തിന് ഹോട്ടലില്‍ പോയതാണ്. ഒഴിവു ദിനം ആഘോഷിക്കാന്‍ പല കുടുംബങ്ങളും തീന്മേശക്ക് ചുറ്റും ഒന്നിച്ചിരിക്കുന്ന കാഴ്ച കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. എന്നാല്‍ എന്നെ ദുഃഖിപ്പിച്ച മറ്റൊരു ദൃശ്യവും സൂചിപ്പിക്കാതെ വയ്യ. മിക്ക മേശകള്‍ക്ക് ചുറ്റുമിരിക്കുന്ന കുടുംബാംഗങ്ങളും പരസ്പരം ഒന്നും ഉരിയാടാതെ മൗനികളായിരിക്കുന്നു. ചിലര്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ 'ഗെയിമു'കളില്‍ ഏര്‍പ്പെട്ടും സുഹൃത്തുക്കളുമായി 'ചാറ്റ്' ചെയ്തും ബിസിയാണ്. ഏതെങ്കിലും മേശയില്‍ നിന്ന് ശബ്ദം ഉയര്‍ന്നാല്‍ തന്നെ അത് 'കുരുത്തക്കേട്' കാണിക്കുന്ന കുട്ടിയെ അടക്കിനിര്‍ത്താനോ അവനെ വഴക്ക് പറയാനോ ആയിരിക്കും.

തീന്മേശക്ക് ചുറ്റുമുള്ള ഇരുത്തം, ഉപയോഗപ്പെടുത്താന്‍ അറിയുമെങ്കില്‍ മക്കളെ നല്ല വിധത്തില്‍ വളര്‍ത്താനുള്ള സുവര്‍ണാവസരമാണ്. ഭക്ഷണമേശക്ക് ചുറ്റുമിരുന്നുള്ള സംസാരത്തിലൂടെ അവരുടെ മനസ്സില്‍ മൂല്യബോധത്തിന്റെ വിത്ത് പാകാനും സദ്‌വിചാരങ്ങളുടെ ചെടികള്‍ നടാനും നമുക്ക് സാധിക്കും. കൗമാര പ്രായക്കാരനായ തന്റെ മകനെ കുറിച്ച് പരാതിയുമായി വന്ന പിതാവിനോട് ഞാന്‍: ''ഒഴിവു ദിവസം കുടുംബത്തെയും കൂട്ടി നിങ്ങള്‍ എവിടെയാണ് പോവാറ്?''

''എല്ലാ ശനിയാഴ്ചയും കുടുംബത്തെയും കൂട്ടി പുറത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോകും''-അയാള്‍.

സമര്‍ഥമായ രീതിയില്‍, നേരിട്ടല്ലാതെ മകന്റെ പ്രശ്‌നം എല്ലാവരുടെ മുന്നില്‍ ഭക്ഷണസമയത്ത് ചര്‍ച്ചക്കെടുത്തിടാന്‍ ഞാന്‍ നിര്‍ദേശിച്ചു. തുടക്കത്തില്‍ ഈ നിര്‍ദേശത്തോട് അദ്ദേഹം വലിയ താല്‍പര്യം കാണിച്ചില്ല. പിന്നീട് ഈ രീതി പരീക്ഷിച്ച് വിജയിച്ച അനുഭവവുമായി അദ്ദേഹം എന്നെ സമീപിച്ചു. ആ സംഭവം മനസ്സില്‍ വെച്ചുകൊണ്ട്, തീന്മേശക്ക് ചുറ്റുമുള്ള ഇരുത്തത്തിലൂടെയും സഹവാസത്തിലൂടെയും സാധിക്കാവുന്ന ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ്.

ഒന്ന്, ഹോട്ടലിലെ തീന്മേശയിലെ ഇരുത്തത്തിലൂടെ തീരുമാനങ്ങളെടുക്കാനുള്ള രീതി മക്കളെ പഠിപ്പിക്കാം. 'മെനു' കൈയില്‍ കിട്ടുന്ന കുട്ടികള്‍ ഏത് ഭക്ഷണ വിഭവം തെരഞ്ഞെടുക്കണമെന്നറിയാതെ അന്തം വിട്ടിരിക്കുമ്പോള്‍, യുക്തമായ തീരുമാനമെടുക്കേണ്ടതെങ്ങനെയെന്ന് നമുക്ക് അവരെ ബോധ്യപ്പെടുത്താം. മെനു നോക്കി വിഭവങ്ങള്‍ തെരഞ്ഞെടുക്കാന്‍ തുടക്കത്തില്‍ നിങ്ങള്‍ അവരെ സഹായിക്കുന്നതില്‍ തെറ്റൊന്നുമില്ല.

രണ്ട്, കൂടപ്പിറപ്പുകള്‍ക്കിടയിലെ സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ ഇരുത്തം ഉപയോഗപ്പെടുത്താം. താന്‍ തെരഞ്ഞെടുത്ത ആഹാരത്തിലെ ഒരോഹരി മറ്റേ ആള്‍ക്ക് നല്‍കിക്കൊണ്ടോ ഒരു ആഹാരം എല്ലാവരും ഒന്നിച്ച് പങ്കുവെച്ചുകൊണ്ടോ ആവാം ഇത്. അപരന് വേണ്ടി സ്വന്തം മോഹങ്ങള്‍ ത്യജിക്കാനുള്ള ശീലവും 'ഒടുവിലെ ഒറ്റക്കഷ്ണം' വിട്ടു കൊടുക്കുന്നതിലൂടെ പഠിക്കാം.

മൂന്ന്, ഭക്ഷണ മര്യാദകള്‍ പഠിപ്പിക്കാനുള്ള നല്ല ഒരു അവസരമാണ് ഹോട്ടലിലെ ഒന്നിച്ചിരുത്തം. ഭക്ഷണത്തിന് മുമ്പും ഇടക്കും ശേഷവും ഉള്ള സുന്നത്തുകള്‍ പഠിപ്പിക്കാം. വയറുമുട്ടെ ആഹാരം കഴിക്കുന്നതിലെ ദോഷങ്ങള്‍ മനസ്സിലാക്കി കൊടുക്കാം. വൃത്തിയായും വെടിപ്പായും ഭക്ഷണം കഴിക്കുന്ന രീതി കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാം.

നാല്, ഭക്ഷണം കഴിക്കുന്നതിനിടയില്‍ ആഹാര പദാര്‍ഥങ്ങളെക്കുറിച്ച വിവരണം ആവാം. മുഖ്യ വിഭവം മത്സ്യമാണെങ്കില്‍ വര്‍ത്തമാനം മീനിനെക്കുറിച്ചാവട്ടെ. വിവിധതരം മത്സ്യങ്ങളെക്കുറിച്ചും അവയുടെ വംശവര്‍ധനവിനെക്കുറിച്ചും മത്സ്യബന്ധനത്തിന്റെ വ്യത്യസ്ത രീതികളെക്കുറിച്ചുമാവാം പറയുന്നത്. 'പ്രവാചകന്‍ യൂനുസും(അ) മത്സ്യവും', 'മൂസാ നബി(അ)യും മത്സ്യവും' അങ്ങനെ പല കഥകളും ഉണ്ടല്ലോ. മാതാപിതാക്കള്‍ക്കറിയില്ലെങ്കില്‍  ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് ആ കഥകള്‍ മറ്റു മക്കള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു മകനെ/ മകളെ ചുമതലപ്പെടുത്താം. മട്ടന്‍, ചിക്കന്‍, മക്രോണി... അങ്ങനെ വിഭവങ്ങള്‍ ഏതിനെക്കുറിച്ചുമാവാം ഈ വര്‍ത്തമാനങ്ങള്‍.

അഞ്ച്, ഒരാഴ്ചക്കിടയില്‍ മാതാപിതാക്കള്‍ അഭിമുഖീകരിച്ച കുടുംബ പ്രശ്‌നങ്ങള്‍ മക്കളുമായി പങ്കിടുകയാവാം. അല്ലെങ്കില്‍ മക്കള്‍ക്ക് സ്‌കൂളില്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് പറയാം. അതുമല്ലെങ്കില്‍ കൂട്ടുകാരുമായുള്ള ബന്ധത്തെക്കുറിച്ചും ആവാം സംസാരം. പ്രശ്‌നങ്ങള്‍ക്കുള്ള പല പരിഹാര മാര്‍ഗങ്ങളും നിരത്തി ഓരോരുത്തരുടെയും അഭിപ്രായം ആരായാനും ഈ ഇരുത്തം പ്രയോജനപ്പെടുത്താം.

ആറ്, ക്രമം, ചിട്ട, വൃത്തി, സാമഗ്രികള്‍ ഉപയോഗിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം ഭക്ഷണം വെട്ടി വിഴുങ്ങാതെ നന്നായി ആസ്വദിച്ച് ചവച്ചരച്ച് കഴിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താം. ഹോട്ടല്‍ ജീവനക്കാരോടും പരിചാരകരോടും ഇടപെടേണ്ട രീതി പറഞ്ഞ് കൊടുക്കാം.

ഏഴ്, മക്കളെ സാമ്പത്തിക 'അച്ചടക്കം' പഠിപ്പിക്കാനുള്ള നല്ല സന്ദര്‍ഭമാണ് ഹോട്ടലിലെ ഇരുത്തത്തില്‍ കൈവരുന്നത്. നമ്മുടെ ബജറ്റില്‍ ഒതുങ്ങി, കഴിവിന്റെ പരിധിയില്‍ വിടാതെ എങ്ങനെ ഓര്‍ഡര്‍ ചെയ്യണമെന്നും വിവിധ വിഭവങ്ങളുടെ വിലകള്‍ താരതമ്യപ്പെടുത്തി മെച്ചപ്പെട്ട വിഭവങ്ങള്‍ എങ്ങനെ തെരഞ്ഞെടുത്ത് വാങ്ങണമെന്നും മക്കളെ പഠിപ്പിക്കാനുള്ള നല്ല അവസരമാണത്.

എട്ട്, മിച്ച ഭക്ഷണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മക്കളെ പഠിപ്പിക്കാം. ബാക്കി വന്ന വിഭവങ്ങള്‍ പാക്ക് ചെയ്ത് വാങ്ങി വീട്ടില്‍ കൊണ്ടുപോയി പാവങ്ങള്‍ക്കും ആവശ്യക്കാര്‍ക്കും എത്തിച്ചു കൊടുക്കുന്ന ശീലം അവരില്‍ വളരട്ടെ.

പുറത്ത് ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുകയെന്നത് തീര്‍ച്ചയായും ചെലവുള്ള കാര്യമാണ്. ചെലവാക്കുന്ന പണം ലാഭകരമായ നിക്ഷേപമാക്കാനുള്ള ചില വഴികളാണിവ. ഹോട്ടലില്‍ നാം ചെലവാക്കുന്ന തുക കേവലം ഭക്ഷണത്തിനും സര്‍വീസിനും മാത്രമാവരുത്. ഹോട്ടലിലെ ഒന്നിച്ചിരുത്തവും, ആഹാരം ഒരു മേശക്ക് ചുറ്റുമിരുന്ന് ഒരുമിച്ചു കഴിക്കലും മുഖേന ഒരു വലിയ 'ഫാമിലി തര്‍ബിയത്താ'ണ് നടക്കുന്നത്. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /25
എ.വൈ.ആര്‍