Prabodhanm Weekly

Pages

Search

2015 മെയ്‌ 22

അറബി ഭാഷാ പഠനത്തിന്റെ പുതിയ തുറസ്സുകള്‍ തേടി

കെ.എം.എ /വ്യക്തിചിത്രം

         അക്കാദമിക മേഖലയില്‍ ഏറെ സുപരിചിതനാണ് ഡോ. അഹ്മദ് ഇബ്‌റാഹീം റഹ്മത്തുല്ല എന്ന എ.ഐ റഹ്മത്തുല്ല. അറബി ഭാഷയും സാഹിത്യവുമാണ് അദ്ദേഹത്തിന്റെ പഠന മേഖല. കോഴിക്കോട് സര്‍വകലാശാല അറബിക് വിഭാഗം തലവനായി വിരമിച്ച ശേഷവും അതേ സര്‍വകലാശാലയിലെ രണ്ട് പി.ജി ബോര്‍ഡുകളുടെ തലവനായും ചെയര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ വിസിറ്റിംഗ് പ്രഫസറായും അദ്ദേഹം സന്നദ്ധ സേവനം തുടരുന്നു. ഈ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച് 23-ന് അദ്ദേഹം ഏറ്റുവാങ്ങിയ ബഹുമതി പത്രം.

സംസ്‌കൃതം, അറബിക്, പേര്‍ഷ്യന്‍ ഭാഷകളുടെ ഉന്നമനത്തിന് മികച്ച സംഭാവനകള്‍ നല്‍കിയവരെ ആദരിക്കാനായി ഇന്ത്യാ ഗവണ്‍മെന്റ് 1958-ലാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 1996-ല്‍ പാലി/പ്രാകൃത് ഭാഷകളെ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി. അറുപത് വയസ്സ് പിന്നിട്ട ഭാഷാ പണ്ഡിതന്മാര്‍ക്കാണ് ഇത് നല്‍കുക. സംസ്‌കൃത ഭാഷാ പഠനത്തിന് 14-ഉം അറബി പഠനത്തിന് മൂന്നും മറ്റു ഭാഷകള്‍ക്ക് (പാര്‍സി, പാലി/പ്രാകൃത്) ഓരോന്നു വീതവുമാണ് അവാര്‍ഡ്. അറബിക്ക് മൂന്ന് അവാര്‍ഡുകള്‍ ഉണ്ടായിരുന്നെങ്കിലും 2014-ല്‍ രണ്ടെണ്ണമേ നല്‍കിയിട്ടുള്ളൂ. ഡോ. എ.ഐ റഹ്മത്തുല്ലക്ക് പുറമെ പ്രഫ. നിസാര്‍ അഹ്മദ് അന്‍സാരി അസ്മിയാണ് അറബി ഭാഷാ പുരസ്‌കാരത്തിന് അര്‍ഹനായത്. അഞ്ചു ലക്ഷമാണ് സമ്മാനത്തുക. 2007-ല്‍ 30-40 വയസ്സ് പ്രായ പരിധിയിലുള്ള യുവ ഭാഷാ ഗവേഷകര്‍ക്ക് മഹര്‍ഷി ബദരായന്‍ വ്യാസ് സമ്മാന്‍ എന്ന പുരസ്‌കാരവും ഏര്‍പ്പെടുത്തി.

അവാര്‍ഡ് ജേതാവായ ഡോ. എ.ഐ റഹ്മത്തുല്ല കോഴിക്കോട് കടലുണ്ടി നഗരം സ്വദേശിയാണ്. ഇപ്പോള്‍ താമസം അരീക്കോട്ട്. ഫാറൂഖ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അദ്ദേഹം ബിരുദാനന്തര ബിരുദമെടുത്തത് അറബി ഭാഷയിലായിരുന്നു. 1981-ല്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. വിഷയം, 'ആധുനിക അറബി സാഹിത്യ നിരൂപണം.' ''നിശിതമായി നിരൂപണം ചെയ്യുന്നവരായിരുന്നു ജാഹിലീ കാലം മുതല്‍ക്കേ അറബികള്‍. ഉക്കാള് ചന്തയിലും മറ്റും പാടിക്കേള്‍ക്കുന്ന കവിതകളില്‍ മികച്ചത് മാത്രം തെരഞ്ഞെടുത്ത് അവര്‍ കഅ്ബയില്‍ കെട്ടിത്തൂക്കുമായിരുന്നു. അത് കവികള്‍ക്കുള്ള അംഗീകാരമാണ്. പിന്നെപ്പിന്നെ ഈ നിരൂപണ മനസ്സ് ക്ഷീണിച്ചുവന്നു. യൂറോപ്പില്‍ ആധുനികത വലിയ മാറ്റങ്ങള്‍ക്ക് കളമൊരുക്കുമ്പോള്‍ ജഢാവസ്ഥയിലെത്തിക്കഴിഞ്ഞിരുന്നു അറബ് നിരൂപണം. ഇതിനെക്കുറിച്ചാണ് എന്റെ ഗവേഷണ പ്രബന്ധത്തില്‍ ഞാന്‍ അന്വേഷിക്കാന്‍ ശ്രമിച്ചത്''- നിരവധി ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഗൈഡായി വര്‍ത്തിച്ച റഹ്മത്തുല്ല പറയുന്നു. അറബി ഭാഷാ സാഹിത്യവുമായി ബന്ധപ്പെട്ട് ഇരുപതിലധികം സെമിനാര്‍ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

അറബിയില്‍ അദ്ദേഹം എട്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മിക്കതും സാഹചര്യത്തിന്റെ സമ്മര്‍ദങ്ങളാല്‍ എഴുതിപ്പോയവ. ''പി.ജി വിദ്യാര്‍ഥികളുടെ സിലബസാണ് വലിയൊരു പ്രശ്‌നം. നാല്‍പത്- അമ്പത് വര്‍ഷം മുമ്പ് എഴുതപ്പെട്ട നോവലും കഥയും പ്രബന്ധവുമൊക്കെയാണ് നവീന സാഹിത്യം എന്ന പേരില്‍ പഠിക്കാനുണ്ടാവുക. സാഹിത്യത്തിലെ പുതിയ ഭാവുകത്വ പരിണാമങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ള സിലബസ് പരിഷ്‌കരണമൊന്നും പൊതുവെ ഉണ്ടാകാറില്ല. അങ്ങനെ ഏറ്റവും പുതിയ രചനകളെ കൂടി ഉള്‍പ്പെടുത്തി ഞാന്‍ തയാറാക്കിയ പുസ്തകങ്ങള്‍ക്ക് കോഴിക്കോട് സര്‍വകലാശാല അംഗീകാരം നല്‍കുകയാണുണ്ടായത്.'' അല്‍ അദബു വന്നഖ്ദ് ഇന്‍ദല്‍ അറബ് (അറേബ്യന്‍ സാഹിത്യവും നിരൂപണവും), ഫി ഫളാഇല്‍ ഖയാല്‍ (നവീന കഥാ-നാടക സമാഹാരം), തയ്‌സീറുല്‍ ഇത്ത്വിലാഅ് ഫില്‍ അദബി വന്നഖ്ദ്, അല്‍ അറബിയ്യ ലിത്തിജാറഃ (ഫങ്ഷണല്‍ അറബിക്) തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു.

കോഴിക്കോട് സര്‍വകലാശാലയില്‍ അധ്യാപകനായി 25 വര്‍ഷം പൂര്‍ത്തിയാക്കിയതോടൊപ്പം തന്നെ വിദേശ രാജ്യങ്ങളിലും അധ്യാപകനാകാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. സാംബിയയിലെ ലുസാക്കയില്‍ മക്കേനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അറബിക് & ഇസ്‌ലാമിക് സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. നൈജീരിയയിലെ കാനോയില്‍ ഇംഗ്ലീഷ് മീഡിയം കോളേജിലെ അറബിക് അധ്യാപകനായിരുന്നിട്ടുമുണ്ട്. ദോഹയിലെ അറബി മീഡിയം പോലീസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇംഗ്ലീഷ് പഠിപ്പിച്ചുകൊണ്ട് നാലു വര്‍ഷം. ഇക്കാലത്തെ അനുഭവങ്ങള്‍ കൂടി മുമ്പില്‍ വെച്ചുകൊണ്ട് 'സ്വന്തമായി ഇംഗ്ലീഷ് പഠിക്കാം' എന്ന ശീര്‍ഷകത്തില്‍ നാല് വാള്യങ്ങള്‍ ഇംഗ്ലീഷില്‍ തയാറാക്കി. ഇംഗ്ലീഷില്‍ തന്നെ India's Contribution to Arabic Literature എന്ന പഠന ഗ്രന്ഥവും പൂര്‍ത്തിയായിട്ടുണ്ട്. സുബോധ് ഗോപാല്‍ നന്തിയും പ്രോജിത് കുമാര്‍ പാലിത്തും എഡിറ്റ് ചെയ്ത Manuscript and Manuscriptology in India എന്ന പുസ്തകത്തില്‍ കേരളത്തിലെ അറബി കൈയെഴുത്ത് പ്രതികളെക്കുറിച്ച് എഴുതിയത് ഡോ. എ.ഐ റഹ്മത്തുല്ലയാണ്.

കേരളത്തിലെ സ്‌കൂളുകളിലെയും കോളേജുകളിലെയും അറബി സിലബസില്‍ കാലോചിതമായ മാറ്റം ഇനിയും വന്നുകഴിഞ്ഞിട്ടില്ലെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പത്താംതരം വരെയുള്ള സിലബസില്‍ വരുത്തിയ മാറ്റങ്ങള്‍ തൃപ്തികരമാണ്. പ്രാക്ടിക്കലിന് മുന്‍ഗണന കൊടുത്തുകൊണ്ടുള്ളതാണത്. പ്ലസ്ടു തലത്തിലും ഉടന്‍ സമഗ്രമായ മാറ്റം വരും. തീരെ മാറാത്തത് ഡിഗ്രി തലത്തിലെ അറബി സിലബസാണ്. കലാലയങ്ങളിലെ അറബി പഠനം കൂടുതല്‍ തൊഴില്‍ കേന്ദ്രീകൃതമാക്കേണ്ടതുണ്ട്. മറ്റു സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൂടി അറബി പഠിക്കാന്‍ അത് പ്രേരണയായിത്തീരും. കേരളത്തില്‍ ഇനിയും വലിയ സാധ്യതകളുള്ള ടൂറിസം മേഖലയില്‍ ഇത് പരീക്ഷിച്ച് നോക്കാവുന്നതാണ്. എറണാകുളത്തെ ഒരു സ്ഥാപനം അറബി നന്നായി അറിയുന്ന ഗൈഡുകളെ നിശ്ചയിച്ചപ്പോള്‍ മൂന്നാറിലേക്കുള്ള അറബ് ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയുണ്ടായി. അറബികള്‍ ചികിത്സക്കെത്തുന്ന കോട്ടക്കല്‍ പോലുള്ള പ്രദേശങ്ങളിലും അറബി അറിയുന്നവരുടെ സേവനം ആവശ്യമുണ്ട്. അറബി അറിയുന്ന സ്ത്രീകളുണ്ടോ എന്ന് എറണാകുളത്തെ ഒരു ആശുപത്രിയില്‍ നിന്ന് ഈയിടെ ഒരന്വേഷണമുണ്ടായി. വര്‍ഷത്തില്‍ മൂന്ന് മാസമെങ്കിലും വിദേശ ടൂറുകള്‍ നടത്തുന്ന അറബികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ഭാഷാ പഠനത്തെ ടൂറിസം പോലുള്ള പുതിയ മേഖലകളുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധ്യമാവും എന്ന് തന്നെയാണ് ഡോ. റഹ്മത്തുല്ലയുടെ ഉറച്ച വിശ്വാസം.

കേരളത്തില്‍ വിപുലമായ തോതില്‍ അറബിഭാഷയും സാഹിത്യവും അഭ്യസിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, അറബിയില്‍ നിന്ന് മലയാളത്തിലേക്കും മലയാളത്തില്‍ നിന്ന് അറബിയിലേക്കുമുള്ള വിവര്‍ത്തനങ്ങള്‍ ഇപ്പോഴും വളരെ ശുഷ്‌കമായിരിക്കുന്നതെന്തേ എന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറുപടിയുണ്ട്. ''ഏറ്റവും നവീനമായ അറബി ഭാഷാ ശൈലിയില്‍ കുട്ടികളെ എഴുതാന്‍ പഠിപ്പിക്കുന്നതിലാണ് നമ്മുടെ സര്‍വകലാശാലകളിലെ അധ്യാപകര്‍ ഏറെയും ശ്രദ്ധിക്കുന്നത്. ഇതിന് നല്ല ഫലവും ഉണ്ടാകുന്നുണ്ട്. ഈ തിരക്കിനിടയില്‍ അറബി ഭാഷയെ മാതൃഭാഷയുമായി പല നിലയില്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടത്ര സമയം കിട്ടാതെ പോകുന്നു. അതേസമയം, ഇത്തരം പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ ഫാക്കല്‍റ്റികളും അധ്യാപകരും മുന്നോട്ടുവരികയാണെങ്കില്‍ കുറെയേറെ അറബി ക്ലാസിക്കുകളെ മലയാളത്തിലേക്ക് കൊണ്ടുവരാന്‍ കഴിയും; തിരിച്ചും. അറബി ഭാഷയും സംസ്‌കാരവും അറിയാത്തവര്‍ അറബി എഴുത്തുകാരുടെ കൃതികള്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുന്നതിലെ ചെടിപ്പ് ഒഴിവാക്കുകയും ചെയ്യാം.''

ഇസ്‌ലാമിക സമ്പദ്ശാസ്ത്രത്തെക്കുറിച്ച് അദ്ദേഹം മലയാളത്തിലെഴുതിയ കൃതി ഐ.പി.എച്ചാണ് പ്രസിദ്ധീകരിച്ചത്. 'സാംബിയ ഒരു പിടി ഓര്‍മകള്‍' എന്ന യാത്രാ വിവരണം പ്രബോധനം വാരികയില്‍ (1978 ജനുവരി 7) ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചിരുന്നു; തുടര്‍ന്ന് 'കാനോയിലെ ദിനങ്ങള്‍' എന്ന മറ്റൊരു യാത്രാ വിവരണവും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /25
എ.വൈ.ആര്‍