Prabodhanm Weekly

Pages

Search

2015 മെയ്‌ 22

ഫൂഥികളെ തുണക്കുന്ന ഇറാന്റെ വ്യാമോഹങ്ങള്‍

ടി.കെ ഇബ്‌റാഹീം /കുറിപ്പ്

         വലിയൊരളവോളം അജ്ഞാതമായിക്കിടക്കുന്ന, ദരിദ്രവും അപ്രസക്തവുമായിരുന്ന യമന്‍ പെട്ടെന്ന് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം പാസ്സാക്കുന്നിടത്തോളം ആ നാടിന്റെ പ്രശസ്തി വളര്‍ന്നിരിക്കുന്നു. എന്താണ് ഈ ഇന്ദ്രജാലം? ഒന്നുമല്ല, ഹൂഥികള്‍ തന്നെ. അവരുടെ കടന്നാക്രമണമില്ലായിരുന്നെങ്കില്‍ യമന്‍ അജ്ഞാതവും അപ്രസക്തവുമായി തന്നെ തുടര്‍ന്നേനേ. ആരാണവരെ ആയുധമണിയിക്കുന്നത്? 

ഇറാന്‍- ഹൂഥി സംയുക്ത സംരംഭം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1990-ല്‍ ഇന്നത്തെ ഹൂഥി കമാന്ററായ അബ്ദുല്‍ മലിക് ഹൂഥിയുടെ പിതാവ് ഇറാനിലുണ്ടായിരുന്നു. ഇറാന്‍ ഭരണകൂടത്തിന്റെ ഉന്നത ശ്രേണികളിലെ വ്യക്തിത്വങ്ങളുമായി -ആയത്തുല്ലകളുമായും- അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. തന്റെ രണ്ടു മക്കള്‍ക്കും - ഹൂഥി കമാന്റര്‍ അബ്ദുല്‍ മലിക് ഹൂഥിക്കും അദ്ദേഹത്തിന്റെ സഹോദരനും- അദ്ദേഹം സൈനിക പരിശീലനം നല്‍കി. അവരെ ഭാവി ഹൂഥി രാഷ്ട്രത്തിന്റെ നേതാക്കളാക്കാനുള്ള ഏര്‍പ്പാടുകളൊക്കെ ഇറാന്‍ ചെയ്തു.

ഇറാന്‍ ലബനാനില്‍ നട്ടുവളര്‍ത്തി പരിപാലിച്ച ഹിസ്ബുല്ലയെ പോലെ തന്നെയാണ് ഹൂഥി പ്രസ്ഥാനത്തെയും വളര്‍ത്തിയത്. ലബനാനില്‍ ഹിസ്ബുല്ല, യമനില്‍ ഹൂഥികള്‍, സിറിയയില്‍ ബശ്ശാറുല്‍ അസദ്, ഇറാഖില്‍ സ്വന്തം ഏജന്റുമാര്‍ അങ്ങനെ മേഖലയുടെ ആധിപത്യം നേടുകയായിരുന്നു ഇറാന്റെ ഗൂഢ പദ്ധതി.

ഇന്നിപ്പോള്‍ ഹിസ്ബുല്ലയുടെ തനിപ്പകര്‍പ്പായാണ് ഹൂഥികള്‍ പ്രവര്‍ത്തിക്കുന്നത്. മുദ്രാവാക്യങ്ങള്‍, മതപരിവേഷം, പ്രഭാഷണങ്ങള്‍ തുടങ്ങി എല്ലാറ്റിലും അബ്ദുല്‍ മലിക്, ഹുസൈന്‍ നസ്‌റുല്ലയെ ചാണിന് ചാണായി അനുകരിക്കുന്നു. മീഡിയാ രംഗത്ത് ഈ അനുകരണം വളരെ പ്രകടമാണ്. ഹൂഥികളുടെ പ്രോപഗണ്ടാ മെഷീന്‍ വളരെ ശക്തമാണ്. ദൃശ്യ-ശ്രാവ്യ-ലിഖിത ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മുഴുവന്‍ അവര്‍ ഉപയോഗപ്പെടുത്തുന്നു. ഹിസ്ബുല്ലയുടെ സാങ്കേതിക സഹായത്തോടെയാണ് ഇതെല്ലാം അവര്‍ നേടുന്നത്. അസ്സാഹാത്ത്, അല്‍മസീറ തുടങ്ങി രണ്ട് ചാനലുകള്‍ ലബനാനില്‍ അവര്‍ക്കുണ്ട്; സന്‍ആയില്‍ രണ്ടു ശാഖകളും. സന്‍ആ പിടിച്ചടക്കിയ ശേഷം രണ്ട് പ്രാദേശിക ചാനലുകള്‍ അവര്‍ സ്ഥാപിച്ചു - അല്‍മസീറ, സാം എഫ്.എം. ഈ മാധ്യമ ശൃംഖലകളിലൂടെ അവര്‍ തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രചണ്ഡമായ പ്രചാരണം നടത്തുന്നു. പത്രരംഗത്താണ് ഹൂഥികള്‍ ഏറ്റവും വലിയ വിജയം വരിച്ചത്. 25 പത്രങ്ങളാണ് അവര്‍ നടത്തുന്നത്. അല്‍മസാര്‍, അല്‍മസീറ, അല്‍ ഹവിയ്യ, അദ്ദിയാര്‍ എന്നിവ അതില്‍ പ്രസിദ്ധമാണ്. അല്‍മസാര്‍ മൊബൈല്‍, അല്‍ മസീറ മൊബൈല്‍ എന്നീ ഇലക്‌ട്രോണിക് വാര്‍ത്താ മാധ്യമങ്ങളും അവരുപയോഗിക്കുന്നു. മറ്റൊരര്‍ഥത്തില്‍, ആയുധശക്തിപോലെ മാധ്യമശക്തിയുമുണ്ട് ഹൂഥികള്‍ക്ക്.

 

ഇറാന്റെ വ്യാമോഹങ്ങള്‍

ഇറാന്‍ വിപ്ലവത്തിന്റെ ആദ്യഘട്ടത്തില്‍ എങ്ങുമുള്ള മുസ്‌ലിം ജനകോടികള്‍ ഒരു പുതുയുഗത്തിന്റെ പിറവിയില്‍ ആവേശഭരിതരും പ്രതീക്ഷാനിര്‍ഭരരുമായി. 'ലാശര്‍ഖിയ്യ വലാ ഗര്‍ബിയ്യ, ഇസ്‌ലാമിയ്യ ഇസ്‌ലാമിയ്യ' എന്ന മുദ്രാവാക്യം കൊണ്ട് ദിഗന്തങ്ങള്‍ മുഖരിതമായി. മുസ്‌ലിം നിവേദക സംഘങ്ങള്‍ ഖുമ്മിലേക്ക് പ്രവഹിച്ചു. വിപ്ലവാചാര്യനെ- ആയത്തുല്ലാ ഖുമൈനിയെ- നേരിട്ടു കണ്ട് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാന്‍. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ  മുന്‍ അമീര്‍ മര്‍ഹൂം മുഹമ്മദ് യൂസുഫ് സാഹിബും ഈ ലേഖകനും ഖുമ്മിലെത്തി. ഖുമ്മില്‍ ഖുമൈനിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ തൊട്ടടുത്തിരുന്നു. 'ശീഈ - സുന്നി വിഭാഗീയതയെക്കുറിച്ച് താങ്കളുടെ അഭിപ്രായം?' ഞാന്‍ ചോദിച്ചു. അദ്ദേഹം തന്റെ സ്വന്തം കൈപ്പടയില്‍ എഴുതിത്തന്നു. 'അത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണ്.' മറ്റൊരര്‍ഥത്തില്‍ ശീഈകളും സുന്നികളും സഹോദരന്മാര്‍. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് സാമ്രാജ്യത്വ താല്‍പര്യക്കാര്‍. ഞങ്ങളന്ന് ഉന്നത ശീഈ നേതാക്കളെയും ആയത്തുല്ല ത്വാലഗാനി, ആയത്തുല്ലാ പായഗാനി തുടങ്ങിയവരെയും സന്ദര്‍ശിച്ചു. അവര്‍ ഞങ്ങളെ അവരുടെ വീടുകളിലേക്ക് ക്ഷണിച്ചു. വീട്ടിലെ ലൈബ്രറികള്‍ കാണിച്ചുകൊണ്ട് അവര്‍ പറഞ്ഞു: ''നോക്കൂ, ഇവിടെ സുന്നി പ്രാമാണിക ഗ്രന്ഥങ്ങളായ ബുഖാരിയും മുസ്‌ലിമുമൊക്കെയുണ്ട്. എന്നാല്‍ നിങ്ങളുടെ ലൈബ്രറികളില്‍ ഞങ്ങളുടെ ഗ്രന്ഥങ്ങളുണ്ടോ?'' തങ്ങള്‍ കൂടുതല്‍ വിശാല മനസ്‌കരാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍.

എന്നാല്‍, വിപ്ലവാവേശം കെട്ടടങ്ങും മുമ്പ് തന്നെ ഇറാന്‍ അതിന്റെ തനിനിറം കാണിച്ചുതുടങ്ങി. ഭരണഘടനയില്‍ പോലും ജഅ്ഫരി മദ്ഹബ് എന്ന് എഴുതിച്ചേര്‍ത്തു. അത് കഴിഞ്ഞ കഥ. ഇപ്പോള്‍ ഇറാന്‍ യമനിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത് സഫവി സാമ്രാജ്യത്വ വികസനമാണ്. യമനിലെ കേവലം ന്യൂനപക്ഷമായ ഹൂഥികള്‍ക്ക് ആയുധ പരിശീലനവും ആയുധങ്ങളും നല്‍കി അവിടേക്കയച്ചു. ലക്ഷ്യം? സുഊദി അറേബ്യയുമായി നീണ്ട അതിര്‍ത്തി പങ്കുവെക്കുന്ന യമന്‍ കൈക്കലാക്കിയാല്‍ ക്രമേണ സുഊദിയുടെ ശക്തി ക്ഷയിപ്പിക്കാം. ഇറാനിലെ പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്. ''സുഊദി അറേബ്യയുമായി ഏതാണ്ട് രണ്ടായിരത്തോളം കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു യമന്‍. യമന്‍ ഹൂഥികള്‍ക്കടിപ്പെട്ടാല്‍ സുഊദി അറേബ്യയുടെയും മറ്റു ഗള്‍ഫ് നാടുകളുടെയും സുരക്ഷ തകിടംമറിക്കാന്‍ ഇറാന്‍ ഭരണകൂടത്തിന് എളുപ്പം സാധിക്കും. മറുവശത്ത് ബാബുല്‍ മന്‍ദബിനെയും (25000 കപ്പലുകള്‍ കടന്നുപോകുന്ന വളരെ നയതന്ത്ര പ്രധാനമായ കടലിടുക്ക്) കൈയടക്കി സമുദ്രാധിപത്യവും സ്ഥാപിക്കാം. ഇതുകൊണ്ടാണ് ഇറാന്‍ യമന്‍ കാര്യത്തില്‍ ഭീമമായ സംഖ്യ ചെലവഴിക്കുന്നത്.''

ഹിസ്ബുല്ലയുടെ അതേഭാഗം ഹൂഥികളെക്കൊണ്ട് യമനിലും അഭിനയിപ്പിക്കാനാണ് ഇറാന്റെ പ്ലാന്‍. മറ്റൊരര്‍ഥത്തില്‍ മേഖലയെ അടക്കിഭരിക്കുക. സിറിയയും ഇറാനും ഒറ്റക്കെട്ടാണല്ലോ. ഇവിടെ തമാശ അതല്ല. ഇറാന്റെ വിപ്ലവവീര്യമെല്ലാം ബശ്ശാറുല്‍ അസദിന്റെ മുമ്പില്‍ നിര്‍വീര്യമായി. ഇത്രയും ക്രൂരനും രക്തദാഹിയും നരമേധനുമായ ഒരു സ്വേഛാധിപതിയെ അംഗീകരിക്കാനും നിര്‍ലോഭം സഹായിക്കാനും ഇറാന്‍ വിപ്ലവകാരികള്‍ക്ക് ഒരു സങ്കോചവുമുണ്ടായില്ല. അഥവാ, ശീഈസം എല്ലാ വിപ്ലവ മുദ്രാവാക്യങ്ങളെയും അതിജയിക്കുന്നു. ഇറാന്‍ വിപ്ലവത്തിന്റെ ആദ്യകാലത്ത് വിപ്ലവം കയറ്റി അയക്കുകയായിരുന്നു ഇറാന്റെ പരിപാടി. അത് ശീഈസം കയറ്റി അയക്കലായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല.

ലോക മുസ്‌ലിം ജനസംഖ്യയുടെ കേവലം എട്ടോ ഒമ്പതോ ശതമാനം മാത്രം വരുന്ന ശീഈകളാണ് സുന്നി ബഹുഭൂരിപക്ഷത്തെ അടക്കിഭരിക്കാന്‍ വ്യാമോഹിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറുന്യൂനപക്ഷമായ ജൂതര്‍ ഒരര്‍ഥത്തില്‍ ലോകത്തെ അടക്കിഭരിക്കുന്നതിന് -അമേരിക്കയുടെ സഹായത്തോടെ- തുല്യമാണിത്. വാചാലതയും സാമര്‍ഥ്യവും ജാഗ്രതയും പ്രത്യുല്‍പന്നമതിത്വവുമുള്ള ഏതു ന്യൂനപക്ഷത്തിനും, അലസവും ഇതികര്‍ത്തവ്യതാമൂഢവും നിദ്രാധീനവുമായ ഏതു ഭൂരിപക്ഷത്തെയും അടക്കി ഭരിക്കാമെന്നതാണ് ഇത് നല്‍കുന്ന പാഠം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /25
എ.വൈ.ആര്‍