Prabodhanm Weekly

Pages

Search

2015 മെയ്‌ 22

അല്ലാഹു പശ്ചാത്തപിക്കുന്നവര്‍ക്ക് മാപ്പ് എന്ന പ്രതിഫലം നല്‍കുന്നവന്‍

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി /ലേഖനം

ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-17

         മനുഷ്യര്‍ മാത്രമാണ് അവരുടെ കര്‍മത്തിന് പണയപ്പെട്ടവരായിരിക്കുന്നത്. ഇതിനു കാരണം മനുഷ്യന് തെരഞ്ഞെടുക്കാനുള്ള ബോധ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടെന്നതാണ്. ശരിയും തെറ്റും വേര്‍തിരിച്ചറിയാനും ശരിയെ അനുസരിക്കാനും തെറ്റിനെ അവഗണിക്കാനും ഒക്കെ മനുഷ്യന് കഴിവുണ്ട്. ഇതുപോലെ തെറ്റിനെ അനുസരിക്കാനും ശരിയെ അവഗണിക്കാനും മനുഷ്യന് കഴിവുണ്ട്. ഈ സ്വാതന്ത്ര്യം മറ്റൊരു ജീവിക്കും ഇല്ല എന്നതിനാല്‍ തന്നെ മനുഷ്യനൊഴിച്ച് മറ്റൊരു ജീവിയും അവയുടെ കര്‍മങ്ങളെ പ്രതി ഇഹലോകത്തിലോ പരലോകത്തിലോ ശിക്ഷാനുഗ്രഹങ്ങള്‍ എന്ന പ്രതിഫലങ്ങള്‍ക്ക് വിധേയരാകേണ്ടിവരുന്നില്ല. ഒരാണാട് അതിനെ പ്രസവിച്ച പെണ്ണാടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്ന കര്‍മം ചെയ്താല്‍, ആണാടിന് പാപബാധയുണ്ടാകുന്നതല്ല. എന്നാല്‍, ഒരു മനുഷ്യന്‍ സ്വന്തം അമ്മയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ആ മനുഷ്യന് ശിക്ഷാര്‍ഹമായ പാപബാധയുണ്ടാകും. ഇതിന് കാരണം, ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച് മനുഷ്യന് തക്കതായ മാര്‍ഗദര്‍ശനം ലഭിച്ചിട്ടുണ്ടെന്നതും അത് തിരിച്ചറിയാനുള്ള ബോധവിവേകം മനുഷ്യന് സഹജമായിത്തന്നെ നല്‍കപ്പെട്ടിട്ടുണ്ടെന്നതുമാണ്. അതിനാല്‍ മനുഷ്യര്‍ അവരുടെ കര്‍മങ്ങളാല്‍ തന്നെ സ്വര്‍ഗാവകാശികളായിത്തീരാം; അതുപോലെ തന്നെ നരകാവകാശികളുമായിത്തീരാം. മനുഷ്യന്റെ അവന്റെ/ അവളുടെ ഭൗമജീവിതത്തില്‍ സ്വര്‍ഗാവകാശിയാകാവുന്ന കര്‍മങ്ങള്‍ എത്ര ചെയ്തു, നരകാവകാശിയാകാവുന്ന കര്‍മങ്ങള്‍ എത്ര ചെയ്തു എന്ന് അണുമണിത്തൂക്കം കുറവുവരാതെ വിലയിരുത്തി പ്രതിഫലം നല്‍കാന്‍ കഴിവുള്ളവനാണ് 'മനുഷ്യന്റെ കണ്ഠനാഡിയേക്കാള്‍ സമീപസ്ഥ'നും, 'രണ്ടാളുകള്‍ രഹസ്യം പറയുന്നിടത്ത് മൂന്നാമനായി എല്ലാം കേള്‍ക്കുന്ന'വനുമായ അല്ലാഹു. അല്ലാഹുവിന്റെ ഈ സര്‍വജ്ഞ പ്രഭാവത്തോടു കൂടിയ ഭരണനൈപുണിയെയാണ് 'മാലികി യൗമിദ്ദീന്‍' എന്ന് ഖുര്‍ആനില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഈ ലേഖകന്‍ മനസ്സിലാക്കിയേടത്തോളം, അല്ലാഹുവിന്റെ സ്വര്‍ഗത്തിലും നരകത്തിലും ചെന്നു ചേരുന്നത് മനുഷ്യര്‍ മാത്രമാണ്. പന്നിയോ പശുവോ ആടോ ആനയോ ഒട്ടകമോ നായയോ നരിയോ ചിലന്തിയോ ഉറുമ്പോ ഉള്‍പ്പെടുന്ന മനുഷ്യേതര ജീവികളോ, സൂര്യ ചന്ദ്രാദി നക്ഷത്രങ്ങളും പര്‍വതങ്ങളും ഉള്‍പ്പെടുന്ന ജീവേതര പ്രകൃതി പ്രതിഭാസങ്ങളോ ഒന്നും തന്നെ വിധിദിനത്തില്‍ പ്രതിഫലം പറ്റാനായി വിളിച്ചുകൂട്ടപ്പെടുന്നതായി ഖുര്‍ആനില്‍ പരാമര്‍ശമില്ല. കാരണം, കല്‍പ്പിക്കപ്പെട്ടതല്ലാത്തതൊന്നും മനുഷ്യേതര ജീവികളോ ജീവേതര പ്രതിഭാസങ്ങളോ വിശ്വപ്രപഞ്ചത്തില്‍ ചെയ്യുന്നില്ല. സൃഷ്ടികളില്‍ മനുഷ്യര്‍ മാത്രമാണ് കല്‍പിക്കപ്പെട്ടത് അനുസരിക്കാനോ അനുസരിക്കാതിരിക്കാനോ ഉള്ള സ്വതന്ത്ര പ്രവണത കാണിക്കുന്നത്. ഈ സ്വാതന്ത്ര്യം തന്നെയാണ് മനുഷ്യനെ സ്വര്‍ഗാവകാശിയോ നരകാവകാശിയോ ആക്കിത്തീര്‍ക്കുന്നത്. അതിനാല്‍ താന്താങ്ങളുടെ കര്‍മത്തിനനുസൃതമായി മനുഷ്യര്‍ മാത്രം പ്രതിഫലം പറ്റുന്നതിനായി സ്വര്‍ഗ നരകങ്ങളിലേക്ക് എത്തിപ്പെടുന്നു എന്ന ഖുര്‍ആനിക നിലപാട് വളരെ മനുഷ്യോചിതമാണ്.

ഖുര്‍ആനില്‍ മാത്രമല്ല, വിവിധ കാലങ്ങളില്‍, വിവിധ ദേശങ്ങളില്‍, വിവിധ ഭാഷകളില്‍ മാനവര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള വിവിധ മത ഗ്രന്ഥങ്ങളിലും സ്വര്‍ഗ-നരക ലോകങ്ങളെക്കുറിച്ച് വിശദമായ പ്രതിപാദനങ്ങളുണ്ട്. അവയിലും, സ്വര്‍ഗ-നരകങ്ങളിലേക്ക് പ്രവേശിക്കപ്പെടുന്നവരായി വിവരിച്ചു കാണുന്ന ഒരൊറ്റ ജീവി വര്‍ഗം മനുഷ്യര്‍ മാത്രമാണ്. ധര്‍മപുത്രരോടൊപ്പം 'സാരമേയം' എന്നു വിളിക്കപ്പെട്ട ഒരു നായയും സ്വര്‍ഗത്തിലേക്ക് പ്രവേശിക്കപ്പെട്ടു എന്നിങ്ങനെയുള്ള ചില പരാമര്‍ശങ്ങള്‍ മഹാഭാരതം പോലുള്ള കൃതികളില്‍ കാണുന്നുണ്ട്. എന്നാല്‍, സ്വന്തം കര്‍മത്തിനനുസരിച്ച് സ്വര്‍ഗത്തിനോ നരകത്തിനോ അവകാശിയായിത്തീരുന്ന ജീവി മനുഷ്യന്‍ മാത്രമാണെന്ന കാഴ്ചപ്പാടുതന്നെയാണ് മിക്കവാറും ഹൈന്ദവ ധര്‍മശാസ്ത്രങ്ങളും പ്രകടിപ്പിക്കുന്നത്.

വിവിധ തരത്തിലുള്ള ധര്‍മലംഘന കൃത്യങ്ങള്‍ ചെയ്ത മനുഷ്യര്‍ക്ക് വിവിധതരത്തിലുള്ള നരകങ്ങളില്‍ കൊടിയ ശിക്ഷ നല്‍കപ്പെടുക തന്നെ ചെയ്യും എന്നതിലൂന്നിയ വിശദ വിവരണങ്ങള്‍ ശ്രീമദ് ഭാഗവതത്തില്‍ വായിക്കാം. താമിസ്രം, അന്ധതാ മിസ്രം, രൗരവം, മഹാ രൗരവം, കുംഭീപാകം, കാലസൂത്രം, അസി പത്രവനം, സൂകരമുഖം, അന്ധകൂപം, കൃമിഭോജനം, സന്ദംശം, സപ്ത സൂര്‍മി, വജ്ര കണ്ഠകശാല്മലി, വൈതരണി, പുയോദം, പ്രാണരോധം, വിശസനം, ലാലാഭക്ഷം, സാരമേയാദനം, അവീചി, അയഃപാനം, ക്ഷാരകര്‍ദവം, രക്ഷോഗണ ഭോജനം, ശൂലപ്രോതം, ദന്ദശൂകം, അവടനിരോധം, പര്യാവര്‍ത്തനം സൂചീമുഖം എന്നിങ്ങനെ ഇരുപത്തെട്ട് നരക ശിക്ഷായാതന ഭൂമികളെപ്പറ്റി (വിവിധ യാതനാ ഭൂമയഃ) ശ്രീമദ് മഹാ ഭാഗവതത്തില്‍ പറയുന്നുണ്ട് (ഭാഗവതം, സ്‌കന്ധം, 5, അധ്യായം 26, ശ്ലോകം 7). ഇതിന് വിപരീതമായി ധര്‍മചാരികളായ മനുഷ്യര്‍ എത്തിച്ചേരുന്ന സ്വര്‍ഗ ഭൂമികളെക്കുറിച്ചും ഭാഗവതത്തില്‍ പറയുന്നുണ്ട്. ''ഈ ലോകങ്ങളില്‍ വസിക്കുന്നവര്‍, ദിവൗഷധികളുടെ സത്ത് ചേര്‍ന്നിരിക്കുന്ന രസായനം, അന്നം, പാനം മുതലായവ അനുഭവിക്കുന്നതിനാലും, മനഃദേഹ പീഡകളോ, ജരാനരകള്‍ തുടങ്ങിയ ദേഹ വികാരങ്ങളോ, ദുര്‍ഗന്ധം, വിയര്‍പ്പ്, ക്ഷീണം, നിരുത്സാഹം തുടങ്ങിയ വൈഷമ്യങ്ങളോ തീണ്ടാത്ത വിധം വയസ്സ് ബാധിക്കാത്തവരുമായിരിക്കും'' (ഭാഗവതം സ്‌കന്ധം, 5, അധ്യായം 24, ശ്ലോകം 13) എന്നിങ്ങനെയത്രേ സ്വര്‍ഗാവകാശികളായ മനുഷ്യരുടെ പരലോക ജീവിതത്തെപ്പറ്റി ഭാഗവതം ചിത്രീകരിക്കുന്നത്.

ഭാഗവതത്തിലെ നരക വിവരണവും സ്വര്‍ഗ ജീവിത സൗഖ്യ വിവരണവും ഒക്കെ വായിച്ചാസ്വദിച്ചിട്ടുള്ള ഏതൊരു ഹിന്ദുവിനും വിശുദ്ധ ഖുര്‍ആനിലെ നരക-സ്വര്‍ഗ വിവരണങ്ങളെ വായിക്കുമ്പോള്‍ ഇരു ഗ്രന്ഥങ്ങളിലെയും ആശയപരമായ സാധര്‍മ്യം കണ്ട് ആശ്ചര്യഭരിതനാകേണ്ടിവരും. സ്വര്‍ഗ-നരകങ്ങള്‍, ഈശ്വരന്‍ എന്നതൊക്കെ ആളെപ്പറ്റിക്കാനായി കെട്ടിച്ചമച്ച വെറും ആഭാസങ്ങള്‍ മാത്രമണെന്ന് വാദിക്കുന്ന അഹങ്കാര ഭരിതമായ മനോഭാവമുള്ളവര്‍ക്ക് അഥവാ അഭക്തര്‍ക്ക് ഭാഗവതത്തിലെയും ഖുര്‍ആനിലെയും പരലോക പരാമര്‍ശങ്ങള്‍ ഒരുപോലെ അസംബന്ധമാണെന്നും തോന്നാം. ഇത്തരം മനോഗതിക്കാരെ നാം അവരുടെ പാട്ടിനു വിടുക. അങ്ങനെ ചെയ്യുന്നതിന് രണ്ട് കാരണങ്ങളുണ്ട്. അല്ലാഹു വെളിച്ചം നിഷേധിച്ചവര്‍ക്ക് നമുക്ക് വെളിച്ചം നല്‍കാനാവില്ല എന്നതാണ് ഒന്നാമത്തെ കാരണം. സ്വര്‍ഗ-നരകങ്ങളും അല്ലാഹുവും ഒക്കെ കെട്ടുകഥയാണെന്ന വാദകര്‍മം ചെയ്യുന്നവര്‍, അവരെ നരകത്തിലേക്ക് കെട്ടിവലിക്കുന്നതിനുള്ള കയര്‍ സ്വയം പിരിച്ചുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നതിനാല്‍ ആ കയര്‍ അവരെ എത്തേണ്ടിടത്തുതന്നെ എത്തിച്ചേക്കും. ഇതാണ് രണ്ടാമത്തെ കാരണം.

എന്നാല്‍, വിശ്വാസികളെ വെറുതെ വിടരുത്, ചെയ്യരുതാത്തതും ചെയ്യാവുന്നതും ഏതെല്ലാം എന്നതിനെ സംബന്ധിച്ച് വ്യക്തമായ മാര്‍ഗദര്‍ശനം ലഭിച്ചതിനു ശേഷം വിശ്വാസികള്‍ വഴികേടിലാകാതിരിക്കാന്‍ വേണ്ടുന്നതെല്ലാം ഓരോ വിശ്വാസിയും പരസ്പരം ചെയ്യണം, സത്സംഗവും പ്രബോധന പ്രവര്‍ത്തനവും നടത്തണം, അടിതെറ്റിയാല്‍ ആനയും വീഴും എന്നതുപോലെ എത്ര സൂക്ഷ്മത പാലിച്ചാലും ഏതു മനുഷ്യനും ചിലപ്പോള്‍ വിലക്കപ്പെട്ടതിലേക്ക് പ്രലോഭിപ്പിക്കപ്പെട്ട് പതിച്ചക്കാം. ആദം നബിയും ഹവ്വാ ബീവിയും വരെ അത്തരം പതനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അതിനാല്‍ വിധിക്കപ്പെട്ടത് ചെയ്യാനും വിലക്കപ്പെട്ടത് ചെയ്യാതിരിക്കാനുമുള്ള ശ്രദ്ധയോടൊപ്പം 'എങ്ങാനും വിലക്കപ്പെട്ടത് ചെയ്തിട്ടുണ്ടെങ്കില്‍ അത് പൊറുക്കേണമേ പടച്ചതമ്പുരാനേ' എന്ന നിലയിലുള്ള വിനയഭരിതവും പശ്ചാത്താപ നിര്‍ഭരവുമായ പ്രാര്‍ഥനാ ശീലവും വിശ്വാസികള്‍ സദാപി പുലര്‍ത്തണം. തെറ്റുകള്‍ക്ക് അതിന്റെ ഫലവും ശരികള്‍ക്ക് അതിന്റെ ഫലവും നല്‍കുന്ന വിധി കര്‍ത്താവ് മാത്രമല്ല അല്ലാഹു; അവിടന്ന് തെറ്റുകളെ പേടിക്കുന്നവര്‍ക്കും തെറ്റുകളില്‍ പശ്ചാത്തപിക്കുന്നവര്‍ക്കും പൊറുത്തു കൊടുക്കുന്ന കാരുണ്യവാനും കൂടിയാണ്. 'മാപ്പ്' എന്ന പ്രതിഫലം അല്ലാഹുവില്‍ നിന്ന് ലഭിക്കാന്‍ പശ്ചാത്താപ വിവശത എന്ന മനോഭാവം മനുഷ്യന് ഉണ്ടായിരിക്കണം എന്നു ചുരുക്കം. വിധിക്കപ്പെട്ടത് ചെയ്തവര്‍ക്ക് സ്വര്‍ഗവും, വിലക്കപ്പെട്ടത് ചെയ്തവര്‍ക്ക് നരകവും നല്‍കുക എന്നതില്‍ മാത്രം അല്ലാഹുവിന്റെ പ്രതിഫല പ്രദായക ശേഷി ചുരുങ്ങുന്നില്ല; പശ്ചാത്തപിക്കുന്നവര്‍ക്ക് മാപ്പ് നല്‍കുക എന്ന കരുണാ വിശാലതയാല്‍ കൂടി മഹനീയമത്രേ അല്ലാഹുവിന്റെ പ്രതിഫല പ്രദായക സിദ്ധി. കരുണാവിശാലമായിരുന്നില്ല അല്ലാഹുവിന്റെ പ്രതിഫല പ്രദായക സിദ്ധി എന്നു വരികില്‍, വിലക്കപ്പെട്ടതു ചെയ്തപ്പോള്‍ തന്നെ ആദം നബി നിത്യ നരകത്തിലേക്ക് തള്ളപ്പെട്ടേനേ. അങ്ങനെ സംഭവിക്കാതെ പോയത് ആദം നബി പശ്ചാത്തപിക്കാനുള്ള വിനയശീലം കാണിച്ചതിനാലും ആ വിനയശീലത്തിന് മാപ്പെന്ന പ്രതിഫലം നല്‍കാനുള്ള കാരുണ്യം അല്ലാഹു കനിഞ്ഞരുളിയതിനാലുമാണ്. അതിനാല്‍ ശിക്ഷിക്കുന്നവനും അനുഗ്രഹിക്കുന്നവനും എന്ന നിലയില്‍ മാത്രം 'മാലികി യൗമിദ്ദീന്‍' എന്ന അല്ലാഹുവിന്റെ വിശേഷ നാമത്തെ കണക്കിലെടുത്താല്‍ പോരാ; മാപ്പ് നല്‍കുന്നവന്‍ എന്ന നിലയില്‍ കൂടി പ്രതിഫല പ്രദായകനായ അല്ലാഹുവിനെ തിരിച്ചറിയേണ്ടതുണ്ട്. എന്നാല്‍ മാത്രമേ 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' എന്നതിനോട് 'മാലികി യൗമിദ്ദീന്‍' എന്നതിനെ ഘടിപ്പിക്കാനും, പരസ്പര പൂരക വിശേഷണങ്ങളായി വായിച്ചെടുക്കാനും കഴിയൂ. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /25
എ.വൈ.ആര്‍