Prabodhanm Weekly

Pages

Search

2015 മെയ്‌ 22

സമുദായത്തിന് സംയുക്ത നേതൃത്വം രൂപപ്പെടുത്താന്‍ മുന്നിട്ടിറങ്ങും

മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി /അഭിമുഖം

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരിയുമായി ദഅ്‌വത്ത് ചീഫ് എഡിറ്റര്‍ പര്‍വാസ് റഹ്മാനി, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എ.യു ആസിഫ് എന്നിവര്‍ നടത്തിയ അഭിമുഖം.

ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുക്കപ്പെടുന്ന അമീറുമാരുടെ നയനിലപാടുകള്‍ വായനക്കാരിലെത്തിക്കുക സാധാരണ രീതിയാണ്. ഈ തവണത്തെ തെരഞ്ഞെടുപ്പില്‍ അസാധാരണമായ ചില കാര്യങ്ങളുണ്ടായെന്ന ചില ഉര്‍ദു പത്രങ്ങളുടെ റിപ്പോര്‍ട്ടുകളും അഭിപ്രായപ്രകടനങ്ങളും കൂടുതല്‍ വ്യക്തവും വിശദവുമായ സംസാരം ആവശ്യമാണെന്ന തോന്നലുളവാക്കി. കേന്ദ്രപ്രതിനിധിസഭയില്‍ നടാടെയാണ് ഇത്രയേറെ യുവാക്കള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. പ്രസ്ഥാനത്തെ തങ്ങളുടെ ആസൂത്രണപ്രകാരം മുന്നോട്ടു നയിക്കാനുള്ള ആഗ്രഹം ചെറുപ്പക്കാര്‍ക്ക് കൂടുതലായുണ്ടാകും. അതിനാല്‍ തന്നെ ഊര്‍ജസ്വലമായ ആശയവിനിമയവും ചര്‍ച്ചകളും നടന്നു. അതൊക്കെയും ജമാഅത്ത് ഭരണഘടനയുടെ വകുപ്പുകളും ധാര്‍മിക പരിധിയും പാലിച്ചുകൊണ്ട് തന്നെയായിരുന്നു. ജമാഅത്തിനെക്കുറിച്ച് ദുരുദ്ദേശ്യങ്ങളുള്ളവര്‍ക്ക് അക്കാര്യത്തില്‍ യാതൊരു സന്തോഷത്തിനും വകയില്ലായിരുന്നു. എന്നിട്ടും ശക്തമായ പ്രതിലോമ പ്രചാരണങ്ങള്‍ നടന്നു. ജമാഅത്ത് പ്രവര്‍ത്തകര്‍ക്കും അതിന്റെ ഗുണകാംക്ഷികള്‍ക്കും ആശങ്കയും അസ്വാസ്ഥ്യവുമുണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ട് മുഴുവന്‍ വിവരണങ്ങളും ഉള്‍പ്പെടുത്തി ഒരു അഭിമുഖം തയാറാക്കുകയായിരുന്നു.

കഴിഞ്ഞ 67 വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമിയില്‍ ചതുര്‍വര്‍ഷ തെരഞ്ഞെടുപ്പു പ്രക്രിയ ഭംഗിയായി നടന്നുവരുന്നു. എന്നാല്‍ ഇത്തവണ മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായിരുന്നു സാഹചര്യം എന്നറിയാന്‍ കഴിഞ്ഞു. എന്തായിരുന്നു കാരണം?

അസാധാരണമായി ഒന്നുമുണ്ടായിട്ടില്ല. പ്രതിനിധിസഭയുടെ ആദ്യയോഗത്തില്‍ത്തന്നെ നേതൃത്വമാറ്റം വേണമെന്ന് ഞാന്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ചിലരെങ്കിലും സ്വാഭാവികമായും പുതുനേതൃത്വം കാംക്ഷിച്ചിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഞാനക്കാര്യം വ്യക്തമാക്കിയതോടെ കൂടുതല്‍ നാമനിര്‍ദേശങ്ങള്‍ വന്നു. ഇവിടെ തുറന്ന അന്തരീക്ഷമാണ്, സ്ഥാനാര്‍ഥികളുണ്ടാവില്ല. നാമനിര്‍ദേശമാണ് നടക്കുക. അങ്ങനെ നിര്‍ദേശിക്കപ്പെടുന്നവരെ സദസ്സില്‍ നിന്ന് മാറ്റി നിര്‍ത്തി അവരെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ വിശകലനത്തിന് അവസരം നല്‍കുന്നു. ഇത്തവണയും അങ്ങനെത്തന്നെയാണ് നടന്നത്. സഭയില്‍ എന്ത് ചര്‍ച്ചനടന്നുവെന്ന് എനിക്കറിയില്ല. ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, എന്റെ നിര്‍ദേശം കൂട്ടുകാര്‍ സ്വീകരിച്ചില്ലല്ലോ എന്ന ദുഃഖമായിരുന്നു എനിക്ക്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒരാള്‍ക്ക് സ്വയം സ്ഥാനാര്‍ഥിയാവാമെന്നത് പോലെ, സ്ഥാനാര്‍ഥിത്വം സ്വയം പിന്‍വലിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇവിടെ രണ്ടിനും അവസരമില്ല.

സാഹചര്യത്തില്‍ ഇത്തവണ മാറ്റം വന്നതെങ്ങനെയെന്നാണ് ചോദ്യം.

ഞാന്‍ സഭയിലുണ്ടായിരുന്നില്ലെന്ന് പറഞ്ഞല്ലോ. അവിടെ എന്താണ് നടന്നതെന്നറിയില്ല. കൂടിയാലോചനാരീതിയാണ് ജമാഅത്തിന്റേത്. ആശയവിനിമയവും ചര്‍ച്ചയും നടന്നിട്ടുണ്ടാകും. അതൊന്നും പുതിയ കാര്യമല്ല; വിഷയമാക്കേണ്ടതുമില്ല.

ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ 'ജനറേഷന്‍ ഗ്യാപ്' പ്രകടമാവുന്നുണ്ടെന്നും അത് നീരസത്തിന് കാരണമാകുന്നുണ്ടെന്നും പ്രസ്ഥാന തല്‍പരര്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ടല്ലോ?

ജനറേഷന്‍ ഗ്യാപിനെപ്പറ്റി പലപ്പോഴും കേട്ടിട്ടുണ്ട്. ചിലര്‍ അതിന്റെ അര്‍ഥം തെറ്റിദ്ധരിച്ചതായി തോന്നുന്നു. തലമുറ വ്യത്യാസം ഒരാദര്‍ശ പ്രസ്ഥാനത്തിന്റെ ദാര്‍ശനികാടിത്തറയില്‍ മാറ്റം വരുത്തുന്നില്ല. സാഹചര്യത്തിലും അവസ്ഥയിലും വരുന്ന മാറ്റമാണ് മുന്‍ഗണനയെയും പ്രവര്‍ത്തനരീതിയെയും സ്വാധീനിക്കുക. ഖുര്‍ആന്റെയും സുന്നത്തിന്റെയും ആഴത്തിലുള്ള പഠനത്തില്‍ നിന്നുദിച്ച ചിന്തയാണ് മൗലാനാ മൗദൂദിയെ ഇത്തരമൊരു പ്രസ്ഥാനമുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ പണ്ഡിതന്മാരും ചിന്തകരും ഒത്തുചേര്‍ന്ന് കൂടിയാലോചിച്ച് ഒരു പ്രസ്ഥാനത്തിന് രൂപം നല്‍കി. പില്‍കാലത്ത് വിജ്ഞരായ ആളുകള്‍ ആ ചിന്തകളെ സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച് വിപുലപ്പെടുത്തി. ആ പ്രക്രിയ ഇന്നും തുടരുന്നു. തലമുറ മാറുന്നതിനനുസരിച്ച് അടിസ്ഥാന ദര്‍ശനത്തില്‍ മാറ്റം വരുത്തിയാല്‍ ഇന്ന് ഇസ്‌ലാമിന്റെ വ്യാഖ്യാന വിശദീകരണങ്ങള്‍ അപ്പാടെ മാറിപ്പോകുമായിരുന്നു.

കഴിഞ്ഞ പ്രവര്‍ത്തന കാലയളവുകളില്‍ ജമാഅത്ത് ഏറെ വളര്‍ച്ച നേടിയിട്ടുണ്ട്. അംഗങ്ങള്‍ വര്‍ധിച്ചിട്ടുമുണ്ട്. ഇക്കാര്യത്തില്‍ താങ്കള്‍ സംതൃപ്തനാണോ?

ജമാഅത്തിന്റെ വളര്‍ച്ച കാണുമ്പോള്‍ ഏറെ സന്തോഷമുണ്ട്. അംഗങ്ങളുടെ എണ്ണത്തിലുള്ള വര്‍ധന മുമ്പത്തെ അപേക്ഷിച്ച് കൂടുതലാണ്. എന്നാല്‍ മുമ്പുണ്ടായിരുന്ന മൂല്യബോധം കുറയുന്നുണ്ടോ എന്ന് തോന്നാതെയുമില്ല.

താങ്കള്‍ എസ്.ഐ.ഒവിന്റെ മുഖ്യരക്ഷാധികാരിയാണല്ലോ. ജമാഅത്ത് നേതൃത്വവും എസ്.ഐ.ഒവും തമ്മിലുള്ള ബന്ധമെങ്ങനെയാണ്? ജമാഅത്തും യുവതലമുറയും തമ്മില്‍ ചേര്‍ച്ച കുറവുണ്ട് എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. കേന്ദ്ര-പ്രാദേശിക നേതൃത്വത്തില്‍നിന്ന് ചിലപ്പോള്‍ ഈ പരാതി ഉയരാറുണ്ടല്ലോ.

അല്ലാഹുവിന് സ്തുതി! ജമാഅത്തും യുവജന വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.ഐ.ഒവും തമ്മില്‍ ഊഷ്മളമായ ബന്ധംതന്നെയാണുള്ളത്. എന്നാല്‍ എത്ര ഗഹനമായ ബന്ധമാണോ താങ്കളുദ്ദേശിച്ചത്, അതിന് കുറെക്കൂടി കാര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിന് രണ്ട് കൂട്ടരും ഉത്തരവാദികളാണ്. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവശ്യ ഘട്ടങ്ങളില്‍ സഹായിക്കാനും കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ട്. സ്വന്തം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരമാരായാനും പരിപാടികള്‍ അറിയിക്കാനുമൊക്കെ എസ്.ഐ.ഒ നേതൃത്വം ജമാഅത്ത് നേതാക്കളുമായി കാണാന്‍ മുന്‍കൈ എടുക്കണമെന്നാണ് എന്റെ അഭിപ്രായം. ജമാഅത്തംഗങ്ങളുമായുള്ള നേതാക്കളുടെ ബന്ധവും കൂടുതല്‍ ഊഷ്മളമാക്കേണ്ടതുണ്ട്. ചെറിയ സംഘമായിരുന്നപ്പോള്‍ ബന്ധങ്ങള്‍ കുറെകൂടി ഗാഢമായിരുന്നു. സംഘടന വളരുമ്പോള്‍ ആ അടുപ്പവും ഊഷ്മളതയും കുറഞ്ഞുപോവുക സ്വാഭാവികമാണ്. പോരായ്മകളുണ്ടെങ്കില്‍ അവ പരിഹരിച്ച് ബന്ധം മെച്ചപ്പെടുത്തുക തന്നെയാണ് വേണ്ടത്. അതിനായി പുതിയ നേതൃത്വം കൂടുതല്‍ പരിശ്രമിക്കുമെന്നും വീഴ്ചകള്‍ വരാതിരിക്കാന്‍ നോക്കുമെന്നും ഞാന്‍ ഉറപ്പുതരുന്നു.

ഭാവിയില്‍ പുതിയ നേതൃത്വം ഇക്കാര്യം ശ്രദ്ധിക്കുമെന്ന് താങ്കള്‍ പറയുന്നു. എന്നാല്‍ ഇങ്ങനെയൊരവസ്ഥ എങ്ങനെ ഉണ്ടായി എന്നതാണ് പ്രസക്തമായ ചോദ്യം. ഒരു ബദല്‍ നേതൃത്വത്തെയോ രണ്ടാംനിര നേതൃത്വത്തെയോ എന്തുകൊണ്ട് ഉയര്‍ത്തിക്കൊണ്ട് വന്നില്ല?

ചോദ്യം വളരെ പ്രസക്തമാണ്. ഈയൊരു വീഴ്ച നേരത്തേ ഉള്ളതാണെങ്കിലും എന്റെ കാലത്തുണ്ടായതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഞാന്‍ ഒഴിഞ്ഞുമാറുന്നില്ല. പുതിയ പ്രവര്‍ത്തന കാലയളവില്‍ പരിഹാരമാര്‍ഗം കണ്ടെത്തി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതാണ്. അതിനുള്ള നേതൃതല പരിശീലനവും നല്‍കുന്നതായിരിക്കും. പുതിയ നേതൃത്വത്തിന്‍ കീഴില്‍ ഇനിയും ഈ ആക്ഷേപത്തിന് സന്ദര്‍ഭമുണ്ടാകില്ല.

എന്നു വെച്ചാല്‍ നേതൃത്വം പ്രകൃതത്തിനും സന്ദര്‍ഭത്തിനുമനുസരിച്ച് സ്വയം തിരുത്താന്‍ തയാറാകുമെന്നാണോ?

ദൈവേഛയുണ്ടെങ്കില്‍, തീര്‍ച്ചയായും.

ജമാഅത്തില്‍ രണ്ടാംനിര നേതാക്കളുടെ അഭാവമാണ്, മൂന്നാം തലമുറ രംഗത്തുവരാന്‍ ഇടയാക്കിയതെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

അത് ശരിയായിരിക്കാം. എന്നാല്‍ മൂന്നാം തലമുറയുടെ കുതിപ്പ് ശുഭകരമായാണ് ഞാന്‍ കാണുന്നത്. പുതിയ പ്രവര്‍ത്തന കാലയളവില്‍ അവര്‍ക്ക് കൂടുതല്‍ ശിക്ഷണവും പരിശീലനവും നല്‍കും. അവര്‍ പ്രസ്ഥാനത്തിന് മാത്രമല്ല, നാടിനും സമുദായത്തിനും ഏറെ പ്രയോജനപ്പെടുമെന്നും നമുക്ക് ഉറപ്പുണ്ട്.

ജനറേഷന്‍, കമ്യൂണിക്കേഷന്‍ വിടവുകളെപ്പറ്റി പറഞ്ഞുവല്ലോ. വൈജ്ഞാനികവും ചിന്താപരവുമായ വിടവിനെപ്പറ്റി താങ്കള്‍ ബോധവാനാണോ?

താങ്കളുടെ അഭിപ്രായം ശരിയാണ്. ജമാഅത്തില്‍ വൈജ്ഞാനിക ചിന്താതലത്തില്‍ ഏറെ അകലമുണ്ടായിട്ടുണ്ട്. അടിസ്ഥാന ചിന്ത ഒന്നുതന്നെയാണെങ്കിലും, വൈജ്ഞാനിക തലത്തില്‍ തത്ത്വങ്ങളുടെ വിശദാംശങ്ങളിലും വ്യാഖ്യാനങ്ങളിലും ഒട്ടേറെ മാറ്റം സംഭവിച്ചിട്ടുണ്ട്. പുതിയ കാലത്തിന്റെ തേട്ടങ്ങള്‍ക്കനുസരിച്ച് ചില വശങ്ങളെ വിശദീകരിച്ചതായി കാണാം. ഈ പ്രക്രിയ 1948ല്‍ ജമാഅത്ത് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. മൗലാനാ മൗദൂദിയുടെ ചിന്തകള്‍ക്ക് പിന്തുടര്‍ച്ചക്കാര്‍ ഏറെയുണ്ടായിട്ടുണ്ടെങ്കിലും, വൈജ്ഞാനികാനന്തരാവകാശികള്‍ തുലോം വിരളമാണ്. മറ്റു പണ്ഡിതന്മാരുടെ രചനകള്‍ ഉദ്‌ബോധനപ്രധാനമാണ്. വൈജ്ഞാനിക മണ്ഡലം വേണ്ടത്ര ഗൗനിക്കപ്പെട്ടിട്ടില്ല. ഇതിന് പരിഹാരം കാണേണ്ടതുണ്ട്.

2007-ല്‍ താങ്കള്‍ ആദ്യമായി നേതൃത്വം ഏറ്റെടുത്തപ്പോള്‍ അന്നത്തെ അവസ്ഥക്കനുസരിച്ച മുന്‍ഗണനാക്രമം സ്വീകരിച്ചു. 2011ലെ രണ്ടാമൂഴത്തിലും അതാവര്‍ത്തിച്ചു. ഇപ്പോള്‍ ഈ മൂന്നാം ഘട്ടത്തില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളിലൊക്കെയും മുസ്‌ലിം സമുദായം വമ്പിച്ച വെല്ലുവിളികള്‍ നേരിടുകയാണ്. ഈ സന്ദര്‍ഭത്തില്‍ താങ്കള്‍ എന്തിനാണ് മുന്‍ഗണന നല്‍കുക?

ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ എതിരാളികളുടെ പ്രചണ്ഡമായ പ്രചാരണ ഫലമായി ഏറെ തെറ്റിദ്ധരിക്കപ്പെട്ട മുസ്‌ലിം സമുദായത്തിന്റെ യഥാര്‍ഥ ചിത്രം സമര്‍പ്പിക്കുകയെന്നതാണ് ഏറ്റവും മുന്‍ഗണന നല്‍കേണ്ട കാര്യം. പുതിയ തന്ത്രങ്ങളോടെയും ദീര്‍ഘവീക്ഷണത്തോടെയും ജമാഅത്തിനെ അതിനായി സജ്ജമാക്കേണ്ടതുണ്ട്. ഈ ടേമില്‍ അതിനുള്ള ശ്രമമായിരിക്കും നടക്കുക.

എതിരാളികളുടെ പ്രൊപഗണ്ടക്കൊപ്പം മുസ്‌ലിംകളുടെ കര്‍മരാഹിത്യവും ബോധമില്ലായ്മയും ഇതിന് കാരണമല്ലേ?

തീര്‍ച്ചയായും. രണ്ട് തലങ്ങളിലും പ്രവര്‍ത്തിക്കേണ്ടതുണ്ട്. കുപ്രചാരണങ്ങളുടെ മുനയൊടിക്കാന്‍ ആദ്യം ചെയ്യേണ്ടത്, സഹോദരസമുദായങ്ങള്‍ക്ക് ഇസ്‌ലാമിന്റെ യഥാര്‍ഥമുഖം കാണിച്ചുകൊടുക്കുകയാണ്. കര്‍മംകൊണ്ടും വചനം കൊണ്ടും അതുണ്ടാവണം. തെറ്റിദ്ധാരണകള്‍ മൂലമാണ് മുസ്‌ലിംകള്‍ക്ക് ഈ ഗതി വന്നത്. വ്യവസ്ഥാപിതവും ലക്ഷ്യബന്ധിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ തെറ്റിദ്ധാരണ നീക്കാനാവൂ. ഒപ്പം ഇസ്‌ലാമിന്റെ സന്ദേശം മറ്റുള്ളവര്‍ക്കെത്തിച്ചുകൊടുക്കുകയും വേണം. ഇക്കാര്യത്തില്‍ മറ്റു സംഘടനകളെയും വ്യക്തികളെയും ഒന്നിച്ചുകൊണ്ടുപോകണം. ജമാഅത്ത് അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രമല്ല, മുസ്‌ലിം സമുദായത്തിനും അതിനാവശ്യമായ ശിക്ഷണവും പരിശീലനവും നല്‍കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ പ്രചാരണവും പ്രബോധനവും അതിന്റെ പൂര്‍ണ പ്രതിനിധാനമാണ് എന്നിരിക്കെ, അക്കാര്യത്തില്‍ എല്ലാ സംഘടനകളും കൂട്ടായ്മകളും ഒന്നിക്കേണ്ടത് അത്യാവശ്യമാണ്.

മുസ്‌ലിം സമുദായത്തിന് പൊതുവായി നവോത്ഥാന ശിക്ഷണങ്ങള്‍ നല്‍കുന്നതോടൊപ്പം ജമാഅത്ത് പ്രവര്‍ത്തകരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ഊന്നേണ്ടതാണെന്ന് തോന്നുന്നുണ്ടോ?

തീര്‍ച്ചയായും. ഈ ശിക്ഷണം ധാര്‍മിക ദാര്‍ശനിക വൈജ്ഞാനിക രംഗങ്ങളില്‍ മാത്രം പോരാ; എല്ലാ മേഖലകളിലും അത്യാവശ്യമാണ്. ജമാഅത്തില്‍ ധാരാളം സജീവ പ്രവര്‍ത്തകരുണ്ട്. അവര്‍ പല കാര്യങ്ങളും നിര്‍വഹിക്കുന്നുമുണ്ട്. എന്നാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി വേണ്ടത്ര ഉണ്ടാവുന്നില്ല. ഈ പ്രവര്‍ത്തന കാലയളവില്‍ അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

പൊതു മുസ്‌ലിം സമൂഹം, പ്രത്യേകിച്ച് അവര്‍ അണിചേര്‍ന്ന സംഘടനകള്‍, പണ്ഡിത വൃത്തങ്ങള്‍ ഇവര്‍ക്കൊക്കെ ജമാഅത്തിനെക്കുറിച്ച വിശ്വാസവും പരിഗണനയും മുമ്പത്തേക്കാള്‍ വര്‍ധിച്ചതായി തോന്നുന്നുണ്ടോ?

അല്ലാഹുവിന് സ്തുതി! മുമ്പത്തേക്കാള്‍ ജമാഅത്തിന് ജനഹൃദയങ്ങളില്‍ സ്ഥാനം ലഭിച്ചിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്. സമുദായത്തിലെ പല സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഭാരവാഹികളും സാമൂഹിക സാമുദായിക നേതാക്കളും ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെയും പരിപാടികളെയും വളരെയേറെ വിലമതിക്കുന്നുണ്ട്. ജമാഅത്ത് നേതാക്കളെ അവര്‍ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അത് കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കും.

ഇതിനായി ജമാഅത്ത് എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?

സമുദായത്തിനകത്തെ ഐക്യം എന്നും ജമാഅത്തിന്റെ ഒന്നാമത്തെ അജണ്ടയാണ്. ജമാഅത്തിന്റെ മുന്‍കൈ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. 1960കളില്‍ ജബല്‍പൂരിലും മറ്റും നടന്ന വര്‍ഗീയ കലാപങ്ങളുടെ ഇരകളെ പുനരധിവസിപ്പിക്കുന്നതിലും, കെടുതിയില്‍നിന്ന് കരകേറ്റുന്നതിലും മുസ്‌ലിം സമുദായത്തെ ഏകോപിപ്പിക്കുന്നതില്‍ ജമാഅത്ത് വിജയിച്ചു. തുടര്‍ന്ന് മുസ്‌ലിം മജ്‌ലിസെ മുശാവറയും പിന്നീട് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും രൂപീകരിക്കുന്നതില്‍ ജമാഅത്ത് പ്രധാന പങ്കാളിത്തം വഹിച്ചു. സമുദായത്തിലെ ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന കാര്യമാണ് ഐക്യം. എന്നാല്‍, എല്ലാവര്‍ക്കും അംഗീകരിക്കാന്‍ പറ്റിയ ഒരു സംഘടനാ നേതൃത്വം ഇന്ത്യയിലില്ല എന്നതാണ് ഇതിനുള്ള തടസ്സം. ഒരു സംയുക്ത നേതൃത്വം രൂപപ്പെടുത്താനാണ് ജമാഅത്ത് ഉദ്ദേശിക്കുന്നത്.

മതസംഘടനയായി മനസ്സിലാക്കപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമിക്ക്, രാഷ്ട്രീയക്കാരെയും ബുദ്ധിജീവികളെയും സാമൂഹിക പ്രവര്‍ത്തകരെയും ഒന്നിച്ചു കൊണ്ടുപോവാന്‍ എങ്ങനെ സാധിക്കുമെന്ന് കൂടി വിശദീകരിക്കുന്നത് നന്നായിരിക്കും. അതേസമയം, ഹിന്ദുത്വത്തിന്റെയും കമ്യൂണിസത്തിന്റെയും പ്രണേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ പ്ലാറ്റ്‌ഫോമില്‍നിന്നുതന്നെ തങ്ങളുടെ നയങ്ങള്‍ പ്രഖ്യാപിക്കുന്നത് നാം കാണുന്നു.

നമ്മുടെ ഭരണഘടന ഏത് ചിന്താധാരയെയും പ്രകാശിപ്പിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. രാജ്യനിര്‍മാണത്തിനും വികസനത്തിനുമുള്ള തങ്ങളുടെ നിര്‍ദേശങ്ങള്‍ വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും നല്‍കാവുന്നതാണ്. ഹിന്ദുത്വത്തെ പ്രതിനിധാനം ചെയ്യുന്ന ആര്‍.എസ്.എസ്സിനും അതിന് അവകാശമുണ്ട്. എന്നാല്‍ അതിനായി അവര്‍ ഉപയോഗിക്കുന്ന രീതി തെറ്റും ഭരണഘടനാവിരുദ്ധവുമാണ്. എന്നാല്‍, ജമാഅത്തെ ഇസ്‌ലാമി ഭരണഘടന അനുശാസിക്കുന്നതും സമാധാനപരവുമായ മാര്‍ഗങ്ങള്‍ മാത്രമേ ആശയപ്രചാരണത്തിനായി അവലംബിക്കുകയുള്ളൂ. രാജ്യത്തെ ഉത്പതിഷ്ണുക്കള്‍ക്കും ചിന്തകന്മാര്‍ക്കുമൊക്കെ ഇക്കാര്യമറിയാം. ജമാഅത്ത് ആ രീതി തുടരുകയും ചെയ്യും. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാര്യമാകട്ടെ, അവര്‍ ആദ്യത്തില്‍ തീവ്രവാദത്തിന്റെയും ബലാത്കാരത്തിന്റെയും പാത സ്വീകരിച്ചിരുന്നു. അതാണ് നക്‌സലിസത്തിന്റെയും മാവോയിസത്തിന്റെയുമൊക്കെ പ്രഭവകാരണം. ഇന്ന് പക്ഷേ, കമ്യൂണിസ്റ്റുകാര്‍ നാടിന്റെ ഭരണഘടനയും നിയമങ്ങളും അനുസരിച്ചുകൊണ്ട് സമാധാന മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുകയാണ്. എല്ലാ ആദര്‍ശപാര്‍ട്ടികളും ഒന്നിച്ചിരുന്ന്, സമാധാനപരവും സ്വീകാര്യവുമായ മാര്‍ഗം സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും നാട്ടുകാരുടെ മുഴുവന്‍ ക്ഷേമത്തിനും രാഷ്ട്രീയ സാമ്പത്തിക ധാര്‍മിക ശിക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാവുകയും വേണമെന്നാണ് ജമാഅത്ത് ആഗ്രഹിക്കുന്നത്.

ഇന്നത്തെ സാഹചര്യത്തില്‍ പക്ഷേ, ഹിന്ദുത്വശക്തികളാണല്ലോ പരസ്പരം ഐക്യപ്പെട്ടു തങ്ങളുടെ നിലനില്‍പ് സുദൃഢമാക്കിക്കൊണ്ടിരിക്കുന്നത്?

ഇതിന് കാരണം അവര്‍ക്ക് പിന്നില്‍ മീഡിയയും ശക്തമായ സാമ്പത്തിക സ്രോതസ്സുകളുമുണ്ട് എന്നതാണ്. പക്ഷേ, അടിസ്ഥാന യാഥാര്‍ഥ്യം ഇതല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവലം 31 ശതമാനം വോട്ട് നേടിയ ഈ പാര്‍ട്ടിയെ അതിനെ പിന്താങ്ങിയവര്‍ പല രീതിയില്‍ സമ്മര്‍ദത്തില്‍ പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളാകട്ടെ, ഇവരെങ്ങോട്ടാണ് രാജ്യത്തെ കൊണ്ടുപോകുന്നതെന്ന് ഉറ്റുനോക്കുന്നു.

ഭരണം നടത്തുന്ന പാര്‍ട്ടിയുടെ ചില നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ഭരണഘടനയെയും നിയമവ്യവസ്ഥയെയും നോക്കുകുത്തിയാക്കുംവിധം പ്രകോപനപരമാണ്. എന്നിട്ടും, ഇതിനെതിരെ മൗനത്തിന്റെ വാത്മീകത്തിലൊളിക്കുകയാണ് ബുദ്ധിജീവികള്‍ എന്നറിയപ്പെടുന്നവര്‍ ചെയ്യുന്നത്.

ശരിയാണ്, ഇക്കാര്യത്തില്‍ രാജ്യത്തെ ബുദ്ധിജീവികളെയും ഉത്തരവാദപ്പെട്ടവരെയും ബോധവത്കരിക്കേണ്ടതുണ്ട്.

രാജ്യത്തെ ചില നിയമങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കും പ്രയാസമുണ്ടാക്കുന്നവയാണെന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായും. ബന്ധപ്പെട്ട വകുപ്പുമേധാവികളും നേതാക്കളും ഒന്നിച്ചിരുന്ന് ചിന്തിക്കേണ്ട കാര്യമാണിത്.

ആധുനിക വിദ്യാഭ്യാസമാണ് ഇസ്‌ലാമിക പ്രസ്ഥാനം ഇപ്പോള്‍ നേരിടേണ്ടി വരുന്ന മറ്റൊരു വെല്ലുവിളി. ഇത് നേരിടാന്‍ എന്ത് പരിപാടിയാണ് ജമാഅത്തിന്റെ മുമ്പിലുള്ളത്? മത-ഭൗതിക വിദ്യാഭ്യാസങ്ങളുടെ സമന്വയത്തിനായുള്ള ജമാഅത്തിന്റെ ഏറെക്കാലത്തെ പ്രവര്‍ത്തനം എത്രത്തോളം ലക്ഷ്യം കണ്ടു?

അക്കാര്യത്തിന് നല്ല ആസൂത്രണവും പ്രവര്‍ത്തകരുടെ കൂട്ടായ ടീം വര്‍ക്കും ആവശ്യമാണ്. ജമാഅത്ത് രൂപീകരിച്ച ഉടനെ ഇതില്‍ നന്നായി ശ്രദ്ധ ചെലുത്തിയിരുന്നു. അന്ന് ആളും അര്‍ഥവും കുറവായിരുന്നെങ്കിലും അതിന്റെ അടിത്തറ പാകാനായി. ഇനി ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ശ്രമിക്കും.

മീഡിയയെ സംബന്ധിച്ചാണ് മറ്റൊരു പ്രധാന ചോദ്യം. കഴിഞ്ഞ ചതുര്‍വര്‍ഷ പരിപാടിയുടെ ഭാഗമായി കേന്ദ്രം മീഡിയ രംഗത്ത് ശ്രദ്ധ ചെലുത്തിയിരുന്നു. എന്നാല്‍ പ്രിന്റ്, ഇലക്‌ട്രോണിക് മീഡിയയുടെ വിശാലമായ വൃത്തത്തില്‍ ഒരു തുടക്കമിടാനേ ജമാഅത്തിനായുള്ളൂ. പുതിയ കാലയളവില്‍ എന്തെങ്കിലും പദ്ധതികള്‍?

ജമാഅത്തിന്റെ സന്ദേശം സര്‍വജനങ്ങള്‍ക്കും ഉള്ളതായതുകൊണ്ട് അത് വാര്‍ത്താ മാധ്യമരംഗത്തും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഉര്‍ദു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമേ എല്ലാ പ്രാദേശിക ഭാഷകളിലും പത്രപ്രസിദ്ധീകരണങ്ങള്‍ ഇറക്കാന്‍ ജമാഅത്തിന് സാധിച്ചിട്ടുണ്ട്. അക്കാര്യത്തില്‍  വിവിധവിഭാഗങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെയും യുവാക്കളെയും മാത്രമല്ല കുട്ടികളെയും പരിഗണിച്ചിട്ടുണ്ട്. ഔദ്യോഗിക ജിഹ്വകള്‍ക്ക് പുറമേ, നിരവധി പത്രപ്രസിദ്ധീകരണങ്ങള്‍ നമ്മുടെ ഗുണകാംക്ഷികളുടെ പങ്കാളിത്തത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലേത്. അവിടെ മാധ്യമത്തിന് പുറമേ ഒരുപാട് പ്രസിദ്ധീകരണങ്ങള്‍ ഉണ്ട്. അല്‍പകാലമായി ഇലക്‌ട്രോണിക് മാധ്യമരംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പാണ്, ഒന്നിലധികം ചാനലുകള്‍ ആരംഭിച്ചതിലൂടെ നടത്തിയത്. കേന്ദ്രത്തില്‍, മീഡിയയുടെ വിപുലനത്തിനും വികാസത്തിനും ചില പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അതില്‍ പ്രാദേശിക ഭാഷാ മീഡിയയും ഉള്‍പ്പെടുന്നു.

സോഷ്യല്‍ മീഡിയയെ പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍?

സോഷ്യല്‍ മീഡിയ പുതിയ ജനറേഷനുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെങ്കിലും മധ്യവയസ്‌കരായ ആളുകളും അതില്‍ ശ്രദ്ധയൂന്നാന്‍ തുടങ്ങിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ടവരില്‍ നല്ലൊരു പങ്ക് സോഷ്യല്‍ മീഡിയയില്‍ പങ്കാളികളാണ്. അതിനെ അനുവദനീയമായ രീതിയില്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമം തുടങ്ങേണ്ടതുണ്ട്.

സമുദായത്തിന്റെയും പ്രസ്ഥാനത്തിന്റെയും മീഡിയാവൃത്തം വിശാലവും സുദൃഢവും സര്‍വാംഗീകൃതവുമാക്കണമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മുഖ്യധാരാ മാധ്യമരംഗത്ത് ശ്രദ്ധ പതിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വികൃതമായി അവതരിപ്പിക്കുന്ന കാര്യത്തില്‍ പൊതു മീഡിയയുടെ താല്‍പര്യത്തെപ്പറ്റി താങ്കള്‍ പറഞ്ഞുവല്ലോ. മുസ്‌ലിം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കുന്ന താല്‍പര്യം നിര്‍മാണാത്മകവും ധനാത്മകവുമായ പ്രശ്‌നങ്ങളില്‍ പൊതുവേ ഉണ്ടാകാറില്ല. നാം മീഡിയയുമായി ബന്ധം സ്ഥാപിക്കുകയും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പ്രശ്‌നങ്ങള്‍ സത്യസന്ധമായി കൈകാര്യം ചെയ്യാന്‍ പത്രപ്രവര്‍ത്തകരെ പ്രേരിപ്പിക്കുകയും ചെയ്യാന്‍ ശ്രമിക്കേണ്ടതല്ലേ?

മുഖ്യധാരാ മാധ്യമങ്ങളെ ഗൗനിക്കേണ്ടത് അനിവാര്യമാണ്. അവരുമായി രണ്ടു തരത്തില്‍ ബന്ധം സ്ഥാപിക്കാമെന്നാണ് എന്റെ പക്ഷം. മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകരുമായി ഗാഢമായ ബന്ധം സ്ഥാപിക്കുകയും അവര്‍ക്ക് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് അടിസ്ഥാന വിദ്യാഭ്യാസം നല്‍കുകയും അവരുടെ തെറ്റുധാരണകള്‍ നീക്കുകയും ചെയ്യുകയെന്നതാണ് ഒരു രീതി. എല്ലാ മീഡിയാ പ്രവര്‍ത്തകരും പക്ഷപാതികളാണെന്ന് അടച്ചാക്ഷേപിച്ചുകൂടാ. ശരിയായ വിധത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനായാല്‍ അവരുടെ നിലപാടുകളില്‍ നല്ല മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. മുസ്‌ലിം യുവാക്കളെ ജേര്‍ണലിസം പഠിപ്പിക്കാനും ശ്രദ്ധ ചെലുത്തണം. അങ്ങനെ അവരുടെ കരിയര്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ പോലും ശ്രദ്ധിക്കപ്പെടാനിടവരും. അവരുടെ സേവനവും മുഖ്യധാരക്ക് ആവശ്യമായി വരും.

ഈ പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ വല്ല പദ്ധതിയും താങ്കളുടെ മനസ്സിലുണ്ടോ? മറ്റുസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുന്നത് പോലെ ജേര്‍ണലിസ്റ്റ് പ്രഫഷണലുകളില്‍നിന്ന് മീഡിയ അഡൈ്വസറെയോ കോ-ഓര്‍ഡിനേറ്ററെയോ നിയമിക്കുകയാണോ വേണ്ടത്? അതോ, ഡാറ്റാബാങ്ക്(സോഫ്റ്റ് ആന്റ് ഹാര്‍ഡ്) പോലുള്ളവയെക്കുറിച്ച് ആലോചിക്കുകയോ?

മീഡിയയുമായി ബന്ധപ്പെട്ട്, അവ പ്രയോജനപ്പെടുത്താനും ഫലപ്രദമാക്കാനുമുള്ള താങ്കളുടെ നിര്‍ദേശങ്ങള്‍ ബുദ്ധിപൂര്‍വകമാണ്. അതിനെക്കുറിച്ച് ആലോചിക്കും. ആസൂത്രണവും മനുഷ്യവിഭവവും അത്യാവശ്യമായ മേഖലയാണത്.  

വിവ: അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /25
എ.വൈ.ആര്‍