Prabodhanm Weekly

Pages

Search

2015 മെയ്‌ 22

ഗസ്സ, ശാമിലേക്കുള്ള കവാടം

ഇബ്‌നു ബത്വൂത്വ /യാത്ര-3

         ഈജിപ്തില്‍ നിന്ന് യാത്ര തുടര്‍ന്ന ഞങ്ങള്‍ ഗസ്സ നഗരത്തിലെത്തി. ഈജിപ്തിനോട് തൊട്ടടുത്ത ശാം നാടുകളി1ലാദ്യത്തേതാണ് ഗസ്സ. വളരെ വിശാലമായ ഭൂഖണ്ഡം. ധാരാളം കെട്ടിടങ്ങള്‍, ചന്തമുള്ള ചന്തകള്‍. ചുറ്റുമതിലുകളുള്ള ഒട്ടനവധി മസ്ജിദുകള്‍. ഹസന്‍ ജുമാ മസ്ജിദ് അവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ ജുമുഅ നിര്‍വഹിക്കപ്പെടുന്ന പള്ളി അമീര്‍ മുഅള്ളം ജാവ്‌ലി നിര്‍മിച്ചതാണ്. ഭദ്രസുന്ദരമണ് അതിന്റെ നിര്‍മാണം. വെള്ള മാര്‍ബിള്‍ കൊണ്ട് നിര്‍മിച്ചതാണ് അതിനകത്തെ പ്രസംഗ പീഠം. ബദ്‌റുദ്ദീന്‍ സലഖ്തി ഹൂറാനിയാണ് ഗസ്സയിലെ ജഡ്ജ്. അലമുദ്ദീന്‍ ബിന്‍ സാലിം അധ്യാപകനും. സാലിം സന്തതികള്‍ ഈ പട്ടണത്തിലെ പ്രമാണിമാരാണ്. ഖുദ്‌സി2ലെ ജഡ്ജായ ശംസുദ്ദീന്‍ അവരില്‍ പെടുന്നു.

ഗസ്സയില്‍ നിന്ന് ഞാന്‍ ഖലീല്‍3 പട്ടണത്തിലേക്ക് യാത്ര തിരിച്ചു. അല്ലാഹുവിന്റെ ഖലീലായ (സുഹൃത്ത്) ഇബ്‌റാഹീമിന് ദൈവരക്ഷയുണ്ടാകട്ടെ. ഖലീല്‍ ഒരു കൊച്ചു പട്ടണമാണ്. വലിയൊരു അങ്കണമുണ്ടവിടെ. പ്രഭാപൂരിതവും ചേതോഹരവുമാണ് അതിന്റെ കാഴ്ച. പല അതൃപ്പങ്ങളും അതിനെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഒരു താഴ്‌വരയുടെ പള്ളയിലാണത് സ്ഥിതി ചെയ്യുന്നത്. വളരെ മനോഹരമാണ് അവിടത്തെ പള്ളി. കൊത്തിയെടുത്ത പാറക്കല്ലു കൊണ്ട് കുറ്റമറ്റ നിര്‍മിതി. നല്ല പൊക്കമുണ്ട്. അതിന്റെ ഒരു തൂണ്‍ പാറകൊണ്ട് നിര്‍മിച്ചതാണ്. അവയിലൊന്നിന്റെ വ്യാസം 37 ചാണ്‍ വരും. സുലൈമാന്‍ നബി ജിന്നിന് കല്‍പന കൊടുത്ത് നിര്‍മിച്ചതാണത്രെ അത്. പള്ളിക്കകത്തൊരു പുണ്യ ഗുഹയുണ്ട്. ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരുടെ ഖബ്‌റുകള്‍ അതിനകത്താണ്. അവയുടെ എതിര്‍വശത്തായി അവരുടെ ഭാര്യമാരുടെ മൂന്ന് ഖബ്‌റുകളുമുണ്ട്. പ്രസംഗ പീഠത്തിന്റെ വലത് വശത്ത് പ്രാര്‍ഥനാ ദിശയുടെ ചുമരിനോട് ഒട്ടിനില്‍ക്കുന്ന സ്ഥലത്തൂടെ, ഭദ്രമായി നിര്‍മിച്ച മാര്‍ബിള്‍ പടികളിലൂടെ ഒരു ഇടുങ്ങിയ പ്രവേശികയിലേക്ക് ഇറങ്ങാം. മാര്‍ബിള്‍ വിരിച്ച ഒരു അങ്കണത്തിലേക്കാണ് അത് എത്തിച്ചേരുക. മൂന്ന് ഖബ്‌റുകള്‍ അതിന് അനുരോധമായിട്ടാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്ന് ഖബ്‌റുകള്‍ ചിത്രണം ചെയ്തിരിക്കുന്നു. അവിടെ നിന്ന് വിശുദ്ധ ഗുഹയിലേക്കുള്ള പ്രവേശ മാര്‍ഗമാണ്. ഇപ്പോള്‍ കൊട്ടിയടച്ചിരിക്കുകയാണത്. ആ സ്ഥലത്ത് പലതവണ ഞാന്‍ ഇറങ്ങിയിരുന്നു. മൂന്ന് ഖബ്‌റുകള്‍ അവിടെയാണ് ഉണ്ടായിരുന്നത് എന്നതിന് അറിവുള്ളവര്‍ പറയുന്ന തെളിവ്  അലി ബിന്‍ ജഅ്ഫര്‍ റാസ്‌യാലിയുടെ 'അല്‍ മുസ്ഫിര്‍ ലില്‍ ഖുലൂബ് അന്‍ സ്വിഹത്തി ഖബ്‌റി ഇബ്‌റാഹീം വ ഇസ്ഹാഖ് വ യഅ്ഖൂബ്' എന്ന കൃതിയിലെ ഒരു റിപ്പോര്‍ട്ടാണ്. അബൂ ഹുറയ്‌റയിലെത്തുന്നതാണ് അതിന്റെ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പര. നബി ഇങ്ങനെ പറഞ്ഞതായാണ് ആ റിപ്പോര്‍ട്ട്:  ''ഇസ്‌റാഅ് രാത്രി4 ബൈത്തുല്‍ മഖ്ദിസിലെത്തിയപ്പോള്‍ എന്നെയും കൊണ്ട് ജിബ്‌രീല്‍5 ഇബ്‌റാഹീമിന്റെ ഖബ്‌റിന്നരികിലൂടെ നടന്നു.  ഇവിടെ ഇറങ്ങി രണ്ട് റക്അത്ത് നമസ്‌കരിക്കുക എന്ന് ജിബ്‌രീല്‍ എന്നോട് പറഞ്ഞു. കാരണം ഇവിടെയാണ് നിന്റെ പിതാവ് ഇബ്‌റാഹീമിന്റെ ഖബ്ര്‍. പിന്നീട് ബൈത്ത്‌ലഹ്മി7ലൂടെ എന്നെയും കൊണ്ട് നടന്നു. അപ്പോള്‍ എന്നോട് പറഞ്ഞു: ഇവിടെ ഇറങ്ങി രണ്ട് റക്അത്ത് നമസ്‌കരിക്കുക. കാരണം, ഇവിടെയാണ് നിന്റെ സഹോദര പുത്രന്‍ ഈസാ. പിന്നെ പാറയുടെ അടുത്ത് എന്നെ കൊണ്ട് വന്നു.'' ഈ ഹദീസിന്റെ ബാക്കി ഭാഗങ്ങളും അലി ബിന്‍ ജഅ്ഫര്‍ തുടര്‍ന്ന് ഉദ്ധരിച്ചിട്ടുണ്ട്.

ഈ പള്ളിക്കകത്ത് തന്നെയാണ് യൂസുഫ് നബി9യുടെ ഖബ്‌റും. ഖലീലിന്റെ കിഴക്കായി ലൂത്വ്10 നബിയുടെ ഖബ്ര്‍ സ്ഥിതി ചെയ്യുന്നു. ഉയര്‍ന്ന ഒരു കുന്നിന്‍ പുറമാണത്. അവിടെ നിന്ന് ശാമിന്റെ വിദൂര ദൃശ്യങ്ങള്‍ കാണാം. ലൂത്വിന്റെ ഖബ്‌റിന് മുകളില്‍ മനോഹരമായ എടുപ്പുകളുണ്ട്. വെള്ളപൂശി ഭംഗിയാക്കിയ ഒരു വീട്ടിനകത്താണ് ആ ഖബ്ര്‍. അതിന് തിരശ്ശീലകളൊന്നുമില്ല. ലൂത്വ് ഉള്‍ക്കടല്‍11  ഇവിടെയാണ്. അതിലെ വെള്ളത്തിന് കയ്പ് രുചിയാണ്. ലൂത്വ് നബിയുടെ സമുദായം താമസിച്ചിരുന്നത് ഇവിടെയാണെന്നാണ് പറയപ്പെടുന്നത്. ലൂത്വിന്റെ ഖബ്‌റിന് സമീപമാണ് അല്‍ യഖീന്‍ പള്ളി. ഉയര്‍ന്നൊരു കുന്നിന്‍ മുകളിലാണതിന്റെ കിടപ്പ്. മറ്റൊന്നിനുമില്ലാത്തൊരു വെളിച്ചവും ശോഭയും അതിനുണ്ട്. അതിന്റെ മേല്‍നോട്ടക്കാരന്‍ താമസിക്കുന്ന ഒറ്റ വീടല്ലാതെ മറ്റൊരു വീടും അതിന്റെ സമീപത്തൊന്നുമില്ല. പള്ളിയില്‍ കവാടത്തിന്നരികെ കടുപ്പമുള്ള ഒരു കല്ലില്‍ ചെരിഞ്ഞൊരു സ്ഥലമുണ്ട്. അവിടെ ഒരു മിഹ്‌റാബി12ന്റെ രൂപമുണ്ടാക്കിവെച്ചിട്ടുണ്ട്. ഒരാള്‍ക്ക് മാത്രം നില്‍ക്കാനേ അവിടെ സ്ഥലമുള്ളൂ. ലൂത്വിന്റെ സമുദായം നശിപ്പിക്കപ്പെട്ടപ്പോള്‍ അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കാന്‍ ഇബ്‌റാഹീം നബി ഇവിടെ സാഷ്ടാംഗം ചെയ്തതായി പറയപ്പെടുന്നു. സാഷ്ടാംഗം ചെയ്ത ഇടം നീങ്ങി മണ്ണിലുറച്ചു. ഈ പള്ളിക്കടുത്ത് ഒരു ഗഹ്വരമുണ്ട്. അതിനകത്താണ് ഹുസൈന്‍ ബിന്‍ അലിയുടെ മകള്‍ ഫാത്വിമയുടെ ഖബ്ര്‍. ഖബ്‌റിന് മുകള്‍ഭാഗത്തും താഴ്ഭാഗത്തുമായി രണ്ട് മാര്‍ബിള്‍ ഫലകങ്ങളുണ്ട്. അതിലൊന്നിന്മേല്‍ മനോഹരമായ ലിപികളില്‍ ഇങ്ങനെ കൊത്തിവെച്ചതായി കാണാം: ''പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍. അല്ലാഹുവിനാണ് സര്‍വ പ്രതാപവും ശാശ്വതമായ നിലനില്‍പും. സമസ്ത സൃഷ്ടികളും അവന്റേത്. സൃഷ്ടികള്‍ക്കെല്ലാം അവന്‍ നാശം വിധിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് മാതൃകയുണ്ട്. അല്‍ ഹുസൈന്റെ (ദൈവപ്രീതി അദ്ദേഹത്തിനുണ്ടാകട്ടെ) പുത്രി ഉമ്മു സലമ ഫാത്വിമയുടെ ഖബ്‌റാണിത്.'' മറ്റേ ഫലകത്തില്‍ ഇങ്ങനെ കൊത്തിവെച്ചിരിക്കുന്നു: ''ഈജിപ്ഷ്യന്‍ കൊത്ത് പണിക്കാരനായ മുഹമ്മദ് ബിന്‍ അബൂ സഹ്‌ലാനാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.'' ഇതിന്റെ താഴെ ഇങ്ങനെയൊരു കവിതയും കോറിയിട്ടിരിക്കുന്നു.

''വീടകം താമസിക്കേണ്ടൊരീ പെണ്ണിനായ്
കല്ലിനും മണ്ണിനും മധ്യേ ഒരുക്കി ഞാന്‍
ഈ ഗേഹം വേറെനിക്കില്ലൊരു മാര്‍ഗവും
ഫാത്വിമാ, ഫാത്വിമ പുത്രന്റെ പുത്രിയാം
ഫാത്വിമാ തന്നുടെ വിശ്രമ ഗേഹമേ
പൂക്കള്‍ക്ക് നക്ഷത്ര രാജികള്‍ക്കും പിന്നെ
നേതാക്കള്‍ക്കൊക്കെയരുമയാം പെണ്‍മണീ
നീയുറങ്ങുമീ ഖബ്‌റിലുറങ്ങുന്നു
ഭക്തിയും ദീനും കന്യാ വിശുദ്ധിയും''

പിന്നീട് ഈ പട്ടണത്തില്‍ നിന്ന് ഞാന്‍ ഖുദ്‌സിലേക്ക് പുറപ്പെട്ടു. അങ്ങോട്ടുള്ള വഴിയില്‍ യൂനുസ് നബിയുടെ ഖബ്ര്‍ സന്ദര്‍ശിച്ചു. അതിന്റെ മുകളില്‍ വലിയ എടുപ്പുകളും പള്ളിയുമുണ്ട്. ഈസാ നബിയുടെ തിരുപ്പിറവി സ്ഥലമായ ബെത്‌ലഹേമും സന്ദര്‍ശിച്ചു. ഈത്തപ്പനത്തടിയുടെ അവശിഷ്ടം അവിടെയുണ്ട്.13 അവിടെ ധാരാളം കെട്ടിടങ്ങള്‍ കാണാം. ഈത്തപ്പനത്തടിയോട് നസ്രാണികള്‍ക്ക് വലിയ ബഹുമാനമാണ്. അവിടെ ഇറങ്ങുന്നവര്‍ക്ക് അവര്‍ ആതിഥ്യമരുളുന്നു. തുടര്‍ന്ന് ഞങ്ങള്‍ ബൈത്തുല്‍ മഖ്ദിസിലെത്തി. രണ്ട് പുണ്യ ദേവാലയങ്ങള്‍ക്കൊപ്പമുള്ള മൂന്നാമത്തെ പള്ളി. നബി മിഅ്‌റാജ്14 നടത്തിയ സ്ഥലം. കൊത്തിയെടുത്ത കല്ലു കൊണ്ട് നിര്‍മിച്ചതാണ് ഈ വലിയ നാട്. സുകൃതിയും ശ്രേഷ്ഠനുമായ സ്വലാഹുദ്ദീന്‍ അയ്യൂബി15-അല്ലാഹു അദ്ദേഹത്തിന് പ്രതിഫലം നല്‍കട്ടെ- ഈ പട്ടണം ജയിച്ചടക്കിയപ്പോള്‍ അതിന്റെ മതിലുകളില്‍ ചിലത് തകര്‍ക്കുകയുണ്ടായി. ഈ പട്ടണത്തില്‍ അരുവിയില്ല. ദമസ്‌കസിലെ അമീര്‍ സൈഫുദ്ദീന്‍ തെങ്കീസാണ് ഇക്കാലത്ത് അവിടെ വെള്ളമെത്തിക്കുന്നത്.

 

അല്‍അഖ്‌സ്വാ പള്ളി

അത്യത്ഭുതകരവും അതീവ മനോഹരവുമായ പള്ളികളിലൊന്നാണ് അല്‍ അഖ്‌സ്വാ. അതിനേക്കാള്‍ വലുപ്പമേറിയ മറ്റൊരു മസ്ജിദ് ഭൂമുഖത്തില്ലെന്നാണ് പറയപ്പെടുന്നത്. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുള്ള അതിന്റെ നീളം മാലികീ അളവ് പ്രകാരം 752 മുഴമാണ്. പ്രാര്‍ഥനാ ദിശ(ഖിബ്‌ല)യില്‍ നിന്ന് ഉള്ളോട്ടുള്ള അതിന്റെ വീതി 400 മുഴം വരും. മൂന്ന് ഭാഗങ്ങളില്‍ നിന്നുള്ള വീതി 35 മുഴം. ഖിബ്‌ല ദിശയില്‍ ഒറ്റ കവാടമേയുള്ളൂ. അതിലൂടെയാണ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്ന ഇമാം പ്രവേശിക്കുക. മസ്ജിദുല്‍ അഖ്‌സ്വാ ഒഴികെയുള്ള മസ്ജിദുകള്‍ക്കൊന്നും മേല്‍പുരയില്ല. അങ്ങേയറ്റം കുറ്റമറ്റ രീതിയില്‍ ഭദ്രമായി നിര്‍മിച്ചതാണ് മസ്ജിദുല്‍ അഖ്‌സ്വായുടെ മേല്‍പുര. മുന്തിയ ചായങ്ങളും സ്വര്‍ണവും പൂശിയിട്ടുണ്ട്. പള്ളിയില്‍ മേല്‍പുരയുള്ള മറ്റിടങ്ങളും കാണാം. അതിലാണ് 'ഖുബ്ബത്തുസ്വഖ്‌റ.' അതുല്യവും സുഭദ്രവുമായൊരു അത്യത്ഭുത എടുപ്പാണത്. എല്ലാ പുതുമകളും മൊഞ്ചുകളും അതില്‍ ഒത്ത് വിളങ്ങുന്നു. പള്ളിയുടെ മധ്യത്തില്‍ ഉയര്‍ന്നൊരു സ്ഥലത്താണ് അത് സ്ഥിതി ചെയ്യുന്നത്. അതിലേക്ക് കയറിപ്പോകാന്‍ മാര്‍ബിള്‍ ചവിട്ടുപടികളുണ്ട്. കുറെ കവാടങ്ങളുമുണ്ടതിന് . അതിലെ ചത്വരങ്ങളും ഉറപ്പുള്ള മാര്‍ബിള്‍ വിരിച്ചതാണ്. അകവും അങ്ങനെ തന്നെ. അകത്തും പുറത്തുമൊക്കെ വര്‍ണനാതീതമായ അലങ്കാരങ്ങള്‍ കാണാം. മിക്കതും സ്വര്‍ണം പൂശിയതാണ്. അവ വെട്ടിത്തിളങ്ങുന്നതായി കാണാം. മിന്നല്‍ പോലെ ലങ്കി മിന്നുന്നു. അതിന്റെ സൗന്ദര്യധ്യാനത്തില്‍ മുഴുകിയവന്റെ കണ്ണുകള്‍ ഭ്രമിച്ചുവശാകുന്നു. കാണുന്നവര്‍ക്കൊന്നും അതിനെ വര്‍ണിക്കാന്‍ വാക്കുകളില്ല. ഖുബ്ബയുടെ മധ്യത്തിലാണ് പഴയ വൃത്താന്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പുണ്യശില. അവിടെ നിന്ന് കൊണ്ടാണത്രേ നബി(സ) ആകാശത്തിലേക്ക് കയറിപ്പോയത്. ഉറച്ചൊരു പാറയാണത്. അതിന് ഒരാള്‍ പൊക്കമുണ്ട്. അതിന്റെ ചുവടെ ചെറിയ പുരയുടെ അളവിലൊരു ഗുഹയുണ്ട്. അതിനുമുണ്ട് ഒരാള്‍പൊക്കം. ചവിട്ടുപടികളിലൂടെ അതിലേക്കിറങ്ങാം. ഒരു മിഹ്‌റാബ് രൂപമുണ്ടവിടെ. ഭദ്രമായി നിര്‍മിച്ച രണ്ട് കിളിവാതിലുകള്‍ പാറയില്‍ കാണാം. രണ്ടും അടഞ്ഞുകിടക്കുന്നു. പാറയോടു തൊട്ടടുത്തുള്ള അവയിലൊന്ന് ഇരുമ്പു കൊണ്ട് അനന്യ രൂപത്തില്‍ നിര്‍മിച്ചതാണ്. മരനിര്‍മിതിയാണ് രണ്ടാമത്തേത്. ഖുബ്ബ(ഗോപുരം)യില്‍ ഇരുമ്പിന്റെ വലിയൊരു അങ്കിയുണ്ട്. അതവിടെ തൂങ്ങിക്കിടക്കുകയാണ്. അത് ഹംസ ബിന്‍ അബ്ദുല്‍ മുത്വലിബിന്റേതാണെന്നാണ് ആളുകള്‍ പറയുന്നത്.

പിന്നെ തീരത്തിലൂടെ നടന്ന് ഞാന്‍ അക്കയിലെത്തി. തകര്‍ന്ന ഒരു പട്ടണം. ശാമിലെ ഫ്രഞ്ചുകാരുടെ താവളവും അവരുടെ കപ്പല്‍ തുറമുഖവുമാണ് അക്ക പട്ടണം. കോണ്‍സ്റ്റാന്റിനോപ്പിളിനോട് സാദൃശ്യമുണ്ടതിന്. അതിന്റെ കിഴക്കൊരു നീരുറവയുണ്ട്. 'ഐനുല്‍ ബഖര്‍' എന്നാണതറിയപ്പെടുന്നത്. അതില്‍ നിന്നാണത്രേ അല്ലാഹു ആദമിന് വേണ്ടി പശുവിനെ പുറത്തു കൊണ്ടുവന്നത്. കോണി വഴി ആദം അവിടെ ഇറങ്ങി എന്നാണ് വിശ്വാസം. അവിടെയൊരു പള്ളി കണ്ടു. മിഹ്‌റാബ് മാത്രമേ ബാക്കിയുള്ളൂ. ഈ പട്ടണത്തിലാണ് സ്വാലിഹ് നബിയുടെ ഖബ്‌റുള്ളത്.

സ്വൂര്‍, ബൈറൂത്ത്, ട്രിപ്പളി

അക്കയില്‍ നിന്ന് സ്വൂര്‍ നഗരത്തിലേക്കായിരുന്നു യാത്ര. അതും തകര്‍ന്ന് കിടക്കുകയാണ്. അതിന്റെ പുറത്ത് ജനവാസമുള്ള ഒരു ഗ്രാമമുണ്ട്. നാട്ടുകാരില്‍ മിക്കവരും 'റാഫിദികളാ'ണ്.16 ഇവിടെ ഒരിക്കല്‍ നമസ്‌കാരത്തിനുള്ള അംഗശുദ്ധിക്കായി ഒരു ജലാശയത്തില്‍ ഞാനിറങ്ങിയിരുന്നു. അപ്പോള്‍ അംഗശുദ്ധിക്കായി ഗ്രാമീണരിലൊരാള്‍ അവിടെ എത്തി. അയാള്‍ കാലു കഴുകിക്കൊണ്ടാണ് അംഗശുദ്ധി കര്‍മം തുടങ്ങിയത്. പിന്നീട് മുഖം കഴുകി. വായ കൊപ്ലിക്കുകയോ മൂക്കില്‍ വെള്ളം തട്ടിച്ച് ചീറ്റുകയോ ചെയ്തില്ല. പിന്നീട് തല തടവി. അയാളുടെ കര്‍മം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു: ''അടിത്തറയില്‍ നിന്നാണ് എടുപ്പ് കെട്ടിപ്പൊക്കുക.''

സുരക്ഷിതത്വത്തിന്റെയും ഭദ്രതയുടെയും പ്രതീകമായി ഉദാഹരിക്കപ്പെടുന്ന നഗരമാണ് സ്വൂര്‍. കാരണം മൂന്ന് ഭാഗവും കടലിനാല്‍ വലയിതമാണത്. അതിന് രണ്ട് കവാടങ്ങളുണ്ട്. ഒന്ന് കരയിലേക്കും മറ്റൊന്ന് കടലിലേക്കും. കരയിലേക്ക് തുറക്കുന്ന കവാടത്തിന് നാല് പാര്‍ട്ടീഷനുകളുണ്ട്. എല്ലാറ്റിനും കവാടത്തിന് ചുറ്റുമായി വിരികള്‍ കാണാം. കടലിലേക്കുള്ള കവാടം രണ്ട് ഗംഭീരന്‍ ഗോപുരങ്ങള്‍ക്കിടയിലാണ്. ലോകത്തൊരിടത്തും മാതൃകയില്ലാത്തവിധം അത്ഭുതകരമാണ് അതിന്റെ നിര്‍മാണം. മൂന്ന് ഭാഗങ്ങളിലും കടലിനാല്‍ വലയിതമാണത്. നാലാമത്തെ ഭാഗത്ത് ഒരു മതിലുണ്ട്. അതിന്റെ താഴത്തൂടെ കപ്പലുകള്‍ കടന്നുപോയി അവിടെ നങ്കൂരമിടുന്നു. നേരത്തെ പരാമര്‍ശിച്ച രണ്ട് ഗോപുരങ്ങള്‍ക്കിടയില്‍ വിലങ്ങനെ ഇരുമ്പിന്റെ ഒരു ചങ്ങലയുണ്ട്. അകത്ത് കടക്കാനോ പുറത്ത് വരാനോ വഴിയില്ല. കാവല്‍ക്കാരെ നിര്‍ത്തിയിരിക്കുകയാണ് അവിടെ. അവരുടെ അറിവും അനുമതിയുമില്ലാതെ അകത്തേക്കോ പുറത്തേക്കോ പ്രവേശിക്കാന്‍ പറ്റില്ലെന്നര്‍ഥം. അക്കയിലും ഇതുപോലൊരു തുറമുഖമുണ്ട്. പക്ഷേ, ചെറിയ കപ്പലുകളെയല്ലാതെ അത് താങ്ങുകയില്ല.

അവിടെ നിന്ന് ഞാന്‍ സ്വയ്ദാ പട്ടണത്തിലേക്ക് യാത്ര തുടര്‍ന്നു. കടല്‍തീരത്താണ് അത് സ്ഥിതി ചെയ്യുന്നത്. പട്ടണം സുന്ദരമാണ്, ഫല സമൃദ്ധം. അത്തി, ഉണക്ക മുന്തിരി, ഒലീവെണ്ണ എന്നിവയെല്ലാം ഇവിടെ നിന്ന് ഈജിപ്തിലേക്ക് കയറ്റിപ്പോകുന്നു. അവിടത്തെ ന്യായാധിപന്‍ കമാലുദ്ദീന്‍ അശ്മൂനി മിസ്രിയുടെ അടുക്കലാണ് ഞാന്‍ അതിഥിയായി ഇറങ്ങിയത്. ഉദാരനും ഉത്കൃഷ്ട സ്വഭാവിയുമാണദ്ദേഹം.

ത്വബരിയയിലേക്കായിരുന്നു പിന്നീടെന്റെ യാത്ര. പണ്ട് അതൊരു ഗംഭീരന്‍ നഗരമായിരുന്നു. അതിന്റെ ഗാംഭീര്യം അടയാളപ്പെടുത്തുന്ന ചില അവശിഷ്ടങ്ങളേ ഇപ്പോള്‍ അവിടെയുള്ളൂ.  വിചിത്രമായ കുളിപ്പുരകള്‍ അവിടെ കാണാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെയായി രണ്ട് കുളിമുറികള്‍ അതിലുണ്ട്. അതിലെ വെള്ളത്തിന് കഠിന ചൂടാണ്. പ്രസിദ്ധമായൊരു ജലാശയം അവിടെയുണ്ട്. അതിന്റെ നീളം ഏതാണ്ട് ആറ് ഫര്‍സഖ് വരും; വീതി മൂന്നിലേറെ ഫര്‍സഖും. പ്രവാചകന്മാരുടെ പള്ളി എന്നറിയപ്പെടുന്ന ഒരു പള്ളിയുണ്ട് ബത്വരിയ്യയില്‍. ശുഐബ് നബിയുടെ ഖബ്ര്‍ അവിടെയാണ്. മൂസാ നബിയുടെ ഭാര്യ ശുഐബ് നബിയുടെ മകളാണ്. സുലൈമാന്‍ നബി, യഹൂദാ, റൂബേല്‍ എന്നിവരുടെ ഖബ്‌റുകളും ഇവിടെയാണ്. യൂസുഫ് നബിയെ സഹോദരന്മാര്‍ തള്ളിയിട്ട കിണര്‍ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചു. ചെറിയൊരു പള്ളിയുടെ മുറ്റത്താണത്; ഒരു കോണില്‍. കിണറിന് നല്ല ആഴമുണ്ട്. അതിലെ വെള്ളം ഞങ്ങള്‍ കുടിച്ചു. മഴവെള്ളം സംഭൃതമായതാണ്. ഉറവെള്ളവും അതിലുണ്ടാവാറുണ്ടെന്ന് അതിന്റെ മേല്‍നോട്ടക്കാരന്‍ ഞങ്ങളോട് പറഞ്ഞു.

ബൈറൂത്ത് പട്ടണത്തിലേക്കായിരുന്നു അടുത്ത യാത്ര. മനോഹരമായ ചന്തകളുള്ള ചെറിയൊരു പട്ടണം. അത്യാകര്‍ഷകമാണ് അവിടത്തെ ജുമാ മസ്ജിദ്. ഈജിപ്തിലേക്ക് ഇവിടെ നിന്ന് പഴങ്ങള്‍ കയറ്റിപ്പോകുന്നു. യൂസുഫ് നബിയുടെ പിതാവ് യഅ്ഖൂബിന്റെ ഖബ്ര്‍ സന്ദര്‍ശിക്കാന്‍ ഇവിടെ നിന്ന് ഞങ്ങള്‍ പോയി. മഗ്‌രിബിലെ രാജാവായിരുന്നു അദ്ദേഹമെന്നാണ് ആളുകള്‍ പറയുന്നത്. കര്‍ക് നൂഹ് എന്ന സ്ഥലത്താണത്; അല്‍ അസീസ് പ്രദേശത്ത്. വരുന്നവര്‍ക്കെല്ലാം അന്നം നല്‍കുന്ന ഒരു മഠമുണ്ടവിടെ. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ വഖ്ഫ് ചെയ്തതാണ് അതെന്ന് പറയപ്പെടുന്നു. സുല്‍ത്താന്‍ നൂറുദ്ദീനാണെന്നും പറയുന്നുണ്ട്. അവരൊക്കെ സുകൃതവാന്മാരായിരുന്നു. സുല്‍ത്താന്‍ നൂറുദ്ദീന്‍ പായ നെയ്ത് ഉപജീവനം നടത്തിയതായി പറയപ്പെടുന്നു.

പിന്നീട് ഞാന്‍ ട്രിപ്പളിയിലെത്തി. ശാമിന്റെ താവളങ്ങളിലൊന്നാണത്. അവിടത്തെ ഗംഭീരന്‍ നാടുകളെ മുറിച്ചുകടന്ന് നദികളൊഴുകുന്നുണ്ട്. ചുറ്റും തോട്ടങ്ങളും ഫലവൃക്ഷങ്ങളുമാണ്. സമ്പല്‍സമൃദ്ധിയാല്‍ കരയും കടലും അതിന് ആലംബമരുളുന്നു. ചന്തകള്‍ ആകര്‍ഷകങ്ങളാണ്. രണ്ട് നാഴിക ദൂരെയാണ് കടല്‍. അടുത്ത കാലത്ത് പുതുക്കിപ്പണിതതാണ് ഈ നഗരം. പഴയ ട്രിപ്പളി കടല്‍ തീരത്തായിരുന്നു. കുറെകാലം റോമക്കാരുടെ കീഴിലായിരുന്നു അത്. ളാഹിര്‍ രാജാവാണ് അത് വീണ്ടെടുത്തത്. നശിച്ച പട്ടണത്തെ അങ്ങനെയാണ് ഇന്ന് കാണുംവിധം പുനര്‍ നിര്‍മിച്ചത്. ഈ നഗരത്തില്‍ നാല്‍പതോളം തുര്‍ക്കി അമീറുമാരുണ്ട്. മുറാഅ് രാജാവ് എന്നറിയപ്പെടുന്ന തൈ്വലാന്‍ ഹാജിബാണ് ഇവിടെത്തെ മുഖ്യ അമീര്‍. ദാറുസ്സആദ എന്ന പേരിലറിയപ്പെടുന്നതാണ് അദ്ദേഹത്തിന്റെ താമസ ഗേഹം. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അമീറുമാരും സൈനികരുമടങ്ങുന്ന പരിവാര സമേതം പട്ടണത്തിന് പുറത്തേക്ക് സവാരി ചെയ്യുക അദ്ദേഹത്തിന്റെ പതിവാണ്. മടക്ക യാത്രയില്‍ വസതിക്കടുത്തെത്തുന്നതോടെ മറ്റു അമീര്‍മാരൊക്കെ വാഹനത്തില്‍ നിന്നിറങ്ങി, അദ്ദേഹം വസതി പൂകുന്നത് വരെ കാല്‍നടയായി അകമ്പടി സേവിക്കുന്നു. പിന്നീടവര്‍ പിരിഞ്ഞുപോകുന്നു. മഗ്‌രിബ് നമസ്‌കാരാനന്തരം എല്ലാ അമീര്‍മാരുടെയും വീട്ടിനടുത്ത് ദിവസവും തബല വാദ്യമുണ്ടാകും. വിളക്കുകളും കൊളുത്തപ്പെടും. പട്ടണത്തില്‍ ഭംഗിയുള്ള കുളിപ്പുരകളുണ്ട്. ഖാദി ഖുറമി, സന്‍ദമൂര്‍ എന്നീ കുളിപ്പുരകള്‍ അവയില്‍ പെടുന്നു.

(തുടരും)

വിവ: വി.എ.കെ

കുറിപ്പുകള്‍

1. ഇന്നത്തെ സിറിയ, ഫലസ്ത്വീന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശം അന്ന് ശാം എന്നാണറിയപ്പെട്ടിരുന്നത്.

2. ജറൂസലം

3. ഹിബ്രോണ്‍

4. മക്കയില്‍ നിന്ന് ഒറ്റ രാത്രി കൊണ്ട് നബി ജറൂസലമിലേക്ക് നടത്തിയ യാത്ര

5. ഗബ്രിയേല്‍ മാലാഖ 

6. നമസ്‌കാരത്തിന്റെ ഒരു പൂര്‍ണ ഖണ്ഡം

7. ബെത്‌ലഹേം നഗരം

8. യേശു ക്രിസ്തു

9. ജോസഫ്

10. ലോത്ത്

11. ചാവ് കടല്‍

12. പള്ളിയില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്ന ആള്‍ നില്‍ക്കുന്ന സ്ഥലത്തിന്നഭിമുഖമായ ഉള്ളോട്ട് കുഴിഞ്ഞ ചുവര്‍ ഭാഗം

13. കന്യാമറിയം പ്രസവ സമയത്ത് ഇരുന്നതായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ഈത്തപ്പനത്തടിയാണ് ഉദ്ദേശ്യം.

14. ദൈവസന്നിധിയിലേക്കുള്ള നബിയുടെ ആകാശാരോഹണം.

15. കുരിശുപടയില്‍ നിന്ന് ഫലസ്ത്വീന്‍ മോചിപ്പിച്ച പടയാളി.

16. ശീഈകളിലൊരു വിഭാഗം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /25
എ.വൈ.ആര്‍