Prabodhanm Weekly

Pages

Search

2015 മെയ്‌ 22

കര്‍ഷകരെ രക്ഷിക്കാന്‍ പലിശരഹിത പാക്കേജുകള്‍ വേണം

        ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. ഇന്ത്യക്കാരില്‍ അറുപത് ശതമാനത്തിലധികം പേര്‍ ഇപ്പോഴും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. കൃഷിയും കാലിവളര്‍ത്തലുമൊക്കെയല്ലാതെ അവര്‍ക്ക് വേറെ ഉപജീവന മാര്‍ഗങ്ങളില്ല. ഈ കര്‍ഷക ലക്ഷങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ടല്ലാതെ രാഷ്ട്രത്തിന്റെ വികസനം സാധ്യമല്ലെന്ന് തിരിച്ചറിയാന്‍ പഠന റിപ്പോര്‍ട്ടുകളൊന്നും ആവശ്യമില്ല; സാമാന്യ ബുദ്ധി മാത്രം മതി. പക്ഷേ, ഈ വസ്തുത കാണാതെയോ കണ്ടില്ലെന്ന് നടിച്ചോ ആണ് നാളിതുവരെയുള്ള ഗവണ്‍മെന്റുകളൊക്കെയും മുന്നോട്ടു പോയത്. ഈ പ്രവണതക്ക് തുടക്കം കുറിച്ചത് സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ ഗവണ്‍മെന്റ് തന്നെയാണ്. വ്യവസായങ്ങള്‍ തുടങ്ങുന്നതിലായിരുന്നു നെഹ്‌റു ഗവണ്‍മെന്റിന്റെ മുഖ്യ ശ്രദ്ധ. ഇതൊരു മഹാ സംഭവമായി കൊട്ടിഘോഷിച്ചതല്ലാതെ ഇതിന്റെ മറുവശം ചികയാന്‍ അധികമാരും മിനക്കെടുകയുണ്ടായില്ല. കര്‍ഷകരും അവരുടെ പ്രശ്‌നങ്ങളും അവഗണിക്കപ്പെട്ടു എന്നതാണ് ആ മറുവശം. ബജറ്റുകളൊക്കെയും വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും ആനുകൂല്യങ്ങള്‍ ചൊരിയുന്നവയായി പരിണമിച്ചപ്പോള്‍ കര്‍ഷക ക്ഷേമം പ്രാന്തങ്ങളിലെവിടെയോ ഒതുങ്ങി.

ലക്ഷക്കണക്കിന് ഹെക്ടര്‍ പരന്നു കിടക്കുന്ന വളക്കൂറുള്ള കൃഷി ഭൂമിയാണ് ഇന്ത്യയുടെ യഥാര്‍ഥ സമ്പത്ത്. ടെക്‌നോളജിയുടെ നവീന സാധ്യതകള്‍ വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഭക്ഷ്യ മേഖലയില്‍ വന്‍ കുതിപ്പുകള്‍ നടത്താന്‍ ഇന്ത്യക്ക് സാധ്യമാവുമായിരുന്നു. പുതിയ കൃഷി രീതികള്‍ വികസിപ്പിച്ചെടുക്കാമായിരുന്നു. കര്‍ഷകരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാമായിരുന്നു. ഇപ്പോഴത്തെ അവസ്ഥയെന്താണ്? കര്‍ഷകര്‍ അനുദിനം ദാരിദ്ര്യത്തിന്റെയും കടക്കെണിയുടെയും ആഴങ്ങളിലേക്ക് മുങ്ങിത്താണുകൊണ്ടിരിക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴയില്‍ അവരുടെ കൃഷികള്‍ നശിച്ചുപോകുന്നു. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ കുമിഞ്ഞുകൂടുന്ന കടബാധ്യതകളില്‍ നിന്ന് സംരക്ഷണം നല്‍കാനോ ഫലപ്രദമായ യാതൊരു സംവിധാനവും രാജ്യത്ത് ഇല്ല എന്നതാണ് സത്യം.

ഇതിന്റെ സ്വാഭാവിക ഫലം മാത്രമാണ് പെരുകിക്കൊണ്ടിരിക്കുന്ന കര്‍ഷക ആത്മഹത്യകള്‍. പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ പ്രഫസര്‍ കെ. നാഗരാജ് വ്യക്തമാക്കിയത് പോലെ, 1997 മുതല്‍ 2006 വരെ ഇന്ത്യയില്‍ നടന്ന ആത്മഹത്യകളില്‍ ഏഴിലൊന്നും കര്‍ഷകരുടേതായിരുന്നു. അതിനു ശേഷമുള്ള ഒരു പതിറ്റാണ്ടിനിടയില്‍ ആത്മഹത്യകളില്‍ കര്‍ഷകരുടെ അനുപാതം കൂടുകയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. ഈയിടെ അപ്രതീക്ഷിത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷിനാശം സംഭവിച്ച് നൂറ് ഉത്തരേന്ത്യന്‍ കര്‍ഷകരെങ്കിലും ആത്മഹത്യ ചെയ്യുകയുണ്ടായി. ഏറ്റവും പുതിയ കണക്കനുസരിച്ച്, ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസത്തിനകം മഹാരാഷ്ട്രയില്‍ മാത്രം 601 കര്‍ഷകരാണ് ജീവനൊടുക്കിയത്.

കാര്‍ഷികവൃത്തിയെ ആശ്രയിച്ച് കഴിയുന്ന 248 മില്യന്‍ ജനങ്ങളുണ്ട് ഇന്ത്യയില്‍. 2013-ലെ ഒരു സര്‍വേ പ്രകാരം, അവരുടെ ജീവിതച്ചെലവിന്റെ 60 ശതമാനം പോലും നല്‍കാന്‍ കാര്‍ഷിക മേഖലക്ക് ആവുന്നില്ല. കോര്‍പ്പറേറ്റുകള്‍ കയറിക്കളിക്കുന്ന കമ്പോളത്തില്‍ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില കിട്ടുന്നുമില്ല. ഗവണ്‍മെന്റുകള്‍ പ്രഖ്യാപിക്കുന്ന താങ്ങു വിലകളാണെങ്കില്‍ തീരെ അപര്യാപ്തവും. ഉദാഹരണത്തിന്, 1970-ല്‍ ഗോതമ്പിന്റെ താങ്ങു വില ക്വിന്റലിന് 76 രൂപയായിരുന്നു. ഇപ്പോള്‍ ക്വിന്റലിന് 1450 രൂപ. അതായത് 19 ഇരട്ടി വര്‍ധനവ്. ഇതേ കാലയളവില്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പളം 130 ഇരട്ടിയും അധ്യാപകരുടേത് 200-320 ഇരട്ടിയും മരുന്നു വില 350 ഇരട്ടിയും വര്‍ധിച്ചുവെന്ന് ഓര്‍ക്കണം. പിന്നെ എങ്ങനെയാണ് കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവുക?

ഇപ്പോഴിതാ പാമ്പ് കടിയേറ്റ കര്‍ഷകന്റെ തലയില്‍ തന്നെ മോദി വക 'ഭൂമി ഏറ്റെടുക്കല്‍ നിയമം' എന്ന ഇടിത്തീയും വന്നുവീഴുന്നു. കോപ്പറേറ്റുകള്‍ക്ക് അവരുടെ സ്വപ്ന പദ്ധതികള്‍ സാക്ഷാത്കരിക്കാന്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് താലത്തില്‍ വെച്ചുകൊടുക്കുന്നു എന്ന് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വന്ന ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ ഒറ്റ വാക്യത്തില്‍ നിര്‍വചിക്കാം. കര്‍ഷകന്‍ അനുവദിച്ചാലും ഇല്ലെങ്കിലും, പ്രതിഷേധിച്ചാലും ഇല്ലെങ്കിലും ഭൂമി പിടിച്ചെടുക്കും എന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനും ഏറക്കുറെ ബി.ജെ.പിയുടെ അതേ നയമാണെങ്കിലും, രാഷ്ട്രീയ  ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടിട്ടാണെങ്കില്‍ കൂടി ഇപ്പോള്‍ ജനവികാരത്തോടൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാവുന്നുണ്ട്. എന്നാല്‍, ഇത്തരം വിഷയങ്ങളിലുള്ള കോര്‍പ്പറേറ്റ് അനുകൂല നിലപാടുകള്‍ തിരുത്തിയെങ്കില്‍ മാത്രമേ കോണ്‍ഗ്രസ്സിന് ജനവിശ്വാസം ആര്‍ജിക്കാനാവുകയുള്ളൂ.

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് സലീം ചൂണ്ടിക്കാട്ടിയത് പോലെ, ഇന്ത്യന്‍ കാര്‍ഷിക മേഖലയെക്കുറിച്ച് സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു ദേശീയ കമീഷനെ നിയോഗിക്കുകയാണ് ആദ്യമായി വേണ്ടത്. നിഷ്പക്ഷമായി അന്വേഷിക്കുന്ന പക്ഷം ആ കമീഷന് കയ്‌പേറിയ ഒരു യാഥാര്‍ഥ്യത്തെ മുഖാമുഖം കാണാതിരിക്കാനാവില്ല. കാര്‍ഷിക മേഖലയെ വരിഞ്ഞുമുറുക്കിയ പലിശയുടെ നീരാളിപ്പിടുത്തമാണത്. മിക്ക കര്‍ഷകരും ആത്മഹത്യ ചെയ്യുന്നത് വാങ്ങിയ തുക തിരിച്ചടക്കാന്‍ കഴിയാത്തതുകൊണ്ടല്ല; ഇരട്ടിയിരട്ടിയായി കുമിഞ്ഞുകൂടുന്ന പലിശ തിരിച്ചടക്കാനാവാത്തത് കൊണ്ടാണ്. ഭക്ഷ്യ സുരക്ഷയുടെ നട്ടെല്ലായ കര്‍ഷകര്‍ക്ക് പലിശരഹിത കടം അനുവദിച്ചുകൊണ്ടേ ഈ പ്രശ്‌നം പരിഹരിക്കാനാകൂ. നമ്മുടെ അയല്‍നാടായ ബംഗ്ലാദേശില്‍ ചെറുകിട കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും അത്താണിയായി മാറിയ പലിശരഹിത മൈക്രോഫിനാന്‍സിന്റെ മാതൃക പഠനവിധേയമാക്കാവുന്നതാണ്. പക്ഷേ, മതത്തിന്റെ ലേബലൊട്ടിച്ച് അകറ്റിനിര്‍ത്തി, അത്തരം ജനക്ഷേമ പാക്കേജുകളെക്കുറിച്ച ചിന്തയേ വേണ്ട എന്ന നിലപാടിലാണ് ഭരണകൂടങ്ങള്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /25
എ.വൈ.ആര്‍