Prabodhanm Weekly

Pages

Search

2015 മെയ്‌ 22

വിഭവ ചൂഷണവും സുസ്ഥിര വികസനവും ഇസ്‌ലാമിക വായന

ടി.കെ അസ്‌ലം വാണിമേല്‍ /കവര്‍‌സ്റ്റോറി

നമുക്ക് എല്ലാവരുടെയും ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങള്‍ ഉണ്ട്. എന്നാല്‍ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ല താനും 
- മഹാത്മാഗാന്ധി

        ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക സാമൂഹിക വികാസത്തിന്റെയും വളര്‍ച്ചയുടെയും അടിസ്ഥാന ഘടകമാണ് പ്രകൃതി വിഭവങ്ങള്‍. ഇതില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുന്ന വിഭവങ്ങളാണ് ജലം, വനം, മത്സ്യ സമ്പത്ത് പോലുള്ളവ. പുനഃസ്ഥാപിക്കാന്‍ കഴിയാത്തവയാണ് ധാതുക്കള്‍, ഫോസില്‍ ഇന്ധനങ്ങള്‍ മുതലായവ. വ്യവസായവത്കരണവും നഗരവത്കരണവും കാരണമായി പ്രകൃതി വിഭവങ്ങളുടെ ആവശ്യം അമിതമായി വര്‍ധിച്ചതാണ് കടുത്ത വിഭവ ചൂഷണത്തിന് കാരണമായിത്തീരുന്നത്. ഇതിന്റെ ഫലമായി പരിസ്ഥിതിയുടെ സന്തുലനം ഇന്ന് ഭീഷണിയിലാണ്. പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടം തട്ടാതെ പ്രകൃതി വിഭവങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് വികസ്വര രാജ്യങ്ങളും വികസിത രാജ്യങ്ങളും ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.

മനുഷ്യര്‍ക്കിടയില്‍ പ്രകൃതി വിഭവങ്ങളുടെ ഉപഭോക്താക്കള്‍ രണ്ടു തരക്കാരാണ്. പരിസ്ഥിതിയെക്കുറിച്ചും അതിലെ വിഭവങ്ങളെക്കുറിച്ചും ഇവര്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. ഇതില്‍ ആദ്യത്തെ വിഭാഗം മനസ്സിലാക്കുന്നത്, ഈ പ്രപഞ്ചവും അതിലെ വിഭവങ്ങളും പ്രത്യേകിച്ച് ലക്ഷ്യമോ ഉദ്ദേശ്യമോ ഇല്ലാതെ സൃഷ്ടിക്കപ്പെട്ടതാണ് എന്നാണ്. കുറെയേറെ പ്രതിഭാസങ്ങളുടെ സമുച്ചയമായേ അവര്‍ പരിസ്ഥിതിയെ കാണുന്നുള്ളൂ. തന്റെ സുഖത്തിനും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും വേണ്ടി പരിസ്ഥിതിയെ ഏതു വിധേനയും എത്ര വേണമെങ്കിലും ഉപയോഗിക്കാമെന്ന് ഇവര്‍ കരുതുന്നു. രണ്ടാമത്തെ വിഭാഗം മനസ്സിലാക്കുന്നത് ഇങ്ങനെയാണ്: ഈ പ്രപഞ്ചവും അതിലെ വിഭവങ്ങളും വ്യക്തമായ ഉദ്ദേശ്യത്തോടും ലക്ഷ്യത്തോടും കൂടി സൃഷ്ടിക്കപ്പെട്ടതാണ്. അതെല്ലാം ഒരു ഉടമസ്ഥന്റെ കൃത്യമായ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും സംവിധാനിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിലെ വിഭവങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും നല്‍കപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ കരുതലോടെ മാത്രമേ അവ ഉപയോഗിക്കാവൂ.

ഇതില്‍ ആദ്യം സൂചിപ്പിച്ച വിഭാഗം ആധുനിക പാശ്ചാത്യ ഉപഭോഗ സംസ്‌കാരം പിന്തുടരുന്നവരും ബഹുരാഷ്ട്ര കുത്തക കമ്പനി ഉടമസ്ഥരുമാണ്. അവര്‍ ഒരു തരത്തിലുള്ള വിവേചനമോ വിവേകമോ ഇല്ലാതെ പ്രകൃതി വിഭവങ്ങളെ പരമാവധി ചൂഷണം ചെയ്യുകയും സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് പരിസ്ഥിതി മലിനീകരണം, അമിത വിഭവ ചൂഷണം എന്നിവക്ക് കാരണമാവുകയും തല്‍ഫലമായി പരിസ്ഥിതിതന്നെ നാശത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു.

ഭൂമിയിലെ വിഭവങ്ങള്‍ ആവശ്യക്കാര്‍ക്കെല്ലാം ശരിയായ അനുപാതത്തില്‍, തുല്യതയില്‍, നീതിയോടെ ലഭിക്കണമെന്നാണ് വിഭവ വിതരണത്തിന്റെ ഇസ്‌ലാമിക മാനം. ഈ നീതിയും തുല്യതയും മനുഷ്യനു മാത്രമല്ല ലഭിക്കേണ്ടത്. മറ്റു ജീവജാലങ്ങള്‍ക്കും അവരുടെ പങ്ക് ലഭിക്കേണ്ടതുണ്ട്. അവരും മനുഷ്യരെ പോലെ ഭൂമിയുടെ അവകാശികളാണ്. ''ഭൂമിയില്‍ ചരിക്കുന്ന ഏത് ജീവിയും, ഇരു ചിറകുകളില്‍ പറക്കുന്ന ഏത് പറവയും നിങ്ങളെ പോലുള്ള ചില സമൂഹങ്ങളാണ്. മൂലപ്രമാണത്തില്‍ നാമൊന്നും വിട്ടുകളഞ്ഞിട്ടില്ല. പിന്നീട് അവരെല്ലാം തങ്ങളുടെ നാഥങ്കല്‍ ഒരുമിച്ച് ചേര്‍ക്കപ്പെടും'' (അല്‍അന്‍ആം 38).

വിഭവങ്ങളുടെ ഉടമസ്ഥാവകാശം

ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം ഒരാള്‍ക്ക് ലഭിക്കുമ്പോള്‍ ആ വസ്തു അയാള്‍ക്കിഷ്ടംപോലെ ഉപയോഗിക്കാനുള്ള അവകാശം ലഭിക്കുന്നു. പ്രകൃതി വിഭവങ്ങളുടെ താല്‍ക്കാലിക ഉടമസ്ഥാവകാശം ലഭിച്ച മനുഷ്യനും ഈ രൂപത്തില്‍ ചിന്തിക്കുന്നു. എന്നാല്‍, ഇസ്‌ലാമിക കാഴ്ചപ്പാടില്‍ എല്ലാ വിഭവങ്ങളുടെയും യഥാര്‍ഥ ഉടമസ്ഥന്‍ അത് സൃഷ്ടിച്ച അല്ലാഹു മാത്രമാണ്. അതുകൊണ്ടുതന്നെ മനുഷ്യരുടെ കൈകളില്‍ അമാനത്തായി ലഭിച്ച വിഭവങ്ങള്‍ അത് നല്‍കിയവന്റെ ഇഷ്ടത്തിനും നിര്‍ദേശത്തിനും അനുസരിച്ച് മാത്രമേ ഉപയോഗിക്കാവൂ. ഈ കാര്യം പരിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നു: ''നിനക്കറിയില്ലേ തീര്‍ച്ചയായും അല്ലാഹുവിന് തന്നെയാണ് ആകാശഭൂമികളുടെ സമ്പൂര്‍ണാധിപത്യം. അല്ലാഹു അല്ലാതെ നിങ്ങള്‍ക്കൊരു രക്ഷകനോ സഹായിയോ ഇല്ല'' (അല്‍ബഖറ 107). ''ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. എല്ലാം ഒടുവില്‍ മടങ്ങിയെത്തുന്നതും അവങ്കലേക്കുതന്നെ'' (ആലുഇംറാന്‍ 109). ''ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. എല്ലാ കാര്യങ്ങളെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു'' (അന്നിസാഅ് 126). അപ്പോള്‍ അല്ലാഹു നല്‍കിയ അവന്റെ വിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിക്കുമ്പോള്‍ അതെല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധത്തോടെ മാത്രം ഉപയോഗിക്കുക. ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ വര്‍ഗത്തിനോ രാജ്യത്തിനോ മാത്രം അവകാശപ്പെട്ടതല്ലെന്നും ഓര്‍ക്കുക. പ്രകൃതി വിഭവങ്ങളായ വെള്ളം, വായു, ഭൂമി, സസ്യങ്ങള്‍, ധാതുക്കള്‍, ഇവയില്‍ രൂപമാറ്റം  വരുത്തി മനുഷ്യന്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ എല്ലാം തന്നെ ഈ പരിധിയില്‍ വരുന്നു. പ്രകൃതി വിഭവങ്ങള്‍ കുത്തകവത്കരിക്കുന്നതും കൈയടക്കി വെക്കുന്നതും ഒരിക്കലും നീതീകരിക്കാനാവില്ല.

വിഭവങ്ങള്‍ പരിമിതമാണ്

ഭൂമിയില്‍ നമുക്ക് ലഭിച്ച വിഭവങ്ങള്‍ പരിമിതവും കണക്കാക്കപ്പെട്ടതുമാണെന്നാണ് ഇസ്‌ലാമിന്റെ മറ്റൊരു കാഴ്ചപ്പാട്. ഇതു സംബന്ധമായി നിരവധി പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. ''എല്ലാറ്റിന്റെയും ജീവിതോപാധികളുടെ പത്തായം നമ്മുടെ വശമാണ്. നീതിപൂര്‍വം നിശ്ചിത തോതില്‍ നാമത് ഇറക്കിക്കൊടുക്കുന്നു'' (അല്‍ ഹിജ്ര്‍ 21). ''നാം മാനത്തുനിന്ന് നിശ്ചിത തോതില്‍ വെള്ളം വീഴ്ത്തി അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കി. അത് വറ്റിച്ച് കളയാനും നമുക്ക് കഴിയും'' (അല്‍മുഅ്മിനൂന്‍ 18). നമുക്ക് ഓരോരുത്തര്‍ക്കും ആവശ്യമുള്ള വിഭവങ്ങള്‍ മാത്രമേ അല്ലാഹു നല്‍കിയിട്ടുള്ളൂ. അതിനാല്‍ ഓരോരുത്തരും അവരുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. ധൂര്‍ത്തും ദുര്‍വ്യയവും പാടില്ല. ഒരാള്‍ അയാളുടെ ആവശ്യത്തില്‍ കൂടുതല്‍ വിഭവങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അപരന്റേത് അപഹരിക്കുകയാണെന്ന ബോധം വേണം. വിഭവങ്ങള്‍ അധികമാണെന്നും സമൃദ്ധമാണെന്നും നമുക്ക് തോന്നിയേക്കാമെങ്കിലും അല്ലാഹുവിന്റെ കണക്ക് പ്രകാരം അതെല്ലാം കൃത്യമാണ്. എത്ര കൂടുതല്‍ വിഭവങ്ങള്‍ ഉണ്ടായാലും നമുക്ക് വേണ്ടത് മാത്രം ഉപയോഗിക്കുക. 

പരീക്ഷണ ഉപാധികള്‍

ഭൂമിയില്‍ മനുഷ്യന് ലഭിച്ച വിഭവങ്ങളും മറ്റു ജീവിത സൗകര്യങ്ങളും അല്ലാഹു പരീക്ഷണ ഉപാധിയായി നല്‍കിയതാണ്. ഓരോരുത്തനും ലഭിച്ച വിഭവങ്ങള്‍ അവന്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നാണ് അല്ലാഹു പരീക്ഷിക്കുന്നത്. ''അവര്‍ക്ക് നാം നല്‍കിയ ഉദ്‌ബോധനം അവര്‍ മറന്നപ്പോള്‍ സകല സൗഭാഗ്യങ്ങളുടെയും കവാടങ്ങള്‍ നാമവര്‍ക്ക് തുറന്നു കൊടുത്തു. അങ്ങനെ തങ്ങള്‍ക്ക് നല്‍കപ്പെട്ടവയില്‍ അവര്‍ അതിരറ്റ് സന്തോഷിച്ചുകൊണ്ടിരിക്കെ പൊടുന്നനെ നാമവരെ പിടികൂടി. അപ്പോഴതാ അവര്‍ നിരാശരായിത്തീര്‍ന്നു'' (അല്‍അന്‍ആം 44). ''അവരറിഞ്ഞിട്ടില്ലേ അവര്‍ക്ക് മുമ്പ് എത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്. നിങ്ങള്‍ക്ക് നാം ചെയ്തുതന്നിട്ടില്ലാത്ത സൗകര്യം ഭൂമിയില്‍ നാമവര്‍ക്ക് ചെയ്തുകൊടുത്തിരുന്നു. അവര്‍ക്ക് നാം മാനത്ത് നിന്ന് ധാരാളമായി മഴ വര്‍ഷിച്ചു. അവരുടെ താഴ് ഭാഗങ്ങളിലൂടെ പുഴകളൊഴുക്കുകയും ചെയ്തു. പിന്നെ അവരുടെ പാപങ്ങളുടെ ഫലമായി നാമവരെ നശിപ്പിച്ചു. അവര്‍ക്ക് പിറകെ മറ്റു തലമുറകളെ വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തു'' (അല്‍അന്‍ആം 6).

വിഭവങ്ങളെ പരീക്ഷണ ഉപാധികളാക്കുന്നതിനെക്കുറിച്ചാണ് ഈ സൂക്തങ്ങളില്‍ വിവരിക്കുന്നത്. രണ്ട് രീതിയിലുള്ള പരീക്ഷണങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒരു വിഭാഗം അല്ലാഹുവിനെ മറന്നപ്പോള്‍ അവര്‍ക്ക് ധാരാളം വിഭവങ്ങളും സൗകര്യങ്ങളും നല്‍കി അല്ലാഹു പരീക്ഷിച്ചു. മറ്റൊരു ജനത വിഭവങ്ങള്‍ ലഭിച്ചപ്പോള്‍ അല്ലാഹുവിനെ മറക്കുകയും പാപികളായി മാറുകയും ചെയ്തു. അല്ലാഹു മനുഷ്യന് വിഭവങ്ങള്‍ നല്‍കിയും നശിപ്പിച്ചും പരീക്ഷിക്കുന്നു. ''ഭയം, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത അറിയിക്കുക'' (അല്‍ബഖറ 155).

സുസ്ഥിര വികസനം

പ്രകൃതി വിഭവങ്ങളുടെ യുക്തിപൂര്‍വകമായ ഉപയോഗത്തിന്റെ സദ്ഫലമാണ് സുസ്ഥിര വികസനം. സുസ്ഥിര വികസനം എന്ന ആശയം ആദ്യമായി നിര്‍വചിച്ചത് 1987-ല്‍ ബ്രണ്ട്‌ലാന്റ് കമീഷനാണ്. ഇതനുസരിച്ച് 'വരും തലമുറക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള കഴിവില്‍ കുറവുവരുത്താതെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സമീപനമാണ് സുസ്ഥിര വികസനം.' വിഭവങ്ങള്‍ ലഭ്യമാകുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും സാമൂഹിക നീതി ഉറപ്പുവരുത്തുന്ന കാഴ്ചപ്പാടാണിത്.

ബ്രണ്ട്‌ലാന്റ് കമീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന് 28 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സുസ്ഥിര വികസനം എന്ന ആശയം പൂര്‍ണമായും പ്രയോഗവത്കരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വരുംതലമുറകള്‍ക്ക് കൂടി വിഭവങ്ങളും ജീവിത സൗകര്യങ്ങളും പങ്കുവെക്കുക എന്നതാണല്ലോ സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനം. എന്നാല്‍, ആധുനിക വികസന മാതൃകകള്‍ നിലവിലുള്ള തലമുറയെത്തന്നെ നാശത്തിലേക്കും തകര്‍ച്ചയിലേക്കും നയിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. വികസനത്തിന്റെ പേരില്‍ കിടപ്പാടം നഷ്ടപ്പെട്ടവരും തൊഴിലും ജീവിതോപാധികളും തടയപ്പെട്ടവരും ശുദ്ധവായുവും ശുദ്ധജലവും നിഷേധിക്കപ്പെട്ടവരും പതിനായിരക്കണക്കിന് വരും.

ഇസ്‌ലാമിക വീക്ഷണത്തില്‍ വികസനം എന്നത് ദ്വിമാന പ്രക്രിയയാണ്. ഒരു വശത്ത് സാമ്പത്തിക, സാമൂഹിക പുരോഗതി ലക്ഷ്യമാകുമ്പോള്‍ മറുവശത്ത് പരിസ്ഥിതി സംരക്ഷണത്തിന് കൂടി ഊന്നല്‍ നല്‍കുന്നു. ഈ രണ്ട് ഘടകങ്ങളും സന്തുലിതമായി നിലനിര്‍ത്തിക്കൊണ്ടാണ് ഇസ്‌ലാമിന്റെ വികസന മാതൃക രൂപപ്പെടുന്നത്. വികസനം നടക്കുന്നത് ഭൂമിയിലായതുകൊണ്ട് ഭൂമിയുടെ സുരക്ഷിതമായ നിലനില്‍പ് പരമപ്രധാനമാണ്. ''സമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനെ വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവവുമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുവളര്‍ത്തി നിങ്ങളെ അവിടെ കുടിയിരുത്തുകയും ചെയ്തു'' (ഹൂദ് 61).

ഇസ്‌ലാമും സുസ്ഥിര വികസനവും എന്ന കൃതിയില്‍ പ്രഫസര്‍ ഓദി അല്‍ ജയൂശി സുസ്ഥിര വികസനത്തിന്റെ ഇസ്‌ലാമിക മാതൃകയെ കുറിച്ച് വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നിലവിലുള്ള സുസ്ഥിര വികസന നയങ്ങള്‍ ഒന്നും തന്നെ വേണ്ട രൂപത്തില്‍ ഫലം കാണുന്നില്ല. ലോകത്തുള്ള ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ധാരാളം പണം സഹായമായി ലഭിക്കുന്നുവെങ്കിലും ദാരിദ്ര്യം  നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്നില്ല. അതിനാല്‍ തന്നെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സുസ്ഥിര വികസനത്തിനും പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിയിരിക്കുന്നു. അമിതമായ വിഭവ ചൂഷണം, പരിസ്ഥിതി മലിനീകരണം എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള മാതൃകയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.

ഇസ്‌ലാം വിഭാവനം ചെയ്യുന്ന സുസ്ഥിര വികസന മാതൃക താഴെ വിവരിക്കുന്ന കാര്യങ്ങള്‍ മുന്നോട്ടുവെക്കുന്നു.

1. മനുഷ്യരാശിയെ ബഹുമാനിക്കുക

ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ സുസ്ഥിര വികസനത്തില്‍ പരമ പ്രധാന സ്ഥാനം മനുഷ്യന് തന്നെയാണ്. എല്ലാ പുരോഗതിയുടെയും വക്താക്കളും പ്രയോക്താക്കളും മനുഷ്യരാണല്ലോ. ''നിശ്ചയമായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്ക് നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങള്‍ ഒരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു'' (അല്‍ ഇസ്‌റാഅ് 70). മനുഷ്യനെയും അവന്റെ നിലനില്‍പിനെയും പരിഗണിച്ചുകൊണ്ട് മാത്രമേ ഏതുതരം വികസനവും നടത്താന്‍ പാടുള്ളൂ എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

മനുഷ്യന്‍ ഉപഭോക്താവ് മാത്രമല്ല, ഉല്‍പാദകന്‍ കൂടിയാണ്. സ്വന്തത്തിനും വരും തലമുറക്കു വേണ്ടിയും ഉല്‍പാദനം നടത്തേണ്ടതും മനുഷ്യരാണ്. ഈ ലോകത്ത് പലതരം നിര്‍മിതികള്‍ നടത്താനും അതുമൂലം ജീവിതം സുഖകരമാക്കാനും വേണ്ടി അല്ലാഹു പലതരം കഴിവുകളും വിഭവങ്ങളും മനുഷ്യന് നല്‍കിയിരിക്കുന്നു. ''നിങ്ങള്‍ കാണുന്നില്ലേ, ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത്. ഒളിഞ്ഞതും തെളിഞ്ഞതുമായ അനുഗ്രഹങ്ങള്‍ അവന്‍ നിറവേറ്റിത്തന്നതും'' (ലുഖ്മാന്‍ - 20). ഇതിനര്‍ഥം മനുഷ്യന്‍ ഭൂമിയിലെ വിഭവങ്ങള്‍ കണ്ടെത്തി സ്വന്തത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തണം എന്നാണ്. എന്നാല്‍, വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കേണ്ടതാണ്.

 പരിസ്ഥിതിയുടെ പൊതുവായ സന്തുലിതാവസ്ഥക്ക് അനുഗുണമായിരിക്കണം.

 എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ് ഉറപ്പുവരുത്തണം.

 ഉപഭോഗം ആവശ്യത്തിനു മാത്രം.

 ഉറവിടങ്ങള്‍ സംരക്ഷിച്ചുകൊണ്ട് വിഭവങ്ങള്‍ മാത്രം ഉപയോഗിക്കുക. എന്നാല്‍ വരും തലമുറക്ക് വിഭവങ്ങള്‍ ഉപയോഗപ്പെടുത്താം.

2. പരിസ്ഥിതി സമഗ്രമാണെന്ന കാഴ്ചപ്പാട്

പരിസ്ഥിതിയിലെ എല്ലാ ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടതും പൂരകങ്ങളുമാണ്. ''ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍, രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍, മനുഷ്യന് ഉപകരിക്കുന്ന ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലുകളില്‍, അല്ലാഹു മാനത്ത് നിന്ന് മഴ വീഴ്ത്തി അതുവഴി ജീവനറ്റ ഭൂമിക്ക് ജീവനേകുന്നതില്‍, ഭൂമിയില്‍ എല്ലായിനം ജീവികളെയും പരത്തിവിടുന്നതില്‍, കാറ്റിനെ ചലിപ്പിക്കുന്നതില്‍, ആകാശഭൂമികള്‍ക്കിടയില്‍ ആജ്ഞാനുവര്‍ത്തിയായി നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍ എല്ലാറ്റിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് അനേകം തെളിവുകളുണ്ട്. സംശയമില്ല'' (അല്‍ബഖറ 164).

ഭൂമി, ആകാശം, ജലം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് അല്ലാഹു പ്രപഞ്ചത്തെ സൂചിപ്പിക്കുന്നത്. ഇതുതന്നെയാണ് ആധുനികശാസ്ത്രം അംഗീകരിക്കുന്ന പരിസ്ഥിതിയുടെ വിവിധ മണ്ഡലങ്ങളും. ഖരമണ്ഡലം(ഭൂമി), ജലമണ്ഡലം(സമുദ്രം), വായുമണ്ഡലം(ആകാശം) ഇവ മൂന്നിലുമായി വ്യാപിച്ചു കിടക്കുന്ന ജീവമണ്ഡലം എന്നിവയാണവ. പരിസ്ഥിതിയുടെ ഈ സമഗ്രത ആധുനികശാസ്ത്രം തിരിച്ചറിയുന്നതിന്റെ എത്രയോ മുമ്പ് ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്.

3. സന്തുലിതത്വം

സുസ്ഥിര വികസനത്തിന്റെ ഇസ്‌ലാമിക മാതൃക തികച്ചും സന്തുലിതത്വത്തില്‍ ഊന്നിക്കൊണ്ടാണ്. നമ്മുടെ പരിസ്ഥിതി വ്യത്യസ്തങ്ങളായ ആവാസവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നു. കര, സമുദ്രം, അന്തരീക്ഷം, വനങ്ങള്‍, മരുഭൂമികള്‍, പര്‍വതങ്ങള്‍ ഇവയെല്ലാം വ്യത്യസ്ത ആവാസ വ്യവസ്ഥകളാണ്. ഈ ആവാസ വ്യവസ്ഥകളെ വളരെ സന്തുലിതമായാണ് അല്ലാഹു നിലനിര്‍ത്തിയിരിക്കുന്നത്. മനുഷ്യരുള്‍പ്പെടെ എല്ലാ ജീവജാലങ്ങളും അവരവരുടെ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്നു. എന്നാല്‍, മനുഷ്യരല്ലാത്ത മറ്റു ജീവജാലങ്ങള്‍ തങ്ങളുടെ ആവാസ വ്യവസ്ഥകള്‍ തകര്‍ക്കാതെ അടുത്ത തലമുറക്ക് കൂടി കൈമാറുന്നതിന് പ്രകൃതിയോട് ഇണങ്ങി ജീവിക്കുമ്പോള്‍ മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് അകന്ന് തന്റെ ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. ''മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കടലിലും കരയിലും കുഴപ്പങ്ങള്‍ പ്രകടമായിരിക്കുന്നു'' (അര്‍റൂം 41). യുദ്ധ സമയത്ത് പോലും അന്യായമായി മരങ്ങള്‍ മുറിക്കുന്നതും കൃഷി നശിപ്പിക്കുന്നതും പ്രവാചകന്‍ വിലക്കിയിരിക്കുന്നതും ഈ സന്തുലിതാവസ്ഥ തകിടം മറിയുന്നത് ഇല്ലാതാക്കാനാണ്.

വിഭവ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പല ദിനങ്ങളും വാരങ്ങളും നാം ആചരിച്ചുവരുന്നു. ഭൗമ മണിക്കൂറും ജലദിനവും ഓസോണ്‍ ദിനവും പരിസ്ഥിതി ദിനവും പ്രാധാന്യപൂര്‍വം കൊണ്ടാടുന്നു എന്നല്ലാതെ, പരിസ്ഥിതിയോടും പ്രകൃതിയോടുമുള്ള സമീപനത്തില്‍ യാതൊരു മാറ്റവും വരുത്താന്‍ മനുഷ്യന്‍ തയാറായിട്ടില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /25
എ.വൈ.ആര്‍