Prabodhanm Weekly

Pages

Search

2015 മെയ്‌ 22

പ്രശ്‌നവും വീക്ഷണവും

ഇല്‍യാസ് മൗലവി

ഖബ്ര്‍ കെട്ടിപ്പൊക്കല്‍ ശാഫിഈ മദ്ഹബ് എന്തു പറയുന്നു?

സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായി മഹാത്മാക്കളുടെ ഖബ്‌റുകള്‍ കെട്ടിയുയര്‍ത്തുന്നതും അലങ്കരിക്കുന്നതും പുണ്യകര്‍മമാണെന്നും അതാണ് മഹാന്മാരായ ഇമാമുകള്‍ പഠിപ്പിച്ചതെന്നും അതിനെ എതിര്‍ക്കുന്നവര്‍ അത്തരം ഇമാമുമാരെ അംഗീകരിക്കാത്ത പുത്തന്‍വാദികളാണെന്നും ഒരു പ്രസിദ്ധീകരണത്തില്‍ കണ്ടു. മഹാന്മാരുടെയും ശുഹദാക്കളുടെയും പാവന സ്മരണ നിലനിര്‍ത്താന്‍ അങ്ങനെ ചെയ്യേണ്ടതാവശ്യമാണെന്ന് ഒരു യുവ എഴുത്തുകാരന്‍ അഭിപ്രായപ്പെടുന്നതും കേള്‍ക്കുകയുണ്ടായി. എന്താണ് ഈ വിഷയത്തിലെ ശാഫിഈ മദ്ഹബിന്റെ വീക്ഷണം? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.

        ഹദീസുകളും സ്വഹാബിമാര്‍ മുതലിങ്ങോട്ട് ധാരാളം മഹാന്മാരുടെ ഉദ്ധരണികളും ഈ വിഷയകമായുണ്ട്. ദൈര്‍ഘ്യം ഭയന്ന് ചോദ്യത്തിലാവശ്യപ്പെട്ട ശാഫിഈ മദ്ഹബിന്റെ ആധികാരിക വീക്ഷണം മാത്രം ഇവിടെ പങ്കുവെക്കുകയാണ്.

ഇമാം ശാഫിഈ തന്റെ അല്‍ ഉമ്മ് എന്ന ഗ്രന്ഥത്തില്‍ എഴുതി: ''ഖബ്ര്‍ (മൂടുന്നതിന്) അതിന്റെ മണ്ണിനേക്കാള്‍ കൂടുതലെടുക്കാതിരിക്കുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കാരണം, അങ്ങനെ ചെയ്യുന്ന പക്ഷം ഖബ്ര്‍ ഭൂനിരപ്പില്‍ നിന്ന് വല്ലാതെ ഉയര്‍ന്നുപോകും. ഏതാണ്ടൊരു ചാണ്‍ വരെ ഉയരുന്നതേ ഞാനിഷ്ടപ്പെടുന്നുള്ളൂ. കെട്ടിപ്പൊക്കുന്നതും കുമ്മായമിടുന്നതും എനിക്കിഷ്ടമല്ല. അത് മോടിക്കും ധാടിക്കും സദൃശമാണ്. മരണം അവയൊന്നിന്റെയും സ്ഥാനമല്ലല്ലോ. മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും ഖബ്‌റുകള്‍ കുമ്മായമിട്ടതായി ഞാന്‍ കണ്ടിട്ടില്ല. ഖബ്‌റുകള്‍ കെട്ടിപ്പൊക്കുന്നതും റസൂല്‍ (സ) നിരോധിച്ചതായി ത്വാഊസില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. മക്കയിലുണ്ടാക്കപ്പെട്ട ശവകുടീരങ്ങള്‍ അവിടത്തെ ഭരണാധിപന്മാര്‍ പൊളിച്ചു നീക്കുന്നത് ഞാന്‍ കണ്ടു. ഫുഖഹാക്കള്‍ അതിനെ ആക്ഷേപിക്കുന്നതായി കണ്ടതുമില്ല'' (കിതാബുല്‍ ഉമ്മ് 1/246).

ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം നവവിയും ഇതേ വീക്ഷണം തന്നെയാണ് പുലര്‍ത്തിയിരുന്നത്. അദ്ദേഹം എഴുതി: ''ഖബ്ര്‍ കുമ്മായമിടുന്നതും അതിന്മേല്‍ ഖബ്‌റാളിയുടെ പേരോ മറ്റോ എഴുതുന്നതും കെട്ടിടമുണ്ടാക്കുന്നതും നിഷിദ്ധമാണെന്ന് ശാഫിഈ(റ)യും അനുയായികളും പറഞ്ഞിരിക്കുന്നു. നമ്മുടെ മദ്ഹബുകാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായഭിന്നതയുമില്ല. ഇമാം മാലിക്, ഇമാം അഹ്മദ് തുടങ്ങി ബഹൂഭൂരിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായവും ഇതുതന്നെ'' (ശറഹുല്‍ മുഹദ്ദബ് 5/309). കെട്ടിടമുണ്ടാക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ''അത് പൊതുസ്ഥലത്താണെങ്കില്‍ ഹറാമും പൊളിച്ചു നീക്കേണ്ടതുമാണ്. ഈ വിഷയകമായും അഭിപ്രായ ഭിന്നതയില്ലെന്ന് നമ്മുടെ മദ്ഹബിന്റെ ഇമാമുമാര്‍ പറയുന്നു'' (ശറഹുല്‍ മുഹദ്ദബ് 5/292).

മറ്റൊരു പ്രമുഖ പണ്ഡിതനായ ഇമാം ബഗവിയും മറ്റും ഖബ്‌റിന്മേല്‍ പന്തല്‍പോലും ഇടാന്‍ പാടില്ലെന്നാണ് പറയുന്നത്. അദ്ദേഹം എഴുതുന്നു: ''ഖബ്‌റിന്മേല്‍ പന്തല്‍ കണ്ട ഉമര്‍ (റ) അതെടുത്തു മാറ്റാന്‍ കല്‍പ്പിച്ചുകൊണ്ട് പറഞ്ഞു: അത് നീക്കിക്കളയുക. ഖബ്‌റാളിക്ക് തന്റെ കര്‍മം തണലേകും'' (ശറഹുല്‍ മുഹദ്ദബ് 5/298).

ഇമാം ഇബ്‌നു ഹജര്‍ ഹൈത്തമി(റ)യുടെ വാക്കുകള്‍ നമുക്കിങ്ങനെ വായിക്കാം: ഇമാം ശിഹാബുദ്ദീന്‍ അദ്‌റഈ (റ) പറഞ്ഞു: ''ഖബ്‌റിന്മേല്‍ കെട്ടിയുണ്ടാക്കുന്ന കാര്യത്തില്‍ യാതൊരു പരിധിയും കല്‍പ്പിക്കാതെയുള്ള ഖാദി ഇബ്‌നു കജ്ജിന്റെ നിരുപാധികമായ അഭിപ്രായമാണ് ഏറ്റവും പ്രബലം. അതേ, പൊതു സ്ഥലത്താണെങ്കിലും സ്വകാര്യ സ്ഥലത്താണെങ്കിലും ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കുന്നത് നിഷിദ്ധമാണ്. കാരണം, പൊതു നിരോധം അതേക്കുറിച്ച് വന്നിരുന്നു. മാത്രമല്ല, ചീത്ത ബിദ്അത്ത് നടപ്പില്‍ വരുത്തുക, ധനദുര്‍വിനിയോഗം, അമിതവ്യയം, പോരിമ, സ്വേഛാധിപതികളാടും ദൈവധിക്കാരികളോടുമുള്ള സാദൃശ്യം എന്നീ ദോഷങ്ങളും അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു'' (അല്‍ ഫതാവല്‍ കുബ്‌റാ 2/16).

അദ്ദേഹം വീണ്ടും പറയുന്നു: ''പൊതു ശ്മശാനത്തില്‍ കെട്ടിടമുണ്ടാക്കുന്നത് നിഷിദ്ധമാണ്. ഉണ്ടാക്കിയത് പൊളിച്ചു നീക്കുകയും വേണം. ഇതില്‍ പണ്ഡിതന്മാര്‍, പുണ്യവാളന്മാര്‍, അല്ലാത്തവര്‍ എന്ന വ്യത്യാസമില്ല. ഇതിനെതിരെ സര്‍കശിയുടെ അല്‍ ഖാദിമില്‍ വന്ന അഭിപ്രായം ബാലിശമാണ്. അവഗണിക്കേണ്ടതുമാണ്. ഇമാം ശാഫിഈയുടെയും മറ്റും ഖുബ്ബയുണ്ടാക്കിയ ആളെ പണ്ഡിതന്മാര്‍ ആക്ഷേപിച്ചതിന് വല്ല കണക്കുമുണ്ടോ? അവരുടെ ഗ്രന്ഥങ്ങളില്‍ അതേപ്പറ്റി വ്യക്തമായി രേഖപ്പെട്ടുകിടക്കുന്നതു തന്നെ (തെളിവിന്) ധാരാളം മതിയല്ലോ. മാത്രമല്ല, ഖുബ്ബയോ മറ്റു കെട്ടിടങ്ങളോ ഉണ്ടാക്കാനുള്ള വസ്വിയ്യത്ത് ദുര്‍വ്യയവും നിഷിദ്ധവും ആണെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം ഇമാം അദ്‌റഈയെ ഉദ്ധരിച്ച് പ്രസ്താവിക്കുന്നു. ഖബ്ര്‍ തൊടുകയോ തടവുകയോ മുത്തുകയോ ചെയ്യരുതെന്നും അവ ക്രൈസ്തവ സംസ്‌കാരമാണെന്നും ഇമാം ഗസ്സാലിയും പറയുന്നു. ഇമാം ശാഫിഈയുടേതടക്കമുള്ള കെട്ടിയുയര്‍ത്തിയ ഖബ്‌റുകള്‍ പൊളിച്ചു നീക്കണമെന്ന് ഇബ്‌നു ജമീസ്, അല്ലാമാ സഹീറുദ്ദീന്‍ എന്നിവരടക്കമുള്ള പണ്ഡിതന്മാര്‍ ഫത്‌വ നല്‍കിയ കാര്യം വിശദീകരിച്ച ശേഷം ഇമാം സുയൂത്വി എഴുതുന്നു: ''പില്‍കാല പണ്ഡിതന്മാരുടെ ഏകോപിതാഭിപ്രായമാണിത് (ഇജ്മാഅ്). പിന്നെങ്ങനെ കെട്ടിടമുണ്ടാക്കുന്നത് അനുവദനീയമാകും? മുന്‍ചൊന്ന പണ്ഡിതന്മാര്‍ക്കെതിരാണത്'' (അല്‍ ഫതാവല്‍ കുബ്‌റാ 2/17).

ഖബ്ര്‍ കെട്ടിപ്പടുക്കല്‍ ഫത്ഹുല്‍ മുഈനില്‍

നമ്മുടെ നാട്ടില്‍ പ്രസിദ്ധമായ, പള്ളിദര്‍സുകളില്‍ പഠിപ്പിക്കപ്പെടുന്ന ശാഫിഈ മദ്ഹബിന്റെ ഗ്രന്ഥമായ ഫത്ഹുല്‍ മുഈനില്‍ പറയുന്നത് കാണുക: 

''പ്രത്യേക ആവശ്യങ്ങളൊന്നും കൂടാതെ ഖബ്‌റിനുള്ളിലോ മീതെയോ കെട്ടിപ്പണിയല്‍ കറാഹത്താകുന്നു. അങ്ങനെ ചെയ്യരുതെന്ന് കല്‍പ്പിച്ചിട്ടുണ്ട്. ഖബ്ര്‍ വന്യമൃഗങ്ങള്‍ മാന്തുമെന്നോ വെള്ളപ്പൊക്കത്താല്‍ ഖബ്‌റിന് നാശം സംഭവിക്കുമെന്നോ സംശയം ജനിക്കുന്നപക്ഷം ഖബ്ര്‍ കെട്ടിപ്പൊക്കുന്നതില്‍ വിരോധമില്ല. ഒരാളുടെ സ്വന്തമായ സ്ഥലത്ത് ഖബ്ര്‍ കെട്ടിപ്പൊക്കുന്ന പക്ഷം മാത്രമേ അത് കറാഹത്താക്കപ്പെടുകയുള്ളൂ. സ്ഥലം സ്വന്തമല്ലെങ്കില്‍ കെട്ടിപ്പൊക്കല്‍ ഹറാമാകുന്നു.

മേല്‍ പറഞ്ഞ കാര്യങ്ങളൊന്നുമില്ലെങ്കില്‍ പൊതു സ്ഥലത്ത് ഖബ്ര്‍ കെട്ടിപ്പൊക്കുകയോ ഖബ്‌റിന്മേല്‍ ഗോപുരം പണിയുകയോ ചെയ്യുന്നത് ഹറാമാകുന്നു. നാട്ടുകാര്‍ പതിവായി മയ്യിത്ത് നമസ്‌കരിച്ചു വരുന്ന സ്ഥലത്തെ ഉദ്ദേശിച്ചാണ് പൊതുസ്ഥലമെന്ന് പറഞ്ഞത്. അത് വഖ്ഫ് സ്ഥലമായിരുന്നാലും, വഖ്ഫ് ചെയ്ത ആളെപ്പറ്റിയും വഖ്ഫിന്റെ സമ്പ്രദായത്തെക്കുറിച്ചും അറിവുണ്ടായാലും ഇല്ലെങ്കിലുമെല്ലാം തന്നെ അങ്ങനെയുള്ള സ്ഥലത്ത് ഖബ്ര്‍ കെട്ടിപ്പൊക്കല്‍ ഹറാമാകുന്നു. വല്ലവനുമങ്ങനെ കെട്ടിപ്പൊക്കിയെങ്കില്‍ അത് പൊളിച്ചു നീക്കല്‍ നിര്‍ബന്ധമാകുന്നു''”(ഫത്ഹുല്‍ മുഈന്‍ പരിഭാഷ, പി.കെ കുഞ്ഞുബാവ മുസ്‌ലിയാര്‍ പാടൂര്‍, പേജ്. 2:33,34).

വളരെ ഗുണകാംക്ഷാപൂര്‍വമാണ് ഇത്രയും ഉദ്ധരണികള്‍ ഇവിടെ ചേര്‍ത്തത്. ഇതു വായിക്കുന്ന പണ്ഡിതന്മാരടക്കമുള്ളവര്‍ ഈ വിഷയത്തില്‍ മറിച്ചൊരു നിലപാട് പുലര്‍ത്തുന്നവരോ, അല്ലെങ്കില്‍ മൗനം ദീക്ഷിക്കുന്നവരോ ആണെങ്കില്‍ അവര്‍ ഒരു പുനര്‍ വിചിന്തനത്തിന് തയാറാവണമെന്ന് വിനയപൂര്‍വം ആവശ്യപ്പെടുകയാണ്. ഇതെല്ലാം മനസ്സിലാക്കിയിട്ടും നിഷ്‌ക്രിയത്വം പാലിക്കുന്നവര്‍ നാളെ അല്ലാഹുവിന്റെ മുന്നില്‍ ഉത്തരം പറയേണ്ടിവരുമെന്ന് ഓര്‍ക്കുക. മുന്‍കഴിഞ്ഞ ഗുരുനാഥന്മാരിലാര്‍ക്കെങ്കിലും ഈ വിഷയത്തില്‍ അബദ്ധം പറ്റിയെങ്കില്‍ അത് തിരുത്താനാണ് നമ്മള്‍ പരിശ്രമിക്കേണ്ടത്. ശാഫിഈ മദ്ഹബിലെ ഏറ്റവും ആധികാരികരും പ്രാമാണികരുമായ ഇമാമുമാരുടെ അഭിപ്രായം ഇതായിരിക്കെ പില്‍ക്കാലത്ത് മാത്രം വന്ന ചില ദുര്‍ബലാഭിപ്രായങ്ങളെ അവലംബിച്ച് അതും തികച്ചും ബാലിശവും, വ്യക്തമായ പ്രമാണങ്ങള്‍ക്ക് വിരുദ്ധവുമായിരുന്നിട്ടും നാട്ടില്‍ നടമാടിക്കൊണ്ടിരിക്കുന്ന അനാചാരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയോ മൗനം ദീക്ഷിക്കുകയോ ചെയ്യുന്നവരെ അല്ലാഹുവിന്റെ ഒരു വചനം മാത്രം ഓര്‍മിപ്പിക്കട്ടെ: ''നാം അവതരിപ്പിച്ചിട്ടുള്ള വ്യക്തമായ ശിക്ഷണങ്ങളെയും നിര്‍ദേശങ്ങളെയും - അതാകട്ടെ അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി വേദത്തില്‍ വിശദീകരിച്ചു കഴിഞ്ഞിട്ടുള്ളതാണ് -–ഒളിച്ചുവെക്കുന്നവരാകട്ടെ, അവരെ അല്ലാഹു ശപിക്കുന്നുണ്ട്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നുണ്ട്'' (അല്‍ ബഖറ 159). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /25
എ.വൈ.ആര്‍