Prabodhanm Weekly

Pages

Search

2015 മെയ്‌ 22

റിച്ചാര്‍ഡ് ഡോക്കിന്‍സും നവനാസ്തികതയും

എന്‍.എം ഹുസൈന്‍ /വിശകലനം

         ഈശ്വര വിശ്വാസത്തിനും നിരീശ്വരവാദത്തിനും സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. എങ്കിലും നിരീശ്വരവാദത്തെ ആസ്പദമാക്കി ഒരു രാഷ്ട്രമോ സംസ്‌കാരമോ നാഗരികതയോ ചരിത്രത്തില്‍ നിലനിന്നതായി കാണുന്നില്ല. ഒറ്റപ്പെട്ട ചില നിരീശ്വരവാദികളും അവരെ പിന്തുണയ്ക്കുന്ന ഏതാനും പേരും ഉണ്ടായിരുന്നു എന്നല്ലാതെ നിരീശ്വരവാദത്തെ ആസ്പദമാക്കിയുള്ള ഒരു ഗോത്രസംസ്‌കാരം പോലും ചരിത്രത്തിന് പരിചയമില്ല. എന്നാല്‍ ആധുനിക കാലത്ത് ഈ പൊതു ചരിത്രഗതിക്ക് ചെറിയ തോതില്‍ ഭംഗം വന്നതായി കാണാം. ഭൗതിക വാദത്തിന്റെ ഉപോല്‍പന്നമായ കമ്മ്യൂണിസത്തെ ആധാരമാക്കി നിലവില്‍ വന്ന സോവിയറ്റ് യൂനിയന്‍ ആ രാഷ്ട്രത്തിന്റെ ഔദ്യോഗിക വിശ്വാസം നാസ്തികതയാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതിനുപോലും ദീര്‍ഘായുസ്സുണ്ടായില്ല. ഒരു നൂറ്റാണ്ടുപോലും തികയുന്നതിനു മുമ്പായി സോവിയറ്റു യൂണിയനും അതിന്റെ വിശ്വാസ സംഹിതകളും തകര്‍ന്നു വീണു. എട്ടു പതിറ്റാണ്ടോളം എല്ലാ സര്‍ക്കാര്‍ മെഷിനറികളും ഉപയോഗിച്ച് നാസ്തികത കുത്തിക്കയറ്റാന്‍ ശ്രമിച്ചിട്ടും സോവിയറ്റ് റിപ്പബ്ലിക്കുകളിലെ  ജനങ്ങള്‍ ബഹുഭൂരിപക്ഷവും വിശ്വാസികളായി തുടര്‍ന്നു. പെരിസ്‌ട്രോയിക്ക-ഗ്ലാസ്‌നോസ്റ്റിലൂടെ അഭിപ്രായ സ്വാതന്ത്ര്യം തിരിച്ചു കിട്ടിയപ്പോള്‍ നാസ്തികച്ചങ്ങലകള്‍ ജനങ്ങള്‍ വലിച്ചെറിയുകയാണ് ചെയ്തത്. 

പതിനെട്ടാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തിന്റെയും ശാസ്ത്ര-സാങ്കേതിക വികാസത്തിന്റെയും മറ പറ്റിയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പാശ്ചാത്യ നാടുകളിലെങ്കിലും നാസ്തികത പ്രബലമായത്. നാസ്തികതയിലേക്ക് മനുഷ്യനെ നയിക്കുന്ന പരിണാമവാദം ശാസ്ത്രമാണെന്ന തെറ്റായ ധാരണ വ്യാപിച്ചതോടെ അനുകൂല സാഹചര്യം രൂപപ്പെടുകയായിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഭൗതിക നിരീശ്വര വാദങ്ങള്‍ക്ക് സൈദ്ധാന്തികമായും ശാസ്ത്രീയമായും തകര്‍ച്ച സംഭവിക്കുകയും ആത്മീയലോക വീക്ഷണം പൂര്‍വോപരി ശക്തി പ്രാപിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മതം ചരിത്രത്തില്‍ നിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷമാകുമെന്ന് നിരീശ്വര ബുദ്ധി ജീവികള്‍ പ്രവചിച്ചിരുന്നുവെങ്കിലും രണ്ട് ദശകങ്ങള്‍ക്കകം മതം ശക്തമാകുന്നതായി ബോധ്യമായി. പിന്നീടവരുടെ പരാതി മതങ്ങള്‍ മടങ്ങിവരുന്നു എന്നായി! ശാസ്ത്ര-സാങ്കേതിക പുരോഗതി ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന അമേരിക്കയിലും ഔദ്യോഗിക നാസ്തിക രാഷ്ട്രമായ സോവിയറ്റ് യൂനിയനിലും ഇപ്പോള്‍ എന്താണ് സ്ഥിതിയെന്ന് മലയാളിയായ ഒരു നാസ്തിക ഗ്രന്ഥകാരന്‍ സമ്മതിക്കുന്നതിങ്ങനെയാണ്: ''അപാരമായ സമ്പത്തും സ്വാധീനവും കൊണ്ട് ജനത്തെ വരിഞ്ഞുമുറുക്കുന്ന മതത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താനാവാതെ നിരീശ്വര പ്രസ്ഥാനങ്ങള്‍ പതറുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ഏഷ്യയിലും അമേരിക്കയിലും കാണുന്നത്.''1 അതേ സമയം 'വലിയ തിരിച്ചടികള്‍ യൂറോപ്പില്‍ മതവും നേരിടുന്നു' എന്ന് അദ്ദേഹം ആശ്വസിക്കുകയും ചെയ്യുന്നുണ്ട്. യൂറോപ്പില്‍ രണ്ട് നൂറ്റാണ്ടായി മതം തിരിച്ചടികള്‍ നേരിടുകയായിരുന്നുവെന്നിരിക്കെ ഇപ്പോള്‍ 'വലിയ തിരിച്ചടികള്‍' നേരിടുന്നുവെന്ന നിരീക്ഷണം കൗതുകത്തിന് വക നല്‍കുന്നുണ്ട്. 

നാസ്തിക എഴുത്തുകാര്‍ ചൂണ്ടിക്കാട്ടുന്ന ഈ 'വലിയ തിരിച്ചടികള്‍' എന്താണ്? പ്രമുഖ ബ്രിട്ടീഷ് പരിണാമ ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ റിച്ചാഡ് ഡോക്കിന്‍സ് 'ദൈവവിഭ്രാന്തി'(God Delusion) എന്നൊരു പുസ്തകമെഴുതുകയും വന്‍തോതില്‍ വിറ്റഴിക്കപ്പെടുകയും ചെയ്തു.2 ഇതേ തുടര്‍ന്ന് ഈ കൃതി അല്‍പമൊക്കെ ചര്‍ച്ചാവിധേയമാവുകയും നാസ്തികരില്‍ ചെറിയ തോതിലെങ്കിലും ഒരുണര്‍വ് സൃഷ്ടിക്കുകയുമുണ്ടായി. മേല്‍ സൂചിപ്പിച്ച ഗ്രന്ഥകാരന്റെ വാക്കുകളിതാണ്: ''ദൈവ വിഭ്രാന്തിയുടെ അത്യുജ്ജ്വല വിജയത്തോടെ ഡോക്കിന്‍സ് ലോകമെമ്പാടുമുള്ള നിരീശ്വരവാദികളുടേയും സ്വതന്ത്ര നിരീക്ഷകരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്.''3

പുതിയ നൂറ്റാണ്ടില്‍ ഈ വിഷയകമായുണ്ടായ നാസ്തികാനുകൂല സംഭവം ഇതു മാത്രമാണ്. നവനാസ്തികത(New Atheism) എന്നാണ് ഇതിനെ വിളിക്കുന്നത്4. ഡോക്കിന്‍സിനു പുറമെ സാം ഹാരിസ്, ക്രിസ്റ്റൊഫര്‍ ഹിചന്‍സ്, മൈക്കള്‍ ഓന്‍ഫ്രേ, ഡാനിയല്‍ ഡെനെറ്റ്, വിക്റ്റര്‍ സ്റ്റെഞ്ചര്‍ തുടങ്ങിയവരാണ് ഇതില്‍ പ്രമുഖര്‍. ഇവരുടെയെല്ലാ വാദഗതികളെയും ശാസ്ത്രീയമായി ഖണ്ഡിക്കുന്ന ഒട്ടേറെ പഠനങ്ങള്‍ ഇറങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ചെറുപ്പത്തിലേ നിരീശ്വരവാദിയായിരുന്ന, പില്‍ക്കാലത്ത് വിശ്വാസിയായ തത്വശാസ്ത്ര പ്രഫസറായ എഡ്വേഡ് ഫീസറിന്റെ കൃതി ഉദാഹരണം.5 ഇക്കാലത്തെ ഏറ്റവും  ജനപ്രിയ തത്വശാസ്ത്ര എഴുത്തുകാരന്‍ എന്ന് നാഷണല്‍ റിവ്യു ഫീസറെ വിശേഷിപ്പിക്കുകയുണ്ടായി. ആധുനിക ദാര്‍ശനികരുടെ വിശകലനങ്ങളില്‍ ഏറെ അവഗാഹമുള്ള എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം എന്നോര്‍ക്കുക. എന്നാല്‍ ഡോക്കിന്‍സാകട്ടെ തത്വചിന്താപരമായി ഒരു സ്‌കൂള്‍കുട്ടിയുടെ നിലവാരത്തിലാണുതാനും. ദൈവാസ്തിക്യം മുഖ്യമായും ഒരു ശാസ്ത്രീയ പ്രശ്‌നമല്ലെന്നും ദാര്‍ശനിക പ്രശ്‌നമാണെന്നും വരുമ്പോള്‍ ഇത് കൂടുതല്‍ പ്രസക്തമാവുന്നു. 

'നിരീശ്വരവാദികളുടെയും സ്വതന്ത്ര ചിന്തകരുടെയും' ശ്രദ്ധാകേന്ദ്രമായി ഡോക്കിന്‍സ് മാറി എന്നതാണ് മുഖ്യമായും ഉണ്ടായ സംഭവം. നിരീശ്വരവാദികളെ ആവേശഭരിതരാക്കാന്‍ ഡോക്കിന്‍സിന് കഴിഞ്ഞു എന്നത് കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ നിരവധി ഡോക്കിന്‍സുമാരെ അതിജീവിച്ച മതത്തെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായി കണക്കാക്കാനാവില്ല. 

'നിരീശ്വരവാദികളുടെയും സ്വതന്ത്ര ചിന്തകരുടേയും' ശ്രദ്ധാ കേന്ദ്രമായി മാറി എന്ന പ്രസ്താവനക്കും ഒരു മറുവശമുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ നിരീശ്വരവാദികളെയും സ്വതന്ത്ര ചിന്തകരെയും ആകര്‍ഷിക്കാന്‍ ഡോക്കിന്‍സിന് കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, പലരെയും അകറ്റാനും അദ്ദേഹം കാരണമായിട്ടുണ്ട്. രവിചന്ദ്രന്‍ എഴുതുന്നു: ''ഡോക്കിന്‍സ് ഉയര്‍ത്തിക്കൊണ്ടു വരുന്ന ആശയസമരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ അനാരോഗ്യകരമായ ഒരു പ്രവണതയുടെ തുടക്കമായി കാണുന്നവരുണ്ട്; വിശേഷിച്ചും നാസ്തികരിലെ പാരമ്പര്യവാദികള്‍. നാസ്തിക ചിന്ത മതം പോലെ സംഘടനാ സ്വഭാവം കൈവരിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ ഡോക്കിന്‍സ് മുന്നോട്ടുവെക്കുന്ന സമരമുഖത്തില്‍ ആകൃഷ്ടരല്ല'' (പേജ് 17).

എന്നു തന്നെയല്ല, ഡോക്കിന്‍സിനെ നിരീശ്വര മൗലികവാദി എന്നാക്ഷേപിക്കുന്ന നാസ്തിക പ്രമുഖരുമുണ്ട്. അതിനാല്‍, നേരത്തേ തന്നെ നാസ്തികരായിരുന്ന വലിയൊരു വിഭാഗത്തെ ആവേശഭരിതരാക്കാന്‍ ഡോക്കിന്‍സിന് കഴിഞ്ഞു എന്നേ ഏറിയാല്‍ പറയാനാവൂ. ഇതിനപ്പുറം മതദര്‍ശനങ്ങളുടെ മൗലികാടിത്തറകളെ വെല്ലുവിളിക്കുന്നു എന്ന് വിശേഷിപ്പിക്കാവുന്ന വിധം താര്‍ക്കികമോ ശാസ്ത്രീയമോ ആയ ഒരൊറ്റ വാദഗതിയും മുന്നോട്ടു വെക്കാന്‍ ഡോക്കിന്‍സിന് സാധിച്ചിട്ടില്ല. മാത്രമല്ല, ആല്‍വിന്‍ പ്ലാറ്റിങ്ങയെ പോലുള്ള ആധുനിക ദാര്‍ശനികരുടെ വിലയിരുത്തല്‍ പ്രകാരം ഡോക്കിന്‍സ് തത്വശാസ്ത്രത്തില്‍ ഹൈസ്‌കൂള്‍ കുട്ടികളുടെ നിലവാരം മാത്രമുള്ള ആളാണ്. തത്വശാസ്ത്രം പ്രാഥമിക തലത്തില്‍ പോലും പഠിക്കാതെ പല വങ്കത്തങ്ങളും തന്റെ കൃതിയില്‍ ഡോക്കിന്‍സ് അണി നിരത്തുന്നുണ്ട്. 

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് അണ്ടര്‍ സ്റ്റാന്റിങ് ഓഫ് സയന്‍സിന്റെ പ്രഫസറാണ് ഡോക്കിന്‍സ്. ജീവശാസ്ത്ര പ്രൊഫസര്‍ എന്ന നിലക്ക് അദ്ദേഹം മുമ്പേ പ്രസിദ്ധനാണ്. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയുടെ പ്രതാപം അദ്ദേഹത്തിന്റെ പ്രസിദ്ധിക്ക് നിറം വര്‍ധിപ്പിച്ചിട്ടുണ്ടാകാം. എന്നാല്‍ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ തന്നെ മറ്റൊരു പ്രൊഫസറായ പീറ്റര്‍ ഹാരിസണ്‍ ഇദ്ദേഹത്തിന്റെ വാദങ്ങളെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: 'ഠതനിക്ക് അല്‍പജ്ഞാനം മാത്രമുള്ള മേഖലയിലേക്ക് വിഡ്ഢിയെപ്പോലെ ഓടിക്കയറുകയാണ്'ട ഡോക്കിന്‍സ് ചെയ്തതത്രേ! ജീവശാസ്ത്ര വിഷയങ്ങളില്‍ മാത്രം അവഗാഹമുള്ള ഒരാള്‍ ദാര്‍ശനിക മേഖലയിലെ സംവാദ വിഷയങ്ങളെപ്പറ്റി ആധികാരിക ഭാവത്തോടെ സംസാരം തുടങ്ങിയാല്‍ പരിഹാസ്യനാവില്ലേ? 

കുറിപ്പുകള്‍

1. സി. രവിചന്ദ്രന്‍, നാസ്തികനായ ദൈവം, ഡി.സി ബുക്‌സ്, 2009, പേജ് 18. റിച്ചാഡ് ഡോക്കിന്‍സിന്റെ The God Delusion എന്ന കൃതി പുനരാഖ്യാനം ചെയ്തിരിക്കുകയാണിതില്‍. ഈ വിഷയത്തില്‍ ഗ്രന്ഥകാരന് വേണ്ടത്ര അവഗാഹം ഇല്ലാത്തതു കൊണ്ട് പുനരാഖ്യാനം കാരികേച്ചറായി പലയിടത്തും മാറിയിട്ടുണ്ട്. 

2. Richard Dawkins, The God Delusion, Bantam press, 2006. 

3. പേജ് 17

4. നവ നാസ്തികതയെപ്പറ്റി വിക്കിപീഡിയ: New atheism is a social and political movement in favour of atheism and secularism promoted by a collection of modern atheist writers who have advocated the view that, religion  should not simply be tolerated but should be countered, criticised and exposed by rational argument whereever its influence arises.

5.Edward Feser, The Last Superstition: A Refutation of New Atheism (2008). ഡോക്കിന്‍സിന്റെ കൃതിയെ സയുക്തികം ഖണ്ഡിക്കുന്ന നിരവധി കൃതികളുണ്ട്. ഒരു ഐപോഡ് ട്ട്യൂട്ടര്‍ പോലുമുണ്ട്. ഇരുനൂറോളം കംപാനിയന്‍ ഓഡിയോ ട്രാക്കുകളുള്ള ഇത് ആമസോണില്‍ ലഭ്യമാണ്. രവിചന്ദ്രന്റെ 'നാസ്തികനായ ദൈവ'ത്തിന്റെ ഖണ്ഡനമാണ് ഈ ലേഖകന്റെ  'നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍' എന്ന കൃതി. ദഅ്‌വ ബുക്‌സ്, കൊച്ചിന്‍-19.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /25
എ.വൈ.ആര്‍