Prabodhanm Weekly

Pages

Search

2015 മെയ്‌ 22

ഭൂമി തട്ടിപ്പറിക്കാന്‍ നിയമം വരുമ്പോള്‍

എ. റശീദുദ്ദീന്‍ /കവര്‍‌സ്റ്റോറി

         2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ തരിപ്പണമാക്കി നരേന്ദ്ര മോദി ജയിച്ചുകയറിയപ്പോള്‍ സമീപഭാവിയിലൊന്നും ആര്‍ക്കും തകര്‍ക്കാനാവാത്ത ഭൂരിപക്ഷമാണ് ബി.ജെ.പിക്ക് ലഭിച്ചതെന്ന തോന്നലാണ് ഇന്ത്യയിലുടനീളം ഉണ്ടായത്. പുറകെ വന്ന ഏതാനും സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വിജയം ആവര്‍ത്തിച്ചതോടെ അടുത്ത പത്തോ പതിനഞ്ചോ വര്‍ഷക്കാലത്തേക്ക് മോദി തന്നെ ഇന്ത്യയെ ഭരിക്കുമെന്ന തോന്നലും സൃഷ്ടിക്കപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ ശരീരഭാഷ വീനിതവിധേയന്റേതായി മാറി. അസുഖകരമായ ഒരു ശൈലി ബി.ജെ.പി നേതാക്കളുടെ ഓരോ പ്രസംഗത്തിലും നിറഞ്ഞുനിന്നു. ഞങ്ങളെ ജനം ജയിപ്പിച്ചു, നിങ്ങളെ തോല്‍പ്പിച്ചു. സര്‍ക്കാര്‍ ചെയ്യുന്നതിനെയെല്ലാം പ്രതിപക്ഷം തിരുവായ്‌ക്കെതിര്‍ വാ പറയാതെ ഏറാന്‍ മൂളിക്കൊണ്ടേയിരിക്കണമെന്ന നിലപാടായിരുന്നു ഭരണപക്ഷത്തിന്റേത്. 

ഇത്രത്തോളം ഔദ്ധത്യം അവകാശപ്പെടാനാവുന്നതല്ല ഭരണം ഒരു വര്‍ഷം തികയാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കുമ്പോഴുള്ള ബി.ജെ.പിയുടെ ചിത്രം. സ്വന്തം കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഇന്ന് പാര്‍ട്ടിയുടെ മുഖ്യശത്രു. ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്‌ലേറ്റ് ആം ആദ്മി പാര്‍ട്ടിയുടെ ചൂലുകൊണ്ട് തൂത്തുവാരിയതോടെ വിജയപരാജയങ്ങള്‍ക്കിടയിലെ ആ ഞെട്ടിക്കുന്ന അന്തരം മോദിയുടെ 'ജനപ്രിയ പ്രതിഛായ' എന്ന പൊള്ളത്തരത്തെ വലിച്ചുകീറി. പ്രധാനമന്ത്രിയുടെ മൂക്കിന്‍ ചുവടെയുള്ള തലസ്ഥാന നഗരിയിലെ ജനങ്ങള്‍ക്കു പോലും ബി.ജെ.പിയെ ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന സത്യം ദല്‍ഹി പരാജയത്തിന്റെ അടിക്കുറിപ്പായിരുന്നു. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ നിന്നെത്തിയ ഗജേന്ദ്ര സിംഗ് എന്ന കര്‍ഷകന്‍ രാജ്യ തലസ്ഥാനത്ത് പട്ടാപ്പകല്‍ തൂങ്ങിമരിച്ചതോടെ ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റ് അനുകൂല ബില്ലുകളുടെ കാര്യത്തില്‍ സഭക്കു പുറത്തെ പരസ്യമായ 'ആയെസ്' വിളികളുടെ വോള്യം കുറഞ്ഞു തുടങ്ങി. എന്നല്ല ഇന്ന് പാര്‍ലമെന്റില്‍ പോലും ഒരുതരം ശ്മശാന മൂകതയാണ് ഈ ബില്ലിന്റെ ചര്‍ച്ചാവേളയില്‍ ബി.ജെ.പി നേതാക്കളുടെ മുഖത്ത്. സഭയില്‍ ബില്ലിനു വേണ്ടി സംസാരിക്കാന്‍ വിധിക്കപ്പെട്ടവരുടെ മുഖത്ത് നിസ്സഹായതയായിരുന്നു കാണാനുണ്ടായിരുന്നത്.

കേന്ദ്രസര്‍ക്കാറും പാര്‍ട്ടിയും രണ്ടുതട്ടിലാണെന്ന തോന്നലുണ്ടാക്കുന്ന സൂചനകളായിരുന്നു ബംഗളുരുവില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ നിന്ന് പുറത്തേക്ക് വന്നത്. ഇടവേളകളില്‍ മാധ്യമപ്രവര്‍ത്തകരോടൊപ്പം ഒരു കപ്പ് ചായകുടിക്കാന്‍ പുറത്തെത്താറുണ്ടായിരുന്ന പതിവ് നേതാക്കള്‍ പൂര്‍ണമായും ഉപേക്ഷിച്ചു. അമിത് ഷായും മോദിയും പറയുന്നതല്ലാത്ത ഒന്നും ആരും പുറത്തു പറയാതിരിക്കാനുള്ള ഇരുമ്പുകര്‍ട്ടന്‍ തന്ത്രങ്ങളായിരുന്നു ഇത്. സര്‍ക്കാറിനെ കുറിച്ച് ജനങ്ങളിലുണ്ടായ അവമതിപ്പ് ഇല്ലാതാക്കാനുള്ള പ്രചാരണം എങ്ങനെ നടത്താമെന്ന സ്റ്റഡീ ക്ലാസുകളായിരുന്നു ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കൂടുതലും നടന്നത്. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ ചൊല്ലി സംഘ്പരിവാറിലെ സഹോദര സംഘടനകള്‍ സര്‍ക്കാറുമായി യോഗത്തില്‍ കൊമ്പുകോര്‍ത്തുവെന്ന വാര്‍ത്തകള്‍ പുറകെയെത്തി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നതാണ് ശരിയെന്നും, നേതാക്കള്‍ വായമൂടിക്കെട്ടി പാര്‍ട്ടി ലൈന്‍ അംഗീകരിക്കണമെന്നും അമിത് ഷാ കണ്ണുരുട്ടി. ഇത് പഠിപ്പിക്കാനായി സമിതി അംഗങ്ങള്‍ക്ക് ലഭിച്ച കിറ്റില്‍ ഓരോ പേജിലും രണ്ടു വ്യത്യസ്ത പോസുകളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയും ജനത്തിന് കണ്ടാല്‍ മനസ്സിലാവാത്ത കുറെ ഗ്രാഫുകളുമാണ് ഉണ്ടായിരുന്നത്. പക്ഷേ അകത്തെ അതൃപ്തി അങ്ങനെ തന്നെ നിലനിന്നു. ജന്‍സംഘ് നേതാവ് ഗോവിന്ദാചാര്യ ജന്ദര്‍ മന്ദറില്‍ പരസ്യമായി തന്നെ ബില്ലിനെ എതിര്‍ത്ത് റാലി സംഘടിപ്പിച്ചു. സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിച്ച് അരുണ്‍ ഷൂരിയും രംഗത്തെത്തി. മുംബൈയിലെയും കേരളത്തിലെയും ബി.എം.എസ് നേതാക്കള്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് സംഘ്പരിവാര്‍ മതില്‍ക്കെട്ടിനു പുറത്തേക്കിറങ്ങിയതോടെ ഈ ഓട്ടയെ ബി.ജെ.പിക്ക് ഇരുട്ടുകൊണ്ട് അടക്കാനാവില്ലെന്ന കാര്യം വ്യക്തമായി.

ഭൂമി ഏറ്റെടുക്കലിന്റെ ചരിത്രം

ഭൂമി ഏറ്റെടുക്കലിന് ഇന്ത്യാ ചരിത്രത്തില്‍ രണ്ടു തരം മാതൃകകളാണ് ഇന്നോളം ഉണ്ടായിട്ടുള്ളത്. അതിലൊന്ന് 1894-ല്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റേതും രണ്ടാമത്തേത് 2011-ല്‍ മന്‍മോഹന്‍ സിംഗ് കൊണ്ടുവന്നതുമാണ്. സര്‍ക്കാറിനു വേണ്ടി പൊതുജനത്തിന്റെ സ്വത്തുവകകള്‍ ഏറ്റെടുക്കാനുള്ള അനിയന്ത്രിതമായ അധികാരമായിരുന്നു ബ്രിട്ടീഷ് സര്‍ക്കാറിന്റെ നിയമം. രാജാവ് നിശ്ചയിക്കുന്ന ഭൂമി പ്രജ കൈമാറുന്ന കോളോണിയല്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഗമായിരുന്നു ഈ നിയമം. സര്‍ക്കാര്‍ നിശ്ചയിച്ച ഭൂമി വിലയായിരുന്നു ഉടമസ്ഥന് ലഭിച്ചത്. ഈ നിയമത്തിന്റെ അടിസ്ഥാനഘടനയില്‍ ഒരു മാറ്റവും വരുത്താതെ കാലക്രമത്തില്‍ ചില ഭേദഗതികള്‍ കൊണ്ടുവരിക മാത്രമാണ് മുന്‍കാല കോണ്‍ഗ്രസ് എന്‍.ഡി.എ സര്‍ക്കാറുകള്‍ ചെയ്തത്. പൊതുമേഖലയുടെ ആവശ്യത്തിനു വേണ്ടി മാത്രമല്ല സ്വകാര്യ സംരംഭകര്‍ക്കു വേണ്ടിയും ഭൂമി ഏറ്റെടുക്കാമെന്നത് 1984-ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതിയായിരുന്നു. വസ്തുതകളെ വസ്തുതകളായി പറയുമ്പോള്‍ മന്‍മോഹന്‍ സിംഗ് മാത്രമായിരുന്നു ഈ നിയമത്തില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവന്നത്. ഭൂമി നഷ്ടപ്പെടുന്നവരുടെ അവകാശങ്ങളെ വകവെച്ച ആദ്യത്തെ സര്‍ക്കാരായിരുന്നു അത്. ഈ നിയമം പൂര്‍ണമായും ഇല്ലാതാക്കാനും പകരം ബ്രിട്ടീഷ് നിയമം തിരികെ കൊണ്ടുവരാനുമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തിടുക്കം കൂട്ടുന്നത്.

വന്‍കിട പദ്ധതികള്‍ക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനിടെ കുടിയൊഴിപ്പിക്കുന്നവരുടെ കാര്യത്തില്‍ സാമൂഹിക ആഘാതത്തെ കുറിച്ച പഠനം നടത്തണമെന്ന നിര്‍ദേശമായിരുന്നു യു.പി.എ കൊണ്ടുവന്ന ബില്ലിലെ മുഖ്യ നിര്‍ദേശങ്ങളിലൊന്ന്. സ്വകാര്യ പദ്ധതികളുടെ കാര്യത്തില്‍ 80 ശതമാനം ഭൂവുടമകളുടെയും സര്‍ക്കാര്‍-സ്വകാര്യ സംയുക്ത സംരംഭങ്ങളില്‍ 70 ശതമാനം ഭൂവുടമകളുടെയും അനുവാദം തേടുക, ഗ്രാമീണ മേഖലയില്‍ കമ്പോളവിലയുടെ നാലു മടങ്ങും നഗരങ്ങളില്‍ രണ്ടു മടങ്ങും ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഏറ്റെടുക്കുന്ന സമയത്തെ വിളകളുടെയും മറ്റ് കുഴിക്കൂറുചമയങ്ങളുടെയും നഷ്ടം സര്‍ക്കാര്‍ നികത്തുക, അനിവാര്യ സാഹചര്യങ്ങളിലല്ലാതെ ബഹുവിള കൃഷിയിടങ്ങള്‍ ഏറ്റെടുക്കാതിരിക്കുകയും ഇത്തരം കൃഷിഭൂമികള്‍ ഏറ്റെടുക്കുന്നത് സംസ്ഥാനത്തെ മൊത്തം ബഹുവിള കൃഷിയിടങ്ങളുടെ അഞ്ചു ശതമാനത്തില്‍ അധികമാവാതിരിക്കുകയും ചെയ്യുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് പുതിയ കൃഷിയിടങ്ങള്‍ സംസ്ഥാനത്ത് വികസിപ്പിക്കുക, നഷ്ടപ്പെടുന്ന ബഹുവിള കൃഷിയിടങ്ങള്‍ക്കു തുല്യമായ അളവില്‍ പുതിയ കൃഷിഭൂമി വളര്‍ത്തിയെടുക്കാന്‍ നഷ്ടപരിഹാര തുകക്ക് തുല്യമായ പ്രത്യേക ഫണ്ട് സര്‍ക്കാര്‍ സ്വരൂപിക്കുക, ഏറ്റെടുത്ത കൃഷിഭൂമി ഉപയോഗിക്കാതെ വെച്ചാല്‍ അഞ്ചു വര്‍ഷത്തിനകം തിരിച്ചെടുക്കുക തുടങ്ങിയ സുപ്രധാനമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു യു.പി.എ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാര, പുനരധിവാസ ബില്‍. ഈ നഷ്ടപരിഹാര, പുനരധിവാസ വ്യവസ്ഥകളെ എടുത്തുമാറ്റി കര്‍ഷകനെ വഴിയാധാരമാക്കുന്ന വ്യവസ്ഥകളാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്. പഴയ ബില്ലിനേക്കാള്‍ മെച്ചപ്പെട്ടതെന്ന് പറയാനാവുന്ന ഒരു വ്യവസ്ഥ പോലും ഇപ്പോഴത്തെ ബില്ലില്‍ ഉണ്ടായിരുന്നില്ല. പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടിയുള്ള പദ്ധതികളായതു കൊണ്ടാണ് സാമൂഹിക സുരക്ഷാ ഭേദഗതികളും ഭൂവുടമകളുടെ അനുവാദം തേടുന്നതുമായി ബന്ധപ്പെട്ട ഭേദഗതികളും 2013-ലെ നിയമത്തില്‍ നിന്ന് നീക്കം ചെയ്തതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ യാഥാര്‍ഥ്യവുമായി ഈ വാദങ്ങള്‍ക്ക് വിദൂര ബന്ധം പോലുമില്ല.

ഭൂമി ഏറ്റെടുക്കല്‍ ബില്ലും വസ്തുതകളും

മുടങ്ങിക്കിടക്കുന്ന വന്‍കിട പദ്ധതികളുടെ പശ്ചാത്തലത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ ബില്‍ അനിവാര്യമാകുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഗ്രാമീണ മേഖലയില്‍ ദരിദ്രര്‍ക്കുള്ള ഭവന പദ്ധതികള്‍ വിപുലീകരിക്കുന്നതിനും ഊര്‍ജ വിതരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവരികയല്ലാതെ നിവൃത്തിയില്ല എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ ന്യായങ്ങളൊന്നും വസ്തുതാപരമല്ലെന്നും രാജ്യത്ത് വെറും 8 ശതമാനം പദ്ധതികളെ മാത്രമേ ഭൂമിയില്ലായ്മ ബാധിച്ചിട്ടുള്ളൂ എന്നുമാണ് സര്‍ക്കാറിന്റെ തന്നെ രേഖകള്‍ പറയുന്നത്. ധനകാര്യ മന്ത്രാലയം വിവരാവകാശ നിയമമനുസരിച്ചുള്ള ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ 24 സംസ്ഥാനങ്ങളിലായി രാജ്യത്ത് മുടങ്ങിക്കിടക്കുന്ന 804 വന്‍കിട പദ്ധതികളില്‍ വെറും 66 എണ്ണത്തില്‍ മാത്രമാണ്  ഭൂമിയുടെ ലഭ്യതക്കുറവ് തടസ്സമായി നില്‍ക്കുന്നതെന്ന് അറിയിച്ചത്. 125 പദ്ധതികള്‍ മുടങ്ങിക്കിടക്കുന്ന മഹാരാഷ്ട്രയും 65 പദ്ധതികള്‍ മുടങ്ങിക്കിടക്കുന്ന ഗുജറാത്തുമാണ് ഈ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത്. ഭൂമി ലഭ്യത മറ്റേത് സംസ്ഥാനത്ത് തടസ്സമായാലും 'വൈബ്രന്റ് ഗുജറാത്തി'ല്‍ അതായിരുന്നില്ലല്ലോ ഇതുവരെ ഉണ്ടായിരുന്ന ചിത്രം. 39 ശതമാനം പദ്ധതികളുടെയും തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അടിസ്ഥാന വിഭവങ്ങളുടെ അഭാവം, മാര്‍ക്കറ്റില്‍ വന്ന പ്രതികൂല സാഹചര്യങ്ങള്‍, നടത്തിപ്പുകാരുടെ കൈയിലെ പണമില്ലായ്മ, ഊര്‍ജ ദൗര്‍ലഭ്യം മുതലായ കാരണങ്ങളാണ്. 'മറ്റു കാരണ'ങ്ങളെ ചൊല്ലി 19 ശതമാനം പദ്ധതികളും, കാരണം വ്യക്തമല്ലാതെ 15 ശതമാനം പദ്ധതികളും മുടങ്ങിക്കിടക്കുന്നു. ക്ലിയറന്‍സ് ലഭിക്കാത്തതു മൂലം മുടങ്ങിയ 16 ശതമാനം പദ്ധതികളുമുണ്ട്.

മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ ഉടമസ്ഥാവകാശം പരിശോധിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് 145 എണ്ണമെങ്കിലും വന്‍കിട ധനികരുടേതാണ്. സ്റ്റാര്‍ ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, റിസോര്‍ട്ടുകള്‍, ഗോള്‍ഫ് കോഴ്‌സുകള്‍, റേസ് കോഴ്‌സുകള്‍, വന്‍കിട പാര്‍പ്പിട സമുച്ചയങ്ങള്‍, മള്‍ട്ടിപ്ലക്‌സുകള്‍ മുതലായവയുടെ നിര്‍മാണമാണ് ഇങ്ങനെ തടസ്സപ്പെട്ടത്. ഭൂമി കിട്ടാത്തതായിരുന്നില്ല ഇവയുടെ പ്രശ്‌നം. പുതിയ നഗരങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടിയുള്ള 25 പദ്ധതികള്‍ ഭൂമി കിട്ടാത്തതു മൂലം തടസ്സപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. ഇവിടെയും കുടിയൊഴിപ്പിക്കപ്പെടുന്നവരും ഗുണഭോക്താക്കളും ആരെന്ന കണക്കെടുത്താല്‍ മറുപക്ഷത്തായിരിക്കും പാവപ്പെട്ടവര്‍. ബി.ജെ.പി ഭരിക്കുന്ന ചത്തീസ്ഗഢില്‍ റായ്പൂര്‍ നഗരത്തിനു പുറത്ത് പുതിയ തലസ്ഥാനം നിര്‍മിക്കാനായി 8000 ഹെക്ടര്‍ കൃഷിഭൂമിയായിരുന്നു ഒഴിപ്പിച്ചെടുത്തതെന്നും ഇത്തരം കൂട്ട കുടിയൊഴിപ്പിക്കലുകളാണ് യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പുതിയ നിയമം കൊണ്ടുവരാന്‍ വഴിയൊരുക്കിയതെന്നും ഓര്‍ക്കുക. ഭൂമി കിട്ടാതെ മുടങ്ങിക്കിടക്കുന്നവയില്‍ 16 എണ്ണം മാത്രമാണ് പാവപ്പെട്ടവരുമായി ഏതോ പ്രകാരത്തില്‍ ബന്ധപ്പെട്ടവ. അതായത് 8 ശതമാനം മാത്രം. മുടങ്ങിക്കിടക്കുന്ന മൊത്തം പദ്ധതികളുടെ 1.36 ശതമാനം മാത്രമാണ് പാവങ്ങളെ സഹായിക്കുന്നവയെങ്കില്‍ 18 ശതമാനം പദ്ധതികളും പണച്ചാക്കുകളെ സഹായിക്കാനുള്ളവയാണ്. ഇവയില്‍ തന്നെ 78 ശതമാനം പദ്ധതികളും സ്വകാര്യ സംരംഭക കൂട്ടായ്മകളാണ്. വിമാനത്താവളങ്ങള്‍, പ്രത്യേക സാമ്പത്തിക സോണുകള്‍, റെയില്‍വേ, റോഡു വികസന പദ്ധതികള്‍ മുതലായവയും മുടങ്ങിക്കിടക്കുന്നവയുടെ കൂട്ടത്തിലുണ്ട്. അടിവരയിട്ടു പറയേണ്ടുന്ന കാര്യം ഇവയുടെ മുഖ്യതടസ്സം ഭൂമിയുടെ ലഭ്യത അല്ലായിരുന്നു, മറിച്ച് മറ്റു കാരണങ്ങള്‍ ആയിരുന്നു എന്നതു തന്നെയാണ്. ഈ കമ്പനികളുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് പഠിക്കുമ്പോള്‍ ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പണം നല്‍കിയ പല പ്രമുഖരുടെയും പേരുകള്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ വെബ് സൈറ്റില്‍ കണ്ടെത്താനാവും.

അംബാനി, അദാനി പോലുള്ള കൊമ്പന്‍ സ്രാവുകളെ പട്ടികയില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ തന്നെ കോടികള്‍ ഇഷ്ടം പോലെ വലിച്ചെറിഞ്ഞു കൊടുത്ത എത്രയെങ്കിലും പേര്‍ ഈ പട്ടികകളിലുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളില്‍ ഒന്നായ ലോധാ ഡ്വല്ലേഴ്‌സ് മാത്രം ആറ് കോടി 99 ലക്ഷമാണ് ബി.ജെ.പിക്കു നല്‍കിയത്. മഹാരാഷ്ട്രയിലെ മുടങ്ങിക്കിടക്കുന്ന ആഡംബര പ്രോജക്ടുകളില്‍ ചിലത് ഇവരുടേതാണ്. പാതി പണിപൂര്‍ത്തിയാക്കിയ പ്രോജക്ടുകള്‍ മുന്നോട്ടു കൊണ്ടുപോകാനായി മറ്റെവിടെയെങ്കിലും ഭൂമി ഏറ്റെടുത്ത് പുതിയ റിയല്‍ എസ്റ്റേറ്റ് സമുച്ചയത്തിന്റെ പരസ്യം നല്‍കി കോടികള്‍ സ്വരൂപിക്കുന്ന ഇത്തരക്കാരുടെ ബിസിനസ് കാപട്യമാണ് 2003-ല്‍ യു.പി.എ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ നിയമത്തിനു ശേഷം തടസ്സപ്പെട്ടത്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ബില്ലും ഇതോടൊപ്പം യു.പി.എ പാര്‍ലമെന്റില്‍ കൊണ്ടുവന്നിരുന്നു. ഈ നിയമങ്ങള്‍ നട്ടെല്ലൊടിച്ച ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മാഫിയക്കു വേണ്ടിയാണ് അക്ഷരാര്‍ഥത്തില്‍ ഇന്ന് പാര്‍ലമെന്റിലെ ഓരോ നിയമവും പാസ്സാക്കപ്പെടുന്നത്. മഹാരാഷ്ട്രയാണ് ബി.ജെ.പിക്ക് ഏറ്റവുമധികം 'ബാധ്യത'യുള്ള സംസ്ഥാനം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ കോടികളാണ് ബി.ജെ.പിക്ക് ഈ സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മാഫിയ നല്‍കിയത്. തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ കണക്കില്‍ പോലും പാന്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ ചേര്‍ക്കാത്ത 759.75 ലക്ഷം രൂപ പാര്‍ട്ടി മഹാരാഷ്ട്രയില്‍ നിന്ന് സ്വീകരിച്ചതായി സമ്മതിക്കുന്നുണ്ട്. നാലു വര്‍ഷക്കാലയളവില്‍ ഗുജറാത്തില്‍ നിന്ന് പാര്‍ട്ടി പിരിച്ചെടുത്തത് 769 കോടിയാണ്. ഊര്‍ജ കമ്പനികളും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമൊക്കെയാണ് സഹായം നല്‍കിയ പ്രമുഖരുടെ പട്ടികയിലുള്ളത്. ഈ പ്രമുഖരെല്ലാം തന്നെ പുതിയ പ്രോജക്ടുകളുടെ പ്രായോജകരായി രംഗത്തുള്ളത് യാദൃഛികമാണെന്ന് വിശ്വസിക്കാനാവുമോ?

മുന്‍ സര്‍ക്കാറിന്റെ കാലത്ത് മതിയായ ആലോചനകളില്ലാതെ 'ധൃതിയില്‍ കൊണ്ടുവന്ന' ഭൂമി ഏറ്റെടുക്കല്‍ ബില്‍ കര്‍ഷകര്‍ക്ക് അനുകൂലമാക്കുകയാണ് തന്റെ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പക്ഷേ ഇതെ കുറിച്ച് മോദി റേഡിയോയിലും അങ്ങാടികളിലും വിശദീകരിച്ചു. അതേസമയം ബി.ജെ.പി ഈ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തിരുന്നു എന്ന കാര്യം പ്രധാനമന്ത്രി മറന്നു.

പാര്‍ലമെന്റില്‍ സംഭവിക്കുന്നത്

ജനാധിപത്യത്തിന്റെ മിക്ക സ്തംഭങ്ങളും തച്ചുടക്കപ്പെടുന്ന ചിത്രമാണ് ഇപ്പോഴത്തെ ഇന്ത്യയിലുള്ളത്. മന്ത്രിമാര്‍ പോലും കാണാതെയാണ് പ്രധാനപ്പെട്ട ഫയലുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തേണ്ടത്. അതിനു വേണ്ടി വകുപ്പുമായി വിശേഷിച്ചു ബന്ധമില്ലാത്ത സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ എട്ട് പുതിയ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടു കഴിഞ്ഞു. ആഭ്യന്തര സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും സാമ്പത്തിക വര്‍ക്കിംഗ് ഗ്രൂപ്പിലെ ഫയലുകളില്‍ അതിവേഗം തീര്‍പ്പു കല്‍പ്പിക്കുന്ന ജോലി കൂടി ഇനിമുതല്‍ ചെയ്യണം. സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും വ്യവസായങ്ങള്‍ക്കുള്ള വര്‍ക്കിംഗ് ഗ്രൂപ്പിലും തീരുമാനമെടുക്കണം. വക്കീലായ റാഡ്കഌഫ് സായിപ്പിനെ കൊണ്ട് ഇന്ത്യക്കും പാകിസ്താനുമിടയിലെ അതിര്‍ത്തി ഒറ്റ മാസം കൊണ്ട് വരപ്പിച്ച ലോര്‍ഡ് മൗണ്ട്ബാറ്റണ്‍ പ്രഭുവിനെയാണ് പ്രധാനമന്ത്രി ഓര്‍മിപ്പിക്കുന്നത്. വെട്ടിമുറിക്കപ്പെടുന്ന ഭൂപ്രദേശങ്ങളെ കുറിച്ച് കൂടുതല്‍ അറിയാതിരിക്കലാണ് തീരുമാനം വേഗത്തിലെടുക്കാന്‍ സഹായിക്കുകയെന്നാണ് മൗണ്ട്ബാറ്റന് തോന്നിയത്. ഓരോ വകുപ്പിലെയും സൂക്ഷ്മമായ നിയമങ്ങള്‍ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയാത്തവരെക്കൊണ്ട് തീര്‍പ്പു കല്‍പ്പിക്കുന്ന സുപ്രധാന ഫയലുകള്‍ ഇതാണ് ഇന്ത്യയെ ഓര്‍മിപ്പിക്കുന്നത്. മോദിയുടെ ഭരണം തീരുന്ന അഞ്ചു വര്‍ഷം കൊണ്ട് 'പ്രതിശീര്‍ഷ വരുമാനം' എന്ന കള്ളക്കണക്കില്‍ കുതിച്ചു ചാട്ടം ഉണ്ടാവുമായിരിക്കും. പക്ഷേ എനിക്കും മുതലാളിക്കും കൂടി മാസത്തില്‍ 10 ലക്ഷത്തി അഞ്ഞൂറ് രൂപ വരുമാനം എന്നു പറഞ്ഞ പാവം തൊഴിലാളിയുടെ അവസ്ഥയാണ് ഇന്ത്യയിലെ സാധാരണക്കാരനെ കാത്തിരിക്കുന്നത്.

രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന കാലത്ത് സഭയിലെത്തിയ ബില്ലുകള്‍ക്ക് എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളുടെ പൊതുസ്വഭാവം അവ ഏതോ പ്രകാരത്തില്‍ ജനകീയ അവകാശങ്ങളെ എടുത്തു കളയുന്നു എന്നതാണ്. സഭയുടെയും ഭരണയന്ത്രത്തിന്റെയും നടപ്പു നിയമങ്ങളെ കുറുക്കുവഴികളിലൂടെ മറികടന്നതത്രയും കോര്‍പറേറ്റുകള്‍ക്കു വേണ്ടിയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കങ്ങള്‍ക്കു പിന്നില്‍ പോലും ഒരുതരം കോര്‍പറേറ്റ് ദാസ്യമുണ്ട്. ഗ്രാമീണ മേഖലയില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വേതനം ഫാക്ടറികളില്‍ നല്‍കാനാഗ്രഹിക്കുന്ന മോദി സര്‍ക്കാറിന് ഈ ഏര്‍പ്പാട് എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു കിട്ടുകയാണ് ലക്ഷ്യം. തൊഴിലാളികള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് നേടിയ മുഴുവന്‍ അവകാശങ്ങളുടെയും കടയ്ക്കലാണ് കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ കത്തിവെച്ചത്. തൊഴില്‍ സുരക്ഷ ഇനിമുതല്‍ വിദൂര സ്വപ്നമാവും. ആരെയും എപ്പോഴും പിരിച്ചു വിടാനാവും. ഏത് ഫാക്ടറിയും മുതലാളിയുടെ ഇഛാനുസരണം, ആര്‍ക്കും ഒരു നഷ്ടപരിഹാരവും നല്‍കാതെ അടച്ചുപൂട്ടാനാവും. അത്യാവശ്യ ഘട്ടങ്ങളില്‍ പോലും സമരം ചെയ്യാന്‍ ഇനി ഇന്ത്യന്‍ തൊഴിലാളിക്കു കഴിയില്ല. സേവന-വേതന നിലവാരം മുതലാളിമാര്‍ക്ക് അനുകൂലമാക്കി മാറ്റി മുഴുവന്‍ അന്താരാഷ്ട്ര ഉല്‍പ്പാദകരെയും ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്നതിന്റെ ഓമനപ്പേരായാണ് 'മേക്ക് ഇന്‍ ഇന്ത്യ' മാറുന്നത്. ബാലവേലയുടെ നിര്‍വചനം പോലും ഇതനുസരിച്ച് മാറ്റിയെഴുതി.

മാധ്യമങ്ങള്‍ക്ക് സംഭവിക്കുന്നത്

രാഹുല്‍ ഗാന്ധിയെ മണ്ടനായി ചിത്രീകരിച്ചും, കോണ്‍ഗ്രസിന്റെ കാലത്ത് ഇന്ത്യയില്‍ വികസനം മുരടിച്ചുവെന്ന് കൊട്ടിഘോഷിച്ചും ആം ആദ്മി പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റിയും ദേശീയ മാധ്യമങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ബി.ജെ.പിയുടെ അടുക്കളപ്പണി ചെയ്യുകയാണിപ്പോള്‍. ബുദ്ധി തെളിയാനുള്ള ധ്യാനത്തിനു പോയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച രാഹുല്‍ പക്ഷേ വായ തുറക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് പാര്‍ട്ടിക്കകത്ത് ഇത്രയും കാലം പോരാടിയതെന്നാണ് ഒടുവില്‍ വ്യക്തമാകുന്നത്. തനിക്കു മേല്‍ പാര്‍ട്ടിയിലെ താപ്പാനകള്‍ വരിഞ്ഞു മുറുക്കിയ ചങ്ങലകളെയാണ് അദ്ദേഹം യഥാര്‍ഥത്തില്‍ പൊട്ടിച്ചത്. അഹമ്മദ് പട്ടേലിനെയും മോത്തിലാല്‍ വോറയെയും പോലുള്ള 'വോട്ടില്ലാ നേതാക്ക'ളുടെ ഉപദേശം സ്വീകരിച്ച് പാര്‍ട്ടി നാണക്കേടിന്റെ പടുകുഴി തോണ്ടുന്നതിനിടെ രാഹുല്‍ സ്വന്തം വഴി  കണ്ടെത്തിയപ്പോള്‍ രാഹുലിനെതിരെ വരുണ്‍ ഗാന്ധിയും സ്മൃതി ഇറാനിയും നടത്തുന്ന ഏത് നാലാംകിട പ്രസ്താവനയും ബ്രേക്കിംഗ് ന്യൂസുകളായി മാറ്റിയെടുക്കാന്‍ തുടങ്ങി. 40 ദിവസം വിപാസനാ ധ്യാനം നടത്തിയാല്‍ ഇത്രയും തിരിച്ചറിവ് ഉണ്ടാകുമെങ്കില്‍ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തകരാകുന്നതിന് ഈ ധ്യാന കോഴ്‌സില്‍ ചേര്‍ന്നാല്‍ മാത്രം മതിയല്ലോ.

ഇ.ടി.വി, സി.എന്‍.എന്‍, ഐ.ബി.എന്‍, ഫസ്റ്റ് പോസ്റ്റ് മുതലായ നിരവധി മാധ്യമ സംരംഭങ്ങള്‍ ഉള്‍പ്പെട്ട ടി.വി 18 ഗ്രൂപ്പിന്റെ 79 ശതമാനം ഓഹരികളും എന്‍.ഡി.ടി.വിയുടെ 29 ശതമാനം ഓഹരികളും റിലയന്‍സ്, അംബാനി പോലുള്ള വന്‍കിട മുതലാളിമാര്‍ കൈക്കലാക്കിയതിലൂടെ ഇന്ത്യന്‍ മാധ്യമ ലോകത്ത് സംഭവിച്ച അടിമത്തമായിരുന്നു യഥാര്‍ഥത്തില്‍ ബി.ജെ.പി അധികാരത്തിലെത്താനുണ്ടായ കാരണം. മോദി എന്താണെന്നോ ഗുജറാത്ത് മോഡല്‍ എന്താണെന്നോ തുറന്നു പറയാനുള്ള ധൈര്യം ഒരു ചാനലിനും പത്രത്തിനും ഉണ്ടായിരുന്നില്ല. ഇന്നും ഇവര്‍ക്ക് അതിനുള്ള ധൈര്യമില്ല. അതുകൊണ്ടാണ് കര്‍ഷക ആത്മഹത്യകള്‍ പെരുകുന്ന രാജ്യത്ത് കൃഷിഭൂമി അക്ഷരാര്‍ഥത്തില്‍ തട്ടിപ്പറിക്കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമ്പോഴും ഒറ്റ രൂപ പ്രീമിയമുള്ള പ്രധാനമന്ത്രി ഭീമ ഇന്‍ഷുറന്‍സിനെ കുറിച്ചു മാത്രം വായിട്ടലക്കാന്‍ മാധ്യമ സമൂഹം നിര്‍ബന്ധിതരാകുന്നത്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /25
എ.വൈ.ആര്‍