മദ്‌റസകള്‍ മാറ്റത്തിന്റെ കേന്ദ്രങ്ങളാവട്ടെ
മദ്‌റസകള്‍ മാറ്റത്തിന്റെ കേന്ദ്രങ്ങളാവട്ടെ
പള്ളികളായിരുന്നു പണ്ട് മുസ്‌ലിംകളുടെ പാഠശാലകള്‍. ഹദീസ്, തഫ്‌സീര്‍, അഖീദ, താരീഖ് തുടങ്ങിയ വിഷയങ്ങള്‍ മാത്രമല്ല, ഭാഷ, സാഹിത്യം, ഗണിതം, വൈദ്യം, ഭൂമിശാസ്ത്രം തുടങ്ങിയ വിജ്ഞാനങ്ങളും അഭ്യസിച്ചിരുന്നത് പള്ളിയില്‍ വെച്ച് തന്നെയായിരുന്നു. അന്ന് വിദ്യാഭ്യാസത്തെ മതപരം, ഭൗതികം എന്ന് വേര്‍തിരിച്ചിരുന്നില്ല. ഖുര്‍ആന്‍ വ്യാഖ്യാനം, ഫിഖ്ഹ്, അഖീദ തുടങ്ങിയ വിഷയങ്ങളും പ്രകൃതി ശാസ്ത്രം, വൈദ്യം, ഗണിതം തുടങ്ങിയ വിജ്ഞാനങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്നവരായിരുന്നു അന്നത്തെ പണ്ഡിതന്മാരില്‍ പലരും. കാലക്രമത്തില്‍ വിജ്ഞാനത്തെ മതപരം, ഭൗതികം എന്നിങ്ങനെ വേര്‍തിരിച്ചു. ഭൗതിക വിജ്ഞാനങ്ങളെ പള്ളികളില്‍ നിന്ന് വേര്‍പ്പെടുത്തുകയും മതപഠനത്തിന് മാത്രമുള്ള കേന്ദ്രങ്ങളായി അവ മാറുകയും ചെയ്തു. മതവിദ്യാഭ്യാസമെന്നാല്‍ മതകര്‍മങ്ങളനുഷ്ഠിക്കാനുള്ള പരിശീലനം എന്നായി ഇന്നത് ചുരുങ്ങുകയും ചെയ്തിരിക്കുന്നു. പുതിയ തലമുറക്ക് അതുമാത്രം ലഭിച്ചതുകൊണ്ട് എന്താണ് നേടാനാവുക?
വിദ്യയുടെ കാതല്‍ ആത്മസംസ്‌കരണമാണ്. കാണരുതാത്തത് കണ്ടുകൊണ്ടും കേള്‍ക്കരുതാത്തത് കേട്ടുകൊണ്ടും നമുക്ക് മുന്‍പിലൊരു തലമുറ വളരുന്നു. ഈ ഇടുങ്ങിയ പാതയില്‍ നിന്ന് വിശാലമായ പാതയിലേക്ക് വഴികാണിക്കാന്‍ നിലവിലുള്ള മദ്‌റസാധ്യാപന രീതി തീര്‍ത്തും അപര്യാപ്തമാണ്. മദ്‌റസാ പഠനം കഴിഞ്ഞുവരുന്ന ഒരു കുട്ടിക്ക് നിരവധി നിരീശ്വര പ്രവണതകളെയും ചിന്താഗതികളെയും ആദര്‍ശങ്ങളെയും അഭിമുഖീകരിക്കേണ്ടതുണ്ട്. അവയെ അതിജീവിക്കാന്‍ പുത്തന്‍ തലമുറയെ പ്രാപ്തമാക്കുന്നതില്‍ മതവിദ്യാഭ്യാസം പരാജയപ്പെടുകയാണ്. ഭാവിയില്‍ ഒരുത്തമ മുസ്‌ലിമായി ജീവിക്കാന്‍ വേണ്ട കരുത്ത് മദ്‌റസകളില്‍ വെച്ചുതന്നെ കുട്ടികള്‍ക്ക് ലഭിക്കേണ്ടതുണ്ട്.
പ്രാഥമിക മദ്‌റസാ അധ്യയന രീതിയിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. പാഠ്യപുസ്തകങ്ങളിലെ ഭാഷ ലളിതമായിരിക്കണം. l†CG ,l†oQEG ,l™rHEG എന്നൊക്കെ പഠിപ്പിക്കുന്നതിനു പകരം ദീനുമായി ബന്ധപ്പെട്ട പദങ്ങള്‍ പഠിപ്പിക്കാവുന്നതാണ്. റഹീം, റബ്ബ്, റസൂല്‍, ജിബ്‌രീല്‍, ആദം എന്നിങ്ങനെ അല്ലാഹുവിന്റെ നാമങ്ങളും നബിമാരുടെയും മലക്കുകളുടെയും പേരുകളും ഇസ്‌ലാമിലെ സാങ്കേതിക പദങ്ങളുമാണെങ്കില്‍ അവ കുട്ടികളുടെ മനസ്സില്‍ പതിഞ്ഞുകിടക്കും. മറ്റൊന്ന് ഖുര്‍ആന്‍ ഭംഗിയോടെ ഓതാന്‍ ശീലിപ്പിക്കലാണ്. ഖിറാഅത്ത് പഠിപ്പിക്കുന്നതിന് ടെക്‌നോളജിയുടെ സഹായവും പ്രയോജനപ്പെടുത്താം.
നബിയുടെ കാലത്ത് യുദ്ധങ്ങള്‍, അവ നടന്ന വര്‍ഷം, പടയാളികളുടെ എണ്ണം, കൊന്നൊടുക്കിയ ശത്രുക്കളുടെ എണ്ണം, അവരില്‍ നിന്ന് പിടിച്ചെടുത്ത യുദ്ധമുതലുകളുടെ അളവ് ഇതൊക്കെ പഠിപ്പിക്കുന്നതിന് പകരം, ചരിത്രത്തില്‍ നിന്ന് പാഠവും ആവേശവും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഉള്ളടക്കമായിരിക്കണം ഉള്‍പ്പെടുത്തേണ്ടത്. നബിമാര്‍ വരിച്ച ത്യാഗങ്ങള്‍, അവര്‍ക്ക് അല്ലാഹുവിലുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസം, അല്ലാഹുവില്‍ നിന്നവര്‍ക്ക് ലഭിച്ച അത്ഭുതകരമായ സഹായങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കാം. 'നബി(സ)യും അനുചരന്മാരും നാടും വീടും സ്വത്തുമെല്ലാം ഉപേക്ഷിച്ചു മദീനയിലേക്ക് പോയതെന്തിന്' എന്ന് ചോദിച്ചാല്‍ 'ഇസ്‌ലാമിനു വേണ്ടി' എന്ന് ഉത്തരം പറയാന്‍ കുട്ടികള്‍ക്ക് കഴിയുന്ന വിധത്തിലായിരിക്കണം ഹിജ്‌റയെ കുറിച്ച് പഠിപ്പിക്കുന്നത്. ഈ വിധ വിഷയങ്ങളില്‍ പാഠപുസ്തകങ്ങളെക്കാള്‍ ദൃശ്യാവിഷ്‌കാരങ്ങളാണ് ഉപകാരപ്രദം.
പരിശീലനം സിദ്ധിച്ച അധ്യാപകരുടെ ക്ഷാമമാണ് മദ്‌റസാധ്യാപനരംഗത്തെ പ്രധാന പ്രശ്‌നം. ഇന്നുള്ള മദ്‌റസാധ്യാപകരില്‍ പലരും പള്ളിദര്‍സുകളില്‍ ഒന്നോ രണ്ടോ കൊല്ലം ഓതി ഇടക്ക് പഠനം നിര്‍ത്തിയവരാണ്. പഠന ബോധന പ്രക്രിയയിലെ അതിപ്രധാന ഘടകമാണ് അധ്യാപകന്‍. രാഷ്ട്ര നിര്‍മാതാവ്, മാനവതയുടെ എഞ്ചിനീയര്‍, തലമുറയുടെ വിധാതാവ് എന്നെല്ലാമാണ് അധ്യാപകന് നല്‍കപ്പെടുന്ന വിശേഷണങ്ങള്‍. മദ്‌റസാധ്യാപനം സുഗമവും ശാസ്ത്രീയവുമാക്കാന്‍ നിലവിലുള്ള അധ്യാപകര്‍ക്ക് ഹ്രസ്വകാല പരിശീലന കോഴ്‌സ് ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. അധ്യാപകര്‍ കുട്ടികളുടെ മനഃശാസ്ത്രവും അധ്യാപനരീതികളും പഠിച്ചവരായിരിക്കണം. സ്ത്രീകളെയും ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. കുഞ്ഞുങ്ങളുടെ വ്യക്തിത്വ രൂപീകരണത്തിലും വികാസത്തിലും കാര്യമായ പങ്കു നിര്‍വഹിക്കേണ്ടത് സ്ത്രീകളാണ്. മാത്രമല്ല, അധ്യാപക ക്ഷാമം പരിഹരിക്കാനും ഇതുപകരിക്കും.
മദ്‌റസാധ്യാപകന് സമൂഹത്തിലുള്ള സ്ഥാനമാണ് മറ്റൊരു പ്രശ്‌നം. അതുകൊണ്ട് തന്നെ പ്രാപ്തരായവര്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ മടിക്കുന്നു. വേതനം വര്‍ധിപ്പിച്ചുകൊണ്ട് അധ്യാപകര്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം ഉയര്‍ത്താനും, കഴിവുള്ളവരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനും സാധിക്കും. മറ്റൊരു ജോലിയും കിട്ടാതെ വരുമ്പോള്‍ മദ്‌റസാധ്യാപകനാവുക എന്നതാണ് ഇന്നത്തെ അവസ്ഥ. വിദ്യാര്‍ഥികളുടെ സംസ്‌കാരം രൂപീകരിക്കുന്നതില്‍ മദ്‌റസാധ്യാപകര്‍ക്കുള്ള പങ്കിനെപ്പറ്റി ബോധമുണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് സ്ഥാനം നല്‍കാനും വേതനം നല്‍കാനും സമൂഹം മുന്നോട്ടുവരുമായിരുന്നു.
മദ്‌റസയും മദ്‌റസാധ്യാപകരും സമൂഹത്തിന്റെ അവശ്യഘടകങ്ങളായി മാറേണ്ടതുണ്ട്. അധ്യാപക രക്ഷാകര്‍തൃ സമിതികള്‍ രൂപീകരിച്ചും രക്ഷിതാക്കള്‍ ഇടക്കിടെ മദ്‌റസ സന്ദര്‍ശിച്ചും ബന്ധം ശക്തിപ്പെടുത്തണം. മദ്‌റസകള്‍ കമ്യൂണിറ്റി സെന്ററുകളാവണം. ആളുകള്‍ക്ക് ഒന്നിച്ചു കൂടാനുള്ള അവസരമായിരിക്കണം അത്. മദ്‌റസ സമൂഹത്തെ മാറ്റിയെടുക്കാനുള്ള കേന്ദ്രമായി മാറണം. സാമൂഹിക പ്രശ്‌നങ്ങള്‍ വരെ അവിടെ വെച്ച് പരിഹരിക്കാന്‍ കഴിയണം.
സഫ അബ്ദുര്‍റഹ്മാന്‍ അല്‍ജാമിഅ, ശാന്തപുരം
ഫാഷിസത്തിനെതിരായ യോജിച്ച പോരാട്ടം
കാലഘട്ടത്തിന്റെ ആവശ്യം
ടി.എന്‍ ജോയിയുമായി ഫസല്‍ കാതിക്കോട് നടത്തിയ അഭിമുഖം (ലക്കം 2899) ശ്രദ്ധേയമായിരുന്നു. 'ഈ കറുത്ത കാലഘട്ടത്തില്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് ചെയ്യാനുള്ള ഏറ്റവും പ്രധാന രാഷ്ട്രീയ ദൗത്യം ഫാഷിസത്തിനെതിരെ പ്രതിരോധം തീര്‍ക്കുക എന്നുള്ളതാണെന്ന് ഞാന്‍ കരുതുന്നു. എന്റെ ബാക്കിയുള്ള ശരീരവും അതിന്റെ പിന്നിലെ സര്‍വ ഊര്‍ജവും ഫാഷിസത്തിനെതിരായ പ്രതിരോധത്തിനായി സമര്‍പ്പിക്കുകയാണ്' എന്ന ജോയിയുടെ ധീരവും ശക്തവുമായ പ്രഖ്യാപനം ഇവിടത്തെ പൊതു മണ്ഡലത്തിന് മേല്‍ പ്രതിധ്വനിക്കുന്ന ഇടിമുഴക്കമാണ്.
അഭിമുഖത്തിലുടനീളം ജോയി നിരത്തിയ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ മനുഷ്യ സ്‌നേഹികളുടെ ഹൃദയങ്ങളെ നൊമ്പരപ്പെടുത്തുന്നുണ്ട്. ഫാഷിസമെന്ന ഭീകരാവസ്ഥയെ വളരെ ആഴത്തില്‍ പഠിച്ച ഒരാളില്‍ നിന്നല്ലാതെ ഇത്തരം പ്രസ്താവങ്ങള്‍ കേള്‍ക്കാനാവില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ നാം ആര്‍ജിച്ച നവോത്ഥാന മൂല്യങ്ങളും സാംസ്‌കാരിക മുന്നേറ്റങ്ങളും കാത്തുസൂക്ഷിക്കാനും അതിനെതിരെയുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും, പ്രതികരിക്കാനും വ്യഗ്രത കാണിച്ചിരുന്ന മതേതര ജനാധിപത്യ ശക്തികള്‍ ഇന്ന് നിരാശാ ബാധിതരും ദുര്‍ബലരുമാണ്. ഭീഷണികളില്‍ തളരാത്ത നേതാക്കളുടെ തലമുറ കടന്നുപോവുകയും ഒറ്റപ്പെട്ട പ്രതികരണങ്ങളും ചെറുത്തുനില്‍പുകളും പൊതുധാരയില്‍ പ്രകടമാകാതെ വിഫലമാവുകയും ചെയ്യുന്നു. എതിര്‍ക്കുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുന്ന ഫാഷിസത്തിനെതിരെ യോജിച്ച പോരാട്ടത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
കെ.എ അബ്ദുര്‍റസാഖ്, കലൂര്‍
രാമനും റഹ്മാനും
പാതിരാവിലും പ്രഭാതത്തിലുംപ്രാര്ഥനാ നിര്‍ഭരമാണ് മനസ്സ്
പടപ്പുകള്‍ക്ക് വേണ്ടി പോരാടാന്‍
പ്രതിജ്ഞയെടുത്ത മനസ്സ്
പ്രാര്‍ഥന കഴിഞ്ഞ്
പ്രഭാതം പൊട്ടി വിടരും മുമ്പ്
പ്രഭാതസവാരി ജീവിത ചര്യയാണ്
പ്രിയരോടൊന്നിച്ചുള്ള യാത്ര തിരിച്ചു
പാതകളും പാലങ്ങളും പാടങ്ങളും
പാളങ്ങളും താണ്ടിയുള്ള യാത്ര
പ്രകാശത്തില്‍ പൊന്‍വെട്ടത്തില്‍
പോര്‍വിളിച്ച് വരുന്ന ട്രെയിന്‍
പാളത്തിന്‍ നടുവില്‍ പകച്ചു നില്‍ക്കുന്ന
പരദേശിയായി വന്ന രാമേട്ടനെന്ന ദത്ത് പുത്രന്‍
പേര്‍ത്തും പേര്‍ത്തും അട്ടഹസിച്ചു
പക്ഷേ രാമേട്ടന്‍ ബധിരനാണ്
പതഞ്ഞു പൊങ്ങിയ സ്‌നേഹാനുകമ്പ
പിടയുന്ന സഹോദരനെയോര്‍ത്ത്
പിടക്കുന്ന ഹൃദയവുമായി
പാളത്തിലേക്ക് ചാടി റഹ്മാന്‍
പ്രഭാതം പൊട്ടി വിടരും മുമ്പേ
പൊലിഞ്ഞു പോയി കാരുണ്യ പ്രഭ
പരബ്രഹ്മത്തിന്റെ അടിമകള്‍ക്ക്
പര സ്‌നേഹത്തിന്റെ മാതൃക
പരകോടി മനുഷ്യര്‍ക്ക് പാഠമായ്
പാറി പറക്കട്ടെ സ്വര്‍ഗത്തില്‍
പരശ്ശതം രക്തസാക്ഷികള്‍ക്കൊപ്പം
* ബധിരനായ രാമന്‍ എന്ന സുഹൃത്തിനെ രക്ഷിക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി മരണപ്പെട്ട പി.വി അബ്ദുര്‍റഹ്്മാന്‍ കടലുണ്ടിയെപ്പറ്റി. അപകടത്തില്‍ രാമനും മരണപ്പെട്ടു.
മാമുകോയ കടലുണ്ടി
സാദിഖ് മൗലവി
സ്മരണിക
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാംഗമായിരുന്ന മര്‍ഹൂം സി.ടി സാദിഖ് മൗലവിയെക്കുറിച്ച് ഓര്‍മപ്പുസ്തകം തയാറാക്കാന്‍ ഉദ്ദേശിക്കുന്നു. അദ്ദേഹത്തെ അടുത്തറിയുന്നവര്‍ തങ്ങളുടെ അനുഭവങ്ങളും ഓര്‍മകളും ജൂണ്‍ 15-ന് മുമ്പായി അയച്ചുതരണമെന്ന് അഭ്യര്‍ഥിക്കുന്നു. അയക്കേണ്ട വിലാസം: ശമീം ചൂനൂര്‍, ലൈബ്രേറിയന്‍, അല്‍ജാമിഅ ശാന്തപുരം, പട്ടിക്കാട്, മലപ്പുറം 679325. ഇമെയില്‍ [email protected]. ഫോണ്‍: 8907226522, 9947553803
Comments