ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ നേപ്പാള്‍ അനുഭവങ്ങള്‍
നേപ്പാള്‍ ഭൂകമ്പ ബാധിതരെ സാധ്യമാകും വിധം സഹായിക്കാന്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി വിവിധ പദ്ധതികളാവിഷ്‌കരിച്ചിരിക്കുന്നു. ദുരന്ത പ്രദേശങ്ങളില്‍ ദല്‍ഹിയില്‍ നിന്ന് വിഷന്‍ 2016-ന്റെ വളണ്ടിയര്‍ ടീമും കേരളത്തില്‍ നിന്ന് ഐ.ആര്‍.ഡബ്ല്യൂ വളണ്ടിയര്‍മാരും മെഡിക്കല്‍ ടീമും നേപ്പാളിലെത്തിയിട്ടുണ്ട്. ഐ.ആര്‍.ഡബ്ല്യു വളണ്ടിയര്‍മാരായ ഷംസുദ്ദീന്‍, ബഷീര്‍ ശര്‍ഖി, സാലിഹ് മാസ്റ്റര്‍ എന്നിവര്‍ നേപ്പാളില്‍ നിന്ന് തയാറാക്കി അയച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അനുഭവക്കുറിപ്പാണിത്.
ഐഡിയല്‍ റിലീഫ് വിംഗിന്റെ കേരളാ പൈലറ്റ് ടീം അംഗങ്ങളായ ഞങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ 27 ന് രണ്ട് മണിക്ക് നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്ര തിരിച്ച് പിറ്റേ ദിവസം കാലത്ത് ഒമ്പത് മണിക്ക് കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങി. നേപ്പാള്‍ ഇസ്‌ലാമി സംഘ് പ്രതിനിധികളായ അബുല്‍ കലാമും ഖുര്‍ഷിദ് ആലമും വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. അവര്‍ നേപ്പാളി ജാമിഅ് മസ്ജിദിലേക്കാണ് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയത്. പള്ളിയുടെ താഴെ നിലയിലുള്ള റിലീഫ് ഓഫീസിലാണ് ഞങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. നേപ്പാള്‍ ഇസ്‌ലാം സംഘ് അമീര്‍ നസ്‌റുല്‍ ഹസന്‍ ഇസ്‌ലാഹിയും, റിലീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ മുഅസ്സിമും ഞങ്ങളെ സ്വീകരിച്ചു.
ദല്‍ഹിയില്‍ നിന്നുള്ള റിദ്‌വാന്‍ റഫീഖും ഞങ്ങളെ അനുഗമിച്ചിരുന്നു. ഞങ്ങള്‍ മസ്ജിദുല്‍ ജാമിഇല്‍ എത്തുന്നതിന്റെ തൊട്ടുമുമ്പ് ബംഗ്ലാദേശില്‍ നിന്നുള്ള ഡോക്ടര്‍മാര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമും, തുര്‍ക്കിയില്‍ നിന്നുള്ള 28 വളണ്ടിയര്‍മാരും എത്തിയിരുന്നു.
ഞങ്ങളുടെ അന്വേഷണത്തില്‍ നേപ്പാളിലെ 75 ജില്ലകളില്‍ 38 ജില്ലകളിലും ഭൂകമ്പം ബാധിച്ചതായി അറിയാന്‍ കഴിഞ്ഞു. 40 ലക്ഷം ആളുകള്‍ ഭൂകമ്പത്തിന് ഇരകളായിട്ടുണ്ട്. പതിനായിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
വളരെ വേദനാജനകമായ ദൃശ്യങ്ങളാണ് തുടര്‍ന്നുള്ള യാത്രയില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. ഖുത്വുബ് മിനാറിന് സമാനമായ സുന്ദാരയിലെ മിനാരം തകര്‍ന്ന് കിടക്കുന്നു. എണ്‍പതിലധികം പേരാണ് ഇവിടെ മരിച്ചത്. സന്ദര്‍ശകരായ വിദ്യാര്‍ഥികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. 9 നിലകളുള്ള ഈ പ്രശസ്ത മിനാരം സമീപത്തുള്ള കടകളുടെ മുകളിലേക്ക് വീഴുകയായിരുന്നു.
തുടര്‍ന്ന് ന്യൂറോഡിലുള്ള വസന്ത് പൂര്‍ സന്ദര്‍ശിച്ചു. കാഠ്മണ്ഡുവിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ വൃഥ്വി നാരായണ്‍ ഷാ നിര്‍മിച്ച മനോഹരമായ കൊത്തുപണികളുള്ള ഈ ദര്‍ബാര്‍ ഭാഗികമായി തകര്‍ന്നിരിക്കുന്നു. ഇതിനോട് ചേര്‍ന്നുള്ള കൃഷ്ണമന്ദിരവും ഓള്‍ഡ് ഹനുമാന്‍ മന്ദിരവും പൂര്‍ണമായും തകര്‍ന്നടിഞ്ഞിരിക്കുന്നു. കാഷുമണ്ഡപ് മന്ദിരവും തകര്‍ന്ന് 50 ലധികം പേര്‍ മരിച്ചിട്ടുണ്ട്. ഇവിടെ ബി.ബി.സി പ്രതിനിധികളും ജര്‍മനി, ജപ്പാന്‍, പോളണ്ട്, മലേഷ്യ, തുര്‍ക്കി, മുതലായ രാജ്യങ്ങളിലെ റിലീഫ് പ്രവര്‍ത്തകരും ഉണ്ടായിരുന്നു.
പിന്നീട് അഭയാര്‍ഥി ക്യാമ്പുകളിലെത്തി. ട്വഡ്വിഖേല്‍ പാര്‍ക്കിലെ ടെന്റില്‍ താമസിക്കുന്നവരുടെ അവസ്ഥ വളരെ ദയനീയമാണ്. ഇടക്കിടെ പെയ്യുന്ന മഴ ആയിരത്തിലധികം പേര്‍ താമസിക്കുന്ന ടെന്റിലെ ജീവിതം ദുരിത പൂര്‍ണമാക്കുന്നു. കുടുംബത്തെ തിരിച്ച് കിട്ടിയ സന്തോഷമാണ് എല്ലാം നഷ്ടപ്പെട്ടിട്ടും 15 വര്‍ഷം ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ച ഗണേഷന് പങ്കിടാനുണ്ടായിരുന്നത്. രാത്രിയായതിനാല്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് താമസസ്ഥലത്തേക്ക് ചെന്ന് അടുത്ത ദിവസത്തെ പരിപാടികള്‍ക്ക് രൂപരേഖ തയാറാക്കി.
ഐ.ആര്‍.ഡബ്ല്യൂ അറിയിച്ചതനുസരിച്ച് രണ്ട് ഡോക്ടര്‍മാരുടെ മൃതദേഹങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കാഠ്മണ്ഡു മെഡിക്കല്‍ കോളേജില്‍ പോയി. മലയാളികളായ ഡോ. ഇര്‍ഷാദിന്റെയും ദീപക് കളപ്പുരലിന്റെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ ഉണ്ടെന്നറിഞ്ഞിരുന്നു. മോര്‍ച്ചറിയിലെ കാഴ്ച ഹൃദയഭേദകമായിരുന്നു. വെറും തറയില്‍ നിരത്തിയിട്ടിരിക്കുന്ന നൂറുകണക്കിന് മൃതദേഹങ്ങള്‍. അംഗഭംഗം വന്നതും വികൃതവുമായ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബന്ധുക്കള്‍ പണിപ്പെടുകയാണ്. ഡോ. ഇര്‍ഷാദിന്റെയും ഡോ.ദീപകിന്റെയും മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നതായി വിവരം കിട്ടി. നേപ്പാളി മലയാളി സമാജം പ്രവര്‍ത്തകരായ ഉണ്ണിക്കൃഷ്ണന്‍, മുരളീധരന്‍, ഭാസ്‌കരന്‍ എന്നിവര്‍ മോര്‍ച്ചറിയുടെ മുമ്പില്‍ എന്തു സഹായവും ചെയ്യാനായി ഉണ്ടായിരുന്നു. മലയാള മനോരമ, മാതൃഭൂമി ചാനലുകളുടെ ന്യൂസ് റിപ്പോര്‍ട്ടര്‍മാരായ അജിത് എറണാകുളം, ബല്‍റാം മണ്ണാര്‍ക്കാട് എന്നിവരെ കാണുകയും, പരിചയപ്പെട്ട് വാര്‍ത്തകള്‍ കൈമാറുകയും ചെയ്തു. മരണപ്പെട്ട ഇര്‍ഷാദിന്റെ സഹോദരനെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് മലമ്പ്രദേശമായി 'ദുലിഖേല്‍' എന്ന സ്ഥലത്ത് പോയി. ചൈനയുടെ മെഡിക്കല്‍ ക്യാമ്പ് അവിടെ സജീവമാണ്. അവര്‍ കുട്ടികള്‍ക്കായി പ്രത്യേക സൗകര്യവും ചെയ്തിരിക്കുന്നു. അവിടെ നിന്ന് ഭക്തിപൂരിലേക്ക് ആണ് ഞങ്ങള്‍ പോയത്. ബുദ്ധവിഹാരങ്ങളും സ്‌നാന കേന്ദ്രങ്ങളും നിരവധിയുള്ള പ്രദേശമാണ് ഭക്തിപൂര്‍. അവിടത്തെ പുരാതനമായ നിരവധി സ്മാരകങ്ങള്‍ തകര്‍ന്ന് കിടക്കുന്നു. വളരെ തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമാണിത്. അവിടെയുള്ള മ്യൂസിയത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ഇഷ്ടികയില്‍ നിര്‍മിച്ച അടുത്തടുത്ത് നില്‍ക്കുന്ന ബഹുനില കെട്ടിടങ്ങളെല്ലാം പൂര്‍ണമായോ ഭാഗികമായോ ഭൂകമ്പത്തിന്റെ കെടുതിയില്‍ പെട്ടിട്ടുണ്ട്.ഇത് പൊളിച്ചു മാറ്റി പുതിയത് നിര്‍മിക്കുക ഒട്ടും എളുപ്പമല്ല. ഇവിടെയുള്ള 125 മുസ്‌ലിം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഭക്തിപൂര്‍ ജുമാമസ്ജിദിലാണ് താമസിക്കുന്നത്. ഭക്ഷണം ഒന്നിച്ച് പാകം ചെയ്ത് കഴിക്കുന്നു. ഭക്തിപൂര്‍ ഹിന്ദു- മുസ്‌ലിം മതമൈത്രിയുടെ ഒരു മകുടോദാഹരണമാണ്.
ഭക്തിപൂര്‍ ഡര്‍ബാര്‍ സ്‌ക്വയറില്‍ വെച്ച് പഞ്ചാബ്കാരി മന്ദീപ് എന്ന സ്ത്രീ ഞങ്ങളെ കണ്ട് അടുത്ത് വന്നു. നാല് ദിവസമായി വെള്ളം കിട്ടിയിട്ടില്ലെന്നും അതിനുള്ള സൗകര്യം ചെയ്യണമെന്നും പറഞ്ഞു. ഉത്തരവാദപ്പെട്ടവരെ കണ്ട് വേണ്ടത് ചെയ്യാമെന്ന് ഞങ്ങള്‍ അവര്‍ക്ക് ഉറപ്പ് കൊടുത്തു. മടക്കയാത്രയില്‍, രണ്ട് മണിക്കൂര്‍ വാഹനം കാത്തിരുന്ന് കിട്ടാതിരുന്ന രണ്ട് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചു. യാത്രയില്‍ മലേഷ്യക്കാരായ യുസ്‌രി ഉസ്മാന്‍ , അസ്‌രി ജലാലുദ്ദീന്‍ എന്നിവര്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.മുഅല്ലിം അന്‍സാരിയാണ് ഞങ്ങള്‍ക്ക് വഴി കാണിച്ച് തന്നിരുന്നത്. ഏഴ് ദിവസം സര്‍ക്കാര്‍ ഇവിടെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.അതുകൊണ്ട് കടകളൊന്നും തുറക്കുന്നില്ല. അവശ്യ വസ്തുക്കള്‍ വാങ്ങിക്കാന്‍ യാതൊരു മാര്‍ഗവുമില്ല.
ഡോ. മുഅസ്സിം സാഹിബിന്റെ നേതൃത്വത്തില്‍ ഇസ്‌ലാം സംഘ് എന്ന സംഘടന ഒരു റിലീഫ് ക്യാമ്പ് നടത്തുന്നുണ്ട്. ഇതിന്റെ വളണ്ടിയര്‍മാര്‍ രാപ്പകലില്ലാതെ വിവിധമേഖലകളില്‍ സേവനമര്‍പ്പിച്ച് വരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് എന്‍.ജി.ഒകള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്തോനേഷ്യ, മലേഷ്യ, തുര്‍ക്കി, പാക്കിസ്താന്‍, ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, ജര്‍മനി, പോളണ്ട്, ജപ്പാന്‍, തുടങ്ങി പലരാജ്യങ്ങളും അത്യാധുനിക രക്ഷാ സംവിധാനങ്ങളുമായാണ് വന്നിരിക്കുന്നത്.
മൂന്നാം ദിവസം രാവിലെ ലോറിയില്‍ നിന്ന് ചരക്കുകള്‍ ഇറക്കുകയും വിതരണം ചെയ്യാനുള്ള സാധനങ്ങള്‍ കയറ്റുകയും ചെയ്തു.പിന്നീട് ഞങ്ങള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും, അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാനും പോയി. ടര്‍ക്കിഷോര്‍ ജില്ലയിലെ ജിത്ത്പൂര്‍, ഗോള്‍ഡുംഗ മുനിസിപ്പാലിറ്റിയിലെ 'ഫോയില്‍ ടോക്ക്' എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഫോയില്‍ ടോക്കില്‍ ധാരാളം വീടുകള്‍ തകര്‍ന്ന് കിടന്നിരുന്നു. 22 പേര്‍ അവിടെ മരണപ്പെട്ടു. ഇതുവരെ ഒരു സഹായവും അവര്‍ക്ക് കിട്ടിയിട്ടില്ല. മച്ചപൊക്കിരി എന്ന സ്ഥലത്ത് രണ്ട് മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് എടുത്ത് മോര്‍ച്ചറിയിലേക്ക് കൊണ്ട് പോകുന്നത് കണ്ടു.ക്യാമ്പില്‍ നിന്ന് തിരിച്ചെത്തി ലോറിയില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ ഇറക്കി.
മെയ് ഒന്നിന് രാവിലെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സേവനവിഭാഗം സെക്രട്ടറി മൗലാനാ ഷഫീമദനി സാഹിബും സംഘവും എത്തിച്ചേര്‍ന്നു. ദീര്‍ഘനേരം അദ്ദേഹം നേപ്പാള്‍ ഇസ്‌ലാമിക് സംഘ് നേതാക്കള്‍ക്കൊപ്പം കാര്യങ്ങള്‍ അവലോകനം ചെയ്തു. ജുമുഅ നമസ്‌കാരത്തിന് ശേഷം മൗലാനയുടെയും സംഘത്തിന്റെയും കൂടെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വൈകുന്നേരം വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ മുഴുവന്‍ എന്‍.ജി.ഒ കളുമായി ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ വിലയിരുത്തി. മൗലാനാ ഷാഫീ മദനി സാഹിബ് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം കൊടുത്തു.
മെയ് രണ്ടിന് രാവിലെ വിതരണത്തിനുള്ള സാധനങ്ങള്‍ കയറ്റുകയും ഇറക്കുകയും ചെയ്തു. നേപ്പാള്‍ ഇസ്‌ലാമിക് സംഘിന്റെ മെഡിക്കല്‍ സംഘത്തോടൊപ്പം ലളിത്പൂര്‍ ജില്ലയിലെ ലുബു എന്ന ഗ്രാമത്തില്‍ എത്തുമ്പോള്‍ ഞങ്ങള്‍ മെഡിക്കല്‍ ക്യാമ്പിനുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തു.അബ്ദുല്‍ അസീസ് എന്ന വളണ്ടിയറോടൊപ്പം ഗ്രാമത്തില്‍ തകര്‍ന്നടിഞ്ഞ വീടുകള്‍ ചുറ്റിനടന്ന് കണ്ടു. 3066 വീടുകളുള്ളതില്‍ 600 വീടുകള്‍ തകര്‍ന്നിരിക്കുന്നു. 11 പേരാണ് ഇവിടെ മരണപ്പെട്ടത്. ലൂബു യൂത്ത് ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ സേവനരംഗത്ത് കര്‍മനിരതരാണ്. ടര്‍പ്പായ, കുടിവെള്ളം, ഭക്ഷണം എന്നിവക്ക് വേണ്ടി അവര്‍ നെട്ടോട്ടമോടുകയാണ്. ചെറിയ കുഞ്ഞുങ്ങളും വൃദ്ധരുമൊന്നിച്ച് വയലുകളില്‍ പ്ലാസ്റ്റിക് ടെന്റുകളിലാണ് താമസം. രാത്രി കൊതുകിന്റെ ശല്യം മൂലം ഉറങ്ങാന്‍ കഴിയുന്നില്ല എന്നവര്‍ പരാതിപ്പെട്ടു. പിന്നീട് ഗ്രാമവാസികളായ സുരേഷ് മഹാജന്റെയും മുന്നാഖാന്റെയും കൂടെ 'ടുങ്കിന്‍' എന്ന മലമുകളിലേക്ക് യാത്ര തിരിച്ചു. ദീര്‍ഘമായ ചുരം കയറി അരമണിക്കുറു കൊണ്ട് മലമുകളിലെത്തി. 241 വീടുകള്‍ വളരെ വിദൂരങ്ങളായ സ്ഥലങ്ങളിലാണ്. 200- ഓളം വീടുകള്‍ തകരുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നു. ഇതൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. ഉടന്‍ മലയിറങ്ങി താഴ്‌വരയിലുള്ള ഗൈരിഗാവില്‍ എത്തി. 45 ദലിത് വീടുകളുള്ള ഈ സ്ഥലത്ത് കാര്യമായ ഒരു സഹായവും കിട്ടിയിരുന്നില്ല. ആറ് വീടുകള്‍ പൂര്‍ണമായും ബാക്കിയുള്ളവ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഭൂകമ്പത്താല്‍ മാനസികമായി തകര്‍ന്ന നിരവധി സ്ത്രീ-പുരുഷന്മാരെ അവിടെ കാണാന്‍ കഴിഞ്ഞു. ഐ.ആര്‍.ഡബ്ല്യൂ വളണ്ടിയര്‍മാര്‍ അവരെ ആശ്വസിപ്പിച്ചു. ഇമാടോള്‍ ഗ്രാമത്തിലെ അസീസിയ പള്ളിയില്‍ നിന്ന് നമസ്‌കാര ശേഷം സിദ്ധിപൂരിലെ സാനുഗാവ് എന്ന സ്ഥലത്ത് ചെന്നു. സുരേന്ദ്രന്‍ അമത്തേയായിരുന്നു ഞങ്ങള്‍ക്ക് വഴികാട്ടി. 11000 വീടുകളില്‍ 200 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ബാക്കിയുള്ളവയലിലധികവും ഭാഗികമായി തകര്‍ന്നതാണ്. 11 പേര്‍ മരിക്കുകയും 250 പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെളുത്തുള്ളി കൃഷി ചെയ്യുന്ന പാടങ്ങളിലാണ് അവര്‍ ടെന്റുകള്‍ കെട്ടി താമസിക്കുന്നത്. 80 അംഗങ്ങളുള്ള 12 കുടുംബങ്ങള്‍ ഒരു ടെന്റില്‍ താമസിക്കുന്നത് ആരേയും വേദനിപ്പിക്കുന്ന കാഴ്ചയാണ്.
മറ്റൊരു ടെന്റില്‍ 60 അംഗങ്ങളുള്ള 5 കുടുംബങ്ങള്‍ താമസിക്കുന്നു. തരുദേവി മഹാജന്‍ എന്ന സ്ത്രീയുടെ നേതൃത്വത്തിലുള്ള ടെന്റില്‍ 25 അംഗങ്ങളുള്ള അഞ്ച് കുടുംബങ്ങളെയും കാണാന്‍ കഴിഞ്ഞു. ഭൂകമ്പ സന്ദര്‍ഭത്തിലെ അവസ്ഥയെ കുറിച്ച് ആരാഞ്ഞ ഐ.ആര്‍.ഡബ്ലൂ വളണ്ടിയര്‍മാരോട് 63 വയസ്സ് പ്രായമായ ഗംഗാമായയും 47 വയസ്സുള്ള നച്ചിമായയും പറഞ്ഞത്, ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് ഞങ്ങള്‍ ഉയര്‍ന്ന് പോകുന്നതായി തോന്നി എന്നാണ്. ഡോക്ടര്‍മാര്‍ ഇല്ലാത്തത് കൊണ്ട് മരുന്നുകള്‍ മാത്രം വിതരണം ചെയ്യുന്ന സിദ്ധിപൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് പ്രമോഷന്‍ സെല്‍ പ്രവര്‍ത്തകരുടെ സേവനം അഭിനന്ദനാര്‍ഹമാണ്.
മെയ് മൂന്നിന് സുബ്ഹിക്ക് ശേഷം 300 ഭക്ഷണ പാക്കറ്റുകള്‍ തയാറാക്കി. പ്രാതലിനു ശേഷം ഡോക്ടര്‍മാര്‍ അടങ്ങുന്ന ഐ.ആര്‍.ഡബ്ല്യൂ സംഘത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയി. അവരെ സ്വീകരിച്ച് പള്ളിയിലെത്തിച്ചു. ഭൂകമ്പ ബാധിത പ്രദേശങ്ങളായ വസന്തപൂര്‍, സുന്ദാശ എന്നീ സ്ഥലങ്ങള്‍ കാണിക്കാന്‍ കൊണ്ടുപോയി. മഗ്‌രിബിന് ശേഷം യോഗം ചേരുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഡോ. അബ്ദുസ്സലാം ആലപ്പുഴ, ഡോ. അബ്ദുല്‍ അസീസ് കുറ്റിയാടി എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പിന്റെ ലീഡറായി ഡോ. നസീറിനെയും റമീസ്, റബീസ്, ജാബിര്‍ എന്നീ പാരാമെഡിക്കല്‍ ഗ്രൂപ്പിന്റെ ലീഡറായി സലീമിനെയും തെരഞ്ഞെടുത്തു. വളണ്ടിയര്‍ വകുപ്പിലേക്ക് റസാഖ് കാളമുറി, ഷാഹുല്‍ ഹമീദ് ആലുവ എന്നിവരെയും, ഭക്ഷണ ചുമതല സാലിഹ് മാസ്റ്റര്‍, ചേക്കുട്ടി കുരിക്കള്‍, കാസിം മൗലവി, അബ്ദുല്ലത്വീഫ് എന്നിവരെയും ചുമതലപ്പെടുത്തി. അസി, ലീഡറായി നജീബിനെ നിയമിച്ചു. മൗലാന ഷഫീ മദനി സാഹിബിന്റെ പ്രാര്‍ഥനയും നിര്‍ദേശങ്ങളും ഉല്‍ബോധനവും പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുന്നതായിരുന്നു. ഡോ. മുഅസ്സം, നസ്‌റുല്‍ ഹസന്‍ ഫലാഹി എന്നിവരുമായി കൂടിയാലോചന നടത്തി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.
മെയ് നാലിന് ഷഫീ മദനിയുടെ സാരോപദേശങ്ങളടങ്ങിയ ക്ലാസിന് ശേഷം 300 ഭക്ഷണക്കിറ്റുകള്‍ തയ്യാറാക്കി. തുടര്‍ന്ന് ലളിത്പൂര്‍ ജില്ലയിലെ സിദ്ധിപൂര്‍ ഗ്രാമത്തിലെ സാനുഗാ എന്ന സ്ഥലത്ത് മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ പോയി. ലളിത് അക്കാദമി സ്‌കൂളില്‍ ക്യാമ്പ് ആരംഭിച്ചു. 306 രോഗികളെ പരിശോധിച്ചു, മരുന്നുകള്‍ നല്‍കി. ഗംഗാ മഹാജന്‍ എന്ന സമ്പന്നയായ സ്ത്രീ (ബുദ്ധമതം),മഹേന്ദ്രകുമാര്‍ മഹാവര്‍ദ്ധന്‍ , സുരേഷ്, മുന്നാ സുരേന്ദ്രന്‍ എന്നിവര്‍ ക്യാമ്പിനാവശ്യമായ സഹായം നല്‍കി. ഭക്ഷണത്തിനും നമസ്‌കാരത്തിനും ശേഷം ഗൈരിഗാവ് എന്ന സ്ഥലത്ത് ക്യാമ്പ് നടത്തി. വളരെ സാധുക്കളായ ദലിതര്‍ താമസിക്കുന്ന സ്ഥലമാണത്. 115 രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കി. ഞങ്ങളെ സഹായിക്കാനായി ദ്വിഭാഷികളായ ആളുകളുണ്ടായിരുന്നു. പിന്നെ അടുത്ത ദിവസത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്ലാനിംഗ് തയാറാക്കി.
Comments