ഭൂവിതരണമെന്നാല്‍ കൃഷിഭൂമി വിതരണമാണ്
ഇന്ത്യയില്‍ ഏറ്റവും മികച്ച ഭൂപരിഷ്‌കരണം നടന്നുവെന്ന് മേനി നടിക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു പരിധി വരെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ അവകാശവാദം വസ്തുനിഷ്ഠമാണ്. സര്‍വേകള്‍ പ്രകാരം, കേരള ജനതയില്‍ 95 ശതമാനം പേരും സ്വന്തം വീടുകളില്‍ താമസിക്കുന്നവരാണ്. അതായത്, ഒരു വീട് വെക്കാനാവശ്യമായ ഭൂമി കേരളത്തിലെ 95 ശതമാനം പേരും സ്വന്തമായി ആര്‍ജിച്ചിരിക്കുന്നു. എന്നാല്‍, ഇത് ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി നിലവില്‍ വന്ന നേട്ടമാണോ എന്നും, പുരയിടം അഥവാ വീട് വെക്കാനാവശ്യമായ ഭൂമി ലഭ്യമാക്കുകയായിരുന്നോ ഭൂപരിഷ്‌കരണത്തിന്റെ ലക്ഷ്യമെന്നും പരിശോധിക്കേണ്ടതുണ്ട്.
ദേശീയ സാംപിള്‍ സര്‍വേകളിലെ വിവരങ്ങളനുസരിച്ച് ഗവേഷകയായ ഉത്സാ പട്‌നായിക് ചില കണക്കുകള്‍ അവതരിപ്പിക്കുന്നുണ്ട്. അത് പ്രകാരം, കേരളത്തിലെ 35 ശതമാനം പേര്‍ ഭൂരഹിതരാണ്. ഇതിനര്‍ഥം ഇവര്‍ക്ക് വീട് വെക്കാനുള്ള ഭൂമി ഇല്ല എന്നല്ല. കേരളത്തിലെ ഭൂപരിഷ്‌കരണ പ്രക്രിയയില്‍ ഇവര്‍ക്ക് ഭൂമി ലഭിച്ചില്ല എന്നാണ്. അങ്ങനെ ഭൂമി ലഭിക്കാതെ പോയവര്‍ ആരൊക്കെ, എന്തുകൊണ്ടാണ് അവര്‍ക്ക് ഭൂമി ലഭിക്കാതെ പോയത്, ഭൂമി ലഭിക്കാതെ പോയവര്‍ പിന്നീട് വീട് വെക്കാനുള്ള ഭൂമി കണ്ടെത്തിയതെങ്ങെന - ഇത്തരം ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
കേരളത്തില്‍ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നിലനിന്ന കാര്‍ഷിക വ്യവസ്ഥ നാടുവാഴിത്തമായിരുന്നു. ഒരു പ്രദേശത്ത് ഒരു വന്‍കിട ഭൂജന്മി, ജന്മിയുടെ കീഴില്‍ ഭൂമി കൈവശപ്പെടുത്തിയ കുടിയാന്മാര്‍, കുടിയാന്മാരുടെ കീഴില്‍ അടിമത്ത സമാനമായി മണ്ണില്‍ പണിയെടുത്തുകൊണ്ടിരുന്ന കര്‍ഷകത്തൊഴിലാളികള്‍- ഇങ്ങനെയായിരുന്നു ആ അധികാരശ്രേണി. ഭൂമിയുടെ യഥാര്‍ഥ ഉടമസ്ഥന്‍ ജന്മിയായിരുന്നു. ഭൂമിയുടെ കൈവശാവകാശം കുടിയാനായിരുന്നെങ്കിലും അതില്‍ കൃഷിചെയ്ത് ജന്മിക്ക് പാട്ടം നല്‍കുകയായിരുന്നു കുടിയാന്‍ ചെയ്തുകൊണ്ടിരുന്നത്. ഭൂമി കൈമാറ്റം ചെയ്യാന്‍ കുടിയാന് അധികാരമുണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് ഭൂമി നിയമങ്ങളില്‍ മാറ്റം വന്നതിന്റെ ഭാഗമായി കുടിയാന് താരതമ്യേന കൂടുതല്‍ അധികാരം ഭൂമിയില്‍ ലഭിച്ചു. എന്നാല്‍, നാടുവാഴി സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ ബ്രിട്ടീഷുകാര്‍ തയാറായില്ല. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളത്തിലുയര്‍ന്ന് വന്ന ജാതി വിരുദ്ധ കലാപങ്ങളും, സ്വാതന്ത്ര്യാനന്തരം കേരള സംസ്ഥാനം രൂപപ്പെട്ടതും നാടുവാഴിത്തത്തിന് അന്ത്യം കുറിച്ചു.
ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സ്വാഭാവികമായി നടക്കേണ്ട പ്രക്രിയയായിരുന്നു ഭൂപരിഷ്‌കരണം. നാടുവാഴിത്തത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് രാഷ്ട്രീയ വ്യവസ്ഥ പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ സ്വാഭാവികമായും നടക്കേണ്ട സാമ്പത്തിക-സാമൂഹിക പ്രക്രിയയാണ് അത്. കേരളത്തില്‍ ഇതിന് തുടക്കം കുറിച്ചത് ആദ്യ ഇ.എം.എസ് സര്‍ക്കാരാണ്. അന്നത്തെ കേന്ദ്ര പ്ലാനിംഗ് ബോര്‍ഡില്‍ നിന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക്, കാര്‍ഷിക മേഖലയിലെ ഉല്‍പാദനത്തിന് തടസ്സം നില്‍ക്കുന്ന കാര്‍ഷിക ബന്ധങ്ങള്‍ക്ക് മാറ്റം വരുത്തുക എന്ന നിര്‍ദേശം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക ബന്ധബില്‍ രൂപം കൊള്ളുന്നത്. കാര്‍ഷിക ബന്ധ ബില്ലിന്റെ ചട്ടക്കൂട് സംബന്ധിച്ച് അന്നത്തെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ച നടന്നിരുന്നു. കുടിയാന്മാര്‍ കൈവശം വെക്കുന്ന ഭൂമിയില്‍ അവര്‍ക്ക് അവകാശം നല്‍കുകയായിരുന്നു ഭൂപരിഷ്‌കരണ ശ്രമങ്ങളുടെ ആദ്യ ഘട്ടം. അങ്ങനെ കൈവശം വെക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിക്കുന്ന രണ്ടാംഘട്ടമാണ് ഭൂപരിധി നിയമത്തിലൂടെ ചെയ്തത്. ഒരു വ്യക്തിക്ക്, കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂമിയുടെ അളവ് പതിനഞ്ചേക്കറായി നിജപ്പെടുത്തി. എന്നാല്‍ ഈ രണ്ട് നടപടികളും സ്വീകരിക്കുമ്പോള്‍ അന്നത്തെ സര്‍ക്കാര്‍ കൃത്യമായ പഠനമോ കണക്കെടുപ്പോ നടത്തിയിരുന്നില്ല. അന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കൈവശമുണ്ടായിരുന്ന കണക്കുകളായിരുന്നു സര്‍ക്കാര്‍ ആധാരമാക്കിയത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് ശേഖരിച്ച ആ അവ്യക്തമായ കണക്ക് (താഴെ പട്ടിക കാണുക) പ്രകാരം അഞ്ചേക്കര്‍ വരെ ഭൂമി കൈവശം വെച്ചിരിക്കുന്നവരുടെ എണ്ണം 2347476-ഉം അവരുടെ കൈവശമുള്ള ഭൂമി 2621472 ഏക്കറും അവര്‍ പാട്ടത്തിന് നല്‍കിയ ഭൂമി 61271 ഏക്കറുമാണ്. അഞ്ചു മുതല്‍ പതിനഞ്ച് ഏക്കര്‍ വരെ ഭൂമി കൈവശം വെച്ചവരുടെ എണ്ണം 234830-ഉം അവരുടെ കൈവശമുണ്ടായിരുന്ന ഭൂമി 2092958-ഉം അവര്‍ പാട്ടത്തിന് നല്‍കിയ ഭൂമി 81865-ഉം ആയിരുന്നു. എന്നാല്‍, യഥാര്‍ഥത്തില്‍ മിച്ച ഭൂമി പിടിച്ചെടുക്കേണ്ട, പതിനഞ്ചേക്കറില്‍ കൂടുതല്‍ ഭൂമി കൈവശമുള്ള ആളുകളുടെ എണ്ണവും അവരുടെ കൈവശമുള്ള ഭൂമിയും പാട്ട ഭൂമിയും സംബന്ധിച്ച കൃത്യമായ കണക്ക് സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്നില്ല. നിയമസഭയില്‍ കാര്‍ഷിക ബന്ധബില്‍ അവതരിപ്പിച്ചു കൊണ്ട് അന്നത്തെ റവന്യു മന്ത്രി കെ.ആര്‍ ഗൗരിയമ്മ അവതരിപ്പിച്ച കണക്ക് പ്രകാരം ഈ പട്ടികയില്‍ പെട്ട ഭൂജന്മിമാരുടെ എണ്ണം എണ്‍പത്തിയാറായിരത്തില്‍പരവും അവരുടെ കൈവശമുള്ള ഭൂമി 34 ലക്ഷത്തില്‍പരവും ഏക്കറായിരുന്നു. ഈ അവ്യക്തമായ കണക്ക് സ്വീകരിച്ചാല്‍ പോലും ഒരു വന്‍കിട ഭൂജന്മിയുടെ കൈവശമുള്ള ഭൂമിയുടെ അളവ് ശരാശരി 39.5 ഏക്കറാണ്. അതായത്, ഓരോ ഭൂജന്മിയുടെ കൈവശവും 24 ഏക്കറോളം മിച്ചഭൂമിയുണ്ടായിരുന്നുവെന്ന് സാരം.
പട്ടിക
അഞ്ചേക്കര്‍ വരെ* ഭൂജന്മിമാര്‍ ഭൂമി(ഏക്കര്‍) പാട്ടഭൂമി2347476 2621472 61271
5-15 ഏക്കര്‍ 234830 2092958 81865
ഈ അവ്യക്തമായ കണക്ക് മുന്നില്‍ വെച്ച് അന്നത്തെ സര്‍ക്കാര്‍ കണക്കാക്കിയ മിച്ചഭൂമിയുടെ അളവ് 21 ലക്ഷം ഏക്കര്‍ ഭൂമിയായിരുന്നു. എന്നാല്‍, ഈ അളവ് കണക്കാക്കുന്നതിനിടെ മറ്റൊരു അട്ടിമറി നടന്നിരുന്നു. തോട്ടം ഭൂമിയും, മതസ്ഥാപനങ്ങളുടെയും സ്വകാര്യ ട്രസ്റ്റുകളുടെയും കൈവശമുള്ള ഭൂമിയും ഭൂപരിധി നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന തീരുമാനമായിരുന്നു അത്. ഇതോടെ, കേരളത്തില്‍ വന്‍കിട ഭൂജന്മികളുടെ തോട്ടം ഭൂമി ഭൂപരിഷ്‌കരണ പ്രക്രിയയില്‍ നിന്ന് ഒഴിവായി. അങ്ങനെ, കേരളത്തിലെ പശ്ചിമഘട്ട മേഖലയിലും അല്ലാതെയുമുള്ള തോട്ടം ഭൂമികളില്‍ ജന്മിത്വം തുടര്‍ന്നു. ലഭ്യമാകേണ്ട മിച്ചഭൂമിയുടെ വലിയ അളവ് അതിലൂടെ ഒലിച്ചു പോയി. മതസ്ഥാപനങ്ങളുടെയും ട്രസ്റ്റുകളുടെയും കൈവശമുള്ള ഭൂമിക്കും ഇളവ് നല്‍കിയതോടെ പലരും കൈവശമുള്ള ഭൂമി ട്രസ്റ്റുകളുടെ പേരിലാക്കി. അന്ന് നിയമമന്ത്രിയായിരുന്ന വി.ആര്‍ കൃഷ്ണയ്യരുടെ ബന്ധുക്കള്‍ ഭൂമി ട്രസ്റ്റിന് കീഴിലാക്കിയതായി നിയമസഭയില്‍ ആക്ഷേപമുയര്‍ന്നുവെന്ന് അന്നത്തെ നിയമസഭാരേഖകള്‍ തെളിയിക്കുന്നു. പിന്നീട് കൃഷ്ണയ്യര്‍ അത് നിഷേധിക്കുകയും ചെയ്തു.
ഇങ്ങനെ ഇല്ലാതായ മിച്ചഭൂമി വീണ്ടും ഇല്ലാതാവുന്ന കാഴ്ചയാണ്ആദ്യ ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിട്ട ശേഷം അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് കാണുന്നത്. ഇഷ്ടദാന നിയമം കൊണ്ടുവന്നതിലൂടെയായിരുന്നു അത്. കൈവശമുണ്ടായിരുന്ന ഭൂമിയില്‍ വലിയ അളവ് ഭൂജന്മിമാര്‍ ഇഷ്ടദാനം വഴി ബന്ധുക്കളുടെ പേരിലേക്ക് മാറ്റി. ഈ അട്ടിമറിയുടെ കണക്ക് പിന്നീട് പുറത്ത് വന്നു. 1970-ല്‍ ഭൂപരിഷ്‌കരണ പ്രക്രിയയുടെ അന്ത്യഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ ലഭ്യമായ മിച്ചഭൂമി വെറും ഏഴു ലക്ഷം ഏക്കറാണെന്ന് തെളിഞ്ഞു. 1957 മുതല്‍ 1966 വരെ വെറും 17700 ഏക്കറിന്റെ ഉടമസ്ഥാവകാശം മാത്രമാണ് കുടിയാന്മാര്‍ക്ക് ലഭിച്ചതെന്ന് വ്യക്തമായി. എന്നാല്‍, ഇതേ കാലയളവില്‍ ഭൂജന്മിമാരുടെ കൈവശമുണ്ടായിരുന്ന 4.37 ലക്ഷം ഏക്കര്‍ ഭൂമി ഇഷ്ടദാന നിയമത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായും തെളിഞ്ഞു. 1993-ല്‍ നടന്ന ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് മൊത്തം കൃഷിഭൂമിയുടെ 37 ശതമാനവും 13 ലക്ഷം കര്‍ഷകരുടെ കൈവശമുണ്ടെന്നാണ്. ഇവരില്‍ 89 ശതമാനം പേര്‍ രണ്ടര ഏക്കറില്‍ താഴെയുള്ളവരാണ്. ഇവരില്‍ 67 ശതമാനം പേര്‍ 1.25 ഏക്കര്‍ കൈവശമുള്ളവരാണ്. ഭൂപരിഷ്‌കരണം വഴി കൈമാറിയ ഭൂമിയുടെ 64 ശതമാനം ലഭിച്ചത് അഞ്ചേക്കറില്‍ കൂടുതല്‍ കൈവശമുണ്ടായിരുന്ന കുടിയാന്മാര്‍ക്കായിരുന്നു. രണ്ടര ഏക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ ലഭിച്ചവരില്‍ 76 ശതമാനം പേരും സ്വന്തമായി ഭൂമിയില്‍ അധ്വാനിക്കാത്തവരായിരുന്നു. ഭൂമി ലഭിച്ചവരില്‍ 24 ശതമാനം പേര്‍ മാത്രമാണ് സ്വന്തം കായികാധ്വാനം വഴി കൃഷി ചെയ്ത് കുടുംബം പോറ്റിയിരുന്നത്. അഞ്ചേക്കറില്‍ കൂടുതല്‍ ഭൂമി ലഭിച്ചവര്‍ കൃഷിഭൂമി വീണ്ടും പാട്ടത്തിന് നല്‍കിയതായി തെളിഞ്ഞു. ഭൂപരിഷ്‌കരണ നിയമങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിച്ച ജന്മി-കുടിയാന്‍ പാട്ട വ്യവസ്ഥ കേരളത്തില്‍ അദൃശ്യമായി തുടര്‍ന്നുവെന്ന് സാരം. ഇന്നും തുടരുന്നു. ഗ്രാമീണ കുടുംബങ്ങളുടെ കൈവശമുള്ള ഭൂമിയുടെ ദേശീയ ശരാശരി 0.725 ഹെക്ടര്‍ ആണെങ്കില്‍ കേരളത്തിലിത് 0.234 ഹെക്ടര്‍ മാത്രമാണ്. 2004-ലെ കണക്കനുസരിച്ച് കേരളത്തില്‍ കുടുംബശ്രീ വഴി 57436 ഏക്കറില്‍ പാട്ടകൃഷി നടക്കുന്നുണ്ട്. സ്വയം സഹായ സംഘങ്ങള്‍ വഴി നടക്കുന്നത് 46000 ഏക്കറിലാണ്. അതിന് നിയമപ്രാബല്യവും ഉണ്ട്.
ഇതാണ് മലയാളി അഭിമാനത്തോടെ പറയുന്ന ഭൂപരിഷ്‌കരണ പ്രക്രിയയുടെ യഥാര്‍ഥ കണക്ക്. എന്നാല്‍, കുടിയാന്മാരായ പലര്‍ക്കും കര്‍ഷകത്തൊഴിലാളികളായ ദലിതര്‍ക്കും ഭൂമി ലഭിച്ചില്ലെങ്കിലും എണ്‍പതുകളോടെ ഇവരില്‍ പലര്‍ക്കും ഭൂമിയോ വീടോ ഉണ്ടായി. ദലിതര്‍ക്ക് നഗരസഭയില്‍ മൂന്നും മുനിസിപ്പാലിറ്റിയില്‍ അഞ്ചും പഞ്ചായത്തുകളില്‍ പത്തും സെന്റുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലക്ഷം വീട് പദ്ധതി പ്രകാരം ദലിതര്‍ക്ക് വീടുകളും ലഭിച്ചു. എന്നാല്‍, സഹസ്രാബ്ദങ്ങളായി മണ്ണില്‍ പണിയെടുത്തു പോന്ന ദലിതര്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമി ലഭിച്ചില്ല. ഭൂമി ലഭിച്ചവരില്‍ പലരുടെയും പിന്‍മുറക്കാര്‍ കാര്‍ഷിക വൃത്തി ഉപേക്ഷിച്ചു. വിദ്യാസമ്പന്നരായ അവര്‍ മറുനാടുകളില്‍ ജോലി തേടി. എണ്‍പതുകളോടെ വ്യാപകമായ ഗള്‍ഫ് കുടിയേറ്റത്തിന്റെ ഭാഗമായി പലരും ഉപേക്ഷിക്കപ്പെട്ട കൃഷിഭൂമി സ്വന്തമാക്കി. ഈ ഭൂമിയില്‍ വീടുകള്‍ ഉയര്‍ന്നു വന്നു. കാര്‍ഷിക മേഖല തളര്‍ന്നു. കര്‍ഷകത്തൊഴിലാളികള്‍ ആ ജോലി വിട്ട് നിര്‍മാണ മേഖലയിലേക്ക് കുടിയേറി.
ഇതാണ് കേരളത്തിലെ ഭൂപരിഷ്‌കരണത്തിന്റെ ബാക്കി പത്രം. ഇപ്പോഴും ഭൂരഹിതര്‍ക്ക് ഭൂവിതരണം സര്‍ക്കാരിന്റെ അജണ്ടയല്ല. ചെങ്ങറ സമരക്കാര്‍ക്കും മറ്റും കൃഷിയോഗ്യമല്ലാത്ത ഭൂമി വിതരണം ചെയ്തുകൊണ്ട് ഭരണകൂടം അതിന്റെ ആത്മാര്‍ഥതയില്ലായ്മ തെളിയിക്കുന്നു. സീറോ ലാന്റ് ലെസ് പദ്ധതിയിലൂടെ കൃഷിഭൂമി ലഭ്യമാക്കുകയല്ല സര്‍ക്കാര്‍ ചെയ്യുന്നത്. മറിച്ച്, ഭവനരഹിതരായവര്‍ക്ക് വീട് വെക്കാനാവശ്യമായ ഭൂമി ലഭ്യമാക്കുകയാണ്. അതേസമയം, കേരളത്തിലുയര്‍ന്ന് വന്ന ഭൂസമരങ്ങളുടെ പ്രധാന ആവശ്യം ഭൂപരിഷ്‌കരണ ശ്രമങ്ങള്‍ക്ക് തുടര്‍ച്ച വേണമെന്നാണ്. എന്നാല്‍, അതിനാവശ്യമായ ഭൂമി ലഭ്യമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം, കുത്തകകളുടെ കൈവശമുള്ള, പാട്ടക്കാലാവധി കഴിഞ്ഞതോ പാട്ടക്കരാര്‍ ലംഘിച്ചതോ ആയ തോട്ടഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യണമെന്നാണ് ഭൂസമരക്കാരുടെ ആവശ്യം. ടാറ്റക്ക് ലാന്റ് ബോര്‍ഡ് അനുവദിച്ചത് 57192 ഏക്കര്‍ ഭൂമിയാണ്. 70522 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. എന്നാല്‍, ഈ ഭൂമി അളന്നു തിരിക്കാന്‍ ഇതുവരെയും സര്‍ക്കാറിനായിട്ടില്ലാത്തതിനാല്‍ ഈ ഭൂമി എവിടെയെന്ന ചോദ്യം അവശേഷിക്കുന്നു. ഭൂരഹിതര്‍ക്ക് നല്‍കാനാണ് ഈ ഭൂമി ഏറ്റെടുത്തതെന്നതും ശ്രദ്ധേയമാണ്.
1963-ല്‍ ഹാരിസണിന്റെ കൈവശമുണ്ടായിരുന്നത് 64108 ഏക്കര്‍ ഭൂമിയാണ്. അതില്‍ 1971 വരെ 4409 ഏക്കര്‍ ഭൂമി അവര്‍ മുറിച്ചു വിറ്റു. ഇവരുടെ കൈവശമുള്ള ഭൂമി പാട്ടക്കരാര്‍ ലംഘിച്ചതാണെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ക്കും കോടതി നടപടികള്‍ക്കും ശേഷം അത് ഏറ്റെടുക്കാനുള്ള നടപടികള്‍ ഇനിയും തുടങ്ങിയിട്ടില്ല.
ഭൂവിതരണമെന്നാല്‍ വീട് വെക്കാന്‍ അഞ്ചു സെന്റോ പത്ത് സെന്റോ നല്‍കലല്ല, കൃഷിഭൂമിയുടെ വിതരണമാണ്. അതിലൂടെ മാത്രമേ, കേരളത്തില്‍ തകര്‍ന്നുപോയ കാര്‍ഷിക വ്യവസ്ഥ പുനസ്ഥാപിക്കപ്പെടൂ. അല്ലാത്ത പക്ഷം, ഭൂമി മുഴുവന്‍ കുത്തകകള്‍ ടൂറിസത്തിനും മറ്റുമായി മുറിച്ചു വില്‍ക്കും. ഭക്ഷണത്തിനായി കേരളം അന്യസംസ്ഥാനങ്ങളെ ഇനിയും ആശ്രയിക്കും. ഭൂരഹിതര്‍ ഭൂരഹിതരായി തന്നെ തുടരും.
Comments