Prabodhanm Weekly

Pages

Search

2015 മെയ്‌ 08

അല്ലാഹുവിന്റെ പരിപാലന ധര്‍മത്തിലെ കാരുണ്യവും യുക്തിയും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി /ലേഖനം

ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-15

         വിശ്വ പ്രപഞ്ചത്തെ നിരീക്ഷിക്കുമ്പോള്‍ അതിലുടനീളം ഒരു വ്യവസ്ഥ കണ്ടെത്തുവാനാകും. വ്യവസ്ഥയേതും അളവു കൂടാതെ സംഭവ്യമല്ല. അതിനാല്‍ വിശ്വപരിപാലന ധര്‍മ്മത്തില്‍ അളവിനു വലിയ സ്ഥാനമുണ്ട്. ഇതുപോലെ വിശ്വ പരിപാലന ധര്‍മ്മത്തില്‍ തന്ത്രജ്ഞതക്കും പ്രാധാന്യമുണ്ട്. നാം നിസ്സാരമെന്നു കരുതുന്ന ഒന്നിനെക്കൊണ്ട് വളരെ സാരവത്തായതിനെ പരിരക്ഷിക്കാന്‍ സാധിക്കുമെന്നു ബോധ്യപ്പെടുത്തുന്നിടത്താണു തന്ത്രജ്ഞത. മുഹമ്മദു നബിയും അബൂബക്‌റും ഒരുമിച്ച്, ഹാലിളകി വരുന്ന സായുധരായ ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു ഗുഹയിലേക്ക് കയറി മറഞ്ഞിരുന്നു. ഉടനെ തന്നെ ഒരു എട്ടുകാലി ഗുഹാകവാടത്തില്‍ വലിയൊരു വലകെട്ടി. ഗുഹാമുഖം വരെ എത്തിയ ശത്രുക്കള്‍ ആരും ഗുഹയ്ക്കകത്തേക്കു കയറിയില്ല. എട്ടുകാലി വലകെട്ടിയ ഗുഹയിലേക്ക് ആരും കടന്നിരിക്കാനിടയില്ലെന്നും, കടന്നിരുന്നെങ്കില്‍ ഇത്രയും വലിയൊരു വല ഗുഹാമുഖത്ത് കാണില്ലായിരുന്നു എന്നും ഊഹിച്ച് മുഹമ്മദിന്റെ ശത്രുക്കള്‍ വഴിമാറിപ്പോയി. എട്ടുകാലി വളരെ നിസ്സാരമായ ജീവിയാണ്. അതു നെയ്യുന്ന വലയാകട്ടെ ഒരു വിരല്‍ കൊണ്ടു തട്ടിമാറ്റാവുന്ന വിധം ദുര്‍ബലവുമാണ്. പക്ഷേ, ദുര്‍ബലമായ ചിലന്തിവല ഉപയോഗിച്ചു അല്ലാഹു മുഹമ്മദ് നബി എന്ന വിലമതിക്കാനാവാത്ത ജീവിതത്തെ പരിരക്ഷിച്ചു. ഇത്തരം തന്ത്രജ്ഞതയും വിശ്വ പരിപാലന ധര്‍മത്തില്‍ കാണാനാകും. പക്ഷേ വിശ്വപരിപാലന ധര്‍മത്തില്‍ അളവും (വ്യവസ്ഥാപനം) തന്ത്രജ്ഞതയും മാത്രമല്ല ഉള്ളത്. കാരുണ്യവും വളരെയേറെയുണ്ട്. റബ്ബുല്‍ ആലമീന്‍ എന്നു അല്ലാഹുവെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് അവിടുത്തെ കാരുണ്യാധിഷ്ഠിതമായ വ്യവസ്ഥാപന തന്ത്രജ്ഞതയെ ലക്ഷ്യമാക്കി കൊണ്ടാണ്. സര്‍വ സൃഷ്ടികള്‍ക്കും വേണ്ടുന്നതെല്ലാം പ്രദാനം ചെയ്തുകൊണ്ട് ഓരോന്നിനെയും ക്രമീകൃതമായി പരിപോഷിപ്പിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന സ്വഭാവത്തോടു കൂടിയതാണ് അല്ലാഹുവിന്റെ വിശ്വപരിപാലന വ്യവസ്ഥീകരണ തന്ത്രജ്ഞത എന്നതിനാലാണ് അത് കാരുണ്യാധിഷ്ഠിതമാണെന്നു പറഞ്ഞത്. ഇക്കാര്യം അല്‍പം വിശദമായി വിശകലനം ചെയ്യാം. 

ഒരു ചെറുനാരങ്ങയില്‍ സൂചികൊണ്ടൊന്നു കുത്തിയാല്‍ അതെത്ര മാത്രം വലുപ്പമുള്ളതായി കണക്കാക്കാമോ അതിലേറെ വലുപ്പമൊന്നും അനന്ത വിശാലമായ വിശ്വപ്രപഞ്ചത്തില്‍ ഭൂമി എന്ന സൃഷ്ടിക്ക് കല്‍പിക്കാനാവില്ല. പ്രപഞ്ചഘടനയുടെ ബൃഹദാകാരത്തോടു താരതമ്യം ചെയ്യുമ്പോള്‍ ചെറുനാരങ്ങയിലെ സൂചിക്കുത്തു പോലെ ചെറുതായിപ്പോകുന്ന ഭൂമിയിലെ വളരെ ചെറിയൊരു സൃഷ്ടി മാത്രമാണ് മനുഷ്യന്‍. പക്ഷേ കുഞ്ഞുറുമ്പിനു കഞ്ഞിപ്പിഞ്ഞാണത്തിലെ വെള്ളം പെരുങ്കടലു പോലെ വലുതായിരിക്കുന്നതിനു സമാനമായി മനുഷ്യന് ഭൂമി വളരെ വലുതാണ്. സ്വന്തം ജീവനും ജീവിതവും വളരെ പ്രിയതരവും പ്രധാനവുമാണ്. അതിനാല്‍ തന്നെ ഭൂമിയില്‍ ജീവിക്ക് ജീവിക്കാന്‍ വേണ്ടുന്നതെല്ലാം വ്യവസ്ഥപ്പെടുത്തിയ പ്രപഞ്ച പരിപാലന ധര്‍മത്തിന്റെ വ്യവസ്ഥാപകനായ അല്ലാഹുവെ കരുണാനിധിയായി കണ്ട് സ്തുതിക്കാനേ മനുഷ്യനു കഴിയൂ. കാരണം, തേടാതെ തന്നെ വായു ഏവര്‍ക്കും ലഭിക്കുന്നുണ്ട്. ജീവവായു എല്ലാ ജീവികള്‍ക്കും ഉറപ്പാകും വിധം ഭൗമ പരിതസ്ഥിതിയെ സംവിധാനിച്ച ശക്തിയെ കരുണാനിധി എന്നല്ലാതെ മറ്റെന്തു പദത്താല്‍ മനുഷ്യന്‍ സ്തുതിക്കും? ഒരു പ്രാണിയും പ്രമാണിയും പ്രാണവായു തേടേണ്ടിവരുന്നില്ല. എന്നാല്‍, ഇരതേടലും ഇണ തേടലും ഏതു പ്രാണിയും ചെയ്യേണ്ടതായും വരുന്നുണ്ട്. ഇരയോ ഇണയോ കൂടാതെ പ്രാണികള്‍ ദിവസങ്ങളോളം ജീവിച്ചേക്കാം. പക്ഷേ പ്രാണവായു ഇല്ലാതെ നിമിഷങ്ങള്‍ ജീവിക്കാന്‍ പോലും ഒരു പ്രാണിക്കും സാധ്യമല്ല. അതിനാല്‍ ഭൂമിയില്‍ മനുഷ്യന്‍ ഉള്‍പ്പെടെയുള്ള പ്രാണി വര്‍ഗങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ പ്രാണവായു ഏതു പ്രാണിക്കും തേടാതെ തന്നെ ഉറപ്പുവരുത്തും വിധം ഭൗമഘടനയെ സൗരയൂഥത്തില്‍ വ്യവസ്ഥപ്പെടുത്തിയ മഹാശക്തിയുടെ പരിപാലന ധര്‍മത്തില്‍ കാരുണ്യം വായിച്ചെടുക്കാതിരിക്കാന്‍ ശ്വാസോച്ഛ്വാസം ചെയ്തു ജീവിക്കുന്ന ഒരു മനുഷ്യനും സാധ്യമാവില്ല.

വായു കഴിഞ്ഞാല്‍ ജീവികള്‍ക്ക് പ്രാണസന്ധാരണത്തിനു ഏറ്റവും അത്യാവശ്യമായ മറ്റൊരു വിഭവം ജലമാണ്. മഴയായും കടലായും തോടായും തടാകമായും പുഴയായും ഭൗമോപരിതലത്തിലെ ഉറവകളായും ഒക്കെ ജീവജലവും ഭൂമിയില്‍ ഉറപ്പാക്കപ്പെട്ടിരിക്കുന്നു. തേടുകയും സംഭരിക്കുകയും കുടിക്കുകയും ചെയ്യുക എന്ന കര്‍മങ്ങള്‍ ചെയ്താല്‍ പ്രാണികള്‍ക്ക് ജീവജല ലഭ്യതയും സാധ്യമാകുന്ന വിധമാണ് ഈ പരിപാലന ധര്‍മ വ്യവസ്ഥാപണം. ഒന്നോ രണ്ടോ ദിവസം വെള്ളം കുടിക്കാതെ ജീവിക്കാന്‍ ജീവികള്‍ക്ക് സാധിക്കും. ഇത്രയും സമയത്തിനുള്ളില്‍ തേടിയാല്‍ കണ്ടെത്താവുന്ന വിധം ജലം ലഭ്യവും ആയിരിക്കും. മരുഭൂമിയില്‍ പോലും സംസം എന്ന വറ്റാത്ത ജലസ്രോതസ്സിനു ഇടം നല്‍കിയ അല്ലാഹുവിന്റെ ജീവജലവിതരണ വ്യവസ്ഥയില്‍ കാരുണ്യം കാണാതിരിക്കാന്‍ എങ്ങനെ സാധിക്കും? ചുരുക്കത്തില്‍ ജീവി വര്‍ഗത്തിന്റെ ഉത്കൃഷ്ട ഭവനമായ ഭൂമിയില്‍ ജീവിച്ചുകൊണ്ട് അല്ലാഹുവിന്റെ അനന്ത വിശാലമായ വിശ്വ പ്രപഞ്ച പരിപാലന ധര്‍മത്തെ വായിക്കുമ്പോള്‍ അത് കാരുണ്യാധിഷ്ഠിതമാണെന്നേ പറയാനാകൂ.

നാം മാതാപിതാക്കളെ അനുസരിക്കുന്നത് അവരുടെ ചൂരല്‍ കഷായാദി ശിക്ഷകളെ ഭയക്കുന്നതു കൊണ്ടു മാത്രമല്ല, മറിച്ച് മാതാപിതാക്കളിലൂടെ അനുഭവിച്ച സ്‌നേഹ വാത്സല്യങ്ങള്‍ നമ്മെ അവരെയും സ്‌നേഹിക്കാന്‍ പ്രചോദിപ്പിക്കുന്നതു കൊണ്ടു കൂടിയാണ്. ഇതുപോലെ മനുഷ്യന്‍ അല്ലാഹുവിനെ അനുസരിക്കുന്നത് അവന്റെ ശിക്ഷകളെ ഭയന്നിട്ടു മാത്രമല്ല, പ്രാണവായു, ജീവജലം എന്നീ ദൃഷ്ടാന്തങ്ങളിലൂടെ അല്ലാഹുവിന്റെ കാരുണ്യം അനുഭവിച്ചറിയുമ്പോള്‍ ഉത്ഭൂതമാകുന്ന നന്ദി സൂചന എന്ന നിലയില്‍ കൂടിയാണ്. കാര്യങ്ങള്‍ തിരിച്ചറിയാനുള്ള ബോധശക്തി കൂടുംതോറും മനുഷ്യന് നന്ദി പ്രകടിപ്പിക്കാനുള്ള അഭിനിവേശവും വര്‍ധിക്കും. ചോദിക്കാതെ തന്നെ പ്രാണവായുവും ജീവജലവും പ്രദാനം ചെയ്ത് സര്‍വ ജീവജാലങ്ങളുടെയും പരിപാലനം വ്യവസ്ഥപ്പെടുത്തിയ അല്ലാഹുവിനോടുള്ള നന്ദിപ്രകടനമാണ് വിശാലമായ അര്‍ഥത്തില്‍ പ്രാര്‍ഥന. പ്രാര്‍ഥനാ നിഷ്ഠമായ ജീവിതമാണ് അല്ലാഹുവിന്റെ അനുസരണത്തില്‍ ആയിരിക്കല്‍ അഥവാ ഇസ്‌ലാമികത. പ്രാണവായുവും ജീവജലവും ഉറപ്പാക്കി ജീവികളുടെ ജീവനെ പരിരക്ഷിക്കുന്ന കാരുണ്യത്തോടെയുള്ള വിനയിഭാവമാണ് മനുഷ്യനെ സംബന്ധിച്ച് ഇസ്‌ലാമില്‍ ആയിരിക്കല്‍.

പരിരക്ഷയ്ക്കു പ്രാണവായുവും ജീവജലവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സാഹചര്യങ്ങള്‍ മതി. പക്ഷേ മനുഷ്യനെ സംബന്ധിച്ച് പരിപോഷണത്തിന് അതുമാത്രം പോരാ. ഭൂമിയില്‍ മനുഷ്യനെ മറ്റു ജീവികളില്‍ നിന്നു വേര്‍തിരിച്ചു നിറുത്തുന്നത്, കണ്ടെത്താനും രൂപാന്തരപ്പെടുത്താനുമുള്ള കഴിവാണ്. പാല്‍ കറന്നെടുക്കാനും കറന്നെടുത്ത പാല്‍ ഉറക്കിട്ട് തൈരാക്കാനും, തൈരു കടഞ്ഞ് വെണ്ണയെടുക്കാനും രൂപാന്തരപ്പെടുത്താനുമുള്ള കഴിവിന്റെ പ്രകടനം കാണാം. പഞ്ഞികൊണ്ടും ആട്ടിന്‍ രോമം കൊണ്ടും ഒക്കെ വസ്ത്രങ്ങള്‍ നെയ്‌തെടുക്കാന്‍ മനുഷ്യന്‍ പ്രാപ്തി കാണിക്കുന്നതിലും, ഇരുമ്പും സ്വര്‍ണവും പെട്രോളും വരെ ഭൂമിയില്‍ നിന്നു കുഴിച്ചെടുത്ത് വിവിധ ആവശ്യങ്ങള്‍ക്കായി രൂപാന്തരപ്പെടുത്തി ഉപയോഗിക്കുന്നതിലും മനുഷ്യന്റെ കണ്ടെത്തല്‍ ശേഷിയുടെയും രൂപാന്തരണ സാമര്‍ഥ്യത്തിന്റെയും പ്രകടനം ദര്‍ശിക്കാം. കണ്ടെത്താനും രൂപാന്തരപ്പെടുത്താനുമുള്ള മനുഷ്യന്റെ ഈ കഴിവ് ഇല്ലായിരുന്നെങ്കില്‍ ഭൂമിയില്‍ മാനവികതയ്ക്ക് പറയത്തക്ക പോഷണമൊന്നും ഉണ്ടാകുമായിരുന്നില്ല. അതിനാല്‍ കണ്ടെത്താനും രൂപാന്തരപ്പെടുത്താനുമുള്ള മനുഷ്യന്റെ കഴിവ് എവിടെ നിന്നു മനുഷ്യനു സിദ്ധിച്ചു എന്ന ചോദ്യത്തിന് കൂടി ഉത്തരം തേടേണ്ടതുണ്ട്. തേനീച്ചകള്‍ക്ക് തേന്‍ ശേഖരിക്കാനുള്ള കഴിവ് എവിടെ നിന്നു കിട്ടിയോ അവിടെ നിന്നുതന്നെയാണ് മനുഷ്യനു കണ്ടെത്താനും രൂപാന്തരപ്പെടുത്താനുമുള്ള കഴിവും സിദ്ധിച്ചിരിക്കുന്നത്. അല്ലാഹു അരുളിയ ബോധശക്തിയില്‍ നിന്നാണ് മനുഷ്യനു കണ്ടെത്താനുള്ള കഴിവും ഉണ്ടായിരിക്കുന്നതെന്നു ചുരുക്കം. അല്ലാഹു മനുഷ്യനു ബോധം പ്രദാനം  ചെയ്തു എന്നതാണ്, പ്രാണവായു പ്രദാനം ചെയ്ത പരിരക്ഷണം ഉറപ്പുവരുത്തിയ കരുണാശാലി മാത്രമല്ല, ബോധം പ്രദാനം ചെയ്ത് പരിപോഷണം ഉറപ്പു വരുത്തിയ യുക്തിശാലി കൂടിയാണ് അല്ലാഹു എന്നതിനു തെളിവ്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /18
എ.വൈ.ആര്‍