ഉയര്‍ന്നു നില്‍ക്കുന്നതിന്റെ പ്രതിനിധാനങ്ങള്‍
സൃഷ്ടി ഘടനയിലെ പ്രകൃതി തത്ത്വങ്ങളും മനുഷ്യനും-3
നിവര്‍ന്നു നടക്കുകയെന്നതും നിവര്‍ന്നുനില്‍ക്കുകയെന്നതും ജൈവ ശാസ്ത്രപരമായി (Biologically) അത്ര പ്രധാനമായ ഒരു കാര്യമല്ല. മനുഷ്യന് നാല്‍ക്കാലി ഓടുന്നതിനേക്കാള്‍ കൂടുതല്‍ കലോറി ചെലവഴിക്കാന്‍ അത് കാരണമായിത്തീരുന്നുമുണ്ട്. ഇവിടെയാണ് നമ്മുടെ നിവര്‍ന്നു നടത്തവും ത്വക്കും തലച്ചോറും തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യവും കുടികൊള്ളുന്നത്. മനുഷ്യനു മറ്റു പല മൃഗങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ കായികമായി വേഗത കുറവാണെങ്കിലും കൂടുതല്‍ സ്റ്റാമിന ഉണ്ടാവാനുള്ള കാരണവും ഇതിലുണ്ട്. മനുഷ്യ ശരീരത്തിന്റെ ഓരോ സ്‌ക്വയര്‍ ഇഞ്ചിലും ചിമ്പന്‍സിയുടെ തൊലിയിലുള്ള അതേ അളവില്‍ രോമ കൂപങ്ങള്‍ (Hair Follicles ) ഉണ്ട്. പക്ഷേ, മനുഷ്യനില്‍ മിക്ക രോമങ്ങളും വളര്‍ന്നു വികസിക്കാതിരിക്കാനുള്ള കാരണവും, മനുഷ്യനു ചിമ്പന്‍സിക്കുള്ളതിനേക്കാള്‍ പത്തിരട്ടി വിയര്‍പ്പിന്റെ ഗ്രന്ഥികള്‍ (Sweat Glands) ഉണ്ടാകാനുള്ള കാരണവും കുടികൊള്ളുന്നതും ഇതേ കാര്യത്തിലാണ്. നിവര്‍ന്നു നടക്കുമ്പോള്‍ കൂടുതലായി നമ്മുടെ പേശികള്‍ പ്രയത്‌നിക്കേണ്ടിവരുന്നത് കൊണ്ട് നമ്മുടെ ശരീരം നല്ല അളവില്‍ കെമിക്കല്‍ ഹീറ്റ് ഉല്‍പാദിപ്പിക്കുന്നു. ഉയര്‍ന്ന തരത്തിലുള്ള വിയര്‍പ്പിന്റെയും രോമമില്ലായ്മയുടെയും സമന്വയം നമ്മുടെ തൊലിയെ ഒരു കാര്യക്ഷമമായ ശീതീകരണ ഉപകരണമാക്കി (Cooling device) മാറ്റുകയും നമ്മുടെ നിവര്‍ന്നു നടത്തം മുഖേന ഉണ്ടാവുന്ന പേശീ പ്രയത്‌നം (Muscular Exertion) കാരണമായി ഉല്‍പാദി പ്പിക്കപ്പെടുന്ന കെമിക്കല്‍ ഹീറ്റ് ആഗിരണം (Dissipate) ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതാണ് നമ്മുടെ ചലനത്തെ മുന്നോട്ടു നയിച്ചുകൊണ്ടേയിരിക്കുന്നതും. ഇതിനു നമ്മുടെ തലച്ചോറുമായും ബന്ധമുണ്ട്. നമ്മുടെ തലച്ചോറ് വളരെ സൂക്ഷ്മമായി നിയന്ത്രിക്കപ്പെടുന്ന പ്രത്യേക വിതാനത്തിലുള്ള ഊഷ്മാവ് അതിന്റെ ശരിയായ പ്രവര്‍ത്തനത്തിനു ആവശ്യമാണ്. നമ്മുടെ ത്വക്ക് ഒരു കാര്യക്ഷമമായ റേഡിയേറ്റര്‍ (Radiator) ആയി പ്രവര്‍ത്തിക്കാതിരിക്കുന്ന പക്ഷം നമ്മുടെ തലച്ചോറ് പെട്ടെന്ന് ഓവര്‍ ഹീറ്റായി ബ്രെയിന്‍ സ്‌ട്രോക്ക് പോലുള്ള മാരക ഫലങ്ങള്‍ ഉണ്ടാക്കുന്നു.
മനുഷ്യന്റെ നിവര്‍ന്നു നടക്കുന്ന അവസ്ഥയാണ് അവന്റെ ഇരു കൈകളെയും സ്വതന്ത്രമാക്കിയത്. അല്ലായിരുന്നെങ്കില്‍ വെറും ബുദ്ധികൊണ്ട് മാത്രം അവന് നാഗരികനാകാന്‍ സാധിക്കില്ലായിരുന്നു. അവന്റെ മനസ്സിലുദിക്കുന്ന ആശയങ്ങള്‍ക്ക് രൂപം നല്‍കുന്നത് അവന്റെ കൈകളാണ്. അതാണ് അവനെ ഉപകരണങ്ങള്‍ നിര്‍മിക്കാനും അവന്‍ മനസ്സില്‍ വിഭാവന ചെയ്യുന്ന കാര്യങ്ങള്‍ക്ക് രൂപം നല്‍കാനും രേഖപ്പെടുത്തിവെക്കാനും പിന്നെ തന്റെ സാമൂഹികവും നാഗരികവുമായ ജീവിതം കെട്ടിപ്പടുക്കാനുമൊക്കെ പ്രാപ്തനാക്കിയത്. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന്റെ ജ്ഞാന വികാസത്തില്‍ അവന്റെ രേഖപ്പെടുത്തിവെക്കാനുള്ള സിദ്ധിയെ എടുത്തു പറയുന്നുണ്ട് (96:3-5). ഒന്നു കൂടി ആഴത്തില്‍ ചിന്തിക്കുകയും മനുഷ്യനെ ഇതര ജീവജാലങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന സവിശേഷ ഭാവങ്ങളെ കൂടുതല്‍ പഠന വിധേയമാക്കുകയും ചെയ്യുമ്പോള്‍ നാമറിയുന്ന കാര്യമാണ് വെറും കൈകള്‍ സ്വതന്ത്രമായതുകൊണ്ട് മാത്രം നമുക്ക് വസ്തുക്കളെ പിടിക്കാനും നിര്‍മിക്കാനും രേഖപ്പെടുത്തിവെക്കാനും സാധിക്കില്ല എന്നത്. അതിനു നമ്മുടെ വിരലുകള്‍ കൂടി തദനുസാരം സംവിധാനിക്കപ്പെടേണ്ടതായിട്ടുണ്ട്. ഇവിടെയാണ് നമ്മുടെ തള്ളവിരലിന്റെ സ്ഥാനവും, നമ്മുടെ ഇതര കൈവിരലുകള്‍ക്ക് തള്ള വിരലിന്റെ ആരംഭ സ്ഥലം (Base) വരെ എത്താനുള്ള കഴിവും, തള്ള വിരലിനെ ചെറു വിരലുവരെ കൊണ്ടുവരാനുള്ള കഴിവും, നമ്മുടെ ഇതര വിരലുകള്‍ക്കെല്ലാം വളരെ വഴക്കമുള്ള മൂന്നു സന്ധികളും തള്ള വിരലിനു മാത്രം അതേ സ്വഭാവത്തിലുള്ള രണ്ടു സന്ധികളും, നമ്മുടെ പിടുത്തം ശക്തിയാകാനും യോജിച്ച രൂപത്തില്‍ കൈയും വിരലുകളും മടക്കാനും വേണ്ടി കൂടിയായി നമ്മുടെ ഹസ്തത്തിനുള്ളില്‍ സന്ദര്‍ഭാനുസരം ചാലുകളായിത്തീരുന്ന രേഖകളുമൊക്കെ നല്‍കപ്പെട്ടതിന്റെ രഹസ്യം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. മറ്റൊരു അര്‍ഥത്തില്‍ മനുഷ്യന്റെ തലയും കൈകളുമാണ് അവന്റെ വര്‍ത്തമാന കാലത്തെയും ചരിത്രത്തെയും രൂപപ്പെടുത്തിയതും ഇനി ഭാവിയെ രൂപപ്പെടുത്തുന്നതും. ഈ കൈവിരലുകള്‍ ഓരോ വ്യക്തിയുടെയും ഐഡന്റിറ്റിയുടെ അടയാളപ്പലക കൂടിയായതില്‍ ഏറെ അത്ഭുതപ്പെടാനില്ല. കാരണം, ഓരോ വ്യക്തിയുടെയും തലയില്‍ രൂപംകൊള്ളുന്ന ആശയങ്ങള്‍ക്ക് കര്‍മരൂപം നല്‍കുന്നത് അവന്റെ കൈകളാണ്. വിശുദ്ധ ഖുര്‍ആന്‍ നിരവധി അര്‍ഥതലങ്ങളില്‍ വിവക്ഷിക്കപ്പെടാവുന്ന രൂപത്തില്‍ കൈവിരലുകള്‍ സംവിധാനിച്ചതിലേക്ക് മനുഷ്യന്റെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട് (75:4).
നിവര്‍ന്നു നില്‍ക്കുന്നതും നടക്കുന്നതും പല തലങ്ങളില്‍ മനുഷ്യനിലെ ധാര്‍മിക ക്രമത്തിന്റെ പ്രതീകാത്മക പ്രതിനിധാനം കൂടിയാണ്. ഭൂമിക്കു തിരശ്ചീനമായി സഞ്ചരിക്കുന്ന മുഴുവന്‍ ജീവികളിലും അവയുടെ തലയും ഹൃദയവും വയറും ലിംഗവും ഒരേ വിതാനത്തിലായിരിക്കുമ്പോള്‍ ഭൂമിക്കു ലംബനീയമായി നിലകൊള്ളുന്ന മനുഷ്യനില്‍ അവന്റെ തല മുകളിലും, പിന്നെ ഹൃദയവും അതിനു ശേഷം വയറും അവസാനമായി ലിംഗവും എന്ന ക്രമമാണ് കാണാന്‍ സാധിക്കുന്നത്. തല മനുഷ്യനിലെ വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും അറിവിന്റെയും ചിന്തയുടെയും സ്ഥാനം അലങ്കരിക്കുമ്പോള്‍, ഹൃദയം നമ്മുടെ മൃദുല സ്വഭാവങ്ങളുടെയും വൈകാരിക തലത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു. നമ്മുടെ വയറു അടിസ്ഥാനപരമായി ധനത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ ലിംഗം സെക്‌സിനെയാണ് സൂചിപ്പിക്കുന്നത്.
ഈ സൃഷ്ടിക്രമം തന്നെ മനുഷ്യനോട് അവന്റെ ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളെയും, അവക്കിടയിലെ മുന്‍ഗണനാ ക്രമത്തെയും കുറിച്ച് കൃത്യമായി പറയുന്നുണ്ട്. മാത്രവുമല്ല, അവന്റെ മറ്റെല്ലാ കാര്യങ്ങളും അവന്റെ വിശ്വാസത്തിനും ആദര്‍ശത്തിനും ചിന്തക്കും അറിവിനും അനുസരിച്ചായിരിക്കണമെന്നും, അവക്ക് വേണ്ടിയായിരിക്കണമെന്നും മറിച്ച് അവന്റെ ആദര്‍ശവും വിശ്വാസവും ചിന്തയും അറിവുമൊക്കെ വയറിന്റെയും സെക്‌സിന്റെയും ആഗ്രഹപൂരണത്തിനായിരിക്കരുതെന്നും ഈ ക്രമം അവനോടു പറയുന്നു. തലയ്ക്കു അതിനു കീഴെയുള്ളതെല്ലാം അതിന്റെ ബെയ്‌സ് ആയി നിലകൊള്ളുന്നു. എന്നാല്‍ നമ്മുടെ തല അതിനു കീഴെയുള്ളതിനു വേണ്ടിയല്ലെന്നര്‍ഥം. അതു തന്നെയാണ് മറ്റെല്ലാ ജീവികളും തല ഭക്ഷണത്തിലേക്ക് താഴ്ത്തി ഭുജിക്കുമ്പോള്‍ മനുഷ്യന്‍ അവയില്‍നിന്ന് വ്യത്യസ്തനായി, ഭക്ഷണത്തെ തലയിലേക്ക് ഉയര്‍ത്തി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ നിരന്തരമായി അവനറിയാതെ പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുന്നത്. 'അതേ എന്റെ ധനവും ഭക്ഷണവും ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസത്തിനും ആദര്‍ശത്തിനും അനുസരിച്ചായിരിക്കണം. എന്റെ ആദര്‍ശവും വിശ്വാസവും എന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും ഉദരപൂരണത്തിനുമനുസരിച്ച് താഴാന്‍ ഞാന്‍ അനുവദിക്കുകയില്ല' എന്നു തന്നെയാണ് അവന്‍ ഭക്ഷണത്തെ തലയിലേക്ക് ഉയര്‍ത്തുമ്പോള്‍ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു പക്ഷേ ആധുനിക മനുഷ്യന്റെ നാഗരികവും സാംസ്‌കാരികവുമായ കീഴ്‌മേല്‍ മറിച്ചില്‍ നമുക്ക് ഇവിടെ കാണാന്‍ സാധിക്കും. അവന്‍ തല ഉയര്‍ത്തിപ്പിടിച്ചു നിവര്‍ന്നു തന്നെയാണ് നടക്കുന്നതെങ്കിലും അവന്റെ തലയും ഹൃദയവും വയറിന്റെയും സെക്‌സിന്റെയും കീഴെ വയറിന്റെയും സെക്‌സിന്റെയും താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനുള്ളതായി മാറിപ്പോയി. അവന്‍ ഭക്ഷണത്തെ വായിലേക്ക് ഉയര്‍ത്തി തന്നെയാണ് കഴിക്കുന്നതെങ്കിലും, അവന്‍ അവന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി തന്റെ മുഴുവന്‍ വിശ്വാസാദര്‍ശങ്ങളെയും വിറ്റു കാശാക്കിക്കഴിഞ്ഞു.
ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും വലിയ തലച്ചോറുള്ളത് മനുഷ്യനല്ല; മറിച്ച് തിമിംഗലത്തിനാണ്. ഇനി ശരീര വലുപ്പത്തിന്റെയും ഭാരത്തിന്റെയും അനുപാതം വെച്ച് നോക്കിയാലും മനുഷ്യന്റേതല്ല. നിരവധി പക്ഷികള്‍ക്ക് അവരുടെ ഭാരത്തിന്റെ 8 ശതമാനം വരെ തൂക്കമുള്ള തലച്ചോറുണ്ട്. മനുഷ്യന്റെ പൂര്‍ണ വളര്‍ച്ചയെത്തിയ തലച്ചോറിന് പരമാവധി അവന്റെ തൂക്കത്തിന്റെ രണ്ടു ശതമാനം മാത്രം വരുന്ന ഒന്നര കിലോ തൂക്കം മാത്രമേയുണ്ടാവൂ. ശരീരത്തിന്റെ വലിപ്പവും ഭാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ ആനുപാതികമായി ഏറ്റവും വലിയ തലച്ചോറുള്ളത് ചുണ്ടെലിക്കാണ്. പക്ഷേ, വൃക്ഷത്തിന്റെ ശാഖകളെ പോലെ പടര്‍ന്നു ഇഴ ചേര്‍ന്നു കിടക്കുന്ന 100 ബില്യനിലേറെ ന്യൂറോണുകളുള്ള മനുഷ്യ തലച്ചോറ് അസാധാരണവും സങ്കീര്‍ണവുമാണ്. അത് സംരക്ഷിക്കപ്പെടുന്നതും അസാധാരണ രൂപത്തിലാണ്.
ഒരു മനുഷ്യശിശു മൂന്നു വയസ്സാകുമ്പോള്‍ തന്നെ അവന്റെ തലച്ചോറ് പ്രായപൂര്‍ത്തിയായ മനുഷ്യന്റെ തലച്ചോറിന്റെ 90 ശതമാനം വളര്‍ച്ച പ്രാപിച്ചിരിക്കുമെന്ന് ആധുനിക പഠനങ്ങള്‍ പറയുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, മൂന്നു വയസ്സുള്ള ശിശുവിന്റെ ശരീരം പ്രായപൂര്‍ത്തിയായ മനുഷ്യന്റെ ശരീരത്തിന്റെ 90 ശതമാനം വളര്‍ച്ച പ്രാപിച്ചിരിക്കില്ലയെന്നതാണ്. ഇത് തെളിയിക്കുന്നത് തന്നെ നമ്മുടെ തലച്ചോറിനെ ശരീരത്തിനു മുമ്പേ പ്രകൃതി തയാറാക്കി വെക്കുന്നുവെന്നതാണ്. അത് അങ്ങനെ തന്നെയാവുക എന്നതാണ് യുക്തിപരവും. കാരണം ശിശു വലുതാകുന്നതിനനുസരിച്ച് ഭാഷയും ചിന്തിക്കാനുള്ള കഴിവുമൊക്കെ അതിന്റേതായ പൂര്‍ണത പ്രാപിക്കണമെങ്കില്‍ അവന്റെ തലച്ചോറ് പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചുറ്റുപാടുകളില്‍നിന്നുള്ള ഇന്‍പുട്ടുകള്‍ സ്വീകരിക്കാന്‍ പ്രാപ്തവുമായിരിക്കണം. നമ്മുടെ തലച്ചോറ് സംരക്ഷിക്കപ്പെട്ട രീതി തന്നെ അതെന്തുകൊണ്ടാണ് മനുഷ്യ ശരീരത്തിന്റെ ഏറ്റവും മുകളിലെത്തേതും മനുഷ്യന്റെ ഏറ്റവും സുപ്രധാനവുമായ അവയവം ആയതെന്ന് നമ്മോടു പറയുന്നുണ്ട്. അതിനെ ഒന്നാമതായി സംരക്ഷിച്ചു നിര്‍ത്തുന്നത് കട്ടിയേറിയ തലയോട്ടിയാണ്. അതില്‍തന്നെ മുകള്‍ ഭാഗത്തുള്ള ക്രാനിയം നമ്മുടെ തലച്ചോറിനെ സംരക്ഷിച്ചു നിര്‍ത്തുമ്പോള്‍ തലയോട്ടിയുടെ മറ്റു ഭാഗങ്ങള്‍ തലയുടെ മറ്റു ഭാഗങ്ങളെ സംരക്ഷിക്കുന്നു. പിന്നെ അതിനു മുകളില്‍ മുടികൊണ്ടും നമ്മുടെ തലയെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു. നമ്മുടെ തലയോട്ടിക്കും തലച്ചോറിനുമിടയിലായി മൂന്നു തലങ്ങളിലായി ടിഷ്യൂകളുള്ള മെനിന്‍ജെസ് (Meninges) നമ്മുടെ തലച്ചോറിനെയും സ്‌പൈനല്‍ കോഡിനെയും ഉള്ളില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്തുന്ന ആവരണം കൂടിയാണ്. നമ്മുടെ തലച്ചോറിനെയും സ്‌പൈനല്‍ കോഡിനെയും എല്ലാതരം പരിക്കില്‍നിന്നും സംരക്ഷിച്ചു നിര്‍ത്തുന്നതിനുവേണ്ടി ഒരു കുഷ്യനെ പോലെ പ്രവര്‍ത്തിക്കുന്ന വെള്ളം പോലുള്ള സി.എസ്.എഫ് എന്ന് വിളിക്കപ്പെടുന്ന സെറബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് (Cerebro Spinal Fluid) ഇതിനു പുറമെയാണ്. സ്‌പൈനല്‍ കോഡിനും ബ്രെയ്‌നിനും ചുറ്റുമുള്ള ചാനലിലൂടെ ഒഴുകുകയും ചംക്രമണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ ദ്രാവകം നിരന്തരമായി ആഗിരണം ചെയ്യപ്പെടുകയും നിറഞ്ഞുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. വെന്‍ട്രിക്ള്‍ എന്ന് വിളിക്കപ്പെടുന്ന തലച്ചോറിനുള്ളിലെ പൊള്ളയായ ചാനലിനകത്താണ് ഈ സി.എസ്.എഫ് ദ്രാവകം ഉല്‍പാദിക്കപ്പെടുന്നത്. ഈ വെന്‍ട്രിക്‌ളിനകത്തെ കോറോയിഡു പ്ലെക്‌സസ് (choroid plexus) എന്ന പ്രത്യേകമായി സംവിധാനിക്കപ്പെട്ട ഘടനക്കാണ് ഈ സി. എസ്. എഫ് ഉല്‍പാദനത്തിന്റെ ഉത്തരവാദിത്തം. നമ്മുടെ ശരീര ഘടന തന്നെ പറയുന്ന ജീവിത ക്രമത്തെ മനസ്സിലാക്കുന്നതിനാണ്, എങ്ങനെയെല്ലാമാണ് നമ്മുടെ തലച്ചോറ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത് എന്ന് ഇത്രയും വിശദമായി പറഞ്ഞത്. ഇനി നമ്മുടെ തലച്ചോറിനെ സംരക്ഷിക്കുന്നതിനു സംവിധാനിക്കപ്പെട്ട തലയ്ക്കുള്ളിലെ രക്ത ചംക്രമണ രീതിയും ഇതുവരെ പറഞ്ഞ സംഗതിയെ പിന്‍ബലപ്പെടുത്തുന്നതാണ്.
ഏതെങ്കിലും ഒരു മുഖ്യ ധമനിക്ക് രക്തം നല്‍കാന്‍ സാധിക്കാതെ പോകുന്ന വിരള സാഹചര്യമുണ്ടായാല്‍ പോലും തലച്ചോറിന്റെ എല്ലാ ഭാഗത്തും രക്തം ലഭിക്കാനുള്ള പൂര്‍ണ സംവിധാനത്തോട് കൂടിയാണ് അതിന്റെ നിര്‍മിതി. ഇതേ കാര്യം തന്നെ വേറെ ചില കോണുകളില്‍ നിന്നും നോക്കാം. നമ്മുടെ ബോധത്തിന്റെ ആസ്ഥാന മന്ദിരമായ, നമ്മുടെ ബോധപൂര്‍വവും അല്ലാത്തതുമായ സകല പ്രവര്‍ത്തനങ്ങളെയും ചലനങ്ങളെയും നിയന്ത്രിക്കുന്ന, നമ്മുടെ ഓര്‍മയുടെ സൂക്ഷിപ്പ് സ്ഥലമായ, നമ്മുടെ വികാരങ്ങളെ അനുഭവവേദ്യമാകാന്‍ സഹായിക്കുന്ന, നമുക്ക് വ്യക്തിത്വവും സ്വത്വബോധവും നല്‍കുന്ന, നേരത്തെ പറഞ്ഞതു പോലെ നമ്മുടെ ശരീരത്തിന്റെ വെറും 2 ശതമാനം മാത്രം തൂക്കം വരുന്ന നമ്മുടെ തലച്ചോറാണ് നമ്മള്‍ ശ്വസിക്കുന്ന ഓക്‌സിജന്റെയും നമ്മള്‍ ഉപഭോഗിക്കുന്ന അന്നപാനീയങ്ങളില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഊര്‍ജത്തിന്റെയും നമ്മുടെ ഹൃദയം ഓരോ മിനിറ്റിലും ഉല്‍പാദിപ്പിക്കുന്ന രക്തത്തിന്റെയും 20 ശതമാനവും ഉപയോഗിക്കുന്നത്. ഇത് തന്നെയും നമ്മുടെ വയറുള്‍പ്പെടെ തലയ്ക്കു താഴെയുള്ള സകല സംവിധാനവും സൃഷ്ടിക്രമം കൃത്യമായും സൂചിപ്പിക്കുന്നത് പോലെ മുകളില്‍ നിലകൊള്ളുന്ന തലക്കും തലച്ചോറിനും വേണ്ടിയാണെന്നും, തലയെയും തലച്ചോറിനെയും വയറിനും സെക്‌സിനും വേണ്ടി മാത്രമായി അധഃപതിപ്പിക്കാന്‍ പാടില്ലെന്നും നമ്മെ പഠിപ്പിക്കുന്നില്ലേ?
ഞാന്‍ എന്ന വിചാരവും സ്വത്വബോധവുമുള്ള, തന്നുള്ളിലേക്ക് തിരിഞ്ഞുനോക്കാന്‍ കഴിവുള്ള, തന്റെ തന്നെ അസ്തിത്വത്തെയും അതിനു പിന്നിലെ ലക്ഷ്യത്തെയും ചോദ്യം ചെയ്യുന്ന, ആസൂത്രണ ശേഷിയും ചരിത്ര ബോധവുമുള്ള, ഉത്തരവാദിത്ത ബോധവും അഭിമാന ബോധവുമുള്ള, അത്ഭുതം കൂറുന്ന, ഭാവനാ ലോകത്ത് വിഹരിക്കാന്‍ സാധിക്കുന്ന, സാംസ്‌കാരിക അവബോധം പുലര്‍ത്തുന്ന, നിര്‍മിക്കുകയും സംഹരിക്കുകയും ചെയ്യുന്ന, അഗ്നിയെ നിയന്ത്രിക്കാന്‍ കഴിയുന്ന, പാചകം ചെയ്യുന്ന ഈ മനുഷ്യന്‍ നീണ്ടു നിവര്‍ന്നു നില്‍ക്കുകയും നടക്കുകയും ചെയ്യുന്ന ഏക ജീവി മാത്രമല്ല. മറിച്ച് അവന്‍ നീണ്ടു നിവര്‍ന്നു നട്ടെല്ലില്‍ കിടക്കാന്‍ കഴിവുള്ള, ആകാശത്തേക്ക് തന്റെ കണ്ണിനെ ഉയര്‍ത്താന്‍ കഴിയുന്ന ഏക ജീവി കൂടിയാണ്. ഇതര ജീവികളില്‍ ഏതെങ്കിലുമൊന്നു നീണ്ടു നിവര്‍ന്നു മലര്‍ന്നു കിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ അവയും, അവയുടെ കണ്ണ് ആകാശത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ പോലും, ആകാശം നോക്കി നില്‍ക്കാവുന്ന ജീവിയായി മാറിയേനേ. ഒരു പരിണാമ സൈദ്ധാന്തികനും വിശദീകരിക്കാന്‍ സാധിക്കാത്ത, മനുഷ്യനു അവന്‍ ആഗ്രഹിച്ചാല്‍ പോലും മുക്തമാകാന്‍ സാധിക്കാത്ത സ്വത്വ ഭാവങ്ങളാണ് ഇവയൊക്കെ. വിശുദ്ധ ഖുര്‍ആന്‍ അതുകൊണ്ടുകൂടി തന്നെയായിരിക്കണം അവയെ സൂചിപ്പിക്കുമ്പോള്‍ 'തടവിലിടുക' എന്ന അര്‍ഥത്തിലുള്ള 'അസ്ര്‍' എന്ന പദം ഉപയോഗിച്ചതിനു പുറമേ 'നാം കെട്ടിയിട്ടിരിക്കുന്നു' എന്നര്‍ഥമുള്ള 'ഷദദ്‌നാ' എന്ന വാക്കുകൂടി അതോടൊപ്പം ഉപയോഗിച്ചത്. ഈ സ്വത്വ ഭാവങ്ങളോരോന്നും ഭൂമിയിലുള്ള സകല വിഭവങ്ങളും മനുഷ്യനു വേണ്ടി തയാറാക്കപ്പെട്ടിരിക്കുമ്പോള്‍ മനുഷ്യന്‍ അവനിലെ സാമൂഹികപരതയോട് കൂടിത്തന്നെ മറ്റൊരു ലക്ഷ്യത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന സന്ദേശവും കൃത്യമായും വ്യക്തമായും നമുക്ക് നല്‍കുന്നു.
(അവസാനിച്ചു)
Comments