Prabodhanm Weekly

Pages

Search

2015 മെയ്‌ 08

സഞ്ചാര സാഹിത്യത്തിന് മുതല്‍ക്കൂട്ടിയ ഇബ്‌നു ബത്വൂത്വ

വി.എ കബീര്‍ /കവര്‍‌സ്റ്റോറി

         സഞ്ചാര സാഹിത്യ ലോകത്ത് ഇബ്‌നു ബത്വൂത്വയോളം പ്രശസ്തനായൊരു ഗ്രന്ഥകാരന്‍ വേറെയുണ്ടാകുമെന്ന് തോന്നുന്നില്ല. സഞ്ചാര സാഹിത്യത്തിന്റെ പര്യായമെന്നോണം ലബ്ധ പ്രതിഷ്ഠിതമാണു ആ നാമം. അദ്ദേഹത്തിന്റെ മുമ്പും പിമ്പും ജീവിച്ചവരും സമകാലീനരുമായ ഒട്ടേറെ സഞ്ചാരികള്‍ യാത്രാ വിവരണങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും കാലം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ യാത്രാ വിവരണ കൃതിക്കും നല്‍കിയ ഖ്യാതി അവരാര്‍ക്കും നല്‍കുകയുണ്ടായില്ല. ഒരു പക്ഷേ, അദ്ദേഹം നടത്തിയ യാത്രകളുടെ ദൈര്‍ഘ്യവും, താണ്ടിയ ഭൂഖണ്ഡങ്ങളുടെ പെരുപ്പവുമായിരിക്കാം ഈ പെരുമക്ക് കാരണം. സുദീര്‍ഘമായ 28 സംവത്സരങ്ങള്‍ നിരന്തര യാത്രകളിലായിരുന്നു അദ്ദേഹം. മൊറോക്കോവില്‍ നിന്ന് നാന്ദികുറിച്ച ആ യാത്ര ചൈനയുടെ ഉള്‍പ്രദേശങ്ങളും സുമാത്രാ ദ്വീപും മുതല്‍ ഇങ്ങു കോഴിക്കോട്ടു വരെ എത്തുകയുണ്ടായി. 

മൊറോക്കോവിലെ ത്വന്‍ജ(ടാന്‍ജീര്‍)യിലാണു ഇബ്‌നു ബത്വൂത്വയുടെ ജനനവും മരണവും (ക്രി 1304-1377). മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്‌റാഹീം ബിന്‍ അബ്ദുര്‍ റഹ്മാന്‍ ബിന്‍ യൂസുഫ് അല്ലവാതീ എന്നാണ് പൂര്‍ണ നാമം. അബൂ അബ്ദില്ല എന്ന ഓമനപ്പേരില്‍ അദ്ദേഹം അറിയപ്പെട്ടുവെങ്കിലും ഇബ്‌നു ബത്വൂത്വ എന്ന സ്ഥാനനാമം യഥാര്‍ഥ നാമത്തെയും ഓമനപ്പേരിനെയും വിസ്മൃതമാക്കി സ്ഥിരപ്രതിഷ്ഠ നേടുകയായിരുന്നു. 

വ്യക്തിനാമം പോലെ ഗ്രന്ഥനാമത്തിനുമുണ്ട് ഒരു പ്രത്യേകത. ഇബ്‌നു ബത്വൂത്വയുടെ യാത്ര (രിഹ്‌ലത്തു ഇബ്‌നി ബത്വൂത്വ) എന്ന പേരിലാണു അദ്ദേഹത്തിന്റെ യാത്രാ വിവരണ ഗ്രന്ഥം പൊതുവെ അറിയപ്പെടുന്നതെങ്കിലും ശരിയായ ഗ്രന്ഥ ശീര്‍ഷകം തുഹ്ഫത്തുന്നുള്ളാര്‍ ഫീ ഗറാഇബില്‍ അംസ്വാര്‍ വ അജാഇബില്‍ അസ്ഫാര്‍ (പട്ടണങ്ങളുടെ വിചിത്ര വിശേഷങ്ങള്‍, യാത്രകളുടെ അത്ഭുത കഥകള്‍: കാഴ്ചക്കാരന്റെ ഉപഹാരം) എന്നാണ്. അറബ് ഗ്രന്ഥാവരികളില്‍ ഇബ്‌നു ബത്വൂത്വയുടേതായി ഈയൊരു ഗ്രന്ഥം മാത്രമേയുള്ളു. അതാകട്ടെ അദ്ദേഹം സ്വയം എഴുതിയുണ്ടാക്കിയതുമല്ല. റിപ്പോര്‍ട്ടിംഗ് ശൈലിയിലുള്ള ഒരു ഗ്രന്ഥമാണിത്. 'ശൈഖ് അബൂ അബ്ദില്ല പറഞ്ഞു' എന്ന ഉദ്ധരണി വാചകത്തിലൂടെയാണ് അനുഭവ വിവരണം മുന്നോട്ടു പോകുന്നത്. യഥാര്‍ഥത്തില്‍ മൊറോക്കോവിലെ മരീനിയ രാഷ്ട്രകൂടത്തിലെ രാജാക്കന്മാരിലൊരാളായ ഫാസി(ഫെസ്)ലെ സുല്‍ത്താന്‍ അബൂ അനാന്‍ അല്‍ മരീനിക്ക് പറഞ്ഞു കൊടുത്ത അദ്ദേഹത്തിന്റെ യാത്രാനുഭവങ്ങളും കാഴ്ചകളും മറ്റൊരാള്‍ ക്രോഡീകരിച്ചതാണു ഈ ഗ്രന്ഥം. സുല്‍ത്താന്‍ തന്റെ കൊട്ടാരം എഴുത്തുകാരനായ മുഹമ്മദ് ബിന്‍ ജസ്‌യ് അല്‍ കല്‍ബിയോടു ഈ അനുഭവ വിവരണം ക്രോഡീകരിക്കാന്‍ കല്‍പ്പിച്ചതിന്റെ ഫലമാണ് അക്കാലത്തെ പതിവ് ശൈലിയില്‍ പ്രാസബദ്ധമായ ദീര്‍ഘ വാചക ശീര്‍ഷകത്തിലുള്ള ഈ കൃതി. കൈയെഴുത്ത് പ്രതി ആദ്യമായി അച്ചടിക്കപ്പെടുന്നത് 1853-ല്‍ പാരീസിലാണ്; രണ്ടു ഓറിയന്റലിസ്റ്റുകളുടെ ഫ്രഞ്ച് തര്‍ജ്ജമയോടൊപ്പം- ഫ്രഞ്ചുകാരനായ ഫ്രാന്‍സ്വോദേവ്‌റീമറിയുടെയും ഇറ്റലിക്കാരനായ സാന്‍ജിനീറ്റിയുടെയും. ഇവയ്ക്കു ശേഷം പുറത്തിറങ്ങിയ നിരവധി പതിപ്പുകളില്‍ അവസാന താളില്‍ അത് ക്രോഡീകരിച്ച ഇബ്‌നു ജസ്‌യിന്റെ പ്രത്യേക കുറിപ്പുകളും കാണാം. ചില പതിപ്പുകളില്‍ ഈ കുറിപ്പുകള്‍ 'ഇബ്‌നു ജസ്‌യ് പറയുന്നു' എന്ന വാക്യത്തോടെ മൂല പാഠത്തിനിടയിലു പ്രത്യക്ഷപ്പെടുന്നുണ്ട്. വിശദീകരണമെന്നോണമാണ് ഇബ്‌നു ജസ്‌യിന്റെ ഈ അഭിപ്രായ പ്രകടനങ്ങള്‍. പ്രധാന പട്ടണങ്ങളെ സംബന്ധിച്ച വിവരണങ്ങള്‍ക്കിടയില്‍ അവയെ വര്‍ണിക്കുന്ന കാവ്യ ഖണ്ഡങ്ങള്‍ ഇബ്‌നുജസ്‌യിന്റേതാണ്. 

വ്യത്യസ്ത ജനപദങ്ങളില്‍ പലവിധം ജീവിതങ്ങള്‍ ജീവിച്ച ഒരു വ്യക്തിയുടെ അന്വേഷണാത്മകമായ അനുഭവ സഞ്ചാരങ്ങളുടെ സഞ്ചയമാണു ഇബ്‌നു ബത്വൂത്വയുടെ യാത്രാ വിവരണം. നീണ്ട കാലം കുടുംബങ്ങളെ വേര്‍പിരിഞ്ഞു കൊണ്ടുള്ള ഈ അലച്ചിലിന്റെ സാഹസികത, യാത്രാ സൗകര്യങ്ങള്‍ കഷ്ടിയായ അക്കാലത്തെ പരിഗണിക്കുമ്പോള്‍ എടുത്തോതത്തക്കതാണ്.

ഇബ്‌നു ബത്വൂത്വയുടെ യാത്രകള്‍ക്ക് പല മാനങ്ങളുമാണ്. നിഗൂഢമായ സ്വൂഫീ പരിവേഷം ആ വ്യക്തിത്വത്തിന്റെ സവിശേഷതയായി ലിസാനുദ്ദീന്‍ ബിന്‍ അല്‍ ഖത്വീബ് (1313-1374) ചൂണ്ടിക്കാണിക്കുന്നുണ്ട്. അല്‍ ഇഹാത്വ ഫീ അഖ്ബാര്‍ ഗര്‍നാത്വ (ഗ്രാനഡയുടെ വര്‍ത്തമാനങ്ങള്‍) എന്ന കൃതിയില്‍ സാഹസികനായ ആ യാത്രികന്റെ ചിത്രം അല്‍ ഖത്വീബ് ഇങ്ങനെ കോറിയിട്ടതായി കാണാം: ''ലളിതമാണ് ഈ മനുഷ്യന്റെ ജീവിതം. വേഷത്തിലും സ്വഭാവത്തിലും അദ്ദേഹത്തിന്റെ യാത്രക്ക് ഒരു സ്വൂഫീ പരിവേഷവുമുണ്ട്.'' പക്ഷേ ഈ സ്വൂഫി പരിവേഷം യാത്രയെ ആനന്ദങ്ങളും ക്ലിഷ്ടതകളും രസവും മുഷിച്ചിലുമെല്ലാമടങ്ങുന്ന സമ്പന്നമായ ഒരു സഞ്ചിതാനുഭവമാക്കുന്നതിന് ഒട്ടും തടസ്സമായി ഭവിച്ചില്ല. പലരും കണ്ടിട്ടില്ലാത്ത നാടുകളിലും ജനപഥങ്ങളിലും അദ്ദേഹം താണ്ടിയെത്തി. ഭിന്ന വിചിത്രങ്ങളായ സംസ്‌കാരങ്ങളും ജന വിഭാഗങ്ങളുമായി സംവദിക്കുകയും ഇടപഴകുകയും ചെയ്തതിന്റെ അനുഭവ പാഠങ്ങള്‍ ലോകത്തെങ്ങുമുള്ള വായനക്കാര്‍ക്ക് സമ്മാനിച്ചു. നരവംശ ശാസ്ത്ര പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദിവാസികളില്‍ നിന്ന് കല്ല്യാണം കഴിച്ച ആന്ത്രോപോളജിസ്റ്റായ വെരിയര്‍ എല്‍വിനെ(1902-1964) പോലെ ദീര്‍ഘകാലം കുടുംബത്തെ വിട്ടു നില്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍ പലയിടങ്ങളിലും പുതിയ ദാമ്പത്യം തേടാനും സന്താനലാഭം നേടാനും അദ്ദേഹം നിര്‍ബന്ധിതനായി. പല രാജ്യങ്ങളിലും ഉന്നത ഔദ്യോഗിക പദവികള്‍ അലങ്കരിച്ചു. യാത്രക്കിടയില്‍ പലപ്പോഴും മരണത്തെ നേരില്‍ കണ്ടുമുട്ടി. പല തവണ രോഗബാധിതനായി കിടന്നു. യാത്രക്കിടയില്‍ മക്കള്‍ നഷ്ടപ്പെട്ടു. ഇതൊക്കെ യാത്രയുടെ ലോകത്ത് അനന്യമായൊരു നായക പരിവേഷം അദ്ദേഹത്തിനു നല്‍കി. 

പശ്ചിമ അറേബ്യ(മഗ്‌രിബ് ദേശങ്ങള്‍)യില്‍ നിന്നും ആന്തലൂഷ്യ(സ്‌പെയിന്‍)യില്‍ നിന്നും കിഴക്കന്‍ അറേബ്യയെ ലക്ഷ്യം വച്ചു പുറപ്പെട്ടവരാണു അറബു സഞ്ചാരികളില്‍ ഭൂരിഭാഗവും. അവരില്‍ പലരും മധ്യ പൗരസ്ത്യ ദേശം വിട്ടു അധികമൊന്നും വഴി താണ്ടുകയുണ്ടായില്ല. ഇക്കാര്യത്തിലും ഇബ്‌നു ബത്വുത്വ വേറിട്ടു നില്‍ക്കുന്നു. ഭിന്ന ജനവിഭാഗങ്ങളുടെ ജീവിത രീതികളും സംസ്‌കാര സവിശേഷതകളും അടുത്തറിയാനുള്ള ത്വരയോടെ അറബ് നാടുകളുടെ അതിര്‍ത്തികള്‍ മുറിച്ചു കടന്ന യാത്ര ലോകത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടി. ഭാഷ അദ്ദേഹത്തിനു തടസ്സമായില്ല. ഇതര അറബ് സഞ്ചാരികളുടെ കൃതികളില്‍ നിന്ന് വ്യത്യസ്തമായി അതുകൊണ്ടു തന്നെ ഇബ്‌നു ബത്വൂത്വയുടെ യാത്രാ വിവരണത്തില്‍ ഭിന്ന സാമൂഹിക സാംസ്‌കാരിക ജീവിത പരിസരങ്ങളുമായി ബന്ധപ്പെട്ട പദാവലികള്‍ കാണാം. അതേസമയം ഓരോ രാജ്യത്തിന്റെയും സാമൂഹിക ഘടനയുടെയും ജനങ്ങളുടെ സ്വഭാവ പ്രകൃതങ്ങളുടെയും അപഗ്രഥനം എല്ലാ അറബ് സഞ്ചാരികളുടെയും ഗ്രന്ഥങ്ങള്‍ പങ്ക് വെക്കുന്ന ഒരു പൊതു ഘടകവുമാണ്. അതു കൊണ്ടാണ് യൂറോപ്യന്‍ നവോത്ഥാനകാലത്ത് ഈ സഞ്ചാര സാഹിത്യ കൃതികള്‍ പഠിതാക്കളുടെ ശ്രദ്ധയാകര്‍ഷിച്ചത്.  പല ജനവിഭാഗങ്ങളുടെയും ആചാരങ്ങളും ഭരണ സമ്പ്രദായങ്ങളും ജീവിത രീതികളും ആദ്യമായി അനാവരണം ചെയ്തത് ഇബ്‌നു ബത്വൂത്വയാണെന്ന് പറയുന്നത് തെറ്റാവില്ലെന്ന് തോന്നുന്നു. സാമൂഹിക ശാസ്ത്രവും ചരിത്ര വിജ്ഞാനവുമൊക്കെ പരസ്പര ബന്ധിതമായ ഒരു കാലത്ത് ഇബ്‌നു ബത്വൂത്വയുടെ സംഭാവനയുടെ മൂല്യം പ്രത്യേകം തിരിച്ചറിയപ്പെടുക സ്വാഭാവികം. ഈ ജ്ഞാന ശാഖകള്‍ക്കൊക്കെ ഉപജീവിക്കുവാനുള്ള കനപ്പെട്ട വൈജ്ഞാനിക സംഭാവനയാണ് ഇബ്‌നു ബത്വൂത്വ തന്റെ സഞ്ചാര സാഹിത്യത്തിലൂടെ സമര്‍പ്പിച്ചത്. ആന്ത്രോപോളജിയെയും സാമൂഹിക ശാസ്ത്രത്തെയും സംസ്‌കാരങ്ങളുടെ സംവാദത്തെയും സംബന്ധിച്ചിടത്തോളം വലിയൊരു വിവര സ്രോതസ്സായി അത് അവശേഷിക്കുന്നു. 

പൊടിപ്പും തൊങ്ങലും വെച്ച പല കൗതുക വര്‍ത്തമാനങ്ങളും ഇബ്‌നു ബത്വൂത്വയുടെ യാത്രാ വിവരണങ്ങളില്‍ ഉണ്ടെന്നത് ശരിയാണ്. പില്‍ക്കാല മത മീമാംസകര്‍ അവയെ കള്ളത്തരത്തിന്റെ ഗണത്തിലാണു ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലയാളത്തില്‍ തന്നെ ഇബ്‌നു ബത്വൂത്വയുടെ കള്ളക്കഥകള്‍ എന്ന ശീര്‍ഷകത്തില്‍ ചരിത്രകാരനായ ഡോ. സി.കെ കരീമിന്റെ ഒരു പുസ്തകം തന്നെയുണ്ട്. എങ്കില്‍ പോലും ഗ്രന്ഥത്തിന്റെ മൂല്യത്തെ അത് അപ്രസക്തമാക്കുന്നില്ല. അവ ചേറിക്കളയാവുന്നതേയുള്ളൂ. ഓറിയന്റലിസ്റ്റുകളില്‍ ഭൂരിപക്ഷവും അദ്ദേഹത്തിന്റെ വൈജ്ഞാനിക സത്യസന്ധതയെ അംഗീകരിച്ചവരാണെന്നതും ഓര്‍ക്കേണ്ടതുണ്ട്. കിഴക്കന്‍ ഏഷ്യ മുതല്‍ കിഴക്കന്‍ യൂറോപ്പു വരെ, നൈലിന്റെ ഉത്ഭവസ്ഥാനം മുതല്‍ ആഫ്രിക്കന്‍ കാനനങ്ങള്‍ വരെ അദ്ദേഹം സഞ്ചരിച്ചെത്തിയ വിശാലമായ ഭൂഖണ്ഡങ്ങളിലെ ജനങ്ങളുടെ ആചാരങ്ങളും ഭൂപ്രകൃതികളുമൊക്കെ വിവരിക്കുന്നതില്‍ പുലര്‍ത്തിയ സൂക്ഷ്മത കാരണമാണു ഓറിയന്റലിസ്റ്റുകള്‍ അദ്ദേഹത്തിന് 'സത്യസന്ധനായ സഞ്ചാരി', 'അറബ് സഞ്ചാരികളുടെ രാജകുമാരന്‍' എന്നൊക്കെയുള്ള അപരാഭിധാനം നല്‍കിയത്. മധ്യേഷ്യയിലെ ഉസ്ബക് ആഘോഷങ്ങള്‍, ഇന്ത്യയിലെ സംഘതീചാട്ടം, നജ്ഫില്‍ രാപ്പാര്‍ത്ത് കൊണ്ട് രോഗശമനം തേടുന്നവര്‍, സയ്യിദ് അഹ്മദ് രിഫാഇ ശൈഖിന്റെ മഖാമിലെ കനല്‍ചാട്ട നൃത്തങ്ങള്‍, ബാല്‍ക്കനിലെ നായ്ക്കള്‍ വലിക്കുന്ന വണ്ടികള്‍, ചൈനീസ് ചിത്രകല, ആഫ്രിക്കയിലെ നരഭോജികള്‍ അങ്ങനെ എത്രയെത്ര ചാരുതയാര്‍ന്ന ദൃശ്യ ഖണ്ഡങ്ങളാണ് ഒരു കാമറയെന്നോണം ആ തൂലിക ഒപ്പിയെടുത്തിരിക്കുന്നത്! ഒരേ സമയം രസകരവും വിജ്ഞാനപ്രദവുമായ ഇബ്‌നു ബത്വൂത്വയുടെ യാത്രകള്‍ ലോക സഞ്ചാര സാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായതില്‍ അത്ഭുതമുണ്ടോ? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /18
എ.വൈ.ആര്‍