പഴയ ഖബ്‌റുകളില്‍ പുതിയ മൃതദേഹം മറവ് ചെയ്യാമോ?
പഴയ ഖബ്‌റില്‍ അടക്കം ചെയ്ത ജനാസ അവശിഷ്ടങ്ങള്‍ കാലക്രമേണ മറ്റു സ്ഥലത്തേക്ക് (വേറെ കുഴിയെടുത്ത് അതിലേക്ക്) മാറ്റാന്‍ സാധിക്കുമോ? സാധിക്കുമെങ്കില്‍ എല്ലാ ഖബ്‌റിലെയും അവശിഷ്ടങ്ങള്‍ വെവ്വേറെ കുഴികളിലേക്ക് മാറ്റാതെ ഒറ്റ കുഴിയിലേക്ക് മാറ്റാമോ?
ഞങ്ങളുടെ പള്ളി ഖബ്ര്‍സ്ഥാനില്‍ 30 പഴയ ഖബറുകളാണുള്ളത്. എല്ലാ ഖബ്‌റിലും ഇപ്പോള്‍ മൂന്ന് ജനാസകള്‍ വീതം ഖബ്‌റടക്കിക്കഴിഞ്ഞു. ഇനിയും വേറെ ഖബ്ര്‍ നിര്‍മിക്കാതെ അവശിഷ്ടങ്ങള്‍ മാറ്റി സ്ഥാപിച്ച് ഇപ്പോഴുള്ള ഖബ്ര്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയുമോ?
* * * *
പഴയ ഖബ്‌റുകള്‍ മാന്തുന്നതിന്റെ വിധിയെന്ത്? അങ്ങനെ ചെയ്യുമ്പോള്‍ ലഭിക്കുന്ന അവശിഷ്ടങ്ങള്‍ എന്താണ് ചെയ്യേണ്ടത്? അതേ ഖബ്‌റില്‍ വീണ്ടും മൃതദേഹങ്ങള്‍ മറവു ചെയ്യാമോ? ഞങ്ങളുടെ പ്രദേശത്തുള്ളവര്‍ മദ്ഹബുകള്‍ പിന്‍പറ്റുന്നവരാകയാല്‍ അതുകൂടി പരിഗണിച്ച് വിശദമായ മറുപടി തരണമെന്ന് അഭ്യര്‍ഥിക്കുന്നു.
മൃതദേഹം ആദരവോടെ കൈകാര്യം ചെയ്യുകയും മാന്യമായി സംസ്‌കരിക്കുകയും ചെയ്യുക എന്നത് ഫര്‍ദ് കിഫായ (സാമൂഹിക ബാധ്യത) ആകുന്നു. അങ്ങനെ ഖബ്‌റടക്കപ്പെട്ടുകഴിഞ്ഞ ജഡങ്ങള്‍ വീണ്ടും പുറത്തെടുക്കാനോ ഖബ്ര്‍ മാന്താനോ പാടുള്ളതല്ല.
അന്വേഷിച്ച കാര്യങ്ങളെല്ലാം അതേ രൂപത്തില്‍ മുന്‍കാല പണ്ഡിതന്മാര്‍ കൈകാര്യം ചെയ്തതായി കാണാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം കോണ്‍ക്രീറ്റ് ഖബ്‌റുകള്‍ അക്കാലത്ത് ഉണ്ടായിരുന്നുമില്ല. എങ്കിലും ഖബ്ര്‍ മാന്തുന്നതിനെ സംബന്ധിച്ചും അതില്‍ വീണ്ടും മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനെ സംബന്ധിച്ചും വിശദമായി പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അവയുടെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ കാര്യങ്ങള്‍ ചുവടെ:
ഹനഫി മദ്ഹബിന്റെ വീക്ഷണം
ഇമാം ഇബ്‌നു നുജൈം പറയുന്നു: ''മൃതദേഹം ദ്രവിക്കുകയും മണ്ണായിത്തീരുകയും ചെയ്താല്‍ അതേ ഖബ്‌റില്‍ മറ്റൊരു മൃതദേഹം അടക്കം ചെയ്യുന്നതും അവിടെ കൃഷി ചെയ്യുന്നതും അതിന്മേല്‍ കെട്ടിടം പണിയുന്നതുമെല്ലാം അനുവദനീയമാകുന്നു'' (അല്‍ ബഹ്‌റുര്‍റാഇഖ്: 2/210). ഇതേ കാര്യം അല്‍ ഫതാവാ അല്‍ ഹിന്ദിയ്യയിലും (1/167) ഇമാം സൈലഈ തബ്‌യീനിലും (1/246) പറഞ്ഞിരിക്കുന്നു. അനുവദിച്ചതിന്റെ ന്യായം മൃതദേഹം ദ്രവിച്ചുപോവുക എന്നാണെന്ന് സമര്‍ഥിച്ച് ഇമാം ഇബ്ന്‍ ആബിദീന്‍ പറയുന്നു: ''ആദ്യം മറവുചെയ്യപ്പെട്ടത് ദ്രവിച്ചു മണ്ണായിക്കഴിഞ്ഞാല്‍ പിന്നെ മറ്റൊരാളുടെയും മൃതദേഹം ആ ഖബ്‌റില്‍ മറമാടപ്പെടാന്‍ പാടില്ലെന്ന് വന്നാല്‍ ഓരോരുത്തര്‍ക്കും ഓരോ ഖബ്ര്‍ ഒരുക്കേണ്ടി വരും. അതാകട്ടെ അത്ര എളുപ്പമല്ല. വിശിഷ്യ ജന നിബിഡമായ വലിയ നഗരങ്ങളില്‍'' (റദ്ദുല്‍ മുഹ്താര്‍: 2/233).
മാലികി മദ്ഹബിന്റെ വീക്ഷണം
ഇമാം അബുല്‍ വലീദ് അല്‍ ബാജി പറയുന്നു: ''മൃതദേഹം പുറത്തെടുക്കുന്നതില്‍ പ്രത്യേകിച്ച് എന്തെങ്കിലും ഗുണം (മസ്‌ലഹത്ത്) ഉണ്ടെന്ന് വരികയും അങ്ങനെ ചെയ്യുക വഴി മൃതദേഹത്തിന് ദോഷമൊന്നും പറ്റാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ഖബ്ര്‍ മാന്തുന്നതിനോ അതിലുള്ള മൃതദേഹം പുറത്തെടുക്കുന്നതിനോ വിരോധമില്ല. ഇങ്ങനെ ചെയ്യുന്നത്, ഖബ്ര്‍ മാന്തല്‍ നിരോധിക്കപ്പെട്ട ഗണത്തില്‍ പെടുകയില്ല. എന്തുകൊണ്ടെന്നാല്‍ പ്രത്യേകിച്ച് ഗുണമൊന്നുമില്ലാതിരിക്കുകയും എന്നാല്‍ ദോഷമുണ്ടാവുകയും ചെയ്യുമ്പോഴാണ് ആ വിലക്ക്'' (മുവത്വയുടെ വ്യാഖ്യാനം, അല്‍ മുന്‍തഖ 3/225).
ശാഫിഈ മദ്ഹബിന്റെ വീക്ഷണം
ഇമാം ശാഫിഈ പറയുന്നു: ''വല്ല ആവശ്യത്തിനും ഭൂമി കിളക്കുകയോ കുഴിയെടുക്കുകയോ ചെയ്യുന്ന വേളയില്‍ വല്ല മൃതദേഹത്തിന്റെയും അസ്ഥി കിട്ടുന്ന പക്ഷം തിരിച്ചവിടെത്തന്നെ കുഴിച്ചുമൂടുക എന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്'' (അല്‍ ഉമ്മ് 1/316).
ഇമാം നവവി പറയുന്നു: ''ശറഇയ്യായ കാരണങ്ങളൊന്നുമില്ലാതെ ഖബ്ര്‍ മാന്തുന്നത് അനുവദനീയമല്ല എന്നതാണ് ശാഫിഈ മദ്ഹബിന്റെ ആചാര്യന്മാരുടെ ഏകകണ്ഠമായ അഭിപ്രായം. എന്നാല്‍ മൃതദേഹം ദ്രവിച്ച് മണ്ണായിക്കഴിഞ്ഞാല്‍ ഖബ്ര്‍ മാന്തുന്നത് അനുവദനീയമാണ്. അങ്ങനെ വന്നാല്‍ അവിടെ മറ്റൊരു മൃതദേഹം അടക്കം ചെയ്യുന്നത് അനുവദനീയമാണ്. അതുപോലെ ആ സ്ഥലത്ത് കൃഷിചെയ്യുക, അവിടെ കെട്ടിടം പണിയുക തുടങ്ങിയ ഉപകാരപ്രദമായ മറ്റെന്തെങ്കിലും ചെയ്യുന്നതുമെല്ലാം അനുവദനീയമാണ് എന്നതാണ് ശാഫിഈ മദ്ഹബിന്റെ ഇമാമുമാരുടെ ഏകകണ്ഠമായ വീക്ഷണം. ഈ പറഞ്ഞതൊക്കെ മൃതദേഹത്തിന്റേതായി അസ്ഥിയുടെയോ മറ്റോ ഒരു പാടും അവശേഷിക്കാതിരുന്നാലാണ്. അതാകട്ടെ പ്രദേശങ്ങളുടെയും ഭൂപ്രകൃതിയുടെയും വ്യത്യാസമനുസരിച്ച് വ്യത്യസ്തവുമായിരിക്കും. അതിനാല്‍ ആ വിഷയത്തില്‍ പരിചയസമ്പന്നരുടെ അഭിപ്രായം അവലംബിക്കുക എന്നതാണ് വേണ്ടത്'' (ശറഹുല്‍ മുഹദ്ദബ് 5/273).
മൃതദേഹം പൂര്‍ണമായും ദ്രവിക്കും മുമ്പ് അതില്‍ മറ്റൊന്നുകൂടി അടക്കം ചെയ്യുന്നത് അത്യാവശ്യഘട്ടങ്ങളിലല്ലാതെ അനുവദനീയമല്ല. എന്നാല്‍ നിര്‍ബന്ധിത സാഹചര്യത്തില്‍, മറവുചെയ്യുമ്പോള്‍ തന്നെ ഒന്നിലധികം പേരെ ഒരുമിച്ച് അടക്കം ചെയ്യാവുന്നപോലെ പിന്നീട് വീണ്ടും അങ്ങനെ ചെയ്യാവുന്നതാണ് (തുഹ്ഫ 3/173).
ഹമ്പലി മദ്ഹബിന്റെ വീക്ഷണം
ഇമാം ഇബ്‌നു ഖുദാമ പറയുന്നു: ''മൃതദേഹം ദ്രവിച്ചു നുരുമ്പിപ്പോയിട്ടുണ്ടാവും എന്ന് ഉറപ്പായാല്‍ ഖബ്ര്‍ മാന്തുന്നതും അതില്‍ മറ്റൊരു മൃതദേഹം മറവുചെയ്യുന്നതും അനുവദനീയമാണ്. അക്കാര്യത്തില്‍ സംശയം തോന്നിയാല്‍ അറിവും പരിചയവുമുള്ളവരുടെ അഭിപ്രായം തേടേണ്ടതാണ്. അങ്ങനെ കുഴിക്കുമ്പോള്‍ അതില്‍ അസ്ഥിയോ മറ്റോ കാണുകയാണെങ്കില്‍ അത് കുഴിച്ചിടുകയും ഖബ്ര്‍ മറ്റൊരിടത്ത് കുഴിക്കുകയുമാണ് വേണ്ടത്. ഇമാം അഹ്മദ് ഇക്കാര്യം വ്യക്തമായിത്തന്നെ പറഞ്ഞിരിക്കുന്നു'' (മുഗ്്‌നി :2/194).
ഇനി ഈ വിഷയവുമായി വന്ന ശൈഖ് ഇബ്‌നുബാസിന്റെ ഫത്‌വ ഇങ്ങനെ വായിക്കാം: ''സാധ്യമാണെങ്കില്‍ ഒരോരുത്തരെയും വെവ്വേറെ തന്നെ ഖബ്‌റടക്കുന്നതാണ് സുന്നത്ത്. പ്രത്യേകിച്ച് വിശാലമായ ഭൂമിയുണ്ടായിരിക്കുകയും വെവ്വേറെ ഖബ്‌റടക്കം ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ അതുതന്നെയാണ് സുന്നത്ത്; പ്രവാചകന്‍(സ) മദീനയിലെ ബഖീഅ് ശ്മശാനത്തില്‍ ഓരോ മൃതദേഹവും വെവ്വേറെ മറവുചെയ്തതു പോലെതന്നെ. എന്നാല്‍, ആവശ്യത്തിന് ഭൂമി വിശാലമല്ലാത്ത സങ്കീര്‍ണ സാഹചര്യങ്ങള്‍ വന്നാല്‍ മറിച്ചു ചെയ്യുന്നതിന് വിരോധമില്ല. എങ്കിലും സാധ്യമായിടത്തോളം ഖബ്‌റുകള്‍ കുഴിച്ച് ഓരോന്നും വെവ്വേറെ തന്നെയാണ് മറവുചെയ്യേണ്ടത്. ഒരിടത്ത് തന്നെ ഒരുമിച്ചുകൂട്ടരുത്'' (ഇബ്‌നുബാസിന്റെ ഫത്‌വകള്‍).
മൃതദേഹങ്ങള്‍ അടക്കം ചെയ്തത് മൂലം ശ്മശാനം നിറയുകയും പുതിയ മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ സൗകര്യമില്ലാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍, പഴയ ഖബ്‌റുകള്‍ തുറന്ന് അവയിലുള്ള അസ്ഥികള്‍ എല്ലാം നീക്കി അവ മറ്റൊരിടത്ത് കുഴികുത്തിമൂടുകയും പഴയ ഖബ്‌റുകളില്‍ തന്നെ പുതിയ മൃതദേഹങ്ങള്‍ മറവു ചെയ്യുകയും ചെയ്യാമോ എന്ന ചോദ്യത്തിന് അസ്ഹര്‍ ഫതാവാ സമിതി പറഞ്ഞ മറുപടി ഇപ്രകാരമാണ്:
''(മൃതദേഹം അടക്കം ചെയ്യുകയും മണ്ണിട്ട് മൂടുകയും ചെയ്തുകഴിഞ്ഞാല്‍) ശര്‍ഈ പ്രമാണങ്ങളനുസരിച്ച് ന്യായമായ കാരണം കൂടാതെ ഖബ്‌റുകള്‍ മാന്തുന്നതോ മൃതദേഹം പുറത്തെടുക്കുന്നതോ അനുവദനീയമല്ല. അത് നീണ്ടകാലത്തിനു ശേഷമായാലും കുറഞ്ഞകാലത്തിന് ശേഷമായാലും ശരി. അതുപോലെ മൃതദേഹം പൂര്‍ണമായും ദ്രവിച്ചു കഴിഞ്ഞാലല്ലാതെ ഒരു ഖബ്‌റും മാന്താനോ അതില്‍ മറ്റൊരെണ്ണം അടക്കം ചെയ്യാനോ മറ്റൊരു നിവൃത്തിയുമില്ലെങ്കിലല്ലാതെ പാടില്ല. അങ്ങനെയൊരു സ്ഥിതിവന്നാല്‍ ആദ്യത്തേതിലെ അസ്ഥികളെല്ലാം കൂടി ഒരു സ്ഥലത്ത് ചേര്‍ത്ത് വെച്ച് അതിനിടയില്‍ മണ്ണുകൊണ്ട് ഒരു മറയുണ്ടാക്കി അടക്കം ചെയ്യാവുന്നതാണ്. അതുപോലെ, എല്ലാ ഖബ്‌റിലെയും അവശേഷിച്ച അസ്ഥികൂടങ്ങള്‍ ഒരുമിച്ചുകൂട്ടി അതിന്റെ തന്നെ ഒരു മൂലക്ക് മറവു ചെയ്യാവുന്നതാണ്. ഈ അസ്ഥികളുടെയും പുതുതായി അടക്കം ചെയ്യപ്പെടുന്ന മൃതദേഹത്തിന്റെയും ഇടയില്‍ മണ്ണിട്ട് ഒരു മറ തീര്‍ത്തിരിക്കണം. ഇങ്ങനെ ചെയ്യുകയല്ലാതെ വേറെ വഴിയില്ല എന്ന് ഉറപ്പുവരുത്തലും ഇതിന് ഉപാധിയാണ്'' (അസ്ഹര്‍ ഫത്‌വ 6/8. 6/12/1967).
ജനസാന്ദ്രത ഒട്ടും ഇല്ലാതിരുന്ന, ശ്മശാനങ്ങള്‍ക്ക് സൗകര്യമൊരുക്കുവാന്‍ ഇന്നത്തെ അപേക്ഷിച്ച് കാര്യമായ പ്രതിസന്ധികളൊന്നും ഇല്ലാതിരുന്ന കാലത്ത് പോലും ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ ഖബ്ര്‍ വീണ്ടും തുറക്കുന്നതും അതില്‍ പുതിയ മൃതദേഹം അടക്കം ചെയ്യുന്നതുമെല്ലാം അനുവദിച്ചിരുന്നതായാണ് കാണാന്‍ കഴിയുക. ഇത്രയധികം ജനസാന്ദ്രതയുള്ള, ജീവിച്ചിരിക്കുന്നവര്‍ക്കുപോലും ഒരു തുണ്ട് ഭൂമി ലഭിക്കാനില്ലാത്തവണ്ണം ഞെരുക്കമനുഭവിക്കുന്ന ഇക്കാലത്തായിരുന്നു ആ പണ്ഡിതന്മാര്‍ ജീവിച്ചിരുന്നതെങ്കില്‍ കൂറേക്കൂടി വിശാലമായ കാഴ്ചപ്പാട് അവര്‍ പ്രകടിപ്പിക്കുമായിരുന്നു എന്നകാര്യത്തില്‍ സംശയമില്ല.
അന്വേഷിച്ച വിഷയവുമായി ബന്ധപ്പെട്ട് പറയാനുള്ളത് ഇതാണ്: അല്‍പം അകലത്താണെങ്കിലും വിശാലമായ ഭൂമി ശ്മശാനാവശ്യാര്‍ഥം വാങ്ങിക്കാനുള്ള ശ്രമം കാര്യമായിത്തന്നെ തുടരുക. അതുവരെ നിലവിലെ നിര്‍ബന്ധിത സാഹചര്യം പരിഗണിച്ച് ഉള്ളവ മാന്തി, പുതിയ മൃതദേഹങ്ങള്‍ അതില്‍ മറവുചെയ്യുക. അതുപക്ഷേ നിരുപാധികം കൈകാര്യം ചെയ്യേണ്ട ഒന്നല്ല. നേരത്തെ അടക്കം ചെയ്ത മൃതദേഹം പൂര്‍ണമായും ദ്രവിച്ചു എന്ന് ആദ്യമേ ഉറപ്പുവരുത്തണം. ആ കാര്യം ഉറപ്പുവരുത്താനുള്ള വഴി അതേക്കുറിച്ച് അറിവുള്ളവരുടെ അഭിപ്രായം ആരായുക എന്നതാണ്.
രണ്ടാമത്തെ കാര്യം, ദ്രവിക്കാതെ കിടക്കുന്ന അസ്ഥികള്‍ മൃതദേഹത്തിന്റെ അതേ പരിഗണന നല്‍കി മാന്യമായി അതേ കുഴിയുടെ ചാരത്തോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഉചിതമായ ഇടങ്ങളിലോ കുഴിച്ചു മൂടുക എന്നതാണ്. പണ്ടു മുതലേ നടപ്പുള്ള കാര്യമായതിനാല്‍ അതിന്റെ പേരില്‍ പ്രയാസമുണ്ടാവേണ്ടതില്ല. ഖലീഫ മുആവിയ(റ)യുടെ കാലത്ത് മദീനാ ഹറമിന്റെ പരിസരത്തിലൂടെ ഒരു നീര്‍ച്ചാല്‍ കീറാന്‍ തീരുമാനമായി. 'ഹംസ നീര്‍ച്ചാല്‍' എന്നായിരുന്നു അതിന്റെ പേര്. ചാല് കീറുന്നതിനിടെ ശുഹദാക്കളായ (രക്തസാക്ഷികളായ) ചിലരുടെ ശരീരങ്ങള്‍ നീക്കേണ്ടിവന്നു. അനേകം സ്വഹാബിമാരുടെ സാന്നിധ്യത്തില്‍വെച്ച് അത് ചെയ്യുമ്പോള്‍ ആരും തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നത് ഈ വിഷയകമായ അവരുടെ കൂട്ടായ സമ്മതത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഇമാം ഇബ്‌നു തൈമിയ്യ രേഖപ്പെടുത്തുന്നു (അല്‍ഫതാവാ 1/14).
Comments