Prabodhanm Weekly

Pages

Search

2015 മെയ്‌ 08

മൗലാനാ അബ്ദുല്‍ അസീസ് ലാളിത്യം മുഖമുദ്രയാക്കിയ വാഗ്മിയും സംഘാടകനും

കെ.ടി ഹുസൈന്‍

         സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച ആദ്യകാല നേതാക്കള്‍ ഏറക്കുറെ എല്ലാവരും ഇതിനകം അല്ലാഹുവിലേക്ക് യാത്രയായിക്കഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 16-ന് ഹൈദരാബാദില്‍ മരണപ്പെട്ട മൗലാനാ അബ്ദുല്‍ അസീസ് സാഹിബ് ആ പരമ്പരയിലെ അവസാനത്തെ കണ്ണിയായിരുന്നു. ഉജ്ജ്വല പ്രഭാഷകന്‍, മികച്ച സംഘാടകന്‍, പ്രബോധകന്‍, സാമൂഹിക സേവകന്‍ എന്നീ നിലകളിലെല്ലാം പ്രസ്ഥാനത്തിനകത്തും പുറത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു മൗലാനാ അബ്ദുല്‍ അസീസ്.

ഹൈദരാബാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഖമ്മം ജില്ലയിലെ കാച്ചിന്‍ ഹള്ളി ഗ്രാമത്തില്‍ 1926-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ദാരിദ്ര്യത്തിന്റെ നിഴലിലാണ് മൗലാന തന്റെ ചെറുപ്പകാലം കഴിച്ചുകൂട്ടിയത്. പിതാവ് ഇസ്മാഈല്‍ നടത്തിയിരുന്ന ഒരു പെട്ടിക്കട മാത്രമായിരുന്നു കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. പിതാവിന്റെ സുഹൃത്തായിരുന്ന സയ്യിദ് നഖി അലിയുടെ സംരക്ഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അദ്ദേഹം അബ്ദുല്‍ അസീസിനെ പ്രാഥമിക മത പഠനത്തിനു ശേഷം സ്‌കൂളിലും കോളേജിലും ചേര്‍ത്തു പഠിപ്പിച്ചു. തര്‍ജുമാനുല്‍ ഖുര്‍ആന്റെ സ്ഥിരം വായനക്കാരനായ ഒരു ജമാഅത്ത് പ്രവര്‍ത്തകനായിരുന്നു സയ്യിദ് നഖി അലി. അദ്ദേഹത്തിന് മൗലാനാ മൗദൂദിയുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് പില്‍ക്കാലത്ത് സയ്യിദ് നഖി അലിയെ പഠാന്‍കോട്ട് ദാറുല്‍ ഇസ്‌ലാമില്‍ എത്തിക്കുകയുണ്ടായി. നഖി അലിയുമായുള്ള സഹവാസത്തിലൂടെ കോളേജ് വിദ്യാര്‍ഥിയായിരുന്ന അബ്ദുല്‍ അസീസ് തര്‍ജുമാനുല്‍ ഖുര്‍ആന്റെ സ്ഥിരം വായനക്കാരനായി മാറി. തര്‍ജുമാനുല്‍ ഖുര്‍ആന്‍ വായിച്ച് ആവേശം കയറിയ ആ കോളേജ് കുമാരന്‍ മൗദൂദിയുടെ എല്ലാ കൃതികളും തേടിപ്പിടിച്ച് വായിക്കാന്‍ തുടങ്ങി. നഖി അലി പ്രതീക്ഷിച്ചത് പോലെ ആ വായന അബ്ദുല്‍ അസീസിനെ അതിനകം ജമാഅത്ത് പ്രവര്‍ത്തകനാക്കി മാറ്റിക്കഴിഞ്ഞിരുന്നു. വിഭജനത്തിന് തൊട്ട് മുമ്പ് പഠാന്‍കോട്ടിലേക്ക് കുടിയേറിയ നഖി അലിയോടൊപ്പം പോകാന്‍ അബ്ദുല്‍ അസീസും അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍, കുടുംബത്തിന്റെ ദാരിദ്ര്യം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം സയ്യിദ് മൗദൂദിയുടെ ശിഷ്യനാകാന്‍ കൈവന്ന അവസരം നഷ്ടപ്പെട്ടതാണെന്ന് പില്‍കാലത്ത് ദഅ്‌വത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. 

കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ സജീവ ജമാഅത്ത് പ്രവര്‍ത്തകനായിരുന്നുവെങ്കിലും അദ്ദേഹം പാര്‍ട്ടി അംഗമാകുന്നത് 1950-ലാണ്. കോളേജ് പഠനം കഴിഞ്ഞ ഉടനെ തന്നെ അദ്ദേഹത്തിന് കരിം നഗറില്‍ സ്‌കൂള്‍ അധ്യാപകനായി ജോലി ലഭിച്ചു. ഇംഗ്ലീഷും ചരിത്രവും ഭൂമിശാസ്ത്രവുമാണ് അദ്ദേഹം സ്‌കൂളില്‍  പഠിപ്പിച്ചിരുന്നത്. അധ്യാപനത്തോടൊപ്പം ജമാഅത്ത് പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി. കരിം നഗര്‍ പ്രാദേശിക ജമാഅത്തിന്റെ അമീറായിരുന്ന അദ്ദേഹം കരിം നഗറില്‍ ഉടനീളം പ്രസ്ഥാനത്തെ പരിചയപ്പെടുത്തി പ്രസംഗ പരിപാടികള്‍ സംഘടിപ്പിച്ചു. അത്യുജ്ജ്വലമായ അദ്ദേഹത്തിന്റെ പ്രഭാഷണം വമ്പിച്ച ജനക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജമാഅത്ത് ബന്ധത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കരിം നഗറില്‍ നിന്ന് ഏറെ ദൂരമുണ്ടായിരുന്ന ആദിലാബാദിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റി. പക്ഷേ, അവിടെയും അദ്ദേഹം അടങ്ങിയിരുന്നില്ല. അന്ന് കമ്യൂണിസ്റ്റ് കോട്ടയായിരുന്ന ആദിലാബാദില്‍ അബ്ദുല്‍ അസീസിന്റെ പ്രസംഗങ്ങള്‍ കമ്യൂണിസ്റ്റുകാരെയും രോഷം കൊള്ളിച്ചു. അവര്‍ അബ്ദുല്‍ അസീസിനെതിരെ പരാതിയുമായി ജില്ലാ കലക്ടറെ സമീപിച്ചു. പക്ഷപാതിയായിരുന്ന ജില്ലാ കലക്ടര്‍ രഹസ്യാന്വേഷണ വിഭാഗത്തെക്കൊണ്ട് അബ്ദുല്‍ അസീസിനെതിരെ റിപ്പോര്‍ട്ട് സംഘടിപ്പിക്കുകയും അതൊരു പരാതിയായി വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഡയറക്ടര്‍ അബ്ദുല്‍ അസീസിനെ വിളിപ്പിച്ച് 'ജമാഅത്തുമായി ബന്ധമില്ല' എന്നെഴുതി കൊടുക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, അബ്ദുല്‍ അസീസ് സാഹിബ് അതിന് ഒരുക്കമല്ലായിരുന്നു. വിദ്യാഭ്യാസ ഡയറക്ടര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാനെന്നോണം ഇങ്ങനെ പറഞ്ഞു: ''നിങ്ങള്‍ ജമാഅത്തില്‍ പ്രവര്‍ത്തിച്ചോളൂ. എന്നാല്‍ താന്‍ ജമാഅത്തില്‍ അംഗമല്ലെന്നും അഖിലേന്ത്യാ അമീര്‍ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹിയെ അറിയില്ലെന്നും മാത്രം എഴുതി തന്നാല്‍ മതി.'' 'അല്ലാഹുവാണ, എനിക്ക് കള്ളം പറയാന്‍ പറ്റില്ല.' മൗലാനാ മറുപടി പറഞ്ഞു. ഭക്ഷണത്തിന്റെ കാര്യമല്ലേ- വീണ്ടും ഡയറക്‌റുടെ അനുനയ സ്വരം. 'ഭക്ഷണം തരുന്നത് നിങ്ങളല്ല, അല്ലാഹുവാണ്' എന്നായിരുന്നു മൗലാനയുടെ ദൃഢസ്വരത്തിലുള്ള മറുപടി. പിന്നീട് ഡയറക്ടര്‍ അധികമൊന്നും പറയാന്‍ നിന്നില്ല. കൃത്യം രണ്ടു മാസത്തിനു ശേഷം പിരിച്ചുവിടല്‍ നോട്ടീസാണ് അദ്ദേഹത്തിന് ലഭിച്ചത്. 

ജീവിക്കാന്‍ ഈ ജോലിയല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. അതാണിപ്പോള്‍ നിലപാടിന്റെ പേരില്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. പക്ഷേ, അദ്ദേഹം പതറിയില്ല. ഭാര്യയുടെ കൈവശമുണ്ടായിരുന്ന ഏതാനും സ്വര്‍ണാഭരണങ്ങള്‍ വിറ്റ് അദ്ദേഹം പെട്ടിക്കട തുടങ്ങി. അങ്ങനെ പിതാവിനെ പോലെ അദ്ദേഹവും പെട്ടിക്കട കച്ചവടക്കാരനായി മാറി. പിന്നീട് ജമാഅത്തില്‍ കൂടുതല്‍ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുവരെ ആ അധ്യാപകന്റെ ഉപജീവന മാര്‍ഗം പെട്ടിക്കട മാത്രമായിരുന്നു. വളരെ അരിഷ്ടിച്ചാണ് അക്കാലത്ത് അദ്ദേഹം ജീവിച്ചത്. അന്ന് പഠിച്ച ജീവിത ലാളിത്യം ജീവിതാവസാനം വരെ അദ്ദേഹം നിലനിര്‍ത്തി. വേണമെങ്കില്‍ തന്റെ പ്രസംഗ പാടവം ഉപയോഗിച്ച് അദ്ദേഹത്തിന് നല്ല വരുമാനമുണ്ടാക്കാമായിരുന്നു. പക്ഷേ, അല്ലാഹു തനിക്ക് നല്‍കിയ കഴിവ് തന്റെ ആദര്‍ശത്തിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.

1964-ല്‍ അബ്ദുല്‍ അസീസ് ആദ്യമായി ആന്ധ്ര ഘടകത്തിന്റെ അമീറായി തെരഞ്ഞെടുക്കപ്പെട്ടു. 1969-ല്‍ കേന്ദ്രത്തിലേക്ക് വിളിക്കപ്പെട്ട അദ്ദേഹം 1972 വരെ അഖിലേന്ത്യാ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അതിനു ശേഷം അടിയന്തരാവസ്ഥ വരെ അദ്ദേഹം തമിഴ്‌നാട് ഘടകത്തിന്റെ അമീറായിരുന്നു. ഇക്കാലമത്രയും ചെന്നൈയിലുള്ള ഹല്‍ഖാ കേന്ദ്രത്തില്‍ മുടങ്ങാതെ അദ്ദേഹം നടത്തിയിരുന്ന ഖുര്‍ആന്‍ ദര്‍സ് ഏറെ പ്രശസ്തമായിരുന്നു. ജമാഅത്ത് വൃത്തത്തിന് പുറത്തുനിന്ന് വലിയൊരു ജനാവലിയെ അത് ആകര്‍ഷിക്കുകയുണ്ടായി. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ജമാഅത്തിന്റെ അടിത്തറ വികസിപ്പിക്കുന്നതില്‍ ഈ ഖുര്‍ആന്‍ ദര്‍സിന് വലിയ പങ്കുണ്ട്.

അടിയന്തരാവസ്ഥക്ക് ശേഷം അദ്ദേഹം ജമാഅത്തിന്റെ ആന്ധ്ര-ഒറീസ ഘടകത്തിന്റെ അമീറായി. ജമാഅത്തിന്റെ കീഴിലുള്ള ഇസ്‌ലാമിക് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടത്തുന്ന ദാറുല്‍ ഹുദാ മെറ്റേര്‍ണിറ്റി ഹോസ്പിറ്റല്‍, തെലുങ്ക് ഭാഷയില്‍ ഇസ്‌ലാമിക സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന തെലുങ്ക് ഇസ്‌ലാമിക് പബ്ലിക്കേഷന്‍, തെലുങ്ക് ഭാഷയില്‍ എഴുത്തുകാരെയും പ്രസംഗകരെയും പരിശീലിപ്പിക്കുന്ന ഇദാറെ അദബെ ഇസ്‌ലാമി തുടങ്ങിയവ അബ്ദുല്‍ അസീസ് സാഹിബിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സ്ഥാപനങ്ങളാണ്.

മൗലാനാ അബുല്ലൈസ് ഇസ്‌ലാഹിയുടെ ഇമാറത്തിന്റെ അവസാന കാലയളവില്‍ അബ്ദുല്‍ അസീസ് സാഹിബ് കേന്ദ്രത്തില്‍ ദഅ്‌വാ വകുപ്പിന്റെ ചുമതല വഹിച്ചു. ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒവിന്റെ രൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിച്ച കേന്ദ്ര നേതാക്കളില്‍ ഒരാളായിരുന്നു അബ്ദുല്‍ അസീസ് സാഹിബ്. അതിനായി അദ്ദേഹം ഇന്ത്യയിലുടനീളം പര്യടനം നടത്തുകയും സിമിയുടേതടക്കമുള്ള വിദ്യാര്‍ഥി യുവജന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

1990-ല്‍ മൗലാനാ സിറാജുല്‍ ഹസന്‍ ജമാഅത്ത് അമീറായപ്പോള്‍ അദ്ദേഹം അസിസ്റ്റന്റ് അമീറായി. 90-കളുടെ ഒടുവില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പ്രവര്‍ത്തനം ഹൈദരാബാദിലേക്ക് മാറ്റുന്നതു വരെ അദ്ദേഹം അസിസ്റ്റന്റ് അമീറായും കേന്ദ്ര ശൂറാ അംഗമായും പ്രതിനിധി സഭാ അംഗമായും പ്രവര്‍ത്തിച്ചു. കേന്ദ്രത്തില്‍ നിന്ന് വിരമിച്ച ശേഷം കുറെകാലം അദ്ദേഹം ആന്ധ്ര പ്രദേശ് ഹല്‍ഖയില്‍ ശൂറാംഗമായി പ്രവര്‍ത്തിച്ചിരുന്നു. മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടി രൂപീകരിക്കപ്പെട്ട എം.പി.ജെയുടെ പ്രഥമ പ്രസിഡന്റും അദ്ദേഹമായിരുന്നു.

1971-ല്‍ ബംഗ്ലാദേശ് യുദ്ധകാലത്തും 1975-ല്‍ അടിയന്തരാവസ്ഥയിലും അദ്ദേഹം രണ്ടു തവണ ജയില്‍വാസം അനുഷ്ഠിച്ചു. അടിയന്തരാവസ്ഥാ കാലത്ത് ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹം എഴുതിയ 'അല്ലാ കി നിശാന്‍' എന്ന കൃതി മര്‍കസി മക്തബ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1981-ലെ ജമാഅത്തെ ഇസ്‌ലാമിയുടെ ആറാം അഖിലേന്ത്യാ സമ്മേളനം, 1986-ല്‍ ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ നടന്ന എസ്.ഐ.ഒ പ്രഥമ അഖിലേന്ത്യാ സമ്മേളനം, 1996-ല്‍ ഹൈദരാബാദില്‍ നടന്ന ജമാഅത്ത് അംഗങ്ങളുടെ അഖിലേന്ത്യാ സമ്മേളനം തുടങ്ങിയവ ഒരു സംഘാടകന്‍ എന്ന നിലയിലുള്ള അബ്ദുല്‍ അസീസിന്റെ മികവ് തെളിയിക്കുന്ന പരിപാടികളായിരുന്നു. ഈ മൂന്ന് സമ്മേളനങ്ങളുടെയും നാസിം അദ്ദേഹമായിരുന്നു. ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ നടന്ന എസ്.ഐ.ഒ സമ്മേളനം ശക്തമായി പെയ്ത മഴയിലും കാറ്റിലും കുതിര്‍ന്ന് അണികള്‍ ചിതറി പോകാതിരുന്നത് അന്ന് അദ്ദേഹം സ്റ്റേജില്‍ മഴ നനഞ്ഞുകൊണ്ട് നടത്തിയ ഉജ്ജ്വല പ്രഭാഷണമായിരുന്നു. ''കാറ്റിന്റെ ഗതി തിരിച്ചുവിടാനും ഇരുട്ടിനെയും കൊടുങ്കാറ്റിനെയും കീറി മുറിക്കാനും മഹാ സമുദ്രങ്ങളെ മുറിച്ച് കടക്കാനും കഴിയുന്ന നിങ്ങള്‍ മഴത്തുള്ളികള്‍ കണ്ട് പേടിച്ചോടുകയോ?'' എന്നാണ് അന്ന് അദ്ദേഹം നടത്തിയ പ്രഭാഷണത്തില്‍ ചോദിച്ചത്. പ്രസംഗത്തിന്റെ അര്‍ഥം പൂര്‍ണമായും മനസ്സിലായാലും ഇല്ലെങ്കിലും പ്രസംഗത്തിന്റെ വികാരം പൂര്‍ണമായും ഉള്‍ക്കൊണ്ട മലയാളികളടക്കം നടത്തിയ അത്യധ്വാനമാണ് വെള്ളം കെട്ടി നിന്നിരുന്ന പാലസ് ഗ്രൗണ്ട് ഒറ്റ രാത്രി കൊണ്ടുതന്നെ വൃത്തിയാക്കി അടുത്ത പ്രഭാതത്തില്‍ സമ്മേളനത്തിന് സജ്ജമാക്കിയത്.

വിനയം, ലാളിത്യം, യുവാക്കളോടുള്ള ആഭിമുഖ്യം, നര്‍മബോധം എന്നിവയായിരുന്നു മൗലാനയുടെ വ്യക്തിത്വത്തില്‍ മുന്തി നിന്നിരുന്ന പ്രകടമായ സവിശേഷതകള്‍. യുവാക്കളെ കൂടെ നിര്‍ത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം അതീവ തല്‍പരനായിരുന്നു. പ്രായമുള്ളവരെ പിടികൂടാറുള്ള ഗൃഹാതുരത്വം എന്ന രോഗത്തില്‍ നിന്ന് പൂര്‍ണമായും മുക്തനായിരുന്നു അബ്ദുല്‍ അസീസ് സാഹിബെന്ന് അദ്ദേഹത്തോടൊപ്പം ആന്ധ്രാ ജമാഅത്ത് ശൂറയില്‍ പ്രവര്‍ത്തിച്ച ജമാഅത്തിന്റെ നിയുക്ത അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി അനുസ്മരിക്കുന്നു. മുമ്പ് എല്ലാം ഭദ്രമായിരുന്നു, ഇപ്പോള്‍ ചെറുപ്പക്കാര്‍ എല്ലാം കുഴപ്പത്തിലാക്കിയിരിക്കുന്നു എന്ന മുതിര്‍ന്നവരുടെ മനോഭാവത്തെയാണ് സആദത്തുല്ല ഹുസൈനി ഗൃഹാതുരത്വം എന്ന് വിശേഷിപ്പിച്ചത്. പ്രസ്ഥാനത്തിന്റെ അണികളിലും നേതൃതലത്തിലും ഈ മനോഭാവമുള്ളവരുണ്ട്. എന്നാല്‍ മൗലാനയില്‍ ഈ മനോഭാവം ഒട്ടും ഉണ്ടായിരുന്നില്ല. അതുപോലെ തന്റെ അഭിപ്രായങ്ങള്‍ക്ക് മറ്റുള്ളവര്‍ ആധികാരികത കല്‍പിച്ചുതരണമെന്ന മനോഭാവവും മുതിര്‍ന്നവരില്‍ പലര്‍ക്കുമുണ്ട്. ഈ മനോഭാവവും അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നും ഹുസൈനി അനുസ്മരിക്കുന്നു. വലിയവരെ ബഹുമാനിക്കുകയും ചെറിയവരോട് കരുണ കാണിക്കുകയും ചെയ്യുക എന്ന തത്ത്വം പ്രസ്ഥാന ബന്ധത്തിന്റെ കാര്യത്തില്‍ പ്രതിബദ്ധതയോടെ മുറുകെ പിടിച്ച വ്യക്തിയായിരുന്നു മൗലാനാ അബ്ദുല്‍ അസീസ്. എസ്.ഐ.ഒ രൂപീകരണ കാലത്ത് സിമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന കേരളത്തിന് വെളിയിലുള്ള പലരെയും ജമാഅത്ത് തീരുമാനത്തോടൊപ്പം ഉറപ്പിച്ചുനിര്‍ത്തിയതില്‍ യുവാക്കളോടുള്ള മൗലാനയുടെ ഈ സമീപനം കാരണമായിട്ടുണ്ട്.

മൗലാനയെ ഇന്ത്യയിലുടനീളം പ്രശസ്തനാക്കിയതില്‍ നിര്‍ണായക ഘടകമായി വര്‍ത്തിച്ചത് അദ്ദേഹത്തിന്റെ  പ്രഭാഷണ പാടവമായിരുന്നു. പ്രസംഗകല ശാസ്ത്രീയമായി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സ്റ്റഡി മെറ്റീരിയലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഒറ്റ ശ്വാസത്തിലും നിന്ന നില്‍പിലും പ്രസംഗിക്കുന്ന ആളായിരുന്നില്ല അദ്ദേഹം. കൃത്യമായ ആരോഹണാവരോഹണത്തോടും അതിനനുസൃതമായ ശരീര ചലനങ്ങളോടും കൂടിയായിരുന്നു പ്രസംഗം. ഭാഷ വളരെ ലളിതവും എന്നാല്‍ അങ്ങേയറ്റം മനോഹരവുമായിരുന്നു. കേരളത്തില്‍ പ്രസംഗിക്കുമ്പോള്‍ ഇംഗ്ലീഷ് പദങ്ങള്‍ ധാരാളമായി ഉപയോഗിക്കുമായിരുന്നു. അതിനാല്‍ ഉര്‍ദു അറിയാത്തവര്‍ക്ക് പോലും അദ്ദേഹം പറയുന്നതിന്റെ ആശയം പിടികിട്ടുമായിരുന്നു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് മൗലാനയുടെ നാവിനോളം പ്രയോജനപ്പെട്ട നാവ് അധികമൊന്നുമില്ല. ശരീഅത്ത് വിവാദകാലത്തും രാമജന്മഭൂമി-ബാബരി മസ്ജിദ് സംഘര്‍ഷകാലത്തും ഇന്ത്യയിലുടനീളം അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ മുസ്‌ലിംകള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.

ജമാഅത്ത് അഖിലേന്ത്യാ അമീറുമാരെ മാറ്റിനിര്‍ത്തിയാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രഭാഷണം നടത്തിയ അഖിലേന്ത്യാ നേതാവ് ഒരുപക്ഷേ അബ്ദുല്‍ അസീസ് സാഹിബായിരിക്കും. ഈ ലേഖകന്‍ ആദ്യമായി കേട്ട ഉര്‍ദു പ്രസംഗവും അദ്ദേഹത്തിന്റേതായിരുന്നു. ഉര്‍ദു മാത്രമല്ല, മലയാള പ്രസംഗവും നന്നായി മനസ്സിലാകാത്ത കാലത്തായിരുന്നു അത്. 1982-ല്‍ മഞ്ചേരിയില്‍ നടന്ന സിമിയുടെ ജില്ലാ സമ്മേളനത്തിലായിരുന്നു അത്. അന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥിയായിരുന്നു ഞാന്‍. ആ സമ്മേളനത്തിലെ മറ്റെല്ലാം മറന്നുപോയെങ്കിലും പ്രകടനത്തിന്റെ മുമ്പിലുള്ള പൈലറ്റ് വാഹനത്തില്‍ ഇരുന്നുകൊണ്ട് ശൈഖ് മുഹമ്മദ് കാരകുന്നും, സമ്മേളനത്തില്‍ അബ്ദുല്‍ അസീസ് സാഹിബും നടത്തിയ പ്രസംഗങ്ങള്‍ ഇന്നും ഓര്‍മയിലുണ്ട്. ഈ രണ്ട് പ്രസംഗങ്ങളിലും ജ്വലിച്ചു നിന്ന ആവേശമാണ് അതിനെ ഓര്‍മയിലിപ്പോഴും തങ്ങിനിര്‍ത്തുന്നത്. രണ്ടാമത്തെ ഓര്‍മ നേരത്തെ പറഞ്ഞ ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടിലെ മഴനനഞ്ഞുകൊണ്ടുള്ള പ്രസംഗമാണ്. അന്നും ആശയം മനസ്സിലായില്ലെങ്കിലും അതിന്റെ ആവേശത്തില്‍ ഭ്രമിച്ചുപോയിട്ടുണ്ട്.

അസീസ് സാഹിബിന്റെ ലാളിത്യവും നര്‍മബോധവും നേരിട്ടനുഭവിക്കാനും ഈ കുറിപ്പുകാരന് അവസരമുണ്ടായിട്ടുണ്ട്. ഒരു കേരള പര്യടനത്തിനിടയില്‍ കോഴിക്കോട്ടെ ഒരു സായാഹ്ന സവാരിക്കിടയില്‍ അദ്ദേഹത്തെ അനുഗമിച്ചപ്പോഴായിരുന്നു അത്. ഞങ്ങളിരുവരെയും കോഴിക്കോട് ബീച്ചിലിറക്കി ഡ്രൈവര്‍ ഉടനെ വരാമെന്ന് പറഞ്ഞ് എങ്ങോട്ടോ പോയി. പക്ഷേ, ഡ്രൈവര്‍ എന്തോ കാരണത്താല്‍ പിന്നീട് വന്നില്ല. ഓഫീസിലേക്ക് വിളിക്കാന്‍ ഇന്നത്തെപ്പോലെ സൗകര്യങ്ങളില്ലായിരുന്നു. ഞാന്‍ അങ്കലാപ്പിലായി. സ്റ്റേഡിയത്തിനടുത്തുള്ള പഴയ ജമാഅത്ത് ഓഫീസിലേക്കായിരുന്നു തിരികെ എത്തേണ്ടിയിരുന്നത്. കൂനിന്മേല്‍ കുരുവെന്നോണം ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കിലുമായിരുന്നു. എന്റെ ബേജാറ് കണ്ടപ്പോള്‍ 'സാരമില്ല, നമുക്ക് നടക്കാം' എന്ന് പറഞ്ഞ് അദ്ദേഹം ധൃതിയില്‍ നടത്തം തുടങ്ങി. ഭയത്തോടെ ഞാനും. പക്ഷേ, ഓഫീസിലെത്തുന്നതുവരെ പലതരം തമാശകള്‍ പറഞ്ഞ് അദ്ദേഹം എന്നിലുള്ള ഭയം ഇല്ലാതാക്കി. ഇങ്ങനെ സംഭവിച്ചതില്‍ യാതൊരു നീരസമോ അസ്വസ്ഥതയോ പ്രകടിപ്പിച്ചില്ല എന്നതിലാണ് ആ വലിയ മനുഷ്യന്റെ ലാളിത്യം ഞാന്‍ തൊട്ടറിഞ്ഞത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /18
എ.വൈ.ആര്‍