Prabodhanm Weekly

Pages

Search

2015 മെയ്‌ 08

നീതിയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവരോട്

         ഈജിപ്തും ബംഗ്ലാദേശും, രണ്ടും വ്യത്യസ്ത രാഷ്ട്രങ്ങള്‍. അവ തമ്മില്‍ ചരിത്രപരമോ ഭൂമിശാസ്ത്രപരമോ ആയ ബന്ധങ്ങള്‍ നിലനില്‍ക്കുന്നില്ല. സംസ്‌കാരവും ഭാഷയുമൊക്കെ വേറെ വേറെ. ഒന്ന് ആഫ്രിക്കന്‍ വന്‍കരയില്‍, മറ്റേത് തെക്കനേഷ്യയില്‍. പക്ഷേ രണ്ടിടത്ത് നിന്നും അടുത്ത കാലത്തായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഒരേ തരത്തിലുള്ളത്. എല്ലാം കൊടിയ നീതിനിഷേധത്തിന്റെ വാര്‍ത്തകള്‍. ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച ഏകാധിപതികളാണ് ഇരു നാടുകളിലും ഭരണം നടത്തുന്നതും 'നീതിന്യായ'ത്തെ നിയന്ത്രിക്കുന്നതും. രണ്ടിടത്തും രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കള്ളക്കഥകള്‍ പടച്ചുണ്ടാക്കി അവരെ തൂക്കാനോ കഠിന തടവിനോ ശിക്ഷിക്കുന്നു. കുറ്റാരോപിതര്‍ക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ യാതൊരു അവസരവുമില്ല. അവര്‍ക്കെതിരെ ഏകാധിപതികള്‍ നേരത്തെ തയാറാക്കിയ വിധി പ്രസ്താവങ്ങള്‍ വായിക്കുക മാത്രമാണ് ജഡ്ജിമാരുടെ റോള്‍.

ഈജിപ്തില്‍ നടക്കുന്നത് തനി വിചാരണാ പ്രഹസനങ്ങളാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെല്ലാം ചൂണ്ടിക്കാട്ടിയതാണ്. മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ ഇരുപത് വര്‍ഷത്തെ കഠിന തടവിനാണ് അവിടത്തെ കോടതി ശിക്ഷിച്ചത്. ഈജിപ്ഷ്യന്‍ ചരിത്രത്തിലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡന്റാണ് മുര്‍സി. അബ്ദുല്‍ ഫത്താഹ് സീസി എന്ന ഏകാധിപതി സൈനിക അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിക്കപ്പെട്ട മുര്‍സിയുടെ വിചാരണ നടന്നത് വളരെ രഹസ്യമായി. അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്ക് വരെ പ്രവേശനാനുമതി ലഭിച്ചില്ല. തന്റെ നിരപരാധിത്വം വിശദീകരിക്കാന്‍ പോലുമാവാതെ നിസ്സഹായനായിരുന്നു ഈ മുന്‍ പ്രസിഡന്റ്. അധികാരത്തിലിരിക്കെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം പത്തു പേര്‍ കൊല്ലപ്പെട്ട കേസിലാണ് ഈ വിധി. അതേസമയം, 2013 ആഗസ്റ്റില്‍ റാബിഅ സ്‌ക്വയറില്‍ എഴുന്നൂറോളം പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ ഒരാളെ പോലും ഇതേവരെ വിചാരണ ചെയ്തിട്ടുപോലുമില്ല.

ഹേഗ് അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷ്‌നല്‍ ക്രിമിനല്‍ ബ്യൂറോയിലെ ടോബി കാഡ്മാന്‍ പറഞ്ഞതുപോലെ, മുര്‍സിക്കെതിരെ നടത്തിയിരിക്കുന്ന ഈ വിധിപ്രസ്താവം ഒരു കുറ്റകൃത്യം തന്നെയാണ്. വിചാരണ ചെയ്യപ്പെടുന്നവര്‍ രാഷ്ട്രീയ പ്രതിയോഗികളാണെങ്കില്‍ കാര്യങ്ങള്‍ വളരെ എളുപ്പം. ഒറ്റയടിക്ക് ഇരുന്നൂറ് പേരെ വിചാരണ ചെയ്യാം. മണിക്കൂറുകള്‍ക്കകം വിധിപ്രസ്താവവും നടത്താം. ജനീവയിലെ യു.എന്‍ മനുഷ്യാവകാശ ഹൈ കമീഷണര്‍, ഇത്തരം വിചാരണാ പ്രഹസനങ്ങളിലൂടെ നിയമ പ്രക്രിയയുടെ അടിസ്ഥാന തത്ത്വങ്ങള്‍ വരെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു.

ബംഗ്ലാദേശിലും നടക്കുന്നത് ഏകാധിപത്യത്തിന്റെ തേര്‍വാഴ്ചയാണ്. ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാക്കളിലൊരാളായ ഖമറുസ്സമാനെ കഴിഞ്ഞ മാസമാണ് തൂക്കിലേറ്റിയത്. മറ്റൊരു നേതാവായ അബ്ദുല്‍ ഖാദിര്‍ മുല്ലയെയും നേരത്തെ തൂക്കിലേറ്റിയിരുന്നു. സംഘടനയുടെ ഏറ്റവും മുതിര്‍ന്ന നേതാവ് പ്രഫ. ഗുലാം അഅ്‌സം മതിയായ ചികിത്സയും പരിചരണവും കിട്ടാതെ തടവറയില്‍ വെച്ച് അന്ത്യശ്വാസം വലിച്ചു. ഈജിപ്തിലെന്ന പോലെ ബംഗ്ലാദേശിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃനിരയൊന്നടങ്കം തടവറയിലാണ്. അവരെയും കാത്തിരിക്കുന്നത് തൂക്കുമരമാണ്. നീതി കിട്ടുമെന്ന യാതൊരു പ്രതീക്ഷയും അവശേഷിക്കുന്നില്ല. 1971-ലെ യുദ്ധകാലത്ത് ആരോ ചെയ്ത അതിക്രമങ്ങളുടെ പാപഭാരം മുഴുവന്‍ ജമാഅത്ത് നേതാക്കളുടെ തലയില്‍ കെട്ടിവെച്ചാണ് നീതിയെ കുഴിച്ചുമൂടിക്കൊണ്ടിരിക്കുന്നത്.

ഇരു നാടുകളിലും നീതി നിഷേധത്തിന്റെ ഏറ്റവും വലിയ ഇരകള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ്; ഈജിപ്തില്‍ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമിയും. എസ്. സയ്യിദ് തന്റെ ദ ഫണ്ടമെന്റല്‍ ഫിയര്‍ എന്ന കൃതിയില്‍ കൃത്യമായി നിരീക്ഷിക്കുന്നത് പോലെ അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, റഷ്യ, ഇന്ത്യ, ചൈന തുടങ്ങിയ മുഴുവന്‍ ലോക ശക്തികളും, ലോകത്ത് ഭീകരത വിതക്കുന്നത് ഇസ്‌ലാമിസമാണ് എന്ന തീര്‍പ്പില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ നടക്കുന്ന നീതിനിഷേധങ്ങളെ അവര്‍ കണ്ടതായി നടിക്കില്ല. എന്നല്ല രഹസ്യമായി അത്തരം നീക്കങ്ങളെ പിന്തുണക്കുകയും ചെയ്യും.

നീതിനിര്‍വഹണത്തിലെ ഈ ഇരട്ടത്താപ്പ് മീഡിയയെയും സ്വാധീനിക്കുന്നു. നിരപരാധികളായ രാഷ്ട്രീയ പ്രതിയോഗികളെ കൊന്നൊടുക്കുന്നതിന് ഏകാധിപതികള്‍ നിരത്തുന്ന കള്ളന്യായങ്ങള്‍ അവയുടെ നിജസ്ഥിതി അറിയാന്‍ മെനക്കെടാതെ അവര്‍ വാര്‍ത്തകളായി കൊടുക്കുന്നു. മുസ്‌ലിം മീഡിയയും ഇതില്‍ നിന്ന് മുക്തമല്ല. 

'നീതിക്ക് വേണ്ടി നിലകൊള്ളുവിന്‍' എന്ന് ഖുര്‍ആന്‍ വിശ്വാസികളെ അടിക്കടി ഉണര്‍ത്തുന്നുണ്ട്. പക്ഷേ, അടുത്തകാലത്തായി മുസ്‌ലിം സംഘടനാ നേതൃത്വങ്ങള്‍ അനീതികളോട് സമരസപ്പെടുന്നതായാണ് കണ്ടുവരുന്നത്. നിലവിലുള്ള ഭരണം തകര്‍ന്നാല്‍ പിന്നെ വരുന്നത് അതിനേക്കാള്‍ മോശമായ ഭരണമാവുമെന്ന ന്യായം പറഞ്ഞ് ഏകാധിപതികളെ വെളളപൂശുന്ന ഫത്‌വകളും ഇടക്കാലത്ത് ഏറെയുണ്ടായി. ഏകാധിപതികളെയും അതിക്രമികളെയും കൈകാര്യം ചെയ്യാന്‍ പുതിയൊരു ഇസ്‌ലാമിക രീതിശാസ്ത്രം (ഫിഖ്ഹുത്തഗ്‌യീര്‍) രൂപപ്പെടുത്തേണ്ടതുണ്ടെന്ന പ്രശസ്ത പണ്ഡിതന്‍ മുഹമ്മദുല്‍ ഗസ്സാലിയുടെ അഭിപ്രായത്തിന് പ്രസക്തി വര്‍ധിക്കുകയാണ്. 'ഇസ്‌ലാമും രാഷ്ട്രീയ സ്വേഛാധിപത്യവും' എന്ന പുസ്തകത്തിലും അദ്ദേഹം ഈ വിഷയം ആഴത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇസ്‌ലാമികാദര്‍ശത്തിനു വേണ്ടി ജീവന്‍ കൊടുത്തവരെ 'ബംഗ്ലാ ഹിറ്റ്‌ലര്‍'മാരും 'ഭീകരവാദിക'ളും 'യുദ്ധക്കുറ്റവാളി'കളുമാക്കി ചിത്രീകരിക്കുന്ന പത്രങ്ങളും സംഘടനകളും തങ്ങളെ സ്വയം പ്രതിഷ്ഠിക്കുന്നത് അനീതിയുടെ പക്ഷത്താണ്. അത് ഖുര്‍ആനിക നീതിയുടെ എതിര്‍പക്ഷമാണെന്ന് അവരെ ഓര്‍മിപ്പിക്കുക മാത്രം ചെയ്യുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /18
എ.വൈ.ആര്‍