മൊറോക്കോ മുതല്‍ മക്ക വരെ
ശൈഖ് അബൂഅബ്ദില്ല പറഞ്ഞു: ഹിജ്‌റ 725 ദൈവത്തിന്റെ മാസമായ റജബിലെ രണ്ടാം വ്യാഴം. അന്നായിരുന്നു ജന്മ ദേശമായ ത്വന്‍ജ1യില്‍ നിന്നുള്ള എന്റെ പുറപ്പാട്. അല്ലാഹുവിന്റെ വിശുദ്ധ ഗേഹത്തിലേക്കുള്ള തീര്‍ത്ഥയാത്രയായിരുന്നു ലക്ഷ്യം. പിന്നെ, പ്രവാചകന്റെ(അല്ലാഹുവിന്റെ രക്ഷയും സമാധാനവും അദ്ദേഹത്തിനുണ്ടാകട്ടെ)ഖബ്‌റിട സന്ദര്‍ശനവും. കൂട്ടിനാരുമില്ലാത്ത ഒറ്റക്കുള്ള യാത്ര. കഠിന വ്രതയായ മനസ്സിന് പീഠഭൂമികളിലെ കാണാമറയത്തെ പവിത്ര സ്ഥലികളോടുള്ള അഭിനിവേശത്തിന് പ്രചോദനമരുളാന്‍ വാഹനക്കൂട്ടങ്ങളുടെ സാന്നിധ്യമേതുമില്ലാത്ത സഞ്ചാരം. അങ്ങനെ ആണും പെണ്ണുമായി എല്ലാ സ്‌നേഹ ജനങ്ങളെയും വെടിയാന്‍ ഞാന്‍ സ്വയം തീരുമാനിച്ചു. കിളികള്‍ കൂടുമാറും പോലെ ഞാനെന്റെ നാടുവിട്ടു.
എന്റെ മാതാപിതാക്കള്‍ അപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവരെപ്പോലെ ഞാനും വിരഹദു:ഖം കടിച്ചമര്‍ത്തി. അന്നെനിക്ക് പ്രായം ഇരുപത്തിരണ്ട്.
അങ്ങനെ ഞാന്‍ തിലിംസാന്‍2 നഗരത്തിലെത്തി. അബൂ താശിഫീന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ മൂസാ ബിന്‍ ഉസ്മാന്‍ ബിന്‍ യഗ്മര്‍ അസിന്‍ ബിന്‍ സയാന്‍ ആയിരുന്നു അന്നവിടത്തെ സുല്‍ത്താന്‍. ആഫ്രിക്കയിലെ രാജാവായ പരേതനായ സുല്‍ത്താന്‍ അബൂ യഹ്‌യയുടെ രണ്ടു ദൂതന്മാര്‍ അവിടെ ഉണ്ടായിരുന്നു. തുനീഷ്യന്‍ നഗരമായ അല്‍കഹയിലെ ജഡ്ജി അബൂ അബ്ദില്ല മുഹമ്മദ് ബിന്‍ അബൂബക്ര്‍ അലി ബിന്‍ ഇബ്‌റാഹീം നഫ്‌സാവിയും ശൈഖ് സ്വാലിഹ് അബൂ അബ്ദില്ല ബിന്‍ അല്‍ ഹുസൈന്‍ ബിന്‍ അബ്ദില്ല അല്‍ഖുറശി അസ്സുബൈദിയുമായിരുന്നു അവര്‍. സുബൈദി എന്നാല്‍ അല്‍ മഹ്ദിയ തീരത്തെ സുബൈദ്കാരന്‍ എന്നര്‍ത്ഥം. വിശിഷ്ട ഗണത്തിലുള്‍പ്പെടുന്ന അദ്ദേഹം 740ലാണ് നിര്യാതനായത്. ഞാന്‍ തിലിംസാനിലെത്തിയപ്പോള്‍ ആ രണ്ടു ദൂതന്മാരും അവിടെ നിന്ന് പുറപ്പെട്ടു കഴിഞ്ഞിരുന്നു. അവരോടൊത്ത് യാത്ര തുടരാന്‍ ചിലര്‍ എന്നോടു നിര്‍ദ്ദേശിച്ചു. അതില്‍ അല്ലാഹുവോട് നന്മ തേടി ഞാനത് സ്വീകരിച്ചു. അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മൂന്ന് ദിവസം തിലിംസാനില്‍ താമസിച്ച ശേഷം അവരെ പിന്തുടരാനായി ഞാന്‍ അവിടെ നിന്ന് പുറപ്പെട്ടു. മില്‍യാന പട്ടണത്തിലെത്തിയതോടെ അവരുമായി സന്ധിച്ചു. നല്ല ചൂടുകാലമായിരുന്നു. അതിനാല്‍ ആ രണ്ടു നിയമജ്ഞന്മാരും രോഗ ബാധിതരായി. അക്കാരണത്താല്‍ പത്ത് ദിവസം ഞങ്ങള്‍ക്ക് അവിടെ തങ്ങേണ്ടി വന്നു. പിന്നീട് ഞങ്ങള്‍ യാത്ര തുടര്‍ന്നു. അതിനിടെ ജഡ്ജിയുടെ രോഗം മൂര്‍ച്ഛിച്ചു. മില്‍യാനയില്‍ നിന്ന് ഏതാനും നാഴിക അകലെ ജലസാന്നിധ്യമുള്ളൊരിടത്ത് ഞങ്ങള്‍ മൂന്ന് ദിവസം തങ്ങി. നാലാം നാള്‍ ജഡ്ജി നിര്യാതനായി. അദ്ദേഹത്തിന്റെ മകന്‍ അബു ത്വയിബും കൂട്ടുകാരന്‍ അബൂ അബ്ദില്ല സുബൈദിയും മില്‍യാനയിലേക്ക് തന്നെ മടങ്ങി അദ്ദേഹത്തെ അവിടെ ഖബ്‌റടക്കി. അവരെ ഞാന്‍ അവിടെ വിട്ടേച്ചു. ചില തുനീഷ്യന്‍ വ്യാപാരികളോടൊപ്പമായി പിന്നീടെന്റെ യാത്ര. അല്‍ഹാജ് മസ്ഊദ് ബിന്‍ അല്‍ മുന്‍തസര്‍, അല്‍ഹാജ് അല്‍ അദൂലി, മുഹമ്മദ് ബിന്‍ അല്‍ ഹജ്ര്‍ എന്നിവര്‍ ഈ യാത്രാ സംഘത്തിലുണ്ടായിരുന്നു. ആള്‍ജിയേഴ്‌സ് നഗരത്തിലെത്തിയ ഞങ്ങള്‍, മരിച്ചു പോയ ജഡ്ജിയുടെ മകന്റെയും ശൈഖ് അബൂ അബ്ദില്ലയുടെയും വരവു കാത്തു കുറച്ചു ദിവസം പട്ടണത്തിനു പുറത്ത് താമസിച്ചു. അവിടെ നിന്ന് എല്ലാവരും കൂടി ജബലുസ്സാനിലെ മന്‍ബജയെ ലക്ഷ്യം വച്ചു പുറപ്പെട്ടു. ബജായ നഗരത്തിലെത്തിയപ്പോള്‍ ശൈഖ് അബൂ അബ്ദില്ല അവിടത്തെ ജഡ്ജിയായ അബൂ അബ്ദില്ല അസ്സവാവിയുടെ വീട്ടിലും, മരിച്ചു പോയ ജഡ്ജിയുടെ മകന്‍ അബൂ ത്വയ്യിബ് നിയമജ്ഞനായ അബൂ അബ്ദില്ല അല്‍ മിസ്ഫറിന്റെ വീട്ടിലും അതിഥികളായി താമസിച്ചു. അബൂ അബ്ദില്ല മുഹമ്മദ് ബിന്‍ സയ്യിദുന്നാസ് അല്‍ ഹാജിബ് ആയിരുന്നു അന്ന് ബജായയിലെ അമീര്‍. മില്‍യാനില്‍ നിന്ന് സഹയാത്രികരിലുണ്ടായിരുന്ന തുനീഷ്യന്‍ വ്യാപാരികളില്‍ മുന്‍ചൊന്ന മുഹമ്മദ് ബിന്‍ അല്‍ ഹജര്‍ അതിനിടെ മരണപ്പെടുകയുണ്ടായി. 3000 സ്വര്‍ണ ദീനാര്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വശമുണ്ടായിരുന്നു. തുനീഷ്യയിലെ തന്റെ അനന്തരാവകാശികള്‍ക്ക് അത് എത്തിച്ചു കൊടുക്കുവാന്‍ ഇബ്‌നു ഹദീദ എന്ന അള്‍ജീരിയക്കാരനെ ഏല്‍പിക്കാന്‍ ഒസ്യത്ത് ചെയ്തിരുന്നു അദ്ദേഹം. ഈ വിവരം ബജായയിലെ അമീര്‍ അറിയാനിടയായി. അയാള്‍ ആ തുക ഇബ്‌നു ഹദീദയില്‍ നിന്ന് പിടിച്ചുപറ്റി. മുവഹ്ഹിദ്ദീന്‍3 ഭരണകൂടത്തിലെ ഗവര്‍ണര്‍മാരില്‍ നിന്ന് ഞാന്‍ നേരിട്ടു കണ്ട ആദ്യത്തെ അക്രമമായിരുന്നു ഇത്.
പനി
ബജായയില്‍ എത്തിയതും എനിക്ക് പനിച്ചു. പനി സുഖപ്പെടും വരെ ഞാനിവിടെ തന്നെ തങ്ങാന്‍ അബൂ അബ്ദില്ല അസ്സുബൈദി നിര്‍ദ്ദേശിച്ചു. ഞാനത് കൂട്ടാക്കിയില്ല. ''പ്രതാപിയായ ദൈവം തമ്പുരാന്‍ മരണമാണ് എനിക്ക് വിധിച്ചതെങ്കില്‍ വഴിയില്‍ അത് സംഭവിക്കും. എന്തായാലും എനിക്ക് ഹിജാസ്4 ഭൂമിയില്‍ എത്തിയേ തീരൂ''. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. അപ്പോള്‍ അങ്ങനെയാണ് തീരുമാനമെങ്കില്‍ സവാരി മൃഗത്തെയും ഭാരമുള്ള ലഗേജും വില്‍ക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. യാത്രാ ക്ലേശം കുറഞ്ഞ ഒരു സവാരി മൃഗത്തെ വായ്പ തരാമെന്ന് വാക്ക് തരികയും ചെയ്തു. വഴിയില്‍ കാട്ടറബികളുടെ ആക്രമണം ഭയന്ന് ജനപദങ്ങളിലൂടെയായിരുന്നു സഞ്ചാരം. അദ്ദേഹം പറഞ്ഞ വിധം ഞാന്‍ ചെയ്തു. വാക്ക് പാലിച്ചു സവാരി മൃഗത്തെ എനിക്കദ്ദേഹം വായ്പ തന്നു. അല്ലാഹു അദ്ദേഹത്തിന് തക്ക പ്രതിഫലം നല്‍കട്ടെ. ഹിജാസ് യാത്രക്കിടയില്‍ എനിക്ക് ലഭിച്ച ദൈവികമായ ആദ്യത്തെ അലിവായിരുന്നു അത്. സഞ്ചരിച്ചു ഞങ്ങള്‍ ഖുസന്‍ത്വീനിയ നഗരത്തിലെത്തി. പട്ടണത്തിനു പുറത്ത് ഞങ്ങളിറങ്ങി. ഒരു പെരുമഴ പെയ്തു. രോമത്തമ്പുകളില്‍ നിന്ന് രാത്രി അവിടത്തെ കെട്ടിടങ്ങളിലേക്ക് മാറിപ്പാര്‍ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. പിറ്റേന്ന് ഞങ്ങളെ കാണാന്‍ നഗര ഭരണാധികാരി വന്നു. അബുല്‍ ഹസന്‍ എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം ഒരു കുലീന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ദൃഷ്ടികള്‍ എന്റെ വസ്ത്രത്തില്‍ പതിഞ്ഞു. തലേന്നത്തെ മഴയില്‍ അത് അഴുക്ക് പുരണ്ടിരുന്നു. തന്റെ വീട്ടില്‍ കൊണ്ടുപോയി അത് അലക്കാന്‍ അദ്ദേഹം കല്‍പന കൊടുത്തു. ഇഹ്‌റാമി5നുള്ള ബഅ്‌ലബകി6 വസ്ത്രം അദ്ദേഹം അയച്ചുതന്നു. അതിന്റെ രണ്ടറ്റത്തും രണ്ട് സ്വര്‍ണ ദീനാര്‍ വച്ചു തുന്നിക്കെട്ടിയിരുന്നു. എന്റെ ലക്ഷ്യത്തിലേക്ക് കിട്ടിയ ആദ്യത്തെ തുറവി.
യാത്ര തുടര്‍ന്ന് ഞങ്ങള്‍ ബൂന പട്ടണത്തിലെത്തി. പട്ടണത്തിനുള്ളിലേക്ക് ഞങ്ങള്‍ കടന്നു. ഏതാനും നാള്‍ അവിടെ പാര്‍ത്തു. അവിടം വിട്ടപ്പോള്‍ സഹയാത്രികരായിരുന്ന വ്യാപാരികള്‍ വഴിവെട്ടിക്കൊള്ളക്കാരെ പേടിച്ച് കൂടെ വന്നില്ല. യാത്ര അവരില്ലാതെ തുടര്‍ന്നു. വീണ്ടും എന്നെ പനി ബാധിച്ചു. അവശത മൂലം വീണുപോവാതിരിക്കാന്‍ തലപ്പാവു കൊണ്ട് ജീനിയില്‍ ഞാന്‍ സ്വയം ബന്ധിച്ചിരുന്നു. പേടി കാരണം വാഹനത്തില്‍ നിന്നിറങ്ങാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. അങ്ങനെ ഞങ്ങള്‍ തുനീഷ്യയിലെത്തി. ശൈഖ് അബൂ അബ്ദില്ല അസ്സുബൈദിയെയും പരേതനായ ജഡ്ജിയുടെ മകന്‍ അബൂ ത്വയ്യിബിനെയും കാണാനായി തുനീഷ്യക്കാര്‍ വന്നു കൊണ്ടിരുന്നു. സലാം പറഞ്ഞും കുശലാന്വേഷണം നടത്തിയും അവര്‍ മുന്നോട്ടു വന്നു. ഞാന്‍ അപരിചിതനാകയാല്‍ എന്നെ അഭിവാദ്യം ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. ആ മനോഭാവം ഒരു അപൂര്‍വ്വ പാഠമായി എനിക്കു തോന്നി. എനിക്ക് കഠിനമായ കരച്ചില്‍ വന്നു. എന്റെ അവസ്ഥ മനസ്സിലാക്കിയ ചില തീര്‍ത്ഥാടകര്‍ അരികെ വന്ന് അഭിവാദ്യം ചെയ്ത് പരിചയപ്പെട്ടു. എന്റെ ഏകാകിത ഇല്ലാതാക്കാന്‍ പട്ടണത്തില്‍ പ്രവേശിക്കും വരെ അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. അവിടെ കുത്തുബിയ്യീന്‍ പാഠശാലയിലാണു ഞാന്‍ ഇറങ്ങിയത്.
തുനീഷ്യയില്‍ നിന്ന് തീരറോഡിലൂടെ പുറപ്പെട്ട ഞങ്ങള്‍ സൂസ പ്രദേശത്തെത്തി. മനോഹരമായ ചെറിയൊരു നാടന്‍ പ്രദേശം. കടല്‍തീരത്താണു സ്ഥിതി ചെയ്യുന്നത്. തൂനിസ് നഗരത്തിനും അതിനുമിടയില്‍ 40 നാഴിക അകലമുണ്ടാകും. സ്വഫാഖിസ് നഗരത്തിലാണ് പിന്നീടെത്തിയത്. തുടര്‍ന്ന് ഖാബീസ് പട്ടണം. തുടര്‍ച്ചയായ മഴ കാരണം അവിടെ പത്ത് ദിവസം താമസിച്ചു. ഖാബിസില്‍ നിന്ന് ട്രിപ്പളിയിലേക്ക്. അങ്ങോട്ടുള്ള ഇടത്താവളങ്ങളില്‍ നിന്ന് നൂറിലേറെ അശ്വരൂഢന്മാര്‍ ഞങ്ങള്‍ക്ക് അകമ്പടി സേവിക്കുകയുണ്ടായി. അവര്‍ വില്ലാളി വീരന്മാരായിരുന്നു. ബദുക്കള്‍ക്ക് അവരെ പേടിയായിരുന്നതിനാല്‍ ആ ശല്യം ഉണ്ടായില്ല. അല്ലാഹു ബദുക്കളുടെ ആക്രമണത്തില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചു. ഈ സ്ഥലങ്ങള്‍ തരണം ചെയ്യുന്നതിനിടയിലാണു ബലി പെരുന്നാള്‍ സമാഗതമായത്.
നാലാം നാള്‍ ഞങ്ങള്‍ ട്രിപ്പളിയിലെത്തി. കുറേകാലം അവിടെ താമസിച്ച ശേഷം യാത്ര പുനരാരംഭിച്ചു. 726 മുഹര്‍റം അവസാനത്തിലായിരുന്നു അത്. കൂടെ കുടുംബവും ഒരു സംഘം മസ്വാമിദു7കളുമുണ്ടായിരുന്നു. കൊടിപിടിച്ചു ഞാന്‍ അവരുടെ മുന്നില്‍ നടന്നു. ശൈത്യവും മഴയും ഭയന്ന സംഘം ട്രിപ്പളിയില്‍ തന്നെ തങ്ങി. ഞങ്ങള്‍ മസ്‌ലാതയും മസ്‌റാതയും സിര്‍ത് കോട്ടകളും കടന്ന് മുന്നോട്ടു പോകവെ ചില അറബ് ഗോത്ര വിഭാഗങ്ങള്‍ ഒരു ഏറ്റുമുട്ടലില്‍ ചാടിക്കാന്‍ ശ്രമിച്ചു. പക്ഷേ വിധി അവരെ തട്ടിമാറ്റി. ഞങ്ങളെ ഉപദ്രവിക്കാനുള്ള അവരുടെ ഉദ്ദേശ്യം നടന്നില്ല. പിന്നെ കാട്ടിലൂടെ ഞങ്ങള്‍ ഖുബ്ബതുസലായിലേക്കുള്ള വഴിമധ്യേ സ്ഥിതിചെയ്യുന്ന ബര്‍സ്വീസ്വ കൊട്ടാരത്തിലെത്തി. ട്രിപ്പളിയില്‍ പിന്തിനിന്നവരുമായി അവിടെ വച്ചു സന്ധിച്ചു. എനിക്കും ഭാര്യാ പിതാവിനുമിടയില്‍ അവിടെ വച്ചു ഒരു വഴക്കുണ്ടായി. അത് അയാളുടെ മകളുടെ വിവാഹ മോചനത്തിലാണു കലാശിച്ചത്. പേര്‍ഷ്യയില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിയുടെ മകളെ ഞാന്‍ കല്ല്യാണം കഴിച്ചു. ഖസ്‌റുസ്സആഫിയയില്‍ മധുവിധു ആഘോഷിച്ചു. ഒരു ദിവസം യാത്ര നിറുത്തി എല്ലാവര്‍ക്കും വിഭവ സമൃദ്ധമായ വിവാഹ വിരുന്ന് നല്‍കി.
അലക്‌സാണ്ടറിയയിലെ
ദീപസ്തംഭങ്ങള്‍
ജമാദുല്‍ അവ്വല്‍ ഒന്നിന് ഞങ്ങള്‍ അലക്‌സാണ്ടറിയയിലേക്ക് തിരിച്ചു. അല്ലാഹു ആ പട്ടണത്തിന് കാവലായിരിക്കട്ടെ. ഭിത്തികളാല്‍ ഭദ്രമാണു അലക്‌സാണ്ടറിയ. മനോരമ്യമായ അത്ഭുതനാട്. തറവാടിത്തമുള്ള നഗരം. കണ്ടാലെങ്ങും ഭദ്രസുന്ദരം. ദീന്‍-ദുന്‍യാ നന്മകള്‍ വിളങ്ങുന്ന നാട്. സമ്പദ് സമൃദ്ധിയില്‍ ഉദാരനിര്‍ഭരം. ആശയത്തില്‍ സുകുമാരഗംഭീരം. കെട്ടുറപ്പും വലിപ്പവും ഒത്തൊരുമിച്ച കെട്ടിടങ്ങള്‍. അനുപമോജ്വലമായ നഗരം. അതിന്റെ ആഭരണങ്ങളുടെ പുതുമ സദാ തിളങ്ങിക്കൊണ്ടിരിക്കും. ആരും ഭ്രമിച്ചുവശാകുന്ന, കിഴക്കിനും പടിഞ്ഞാറിനും മധ്യേ ആയതിനാല്‍ ശോഭായമാനമായ ലാവണ്യം. ചിതറിനില്‍ക്കുന്ന ദൃശ്യസൗന്ദര്യങ്ങളെ അത് സമന്വയിപ്പിക്കുന്നു. അതിന്റെ ഓരോ സവിശേഷതയും അനന്യം. എല്ലാ വഴികളും അവിടെ അവസാനിക്കുന്നു. അതിനെ വര്‍ണ്ണിച്ചവരൊക്കെ ദീര്‍ഘമായി വര്‍ണിച്ചു. അതിലെ അത്ഭുതങ്ങളെ കുറിച്ച് പുസ്തകമെഴുതിയവര്‍ വിചിത്രമായ പലതും എഴുതി. അബൂ ഉബൈദ് കിതാബുല്‍ മസാലിക്കില്‍ എഴുതിയത് തന്നെ മതി അതിന് പോരിശയായി.
അലക്‌സാണ്ടറിയ നഗരത്തിനു നാലു കവാടങ്ങളുണ്ട്. പടിഞ്ഞാറു തൊട്ട് തുടങ്ങുന്ന ബാബുസ്സിദ്‌റ, ബാബു റശീദ്, ബാബുല്‍ ബഹ്‌റ, അല്‍ ബാബുല്‍ അഖ്ദര്‍. വെള്ളിയാഴ്ച മാത്രമേ ബാബുല്‍ അഖ്ദര്‍ തുറക്കാറുള്ളൂ. അന്ന് അതിലൂടെ ജനം ഖബ്‌റുകള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെടുന്നു. ഒരു വന്‍ തുറമുഖമുണ്ട് ഈ പട്ടണത്തില്‍. അതുപോലൊന്ന് ഇന്ത്യയിലെ കൊല്ലത്തും കോഴിക്കോട്ടുമേ ഞാന്‍ കണ്ടിട്ടുള്ളൂ. തുര്‍ക്കിയിലെ സറാദിഖിലെ അല്‍കഫാര്‍ തുറമുഖവും ചൈനയിലെ സൈത്തൂന്‍ തുറമുഖവുമാണ് തത്തുല്യമായ മറ്റ് രണ്ടെണ്ണം.
ഞാന്‍ അവിടത്തെ മിനാരം കാണാന്‍ പോയി. അതിന്റെ ഒരു ഭാഗം തകര്‍ന്നിരിക്കുന്നു. ആകാശത്തിലേക്ക് നീളുന്ന ഒരു ചതുരക്കെട്ടിടം. നിലത്ത് പൊക്കമുള്ള കവാടമുണ്ട്. കവാടത്തിന് നേരെ അത്രതന്നെ പൊക്കത്തില്‍ ഒരു എടുപ്പു കാണാം. രണ്ടിനും മധ്യേ കവാടത്തിലേക്ക് താണ്ടിയെത്താന്‍ മരപ്പലകകള്‍ പാകിയിരിക്കുന്നു. അത് നീക്കം ചെയ്താല്‍ അങ്ങോട്ടു പിന്നെ വഴിയില്ല. കവാടത്തിനകത്ത് മിനാരം കാവല്‍ക്കാരന് ഇരിക്കാന്‍ ഒരു ഇരിപ്പിടമുണ്ട്. മിനാരത്തിനകത്ത് ഒരുപാടുപുരകള്‍. 9 ചാണാണ് അകത്തെ നടപ്പാതയുടെ വീതി. മതിലിന്റെ വീതി പത്ത് ചാണ്‍. എല്ലാ വശങ്ങളില്‍ നിന്നുമുള്ള മിനാരത്തിന്റെ വീതി 440 മീറ്റര്‍ വരും. ഉയര്‍ന്ന ഒരു കുന്നിന് മുകളിലാണത് സ്ഥിതി ചെയ്യുന്നത്. മിനാരത്തിനും പട്ടണത്തിനുമിടയിലെ ദൂരം ഒരു ഫര്‍സഖ്.8 മൂന്ന് ഭാഗത്ത് നിന്നും കടലിനാല്‍ ചുറ്റപ്പെട്ട നീണ്ട കരയിലാണ് അതിന്റെ കിടപ്പ്. രാജ്യത്തിന്റെ അതിര്‍ത്തി മതിലിലോളം കടല്‍ എത്തും. നഗരത്തിലൂടെയല്ലാതെ കരയിലെ മിനാരത്തിലെത്താന്‍ കഴിയില്ല. മിനാരവുമായി ചേര്‍ന്ന് കിടക്കുന്ന കരയിലാണു അലക്‌സാണ്ടറിയാ ശ്മശാനം. ഹിജ്‌റ 750ല്‍ മൊറോക്കോവിലേക്കുള്ള മടക്കയാത്രയിലും ഞാന്‍ മിനാരം സന്ദര്‍ശിക്കുകയുണ്ടായി. അപ്പോഴേക്ക് അകത്തു കടക്കാനും വാതിലിലേക്ക് കയറിപ്പോകാനും കഴിയാത്തത്ര നാശോന്മുഖമായി കഴിഞ്ഞിരുന്നു അത്. അതിന്റെ എതിര്‍വശത്ത് അന്നാസിര്‍ രാജാവ് മറ്റൊരു മിനാരത്തിന്റെ പണി ആരംഭിച്ചിരുന്നു. പക്ഷേ അത് പൂര്‍ത്തിയാക്കാന്‍ മരണം അദ്ദേഹത്തെ അനുവദിച്ചില്ല.
ഈത്തപ്പനക്കാട്ടിലെ മാര്‍ബിള്‍
തൂണുകള്‍
ഈ പട്ടണത്തിന്റെ ഒരു സവിശേഷത അതിനു പുറത്തുള്ള ഭീമാകാരങ്ങളായ മാര്‍ബിള്‍ തൂണുകളാണ്. സവാരീ സ്തംഭങ്ങള്‍ എന്നാണു ഇവിടത്തുകാര്‍ അതിനെ വിളിക്കുന്നത്. ഉയരത്തില്‍ മരങ്ങളില്‍ നിന്ന് ആ തൂണുകള്‍ വേറിട്ടു നില്‍ക്കുന്നു. ഒറ്റത്തൂണ്‍ രൂപത്തില്‍ ഭദ്രമായി അവ കൊത്തി എടുത്തിരിക്കുകയാണ്. ഭീമന്‍ ബെഞ്ചുകള്‍ പോലുള്ള ചതുരക്കല്‍ അടിത്തറകളിലാണു അവ കെട്ടിപ്പൊക്കിയിരിക്കുന്നത്. ഈ തൂണുകള്‍ അവയിന്മേല്‍ എടുത്ത് വെച്ചത് എങ്ങനെയാണെന്നും ആരാണെന്നും ആര്‍ക്കുമറിയില്ല.
ഇബ്‌നു ജസ്‌യ് പറയുന്നു: ഈ തൂണുകളിലൊന്നിന്റെ തുഞ്ചത്ത് അലക്‌സാണ്ടറിയയിലെ വില്ലാളിവീരന്മാരിലൊരാള്‍ വില്ലും അമ്പുറയും ധരിച്ചു കയറിപ്പറ്റിയ ഒരു കഥ സഞ്ചാരികളായ എന്റെ ഗുരുഭൂതന്മാരിലൊരാള്‍ പറയുകയുണ്ടായി. തുഞ്ചത്തെത്തിയ അയാള്‍ അവിടെ ഇരിപ്പുറപ്പിച്ചു. വാര്‍ത്ത നാട്ടിലെങ്ങും പാട്ടായി. കാഴ്ച കാണാന്‍ വന്‍ ജനാവലി തടിച്ചു കൂടി. അയാളുടെ അത്ഭുതം നീണ്ടുനിന്നു. എന്തിനയാള്‍ ഇപ്പണി പറ്റിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല. അയാള്‍ ആരെയോ പേടിച്ചു തടിയെടുത്തതായിരിക്കാമെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ എന്തെങ്കിലും ആവശ്യം നേടിയെടുക്കാനുള്ള സൂത്രപ്പണിയായിരിക്കാം. ഈ വിചിത്ര വേലയിലൂടെ ലക്ഷ്യം നേടിയെടുക്കാമെന്ന് അയാള്‍ക്ക് തോന്നിക്കാണും. നീണ്ട ഒരു ചരട് കൊണ്ടു കുടുക്കിട്ട ഒരു അസ്ത്രം എറിഞ്ഞു വിലങ്ങനെ തൂണില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് അയാള്‍ ഈ സൂത്രം ഒപ്പിച്ചത്. ചരടിന്റെ അറ്റത്ത് ബലിഷ്ഠമായ ഒരു കയറും ബന്ധിച്ചിരുന്നു. സ്തംഭത്തിന്റെ മുകള്‍ഭാഗം കവച്ചു, എയ്ത്തുകാരന്റെ എതിര്‍ ദിശയിലൂടെ അമ്പു ചെന്ന് തറച്ചപ്പോള്‍ ചരട് സ്തംഭത്തെ വിലങ്ങനെ ചുറ്റിമുറുകി. ചരടിനോടു ബന്ധിച്ച ബലിഷ്ഠമായ കയര്‍ പിടിച്ചു അയാള്‍ അടിവച്ചു മുകളിലെത്തി. മുകളിലെത്തിയ ശേഷം ചരട് സ്തംഭത്തില്‍ നിന്ന് ഊരിയെടുത്തു. അതോടെ ആര്‍ക്കും അയാളുടെ സൂത്രം പിടികിട്ടാതെയായി. കാഴ്ചക്കാര്‍ക്ക് അയാള്‍ ഒരു അതൃപ്പമായി അവശേഷിക്കുകയും ചെയ്തു. (തുടരും)
വിവ: വി.എ.കെ
കുറിപ്പുകള്‍
1. മൊറോക്കോവിലെ ടാന്‍ജീര്‍ നഗരം2. അള്‍ജീരിയന്‍ നഗരം -വിവര്‍ത്തകന്‍
3. മുറാബിത്വീന്‍ ഭരണത്തിന്റെ അവശിഷ്ടത്തിന്മേല്‍ ഇബ്‌നു തുമറത് (മരണം 1130) സ്ഥാപിച്ച ഉത്തരാഫ്രിക്കന്‍ ഭരണകൂടം (ക്രി. 515-1269).
4. മക്ക സ്ഥിതി ചെയ്യുന്ന നാട്. ഇന്നത്തെ സുഊദി അറേബ്യ.
5. ഹജ്ജിന് നിശ്ചയമെടുത്ത് കഴിഞ്ഞാല്‍ തീര്‍ഥാടകര്‍ ധരിക്കുന്ന വസ്ത്രം.
6. ബഅ്‌ലബക്: ലബനാനിലെ ഒരു പ്രദേശം.
7. ഒരു മൊറോക്കന്‍ ഗോത്രം. ഗുമാര്‍ ബിന്‍ മസ്മൂദിന്റെ പരമ്പരയില്‍ നിന്നുണ്ടായത്.
8. ഒരു ഫര്‍സഖ്: ഏതാണ്ട് മൂന്ന് നാഴിക.
Comments