ഭൂചലനം; ജമാഅത്ത് സഹായം എത്തിക്കും
ഭൂചലനം; ജമാഅത്ത് സഹായം എത്തിക്കും
ഭൂചലനത്തെത്തുടര്‍ന്ന് നേപ്പാളിലും ഇന്ത്യയിലുമുണ്ടായ ജീവഹാനിയിലും വമ്പിച്ച നാശനഷ്ടങ്ങളിലും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീര്‍ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി ദുഃഖം രേഖപ്പെടുത്തി. അയല്‍ രാജ്യങ്ങളും ജനങ്ങളും സഹായ ഹസ്തവുമായി രംഗത്ത് വരേണ്ട നേരമാണിതെന്നും അമീര്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അതിന്റെ സന്നദ്ധ സേവക ടീമിനെ രംഗത്തിറക്കി സഹായങ്ങള്‍ എത്തിക്കും. നേപ്പാളിലും ഇന്ത്യയിലെ ബിഹാര്‍, ഉത്തര്‍പ്രദേശ്, മറ്റു സംസ്ഥാനങ്ങളിലും ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അമീര്‍ അനുശോചനം അറിയിച്ചു. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ദൈവത്തെയും അവന്റെ പരീക്ഷണങ്ങളെയും പറ്റി നമ്മെ ഉണര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസരംഗത്തെ വിവേചനത്തിനെതിരെ
എസ്.ഐ.ഒ കാമ്പയിന്‍
'വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി ശബ്ദിക്കുക' എന്ന തലക്കെട്ടില്‍ പശ്ചിമ ബംഗാള്‍ എസ്.ഐ.ഒ ഘടകം പതിനഞ്ച് ദിന കാമ്പയിന്‍ തുടങ്ങി. വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മികവ് ആവശ്യപ്പെട്ടും മുര്‍ഷിദാബാദില്‍ പുതിയൊരു സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി ആവശ്യപ്പെട്ടുമാണ് കാമ്പയിന്‍. മുര്‍ഷിദാബാദ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ഹാളില്‍ ഏപ്രില്‍ 19-ന് നടന്ന സെമിനാറോടും പൊതുസമ്മേളനത്തോടും കൂടിയാണ് കാമ്പയിന്റെ തുടക്കം. എഴുപത് ശതമാനം മുസ്‌ലിംകള്‍ വസിക്കുന്ന ജില്ലയെ ഗവണ്‍മെന്റ് അവഗണിക്കുകയാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. 2010-ല്‍ നാട്ടുകാര്‍ ഒരു ഡിഗ്രി കോളേജിന് വേണ്ടി സ്ഥലം വിട്ടു കൊടുത്തിട്ടും ഇന്നേവരെ ഗവണ്‍മെന്റ് അതിന് വേണ്ടി യാതൊരു ശ്രമവും നടത്തിയിട്ടില്ല. ഗവണ്‍മെന്റ് നടത്തുന്ന പ്രൈമറി സ്‌കൂളുകളുടെ അവസ്ഥ പോലും വളരെ പരിതാപകരമാണെന്നും അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്നും ടെലഗ്രാഫ് സീനിയര്‍ ജേര്‍ണലിസ്റ്റ് ആലംഗീര്‍ ഹുസൈന്‍ പറഞ്ഞു.
അയല്‍ ജില്ലകളായ നഡിയയിലും ബര്‍ദ്വാനിലും രണ്ടും മൂന്നും യൂനിവേഴ്‌സിറ്റികളുള്ളപ്പോള്‍ ഒന്നു പോലും മുര്‍ഷിദാബാദില്‍ ഇല്ലെന്ന് എസ്.ഐ.ഒ സ്റ്റേറ്റ് സെക്രട്ടറി എസ്.ഐ മുഹബ്ബത്ത് പറഞ്ഞു. യൂനിവേഴ്‌സിറ്റിയുടെ കാര്യത്തില്‍ മാത്രമല്ല സ്‌കൂളുകളുടെ കാര്യത്തിലും കടുത്ത വിവേചനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ
കശാപ്പ്
മുഹമ്മദ് മുര്‍സിയെ ഇരുപത് വര്‍ഷത്തിന് തടവ് ശിക്ഷക്ക് വിധിച്ച ഈജിപ്ഷ്യന്‍ കോടതിയുടെ വിധിയില്‍ ജമാഅത്ത് അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി കടുത്ത അമര്‍ഷം രേഖപ്പെടുത്തി. തികച്ചും അധാര്‍മികവും ഭരണഘടനാവിരുദ്ധവുമായ നടപടിയാണിത്. സ്വേഛാധിപതിയായ അബ്ദുല്‍ ഫതാഹ് സീസിയുടെ ഇംഗിതത്തിനൊത്ത് വിധിക്കുന്ന കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ജനാധിപത്യ തത്ത്വങ്ങളെയും പാരമ്പര്യങ്ങളെയും ബലി കഴിച്ചിരിക്കുകയാണ് ഈയൊരു വിധിയിലൂടെ. ഉടനെ മുര്‍സിയെ മോചിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ ഭരണകൂടത്തെ പുനഃസ്ഥാപിക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതൃത്വത്തെ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും വധശിക്ഷക്ക് വരെ വിധിക്കുകയും ചെയ്യുന്നത് ഇസ്‌ലാമിക വിരുദ്ധ ശക്തികളെ സന്തോഷിപ്പിക്കാനാണ്. നിയമവിരുദ്ധ ഭരണാധികാരിയായ സീസി ഇത്തരം ചെയ്തികളിലൂടെ രാജ്യത്തിന്റെയും ഇസ്‌ലാമിന്റെയും പ്രതിഛായക്ക് മങ്ങലേല്‍പിക്കുകയാണ് ചെയ്യുന്നതെന്നും അമീര്‍ പറഞ്ഞു.
Comments