സഞ്ചരിക്കൂ, ജീവിതത്തിന്റെ പൊരുളുകളിലേക്ക്
'യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ?' ഇതൊരു ട്രാവല്‍ ഏജന്‍സിയുടെ പരസ്യ വാചകമാണെങ്കിലും വസ്തുനിഷ്ഠമായ ചോദ്യമാണ്. യാത്ര ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. യാത്ര മധുരമാണ്. വിജ്ഞാന കവാടമാണ്. ദുഃഖനിവാരണിയാണ്. ഊര്‍ജ സ്രോതസ്സാണ്. ജീവസന്ധാരണ മാര്‍ഗമാണ്...
ആദിമ മനുഷ്യരായ ആദം ദമ്പതികളുടെ ഭൂപ്രവേശം മുതല്‍ക്കേ മനുഷ്യ വംശത്തിന്റെ യാത്രാ ചരിത്രം ആരംഭിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ആദം ദമ്പതികള്‍ ശ്രീലങ്കയിലെ ഒരു മലയിലാണത്രേ കാലുകുത്തിയത്. അവിടെ നിന്ന് ആദംസേതു വഴി ഇന്ത്യയിലെത്തി. നിരവധി വര്‍ഷം ഇന്ത്യയില്‍ വസിച്ച ശേഷം അറേബ്യയിലേക്ക് പുറപ്പെട്ടു. യാത്രക്കിടയില്‍ ദമ്പതിമാരിലൊരാള്‍ ദിശമാറി സഞ്ചരിക്കുകയും വഴിതെറ്റിപ്പോവുകയും ചെയ്തു. ഒടുവില്‍ ഇരുവരും അറേബ്യയിലെ അറഫയില്‍ പുനഃസംഗമിച്ചു. ഈ ഐതിഹ്യ വിവരണം കേട്ടത് ഖത്തര്‍ റേഡിയോവില്‍ നിന്നാണ്. മനുഷ്യാരംഭം മാനവതയുടെ യാത്രാരംഭം കൂടിയാണെന്ന് സാരം.
പ്രവാചകന്‍ നൂഹിന്റെ കപ്പല്‍ മനോഹരമായൊരു സഞ്ചാര ദൃശ്യം കൂടിയാണ്. നിലക്കാത്ത പേമാരിയില്‍ രൂപപ്പെട്ട പ്രളയപ്പരപ്പില്‍ നൂഹിന്റെ പെട്ടകം ആടിയുലഞ്ഞൊഴുകിയപ്പോള്‍ അതില്‍ കയറിപ്പറ്റിയ സത്യവിശ്വാസികളും സഹജീവികളും ഭീതിജനകമായ പ്രകൃതിക്ഷോഭത്തിന്റെ ഭീകരാവസ്ഥയിലും ഒരു യാത്രയുടെ ത്രില്‍ അനുഭവിച്ചിട്ടുണ്ടായിരിക്കണം. മനുഷ്യപ്രകൃതം അങ്ങനെയാണ്. അന്ത്യശ്വാസത്തിനു അരനിമിഷം മുമ്പും അവന്‍ പുതുകാഴ്ചകള്‍ ആസ്വദിക്കുന്നു. തന്നെ കൊല്ലാനായി കൊണ്ടുവന്ന വിഷം നിറച്ച പാനപാത്രത്തിന്റെ മുമ്പില്‍ നില്‍ക്കുമ്പോഴും സോക്രട്ടീസ് അന്വേഷിക്കുന്നത് 'ഈ വിഷത്തിന്റെ ചേരുവ എന്താണ്' എന്നാണല്ലോ. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ഒരു കുറ്റവാളി കഴുത്തില്‍ കയറ് മുറുകിയപ്പോള്‍ മേല്‍പ്പോട്ടു നോക്കിയത്രേ. കണ്ടത് താരാലംകൃതമായ നീലാകാശം! കാഴ്ചയുടെ വര്‍ണരാജിയില്‍ കണ്ണഞ്ചിയപ്പോള്‍ അയാള്‍ മൊഴിഞ്ഞത്രേ- ആകാശമെത്ര സുന്ദരം!
പ്രവാചകന്‍ ഇബ്‌റാഹീമിന്റേത് നിരന്തര യാത്രയുടെ ചരിത്രമാണ്. ഇറാഖില്‍ നിന്ന് ഫലസ്ത്വീനിലേക്കും അവിടെ നിന്ന് അറേബ്യയിലേക്കും പിന്നെ ഈജിപ്തിലേക്കും തിരിച്ചുമുള്ള യാത്രയിലൂടെയാണ് അദ്ദേഹത്തിന്റെ കര്‍മമണ്ഡലം വികസിച്ചത്. പത്‌നി ഹാജറയെയും പിഞ്ചു പൈതലായ മകന്‍ ഇസ്മാഈലിനെയും അദ്ദേഹം മക്കാ മണലാരണ്യത്തില്‍ ഉപേക്ഷിക്കുന്ന കരളലിയിപ്പിക്കുന്ന രംഗം സുദീര്‍ഘമായ യാത്രക്കൊടുവില്‍ വിജനമായ മരുപ്പറമ്പിലെത്തിപ്പെട്ട ഒരു കുടുംബത്തിന്റെ കൂടി ചിത്രമാണ്.
പ്രവാചകന്‍ മൂസായുടെ ജീവിതമാരംഭിക്കുന്നതും അവസാനിക്കുന്നതും യാത്രയിലൂടെയാണ്. ഇസ്രയേല്‍ സമൂഹത്തിനെതിരെ ഫറോവയാവിഷ്‌കരിച്ച ആണ്‍ശിശുഹത്യാ കാമ്പയിനില്‍ നിന്ന് രക്ഷിക്കുന്നതിനായി നവജാത ശിശുവായ മൂസായെ മാതാവ് പെട്ടിയില്‍ കിടത്തി നൈല്‍ നദിയിലൂടെ ഒഴുക്കിയപ്പോള്‍ നൈലിന്റെ ഓളങ്ങളുടെ ലാളനയേറ്റ് ആ പിഞ്ചോമന പുളകിതനായിട്ടുണ്ടാവും. അത് ഒരു താരാട്ടുപോലെ ആ കുഞ്ഞ് ആസ്വദിച്ചിട്ടുണ്ടാവും. യുവാവായിരിക്കെ ഒരു അടിപിടിയില്‍ ഇടപെട്ടപ്പോള്‍ സംഭവിച്ച കൈപ്പിഴയെ തുടര്‍ന്ന് മൂസാക്ക് നാടുവിടേണ്ടിവന്ന കഥ ഖുര്‍ആന്‍ വിവരിക്കുന്നു. അന്ന് തന്റെ ജീവന്‍ രക്ഷിക്കാനായി അദ്ദേഹം മദ്‌യനിലേക്ക് നടത്തിയ ആ ഒളിച്ചോട്ടത്തെക്കുറിച്ച ഖുര്‍ആന്‍ വര്‍ണന ഒരു ഏകാന്തപഥികന്റെ അഭയം തേടിയുള്ള ദേശാടനത്തിന്റെ സകല സൗന്ദര്യവും പ്രകാശിപ്പിക്കുന്നതാണ്. വര്‍ഷങ്ങള്‍ നീണ്ട മദ്‌യന്‍ വാസത്തിനു ശേഷം അദ്ദേഹം കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് തിരികെ പോന്ന യാത്രയും ഇടക്കുണ്ടായ ദിവ്യബോധനവും അതേ സൗന്ദര്യത്തോടെ ഖുര്‍ആന്‍ വര്‍ണിക്കുന്നുണ്ട്. മൂസായുടെ മറ്റൊരു മനോഹരമായൊരു യാത്രയാണ് അല്‍കഹ്ഫ് അധ്യായം പരാമര്‍ശിക്കുന്ന ജ്ഞാനയാത്ര. ദൈവനിര്‍ദേശമനുസരിച്ച് ഖിദ്ര്‍ എന്ന മഹാ ഗുരുവിനെത്തേടി തന്റെ സേവകനോടൊപ്പം രണ്ട് സമുദ്രങ്ങളുടെ (ചെങ്കടലും മധ്യധരണ്യാഴിയും) സംഗമസ്ഥാനത്തേക്ക് പുറപ്പെടുന്നു. ഭക്ഷണത്തിനായി കൈയില്‍ കരുതിയിരുന്ന മത്സ്യം കടലിലേക്കു വീണതോടെ തിരിച്ചുനടന്ന ഇരുവരും മടക്കത്തില്‍ ഗുരുവുമായി സന്ധിക്കുന്നു. പിന്നീട് ഗുരുവുമൊത്തുള്ള യാത്ര ജ്ഞാനാന്വേഷണത്തില്‍ കൈക്കൊള്ളേണ്ട ക്ഷമയും, മനുഷ്യ ജീവിതത്തിലെ ദൈവിക ഇടപെടലുകളുമെല്ലാം വ്യക്തമാക്കുന്ന പാഠഭാഗമാണ്. പ്രവാചകന്‍ മൂസായുടെ ഏറ്റവും വിശ്രുതമായ യാത്രയാണ് ഇസ്രയേല്യരോടൊപ്പം ഈജിപ്തില്‍ നിന്ന് ചെങ്കടല്‍ കടന്ന് സീനായിലേക്കുള്ള യാത്ര.
പ്രവാചകന്‍ ഈസ തന്റെ പ്രബോധന ജീവിതത്തില്‍ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു യാത്രക്കിടെ അദ്ദേഹം ഏതാനും മുക്കുവരെ കാണുന്നു. ''നിങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?'' ഈസാ അവരോട് ചോദിച്ചു. 'ഞങ്ങള്‍ മീന്‍ പിടിക്കുകയാണ്' അവര്‍ പറഞ്ഞു. ''എങ്കില്‍ എന്റെ കൂടെ വരൂ, നമുക്ക് കുറച്ചു മനുഷ്യരെ പിടിക്കാം''- അദ്ദേഹം അവരോട് പറഞ്ഞു. കുറച്ച് മനുഷ്യരെ സന്മാര്‍ഗത്തിലേക്ക് കൊണ്ടുവരാം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.
അന്ത്യപ്രവാചകന്‍ മുഹമ്മദിലേക്കെത്തുമ്പോള്‍ അദ്ദേഹത്തിന്റെയും അനുയായികളുടെയും ജീവിതത്തില്‍ എത്രയെത്ര യാത്രകള്‍! നബിയുടെ ജീവിതത്തില്‍ വേദനിപ്പിക്കുന്ന ഓര്‍മകള്‍ ബാക്കിവെച്ച ത്വാഇഫ് യാത്ര, മനുഷ്യ ചരിത്രത്തില്‍ വഴിത്തിരിവായി മാറിയ ഹിജ്‌റ; ബദ്‌റും ബനൂല്‍മുസ്ത്വലഖും തബൂക്കും ഹുനൈനുമുള്‍പ്പെടെയുള്ള യുദ്ധയാത്രകള്‍, ഹുദൈബിയാ സന്ധിയില്‍ കലാശിച്ച ഉംറ യാത്ര, മക്കാ വിജയയാത്ര, പ്രവാചകന്റെ നിര്‍ദേശപ്രകാരം അവിടുത്തെ ശിഷ്യരില്‍ ചിലര്‍ നടത്തിയ എത്യോപ്യന്‍ പലായനം...
പ്രവാചക ശിഷ്യരില്‍ ചുരുക്കം ചിലര്‍ മാത്രമാണ് മദീനയില്‍ മരണപ്പെട്ടിട്ടുള്ളത്. ബാക്കിയെല്ലാവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള പ്രബോധനയാത്രക്കിടെ എത്തിച്ചേര്‍ന്ന പ്രദേശങ്ങളിലാണ് അന്ത്യശ്വാസം വലിച്ചത്.
യാത്ര അറബികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വാണിജ്യ-സുഖവാസങ്ങള്‍ക്കായി അറബികള്‍ ശൈത്യകാലത്തും ഉഷ്ണകാലത്തും നടത്തിയിരുന്ന യാത്രകളെ ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. 'അറബി' എന്ന വാക്കിന്റെ തന്നെ അര്‍ഥം 'നാടോടി' എന്നാണ്. 'വണ്ടി' എന്ന അര്‍ഥത്തില്‍ 'അറബിയ്യ' എന്നും കുതിരവണ്ടിക്ക് 'അറബ' എന്നും ഉന്തുവണ്ടിക്കും ട്രോളിക്കും 'അറബാന' എന്നും പറയുന്നു. ഫലസ്ത്വീനിലെ സുലൈമാന്‍ നബിയുടെയും യമനിലെ ബല്‍ക്കീസ് രാജ്ഞിയുടെയും കാലത്തുണ്ടായിരുന്ന യമന്‍-സിറിയ ഹൈവേയെക്കുറിച്ച് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ഖുര്‍ആനിലെ ഏറെ ശ്രദ്ധേയമായ യാത്രാ പരാമര്‍ശമാണ് ദുല്‍ഖര്‍നൈന്‍ രാജാവിനെക്കുറിച്ചുള്ള ഭാഗം. സുലൈമാന്‍ നബി ഉറുമ്പുകളുടെ സംഭാഷണം കേട്ട് പുഞ്ചിരിക്കുന്നത് സൈന്യവുമൊത്തുള്ള ഒരു യാത്രക്കിടയിലാണ്.
'ഭൂമിയിലൂടെ സഞ്ചരിക്കാനും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും' ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. ''പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് അവന്‍ എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നുവെന്ന് നോക്കൂ. അല്ലാഹു മറ്റൊരിക്കല്‍ കൂടി സൃഷ്ടിക്കുന്നതാണ്. അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനത്രേ'' (29:20).
അറബികളുടെ സ്വതസിദ്ധമായ യാത്രാ പ്രിയവും ഖുര്‍ആനിക പ്രോത്സാഹനവും ഉള്‍ച്ചേര്‍ന്നപ്പോഴാണ് ഇസ്‌ലാമിക സമൂഹത്തില്‍ ലോക പ്രശസ്ത സഞ്ചാരികള്‍ പിറവിയെടുത്തത്.
കൂട്ടത്തില്‍ പ്രഥമ ഗണനീയനാണ് ഇബ്‌നു ബത്വൂത്വ (ക്രി. 1304-1377). ഹജ്ജിനായി പുറപ്പെട്ട് സഞ്ചാരിയായി മാറിയ അദ്ദേഹം 30 വര്‍ഷത്തോളം നിരന്തരം യാത്ര ചെയ്തു. അശ്ശരീഫ് അല്‍ ഇദ്‌രീസി (ക്രി 1100-1166), ഇബ്‌നു ജുബൈര്‍ അല്‍ അന്ദുലൂസി (ക്രി. 1145-ല്‍ മരണം), അഹ്മദ് ഇബ്‌നു മാജിദ് അന്നജ്ദി (ഹി. 821-906) തുടങ്ങിയവര്‍ അറബ് ലോകം സംഭാവന ചെയ്ത അറിയപ്പെട്ട സഞ്ചാരികളായിരുന്നു. അല്‍ ഇദ്‌രീസി മികച്ച ഭൂമിശാസ്ത്ര പണ്ഡിതന്‍ കൂടിയായിരുന്നു. അദ്ദേഹമാണ് ആദ്യമായി ഭൂമിയുടെ മാപ്പ് വരച്ചത്. ഇന്ന് ലോകം അംഗീകരിച്ച മാപ്പുമായി അത് ഏറക്കുറെ യോജിക്കുന്നു. അഹ്മദ് ബ്‌നു മാജിദാണ് വാസ്‌ഗോഡ ഗാമക്ക് ഇന്ത്യയിലേക്ക് വഴികാണിച്ചത്. ഇബ്‌നു മാജിദിനെ പോര്‍ച്ചുഗീസുകാര്‍ അവരുടെ ഭാഷയില്‍ വിശേഷിപ്പിച്ചിരുന്നത് 'കടല്‍ നായകന്‍' എന്നര്‍ഥമുള്ള 'Almirante' എന്നാണ്.
മഹാന്മാരായ പണ്ഡിതന്മാരില്‍ മിക്കവരുടെയും ചരിത്രം അവരുടെ യാത്രകളുടെ കൂടി ചരിത്രമാണ്. ഇമാം ശാഫിഈ തന്നെ മികച്ച ഉദാഹരണം. അദ്ദേഹത്തിന്റെ ജനനവും പഠനവും മരണവുമെല്ലാം വ്യത്യസ്ത രാജ്യങ്ങളിലാണ്. രാജ്യങ്ങള്‍ മാറിയുള്ള ജീവിത പശ്ചാത്തലങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര സരണി പൂര്‍ണത പ്രാപിച്ചത്. യാത്രാനുരാഗം തുളുമ്പുന്ന കവിതകളും അദ്ദേഹം രചിക്കുകയുണ്ടായി. ''ഔന്നത്യം തേടി നാടു വിടുക. യാത്ര ചെയ്യുക. യാത്രയില്‍ അഞ്ച് നേട്ടങ്ങളുണ്ട്. ദുഃഖ നിവാരണം, ജീവസന്ധാരണം, വിജ്ഞാനം, സ്വഭാവ സംസ്‌കരണം, വിശിഷ്ടരുമായി സഹവാസം.'' അദ്ദേഹം എഴുതി. ''നാടുവിടുമ്പോഴാണ് വ്യക്തി സ്ഫുടം ചെയ്യപ്പെടുന്നത്. ഒഴുകുമ്പോഴാണ് വെള്ളം വൃത്തിയാവുന്നത്. സഞ്ചരിക്കുമ്പോഴാണ് ബാലചന്ദ്രന്‍ പൂര്‍ണ ചന്ദ്രനാവുന്നത്.''
യാത്രയിലൂടെയാണ് വ്യക്തി വളര്‍ച്ചയുടെ പടവുകള്‍ കയറുന്നത്. വ്യത്യസ്ത സംസ്‌കാരങ്ങളുമായും ആചാര രീതികളുമായും ഇണങ്ങാന്‍ അവസരം ലഭിക്കുമ്പോള്‍ പുതിയ ചക്രവാളങ്ങള്‍ തുറക്കപ്പെടുന്നു. ഇതുവരെയറിയാത്ത ഭാഷകള്‍ സ്വായത്തമാവുമ്പോള്‍ വിജ്ഞാനത്തിന്റെ പുതിയ താക്കോലുകളാണ് കൈവശപ്പെടുന്നത്.
യാത്രയുമായി ബന്ധപ്പെട്ട നിരവധി ഉപദേശ നിര്‍ദേശങ്ങള്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഇടം നേടിയതിന്റെ പൊരുള്‍ മറ്റൊന്നല്ല. നോമ്പ്, നമസ്‌കാരം തുടങ്ങിയ ആരാധനകള്‍ അനുഷ്ഠിക്കുന്നതില്‍ യാത്രക്കാര്‍ക്ക് ചില ഇളവുകള്‍ നല്‍കപ്പെട്ടിരിക്കുന്നു. മൂന്ന് പേര്‍ ഒരു വഴിക്ക് പുറപ്പെട്ടാല്‍ കൂട്ടത്തിലൊരാളെ നേതാവാക്കണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. ഹജ്ജ് എന്ന ആരാധനാകര്‍മം നിശ്ചയിച്ചതിലൂടെ ഒരു സത്യവിശ്വാസിക്ക് ജീവിതത്തിലൊരിക്കലെങ്കിലും ഒരു ദീര്‍ഘ യാത്രക്കുള്ള അവസരവും ഇസ്‌ലാം ഒരുക്കിയിരിക്കുന്നു.
Comments