Prabodhanm Weekly

Pages

Search

2015 മെയ്‌ 08

തീര്‍ഥതീരങ്ങള്‍ കാണാത്ത തീര്‍ഥയാത്ര

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍ /കവര്‍‌സ്റ്റോറി

         പരിചിതമായ  സാംസ്‌കാരിക  പശ്ചാത്തലത്തില്‍  ഇഴുകിച്ചേര്‍ന്ന ജീവിത തുടര്‍ച്ചയില്‍ ഒരാള്‍ക്കും അയാളെയോ അയാളുടെ സംസ്‌കാരത്തെയോ കൃത്യമായി  അടയാളപ്പെടുത്തുക അസാധ്യമാണ്. വിവിധങ്ങളായ പശ്ചാത്തലങ്ങളിലേക്ക് തന്നെ പറിച്ചുവെച്ച് പരിശോധിക്കുമ്പോഴാണ്  നമ്മുടെ സാംസ്‌കാരിക  വ്യക്തിത്വം  കറുപ്പും  വെളുപ്പുമായി  കാണാനാവുക. അവിടെ  വ്യത്യസ്തങ്ങളായ വീക്ഷണ മാനങ്ങളില്‍ സ്വന്തത്തെ പുനഃ സൃഷ്ടിച്ച് അനിവാര്യമായ മിനുക്കുപണികള്‍ ചെയ്യാനും പശ്ചാത്തല സംസ്‌കാരങ്ങളെ സ്വന്തം കാഴ്ചപ്പാടുകളിലൂടെ അപഗ്രഥിച്ച്  ആവശ്യമായതിനെ ആഗിരണം ചെയ്യാനുമുള്ള  അവസരം  ലഭ്യമാവുന്നു.  

ഇത്തരം പുനഃസൃഷ്ടി പ്രക്രിയകള്‍ക്കുള്ള വാതായനങ്ങളാണ്  യാത്രകള്‍ നമുക്ക് മുന്നില്‍ തുറന്നു വെക്കുന്നത്. കാഴ്ചപ്പാടുകളെ വിശാലമാക്കുകയും  സാംസ്‌കാരിക മൂല്യങ്ങളെ മിനുക്കിയെടുക്കുകയും  വ്യക്തിത്വത്തെ കഴുകിയെടുക്കുകയും ചെയ്യുന്ന യാത്രകള്‍    തീര്‍ഥതീരങ്ങളിലേക്കല്ലെങ്കില്‍ പോലും 'തീര്‍ഥ' യാത്രകളായി മാറുന്നത് അവിടെയാണ്. അനുഭവങ്ങളാണ് പലപ്പോഴും  നമുക്ക്  കണ്ണാടി കാട്ടിത്തരുന്നത്.

ഒരു ഓസ്ട്രിയന്‍ സന്ദര്‍ശന വേള. പച്ചിലക്കൂട്ടുകളില്‍  പോലും  സ്വാദിനായി  പന്നിക്കൊഴുപ്പ് ചേര്‍ക്കുന്ന  ഓസ്ട്രിയന്‍  ഭക്ഷണശാലയിലെ മെനു കാര്‍ഡില്‍ എനിക്കായി പന്നി മാംസം കലരാത്ത വിഭവങ്ങള്‍ തെരയുകയായിരുന്നു  ഇറ്റാലിയന്‍ സുഹൃത്തായ ക്രോഷി. ഭക്ഷണമേശയില്‍  കൂട്ടിരുന്ന  ഓസ്ട്രിയന്‍ എഞ്ചിനീയര്‍ അല്‍പം നീരസത്തോടെ പന്നിവിരോധത്തിന്റെ കാരണമെന്തെന്ന് അന്വേഷിച്ചു. എവിടെയോ കേട്ട് പഠിച്ച  ചില ശാസ്ത്രീയ 'തെളിവുകള്‍'  നിരത്തി പന്നിയെ  പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള  എന്റെ  ശ്രമങ്ങളെ  മറു 'തെളിവുകള്‍' കൊണ്ട് അയാള്‍ മുനയൊടിച്ചു കൊണ്ടിരുന്നു. സംഭാഷണം തര്‍ക്കത്തിലേക്കു നീങ്ങവേ  ഇറ്റാലിയന്‍ സുഹൃത്ത്  ഇടപെട്ടു. 'താങ്കള്‍ പന്നിമാംസം ഭക്ഷിക്കുന്നത് എന്ത് കാരണത്താലാണ്?' ക്രൊഷിയുടെ ചോദ്യവും അയാളുടെ മൗനവും. പന്നിമാംസം ഭക്ഷിക്കാനും  അത് എന്തുകൊണ്ടെന്ന്  മറ്റുള്ളവരെ  ബോധ്യപ്പെടുത്താതിരിക്കാനും ഒരാള്‍ക്ക് അവകാശമുള്ളത്  പോലെ  മറ്റൊരാള്‍ക്ക്  അത് കഴിക്കാതിരിക്കാനും  കാരണം പറയാതിരിക്കാനുമുള്ള  അവകാശമുണ്ടെന്ന 'ഇറ്റാലിയന്‍'  പ്രസ്താവന ഓസ്ട്രിയക്കാരന്‍ അംഗീകരിച്ചതോടെ തര്‍ക്കം തീര്‍ന്നു. 

വിശ്വാസകാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍  അനാവശ്യ തര്‍ക്കങ്ങളിലേക്ക് വഴുതിമാറാനുള്ള മലയാളി മനസ്സ് അടയാളപ്പെടുത്തിത്തരിക മാത്രമല്ല പൗരാവകാശങ്ങള്‍  സര്‍വാത്മനാ മാനിക്കാനുള്ള  പടിഞ്ഞാറന്‍ മനസ്സ് ഉപയോഗപ്പെടുത്തുക കൂടിയായിരുന്നു എന്റെ ഇറ്റാലിയന്‍ സുഹൃത്ത്. അന്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഏറു കണ്ണിട്ട്  നോക്കാതെ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നവരാണ്  യൂറോപ്യന്‍ സാമാന്യ ജനങ്ങളെങ്കിലും പല സൗഹൃദ കൂട്ടായ്മകളിലും വിശ്വാസകാര്യങ്ങള്‍ ചൂടുള്ള ചര്‍ച്ചാ  വിഷയങ്ങളായിട്ടുണ്ട്.  അപ്പോഴൊക്കെയും ഈ ഇറ്റാലിയന്‍ പാഠം എന്നെ സമര്‍ഥമായി  കരയടുപ്പിച്ചതായാണ് അനുഭവം. എന്തൊക്കെ  ന്യൂനതകള്‍  ആരോപിക്കപ്പെടാന്‍ ഉണ്ടെങ്കിലും മാന്യമായ പെരുമാറ്റത്തിലും പൗരാവകാശ നിയമ പാലനത്തിലും ക്ഷമയിലും പടിഞ്ഞാറന്‍ ജനങ്ങള്‍ ഇന്നും ഏറെ ഉയരത്തില്‍ നില്‍ക്കുന്നു എന്നതാണ് സത്യം.

അമേരിക്കയിലെ  വേള്‍ഡ് ട്രേഡ്  സെന്റര്‍  തകര്‍ക്കപ്പെട്ടതിന്റെ  മറവില്‍ സമര്‍ഥമായി പ്രചാരണം ചെയ്യപ്പെട്ടതാണ് ഇസ്‌ലാം - തീവ്രവാദ ബന്ധം. അതില്‍ തളിര്‍ത്തു വന്ന ഇസ്‌ലാമോഫോബിയക്കും ഫാഷിസ്റ്റ്,  റെയ്‌സിസ്റ്റ് ചിന്തകള്‍ക്കും യൂറോപ്പില്‍നിന്ന് ഇസ്‌ലാമിനെ അരിഞ്ഞുമാറ്റാന്‍ സാധ്യമായില്ലെങ്കിലും പടിഞ്ഞാറന്‍ ജന മനസ്സുകളില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച അകാരണമായ ഭയപ്പാടുകള്‍ സൃഷ്ടിച്ചെടുക്കാനുള്ള  അധിനിവേശ ശക്തികളുടെ നീക്കം ഏറക്കുറെ വിജയം കണ്ടു തുടങ്ങിയിരിക്കുന്നു എന്നു  തന്നെ വേണം കരുതാന്‍. മിലാനോ  നഗരത്തിലെ ഒരു പെരുന്നാള്‍ അനുഭവം അങ്ങനെ ചിന്തിക്കാനാണ് എന്നെ പഠിപ്പിച്ചത്.

മടക്കയാത്ര വൈകിയതിനാല്‍ ഒരു ബലിപെരുന്നാള്‍ ദിനം ഇറ്റലിയിലെ   മിലാനോ നഗരത്തില്‍ തങ്ങേണ്ടിവന്നു. നഗര പ്രാന്തത്തിലുള്ള ഈദ്ഗാഹിലേക്ക് പ്രഭാതത്തില്‍ പോകാനുള്ള ഒരുക്കങ്ങള്‍ ചെയ്തു. തക്ബീര്‍ ഗീതങ്ങളും പുത്തനുടുപ്പുകളും സൗഹൃദ സംഗമങ്ങളും ഭക്ഷണ വൈവിധ്യങ്ങളുമായി അകംനിറഞ്ഞിരിക്കുന്ന ഓര്‍മകളെ  മാറ്റി നിര്‍ത്തി ഒരു യൂറോപ്യന്‍ പെരുന്നാള്‍ പെരുമ അനുഭവിച്ചറിയാന്‍ കൊതിച്ച എന്നെ ഇറ്റാലിയന്‍ കമ്പനി മേധാവി തടഞ്ഞു.  തീവ്രവാദ ഭീഷണികള്‍ കാരണം  ഈദ് ഗാഹില്‍ എത്തുന്നവരൊക്കെ കടുത്ത നിരീക്ഷണത്തിലാവുമെന്നും   അപരിചിതര്‍ പ്രത്യേകിച്ചും ശ്രദ്ധിക്കപ്പെട്ടേക്കുമെന്നും അയാള്‍ പറഞ്ഞു.  ഞാന്‍ ഒരു തീവ്രവാദിയല്ലെന്നും യാത്രാ രേഖകളും പില്‍കാല ചരിത്രങ്ങളും എല്ലാം കൃത്യമാണെന്നും അറിയിച്ചിട്ടും  അയാള്‍ എന്നെ പിന്തിരിപ്പിച്ചുകൊണ്ടേയിരുന്നു. എന്റെ  മടക്ക യാത്ര വൈകിയേക്കുമെന്നും അതിലുപരി  ഒരു മുസ്‌ലിമിനെ, അതും മധ്യേഷ്യയില്‍ നിന്ന് ക്ഷണിച്ചു വരുത്തി  ഈദ്ഗാഹില്‍ എത്തിച്ചാല്‍ അവരും കമ്പനിയും അനാവശ്യമായി രഹസ്യാന്വേഷണ നിരീക്ഷണ വലയത്തില്‍ പെട്ടുപോയേക്കുമെന്നുമുള്ള അയാളുടെ കടുത്ത ആശങ്കകള്‍ക്ക് മുന്നില്‍  എന്റെ യൂറോപ്യന്‍ പെരുന്നാള്‍ സ്വപ്നം പൊലിഞ്ഞുപോയി. 

ഇസ്‌ലാമിനെ  ഒരു ഭീകര ചിന്താധാരയായും  മുസ്‌ലിമിനെ ഭീകരനായും ലോകത്തിനു മുന്നില്‍ ചിത്രീകരിക്കുന്നതില്‍ അറിഞ്ഞോ അറിയാതെയോ മുസ്‌ലിം സമൂഹവും  പങ്കുചേര്‍ന്നു പോകുന്നു എന്നതാണ് ദുഃഖസത്യം.

ഒരിക്കല്‍ തെക്കന്‍ ജോര്‍ദാനിലെ ചരിത്ര ദേശങ്ങളിലൂടെയുള്ള യാത്രയില്‍ വഴികാട്ടിയായ  അബ്ദുല്ല  കുരിശു യുദ്ധ കാലത്തെ ഒരു കന്‍മതില്‍ കോട്ടയെ പരിചയപ്പെടുത്തിയത് സലാദിന്‍’എന്ന കൊടും ഭീകരന്റെ നേതൃത്വത്തില്‍ മുസ്‌ലിം തീവ്രവാദികള്‍’ ക്രിസ്ത്യാനികളെ കൊന്നൊടുക്കാന്‍ പട നയിച്ച യുദ്ധ കോട്ട എന്നായിരുന്നു. ക്രിസ്ത്യാനികള്‍ പോലും അമ്പരന്നുപോകുന്ന  വര്‍ണന കേട്ട് ഞാന്‍ ഞെട്ടിപ്പോയി. സത്യം അങ്ങനെയല്ലെന്നും സ്വലാഹുദ്ദീന്‍  അയ്യൂബി കുരിശു യുദ്ധ സേനയുടെ  അധിനിവേശ ആക്രമണങ്ങളെ  ചെറുത്ത് നിന്ന സാത്വിക യോദ്ധാവാണെന്നുമുള്ള എന്റെ തിരുത്തുകള്‍ക്ക് പക്ഷേ, അയാളെ മാറ്റി പറയിക്കാനായില്ല. താന്‍ മുസ്‌ലിമെങ്കിലും നിയമാനുസൃതം ജോലി ചെയ്യുന്ന യാത്രാ സഹായിയാണെന്നും,  പഠിച്ചത് മാത്രമേ പറയാന്‍ പറ്റൂ എന്നുമായിരുന്നു  അയാളുടെ  വാദം. അവിടങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്ന സഞ്ചാരികള്‍ ഏറെയും  ക്രിസ്ത്യാനികളോ ജൂതന്മാരോ ഒക്കെയാണെന്നും  വിനോദ സഞ്ചാരം നാടിന്റെ പ്രധാന വരുമാന മാര്‍ഗമാണെന്നും അയാള്‍ പതുക്കെ പറയുകയും ചെയ്തു. മുസ്‌ലിംകള്‍ മക്കയിലേക്കും മദീനയിലേക്കും മാത്രമല്ലേ പോകൂ എന്ന ഒരു പിന്‍ കുറിപ്പും. 

ഈജിപ്ത് സന്ദര്‍ശനവേളയിലും കഥ മറ്റൊന്നായിരുന്നില്ല. സഞ്ചാര  സഹായികള്‍ക്ക് കാണിക്കാനും പറഞ്ഞു തരാനുമുണ്ടായിരുന്നത് എല്ലാം ഫറോവമാരുടെ കണ്ണഞ്ചിപ്പിക്കുന്ന  നിര്‍മാണ വിസ്മയങ്ങളും അവരുടെ  വീര കഥകളും ജനക്ഷേമ’പ്രവര്‍ത്തനങ്ങളുടെ പ്രകീര്‍ത്തനങ്ങളും മാത്രമായിരുന്നു. ഉഗ്ര പ്രതാപിയായ  ഒരു ഫറോവയെ  കടലില്‍ മുക്കി അടിമകളായ ഇസ്രയേല്‍  സന്താനങ്ങളെ വിമോചന പാതയിലേക്ക് നയിച്ച മൂസാ  പ്രവാചകന്റെ ചരിതം അവരെങ്ങും പറഞ്ഞുകേട്ടില്ല. രണ്ടുവാരം നീണ്ട എന്റെ ഈജിപ്ഷ്യന്‍ യാത്രയില്‍ പാതി  വെച്ച് പതിവ് വഴി മാറി മൂസാ പ്രവാചകന്റെ ചരിത്ര വഴികളിലൂടെ യാത്ര ചെയ്യാന്‍ ഞാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. അന്ന് സീനായ് മരുഭൂമിയില്‍ തണുത്ത് മരവിച്ച് അന്തിയുറങ്ങിയ രാത്രിയില്‍ ഞങ്ങളുടെ പാര്‍പ്പിട സമുച്ചയത്തിലെ  അന്തേവാസികള്‍ എല്ലാം ക്രിസ്ത്യാനികളും ജൂതന്മാരും ആയിരുന്നു. ജോര്‍ദാനിലെ വഴികാട്ടി അബ്ദുല്ലയുടെ വാക്കുകള്‍ തന്നെയായിരുന്നു  സീനായിലെ വഴികാട്ടികള്‍ക്കും പറയാനുണ്ടായിരുന്നത്. കുമിഞ്ഞുകൂടുന്ന വിനോദ സഞ്ചാര വരുമാനം മുന്നില്‍ കണ്ട്  ഭൂരിപക്ഷം വരുന്ന അതിഥികള്‍ക്കായി ചരിത്രം മാറ്റിയെഴുതുന്ന കഥകള്‍. ചരിത്ര ഭൂമികളില്‍ നിന്നൊക്കെ ഇസ്‌ലാമും ഇസ്‌ലാമിക ചരിത്ര വസ്തുതകളും പതിയെ പതിയെ പിഴുത് മാറ്റപ്പെടുകയാണ്. പകരമായി ഇസ്‌ലാമിക  ചരിത്രങ്ങളെ ശവകുടീരങ്ങളിലേക്കും സഞ്ചാരികളെ അപഥ കേളീ കേന്ദ്രങ്ങളിലേക്കും വഴി നടത്തുകയാണ് പുതിയ ലോകം. ഒഴുക്കിനെതിരെ  നീന്തുന്നവര്‍ ഏറെ വിരളം. 

ആധുനിക മുസ്‌ലിം സമൂഹത്തില്‍ ഒരു പുതിയ യാത്രാ സംസ്‌കാരം രൂപപ്പെട്ടുവരേണ്ടിയിരിക്കുന്നു. ആഡംബരാസ്വാദനത്തിനും ജലകേളീ വിനോദങ്ങള്‍ക്കും,  ജീവന്‍ നശിച്ച തീര്‍ഥ യാത്രകള്‍ക്കും മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു  ഇന്ന് നമ്മുടെ യാത്രകളില്‍ ഏറെയും. പ്രകൃതിയോടും സംസ്‌കാരങ്ങളോടും ദൈവത്തോടും മൗനസംവാദങ്ങള്‍ നടത്തുന്ന, സ്വയം കടഞ്ഞെടുത്ത് പശ്ചാത്തലഭേദമന്യേ സ്വന്തത്തെ അടയാളപ്പെടുത്തിയെടുക്കാനുതകുന്ന ജീവസ്സുറ്റ യാത്രകളാണ് നമുക്ക് വേണ്ടത്. വിശുദ്ധ ഖുര്‍ആന്‍  പരിചയപ്പെടുത്തുന്നതെല്ലാം അത്തരം യാത്രകളാണ്. ഇബ്‌റാഹീം പ്രവാചകന്റെ, സുലൈമാന്‍ പ്രവാചകന്റെ,  മൂസ പ്രവാചകന്റെ, ദുല്‍ഖര്‍നൈനിന്റെ തുടങ്ങി എത്രയെത്ര യാത്രകള്‍!

നിരവധി ജനസഞ്ചയങ്ങളെ  ചൂഴ്ന്നു കടന്നു പോയിരുന്നു ഇബ്‌റാഹീം പ്രവാചകന്റെ യാത്രാ പഥം. പ്രകൃതിയോടും ജീവജാലങ്ങളോടും സല്ലപിച്ച് ഉറുമ്പിനെ പോലും നോവിക്കാതെയായിരുന്നു സുലൈമാന്‍ പ്രവാചകന്റെ സഞ്ചാരങ്ങള്‍. ദേശ-സംസ്‌കാര വൈജാത്യങ്ങളിലൂടെ അവരെ പഠിച്ചും പ്രതികരിച്ചും യാത്ര ചെയ്യുകയായിരുന്നു ദുല്‍ഖര്‍നൈന്‍. സീനായിലെ  പരുക്കന്‍ വിജന ഭൂമിയിലൂടെ മൂന്ന് തവണയാണ് ആഫ്രിക്കയില്‍ നിന്ന് ഏഷ്യയിലേക്കും  ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്കും മൂസാ പ്രവാചകനെ ദൈവം വഴി നടത്തിയത്. പ്രകൃതിയിലേക്ക് സ്വയം തിരിച്ചറിവിനായുള്ള  ഒന്നാം യാത്ര, ദിവ്യ ദൗത്യവുമായുള്ള  മടക്ക യാത്ര. വിമോചിപ്പിക്കപ്പെട്ട ജനതയുമായുള്ള പുറപ്പാടു യാത്ര. അതിനപ്പുറം വിധി രഹസ്യങ്ങള്‍ പഠിക്കാനായി ഒരു കടല്‍ യാത്ര. പ്രവാചകന്‍ മുഹമ്മദിന്റെ കച്ചവട യാത്രകളും  പലായന യാത്രകളും തീര്‍ഥാടന യാത്രകളും യുദ്ധ യാത്രകളും എല്ലാം അതേ ഗണത്തില്‍ പെട്ടവ തന്നെ.

നമ്മുടെ യാത്രകള്‍ ഒരു പുതിയ മാനത്തിലേക്ക് മാറ്റി ചിട്ടപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നു. ഏത് യാത്രയും തിരിച്ചറിവിന്റെ യാത്രയായി മാറ്റിയെടുക്കുക എളുപ്പം സാധ്യമാണ്. അല്‍പ്പം മുന്നൊരുക്കങ്ങള്‍ വേണമെന്ന് മാത്രം. ഒപ്പം യാത്രികര്‍ കേവല വ്യക്തികള്‍ മാത്രമല്ലെന്നും അവരുടെ സംസ്‌കാരത്തിന്റെയും മൂല്യ ധര്‍മ വിശ്വാസത്തിന്റെയും പ്രതിനിധികള്‍ കൂടി ആണെന്നും, യാത്ര ചെയ്‌തെത്തുന്നത്  വെറും ആള്‍ക്കൂട്ടത്തിലേക്ക് മാത്രമല്ലെന്നുമുള്ള  ബോധ്യവും. മുസ്‌ലിം സമൂഹത്തിലെ ഇത്തരം  സോദ്ദേശ്യ യാത്രികരുടെ പുറപ്പാടിനായി  കാലം കാത്തിരിക്കുന്നു. യാത്രാ മംഗളങ്ങള്‍! 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /18
എ.വൈ.ആര്‍