Prabodhanm Weekly

Pages

Search

2015 മെയ്‌ 08

ഒന്ന് പുണരൂ, ഒന്നാശ്ലേഷിക്കൂ

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

നിങ്ങളുടെ കുഞ്ഞിനെ പുണരാതെയും ആശ്ലഷിക്കാതെയും ഒരു ദിവസം കടന്നുപോയെന്നിരിക്കട്ടെ, ആ ദിവസം നിങ്ങളുടെയും കുഞ്ഞിന്റെയും ആയുസ്സിന്റെ കണക്ക് പുസ്തകത്തിന് പുറത്താണെന്ന് കരുതിക്കൊള്ളുക; ഇങ്ങനെ ഒരു പ്രസ്താവം വായിക്കുന്ന പലര്‍ക്കും അതിശയം തോന്നിയേക്കാം. എന്നാല്‍ സത്യം അതാണ്. ആശ്ലേഷത്തിന്റെ പ്രയോജനങ്ങളും, കുട്ടിയില്‍ ശാരീരികവും മാനസികവുമായി അത് ഉളവാക്കുന്ന ഗുണാത്മക ഫലങ്ങളും തിരിച്ചറിഞ്ഞാല്‍ തീര്‍ച്ചയായും നിങ്ങള്‍ കുട്ടിയെ കെട്ടി പുണരും. അണച്ചു പൂട്ടി ആശ്ലേഷിക്കും. ആശ്ലേഷത്തിന്റെ എട്ട് ഫലങ്ങള്‍ ഞാന്‍ വിശദീകരിക്കാം:

ഒന്ന്: ആശ്ലേഷിക്കുന്ന വ്യക്തിയുടെ ഹൃദയത്തില്‍ തനിക്ക് പരിഗണനയുടെ ഒരിടം ഉണ്ടെന്നും താന്‍ സ്വീകാര്യനാണെന്നും കുട്ടിക്ക് തോന്നും. മാതാപിതാക്കളുടെ പരിലാളനയുടെയും വാത്സല്യത്തിന്റെയും സ്‌നേഹാന്തരീക്ഷത്തില്‍ വളരുന്ന കുട്ടിയുടെ മാനസിക നില സന്തുലിതവും ഭദ്രവുമായിരിക്കും. താന്‍ തിരസ്‌കൃതനോ അനഭിമതനോ ആണെന്ന് തോന്നുന്ന കുട്ടി സന്തുലിത ബോധവും സമനിലയും നഷ്ടപ്പെട്ട് ധിക്കാരിയായി വളരും. 

രണ്ട്: ആശ്ലേഷം കുട്ടിയില്‍ പ്രാണവായുവിന്റെ തോതുയര്‍ത്തും. കുട്ടിയിലെ ആത്മരോഷത്തെ അത് വരുതിയില്‍ കൊണ്ടുവരും. അതുമൂലം ഭദ്രമായ മാനസികനില കൈവരും. ആത്മനിയന്ത്രണ ശീലം വളരും. ആശ്ലേഷത്താല്‍ ഉയരുന്ന സെറെടോണിന്‍ തോത് മാനസികാനന്ദം ഉളവാക്കും. അഭിരുചികളെ നിയന്ത്രിക്കും. 

മൂന്ന്: ആശ്ലേഷം കുട്ടിയുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. നാഡി വ്യൂഹങ്ങളുടെ പ്രവര്‍ത്തന ക്ഷമതയെ സമീകരിക്കും. രോഗങ്ങളെയും വിപത്തുകളെയും ധീരതയോടെ അഭിമുഖീകരിക്കാന്‍ കുട്ടിയെ പ്രാപ്തനാക്കും. 

നാല്: ആശ്ലേഷം കുട്ടിയുടെ ആത്മവീര്യം ഉയര്‍ത്തും. നിങ്ങള്‍ കുട്ടിയെ കെട്ടിപ്പുണരുമ്പോള്‍ കുഞ്ഞ് നിങ്ങളെയും പുണരുന്നുണ്ട്. ആദാന-പ്രദാനത്തിന്റെ പാഠമാണിത് നല്‍കുന്നത്. സ്‌നേഹ പ്രകടനത്തിന്റെ ഊഷ്മള ഭാവം പ്രകടിതമാവുന്നു ആശ്ലേഷത്തിലൂടെ എന്നതാണ് പ്രധാനം.

അഞ്ച്: ആശ്ലേഷത്തിലൂടെ ഇരുവര്‍ക്കുമിടയിലെ മറകളാണ് ഭേദിക്കപ്പെടുന്നതും തുടര്‍ന്ന് ഇല്ലാതാവുന്നതും. ഇരുശരീരങ്ങള്‍ക്കും മനസ്സുകള്‍ക്കുമിടയിലെ ദൂരം അത് കുറയ്ക്കും. മനസ്സില്‍ കന്മഷമോ കാലുഷ്യമോ ഉണ്ടായിരുന്നെങ്കില്‍ ആശ്ലേഷത്തിലൂടെ അതും ഇല്ലാതായി മനസ്സ് വിമലീകരിക്കപ്പെടും. ബന്ധങ്ങള്‍ ശക്തിപ്പെടും; പൂര്‍വ്വ നില കൈവരിക്കും. കൗമാര പ്രായത്തിലും മക്കളെ ആശ്ലേഷിക്കേണ്ടത് ആവശ്യമാണ്. പ്രായത്തിന്റെ ഈ ഘട്ടത്തില്‍ പെണ്‍കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ ആശ്ലേഷം കൊതിക്കുന്നവരാണ്. ആണ്‍കുട്ടികളില്‍ ഈ ആഗ്രഹം അത്ര കാണില്ല. ആശ്ലേഷം സ്വീകരിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മനോഭാവത്തില്‍ ഈ വ്യത്യാസം കാണാം. ഇത് സ്വാഭാവികവുമാണ്. തന്നെ മാറോടണച്ച് ആശ്ലേഷിക്കുന്ന ഉമ്മയുടെ പെരുമാറ്റത്തില്‍ തരളിതമാകുന്ന കുഞ്ഞിന്റെ മുഖഭാവത്തില്‍ നിന്നറിയാം അവന്റെ നിറഞ്ഞ മനസ്സിലെ നിര്‍വൃതി. ആനന്ദദായകമായ ആത്മലയത്തില്‍ കുഞ്ഞും മാതാവും അഭിരമിച്ച് ഒന്നാവുന്ന അപൂര്‍വ നിമിഷങ്ങളാണവ. ആശ്ലേഷത്തിന്റെയും കെട്ടിപ്പുണരലിന്റെയും അനര്‍ഘ വേള. 

ആറ്: ഒന്ന് കെട്ടിപ്പുണരുന്നതോടെ മനസ്സിന്റെ പിരിമുറുക്കത്തിന് അയവ് വരും. പേശിപിടുത്തം ഇല്ലാതാവും. കുട്ടികളിലും മുതിര്‍ന്നവരിലും ഒക്കെ ഉണ്ടാവുന്ന എത്രയെത്ര പിണക്കങ്ങളും അസ്വാരസ്യങ്ങളുമാണ് ഒരു ആശ്ലേഷത്തിലൂടെ അലിഞ്ഞ് ഇല്ലാതാവുന്നത്!

ഏഴ്: ആശ്ലേഷം സുരക്ഷിതത്വ ബോധവും ആശ്വാസവും സാന്ത്വനവുമേകും. കുഞ്ഞില്‍ ആത്മവിശ്വാസം അങ്കുരിപ്പിക്കാന്‍ ഇതേറെ ആവശ്യമാണ്. നെഞ്ചോട് ചേര്‍ത്തു ഒരാശ്ലേഷം മുന്നോട്ടു ഗമിക്കാനും ചലനത്തിന്റെ ഗതിവേഗം കൂട്ടാനും ഉതകുന്ന ഊര്‍ജ്ജം നല്‍കും. 

എട്ട്: പുണരുന്നതും ആശ്ലേഷിക്കുന്നതും പ്രതിഫലാര്‍ഹമായ സല്‍കര്‍മമാകുന്നു. നബി(സ)യുടെ ജീവിതത്തില്‍ ഇമ്മട്ടില്‍ നിരവധി സന്ദര്‍ഭങ്ങള്‍ വായിച്ചറിയാം. നബി(സ) മകള്‍ ഫാത്വിമ(റ)യുടെ വീട്ടുമുറ്റത്തിരിക്കുകയായിരുന്നു. അപ്പോള്‍ എതിരെ ഓടിവന്ന പേരക്കുട്ടി ഹസനെ വാരിപുണര്‍ന്ന് നബി(സ) ഉമ്മ വെക്കുന്നു. തുടര്‍ന്ന് പ്രാര്‍ത്ഥിക്കുകയാണ്: ''അല്ലാഹുവേ, ഈ കുഞ്ഞിനെ ഞാന്‍ സ്‌നേഹിക്കുന്നു. ഇവനെ നീയും സ്‌നേഹിക്കേണമേ!'' മുറ്റത്ത് കളിക്കുകയായിരുന്ന മറ്റൊരു പൗത്രന്‍ ഹുസൈനെയും ഈ വിധം ആശ്ലേഷിക്കാന്‍ നബി(സ)മുതിര്‍ന്നപ്പോള്‍ കുഞ്ഞ് ഓടുന്നു. നബി(സ)യും പിറകെ ഓടുന്നു. ഓടി കുഞ്ഞിന്റെ ശിരസ്സില്‍ പിടിച്ച റസൂല്‍ ചിരിച്ച്, അവനെ മാറോടണച്ചു ആശ്ലേഷിക്കുകയും തുരുതുരെ ചുംബിക്കുകയും ചെയ്യുന്നു. 

നബി(സ)തന്റെ അനുചരന്മാരായ സ്വഹാബിമാരെ പുണര്‍ന്ന് ആശ്ലേഷിച്ച നിരവധി സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ വായിക്കാം. ചില ഉദാഹരണങ്ങള്‍. സൈദുബിനു ഹാരിസ(റ)യാത്ര കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ നബി(സ) അദ്ദേഹത്തെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്നു. എത്യോപ്യയില്‍ നിന്ന് ജഅ്ഫറുബ്‌നു അബീ ത്വാലിബ്(റ) തിരിച്ചു വന്നപ്പോഴും അദ്ദേഹത്തെ സ്‌നേഹപൂര്‍വം ആശ്ലേഷിച്ചാണ് നബി(സ) വരവേറ്റത്. അങ്ങനെ സഅദുബ്‌നു അബീ വഖാസ്, സഅദുബിനു മുആദ് തുടങ്ങി നിരവധി സ്വഹാബിവര്യന്മാര്‍ തിരുമേനിയുടെ ആശ്ലേഷ ഭാഗ്യം ലഭിച്ചവരായുണ്ട്. സ്വഹാബിവര്യന്മാരെയും വിശ്വാസികളുടെ മാതാക്കളുമായ പത്‌നിമാരെയും നബി(സ) നിരവധി സന്ദര്‍ഭങ്ങളില്‍ പുണര്‍ന്നാശ്ലേഷിച്ചതും ആലിംഗനം ചെയ്ത് സ്വീകരിച്ചതും ചരിത്രത്തില്‍ കാണാം. സ്വഹീഹുല്‍ ബുഖാരിയില്‍ 'ആശ്ലേഷം' എന്ന ശീര്‍ഷകത്തില്‍ ഒരധ്യായമുണ്ട്. ആലിംഗനത്തിന്റെയും ആശ്ലേഷത്തിന്റെയും പ്രാധാന്യമാണിത് സൂചിപ്പിക്കുന്നത്. 

ആശ്ലേഷം എന്നത് രണ്ട് ശരീരങ്ങളുടെ കൂടിച്ചേരലോ അണച്ചു പൂട്ടലോ അല്ല. ശരീരത്തിന്റെ കൂടിച്ചേരലിലൂടെ ഊഷ്മള സ്‌നേഹത്തിന്റെയും ആര്‍ദ്ര വികാരത്തിന്റെയും സവിശേഷ ഊര്‍ജം ഹൃദയങ്ങളിലേക്ക് പ്രസരണം ചെയ്യപ്പെടുകയാണ്. ആശ്ലേഷത്തില്‍ അമരുമ്പോള്‍ പരസ്പരം കൈമാറുന്ന ചൂടുള്ള ചുംബനത്തിലും കെട്ടിപ്പിടുത്തത്തിലുമുണ്ട് ശരീരത്തിന്റെയും മനസ്സിന്റെയും ഓരോ അണുവിലും ത്രസിച്ചു നില്‍ക്കുന്ന സ്‌നേഹത്തിന്റെ സന്ദേശം. മണത്തും ചുംബിച്ചും അണച്ചു പൂട്ടിയും കൈമാറുന്ന ഓരോ വാക്കിലും വാചകത്തിലുമുണ്ട് സ്‌നേഹോര്‍ജ്ജത്തിന്റെ ശക്തി. പ്രസിദ്ധമായ ഒരു ആപ്തവാക്യം ഉദ്ധരിക്കാം: ''മനുഷ്യന് ജീവിക്കാന്‍ ഓരോ ദിവസവും നാല് ആശ്ലേഷം വേണം. മനസ്സിനെ മെരുക്കാന്‍ അവന് എട്ട് ആശ്ലേഷം വേണം. വളരാനും വികസിക്കാനും അവന് പന്ത്രണ്ട് ആശ്ലേഷങ്ങള്‍ വേണം.''  

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /18
എ.വൈ.ആര്‍