Prabodhanm Weekly

Pages

Search

2015 മെയ്‌ 08

ഞാനൊരു മുജാഹിദ് ആദര്‍ശക്കാരനാണ് സംഘടനക്കാരനല്ല

എ. അബ്ദുസ്സലാം സുല്ലമി /അഭിമുഖം

പ്രമുഖ ഹദീസ് പണ്ഡിതനും എഴുത്തുകാരനുമാണ് എ. അബ്ദുസ്സലാം സുല്ലമി. 94 ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. കേരളത്തിലെ മത സംവാദ മേഖലയിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശിയാണ്. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ആശയാദര്‍ശങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അബ്ദുസ്സലാം സുല്ലമിക്ക് നിലവില്‍ ഒരു സംഘടനയുമായും ഔദ്യോഗിക ബന്ധങ്ങളില്ല. തന്റെ കുടുംബം, പഠനം, എഴുത്ത്, സംഘടനാ ജീവിതം, അനുഭവങ്ങള്‍, അഭിപ്രായ വൈവിധ്യങ്ങള്‍ എന്നിവ അദ്ദേഹം പ്രബോധനവുമായി പങ്കുവെക്കുന്നു.

കേരളത്തിലെ മത സംവാദ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ കേരളത്തില്‍ നട്ടുപിടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എ. അലവി മൗലവിയുടെ പുത്രനാണല്ലോ താങ്കള്‍. ഇസ്വ്‌ലാഹീ മതപ്രഭാഷണ മേഖലയില്‍ അധികമാരുമില്ലാതിരുന്ന കാലത്തെ ഉപ്പയുടെ പ്രവര്‍ത്തനവും ജീവിതവും പങ്കുവെക്കാമോ?

ഉപ്പ മത സംവാദ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രായമായിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉപ്പാക്ക് പ്രഭാഷണ വേദികളുണ്ടായിരുന്നു. ഒരു വേദിയില്‍നിന്ന് മറ്റൊരു വേദിയിലേക്കായിരുന്നു ഉപ്പയുടെ യാത്ര. പലപ്പോഴും ആഴ്ചകളോളം വീട്ടില്‍ എത്താറുണ്ടായിരുന്നില്ല. ഉപ്പയുടേത് അച്ചടി ഭാഷ പോലെ ശുദ്ധ മലയാളമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും പ്രഭാഷണത്തിന് ഉപ്പയെ തന്നെ വേണമായിരുന്നു. പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരായിരുന്നു അന്ന് സമസ്തയിലെ പ്രമുഖ പ്രഭാഷകന്‍. അദ്ദേഹം പ്രസംഗിക്കുന്നിടത്തെല്ലാം മുജാഹിദുകാരെ നിരന്തരം വാദപ്രതിവാദത്തിന് വെല്ലുവിളിക്കുമായിരുന്നു. അന്ന് ആ വെല്ലുവിളി ഏറ്റെടുത്ത് മറുപടി പറയാന്‍ ഉപ്പയെ ആയിരുന്നു എല്ലാവരും വിളിച്ചിരുന്നത്. സ്വതസിദ്ധമായ നര്‍മം കലര്‍ത്തി, ഉദാഹരണങ്ങളിലൂടെ ശുദ്ധ മലയാളത്തില്‍ ഉപ്പ മറുപടി പ്രസംഗം നടത്തിയ ഇടങ്ങളിലെല്ലാം ഇസ്വ്‌ലാഹി പ്രവര്‍ത്തനവും വേരുപിടിച്ചു. അതോടെ യാഥാസ്ഥിതിക വിഭാഗക്കാര്‍ ഉപ്പയെ വധിക്കാന്‍ പോലും ശ്രമിച്ചു. ഇതെല്ലാം കണ്ടും കേട്ടുമാണ് ഞങ്ങള്‍ വളര്‍ന്നത്.

മത പ്രഭാഷണ രംഗത്ത് മാത്രമല്ല, അധ്യാപന രംഗത്തും ഉപ്പ ഒട്ടേറെ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. എടവണ്ണ ജാമിഅ നദ്‌വിയ്യ തുടങ്ങിയപ്പോള്‍ ഉപ്പ അവിടെ അധ്യാപകനായി ഉണ്ടായിരുന്നു. പല വിദ്യാര്‍ഥികളും ഉപ്പയുടെ ക്ലാസ് കേള്‍ക്കാന്‍ വേണ്ടി മാത്രമാണ് അവിടെ ചേര്‍ന്നിരുന്നത്. ജാമിഅ സാമ്പത്തിക പ്രയാസത്തില്‍ നട്ടം തിരിയുന്ന കാലമായിരുന്നു അത്. ഉപ്പയടക്കമുള്ള അധ്യാപകര്‍ക്കൊന്നും കൃത്യമായി ശമ്പളം  ലഭിച്ചിരുന്നില്ല. വളരെ കഷ്ടപ്പാടിലായിരുന്നു ഞങ്ങളുടെ കുടുംബം  അന്ന് കഴിഞ്ഞിരുന്നത്. ശമ്പളം കിട്ടാതെ മാസങ്ങള്‍ നീണ്ടുപോയപ്പോള്‍ ഞങ്ങള്‍ പട്ടിണി കിടന്ന സന്ദര്‍ഭം പോലുമുണ്ടായിട്ടുണ്ട്. ഞങ്ങളുടെ ഈ പ്രയാസം കണ്ട ഉമര്‍ ഹാജി ഉപ്പയെ എടത്തനാട്ടുകരയിലേക്ക് ക്ഷണിച്ചു. അവിടെ പള്ളിക്കും മറ്റു ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കാനായിരുന്നു ക്ഷണം. അങ്ങനെ ഞങ്ങള്‍ കുടുംബമൊന്നടങ്കം എടവണ്ണ വിട്ട് മൂന്ന് വര്‍ഷത്തോളം എടത്തനാട്ടുകരയില്‍ താമസിക്കേണ്ടിവന്നിട്ടുണ്ട്. പട്ടിണിയില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ആ കൂടുമാറ്റം. കരഞ്ഞുകൊണ്ടാണ് ഉപ്പയോടൊപ്പം അന്ന് ഞങ്ങള്‍ എടവണ്ണ വിട്ടത്. ആദ്യകാല ഇസ്വ്‌ലാഹി പ്രവര്‍ത്തനവും, ഉപ്പയടക്കം അതിന് നേതൃത്വം നല്‍കിയവരുടെ ജീവിതവും ഇങ്ങനെയൊക്കെയായിരുന്നു.

ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചപ്പോഴും കുറച്ചുകാലം വൈസ് പ്രസിഡന്റായി എന്നതൊഴിച്ചാല്‍ അലവി മൗലവി കെ.എന്‍.എമ്മിന്റെ ഉന്നത നേതൃരംഗത്ത് അധികമൊന്നും ഉണ്ടായിരുന്നില്ലല്ലോ?

ഉപ്പാക്ക് അതിലൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. കെ.എന്‍.എം നേതൃസ്ഥാനമൊക്കെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ലീഗ് രാഷ്ട്രീയത്തെ അംഗീകരിക്കുന്നവര്‍ക്ക് മാത്രമായി മാറിയിരുന്നു. ഉപ്പ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ആദ്യകാലത്തെ മിക്ക ഇസ്വ്‌ലാഹി നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. ഈ ചരിത്രമെല്ലാം രേഖപ്പെടുത്തി 'ഇസ്വ്‌ലാഹി പ്രസ്ഥാനവും കോണ്‍ഗ്രസ്സും' എന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഞാന്‍ കോണ്‍ഗ്രസ്സുകാരെ ഏല്‍പിച്ചിരുന്നു. ഉള്ളടക്കം അവര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും ലീഗിനെ പിണക്കേണ്ട എന്ന് കരുതി  അവരത് പ്രസിദ്ധീകരിച്ചില്ല. ഉപ്പ സാധാരണ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല. അന്ന് കോണ്‍ഗ്രസ്സിന്റെ കീഴിലുള്ള മജ്‌ലിസ് ശൂറയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും വന്നാല്‍ അവരുടെ പ്രഭാഷണം പരിഭാഷപ്പെടുത്തിയിരുന്നത് ഉപ്പയായിരുന്നു. ദയൂബന്ദില്‍ പഠിച്ചത് കാരണം ഉപ്പാക്ക് ഉര്‍ദു നല്ല വശമായിരുന്നു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അന്ന് കോണ്‍ഗ്രസ്സുകാര്‍ കാഫിറാണെന്ന് ഫത്‌വയിറക്കിയിരുന്നു. ഇങ്ങനെ സജീവ കോണ്‍ഗ്രസ്സുകാരനായിരിക്കെ തന്നെയാണ് മുജാഹിദ് പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് ഉപ്പ വാദ പ്രതിവാദ വേദിയില്‍ പ്രഭാഷണം നടത്തിയിരുന്നത്. മുജാഹിദ് പ്രസ്ഥാനത്തില്‍ ലീഗാധിപത്യം സജീവമാകുന്ന കാലം കൂടിയായിരുന്നു അത്. ആ കാലത്ത് എടവണ്ണയിലെ ചില മുജാഹിദ് ലീഗുകാര്‍ തന്നെ ഉപ്പയെ തുടര്‍ന്ന് നമസ്‌കരിക്കാന്‍ മടി കാണിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സുകാരായ മുജാഹിദുകാരെ നേതൃസ്ഥാനത്ത് നിന്ന് ബോധപൂര്‍വം അകറ്റാനുള്ള ശ്രമമുണ്ടായി. അതോടെ ലീഗ് രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരൊന്നും കെ.എന്‍.എമ്മിന്റെ സംസ്ഥാന സമിതിയില്‍ ഇല്ലാതായി. എത്തിയവര്‍ക്കാകട്ടെ കോണ്‍ഗ്രസ് അനുഭാവം ഒഴിവാക്കേണ്ടിയും വന്നു. സ്വാഭാവികമായും സജീവ കോണ്‍ഗ്രസ്സുകാരനായ ഉപ്പ നേതൃസ്ഥാനത്ത് നിന്ന് തഴയപ്പെട്ടു. അന്നും ഇന്നും മുജാഹിദ് പ്രസ്ഥാനത്തിന്റെ വലിയ ന്യൂനതകളിലൊന്നാണ് അമിതമായ ഈ ലീഗ് രാഷ്ട്രീയ പക്ഷപാതിത്വം. ലീഗ് രാഷ്ട്രീയത്തോട് വിധേയത്വമില്ലാത്ത ഒരു കോണ്‍ഗ്രസ് അനുഭാവിയാണ് ഞാനും. കെ.എന്‍.എമ്മിന്റെ നേതൃസ്ഥാനത്തേക്കൊന്നും എന്നെ ഇതുവരെ പരിഗണിക്കാത്തതിന്റെയും രാഷ്ട്രീയം അതുതന്നെയാണ്. ഇതാണ് എന്റെ ധാരണ. തെറ്റ് പറ്റാം. ഉപ്പയെ പോലെതന്നെ, ഞാനും നേതൃസ്ഥാനം  ആഗ്രഹിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്തിട്ടുമില്ല. നേതൃസ്ഥാനത്തിന് വേണ്ടി തള്ളിക്കയറുന്നവരുടെ തിരക്കില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കാനാണ് ഞാന്‍ ശ്രമിച്ചത്. നില്‍ക്കുന്നിടത്തു നിന്ന് എന്നെ കൊണ്ടെന്ത് ചെയ്യാന്‍ പറ്റുമെന്നാണ് ഞാന്‍ അന്വേഷിച്ചത്. അങ്ങനെയാണ് പഠനവും എഴുത്തും അധ്യാപനവും പ്രഭാഷണവും മാത്രമാണ് എന്റെയിടം എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അവ നിര്‍വഹിക്കാന്‍ ഒരു നേതൃസ്ഥാനമോ സംഘടനാ ഭാരവാഹിത്വമോ ആവശ്യമില്ല താനും.

അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജില്‍ നിന്നാണല്ലോ താങ്കള്‍ ബിരുദം നേടിയത്. സുല്ലമുസ്സലാമിലെ പഠനാനുഭവങ്ങള്‍?

ഞങ്ങളുടെ എസ്.എസ്.എല്‍.സി ബാച്ചില്‍ ഫസ്റ്റ് ക്ലാസ് ലഭിച്ച രണ്ട് പേരില്‍ ഒരാളായിരുന്നു ഞാന്‍. ഉപ്പ വിശാല മനസ്‌കനായിരുന്നു. പ്രത്യേകിച്ച് ഒരു സ്ഥാപനത്തില്‍ ചേരണമെന്നോ നിശ്ചിത കോഴ്‌സ് പഠിക്കണമെന്നോ ഉപ്പക്ക് നിര്‍ബന്ധമുണ്ടായിരുന്നില്ല. നല്ല മാര്‍ക്ക് നേടിയതിനാല്‍ ഭൗതിക വിദ്യാഭ്യാസത്തിന് ചേരാന്‍ സ്‌നേഹപൂര്‍വം പലരും ആവശ്യപ്പെട്ടിരുന്നു. അരീക്കോട് സുല്ലമുസ്സലാമിലെ പഠനം ഞാന്‍ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് തന്നെ വായന എന്റെ നിത്യശീലമായിരുന്നു. സുല്ലമുസ്സലാമില്‍ സിലബസ് പഠനത്തേക്കാള്‍ ലൈബ്രറിയിലെ വായനക്കായിരുന്നു ഞാന്‍ അധിക സമയം ചെലവഴിച്ചത്. കോളേജില്‍ നിന്ന് അറബി ഭാഷ വശമായതോടെ എന്റെ വായനയും വര്‍ധിച്ചു. ക്ലാസില്ലാത്ത സമയങ്ങളിലെല്ലാം ഞാന്‍ ലൈബ്രറിയില്‍ തന്നെ കൂടി. ശബാബിലും അല്‍മനാറിലുമൊക്കെ എഴുതാന്‍ അക്കാലത്തുതന്നെ തുടങ്ങിയിരുന്നു. കെ.പി മുഹമ്മദ് മൗലവി എനിക്കെപ്പോഴും പ്രചോദനം നല്‍കുമായിരുന്നു. അല്‍മനാറിലെ ചോദ്യോത്തര പംക്തിയില്‍ ഉത്തരമെഴുതാന്‍ വരെ വിദ്യാര്‍ഥിയായ എന്നെ അദ്ദേഹം ഏല്‍പിക്കുമായിരുന്നു. എന്നെ വളര്‍ത്തി കൊണ്ടുവരുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു.

സുല്ലമുസ്സലാമിലെ പഠനകാലത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു? ജമാഅത്ത് അനുഭാവികളും അക്കാലത്ത് സുല്ലമുസ്സലാമില്‍ പഠിച്ചിരുന്നതായി കേട്ടിട്ടുണ്ട്.

ജമാഅത്തെ ഇസ്‌ലാമിയുമായി മുജാഹിദ് പ്രസ്ഥാനത്തിന് ചില വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും ശത്രുതാ നിലപാട് ഉണ്ടായിരുന്നില്ല. ഞാന്‍ പഠിക്കുമ്പോള്‍ അരീക്കോട് സുല്ലമുസ്സലാമില്‍ ജമാഅത്തനുഭാവികള്‍ കുറെ ഉണ്ടായിരുന്നു. ഇ. അബൂബക്കര്‍ സാഹിബൊക്കെ അതില്‍ പെടും. ജമാഅത്തെ ഇസ്‌ലാമിയോടുള്ള കെ.പി മുഹമ്മദ് മൗലവിയുടെ മൃദുല നിലപാടും സുല്ലമുസ്സലാമില്‍ ജമാഅത്ത് അനുഭാവികള്‍ പഠിക്കുന്നതിന് ഒരു കാരണമായിരുന്നു. അദ്ദേഹത്തിന് ജമാഅത്തെ ഇസ്‌ലാമിയോട് വലിയ എതിര്‍പ്പുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സുല്ലമുസ്സലാമില്‍ പഠനം പൂര്‍ത്തിയാക്കിയ എല്ലാവരും മുജാഹിദിലേക്ക് വന്നിരുന്നുമില്ല. കെ.പി അതൊക്കെ അനുവദിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയോട് അനുഭാവമുള്ള ഐ.എസ്.എല്ലും എം.എസ്.എമ്മിനൊപ്പം അന്ന് സജീവമായിരുന്നു. പക്ഷേ, ഇന്നത്തെ പോലെ തന്നെ സംഘടനാ ആക്ടിവിസങ്ങളില്‍ അന്നും ഞാന്‍ സജീവമായിരുന്നില്ല. എന്റെ ഇടം രചനയും എഴുത്തുമാണെന്ന് തോന്നിയതിനാല്‍ അതിലായിരുന്നു ഞാന്‍ ശ്രദ്ധ വെച്ചത്. അന്നും ഇന്നും ഞാനൊരു മുജാഹിദ് ആദര്‍ശക്കാരനാണ്. സംഘടനക്കാരനല്ല. സംഘടനക്ക് വേണ്ടി ആദര്‍ശത്തെയും, മനസ്സിലാക്കിയ സത്യത്തെയും മറച്ചുവെക്കാന്‍ എനിക്കൊരിക്കലും സാധിക്കുമായിരുന്നില്ല. ഇത് പലപ്പോഴും സംഘടനാ നേതാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാവുക സ്വാഭാവികം. മാസപ്പിറവി വിഷയത്തില്‍ എന്റെ നിലപാട് മുജാഹിദ് പ്രസ്ഥാനവുമായി യോജിച്ചുപോവുന്നതല്ല. അത് തുറന്നെഴുതിയതിന്റെ പേരിലാണ് ജംഇയ്യത്തുല്‍ ഉലമായുടെ വൈസ് പ്രസിഡന്റ് സ്ഥാനം എനിക്ക് ഒഴിയേണ്ടിവന്നത്.

ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് പ്രസ്ഥാനവും ചില വിഷയങ്ങളില്‍ വിയോജിക്കെ തന്നെ സൗഹാര്‍ദത്തില്‍ വര്‍ത്തിച്ച കാലം താങ്കള്‍ സൂചിപ്പിച്ചു. ഇബാദത്ത്, ഹാകിമിയ്യത്ത് എന്നിവയുടെ വിവക്ഷയുമായി ബന്ധപ്പെട്ടാണ് ഇരു സംഘടനകളും പിന്നീട് രൂക്ഷമായ തര്‍ക്കത്തിലേര്‍പ്പെട്ടത്. അതില്‍ പങ്കാളിയായ വ്യക്തിയെന്ന നിലക്ക് ആ ചര്‍ച്ചകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇപ്പോള്‍ എന്തു തോന്നുന്നു?

ഇരു സംഘടനകളും ഒരുപാട് ഊര്‍ജം പാഴാക്കിയ ചര്‍ച്ചകളായിരുന്നു അത്. രണ്ട് ഭാഗത്തുനിന്നുമുള്ള പ്രഭാഷകരും എഴുത്തുകാരും പല അതിവാദങ്ങളും ആ വിഷയകമായി  ഉയര്‍ത്തിയെന്നതാണ് യാഥാര്‍ഥ്യം. സമസ്തക്കാര്‍ ആരാധനാ രംഗത്ത് ശിര്‍ക്ക് ചെയ്യുന്നവരാണെങ്കില്‍, മുജാഹിദുകള്‍ രാഷ്ട്രീയ ശിര്‍ക്ക് ചെയ്യുന്നവരാണെന്ന് വരെ ചില ജമാഅത്ത് പ്രഭാഷകര്‍ ആരോപിക്കുകയുണ്ടായി. ഇബാദത്തിന് അനുസരണം, അടിമത്തം എന്ന അര്‍ഥം പോലുമില്ലെന്നും, ഹാകിമിയ്യത്ത് കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവിന്റെ പ്രാപഞ്ചിക ആധിപത്യമാണെന്നും, ഇസ്‌ലാം ജീവിത പദ്ധതിയല്ല  മരണ പദ്ധതിയാണെന്നുമുള്ള അതിവാദങ്ങള്‍ മുജാഹിദ് പക്ഷത്തുനിന്നുമുണ്ടായി. യഥാര്‍ഥത്തില്‍ ഇബാദത്തിന് അനുസരണം, അടിമത്തം എന്നീ അര്‍ഥങ്ങളുണ്ട്. ഒരുപാട് തഫ്‌സീറുകളില്‍ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇബാദത്തിന്റെ അര്‍ഥത്തില്‍ എനിക്ക് ജമാഅത്തിനോട് വിയോജിപ്പുണ്ടായിരുന്നില്ല. വീക്ഷണത്തോടായിരുന്നു വിയോജിപ്പ്. ഇന്ത്യാ ഗവണ്‍മെന്റ് ത്വാഗൂത്ത് ആണെന്നും അതിന്റെ കീ പോസ്റ്റുകളില്‍ നിന്നെല്ലാമകന്ന് നില്‍ക്കണമെന്നുമുള്ള വാദത്തോടും വിയോജിപ്പുണ്ടായിരുന്നു. ഹലാലും ഹറാമും തീരുമാനിക്കാനുള്ള അധികാരം ഇന്ത്യാ ഗവണ്‍മെന്റിനുണ്ടെന്ന് വിശ്വസിച്ച് അവരെ അനുസരിക്കുമ്പോള്‍ മാത്രമാണ് അത് ഇബാദത്താവുക. അല്ലാതെ നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ ജീവിക്കുന്നതിന് അതൊന്നും തടസ്സമല്ല. ഇതൊക്കെ വിശദീകരിച്ച് നിരുപാധിക അനുസരണമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജമാഅത്ത് എഴുത്തുകാര്‍ പിന്നീട് വ്യക്തമാക്കുകയുണ്ടായി. ആ വിശദീകരണത്തോട് എനിക്കെതിര്‍പ്പില്ല. 'ഇനില്‍ ഹുക്മു ഇല്ലാ ലില്ലാഹ്' എന്നത് ഖുര്‍ആന്‍ പല തവണ പറഞ്ഞിട്ടുള്ളതാണ്. അതെല്ലാം പ്രാപഞ്ചികാധിപത്യവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്ന് സത്യസന്ധമായി വിഷയത്തെ സമീപിക്കുന്നവര്‍ക്കെല്ലാം ബോധ്യപ്പെടുകയും ചെയ്യും. പുരോഹിതന്മാര്‍ ഭക്ഷണത്തിലെ ഹലാല്‍-ഹറാമുകള്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പറഞ്ഞ ശേഷം 'ഇനില്‍ ഹുകുമു ഇല്ലാ ലില്ലാഹ്' എന്ന് ഖുര്‍ആന്‍  പറഞ്ഞതില്‍ അത് വ്യക്തമാണ്. സുബൈര്‍ മങ്കടയൊക്കെ ഹാകിമിയ്യത്തില്‍ ശിര്‍ക്കില്ല എന്ന് വാദിച്ചവരായിരുന്നു . ഞാനതിനോട് ഒരിക്കലും യോജിച്ചിട്ടില്ല. ഹലാലും ഹറാമും തീരുമാനിക്കാനുള്ള അധികാരം ഭരണാധികാരികള്‍ക്ക് അനുവദിച്ച് നല്‍കുന്നത് ശിര്‍ക്കുതന്നെയാണ്. തൗഹീദ് ഒരു സമഗ്ര പഠനം എന്ന എന്റെ പുസ്തകത്തില്‍ ഞാനിതെല്ലാം വിശദീകരിച്ചിട്ടുണ്ട്. 

യഥാര്‍ഥത്തില്‍ വൈജ്ഞാനികമായി മുന്നേറേണ്ട ഒരു ചര്‍ച്ചയെ  അതിവാദങ്ങളിലേക്ക് നയിച്ചതില്‍ ഉമര്‍ മൗലവിക്കും അദ്ദേഹത്തിന്റെ സല്‍സബീല്‍ എന്ന പ്രസിദ്ധീകരണത്തിനും മുഖ്യ പങ്കുണ്ട്. ഇബാദത്തിന് അനുസരണം എന്ന അര്‍ഥം തന്നെയില്ല എന്ന വാദമൊക്കെ അദ്ദേഹമാണുന്നയിച്ചത്. ഇസ്‌ലാമിനെ സമഗ്രമെന്നും, ജീവിത പദ്ധതിയെന്നും പറയാന്‍ പറ്റില്ലെന്നും വേണമെങ്കില്‍ മരണപദ്ധതിയെന്ന് പറയാമെന്നു പോലും ചിലര്‍ എഴുതിയിരുന്നു. ഹാകിമിയ്യത്തിനെക്കുറിച്ച ആയത്തുകളെല്ലാം നീട്ടി വ്യാഖ്യാനിച്ച് അതൊന്നും ദുന്‍യാവുമായി ബന്ധപ്പെട്ടതെല്ലന്ന് എഴുതിയതും ഉമര്‍ മൗലവിയാണ്. ഇസ്‌ലാം ഒരു ജീവിത പദ്ധതിയാണെന്നറിയാത്ത ഒരു സാധാരണക്കാരന്‍ പോലും ഇന്ന് മുസ്‌ലിം സമൂഹത്തിലുണ്ടോ എന്നത് സംശയമാണ്. ചുരുക്കത്തില്‍ ഇത്തരം പല അതിവാദങ്ങളാണ് ആ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. അതിനെല്ലാം വേണ്ടി ഒരുപാട് സമയവും അധ്വാനവും ഇരു വിഭാഗവും പാഴാക്കി. പുതിയ തലമുറയെങ്കിലും ഇത്തരം സാങ്കേതിക ചര്‍ച്ചകളില്‍ നിന്ന് രക്ഷപ്പെട്ടുവെന്നത് ആശ്വാസകരമാണ്.

ത്വാഗൂത്തിന്റെ കുഞ്ചിക സ്ഥാനത്ത് നിന്നും അതിന്റെ രാഷ്ട്രീയ വ്യവസ്ഥയില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുക എന്ന തത്ത്വത്തെ പ്രായോഗികമായി ജമാഅത്തെ ഇസ്‌ലാമിയും ഇന്ന് മറികടന്നിരിക്കുന്നു. ഖുര്‍ആന്‍ മഖ്‌ലൂഖ് (സൃഷ്ടി) ആണോ എന്ന ഒരു കാലത്തെ ചര്‍ച്ച പോലെ ഇബാദത്ത്- ഹാകിമിയ്യത്ത് ചര്‍ച്ചകള്‍ ഒരുപാട് ഊര്‍ജം പാഴാക്കുകയായിരുന്നു.

സുല്ലമുസ്സലാമിലെ പഠന ശേഷം പ്രഭാഷണം-എഴുത്ത് രംഗങ്ങളില്‍ സജീവമായിരിക്കെത്തന്നെ എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ അധ്യാപകനായിരുന്നല്ലോ. ജാമിഅ ഇപ്പോള്‍ അമ്പതാം വാര്‍ഷികമൊക്കെ ആഘോഷിച്ചു. 30 വര്‍ഷത്തോളം അവിടെ അധ്യാപകനായിരുന്ന താങ്കളുടെ ഓര്‍മകള്‍...?

സുല്ലമുസ്സലാമിലെ പഠന ശേഷം ആറു മാസത്തോളം തൃശൂര്‍ കയ്പമംഗലം ബുസ്താനിയ്യ കോളേജില്‍ അധ്യാപകനായിരുന്നു ഞാന്‍. അപ്പോഴാണ് ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനായി എനിക്ക് നിയമനം കിട്ടുന്നത്. അടിയന്തരാവസ്ഥ കാലത്താണ് ഞാന്‍ സ്‌കൂളില്‍ ചേരുന്നത്.  ജമാഅത്തെ ഇസ്‌ലാമി അന്ന് നിരോധിക്കപ്പെട്ടിരിക്കുകയാണ്. സ്‌കൂളില്‍ ചേര്‍ന്ന് കുറച്ച് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ആരുടെയോ ഇടപെടല്‍ കാരണം ഞാന്‍ ജമാഅത്തുകാരനാണെന്ന് ആരോപിക്കപ്പെടുകയും എനിക്കെതിരെ അന്വേഷണം നടക്കുകയും ഒടുവില്‍ എന്നെ വയനാട്ടിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. സ്‌കൂള്‍ സര്‍വീസില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാകവെയാണ് ജാമിഅ നദ്‌വിയ്യ മാനേജ്‌മെന്റ് അധ്യാപകനായി എന്നെ ക്ഷണിക്കുന്നത്. എനിക്ക് യോജിച്ച ഇടം അതാണെന്ന് മനസ്സിലാക്കിയ ഞാന്‍ ഗവണ്‍മെന്റ് ഉദ്യോഗം രാജിവെച്ച് ജാമിഅയില്‍ ചേര്‍ന്നു.  സാമ്പത്തികമായി ജാമിഅ ഇന്നു കാണുന്നവിധം വളര്‍ന്നിട്ടില്ലാത്ത കാലമാണത്. ശമ്പളം തുഛമായിരുന്നു. ഞാനതൊട്ടും പരിഗണിച്ചില്ല. പുതിയ തലമുറക്ക് ആദര്‍ശപാഠങ്ങള്‍ പകര്‍ന്നു കൊടുക്കാനുള്ള അവസരമായാണതിനെ ഞാന്‍ കണ്ടത്. ആ ഉദ്ദേശ്യത്തോടു കൂടിയായിരുന്നു ജാമിഅ സ്ഥാപിതമായതും. ഗവണ്‍മെന്റ് പരീക്ഷ ആദര്‍ശപഠനത്തിന് തടസ്സമാവുമെന്നതിനാല്‍ അതിനുള്ള സൗകര്യം പോലും ജാമിഅയിലില്ലായിരുന്നു. അതിനാല്‍ തന്നെ കുട്ടികള്‍ കുറവായിരുന്നു. എടവണ്ണയില്‍ നിന്നു പോലും അരീക്കോട് സുല്ലമുസ്സലാമില്‍ പഠിക്കാന്‍ കുട്ടികള്‍ പോകുമായിരുന്നു. അങ്ങനെയാണ് ഞാനും അലി അക്ബര്‍ മൗലവിയും മുന്‍കൈയെടുത്ത് ജാമിഅ വിദ്യാര്‍ഥികള്‍ക്ക് ഗവണ്‍മെന്റ് പരീക്ഷ എഴുതാനുള്ള അവസരമൊരുക്കണമെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെടുന്നത്. അങ്ങനെ ജാമിഅ സിലബസിനോടൊപ്പം ഒഴിവു സമയങ്ങളില്‍ ഞങ്ങള്‍ യൂനിവേഴ്‌സിറ്റി സിലബസും പഠിപ്പിക്കാന്‍ തുടങ്ങി. കുറച്ച് കാലം കഴിഞ്ഞപ്പോള്‍  യൂനിവേഴ്‌സിറ്റി സിലബസില്‍ മാത്രമായി കുട്ടികളുടെ ശ്രദ്ധ ചുരുങ്ങി. അതോടെ മാനേജ്‌മെന്റ് ഇടപെട്ട് രണ്ട് സിലബസും ഒന്നിച്ചു ചേര്‍ത്ത് എട്ടു വര്‍ഷത്തെ കാലയളവിലുള്ള പുതിയ കോഴ്‌സുണ്ടാക്കി. കുട്ടികള്‍ വന്നു തുടങ്ങിയെങ്കിലും ശമ്പളമൊക്കെ കുറവായിരുന്നു. പല പ്രമുഖരും ശമ്പളം പോരെന്ന് പറഞ്ഞ് ജാമിഅ വിട്ടു. അബ്ദുര്‍റഹ്മാന്‍ സലഫി വരെ അതിലുള്‍പ്പെടും. ഞങ്ങള്‍ കുറച്ച് പേര്‍ മാത്രം ശമ്പളക്കമ്മിയൊന്നും വകവെക്കാതെ ജാമിഅയില്‍  തുടര്‍ന്നു. ക്ലാസ് സമയം കഴിഞ്ഞും രാത്രിയുമെല്ലാം ആദര്‍ശ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. 

പിന്നെയും കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് റാബിത്വയുമായി നല്ല ബന്ധമുണ്ടായിരുന്ന എന്‍.പി അബ്ദുല്‍ ഖാദര്‍ മൗലവി ജാമിഅയില്‍ വരുന്നത്. അദ്ദേഹമാണ് ജാമിഅക്ക് ഇന്നു കാണുന്ന ഭൗതിക സൗകര്യങ്ങളൊരുക്കാന്‍ മുന്‍കയ്യെടുത്തത്. സര്‍ക്കാര്‍ ജോലി രാജിവെച്ച് 30 വര്‍ഷം ഞാന്‍ ജാമിഅയില്‍ അധ്യാപകനായി തുടര്‍ന്നു. പിന്നീടാണ് മുജാഹിദ് സംഘടന പിളരുന്നത്. ഒരു ഗ്രൂപ്പിലും ചേരാതെ ഐക്യ ശ്രമങ്ങളുമായി കുറച്ചുകാലം ഞാന്‍ മുന്നോട്ടുപോയി. പിടിവാശി കൂടുതല്‍ ഔദ്യോഗിക വിഭാഗത്തിനാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ മറു വിഭാഗത്തിനൊപ്പം നില്‍ക്കുകയായിരുന്നു. അതോടെ എനിക്ക് ജാമിഅ മാനേജ്‌മെന്റ് ഷോക്കോസ് നോട്ടീസ് തന്നു. തുടര്‍ന്ന് ഞാന്‍ ജാമിഅ വിട്ടു. 30 വര്‍ഷം സര്‍വീസുള്ള എന്റെ പി.എഫ് വരെ അവര്‍ തടഞ്ഞുവെച്ചു. മൂന്ന് വര്‍ഷത്തിനു ശേഷമാണവര്‍ അത് എനിക്ക് നല്‍കിയത്. ഇപ്പോള്‍ അമ്പതാം വാര്‍ഷികത്തില്‍ ജാമിഅയുടെ ചരിത്രമെല്ലാം രേഖപ്പെടുത്തി അവര്‍ സുവനീര്‍ ഇറക്കി. 30 വര്‍ഷം, ശമ്പളം പോലും പരിഗണിക്കാതെ, രാപ്പകല്‍ വ്യത്യാസമില്ലാതെ അവിടെ പഠിപ്പിച്ച എന്റെ പേരു പോലും ആ സുവനീറില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇങ്ങനെയൊക്കെയാണ്, ആദര്‍ശം പറയുന്നവരുടെ വര്‍ത്തമാന വിശേഷങ്ങള്‍. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /18
എ.വൈ.ആര്‍