Prabodhanm Weekly

Pages

Search

2015 മെയ്‌ 08

മാനസിക സംഘര്‍ഷവും ഭയാശങ്കകളും എങ്ങനെ അകറ്റാം?

സിറാജുദ്ദീന്‍ കല്ലമ്പലം

മനുഷ്യന് എപ്പോഴും മനസ്സമാധാനമുണ്ടായിരിക്കുക എന്നത് അസാധ്യമാണ്. കാരണം മനുഷ്യ ജീവിതം സന്തോഷ നിമിഷങ്ങള്‍ ഉള്ളതോടൊപ്പം തന്നെ പ്രശ്‌നങ്ങളും പ്രതിസന്ധികളും നിറഞ്ഞതാണ്. പലതും അവന്റെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നു. ഉറ്റവരുടെയും ഉടയവരുടെയും വേര്‍പാട്, ഭയം, രോഗം, കടം, ദാരിദ്ര്യം, ധനനഷ്ടം, ജോലി നഷ്ടം, മാനഹാനി, നീതിനിഷേധം മുതലായവയെല്ലാം മനുഷ്യന് ആശങ്കയും പിരിമുറുക്കവും ദുഖവുമുണ്ടാക്കുന്നു. ഒരു പരിധിക്കപ്പുറം ഈ വികാരങ്ങളൊന്നും ദൈനംദിന ജീവിതത്തിന്റെ മുന്നോട്ടുള്ള ഗമനത്തിനു തടസ്സമാകാന്‍ പാടില്ല. നീണ്ട് നില്‍ക്കുന്ന ഭയാശങ്കകളും മാനസിക പിരിമുറുക്കങ്ങളും പല രോഗങ്ങള്‍ക്കും കാരണമാകും; രക്ത സമ്മര്‍ദം, കുടല്‍പുണ്ണ്, തലവേദന, നാഡിതളര്‍ച്ച, ആസ്ത്മ, സ്‌ട്രോക്ക്, പ്രമേഹം, അര്‍ബുദം പോലുള്ളവയ്ക്ക്. ആത്മഹത്യകള്‍ക്ക് പ്രധാന കാരണവും ഇതുതന്നെ. 

സത്യവിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട യഥാര്‍ത്ഥ ആശങ്ക അല്ലാഹുവിന്റെ പ്രീതിയും പരലോകവും നഷ്ടപ്പെടുമോ എന്നത് മാത്രമായിരിക്കണം. ഭൗതികമായ മറ്റെല്ലാ നഷ്ടവും യഥാര്‍ത്ഥത്തില്‍ നഷ്ടമല്ല, നല്‍കപ്പെട്ടത് തിരിച്ചെടുക്കല്‍ മാത്രമാണ്. 

പ്രവാചകന്മാരും സച്ചരിതരായ ഖലീഫമാരും വരെ ഉല്‍ക്കണ്ഠാകുലരായിട്ടുണ്ട്. ഭയവും ദു:ഖവും അവരെ പിടികൂടിയിട്ടുണ്ട്. കടുത്ത പരീക്ഷണങ്ങള്‍ക്ക് അവര്‍ വിധേയരായിട്ടുണ്ട്. പ്രവാചക പത്‌നി ആയിശ(റ)യുമായി ബന്ധപ്പെട്ട അപവാദ പ്രചാരണം, സൈനബുമായുള്ള വിവാഹം, ഇബ്രാഹീം നബി(അ)യോട് ഏക മകനെ അറുക്കുവാനുള്ള കല്‍പന, മൂസാ നബി(അ)യോട് അല്ലാഹു സംസാരിച്ച സന്ദര്‍ഭം, വടി പാമ്പായപ്പോള്‍ ഉണ്ടായ ഭയം തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇത്തരം ആശങ്കകള്‍ നല്ലതാണ്. സത്യവിശ്വാസികള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്താനും നന്മകള്‍ വര്‍ദ്ധിപ്പിക്കാനും ഈ പരീക്ഷണങ്ങള്‍ പ്രേരകമായിത്തീരും. എന്നാല്‍ നമ്മുടെ അവസ്ഥ ഇതാണോ എന്ന് ചിന്തിക്കണം. പലപ്പോഴും നമ്മുടെ മുഴുവന്‍ ഭയാശങ്കകളും ഭൗതികമായ നമ്മുടെ നഷ്ടപ്പെടലുകളെക്കുറിച്ചും വരും വരായ്കകളെക്കുറിച്ചുമായിരിക്കും. സമ്പത്തും പദവികളുമെല്ലാം നേടാന്‍ സ്വീകരിക്കുന്ന മാര്‍ഗം പരിശുദ്ധവും അല്ലാഹുവിന്റെ തൃപ്തിയുള്ളതുമാണോ എന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല. പരാജിതര്‍ സ്വാഭാവികമായും പിരിമുറുക്കത്തിലകപ്പെടുന്നു. സത്യവിശ്വാസികള്‍ ഇത്തരം വൈകല്യങ്ങളില്‍ നിന്ന് മുക്തരാകേണ്ടതുണ്ട്. ഇസ്‌ലാമില്‍ അതിനു പരിഹാരങ്ങളുണ്ട്.

1. അചഞ്ചലമായ വിശ്വാസവും സല്‍കര്‍മങ്ങളും

സത്യനിഷേധികളെയും വിശ്വാസദൗര്‍ബല്യമുള്ളവരെയും അവരുടെ ശാരീരികവും സാമ്പത്തികവുമായ ശക്തി മാനസിക വിഭ്രാന്തിയില്‍ നിന്നോ പിരിമുറുക്കത്തില്‍ നിന്നോ രക്ഷിക്കുകയില്ല. ആത്മഹത്യാ പ്രവണതയും വിഭ്രാന്തിയുമൊക്കെ അവര്‍ക്കിടയില്‍ സര്‍വ്വസാധാരണമാണ്. ആശുപത്രികളും കൗണ്‍സിലിംഗ് സെന്ററുകളുമൊക്കെ ഇത്തരക്കാരെക്കൊണ്ട് നിബിഡമാണ്. വിശ്വാസദാര്‍ഢ്യമുള്ള, സല്‍കര്‍മ്മങ്ങളനുഷ്ഠിക്കുന്ന മുസ്‌ലിമിന്റെ അവസ്ഥ അങ്ങനെയാകില്ല. അല്ലാഹുവിന്റെ സഹായത്താല്‍ പ്രതീക്ഷയര്‍പ്പിച്ച് അവനോട് സഹായമര്‍ഥിക്കാന്‍ കഴിയുക അവനോട് നന്ദിയുള്ള അവന്റെ അടിമകള്‍ക്ക് മാത്രമാണ്. അവനോട് നന്ദികാണിക്കുക എന്നാല്‍ അവന്റെ കല്‍പനകള്‍ക്കനുസൃതമായി സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ച് ജീവിക്കുക എന്നാണ്. അങ്ങനെയുള്ളവര്‍ക്ക് അല്ലാഹു ഐഹികവും പാരത്രികവുമായ പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ട്. ''പുരുഷനാവട്ടെ, സ്ത്രീയാവട്ടെ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മങ്ങളാചരിക്കുന്നവന് നാം ഈ ലോകത്ത് വിശുദ്ധമായ ജീവിതം പ്രദാനം ചെയ്യുന്നു. (പരലോകത്തില്‍)അവരുടെ ഏറ്റവും ശ്രേഷ്ഠമായ കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിഫലം നല്‍കുകയും ചെയ്യും'' (അന്നഹ്ല്‍ 16:97). ജീവിതത്തില്‍ താന്‍ നേരിടുന്ന പ്രയാസങ്ങള്‍ എല്ലാം അല്ലാഹുവിന്റെ പരീക്ഷണമായി അവര്‍ കാണുന്നു. ''ഭയാശങ്കകള്‍, ക്ഷാമം, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ തീര്‍ച്ചയായും പരീക്ഷിക്കുന്നതാണ്. ഈ സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംബിക്കുകയും ഏതാപത്ത് ബാധിക്കുമ്പോഴും 'ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ, അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും' എന്ന് പറയുകയും ചെയ്യുന്നവരെ സുവാര്‍ത്തയറിയിച്ചുകൊള്ളുക'' (അല്‍ബഖറ 155,156). 

2. ദുരിതങ്ങള്‍ക്ക് പകരമായി പാപങ്ങള്‍ പൊറുക്കപ്പെടും എന്ന വിശ്വാസം

നബി(സ)പറഞ്ഞു: ''ഒരു മുസ്‌ലിമിനു ദുരിതമോ, അസുഖങ്ങളോ ദു:ഖമോ പ്രയാസങ്ങളോ, ഒരു മുള്ളു തറക്കുന്നതു പോലുമോ സംഭവിക്കുന്നില്ല, പകരമായി അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കാതെ''. മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: ''അല്ലാഹു അവന്റെ അടിമക്ക് നന്മ ആഗ്രഹിച്ചാല്‍ അവനെ ഇഹലോകത്ത് തന്നെ ശിക്ഷിക്കുന്നു. അല്ലാഹു അവന്റെ അടിമക്ക് നന്മ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവന്റെ ശിക്ഷ പരലോകത്തേക്ക് നീട്ടിവെക്കുന്നു.''

3. ഇഹലോകത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച തിരിച്ചറിവ്

ഇഹലോകം താല്‍ക്കാലികമാണെന്ന് സത്യവിശ്വാസി മനസ്സിലാക്കുന്നു. അതിലെ ആഡംബരങ്ങളും ആനന്ദങ്ങളും പരിമിതവും അപൂര്‍ണ്ണവുമാണ്. അവ തനിക്ക് ആഹ്ലാദ നിമിത്തമാകുന്നതിനേക്കാള്‍, കരയാന്‍ കാരണമാക്കുന്നവയാണ്. കുറച്ചേ നല്‍കപ്പെടുന്നുള്ളൂ, അധികവും തടഞ്ഞുവെക്കുന്നു. സത്യവിശ്വാസി ഇഹലോകത്ത് ബന്ധനസ്ഥനാണ്. പ്രവാചകന്‍(സ) പറഞ്ഞു: ''ഇഹലോകം സത്യവിശ്വാസിയുടെ തടവറയും സത്യനിഷേധിയുടെ സ്വര്‍ഗവുമാണ്''. ഈ ലോകം തളര്‍ച്ചയും ദുരിതവും വേദനയും പ്രയാസവുമാണ്. ഇഹലോകത്ത് നിന്നുള്ള സത്യവിശ്വാസിയുടെ വിടവാങ്ങല്‍ അവനു ആശ്വാസം നല്‍കുന്നു.

ഒരു ജനാസ കടന്നുപോയപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''അവനിപ്പോള്‍ ആശ്വാസമായി, ജനങ്ങള്‍ക്ക് അവനില്‍നിന്നും ആശ്വാസമായി''. ജനങ്ങള്‍ ചോദിച്ചു: ''അല്ലയോ പ്രവാചകരേ, എങ്ങനെയാണിത് അയാള്‍ക്കാശ്വാസവും മറ്റുള്ളവര്‍ക്ക് അയാളില്‍ നിന്ന് ആശ്വാസവുമാകുന്നത്?'' അവിടുന്ന് പറഞ്ഞു: ''സത്യവിശ്വാസി മരിക്കുമ്പോള്‍ അവനത് ഇഹലോകത്തിലെ ദുരിതങ്ങളില്‍ നിന്നുള്ള മോചനവും അല്ലാഹുവിന്റെ കാരുണ്യത്തിലേക്കുള്ള പ്രയാണവുമാകുന്നു. സത്യനിഷേധി മരിക്കുമ്പോള്‍ ജനങ്ങളും ഭൂമിയും വൃക്ഷങ്ങളും മൃഗങ്ങളും ആശ്വസിക്കുന്നു''

ഐഹിക ജീവിതത്തെക്കുറിച്ചുള്ള ഈ തിരിച്ചറിവ് സത്യവിശ്വാസിയെ ദുരിതങ്ങളും, വേദനയും ദു:ഖവും പ്രയാസങ്ങളും അവധാനതയോടെ സഹിക്കാന്‍ പ്രാപ്തനാക്കുന്നു. അവയൊക്കെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതും സ്വാഭാവികവുമാണെന്ന് അവന്‍ മനസ്സിലാക്കുന്നു.

4. പരലോക ജീവിതത്തെ പരിശ്രമങ്ങളുടെ പ്രധാന ലക്ഷ്യമാക്കുക

ഐഹിക ജീവിതവും അതിനെക്കുറിച്ച മനുഷ്യന്റെ സ്വപ്നങ്ങളും ആശങ്ക സൃഷ്ടിക്കുന്നതും ആശയക്കുഴപ്പത്തിലകപ്പെടുത്തുന്നതുമാണ്. എന്നാല്‍ അല്ലാഹുവിന്റെ അടിമ പരലോകം തന്റെ പ്രധാന ലക്ഷ്യമാക്കുകയാണെങ്കില്‍ അല്ലാഹു അവനെ അതില്‍ കൂടുതല്‍ ശ്രദ്ധയുള്ളവനും നിശ്ചയദാര്‍ഢ്യമുള്ളവനുമാക്കും. അനസ്(റ)നിവേദനം ചെയ്യുന്നു. പ്രവാചകന്‍(സ) പറഞ്ഞു: ''ആര്‍ക്കെങ്കിലും പരലോകമാണ് അവന്റെ എല്ലാ അദ്ധ്വാന പരിശ്രമങ്ങളുടെയും ലക്ഷ്യമെങ്കില്‍, അല്ലാഹു അവന്റെ ഹൃദയത്തെ സമ്പന്നതയും സ്വാതന്ത്ര്യവും കൊണ്ട് നിറക്കും. അവന്‍ ദൃഢചിത്തനും സംതൃപ്തനും സന്തോഷവാനും ആയിരിക്കും. മാത്രമല്ല ഇഹലോകം അവനിലേക്ക് ചെല്ലും. ആരെങ്കിലും ഐഹിക ജീവിതമാണ് അവന്റെ അധ്വാന പരിശ്രമങ്ങളുടെ പ്രധാന ലക്ഷ്യമാക്കുന്നതെങ്കില്‍ അല്ലാഹു അവനില്‍ ദാരിദ്ര്യത്തെക്കുറിച്ച ഭയം നിലനിര്‍ത്തും. ആശങ്കയും അസ്ഥിരതയും അവനിലുണ്ടാകും. ഇഹലോകത്ത് അവന് ഒന്നുമുണ്ടാകില്ല, അല്ലാഹു അവനു വിധിച്ചതല്ലാതെ.''

5. മരണത്തെ ഓര്‍ക്കുക

പ്രവാചകന്‍(സ)പറഞ്ഞു: ''എല്ലാ സന്തോഷങ്ങളെയും തകര്‍ക്കുന്ന ഒന്നിനെ നിങ്ങള്‍ ഓര്‍ക്കൂ. മരണം! വളരെ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തില്‍ മരണത്തെ ഓര്‍ക്കുന്ന ഒരാളുമില്ല, അയാളുടെ അവസ്ഥക്ക് ആശ്വാസമുണ്ടാകാതെ; വളരെ സന്തോഷവാനായിരിക്കുന്ന അവസ്ഥയില്‍ മരണത്തെ ഓര്‍ക്കുന്ന ഒരാളുമില്ല, അയാളുടെ സാഹചര്യം കൂടുതല്‍ വിഷമകരമാകാതെ.''

6. അല്ലാഹുവിനോടുള്ള പ്രാര്‍ഥന

ദുആ വളരെ പ്രയോജനം ചെയ്യുന്നതും സത്യവിശ്വാസിക്ക് സംരക്ഷണം തീര്‍ക്കുന്നതുമാണ്. ഏതു പ്രതിസന്ധിഘട്ടത്തിലും പ്രയാസത്തിലും സത്യവിശ്വാസി അല്ലാഹുവില്‍ അഭയം തേടി സഹായം അര്‍ഥിക്കണം. അനസ്(റ)പറയുന്നു: ''പ്രവാചകന്‍(സ) മദീനയിലായിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന് സേവനം ചെയ്തിരുന്നു. അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു: ''അല്ലാഹുവേ, ശരീരത്തിന്റെ അശക്തിയില്‍ നിന്നും ആലസ്യത്തില്‍ നിന്നും, മനസ്സിന്റെ ആധിയില്‍ നിന്നും വ്യാധിയില്‍ നിന്നും, കടഭാരത്തില്‍ നിന്നും, രോഗങ്ങളില്‍ നിന്നും, പിശുക്കില്‍ നിന്നും, ഭീരുത്വത്തില്‍ നിന്നും, കീഴടക്കപ്പെടുന്നതില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.''

മാനസിക പ്രശ്‌നങ്ങള്‍ വരുന്നത് തടയാന്‍ ഈ പ്രാര്‍ത്ഥന വളരെ ഫലപ്രദമാണ്. ഉണ്ടാകുന്നതിനു മുമ്പ് തടയുക എന്നതാണ് ഏറ്റവും എളുപ്പവും ശരിയും.

ഭാവിയില്‍ എന്ത് സംഭവിക്കും എന്ന് ഒരാള്‍ക്ക് കടുത്ത ആശങ്കയുള്ളപ്പോള്‍ താഴെക്കൊടുക്കുന്ന ദുആ വളരെ ഫലപ്രദമാണ്. നബി(സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. 

''അല്ലാഹുവേ എന്റെ എല്ലാ കാര്യങ്ങളുടെയും ആശ്രയമായ എന്റെ ദീനിനെ നീ എനിക്ക് നന്നാക്കിത്തരേണമേ, എന്റെ ഉപജീവനത്തിന്റെ സ്രോതസ്സായ ദുന്‍യാവിനെ നീ എനിക്ക് നന്നാക്കിത്തരേണമേ, എന്റെ ലക്ഷ്യമായ ആഖിറത്തിനെ എനിക്ക് നീ നന്നാക്കിത്തരേണമേ, എന്റെ ജീവിതത്തെ നന്മ വര്‍ദ്ധിപ്പിക്കുന്നതാക്കേണമേ, എന്റെ മരണത്തെ എല്ലാ തിന്മകളില്‍ നിന്നുമുള്ള മോചനമാക്കേണമേ.''

7. മാനസിക സംഘര്‍ഷവും അമിതമായ ആശങ്കയും ഒഴിവാക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍

തവക്കുല്‍ ചെയ്യുക: ''ആര്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നുവോ അവനു അല്ലാഹു മതിയാകുന്നതാണ്'' (ഖുര്‍ആന്‍ 65:3)

അല്ലാഹു വിധിച്ചതെന്തായാലും അതു നമുക്ക് തടയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ നമ്മുടെ ഭയാശങ്കകളോ സംഘര്‍ഷമോ ഒന്നും നമുക്ക് വന്നുഭവിക്കാന്‍ പോകുന്നതില്‍ ഒരു മാറ്റവും വരുത്തില്ല. അവനോടുള്ള പ്രാര്‍ഥനയും അവനില്‍ കാര്യങ്ങള്‍ തവക്കുല്‍ ചെയ്യുകയുമാണ് ശരിയായ രീതി. അവന്റെ വിധിയെന്തായാലും അതില്‍ സംതൃപ്തരാകുക. അല്ലാഹു അവനില്‍ തവക്കുല്‍ ചെയ്യുന്നവരെ സ്‌നേഹിക്കുന്നു. 

ഗുണകരമായവയില്‍ മാത്രം വ്യാപൃതരാവുക. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. ഇന്നിന്റെ പ്രശ്‌നങ്ങളില്‍ മാത്രം ഊന്നുക, നാളെ എന്തു സംഭവിക്കുമെന്ന് ആലോചിച്ച് വിഷമിക്കാതിരിക്കുക, കഴിഞ്ഞുപോയവയെക്കുറിച്ച് പരിഭവിക്കാതിരിക്കുക.

അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ എപ്പോഴും നിലനിര്‍ത്തുക. ''നിശ്ചയം അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ ഹൃദയങ്ങള്‍ക്ക് ശാന്തിയാകുന്നു'' (13:28).

നമസ്‌കാരത്തില്‍ അഭയം തേടല്‍. ''നമസ്‌കാരത്തിലൂടെയും ക്ഷമയിലൂടെയും അല്ലാഹുവിന്റെ സഹായം തേടുക'' (2:45).

അല്ലാഹുവിന്റെ മാര്‍ഗത്തിലെ ത്യാഗപരിശ്രമങ്ങള്‍. നബി(സ)പറഞ്ഞു: ''നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുക. അത് സ്വര്‍ഗ കവാടങ്ങളില്‍ ഒന്നാണ്. അതിലൂടെ അല്ലാഹു നിങ്ങളുടെ ഭയാശങ്കകള്‍ ദൂരീകരിക്കുന്നു.''

ജീവിതത്തിന്റെ യഥാര്‍ത്ഥ മൂല്യവും അതിന്റെ തുച്ഛമായ ദൈര്‍ഘ്യവും മനസ്സിലാക്കി, വിലപ്പെട്ട സമയം മാനസിക സംഘര്‍ഷത്തിലും ആശങ്കയിലുമായി പാഴാക്കാതിരിക്കുക.

അപ്പപ്പോള്‍ ചെയ്യാനുള്ളവ ചെയ്തു തീര്‍ക്കുക. നീട്ടിവെച്ച് ജോലിഭാരം വര്‍ധിപ്പിക്കാതിരിക്കുക.

എപ്പോഴും അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക, എന്തിനെയും നേരിടാന്‍ തയ്യാറായിരിക്കുക.

അറിവുള്ളവരുടെയും ആത്മമിത്രങ്ങളുടെയും സഹായവും ഉപദേശവും തേടുക.

എല്ലാ ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കുമൊടുവില്‍ ആശ്വാസമുണ്ടെന്ന് അറിയുക. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /18
എ.വൈ.ആര്‍