Prabodhanm Weekly

Pages

Search

2015 മെയ്‌ 08

ആശാവഹമായിരുന്നു ജയ്പൂര്‍ സമ്മേളനം

അബ്ദുശ്ശുക്കൂര്‍ അല്‍ ഖാസിമി

ആശാവഹമായിരുന്നു 
ജയ്പൂര്‍ സമ്മേളനം

പ്രബോധനം മുഖക്കുറിപ്പില്‍ (ലക്കം 2897) ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ജയ്പൂര്‍ സമ്മേളനത്തെക്കുറിച്ച് 'വെറും പ്രഖ്യാപനങ്ങള്‍ മാത്രം നടന്നതും സരേഷ് വാലയിലൂടെ പ്രസിദ്ധമായതും' എന്ന് ആരോപിച്ചിരുന്നു. ബോര്‍ഡിന്റെ പ്രധാനഭാഗമായ ഒരു പ്രസ്ഥാനത്തിന്റെ മുഖപത്രം മുഖക്കുറിപ്പില്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത് അത്യന്തം വേദനാജനകമാണ്. കേരളീയ പത്രങ്ങളുടെ വെളിച്ചത്തില്‍ എഴുതിയതായിരിക്കുമെന്ന് കരുതുന്നു. ജമാഅത്ത് ദേശീയ സെക്രട്ടറി മൗലാനാ നുസ്‌റത്ത് മുഖ്യസംഘാടകനും എസ്.ഐ.ഒ യുവാക്കള്‍ സേവകരുമായ ജയ്പൂര്‍ സമ്മേളനം യഥാര്‍ഥത്തില്‍ ഇതര സമ്മേളനങ്ങളെക്കാള്‍ ആശാവഹവും പങ്കാളിത്തം നിറഞ്ഞതുമായിരുന്നു എന്നാണ് ആദ്യന്തം പങ്കെടുത്ത ഈ വിനീതന്റെ അനുമാനം. 

ബോര്‍ഡ് ഒന്നും ചെയ്യുന്നില്ല എന്ന ആരോപണം തെറ്റാണ്. ബോര്‍ഡിന്റെ ലക്ഷ്യമായ വ്യക്തിനിയമങ്ങളുടെ സംരക്ഷണത്തിനും പ്രചാരണത്തിനും ബോര്‍ഡ് ധാരാളം പരിശ്രമങ്ങള്‍ നടത്തി. വഖ്ഫ് ബില്‍ അതിനൊരു ഉദാഹരണം മാത്രം. കേരളത്തിലെ ചില കുബുദ്ധികള്‍ ഇസ്‌ലാമിക ദായക്രമത്തിന് എതിരില്‍ നടത്തുന്ന കേസിനെ നേരിടുന്നത് ബോര്‍ഡാണ്. കൂടാതെ ബോര്‍ഡിന്റെ അജണ്ടയില്‍ പെടാത്ത വിഷയങ്ങളിലും സമുദായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബോര്‍ഡ് പിന്തുണ നല്‍കുന്നുമുണ്ട്. മൂന്ന് കാര്യങ്ങള്‍ നാം പ്രത്യേകം മനസ്സിലാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഒന്ന്, ബോര്‍ഡിന്റെ പ്രവര്‍ത്തന മേഖല ശരീഅത്ത് ആക്റ്റ് അനുവദിച്ചിട്ടുള്ള ഇസ്‌ലാമിക ശരീഅത്തിന്റെ സംരക്ഷണവും പ്രചാരണവുമാണ്. രണ്ട്, ബോര്‍ഡ് സമുദായത്തിന്റെ പൊതുവേദിയാണ്. ഇതിന്റെ കെട്ടുറപ്പിന് വിശാല മനസ്‌കതയും സുക്ഷ്മതയും വളരെ അത്യാവശ്യമാണ്. മൂന്ന്,ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നാല് കാര്യങ്ങളാണ്. 1. ശരീഅത്ത് നിയമങ്ങള്‍ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ ദൂരികരിച്ചു കൊടുക്കുക. 2. ശരീഅത്ത് പഠിക്കാനും പാലിക്കാനും സമുദായത്തെ പ്രേരിപ്പിക്കുക. 3. ശരീഅത്തിന്നെതിരാവുന്ന നീക്കങ്ങളെ നേരിടുക. 4. ദാറുല്‍ഖദാ (പ്രശ്‌നപരിഹാര സമിതി) സജീവമാക്കുക. ഇതില്‍ ആദ്യത്തെ രണ്ട് കാര്യങ്ങള്‍ ബോര്‍ഡ് ചെയ്യുന്നതിനോടൊപ്പം സമുദായത്തിലെ ഇതര സംഘടനകളും സ്ഥാപനങ്ങളും മഹല്ലുകളും ചെയ്യേണ്ടതു കൂടിയാണ്. മൂന്നാമത്തെ കാര്യത്തിന് സമുദായം പിന്തുണ നല്‍കേണ്ടതാണ്. നാലാമത്തെ കാര്യത്തില്‍ സമവായം ഉണ്ടാക്കിയോ, വേറെ വേറെയായിട്ടോ പരിശ്രമിക്കേണ്ടതാണ്. ഇക്കാര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് വിനയപുരസ്സരം അഭ്യര്‍ഥിക്കുന്നു.

സരേഷ് വാലാ സംഭവം പത്രങ്ങള്‍ ബഹളമാക്കിയതല്ലാതെ ഒരു സംഭവമേ അല്ലായിരുന്നു. തൊട്ട് മുമ്പ് പറഞ്ഞ വിഷയങ്ങളെക്കുറിച്ച് ചൂട് പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ വിശാലമായ പന്തലില്‍ ഇയാള്‍ കയറി ഇരുന്നു. ഇത് മനസ്സിലാക്കിയ ചിലര്‍ അധ്യക്ഷനെ വിവരം അറിയിച്ചു. ഉടനെ കുറെ ആളുകള്‍ എഴുന്നേറ്റ് പോയി. കൂട്ടത്തില്‍ ഇയാളും പോയി. ഇത് കണ്ട അസദുദ്ദീന്‍ ഉവൈസി, 'ഞങ്ങളെ വിഡ്ഢികള്‍ എന്ന് വിളിച്ചയാള്‍ ഇവിടെ ഇരുന്നതെന്തിനാണെ'ന്ന് ഇടയില്‍ കയറി ചോദിച്ചു. 'അയാളെ ആരും വിളിച്ചിട്ടില്ല' എന്ന് മറുപടി നല്‍കപ്പെട്ടു. യോഗം മുന്നോട്ട് നീങ്ങി. അടുത്ത ദിവസം തന്നെ സരേഷ് വാല ക്ഷമാപണം നടത്തിക്കൊണ്ടുള്ള തുറന്ന കത്ത് അധ്യക്ഷന് നല്‍കുകയും ചെയ്തു.

ചുരുക്കത്തില്‍ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ചരിത്രത്തിന്റെ പ്രധാന ഘട്ടത്തില്‍ പ്രയാണം തുടരുകയാണ്. ഇതിന് എല്ലാ വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയും സഹകരണവും അത്യാവശ്യമാണ്. എല്ലാവരും ഈ മഹാ പ്രസ്ഥാനത്തിന്റെ പ്രധാന അംഗങ്ങളുമാണ്. ഇതിന്റെ വിജയം നാം എല്ലാവരുടെയും വിജയമാണ്. സര്‍വോപരി, ഈ മഹാ രാജ്യത്തില്‍ ഇസ്‌ലാമിക സംരക്ഷണത്തിന്റെയും പ്രചാരണത്തിന്റെയും വിജയകരമായ മുന്നേറ്റവുമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.

അബ്ദുശ്ശുക്കൂര്‍ അല്‍ ഖാസിമി (വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, 

ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്)

ഒഴിവുകാലത്ത് മക്കളല്‍പം സ്വാതന്ത്ര്യം ശ്വസിക്കട്ടെ

കാലിക പ്രസക്തിയുള്ള, ചിന്തോദ്ദീപകമായ ഒരു ചോദ്യമായിരുന്നു റസിയ ചാലക്കലിന്റെ 'ഒഴിവുകാലത്ത് നമ്മുടെ മക്കള്‍ക്ക് ഒഴിവ് കിട്ടാറുണ്ടോ?' എന്ന ലേഖനം (ലക്കം 2896) നമ്മോട് ചോദിച്ചത്. അവധിക്കാലമായാലും മക്കള്‍ക്ക് അല്‍പം അവധി കൊടുക്കാന്‍ കാരണവന്മാരായ നാം അനുവദിക്കാറില്ല. എപ്പോഴും മക്കളോട് പഠിക്കാനാണ് പറയാറ്. 

കളിക്കാനും കൂട്ടുകാരൊത്ത് ആടിപ്പാടി രസിക്കാനും സമ്മതിക്കാതെ പഠന കേന്ദ്രത്തിലേക്ക് ഉന്തിത്തള്ളുകയാണ് പതിവ്. മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ ഡോക്ടറാവണം, എഞ്ചിനീയറാവണം. ഇതില്‍ കുറഞ്ഞൊരു ചിന്തയുമില്ല. മാതാപിതാക്കളുടെ കണ്ണ് അയലത്തെ വീട്ടിലേക്കാണ്. അവിടത്തെ കുട്ടി ഡോക്ടറാവാനോ എഞ്ചിനീയറാവാനോ പഠിക്കുന്നുണ്ടെങ്കില്‍ തങ്ങളുടെ കുട്ടി മോശമാവരുതല്ലോ! 

പഠിക്കാന്‍ കഴിവോ ബുദ്ധിയോ ഇല്ലെങ്കില്‍ തല്ലിപ്പഠിപ്പിക്കും. ഒഴിവു കാലത്തും കളിവഞ്ചി തുഴയാനോ നീന്തിക്കളിക്കാനോ കിളി കളിക്കാനോ സമ്മതിക്കാതെ പിറകെ നടന്ന് 'പഠിക്ക് പഠിക്ക്' എന്ന് പറഞ്ഞ് ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. പിന്നെ എപ്പോഴാണ് ഈ കുട്ടികള്‍ക്ക് കളിച്ചു രസിക്കാന്‍ സമയം കിട്ടുക?

കുട്ടികളുടെ ബുദ്ധിക്കപ്പുറത്താണ് മാതാപിതാക്കളുടെ സ്വപ്നം. മക്കളുടെ അഭിരുചിക്കനുസരിച്ച വിദ്യാഭ്യാസമാണ് അവര്‍ക്ക് കൊടുക്കേണ്ടത്. അതിന് മാതാപിതാക്കള്‍ തയാറല്ല. അതിനുള്ള മനസ്സ് മാതാപിതാക്കള്‍ക്കുണ്ടാവണം. ഒഴിവുകാലത്ത് അവര്‍ കളിക്കട്ടെ. അങ്ങനെ മനസ്സ് വികസിക്കട്ടെ. കുട്ടികളോട് പഠിക്കാന്‍ പറഞ്ഞിട്ട് മാതാപിതാക്കള്‍ ടി.വിയില്‍ മുഴുകുമ്പോള്‍ അവരുടെ ശ്രദ്ധ പഠനത്തിലാവില്ല. ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്.

അഗസ്റ്റിന്‍ ചെങ്ങമനാട്

മുത്തനൂര്‍ പള്ളിക്കേസും ഖാദിയാനികളും

2015 മാര്‍ച്ച് 27-ന്റെ ലക്കത്തിലെ മുജീബിന്റെ ചോദ്യോത്തര പംക്തിയിലെ 'ഖാദിയാനികളെ അമുസ്‌ലിംകളായി പ്രഖ്യാപിച്ചതിന്റെ ക്രെഡിറ്റ്' എന്ന മറുപടിയില്‍ ചെറിയ പിശക് വന്നിട്ടുണ്ട്. ''തൃപ്പനച്ചിക്കടുത്ത മുത്തനൂരില്‍ മരണപ്പെട്ട ഖാദിയാനിയെ മുസ്‌ലിം ശ്മശാനത്തില്‍ ഖബ്‌റടക്കാന്‍ മഹല്ല് വിസമ്മതിച്ചത്... ''എന്ന പരാമര്‍ശം തെറ്റാണ്. 1954-ല്‍ മുജാഹിദ് ആശയക്കാരനായ മൊയ്തീന്‍ കുട്ടി മൊല്ല മരിച്ചപ്പോഴാണ് യാഥാസ്ഥിതികര്‍ ഖബ്‌റടക്കാന്‍ വിസമ്മതിച്ചത്. ചോദ്യത്തിലുദ്ധരിച്ച രിസാല വാരികയിലും ഖാദിയാനി എന്ന കാരണത്താല്‍ ഖബ്‌റടക്കാന്‍ വിസമ്മതിച്ചു എന്നാണ് തെറ്റായി എഴുതിയിരിക്കുന്നത്. മുജാഹിദ് ആശയക്കാര്‍ക്ക് സുന്നി പള്ളികളിലെ ഖബ്‌റിസ്ഥാന്‍ വിലക്കണമെന്നാവശ്യപ്പെട്ട് ഈ സംഭവത്തിനു ശേഷം യാഥാസ്ഥിതികര്‍ മഞ്ചേരി മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ആ അന്യായത്തില്‍ എതിര്‍ വിഭാഗത്തെ 'വഹാബിയ്യ ഖാദിയാനിയ്യ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മുജാഹിദ് പക്ഷത്തുനിന്ന് 10 പേരെയും ഒരു ഖാദിയാനിയെയുമാണ് പ്രതിചേര്‍ത്തിരുന്നത്. ഏറെ നാളത്തെ വാദം കേട്ട ശേഷം കോടതി ചെലവു സഹിതം അന്യായം തള്ളുകയായിരുന്നു. 1998-ല്‍ ഇറങ്ങിയ പ്രബോധനം നവോത്ഥാന സ്‌പെഷ്യല്‍ പതിപ്പില്‍ 'മുത്തനൂര്‍ പള്ളിക്കേസ്' എന്ന തലക്കെട്ടില്‍ ഈ ചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

ടി.പി ബഷീറുദ്ദീന്‍ തൃപ്പനച്ചി

മനുഷ്യ ജീവന് ഒരു വിലയുമില്ലെന്നോ?

ബംഗ്ലാദേശിലും ഈജിപ്തിലും നിലവിലുള്ള ഭരണകൂടങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ വധശിക്ഷക്ക് വിധേയമാക്കുന്ന ക്രൂരത ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ലോക മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് നടത്തുന്ന വധശിക്ഷകള്‍ മനുഷ്യത്വത്തിനു തന്നെ എതിരാണ്. മനുഷ്യ ജീവന് യാതൊരു വിലയും ഇല്ലാതായിരിക്കുന്നു.

അബ്ദുല്‍ മലിക് മുടിക്കല്‍

യുദ്ധങ്ങളില്ലാത്ത സ്വസ്ഥതയുടെ കാലം

യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല.യുദ്ധത്തിലൂടെ പലതും വെട്ടിപ്പിടിക്കാനും നേടിയെടുക്കാനും കുല്‍സിത ശ്രമങ്ങള്‍ നടത്തി രാജ്യത്തെ അരാജകത്വത്തിന്റെ പാതയിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണ് പല രാജ്യങ്ങളും. സിറിയ കഴിഞ്ഞ അഞ്ചുവര്‍ഷമായി യുദ്ധത്തിന്റെ കെടുതിയിലൂടെയാണ് സഞ്ചരിക്കുന്നത്. അറേബ്യന്‍ നാടുകളില്‍ അശാന്തി വിതറിക്കൊണ്ട് യമനും മല്‍സരിക്കുകയാണ്. പുതിയ കാഴ്ചപ്പാടുകള്‍ ജനകീയ പോരാട്ടങ്ങള്‍ക്ക് കളമൊരുക്കിയപ്പോഴും ദുരിതങ്ങള്‍ തോരാതെ സിറിയയും യമനും ഒരേ തുലാസിന്റെ തട്ടില്‍ നില്‍ക്കുകയാണ്. എന്നാല്‍ പല രാജ്യങ്ങളും യുദ്ധത്തിലൂടെ ആധിപത്യം നേടാനാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇനിയൊരു യുദ്ധം വേണ്ട എന്നുറക്കെ പ്രഖ്യാപിക്കാനുള്ള സാഹചര്യം നിലനില്‍ക്കണം. നാനാ രാജ്യങ്ങളിലും പല മത വിഭാഗങ്ങളില്‍ പെട്ടവരുണ്ട്. ഏവരും ചേര്‍ന്ന് യുദ്ധത്തിന്നെതിരെ ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ട്.  പ്രതിരോധത്തിന്റെ മാര്‍ഗം സ്വീകരിച്ചുകൊണ്ട് യുദ്ധത്തെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാന്‍ ശ്രമിക്കുകയും വേണം.

ആചാരി തിരുവത്ര

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /18
എ.വൈ.ആര്‍