Prabodhanm Weekly

Pages

Search

2015 മെയ്‌ 08

മതത്തിന്റെ ശാസ്ത്രീയ ജീവിതവീക്ഷണം അഥവാ അതിന്റെ തത്വചിന്തയും ഡയലക്റ്റിക്‌സും

മുഹമ്മദ് ശമീം /ലേഖനം

മതവും ശാസ്ത്രവും വിരുദ്ധമെന്ന് വാദിക്കാന്‍ യുക്തിവാദികള്‍ക്കെന്ത് ന്യായം?-2

ജീവിതത്തിലെ വൈരുധ്യങ്ങളോടുള്ള മതത്തിന്റെ സമീപനത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, ഈ വൈരുധ്യങ്ങളുടെ കാര്യത്തില്‍ ശരിക്കും ഒരു ഡയലക്ടിസിസം മതചിന്തകളില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. പ്രത്യക്ഷത്തില്‍ പരസ്പര വിരുദ്ധമായിരിക്കുന്ന ചിന്തയുടെയും ജീവിതത്തിന്റെയും ദ്വന്ദ്വങ്ങളെ മതം സമന്വയിപ്പിക്കുന്നു. ഈ സമന്വയത്തിന് സൊരാഷ്ട്രയും അദ്ദേഹത്തിന്റെ വേദമായ അവെസ്തയും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. സോക്രട്ടീസിന്റെ ദര്‍ശനത്തിലും ഇതു കാണാം. ശ്രീ ബുദ്ധനും തന്റെ ജീവിതത്തെയും ചിന്തയെയും ഇതേ സമന്വയത്തിന്റെ പ്രയോഗമാക്കി മാറ്റുന്നു. ബുദ്ധന്‍ ഇന്ദ്രിയലോലുപതയുടെ ഭോഗമാര്‍ഗത്തെയും ഇന്ദ്രിയനിഗ്രഹത്തിന്റെ വൈരാഗ്യമാര്‍ഗത്തെയും ഒരുപോലെ തള്ളിക്കളഞ്ഞു. ഈ ലോകത്ത് മനുഷ്യന് ചില ഉത്തരവാദിത്തങ്ങളുണ്ട്. ഈ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും അത് നിര്‍വഹിക്കാന്‍ മനുഷ്യനെ സന്നദ്ധനാക്കലുമാണ് ബുദ്ധനിയോഗത്തിന്റെ ലക്ഷ്യം. ഈ ഉത്തരവാദിത്തങ്ങളെ ഖുര്‍ആന്‍ അംറുന്‍ ബില്‍ മഅ്‌റൂഫി വ നഹിയുന്‍ അനില്‍ മുന്‍കര്‍ എന്ന് വിവരിക്കുന്നു. അതായത്, ലോകത്ത് നന്മകളും പുണ്യങ്ങളും സ്ഥാപിക്കലും നിലനിര്‍ത്തലും, ലോകത്തെ നശിപ്പിക്കുന്ന തിന്മകളെ ഉച്ചാടനം ചെയ്യലും. ഇതിനായി ഭോഗമാര്‍ഗവും വൈരാഗ്യമാര്‍ഗവും വെടിഞ്ഞ് രണ്ടിന്റെയും ഇടയിലുള്ള മധ്യമാര്‍ഗത്തെ അവലംബിക്കാന്‍ ബുദ്ധന്‍ ഉപദേശിച്ചു. കങ് ഫ്യു ചിസ് കുറേക്കൂടി കൃത്യമായ ദാര്‍ശനിക നിലപാടിലേക്ക് ഇതിനെ കൊണ്ടുവന്നു. അദ്ദേഹം ഇതിനെ ഷോങ് യോങ് എന്നു വിളിച്ചു. ഷോങ് യോങ് ആണ് ഏറ്റവും ഉന്നതമായ മൂല്യം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. The Doctrine of the Mean എന്നാണ് ഷോങ് യോങ് എന്നതിന്റെ അര്‍ഥം. വിശുദ്ധ ഖുര്‍ആന്‍ അതിന്റെ അനുഗന്താക്കളുടെ സമൂഹത്തെ ഉമ്മതുന്‍ വസത്വ് എന്നു വിളിക്കുന്നുണ്ട്. ചിന്തയിലും നിലപാടുകളിലും വ്യവഹാരങ്ങളിലും മധ്യമ നില സ്വീകരിക്കുന്ന ജനത എന്നാണ് ഇതിന്റെ അര്‍ഥം. മധ്യമം അഥവാ വിരുദ്ധ ധ്രുവങ്ങളുടെ സംയോജനം എന്നതാണ് ഇതിലെ വസത്വിയ്യ എന്ന പ്രയോഗം കൊണ്ട് അര്‍ഥമാക്കുന്നത്. മതദര്‍ശനങ്ങള്‍ പൊതുവെ, ഇസ്‌ലാം പ്രത്യേകിച്ചും അതിന്റെ അധ്യാപനങ്ങളിലൂടെയും പ്രയോഗങ്ങളിലൂടെയും ഇത് കാണിച്ചു തന്നിട്ടുമുണ്ട്. ഇന്ദ്രിയലോലുപതയില്‍ നിന്ന് മുക്തി നേടുന്നതിനു വേണ്ടി ആഹ്വാനം ചെയ്യുന്ന അതേ ശക്തിയില്‍ത്തന്നെ ഇസ്‌ലാം ഇന്ദ്രിയനിഗ്രഹത്തെ നിരാകരിക്കുകയും ചെയ്യുന്നു. തത്ത്വചിന്തയില്‍ പദാര്‍ഥത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്ന മായാവാദത്തിലും മനസ്സാണ് എല്ലാം നിര്‍മിക്കുന്നതെന്നും മനസ്സല്ലാത്ത ഒന്നും നിലനില്‍ക്കുന്നില്ലെന്നും ആത്യന്തികമായ യാഥാര്‍ഥ്യം ശൂന്യതയാണെന്നുമൊക്കെയുള്ള തത്ത്വങ്ങള്‍ മുന്നോട്ടുവെക്കുന്ന ശൂന്യതാവാദത്തിലും മറ്റും അധിഷ്ഠിതമായ ശുദ്ധ ആത്മീയവാദത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. അതേസമയം ആത്മാവിനെയും ആത്മീയതയെയും തള്ളിക്കളയുന്ന കേവല പദാര്‍ഥവാദത്തെയും അത് നിരാകരിക്കുന്നു. ഭൗതികലോകത്തിന്റെ ഉണ്മയെ പൂര്‍ണമായും അംഗീകരിക്കുന്ന ഇസ്‌ലാം ഒപ്പം തന്നെ അതിനപ്പുറമുള്ള ആത്മാവിനെയും പരാമര്‍ശിക്കുന്നു. മനുഷ്യനെ മണ്ണു കൊണ്ടാണ് പടച്ചത് എന്ന് ഖുര്‍ആന്‍ പറയുന്നു. അതായത് മനുഷ്യന് ഭൗതികമായ ഒരു സത്തയുണ്ട്. എന്നാല്‍, മണ്ണു കൊണ്ട് നിര്‍മിക്കപ്പെട്ട മനുഷ്യനിലേക്ക് റൂഹ് (ആത്മാവ്) സന്നിവേശിക്കപ്പെട്ടു. അതോടൊപ്പം തന്നെ, ശരീരം ആത്മാവിന്റെ തടവറയല്ല. മറിച്ച് ആത്മാവ് ശരീരത്തിന്റെയും ശരീരം ആത്മാവിന്റെയും ഗേഹമാകുന്നു. ഇത് ലോകത്തെയും ജീവിതത്തെയും സംബന്ധിച്ച വളരെ ശാസ്ത്രീയമായ ഒരു നിലപാടാകുന്നു. അതുപോലെത്തന്നെ ജീവാത്മ-പരമാത്മ ബന്ധങ്ങളെക്കുറിച്ച ആഖ്യാനത്തില്‍ ഇസ്‌ലാമിന്റെ നിലപാട് അദൈ്വതമോ ദൈ്വതമോ അല്ല.

ഇനി വിശ്വാസങ്ങളുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളെടുത്താലും ഇത് ബോധ്യപ്പെടും. ഉദാഹരണത്തിന് വിധിവിശ്വാസം. മനുഷ്യന്‍ കേവലം വിധിയുടെ അടിമ മാത്രമാണെന്ന, കേവലവും യാന്ത്രികവുമായ വിധി സങ്കല്‍പം മതത്തിലില്ല. വിധിയെപ്പറ്റി പറയുന്ന അതേ ശക്തിയില്‍ വേദപുസ്തകം മനുഷ്യന്റെ സ്വതന്ത്ര ഇഛാശക്തിയെയും പരാമര്‍ശിക്കുന്നുണ്ട്. രണ്ടിന്റെയും ഇടയിലാണ് യാഥാര്‍ഥ്യം. അതായത് ഇവ തമ്മിലുള്ള വൈരുധ്യങ്ങളെ മതം പരിഹരിക്കുന്നു. ഇത്തരം കാര്യങ്ങളിലെല്ലാം മതത്തില്‍ നില കൊള്ളുന്നവര്‍ തന്നെ ആത്യന്തികനിലപാട് സ്വീകരിക്കുകയും ചിന്താക്കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട് എന്നത്  മറക്കുന്നില്ല. കേവല വിധിവാദത്തെ അംഗീകരിച്ചു കൊണ്ട് മുസ്‌ലിംകള്‍ക്കിടയില്‍ത്തന്നെ ജബരിയ്യ എന്ന ഒരു ചിന്താപ്രസ്ഥാനം ഉടലെടുത്തിരുന്നു. അവരുടെ അഭിപ്രായത്തില്‍ മനുഷ്യന് യാതൊരു കര്‍മസ്വാതന്ത്ര്യവുമില്ല. എല്ലാം വിധി മാത്രമാണ്. തെരഞ്ഞെടുക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യമില്ലെന്നു തന്നെയാണ് സെന്റ് അഗസ്റ്റിനും വിശ്വസിച്ചിരുന്നത്. മനുഷ്യന്റെ രക്ഷാശിക്ഷകള്‍ പോലും നിര്‍ണിതമാണ്. എന്നാല്‍, ജബരിയ്യാക്കളുടെയും അഗസ്റ്റിന്റെയും വിധിസിദ്ധാന്തത്തിന് (Determinism) ഖുര്‍ആന്റെയോ ബൈബിളിന്റെയോ പിന്‍ബലമില്ല. ജീവിതത്തിലേക്കു കടന്നാല്‍, പ്രണയവും വിവാഹവും തമ്മിലും കാമവും വൈരാഗ്യവും തമ്മിലും സ്വത്വവൈവിധ്യങ്ങളും മാനവികൈക്യവും തമ്മിലും സ്വകാര്യസ്വത്തും സാമൂഹികോടമസ്ഥതയും തമ്മിലുമൊക്കെയുള്ള വൈരുധ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം മത തത്ത്വങ്ങളില്‍ പ്രവര്‍ത്തനക്ഷമമാണ്. ഇങ്ങനെ തുടങ്ങി, ഇവിടെ നിന്നു മുകളിലോട്ട് ഏതു വിഷയമെടുത്താലും ജീവിതത്തിലെ ദ്വന്ദ്വങ്ങളുടെ കാര്യത്തില്‍ തികച്ചും ഡയലക്ടിക്കലായ സമീപനമാണ് മതത്തിനുള്ളത്. ഇതെല്ലാം തന്നെ മനുഷ്യന്റെ ജ്ഞാനത്തെയും വികാസത്തെയും നിഷേധിക്കാത്ത, ശാസ്ത്രീയമായ ജീവിതരീതിയെക്കുറിച്ച അധ്യാപനങ്ങളാകുന്നു. ഇത്തരം സമീപനങ്ങളെ തീര്‍ത്തും അവഗണിച്ചു കൊണ്ടല്ലാതെ വേദഗ്രന്ഥം അശാസ്ത്രീയമാണ് എന്ന തീര്‍പ്പില്‍ ചെന്നെത്താന്‍ ഒരാള്‍ക്കും പറ്റില്ല. 

അതേസമയം ഇക്കാര്യങ്ങളെല്ലാം പാടെ അവഗണിച്ചുകൊണ്ട് മുന്‍വിധിയോടു കൂടി മതത്തിന്റെയും വേദത്തിന്റെയും അധ്യാപനങ്ങളെ സമീപിക്കുന്ന ഒരു രീതിയാണ് മതവിമര്‍ശകന്മാര്‍ അവലംബിച്ചു കാണുന്നത്. ദൗര്‍ഭാഗ്യവശാല്‍, ആധുനികശാസ്ത്രം തന്നെയും ഇത്തരം മുന്‍വിധികളില്‍ നിന്ന് മുക്തമല്ല. ശാസ്ത്രം നിരപേക്ഷമായി വളര്‍ന്നുവന്ന ഒന്നാണെന്ന് കരുതുക സാധ്യമല്ല. അതേസമയം ആധുനികശാസ്ത്രവും മതവും തീര്‍ത്തും വിരുദ്ധമാണെന്ന് മതവിമര്‍ശകന്മാര്‍ പറയുമ്പോള്‍, ആ വാദം സ്ഥാപിക്കുന്നതിനായി മുന്നോട്ടു വെക്കപ്പെടുന്ന വാദങ്ങളും സ്വീകരിക്കുന്ന മാനദണ്ഡങ്ങളും തീര്‍ത്തും അബദ്ധങ്ങളാണ്. ഒന്നാമതായും ആധുനികശാസ്ത്രം എന്നു വെച്ചാല്‍ ഖണ്ഡിതമായ ഒരു തീര്‍പ്പല്ല. മറ്റൊന്ന്, പലപ്പോഴും ഇസ്‌ലാമിന് ആധുനികശാസ്ത്രത്തോടുള്ള സമീപനത്തെ വിവരിക്കുന്നതിന് ഉപയോഗിക്കപ്പെടാറുള്ളത് വളരെ പഴയ കാലത്തെ തഫ്‌സീറുകളാണ്. ആധുനികശാസ്ത്രം എന്നത് ഒരു ചര്‍ച്ചാവിഷയമായിത്തീര്‍ന്നതിനു ശേഷം ഇതേ സംബന്ധിച്ച് ഇസ്‌ലാമിക ചിന്തകന്മാര്‍ കൈക്കൊണ്ടിട്ടുള്ള നിലപാടുകളെയും പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളെയുമാണ് ശരിക്കും പരിശോധിക്കേണ്ടത്.

ആധുനികശാസ്ത്രത്തിന്റെ ആരംഭകാലത്ത് അതിന്റെ പ്രത്യയശാസ്ത്രപരമായ മുഖമൊന്നും പ്രകടമായിരുന്നില്ല. ആ സമയത്ത് ശാസ്ത്ര സംബന്ധിയായ കാര്യങ്ങളെ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്തിരുന്നത് ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു തുടങ്ങിയ പണ്ഡിതന്മാരും ചിന്തകന്മാരുമാണ്. ഇവരുടെ നിരീക്ഷണങ്ങളുടെയും ചിന്തകളുടെയും സ്വാധീനം സര്‍ സയ്യിദ് അഹ്മദ് ഖാന്‍ വരെ ചെന്നെത്തുന്നുണ്ട്. ശാസ്ത്രം സംസ്‌കാരത്തെ അതിവര്‍ത്തിക്കുന്ന ഒന്നാണ്, അതിന് പ്രത്യയശാസ്ത്രബന്ധമില്ല എന്നായിരുന്നു അവര്‍ മനസ്സിലാക്കിയിരുന്നത്. പ്രകൃതിയെക്കുറിച്ച പഠനങ്ങളും ജീവിതം സുഗമമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും മാത്രമാണ് ശാസ്ത്രത്തില്‍ ഉള്ളടങ്ങുന്നത്. ആ നിലക്ക് ശാസ്ത്രത്തെ പൂര്‍ണമായും സ്വീകരിക്കണമെന്ന നിലപാടാണ് അഫ്ഗാനിയും മറ്റും കൈക്കൊണ്ടത്. ഒരു ചിന്തയും നിലപാടുമായി ഇത് ഇപ്രകാരം മുന്നോട്ടു വെക്കപ്പെട്ടിരുന്നെങ്കിലും ഇതിനെ രാഷ്ട്രീയത്തിലേക്കും സാമൂഹികജീവിതത്തിലേക്കും കൊണ്ടുവന്നത് തുര്‍ക്കിയിലെ മുസ്ത്വഫാ കമാല്‍ അത്താത്തുര്‍ക്ക് ആയിരുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട എന്തിനെയും വിവേചനരഹിതമായി താന്‍ തന്റെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യും എന്നാണ് അത്താത്തുര്‍ക്ക് പറഞ്ഞത്. ഒപ്പം അതിനെതിരായ സകല വര്‍ത്തമാനങ്ങളെയും നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ ഏകാധിപത്യത്തിന്റേതായ ഒരു നിലപാട് ഇക്കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ചു. സത്യത്തില്‍ ആധുനിക ശാസ്ത്രത്തിനും ആധുനിക യുക്തിക്കും ഇതേ സ്വഭാവത്തില്‍ ഒരു ഏകാധിപത്യ നിലപാടുണ്ട്. ജനാധിപത്യത്തിന്റെ വികാസം ആധുനികതയുടെ കാലത്ത് തന്നെ സംഭവിച്ചതാണെങ്കിലും ആധുനികത സ്വയം ഒട്ടും ജനാധിപത്യപരമായിരുന്നില്ല. ശരിയെക്കുറിച്ച ഏകമുഖ നിലപാട് അത് മുന്നോട്ടുവെച്ചു. അത് മാത്രമേ ശരിയാകാന്‍ പാടുള്ളൂ എന്ന് വാദിക്കുകയും ചെയ്തു. അതിനെ അതേപടി ഇറക്കുമതി ചെയ്ത് ആധുനികതയുടെ ഒരു പ്രതീകമായി തുര്‍ക്കി മാറിയതോടെ, ഇതേ ജനാധിപത്യവിരുദ്ധത തുര്‍ക്കിയെ ബാധിച്ചു. അത് ഇസ്‌ലാമിനും എതിരായാണ് തീര്‍ന്നത്. ബാങ്കുവിളിയും അറബി ഭാഷയും വരെ നിരോധിച്ച ഒരു രാജ്യമായി തുര്‍ക്കി മാറി. ഇതോടൊപ്പം തന്നെ, അഫ്ഗാനിയും മുഹമ്മദ് അബ്ദുവുമൊന്നും തങ്ങളുടെ നിരീക്ഷണങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഒരു പ്രയോഗവത്കരണം പ്രതീക്ഷിച്ചിരുന്നില്ല എന്ന് നമുക്കുറപ്പിച്ചു പറയാന്‍ പറ്റും. മറിച്ച്, ഈ ജനാധിപത്യവിരുദ്ധതയും മതവിരുദ്ധതയുമൊക്കെ ശാസ്ത്രം ഉള്‍പ്പെടെ ആധുനികതയുമായി ബന്ധപ്പെട്ട ജ്ഞാനങ്ങളുടെ കുഴപ്പമാണെന്നു വേണം മനസ്സിലാക്കാന്‍.

ശാസ്ത്രത്തെ ദൈവികസന്ദേശങ്ങളുടെ ആഴം കണ്ടെത്താനുള്ള ശ്രമമായി സമീപിച്ചതാണ് ഇതുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക ചിന്താരംഗത്തുണ്ടായ രണ്ടാമത്തെ വികാസം. ഫരീദ് വജ്ദി, സഈദ് നുസ്‌രി മുതലായവര്‍ ഇപ്രകാരം ചിന്തിച്ചവരാണെന്നു കാണാം. ശാസ്ത്രം എന്താണോ നമുക്കു തരുന്നത്, അത് നമ്മെ ദൈവികദൃഷ്ടാന്തങ്ങളെക്കുറിച്ച് ബോധവാന്മാരാക്കും എന്നാണ് ഇവര്‍ സിദ്ധാന്തിച്ചത്. ശാസ്ത്രത്തെ നിര്‍ണയിക്കുന്ന പ്രത്യയശാസ്ത്ര സ്വാധീനങ്ങളെ മാറ്റിനിര്‍ത്തിയാല്‍, ശുദ്ധമായ അറിവ് മാത്രമായി ശാസ്ത്രം നിലനില്‍ക്കുകയാണെങ്കില്‍ ഈ നിലപാട് വളരെ ശരിയാണെന്നു കരുതണം. വിശുദ്ധ ഖുര്‍ആന്‍ Book of Science അല്ല, മറിച്ച് അത് Book of Signs ആണ്. ദൈവികമായ അടയാളങ്ങളുടെ പുസ്തകമാണത്. പ്രപഞ്ചത്തിലെ സകല പ്രതിഭാസങ്ങളെയും ദൈവത്തിന്റെ സാന്നിധ്യമായിത്തന്നെ അതടയാളപ്പെടുത്തുന്നു. ഒരര്‍ഥത്തില്‍ തന്റെ സാന്നിധ്യത്തെ മനുഷ്യന് അനുഭവവേദ്യമാക്കുന്നതിന് അല്ലാഹു ഉപയോഗിക്കുന്ന മാധ്യമമാണ് പ്രകൃതി. ഈ പ്രകൃതി നിലനില്‍ക്കുന്ന കാലത്തോളം അതിലെ വ്യത്യസ്ത പ്രതിഭാസങ്ങളില്‍ നിലകൊള്ളുന്ന ഈശ്വര ചിഹ്നങ്ങള്‍ ഇല്ലാതാകുന്നില്ല, ആ സവിശേഷ പ്രതിഭാസം ഇല്ലാതായാല്‍പ്പോലും. അതായത്, ഓരോ വസ്തുവും നാശവിധേയമാകുമ്പോള്‍ അവയിലെ ഈശ്വര ചിഹ്നം ബാക്കിയാവുന്നു. അതിനാല്‍ തന്നെയാണ് ഖുര്‍ആന്‍ അതിന്റെ തന്നെ മന്ത്രങ്ങള്‍ക്കും പ്രകൃതിക്കും പ്രകൃതിപ്രതിഭാസങ്ങള്‍ക്കും ആയത്ത് എന്ന പദം തന്നെ പ്രയോഗിക്കുന്നത്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്നും മറ്റും ധാരാളമായി വേദപുസ്തകം ചോദിക്കുന്നതായി പറഞ്ഞല്ലോ. എന്തിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്? ആകാശഭൂമികളുടെ ഘടന, രാപ്പകലുകളുടെ നൈരന്തര്യം, ഒട്ടകത്തിന്റെ ശരീരശാസ്ത്രം, നിങ്ങളുടെ തന്നെ ഭ്രൂണവളര്‍ച്ചയുടെ ഘട്ടങ്ങള്‍ എന്നിവ മുതല്‍ക്ക് ചിന്തയുടെ വിഷയങ്ങള്‍ പലേടത്തായി ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ഇപ്രകാരമുള്ള ചിന്തകളുടെ സാക്ഷാത്കാരമാണ് ശാസ്ത്രം എന്ന നിലക്കുള്ള സമീപനമാണ് ഇവര്‍ക്കുണ്ടായിരുന്നത്. അതേസമയം നിരപേക്ഷമായി ശാസ്ത്രത്തെ സമീപിച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള സിദ്ധാന്തങ്ങളില്‍ എത്തിച്ചേരാനാവുക. എന്നാല്‍ ആധുനികശാസ്ത്രം അതിന്റെ രക്ഷാധികാരികളോട് പ്രതിബദ്ധത പുലര്‍ത്താന്‍ ബാധ്യസ്ഥമാണെന്നതത്രേ വസ്തുത. 

ഈ രണ്ടാമത്തെ നിലപാടിന്, പക്ഷേ ഇതില്‍ നിന്നല്‍പം മാറിക്കൊണ്ടുള്ള മറ്റൊരു വികാസമുണ്ടായി. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെല്ലാം ആയിരത്തഞ്ഞൂറ് കൊല്ലം മുമ്പ് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട് എന്നു പറയുന്ന ഒരു രീതി. ബിഗ് ബാങ് തിയറി തൊട്ട് മോഡേണ്‍ എംബ്രിയോളജി വരെ അതില്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് സിദ്ധാന്തിക്കപ്പെട്ടു. ഇതിന് ബുക്കായിസം എന്ന് ഒരു പരിഹാസപ്പേരുണ്ട്. ഫ്രാന്‍സിലെ മോറിസ് ബുക്കായി എന്ന ഡോക്ടറാണ് ഈ രീതി തുടങ്ങി വെച്ചത് എന്നതിനാലായിരുന്നു അത്. എന്നാല്‍ ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍ കണ്ടെത്താനും വേദപാഠങ്ങള്‍ തെളിയിക്കപ്പെട്ട ശാസ്ത്രത്തിനെതിരല്ലെന്ന് സ്ഥാപിക്കാനുമായിരുന്നു ബുക്കായി ശ്രമിച്ചത്. അതേസമയം തന്നെ ഇവിടെ സൂചിപ്പിച്ച പോലെ എല്ലാം ഖുര്‍ആനിലുണ്ട് എന്ന തരത്തില്‍ പരിഹാസ്യമായ ഒരു ചര്‍ച്ചയായി അത് മാറി.

മൂന്നാമത്തെ ഘട്ടമാവുമ്പോഴേക്കും ആധുനികശാസ്ത്രം സ്വയം ഒരു ധര്‍മനീതിയും സംസ്‌കാരവുമായി രംഗത്തുവരാന്‍ തുടങ്ങിയിരുന്നു. അറിവിനെയും സൗന്ദര്യാനുഭവങ്ങളെയും ധര്‍മനീതിയുടെ വിധികളും വിലക്കുകളും കൊണ്ട് ശുദ്ധീകരിക്കുക എന്നതായിരുന്നല്ലോ മതത്തിന്റെ നിലപാടായി നാം ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കണ്ടത്. എന്നാല്‍ ആധുനികശാസ്ത്രം സ്വയം തന്നെ ഒരു ധര്‍മനീതിയായിത്തീരുകയാണുണ്ടായത്. ഇത് ഒരര്‍ഥത്തില്‍ ആധുനികതയുടെ ഒരു തീര്‍പ്പാണ്. കലയുടെ എതിക്‌സ് കല തന്നെയാണ് തീരുമാനിക്കുക എന്നും ശാസ്ത്രത്തിന്റെ എതിക്‌സ് ശാസ്ത്രം തന്നെ തീരുമാനിക്കുമെന്നും സിദ്ധാന്തീകരിക്കപ്പെട്ടു. 

ഇതിനോടുള്ള പ്രതികരണം എന്ന നിലക്ക് ഇസ്‌ലാമിക പണ്ഡിതന്മാര്‍ മനുഷ്യന്റെ വൈജ്ഞാനിക വികാസത്തെ ജ്ഞാനശാസ്ത്രപരമായി വിശകലനം ചെയ്യാന്‍ തുടങ്ങി. ആധുനികശാസ്ത്രത്തിന്റെ വൈജ്ഞാനിക അടിത്തറയെക്കുറിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത് ഇക്കാലത്താണ്. ശാസ്ത്രത്തിന്റെ തത്ത്വശാസ്ത്രം, അതുമായി ബന്ധപ്പെട്ട മുന്‍വിധികള്‍, പശ്ചാത്തലങ്ങള്‍ എന്നിവയെല്ലാം ഈ ചര്‍ച്ചയില്‍ വന്നു. പശ്ചാത്തലത്താല്‍ സ്വാധീനിക്കപ്പെടാത്ത ശാസ്ത്രം എന്ന ഒന്ന് യാഥാര്‍ഥത്തിലില്ല. മൂന്നു തരം ആളുകളുമായി അടുത്ത ബന്ധം പുലര്‍ത്തിക്കൊണ്ടേ ശാസ്ത്രജ്ഞന്‍ എന്നും പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്ന് Science in History എന്ന പുസ്തകത്തില്‍ ജെ.ഡി ബര്‍ണല്‍ പറയുന്നുണ്ട്. രക്ഷാധികാരികള്‍, സഹപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരാണവര്‍. രക്ഷാധികാരി ധനികനായ വ്യക്തിയോ വ്യവസായ സ്ഥാപനമോ സര്‍വകലാശാലയോ സര്‍ക്കാറോ ആവാം. എന്തായാലും രക്ഷാധികാരിയാണ് ശാസ്ത്രജ്ഞന് പ്രവര്‍ത്തിക്കാനും ജീവിക്കാനും വേണ്ട പണം നല്‍കുന്നത്. പകരം ശാസ്ത്രജ്ഞന്റെ പ്രവര്‍ത്തനങ്ങളില്‍ അയാള്‍ ഇടപെടുന്നു. ചിലപ്പോള്‍ സോഷ്യലിസ്റ്റ് ഗവണ്‍മെന്റുകളോ മിക്കപ്പോഴും മുതലാളിത്തമോ ആയിരിക്കും രക്ഷാധികാരി. ആവശ്യങ്ങളാണ് ശാസ്ത്രത്തെ നിര്‍മിക്കുന്നത് എന്നും ബര്‍ണല്‍ പറയുന്നുണ്ട്. എന്നല്ല, സാക്ഷാത്കരിക്കപ്പെടേണ്ട ആവശ്യങ്ങളുടെ ക്രമമാണ് ശാസ്ത്രത്തെ നിര്‍ണയിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ആവശ്യങ്ങളുടെ മുന്‍ഗണനാക്രമത്തിന് സംസ്‌കാരവും പ്രത്യയശാസ്ത്രവുമായി ബന്ധമുണ്ട്.

മറുഭാഗത്ത് ഈ ഘട്ടമായതോടെ ശാസ്ത്രം അപ്രമാദിത്വമവകാശപ്പെടാന്‍ തുടങ്ങി. അത് ജ്ഞാനത്തിന്റെ വ്യത്യസ്ത രൂപങ്ങളെ നിരാകരിച്ച് ഒരുതരം എക്‌സ്‌ക്ലൂസിവിസ്റ്റ് അവകാശവാദങ്ങള്‍ പുറപ്പെടുവിക്കാനാരംഭിച്ചു. ഇതിനെ തള്ളിക്കളഞ്ഞ് വിവിധ ജ്ഞാനരൂപങ്ങളെയും ചിന്തകളെയും അംഗീകരിക്കണമെന്ന വാദത്തോടു കൂടിയാണ് ഈ മൂന്നാം ഘട്ടത്തിലെ ഇസ്‌ലാമിക ചിന്തകന്മാര്‍ ശാസ്ത്രവിശകലനങ്ങളുമായി രംഗത്തു വന്നത്. ഇസ്മാഈല്‍ റാജി അല്‍ ഫാറൂഖി, സിയാവുദ്ദീന്‍ സര്‍ദാര്‍ തുടങ്ങിയവരുടെ പഠനങ്ങള്‍ ഇക്കാലമായപ്പോഴേക്കും രംഗപ്രവേശം ചെയ്തു.

പിന്നീട് ഇത് ഒരല്‍പം കൂടി വികസിച്ചു. ശാസ്ത്രത്തിന്റെ മുന്‍വിധികള്‍ക്കും ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ക്കും പശ്ചാത്തലത്തോടുള്ള ബന്ധം കേവലം യാദൃഛികമല്ലെന്നും അത് ആധുനികശാസ്ത്രത്തിന്റെ അടിസ്ഥാന പ്രകൃതവുമായിത്തന്നെ ബന്ധപ്പെടുന്നതാണെന്നും സയ്യിദ് ഹുസൈന്‍ നസ്വ്‌റിനെയും അന്നഖീബുല്‍ അത്താസിനെയും പോലുള്ളവര്‍ വാദിച്ചു. കൊളോണിയല്‍ ജ്ഞാന നിര്‍മിതിക്കു ബദലായി ഇസ്‌ലാമികശാസ്ത്രങ്ങള്‍ എന്ന ആശയത്തില്‍ അവര്‍ ഊന്നി.

നിലനില്‍ക്കുന്ന എല്ലാറ്റിന്റെയും ഏകതയും പരസ്പരബന്ധവും സ്ഥാപിക്കുക എന്നതാവണം ശാസ്ത്രത്തിന്റെ ലക്ഷ്യം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുക. അങ്ങനെ മനുഷ്യന്റെ ജ്ഞാനം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ തത്ത്വശാസ്ത്രമായി മാറുന്നു. അതാകട്ടെ, ഭയരാഹിത്യത്തിന്റെ മാനസികാവസ്ഥയെയും ലോകക്രമത്തെയും സൃഷ്ടിക്കുന്നു. ലാ ഖൗഫുന്‍ അലൈഹിം വലാ ഹും യഹ്‌സനൂന്‍ എന്ന അവസ്ഥയാണ് ഖുര്‍ആനെ സംബന്ധിച്ചേടത്തോളം ജ്ഞാനത്തിന്റെ ലക്ഷ്യം. ''അവരെ യാതൊന്നും ആധിയിലകപ്പെടുത്തുന്നതല്ല, വ്യഥകളൊന്നും അവരെ ബാധിക്കുന്നതുമല്ല.''  

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /18
എ.വൈ.ആര്‍