ബോഡോലാന്റ് തെരഞ്ഞെടുപ്പ് എ.ഐ.യു.ഡി.എഫിന് നാല് സീറ്റ്
അസമിലെ ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സിലിലേക്ക് (ബി.ടി.സി) നടന്ന തെരഞ്ഞെടുപ്പില്‍ ആള്‍ ഇന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) നാല് സീറ്റ് നേടി. 40 സീറ്റുള്ള ബി.ടി.സിയില്‍ 20 സീറ്റ് നേടിയ ബോഡോലാന്റ് പീപ്പ്ള്‍സ് ഫ്രണ്ട് മൂന്നാം തവണയും അധികാരമുറപ്പിച്ചപ്പോള്‍, ഒരു സീറ്റ് നേടി ബി.ജെ.പി അക്കൗണ്ട് തുറന്നു. കോണ്‍ഗ്രസ്സിന് ഇത്തവണ ഒരു സീറ്റും ലഭിച്ചില്ല. പീപ്പ്ള്‍സ് കോഡിനേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് (പി.സി.ഡി.ആര്‍) ഏഴു സീറ്റുകളും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 8 സീറ്റുകളും നേടി.
അസമിലെ കൊക്രാജര്‍, ചിറാഗ്, ബക്‌സ, ഉദല്‍ഗുഡി ജില്ലകള്‍ ചേര്‍ത്ത് പ്രത്യേക ബോഡോലാന്റ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ രൂപീകരിച്ചത് 2003-ലാണ്. കഴിഞ്ഞ മൂന്നു തവണയും അധികാരത്തിലേറിയത് ഹഗ്രാമ മൊഹിലാറിയുടെ നേതൃത്വത്തിലുള്ള ബി.പി.എഫ് ആണ്. ആദിവാസികളും മുസ്‌ലിംകളും പലപ്പോഴും ബോഡോകളുടെ സായുധ കലാപങ്ങള്‍ക്ക് ഇരകളാകുന്ന മേഖലയാണ് ബോഡോലാന്റ്. ഇവിടെയാണ് ബദ്‌റുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള എ.ഐ.യു.ഡി.എഫ് ഇതാദ്യമായി നാല് സീറ്റ് കരസ്ഥമാക്കി ശ്രദ്ധേയ സാന്നിധ്യമായിരിക്കുന്നത്: ''കോണ്‍ഗ്രസ് നേതാവും അസം മുഖ്യമന്ത്രിയുമായ തരുണ്‍ ഗോഗോയ് ഒരിക്കല്‍ ചോദിച്ചു: ആരാണ് ബദ്‌റുദ്ദീന്‍? എന്നാല്‍ ഇപ്പോള്‍ ഞാന്‍ ചോദിക്കുന്നു: ആരാണ് തരുണ്‍ ഗോഗോയ്? 2016-ലെ തെരഞ്ഞെടുപ്പില്‍ എ.ഐ.യു.ഡി.എഫ് ശക്തമായ സാന്നിധ്യമറിയിക്കും''- ബി.ടി.സി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പൂജ്യത്തിലേക്ക് ചുരുങ്ങിയ സാഹചര്യത്തില്‍ ബദ്‌റുദ്ദീന്‍ അജ്മല്‍ പറഞ്ഞു. ദുബ്‌രിയില്‍ നിന്നുള്ള പാര്‍ലമെന്റ് മെമ്പര്‍ കൂടിയാണ് അദ്ദേഹം.
ജതീന്ദ്ര ബ്രഹ്മ, മനാറുല്‍ ഇസ്‌ലാം, അബ്ദുല്‍ അലി മണ്ഡല്‍, റോബര്‍ട്ട് നര്‍സാരി എന്നിവരാണ് ബി.ടി.സിയിലേക്ക് വിജയിച്ച എ.ഐ.യു.ഡി.എഫ് മെമ്പര്‍മാര്‍. മുസ്‌ലിം-ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനായി എന്നത് എ.ഐ.യു.ഡി.എഫിന്റെ നേട്ടമാണെന്ന് സെക്രട്ടറി അമീനുല്‍ ഇസ്‌ലാം പറഞ്ഞു. ''വളരെ പ്രധാനപ്പെട്ട നേട്ടത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. എ.ഐ.യു.ഡി.എഫ് ഏതെങ്കിലുമൊരു പ്രത്യേക സമുദായത്തിന്റേതല്ല, മുഴുവന്‍ രാജ്യ നിവാസികളുടെതുമാണെന്നതിന്റെ പ്രായോഗിക തെളിവാണിത്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മത, ജാതി, വംശ വ്യത്യാസമില്ലാതെ എല്ലാ ജനതകളുടെയും ഉന്നമനത്തിനു വേണ്ടി സംഘടന പ്രവര്‍ത്തിക്കും''- അദ്ദേഹം പറഞ്ഞു.
2006 മുതല്‍ ന്യൂനപക്ഷ മണ്ഡലങ്ങളില്‍ ശക്തമായ സാന്നിധ്യമാണ് എ.ഐ.യു.ഡി.എഫ്. ബി.ടി.സി തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് പാര്‍ട്ടി മത്സരിക്കുന്നത്. ''ഞങ്ങളെ പോലെ ഒരു ചെറിയ പാര്‍ട്ടിക്ക് നാല് സീറ്റ് നേടാന്‍ കഴിയുന്നത് വലിയ കാര്യം തന്നെയാണ്. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടാതിരിക്കുകയും ബി.ജെ.പി ഒരു സീറ്റില്‍ ഒതുങ്ങുകയും ചെയ്തിരിക്കെ വിശേഷിച്ചും''- സെക്രട്ടറി അമീനുല്‍ ഇസ്‌ലാം പറഞ്ഞു. 127 അംഗ നിയമസഭയില്‍ നിലവില്‍ എ.ഐ.യു.ഡി.എഫിന് 17 എം..എല്‍.എമാരുണ്ട്.
Comments