മദ്‌റസാ പ്രസ്ഥാനം പ്രതീക്ഷകളും പ്രതിസന്ധികളും
കേരളത്തിലെ മുസ്‌ലിം മത വിദ്യാഭ്യാസ രംഗത്ത് വിപ്ലവത്തിന് തിരികൊളുത്തിയ മദ്‌റസാ പ്രസ്ഥാനത്തിന് നൂറ് വയസ്സ് കഴിഞ്ഞു. മദ്‌റസാ പ്രസ്ഥാനത്തിന്റെ ശില്‍പിയായിരുന്ന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി മദ്‌റസാ പ്രസ്ഥാനം എന്ന് വ്യവഹരിക്കപ്പെട്ട മതവിദ്യാഭ്യാസ പരിഷ്‌കരണ പദ്ധതികള്‍ കോഴിക്കോട് കുറ്റിച്ചിറയില്‍ പ്രമുഖര്‍ പങ്കെടുത്ത ഒരു യോഗത്തില്‍ ആദ്യമായി അവതരിപ്പിച്ച് അംഗീകാരം നേടിയത് 1912-ലാണ്. തൊട്ടടുത്ത വര്‍ഷംതന്നെ വാഴക്കാട് ദാറുല്‍ ഉലൂമില്‍ അതദ്ദേഹം നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍, ദാറുല്‍ ഉലൂമില്‍ അദ്ദേഹം നടപ്പിലാക്കിയ പാഠ്യപദ്ധതി പരിഷ്‌കരണം ഉന്നത മതപഠന കേന്ദ്രമായ പള്ളിദര്‍സിനെ കേന്ദ്രീകരിച്ചായിരുന്നു. പ്രസ്തുത പരിഷ്‌കരണത്തെ അടിസ്ഥാനമാക്കി പ്രാഥമിക മതപഠന കേന്ദ്രമായ മദ്‌റസ സ്ഥാപിതമായത് 1914-ല്‍ വാഴക്കാട് ദാറുല്‍ ഉലൂമിനോടനുബന്ധിച്ചു തന്നെയാണ്. ചാലിലകത്തിന്റെ ശിഷ്യന്മാരും അതിനകം പേരെടുത്ത മതപണ്ഡിതന്മാരുമായി മാറിക്കഴിഞ്ഞിരുന്ന കെ.എം. മൗലവി, ഇ.കെ. മൗലവി, ഇ. മൊയ്തു മൗലവി, പി.കെ. മൂസ മൗലവി തുടങ്ങിയവരായിരുന്നു ഈ മദ്‌റസയിലെ പ്രഥമ അധ്യാപകര്‍. അതോടുകൂടിയാണ് കേരള മുസ്‌ലിംകളുടെ പ്രാഥമിക മതപഠന കേന്ദ്രങ്ങള്‍ മദ്‌റസകളായി അറിയപ്പെടാന്‍ തുടങ്ങിയത്. നേരത്തെ ഇത് ഗുരുകുല വിദ്യാഭ്യാസത്തെ ഓര്‍മിപ്പിക്കുന്ന ഓത്തുപള്ളികള്‍ എന്ന ഏകാധ്യാപക വിദ്യാലയങ്ങളായിരുന്നു.എന്നാല്‍ കേരളത്തിന് വെളിയില്‍ ഇപ്പോഴും മദ്‌റസകളായി അറിയപ്പെടുന്നത് ഉന്നത മതപഠന കേന്ദ്രങ്ങളാണ്.
കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ഭാഗമായി വികാസം പ്രാപിച്ച മദ്‌റസാ പ്രസ്ഥാനവും തദടിസ്ഥാനത്തിലുള്ള പ്രാഥമിക മതപഠന കേന്ദ്രങ്ങളും യാതൊരു എതിര്‍പ്പും കൂടാതെയല്ല കേരളത്തില്‍ സ്വീകരിക്കപ്പെട്ടത്. ഇന്ന്, മദ്‌റസകള്‍ നടത്തുന്ന ഏറ്റവും വലിയ ഏജന്‍സിയായ സംഘടനയിലെ പൂര്‍വികര്‍ തന്നെയാണ് മദ്‌റസാ പ്രസ്ഥാനത്തെ മുളയിലേ നുള്ളിക്കളയാനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയത് എന്നത് ഇന്നൊരു വിരോധാഭാസമായി തോന്നാം. പക്ഷേ, അതവരുടെ കുറ്റമായി കാണേണ്ടതില്ല. കാരണം, പരമ്പരാഗത രീതിയിലും സമ്പ്രദായത്തിലും പരിശീലിപ്പിക്കപ്പെട്ട മതപണ്ഡിതന്മാര്‍ക്ക് എക്കാലത്തും മാറ്റങ്ങളെയും നവീന സമ്പ്രദായങ്ങളെയും അല്‍പം വൈകി മാത്രമേ ഉള്‍ക്കൊള്ളാനാകൂ എന്നത് ഒരു വസ്തുതയാണ്. എന്നാല്‍, സാഹചര്യം നിര്‍ബന്ധിച്ചപ്പോള്‍ കേരളത്തില്‍ ഉടനീളം മദ്‌റസകള്‍ സ്ഥാപിക്കാനും അത് നല്ല നിലയില്‍ നടത്തിക്കൊണ്ടു പോകാനും നേരത്തെ മദ്‌റസകളെ എതിര്‍ത്തവര്‍ തന്നെ മുന്നിട്ടിറങ്ങി എന്നത് നിസ്സാര കാര്യമല്ല. വിദ്യാഭ്യാസത്തിന്റെ മതേതരവത്കരണത്തിന്റെ ഭാഗമായി, നേരത്തെ ബ്രിട്ടീഷുകാര്‍ മലബാറില്‍ സ്ഥാപിച്ച മുസ്‌ലിം സ്‌കൂളുകളില്‍ അനുവദിച്ചിരുന്ന മതപഠനം, സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന മതേതര സര്‍ക്കാറുകള്‍ നിര്‍ത്തലാക്കിയതായിരുന്നു ഈ പുതിയ സാഹചര്യം. മുസ്‌ലിംകളെ ആധുനിക വിദ്യാഭ്യാസത്തിലേക്കാകര്‍ഷിക്കാനായി ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച മുസ്‌ലിം സ്‌കൂളുകളില്‍ മതപഠനത്തിന് സൗകര്യമുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന്റെ മതേതരവത്കരണത്തിന്റെ ഭാഗമായി ഈ സംവിധാനം പൊടുന്നനെ നിര്‍ത്തലാക്കപ്പെട്ടപ്പോള്‍ ഈ പുതിയ സാഹചര്യം നേരിടാനായി മുസ്‌ലിംകള്‍ സ്വന്തമായിത്തന്നെ മദ്‌റസകള്‍ സ്ഥാപിക്കണമെന്ന ആശയം നേരത്തെ മദ്‌റസകളെ എതിര്‍ത്തിരുന്ന സമസ്തയിലെ മതപണ്ഡിതന്മാരുടെ മുന്നില്‍ വെച്ചത് മുസ്‌ലിം ലീഗ് നേതാവായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളായിരുന്നു. സമസ്തക്ക് ഈ ആശയം പെട്ടെന്ന് തന്നെ ബോധ്യമാവുകയും കേരളത്തില്‍ ഉടനീളം മദ്‌റസകള്‍ സ്ഥാപിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. മാത്രമല്ല, മദ്‌റസകള്‍ക്ക് ഒരേകീകൃത സിലബസ്സുണ്ടാക്കുകയും അതു നടപ്പിലാക്കാന്‍ സ്വതന്ത്രമായ ഒരു വിദ്യാഭ്യാസ ബോര്‍ഡിന് അവര്‍ രൂപം നല്‍കുകയും ചെയ്തു. കേരള മുസ്‌ലിംകളില്‍ ഉല്‍പതിഷ്ണുക്കളായി അറിയപ്പെടുന്ന കേരള നദ്‌വത്തുല്‍ മുജാഹിദീനും ജമാഅത്തെ ഇസ്‌ലാമിയും സ്വന്തമായ വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്ക് രൂപം നല്‍കുന്നതിനും എത്രയോ മുമ്പായിരുന്നു ഇതെന്നോര്‍ക്കണം. കേരള മുസ്‌ലിംകളിലെ യാഥാസ്ഥിതികരായി അറിയപ്പെടുന്ന വിഭാഗവും സാഹചര്യം നിര്‍ബന്ധിക്കുമ്പോള്‍ പുരോഗമന ചിന്താഗതിക്കാരും ആധുനിക ബോധം ഉള്‍ക്കൊണ്ടവരുമായി മാറും എന്ന് തെളിയിക്കപ്പെട്ട ആദ്യ സന്ദര്‍ഭമായിരുന്നു ഇത്. പില്‍ക്കാലത്ത് മത ഭൗതിക സമന്വയ വിദ്യാഭ്യാസ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയ ഉന്നത നിലവാരമുള്ള കോളേജുകളും, എഞ്ചിനീയറിംഗ് അടക്കമുള്ള പ്രൊഫഷണല്‍ - ആര്‍ട്‌സ് കോളേജുകളും സ്ഥാപിക്കാന്‍ ഈ വിഭാഗം മുന്നിട്ടിറങ്ങിയതിലും ഈ പുരോഗമന സ്വഭാവം നമുക്ക് ദര്‍ശിക്കാനാകും. ഇത് ഇവിടെ എടുത്തുപറയാന്‍ കാരണം കേരളത്തിന് വെളിയിലുള്ള ലോക പ്രശസ്തമായ പല ഉന്നത മതപഠന കേന്ദ്രങ്ങളുടെയും ഇന്നത്തെ അവസ്ഥയാണ്. വളരെ വിപ്ലവകരമായി ആരംഭിച്ച ഈ സ്ഥാപനങ്ങളില്‍ പലതും ഇപ്പോഴും തുടങ്ങിയേടത്ത് തന്നെ നില്‍ക്കുകയാണ്. ദയൂബന്ദ് ദാറുല്‍ ഉലൂമിന്റെയും ലഖ്‌നൗ നദ്‌വത്തുല്‍ ഉലമയുടെയും മാത്രം ഇന്നത്തെ അവസ്ഥ പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. തുടക്കത്തില്‍ എന്താണോ തങ്ങളുടെ സവിശേഷതകളായി ഈ രണ്ട് സ്ഥാപനങ്ങളും അവകാശപ്പെട്ടിരുന്നത് അതിപ്പോഴും ശാഠ്യത്തോടെ മുറുകെപ്പിടിക്കുന്നു എന്നതല്ലാതെ, അവിടെനിന്ന് അവര്‍ മുന്നോട്ടു പോയിട്ടില്ല. എന്നല്ല, വിദ്യാഭ്യാസ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലും ഇന്ത്യന്‍ മുസ്‌ലിംകളുടെ തേട്ടങ്ങളെ മനസ്സിലാക്കുന്നതിലും അതിന്റെ സ്ഥാപക നേതാക്കളുടെ അത്രപോലും പുരോഗമന വീക്ഷണം പുലര്‍ത്തുന്നവരല്ല, പില്‍ക്കാലത്ത് അതിന്റെ സാരഥികളായി വന്നവര്‍ എന്ന് നദ്‌വത്തുല്‍ ഉലമയില്‍ കുറച്ചുകാലം പഠിച്ച ഒരാളെന്ന നിലയില്‍ ഈ ലേഖകന് പറയാന്‍ കഴിയും.
പോരായ്മകള്‍ പലതും പറയാനാകുമെങ്കിലും കേരള മുസ്‌ലിം ജനസാമാന്യത്തെ ഇസ്‌ലാമിന്റെ വിശ്വാസപരവും അനുഷ്ഠാനപരവുമായ ചട്ടക്കൂടില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ മദ്‌റസകള്‍ വഹിക്കുന്ന പങ്ക് അനിഷേധ്യമാണ്. ഇസ്‌ലാമിക വിശ്വാസത്തിന്റെ പ്രാഥമിക താല്‍പര്യങ്ങളും അനുഷ്ഠാന മുറകളുമറിയാത്ത ഒരാളും ഇന്ന് കേരള മുസ്‌ലിംകള്‍ക്കിടയിലില്ല എന്നത് മദ്‌റസകള്‍ ഈ രംഗത്ത് കൈവരിച്ച വിജയമാണ് അടയാളപ്പെടുത്തുന്നത്. ജീവിതയാത്രയില്‍ എവിടെയോ വെച്ച് വഴിമാറി സഞ്ചരിച്ചുപോയ പലരും പിന്നീട് മാനസാന്തരം വന്ന് മതബോധത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവര്‍ക്ക് ഇസ്‌ലാമില്‍ ഒന്നും അപരിചിതമായി അനുഭവപ്പെടാത്തതിന് കാരണം ചെറുപ്പത്തില്‍ അവര്‍ക്ക് മദ്‌റസകളില്‍നിന്ന് ലഭിച്ച പരിശീലനമാണ്. എന്നാല്‍, ഉത്തരേന്ത്യയുടെ അവസ്ഥ ഇതല്ല. അവിടെ ചരിത്രപരമായി വലിയ പാരമ്പര്യം അവകാശപ്പെടാനാകുന്ന ഉന്നത മതപഠന സ്ഥാപനങ്ങളും അവക്കെല്ലാം നിരവധി ശാഖകളുമുണ്ടായിട്ടും ഇസ്‌ലാമിന്റെ വിശ്വാസ അനുഷ്ഠാനങ്ങളെക്കുറിച്ച് പ്രാഥമികമായ ധാരണ പോലുമില്ലാത്ത സാമാന്യ ജനത്തെ നിങ്ങള്‍ക്കവിടെ ധാരാളമായി കാണാനാകും. കേരളത്തെപ്പോലെ മദ്‌റസാ പ്രസ്ഥാനം ജനകീയമാകാത്തതാണ് അതിന് കാരണം. ആധുനിക വിദ്യാഭ്യാസം മാത്രമല്ല, മതവിദ്യാഭ്യാസവും അവിടെ ഇപ്പോഴും വരേണ്യവിഭാഗത്തില്‍നിന്ന് വല്ലാതൊന്നും പുറത്തേക്ക് വ്യാപിച്ചിട്ടില്ല.
മുസ്‌ലിം കള്‍ച്ചറിനെ രൂപപ്പെടുത്തുന്നതിലും മദ്‌റസകള്‍ക്ക് സുപ്രധാനമായ പങ്കു വഹിക്കാനുണ്ട്. വിശ്വാസിയാകാന്‍ അനിവാര്യമായ സത്യസാക്ഷ്യവചനം, പിറന്നുവീഴുമ്പോള്‍ തന്നെ ഏതൊരു മുസ്‌ലിമും തന്റെ കുഞ്ഞിക്കാതുകളില്‍ ഏറ്റുവാങ്ങുന്നുണ്ടെങ്കിലും സ്വയംബോധ്യത്തോടെ അതവന്‍ ആദ്യമായി ഉരുവിട്ടു പഠിക്കുന്നത് മദ്‌റസകളില്‍ വെച്ചാണ്. ഈ ഉരുവിട്ടു പഠിക്കലിന് സാംസ്‌കാരികമായി വലിയ പ്രാധാന്യമുണ്ട്. കുട്ടികള്‍ തറയും പറയും അറയും ഉറിയും പഠിക്കുന്നതിന് മുമ്പേ ബിസ്മിയും ഹംദും അല്ലാഹുവിന്റെ നാമങ്ങളും പ്രവാചകന്മാരുടെ പേരുകളും പഠിക്കണമെന്ന് പണ്ടു മുസ്‌ലിംകള്‍ ശാഠ്യം പിടിച്ചിരുന്നത് അവരില്‍ അബോധത്തിലെങ്കിലും നിറഞ്ഞുനിന്നിരുന്ന ഈ സാംസ്‌കാരിക ബോധം മൂലമായിരുന്നു. പക്ഷേ, ഇപ്പോള്‍ കെ.ജി വിദ്യാഭ്യാസം വ്യാപകമായതോടെ കുട്ടികള്‍ ആദ്യമായി ചൊല്ലിപ്പഠിക്കുന്നത് ബിസ്മിയും ഹംദുമൊന്നുമല്ല, കേറ്റും ഡോഗും റാറ്റുമാണ്. സാംസ്‌കാരികമായ അന്യവത്കരണത്തിലേക്ക് ഇത് പുതിയ മുസ്‌ലിം തലമുറയെ തള്ളിവിടുമോ എന്ന ആശങ്ക അസ്ഥാനത്തൊന്നുമല്ല. അതിനാല്‍ എന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും കേരള മുസ്‌ലിംകള്‍ ജാഗ്രതയോടുകൂടി സംരക്ഷിക്കേണ്ട ഒന്നാണ് പ്രാഥമിക മതപഠന കേന്ദ്രങ്ങളെന്ന കാര്യത്തില്‍ സംശയമില്ല. സമുദായം സ്വന്തമായി നടത്തുന്ന സ്‌കൂളുകളില്‍ വെച്ച് നല്‍കപ്പെടുന്ന മതപഠനം ഒരിക്കലും മദ്‌റസാ പഠനത്തിന് പകരമാവുകയില്ല.
മദ്‌റസാ വിദ്യാഭ്യാസം ഇന്ന് പല പ്രതിസന്ധികളും അഭിമുഖീകരിക്കുന്നുണ്ട്. ആ പ്രതിസന്ധികളില്‍ ചിലത് ഘടനാപരമാണെങ്കില്‍ മറ്റുചിലത് ഉള്ളടക്കപരമാണ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ തള്ളിക്കയറ്റത്തോടെ മതപഠനത്തിന് വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നതാണ് ഘടനാപരമായ പ്രതിസന്ധികളില്‍ പ്രധാനം. നേരത്തെയുള്ള പത്ത് മണിക്ക് പകരം അണ്‍-എയിഡഡ് മേഖലയിലെ സ്റ്റേറ്റ് മീഡിയം ഇംഗ്ലീഷ് സ്‌കൂളുകളും സി.ബി.എസ്.സി. സ്‌കൂളുകളും ആരംഭിക്കുന്നത് എട്ടുമണിക്കും ഒമ്പത് മണിക്കും ഒക്കെയാണ്. ഏഴു മണിക്ക് മുമ്പുതന്നെ കുട്ടികള്‍ സ്‌കൂളുകളിലേക്ക് ഇറങ്ങിത്തിരിക്കേണ്ട അവസ്ഥയാണ് ഇത് സൃഷ്ടിക്കുന്നത്. ഫലത്തില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നവര്‍ക്ക് മതപഠനം തീരെയില്ല എന്നതാണ് അവസ്ഥ. ചുരുക്കം ചിലര്‍ മാത്രം സ്വകാര്യ ട്യൂഷനെയും സണ്‍ഡേ മദ്‌റസകളെയും ആശ്രയിക്കുന്നു. നേരത്തെ ആരംഭിച്ച് സ്‌കൂള്‍ പഠനം ഉച്ചയോടെ അവസാനിക്കുന്ന തരത്തില്‍ സമയം ക്രമീകരിക്കുകയും ഉച്ചക്കു ശേഷമുള്ള രണ്ടു മണിക്കൂര്‍ സമയം മതപഠനത്തിന് നീക്കിവെക്കുകയുമാണ് ഇതിന് നിര്‍ദേശിക്കാവുന്ന പോംവഴി. പല തലത്തില്‍ ആലോചനകള്‍ ആവശ്യമായ ഒന്നാണിത്. ഗള്‍ഫ് നാടുകളിലും ഉത്തരേന്ത്യയിലുമെല്ലാം സ്‌കൂള്‍ പഠനം ഉച്ചയോടെ തീരുന്നതായാണ് അനുഭവം.
രാത്രി സമയങ്ങളില്‍ മദ്‌റസകള്‍ നടത്തിയാണ് പല മദ്‌റസകളും ഈ സമയമില്ലായ്മയെ മറികടക്കുന്നത്. ഇത് സ്‌കൂള്‍ പഠനത്തെ സാരമായി ബാധിക്കുമെന്ന് മാത്രമല്ല, സാംസ്‌കാരികമായും അപകടമുണ്ടാക്കുന്നതാണ്. മാതാപിതാക്കളുടെ സഹായത്തോടെ ഹോംവര്‍ക്ക് ചെയ്യേണ്ട കൊച്ചുകുട്ടികള്‍ മദ്‌റസാ പഠനത്തിനായി രാത്രി സമയങ്ങളില്‍ ഇറങ്ങിനടക്കുന്നത് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ. കുട്ടികള്‍ പല സ്വഭാവ ദൂഷ്യങ്ങളും പഠിക്കാന്‍ രാത്രി സമയത്തെ മദ്‌റസകള്‍ കാരണമായിട്ടുണ്ടെന്നത് നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. അതിനാല്‍, രാത്രികാല മദ്‌റസകള്‍ വേണോ എന്ന കാര്യത്തില്‍ പുനരാലോചന അത്യാവശ്യമായിരിക്കുന്നു.
മദ്‌റസാ പഠനത്തില്‍ ഉള്ളടക്കപരമായും ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. താനൊരു മുസ്‌ലിമാണ് എന്ന അഭിമാനബോധം ഓരോ വിദ്യാര്‍ഥിയിലും വിദ്യാര്‍ഥിനിയിലും ഉണ്ടാക്കുകയാണ് മദ്‌റസാ പഠനത്തിലൂടെ സാധ്യമാകേണ്ടത്. ഇസ്‌ലാമിന്റെ വിശ്വാസപ്രമാണങ്ങള്‍ അഭ്യസിപ്പിക്കുന്നതും അനുഷ്ഠാനമുറകള്‍ ശീലിക്കുന്നതും സ്വഭാവ ശീലങ്ങള്‍ പഠിപ്പിക്കുന്നതുമെല്ലാം അതിനുവേണ്ടിയാണ്. മദ്‌റസാ സിലബസുകളുടെ തലക്കെട്ടുകള്‍ ശ്രദ്ധിച്ചാല്‍ ഈ ലക്ഷ്യം അതിന്റെ ശില്‍പികള്‍ക്കുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. ദീനിയ്യാത്ത്(വിശ്വാസ കാര്യങ്ങള്‍), അമലിയ്യാത്ത്(അനുഷ്ഠാനങ്ങള്‍), അഖ്‌ലാഖ്(സ്വഭാവ ചര്യകള്‍), ചരിത്രം എന്നിവയാണ് മദ്‌റസാ സിലബസിന്റെ പ്രധാന തലക്കെട്ടുകള്‍. അപ്പോള്‍ പ്രശ്‌നം സിലബസില്ലാത്തതല്ല, വിശ്വാസകാര്യങ്ങളും അനുഷ്ഠാന മുറകളും സ്വഭാവ ചര്യകളുമെല്ലാം ഒരനുഷ്ഠാനമെന്നോണം ചൊല്ലിപ്പഠിക്കുകയും അത് സമയാസമയങ്ങളില്‍ പരീക്ഷാ പേപ്പറുകളില്‍ ഛര്‍ദ്ദിച്ചു വെക്കുകയും മാത്രമാണ് ചെയ്യുന്നത്. പരമ്പരാഗതമായി ദൈവവിശ്വാസിയായ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദൈവനിഷേധം പഠിപ്പിക്കുന്ന ഡാര്‍വിന്‍ സിദ്ധാന്തം ചൊല്ലിപ്പഠിച്ച് പരീക്ഷ എഴുതുമ്പോള്‍ ഉണ്ടാകുന്ന മനോഭാവം തന്നെയാണ് വിശ്വാസ കാര്യങ്ങളും, വുദുവിന്റെ ശര്‍ത്വുകളും ഫര്‍ദുകളും, പെരുമാറ്റ മര്യാദകളും പഠിക്കുന്ന മതവിദ്യാര്‍ഥിക്കുമുള്ളത്. മതപഠനം ഇങ്ങനെയായാല്‍ അതിന് മുസ്‌ലിം സ്വഭാവത്തെ രൂപപ്പെടുത്തുന്നതില്‍ ഒന്നും ചെയ്യാനാവില്ല. വിശ്വാസ കാര്യങ്ങളും അനുഷ്ഠാനങ്ങളും പഠിപ്പിക്കുന്നതോടൊപ്പം അത് ജീവിതത്തില്‍ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കേണ്ടത് എന്ന കാര്യം കൂടി വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ടതുണ്ട്. അതിന് സിലബസോ, വിവരവും യോഗ്യതയുമുള്ള അധ്യാപകരോ മാത്രം പോരാ. മറിച്ച്, അധ്യാപകര്‍ ഉന്നത സ്വഭാവ ഗുണങ്ങളുടെ ഉടമകള്‍ കൂടിയാകണം. ഈ രംഗത്ത് ഒട്ടും ആശാവഹമല്ല നമ്മുടെ മദ്‌റസകളുടെ അവസ്ഥ. കടുത്ത പാര്‍ട്ടി സങ്കുചിതത്വവും വിഭാഗീയതയുമാണ് മിക്ക മദ്‌റസാ അധ്യാപകരുടെയും പ്രധാന കൈമുതല്‍. തങ്ങള്‍ പിഴച്ചവരെന്ന് കരുതുന്ന സംഘടനയില്‍ പെട്ടവരോട് സലാം പറയാന്‍ പാടില്ല എന്ന് സിലബസില്‍ ഉണ്ടായാലും ഇല്ലെങ്കിലും ആ മനോഭാവം ബോധപൂര്‍വം വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നവരാണ് യാഥാസ്ഥിതിക വിഭാഗത്തിന്റെ മദ്‌റസകളിലെ മിക്ക അധ്യാപകരും. അതുപോലെ സമുദായത്തില്‍ കടന്നുകൂടിയ ശിര്‍ക്ക് ബിദ്അത്തുകളോടുള്ള കടുത്ത എതിര്‍പ്പ് കാരണം, അതു ചെയ്യുന്നു എന്ന് തങ്ങള്‍ കരുതുന്ന വിഭാഗത്തോട് കടുത്ത ശത്രുതയും പുഛവും വളര്‍ത്തുന്നതില്‍ ഉല്‍പതിഷ്ണുക്കളുടെ മദ്‌റസകളും ഒട്ടും പുറകിലല്ല. ഇപ്രകാരം കടുത്ത വിഭാഗീയതകള്‍ക്കിരയായ അധ്യാപകര്‍ക്ക് എങ്ങനെയാണ് ഉന്നതമായ സംസ്‌കാരം കുട്ടികളില്‍ കരുപ്പിടിപ്പിക്കാന്‍ കഴിയുക? തങ്ങളില്‍ ഉള്ളതല്ലേ അവര്‍ക്ക് പഠിപ്പിക്കാനാവുകയുള്ളൂ! യോഗ്യതയുടെയും വിവരത്തിന്റെയും കാര്യവും പറയാതിരിക്കുന്നതാവും ഭേദം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വാഴക്കാട് സ്ഥാപിതമായ പ്രഥമ മദ്‌റസയില്‍ ആരൊക്കെയായിരുന്നു അധ്യാപകരെന്ന് നാം കണ്ടുകഴിഞ്ഞല്ലോ; അതിനകം പേരെടുത്ത പണ്ഡിതന്മാരായി മാറിക്കഴിഞ്ഞ കെ.എം. മൗലവിയെയും ഇ.കെ. മൗലവിയെയും പോലുള്ളവര്‍. ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മുസ്‌ലിം മത സംഘടനകളുടെയും പണ്ഡിതന്മാരായ ആദ്യകാല നേതാക്കള്‍ മദ്‌റസാ അധ്യാപകരായിരുന്നിട്ടുണ്ട്. അവരുടെ സ്ഥാനത്ത് ഇന്ന് പള്ളിദര്‍സുകളിലെയും അറബിക് കോളേജുകളിലെയും ഡ്രോപ്ഔട്ടുകളാണ് മദ്‌റസാ അധ്യാപകരായിട്ടുള്ളത്. ഇത്തരം അധ്യാപകര്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ പഠനനിലവാരം താഴോട്ട് പോയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
പല മത വിഭാഗങ്ങളും ഒരുമിച്ച് ജീവിക്കുന്ന ഒരു ബഹുസ്വര സമൂഹമാണ് നമ്മുടേത്. അതിനാല്‍, വിവിധ മതസ്ഥരായ ആളുകളോട് എങ്ങനെ മാന്യമായി പെരുമാറണം എന്നു പഠിപ്പിക്കേണ്ട ബാധ്യതയും നമ്മുടെ മദ്‌റസകള്‍ക്കുണ്ട്. വലിയവരെ ആദരിക്കുകയും കുട്ടികളോട് കരുണ കാണിക്കുകയും ചെയ്യണമെന്നത് മദ്‌റസകളില്‍ പഠിപ്പിക്കപ്പെടുന്ന ഒരു പ്രവാചക പാഠമാണ്. ഈ പ്രവാചക പാഠത്തിന്റെ പരിധിയില്‍ ഇതര മതവിശ്വാസികളും ഉള്‍പ്പെടുമെന്ന് നമ്മുടെ മദ്‌റസകളില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാറുണ്ടോ? ഇതര മതത്തില്‍ പെട്ട തന്റെ വല്യുപ്പയാകാന്‍ മാത്രം പ്രായമുള്ളവരെ മുസ്‌ലിംകളായ കൊച്ചുകുട്ടികള്‍ പോലും പേരുചൊല്ലി 'നീ' എന്ന് വിളിക്കുന്നതിന്റെ പേരില്‍ പതിവായി മതസ്പര്‍ദ്ദ നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ കേരളത്തില്‍ ഉണ്ട് എന്ന് നാം മറക്കാന്‍ പാടില്ല. ജാതിമത ഭേദമന്യേ എല്ലാ മനുഷ്യരെയും ആദരിക്കണം എന്ന ഇസ്‌ലാമിക പാഠം മദ്‌റസകളില്‍വെച്ച് കുട്ടികള്‍ക്ക് നല്‍കിയിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ? അതുപോലെ കാഫിര്‍, മുശ്‌രിക്ക് തുടങ്ങിയ സാങ്കേതിക സംജ്ഞകള്‍ പഠിപ്പിക്കുമ്പോഴും നല്ല ജാഗ്രത ആവശ്യമാണ്. ഇവയൊന്നും ഇതര മതസ്ഥരായ ആളുകളോട് ശത്രുതയും വൈരവും വളര്‍ത്തുന്ന പദപ്രയോഗങ്ങളല്ലെന്നും ഒരാശയത്തെ കുറിക്കാനുള്ള സാങ്കേതിക സംജ്ഞകള്‍ മാത്രമാണെന്നും വിദ്യാര്‍ഥികളെ ബോധപൂര്‍വംതന്നെ പഠിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഒരു ബഹുസ്വര സമൂഹത്തില്‍ ആരോഗ്യകരമായ സഹവര്‍ത്തിത്വം നിലനിര്‍ത്തുന്നതില്‍ തങ്ങള്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു എന്ന് മുസ്‌ലിംകള്‍ക്ക് അവകാശപ്പെടാനാവുകയുള്ളൂ.
Comments