Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 24

മക്കളെ നശിപ്പിക്കുന്ന സ്‌നേഹം

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         കാമുകിക്ക് വേണ്ടി ജീവന്‍ ത്യജിച്ച യുവാവിനെക്കുറിച്ച് കവി അസ്മഇയുടെ ഒരു വരിയുണ്ട്. 'വമിനല്‍ ഹുബ്ബി മാ ഖതല്‍'- കൊല്ലുന്ന സ്‌നേഹവുമുണ്ട്- നമ്മുടെ മക്കള്‍ക്ക് നാം നല്‍കുന്ന സ്‌നേഹവും അതിര് വിട്ടാല്‍ അവരെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭര്‍ത്താവിന്റെ ധാര്‍ഷ്ട്യത്തെക്കുറിച്ചും ദേഷ്യത്തെക്കുറിച്ചും, താന്‍ ആവശ്യപ്പെടുന്നത് ഉടനെ കിട്ടിയില്ലെങ്കില്‍ അയാള്‍ നടത്തുന്ന ആക്രോശത്തെക്കുറിച്ചും പരാതിപ്പെട്ട ഭാര്യയെ ഞാന്‍ ഓര്‍ക്കുന്നു. അയാളുടെ ഈ വിധമുള്ള പെരുമാറ്റത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്, അയാള്‍ ഉമ്മയുടെ ഏക ആണ്‍കുട്ടിയായതിനാല്‍ അവന്റെ എന്താവശ്യവും നിറവേറ്റിക്കൊടുക്കാന്‍ ഉമ്മ സന്നദ്ധയായിരുന്നുവെന്നും അവരുടെ അതിരു വിട്ട സ്‌നേഹമാണ് അവന്റെ വ്യക്തിത്വത്തെയും സ്വഭാവത്തെയും തകര്‍ക്കാന്‍ ഹേതുവായതെന്നുമാണ്.

നാശഹേതുകമായ ആറുതരം സ്‌നേഹത്തെക്കുറിച്ച് പറയാം. 1. എന്നും എപ്പോഴും പേടി. ഒരുതരം 'വസ്‌വാസോ'ളം എത്തുന്ന കടുത്ത പേടിയാണ് ചില മാതാപിതാക്കള്‍ക്ക് മക്കളെക്കുറിച്ച്. അത് അവരുടെ വ്യക്തിത്വത്തെ നശിപ്പിക്കുകയും ക്രമേണ അവരെ ഇല്ലാതാക്കുകയുമാണ് ചെയ്യുക. മാതാപിതാക്കളുടെ കഠിന ഭയം കാരണം സ്വന്തം തീരുമാന ശേഷിയും ബോധവും നഷ്ടപ്പെട്ട് ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന കളിപ്പാവയെ പോലെയായിത്തീര്‍ന്നിരിക്കും കുട്ടി. ഇരുട്ട്, പ്രാണികള്‍, പാറ്റ, മനുഷ്യന്‍, ജന്തുക്കള്‍ തുടങ്ങി എന്തിനെക്കുറിച്ചുമാവാം ഈ ഭയപ്പാട്.

2. കുട്ടിയുടെ ഇഷ്ടം കണ്ണും പൂട്ടി അംഗീകരിക്കല്‍: മക്കളെ ഏതെങ്കിലും നല്ല കാര്യത്തിന് നിര്‍ബന്ധിച്ച് പറഞ്ഞയക്കാന്‍ മാതാപിതാക്കള്‍ക്ക് ഭയമായിരിക്കും. കുട്ടിയുടെ മാനസികവും ശാരീരികവുമായ കഴിവിനും വളര്‍ച്ചക്കും ഉപകരിക്കുന്ന ഏതെങ്കിലും പരിപാടിക്ക്, തങ്ങളുടെ മകന് അവ ഇഷ്ടമല്ല എന്ന ഒരേയൊരു കാരണത്താല്‍ കുട്ടിയുടെ താല്‍പര്യത്തിന് അവര്‍ വഴങ്ങും. ഇത്തരം ഘട്ടങ്ങളില്‍ കുട്ടി തന്റെ ശിക്ഷകനും രക്ഷാകര്‍ത്താവുമായി മാറുകയാണെന്ന് മാതാപിതാക്കള്‍ ഓര്‍ക്കുന്നില്ല. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് മാതാപിതാക്കളെ വഴക്കിയെടുക്കുന്നതില്‍ വിജയിച്ച അവന്‍ ധിക്കാരിയായി വളര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

3. വസ്ത്രവും ആഹാരവും: പ്രായമേറെ ചെന്നാലും തങ്ങളുടെ മക്കള്‍ക്കുള്ള വസ്ത്രം തങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് വാങ്ങി കൊടുക്കണമെന്ന നിര്‍ബന്ധബുദ്ധി ചില മാതാപിതാക്കള്‍ കാണിക്കാറുണ്ട്. കുഞ്ഞിന് കൂടുതല്‍ ആഹാരം നല്‍കിയാല്‍ കുഞ്ഞിനോടുള്ള സ്‌നേഹം ഏറെ പ്രകടിപ്പിച്ചതായി നിനക്കുന്ന മാതാപിതാക്കളുണ്ട്. തിന്നാനായി പടയ്ക്കപ്പെട്ടതാണ് തന്റെ കുഞ്ഞെന്ന ധാരണയാണ് അത്തരക്കാര്‍ക്ക്. തന്റെ വസ്ത്ര തെരഞ്ഞെടുപ്പിന് പോലും യോഗ്യതയില്ലാത്ത ഒരുത്തനായി തന്റെ കുഞ്ഞ് വളരുകയാണെന്ന് ഇത്തരം മാതാപിതാക്കള്‍ ഓര്‍ക്കുന്നില്ല. ആഹാരം, വസ്ത്രം തുടങ്ങിയ അടിസ്ഥാന ജീവിതാവശ്യങ്ങളില്‍ സ്വതന്ത്രമായ തീരുമാനശേഷി ഇല്ലാത്ത കുഞ്ഞുങ്ങള്‍  വളരുന്തോറും വ്യക്തിത്വം നഷ്ടപ്പെട്ടാണ് വളരുക എന്നോര്‍ക്കണം.

4. അതിരുവിട്ട ലാളന: സ്‌നേഹം പ്രകടിപ്പിക്കാനായാല്‍ പോലും എപ്പോഴും സമ്മാനങ്ങളും ഉപഹാരങ്ങളും നല്‍കി അവരെ സന്തോഷിപ്പിക്കുക, അവരുടെ ഗൃഹപാഠങ്ങള്‍ അവര്‍ക്ക് വേണ്ടി ചെയ്തു കൊടുക്കുക, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം ഉണ്ടാക്കി കൊടുക്കുക തുടങ്ങിയ രീതികള്‍ കുട്ടിയില്‍ നാലു ദുര്‍ഗുണങ്ങള്‍ വളര്‍ത്തുന്നുണ്ട്. അത്യാര്‍ത്തി വളരും. സ്വാര്‍ഥിയാവും. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറും. താന്‍ ആഗ്രഹിക്കുന്നതെന്തും തന്റെ പ്രയത്‌നമോ പ്രവര്‍ത്തനമോ കൂടാതെ കിട്ടാനുള്ള മോഹം ഉണ്ടാവും.

5. വീട്ടില്‍ കെട്ടിയിടല്‍: മക്കളെക്കുറിച്ചുള്ള പേടി, ചില രക്ഷിതാക്കളെ, മക്കളെ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ നിര്‍ബന്ധിക്കാറുണ്ട്. പുറത്താരുമായും കൂട്ടുകൂടാനോ കളിക്കാനോ വിടുകയില്ല.  മറ്റുള്ളവരാല്‍ സ്വാധീനിക്കപ്പെടുമെന്ന ഭയം നിമിത്തം പുറത്ത് കളിക്കാനോ വിനോദങ്ങളിലോ വ്യായമങ്ങളിലോ ഏര്‍പ്പെടാനോ അനുവദിക്കില്ല. കുട്ടിയുടെ വ്യക്തിത്വത്തെ തകര്‍ക്കുന്ന അതിഭയമാണിത്.

6. വീഴ്ചകള്‍ക്കുള്ള നഷ്ടപരിഹാരം: തങ്ങളുടെ ഭാഗത്ത് സംഭവിച്ച വിവാഹമോചനം, ജോലിയുടെ സാഹചര്യം, നിരന്തര യാത്ര എന്നിവയാല്‍ കുട്ടിക്കുണ്ടായ നഷ്ടങ്ങള്‍ നികത്താന്‍ മാതാപിതാക്കളുടെ വ്യഗ്രത. ഈ കുറ്റബോധത്താല്‍ കുട്ടിയുടെ എന്താഗ്രഹവും അതില്‍ കൂടുതലും സാധിച്ചു കൊടുക്കാന്‍ മാതാപിതാക്കള്‍ കാണിക്കുന്ന അത്യുല്‍സാഹവും താല്‍പര്യവും കുട്ടിയുടെ വ്യക്തിത്വത്തെ തകര്‍ക്കുകയാണ് ചെയ്യുക.

കുട്ടികളെ കുറിച്ചുള്ള ഭയം വേണ്ടത് തന്നെ. പക്ഷേ, അത് സന്തുലിതമാവണം. 'ഭയ'ത്തെക്കുറിച്ച പരാമര്‍ശം ഖുര്‍ആനില്‍ 124 തവണ വന്നിട്ടുണ്ട്. ദൈവിക ഗ്രന്ഥത്തില്‍ ഭയത്തിന് ഏഴുതരം അര്‍ഥങ്ങള്‍ വിവക്ഷിച്ചതായി കാണാം. കുട്ടികളുടെ ശിക്ഷണ കാര്യത്തില്‍ വന്ന് ഭവിക്കുന്ന ഭയമാണ് നാം ഇവിടെ സൂചിപ്പിക്കുന്നത്. മക്കളുടെ കാര്യത്തില്‍ മാതാക്കള്‍ക്കുള്ള ഭയത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍, അല്ലാഹുവിന്റെ നിര്‍ദേശം നടപ്പിലാക്കുന്ന വിഷയത്തിലാണെങ്കില്‍ ഭയമെന്ന വികാരത്തെ നിയന്ത്രണവിധേയമാക്കണമെന്നാണ് ദൈവിക കല്‍പന. പ്രവാചകന്‍  മൂസാ(അ)യുടെ കഥയില്‍ അതിന് ഉദാഹരണമുണ്ട്. ''മൂസായുടെ മാതാവിന് നാം ബോധനം നല്‍കി. നീ കുഞ്ഞിന് മുലയൂട്ടുക. അവന്റെ കാര്യത്തില്‍ ഭയം തോന്നുന്നുവെങ്കില്‍ അവനെ നദിയില്‍ ഒഴുക്കുക. നീ പേടിക്കേണ്ട, ദുഃഖിക്കുകയും വേണ്ട. അവനെ ഞാന്‍ നിന്നിലേക്ക് തന്നെ തിരിച്ചെത്തിക്കും. ദൂതന്മാരുടെ ഗണത്തില്‍ അവനെ നാം വാഴിക്കുകയും ചെയ്യും'' (ഖുര്‍ആന്‍). ഒരൊറ്റ സൂക്തത്തില്‍ രണ്ട് കല്‍പനകള്‍, രണ്ട് നിരോധങ്ങള്‍, രണ്ട് സന്തോഷ വാര്‍ത്തകള്‍ എന്ന പ്രത്യേകതയും ഈ ആയത്തിനുണ്ട്. ഭയം എന്ന വാക്ക് ഈ സൂക്തത്തില്‍ രണ്ട് തവണ ഉപയോഗിച്ചിട്ടുണ്ട്. മക്കളുടെ കാര്യത്തില്‍ മാതാക്കള്‍ക്കുള്ള ഉത്കണ്ഠയും ആധിയും ഭയവും സ്വാഭാവികമാണെന്ന് 'പേടി'യെക്കുറിച്ച ആദ്യ പരാമര്‍ശത്തില്‍ സൂചനയുണ്ട്. കുട്ടികളെ നന്നായി വളര്‍ത്തുന്നതിലും അവരുടെ വ്യക്തിത്വം വികസിപ്പിക്കുന്നതിലും ഈ ഭയത്തെ എങ്ങനെ സര്‍ഗാത്മകമായി ഉപയോഗപ്പെടുത്താമെന്ന സൂചന 'പേടി'യെക്കുറിച്ച രണ്ടാമത്തെ പരാമര്‍ശത്തില്‍ കാണാം.

നമ്മുടെ സാധാരണ ബുദ്ധി പറയുകയെന്താണ്? മൂസായുടെ മാതാവ് കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലയാണെങ്കില്‍ വളരെ സുരക്ഷയുള്ള ഒരിടത്ത് കുഞ്ഞിനെ പാര്‍പ്പിക്കുക, അല്ലെങ്കില്‍ കുഞ്ഞിനെ ഏതെങ്കിലും കുടുംബാംഗങ്ങളുടെ വീട്ടില്‍ ഒളിപ്പിച്ചു വളര്‍ത്തുക എന്നൊക്കെയായിരിക്കും. പക്ഷേ, അല്ലാഹു നിര്‍ദേശിച്ചതെന്താണ്? നമ്മുടെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും അതീതമായി, കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ഭയമോ ആശങ്കയോ ഉണ്ടെങ്കില്‍, ഒരു രക്ഷാ സാധ്യതയുമില്ലാത്ത കടലില്‍ ഒഴുക്കാനാണ്. ഇതില്‍ ഒരു വലിയ ശിക്ഷണ പാഠമുണ്ട്. മക്കളുടെ ശിക്ഷണത്തില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് കാതോര്‍ത്താല്‍ അല്ലാഹു അവരെ കാത്തുകൊള്ളുമെന്ന മഹത്തായ പാഠം. കുഞ്ഞായിട്ടും സമുദ്രത്തില്‍ മുങ്ങിപ്പോകാതെ മൂസായെന്ന ശിശുവിനെ അല്ലാഹു കാത്തല്ലോ. വളര്‍ന്നു വലുതായപ്പോള്‍ ഫിര്‍ഔനും പരിവാരവും സമുദ്രത്തില്‍ ചത്തൊടുങ്ങിയിട്ടും മൂസയും അനുയായികളും അതേ സമുദ്രത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടുവല്ലോ. 

വിവ: പി.കെ. ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /10-13
എ.വൈ.ആര്‍