Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 24

ഇസ്‌ലാമിക ശരീഅത്ത് ഉദ്ദേശ്യലക്ഷ്യങ്ങളെ അടുത്തറിയാന്‍

മുനീര്‍ മുഹമ്മദ് റഫീഖ് /പുസ്തകം

         ശരീഅത്ത് എന്നു കേള്‍ക്കുമ്പോള്‍ തന്നെ, കൈവെട്ടുകയും കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യുന്ന ശിക്ഷാനിയമമാണെന്ന് മുസ്‌ലിംകളടക്കമുള്ളവര്‍ തെറ്റിദ്ധരിക്കുന്ന സാഹചര്യത്തില്‍, ശരീഅത്തിന്റെ യഥാര്‍ത്ഥ ചിത്രം വരച്ചുകാണിക്കുന്ന കൃതികള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ഇസ്‌ലാമിക ശരീഅത്ത് എന്താണെന്നും അതിന്റെ ഉദ്യേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും സാധാരണക്കാര്‍ക്കു വരെ മനസ്സിലാകുന്ന ലളിതമായ ശൈലിയില്‍, ജീവിക്കുന്ന ഉദാഹരണങ്ങള്‍ നിരത്തി വിവരിക്കുന്ന കൃതിയാണ്, ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ 'ദിറാസതുന്‍ ഫീ ഫിഖ്ഹി മഖാസിദിശ്ശരീഅ ബയ്‌നല്‍ മഖാസിദില്‍ കുല്ലിയ്യ വന്നുസ്വൂസില്‍ ജുസ്ഇയ്യ' (ഇസ്‌ലാമിക ശരീഅത്ത്: പൊതുവായ ലക്ഷ്യങ്ങള്‍ക്കും ഭാഗികമായ പ്രമാണങ്ങള്‍ക്കുമിടയില്‍). ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മുമ്പില്‍വെച്ച് വ്യത്യസ്ത ചിന്താസരണികള്‍ ശരീഅത്തിനെ എങ്ങനെ സമീപിക്കുന്നുവെന്ന് വിവരിക്കുന്ന ശ്രദ്ധേയമായ പഠനമാണിത്.

ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളില്‍നിന്ന് വ്യത്യസ്ത ചിന്താധാരകള്‍ നിയമനിര്‍ധാരണം ചെയ്യുന്നത് എങ്ങനെയെന്നും, അത്തരം സമീപനങ്ങളിലെ പോരായ്മകള്‍ എന്തൊക്കെയാണെന്നും, ശരീഅത്തിനെ മനസ്സിലാക്കേണ്ട ഏറ്റവും ശരിയായതും സന്തുലിതവുമായ രീതിശാസ്ത്രം ഏതാണെന്നും ഗ്രന്ഥകര്‍ത്താവ് വിശദീകരിക്കുന്നു.

ലോകര്‍ക്ക് കാരുണ്യവും നന്മയും ഐശ്വര്യവും എളുപ്പവും പ്രദാനം ചെയ്യുന്ന ശരീഅത്ത് എന്തുകൊണ്ടാണ്, മനുഷ്യരോടും സഹജീവികളോടും ദയാരാഹിത്യം കാണിക്കുന്ന കാടന്‍ നിയമ സംഹിതയായി തെറ്റിദ്ധരിക്കപ്പെടുന്നത് എന്ന ചോദ്യത്തിന്, ശരീഅത്തിനെ സമീപിക്കുന്ന മുസ്‌ലിംകളുടെ രീതിയും അതിന് കാരണമാണെന്ന് ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാട്ടുന്നു. സമകാലിക ലോകത്ത് ശരീഅത്തിനെ നിയമപ്രമാണമായി അംഗീകരിക്കുന്ന ഒരു കൂട്ടര്‍ പ്രമാണങ്ങളെ നിയമനിര്‍ധാരണം നടത്തുന്നതിലെ പിഴവും അതിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. ശരീഅത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അറിയാതെ ഇസ്‌ലാമിക നിയമങ്ങളെ അക്ഷരങ്ങളില്‍ സമീപിക്കുന്നത് ഇതിനെ ഒരുവേള അപരിഷ്‌കൃതമായ ഒരു നിയമസംഹിതയായി മറ്റുള്ളവര്‍ മനസ്സിലാക്കാന്‍ ഇടയാക്കുന്നു.

ഇമാം ഇബ്‌നു ഹസമും ദാഹിരീ നിയമനിര്‍ധാരണ രീതിയും

അഞ്ചു നൂറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ചിരുന്ന വിഖ്യാത പണ്ഡിതനും ഇസ്‌ലാമിക കര്‍മ്മശാസ്ത്ര വിശാരദനുമായ ഇബ്‌നു ഹസമിന്റെ നിയമനിര്‍ധാരണ രീതിയും തുടര്‍ന്നു രൂപപ്പെട്ടുവന്ന ദാഹിരി ചിന്താഗതിയും പുസ്തകത്തില്‍ ഏറെ പ്രതിപാദിക്കപ്പെടുന്നുണ്ട്.

ശൈഖ് അബൂ മുഹമ്മദ് ഇബ്‌നു ഹസം, നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച പ്രതിഭാധനനായ പണ്ഡിതനായിട്ടു കൂടി ഇസ്‌ലാമിക നിയമങ്ങളെ അതിന്റെ അക്ഷരാര്‍ത്ഥത്തില്‍ മാത്രമാണ് മനസ്സിലാക്കിയതെന്ന് അദ്ദേഹത്തോടുള്ള എല്ലാ ആദരവുകളും നിലനിര്‍ത്തിക്കൊണ്ടു തന്നെ ശൈഖ് യൂസുഫുല്‍ ഖറദാവി എഴുതുന്നു. ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന് അദ്ദേഹം നിയമനിര്‍ധാരണം നടത്തിയത് എങ്ങനെയായിരുന്നുവെന്നതിന് ചില ഉദാഹരണങ്ങളും ഖറദാവി ഉദ്ധരിക്കുന്നുണ്ട്.

പ്രവാചകന്റെ ഒരു കല്‍പ്പനയില്‍ നിന്ന് ഇബ്‌നു ഹസം സ്വീകരിക്കുന്ന വിധി ഏറെ കൗതുകകരമാണ്. ഇമാം ബുഖാരി വുദൂഇന്റെ അധ്യായത്തിലും ഇമാം മുസ്‌ലിം ത്വഹാറതിന്റെ അധ്യായത്തിലും ചേര്‍ത്തിട്ടുള്ള ഒരു ഹദീസ് ഇങ്ങനെയാണ്. 'ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിങ്ങള്‍ മൂത്രം ഒഴിക്കരുത്. പിന്നീട് നിങ്ങള്‍ അതില്‍ നിന്ന് സ്‌നാനം നടത്തുകയുമരുത്.' ചില നിവേദനങ്ങളില്‍ 'പിന്നീട് അതില്‍ നിന്ന് നിങ്ങള്‍ വുദുവെടുക്കുകയുമരുത്' എന്നാണ്.

ഈ വെള്ളം കുടിക്കാന്‍ പാടുണ്ടോ എന്ന ചോദ്യത്തിന്, മൂത്രം കലര്‍ന്ന വെള്ളം കുടിക്കാവതല്ല എന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍, ഇബ്‌നു ഹസമിന്റെ അഭിപ്രായത്തില്‍ ഈ വെള്ളം കുടിക്കുന്നത് അനുവദനീയമാണ്. കാരണം മേല്‍ സൂചിപ്പിച്ച പ്രവാചക വചനത്തില്‍ അവിടുന്ന് വുദൂഅ് എുടുക്കുന്നതിനെയും സ്‌നാനം ചെയ്യുന്നതിനെയും മാത്രമേ നിരോധിച്ചിട്ടുള്ളൂ. ''വെള്ളം കുടിക്കാന്‍ പാടില്ല'' എന്ന് പ്രവാചക വചനം കൊണ്ടോ മറ്റു പ്രമാണങ്ങള്‍ വഴിയോ സ്ഥിരപ്പെട്ടിട്ടില്ല. മേല്‍ സൂചിപ്പിച്ച ഹദീസിന്റെ പൊതുവായ താല്‍പ്പര്യം മുന്‍നിര്‍ത്തി, വുദു ചെയ്യാന്‍ പാടില്ലാത്ത, മൂത്രം കലര്‍ന്ന വെള്ളം കുടിക്കാന്‍ പാടില്ല എന്നതിന് ഒരു പ്രത്യേക വിധി വേണ്ട എന്നു സാധാരണക്കാര്‍ക്കു പോലും മനസ്സിലാകുന്നതാണ്. എന്നാല്‍ വുദൂവിന് ബാധകമായ ഹദീസിലെ വിധി, പാനം ചെയ്യുന്ന കാര്യത്തിലേക്കു കൂടി ഖിയാസ് ചെയ്യുകയെന്ന ഭൂരിഭാഗം പണ്ഡിതന്മാരും സ്വീകരിച്ച രീതിയല്ല ഇബ്‌നു ഹസം സ്വീകരിച്ചത്.

ഇതുമായി ബന്ധപ്പെട്ട വിചിത്രമായ മറ്റൊരു വിധികൂടി ഇമാം ഇബ്‌നു ഹസം പുറപ്പെടുവിക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുന്നതിനേ മേല്‍പറഞ്ഞ വിധികള്‍ ബാധകമാകുന്നുള്ളൂ. നേരെ മറിച്ച്, കെട്ടിക്കിടക്കുന്ന വെള്ളത്തിലല്ലാതെ പുറത്ത് മൂത്രമൊഴിക്കുകയും എന്നാല്‍ ആ മൂത്രം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ചേരുകയും ചെയ്താല്‍ വുദു ചെയ്യുന്നതിന് കുഴപ്പമില്ലെന്നാണ് ഇബ്‌നു ഹസം അഭിപ്രായപ്പെടുന്നത്. കാരണം മേല്‍പറഞ്ഞ ഹദീസില്‍, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുന്നതിനെ മാത്രമേ നബി വിലക്കിയിട്ടുള്ളൂ. പുറത്ത് ഒഴിച്ച മൂത്രം, കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് ഒലിച്ചിറങ്ങുന്നത് നബി വിലക്കിയിട്ടില്ല.

‘അക്ഷരാര്‍ഥത്തില്‍ ഹദീസുകളെ വായിക്കുന്ന ഇബ്‌നു ഹസമിന്റെ വിചിത്രമായ വിധികള്‍ക്ക് ഒരുദാഹരണം കൂടി പറയാം. ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ടു ചെയ്ത ഒരു ഹദീസിങ്ങനെയാണ്: 'കന്യകയോട് അവളുടെ വിവാഹത്തിനു സമ്മതം ചോദിക്കണം, മൗനമാണ് അവളുടെ സമ്മതം.' 'ലജ്ജ മൂലം വിവാഹത്തിനു സമ്മതം മൂളാന്‍ കഴിയില്ല അധിക പെണ്‍കുട്ടികള്‍ക്കും എന്നതിനാലാണ് നബി അവളുടെ മൗനം സമ്മതമായി ഗണിക്കാന്‍ കല്‍പ്പിച്ചത്' എന്നാണ് അധിക പണ്ഡിതന്മാരുടെയും അഭിപ്രായം. എന്നാല്‍ ഇബ്‌നു ഹസമിന്റെ അഭിപ്രായത്തില്‍ ഒരു പെണ്‍കുട്ടി വിവാഹത്തിനു സമ്മതമാണെന്ന് തുറന്നുപറഞ്ഞാല്‍ ആ വിവാഹം സാധുവാകുകയില്ല, പെണ്‍കുട്ടി മൗനിയായിക്കൊണ്ട് തന്നെ അവളുടെ സമ്മതം അറിയിക്കണം. കാരണം നബി വചനത്തില്‍ 'പെണ്‍കുട്ടിയുടെ സമ്മതം മൗനമാണ്' എന്നാണുള്ളത്. അതിനാല്‍ മൗനം മാത്രമേ സമ്മതമാകൂ എന്നാണ് ഇമാം ഇബ്‌നു ഹസം അഭിപ്രായപ്പെടുന്നത്.

ഇസ്‌ലാമിലെ നിയമങ്ങള്‍, നിയമങ്ങള്‍ക്കു വേണ്ടിയുള്ള വെറും നിയമങ്ങളല്ലെന്നും അവ മനുഷ്യന് നന്മ വരുത്താനും തിന്മ തടയാനുമുള്ളതാണെന്നുമുള്ള ശരീഅത്തിനെ സംബന്ധിച്ചുള്ള പ്രാഥമിക ജ്ഞാനമാണ് നിയമനിര്‍ദേശങ്ങളെ അക്ഷരങ്ങളില്‍ മാത്രം വായിക്കുന്നവര്‍ കാണാതെ പോകുന്നത്.

പുത്തന്‍ അക്ഷര പൂജകര്‍

ഇബ്‌നു ഹസമിന്റെ നിര്‍ധാരണ രീതി കടമെടുത്ത്, നിയമങ്ങള്‍ക്കു പിന്നിലെ ഉദ്ദേശ്യങ്ങളും കാരണങ്ങളും നോക്കാതെ അക്ഷരങ്ങളില്‍ നിന്ന് വിധികള്‍ പുറപ്പെടുവിക്കുന്ന വലിയൊരു വിഭാഗം ഇക്കാലത്തും ഇസ്‌ലാമിക ലോകത്ത് സജീവമാണ്. ഇസ്‌ലാമിക നിയമങ്ങളുടെ പൊതുവായ അന്തസ്സത്ത മനസ്സിലാക്കാതെ ഭാഗികമായോ, സാന്ദര്‍ഭികമായോ ശരീഅത്ത് സൂചിപ്പിക്കുന്ന നിയമശാസനകളെ മുറുകെ പിടിക്കുന്ന ഇവര്‍ പലപ്പോഴും ശരീഅത്തിന്റെ അന്തസ്സത്തയെയോ യഥാര്‍ഥ ലക്ഷ്യങ്ങളെയോ അല്ല പ്രതിനിധീകരിക്കുന്നത്. ദീനിനോടുള്ള അവരുടെ സ്‌നേഹവും ആത്മാര്‍ത്ഥതയും നിഷ്‌കളങ്കമായിരിക്കും. ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പണിയെടുക്കുകയും ചെയ്യുന്നവരാണവര്‍. എന്നാല്‍ ആധുനിക ലോകത്ത് അവര്‍ അവതരിപ്പിക്കുന്ന ശരീഅത്ത് എത്ര പ്രാകൃതവും പഴഞ്ചനുമാണെന്ന് ഏതൊരു പരിഷ്‌കൃതനും പറയും വിധം പിന്തിരിപ്പനായിരിക്കും എന്ന് മാത്രം. കുഴപ്പം ഇസ്‌ലാമിക ശരീഅത്തിന്റെതല്ലെന്ന് തീര്‍ച്ച. അതിനെ മനസ്സിലാക്കുന്നതിലാണ് അപാകത.

സ്ത്രീകളുടെ പൊതുരംഗ പ്രവേശം, സ്ത്രീ ഡ്രൈവിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പിന്തിരിപ്പന്‍ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നത്, ശരീഅത്ത് അങ്ങനെയാണ് സ്ത്രീകളോടു കല്‍പ്പിച്ചിട്ടുള്ളത് എന്ന നിലക്കാണ്. പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ പോലും സ്ത്രീകളെ മത്സരിപ്പിക്കരുതെന്നും മുസ്‌ലിം രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണനിര്‍വഹണത്തില്‍ പങ്കാളിത്തം പാടില്ലെന്നും ശരീഅത്തിന്റെ നിയമശാസനയായി ഇവര്‍ മനസ്സിലാക്കുന്നു. ഭരണാധികാരിക്ക് അധികാരത്തിന് ഒരു കാലപരിധി നിശ്ചയിക്കണമെന്നും തെരഞ്ഞെടുപ്പിലൂടെ ഭരണാധികാരിയെ നിശ്ചയിക്കലാണ് ശരീഅത്തിന്റെ താല്‍പ്പര്യം എന്നും പറഞ്ഞാല്‍, അത് 'കാഫിരീ'ങ്ങളെ അനുകരിക്കലാണെന്ന് അവര്‍ പറയും. ജനാധിപത്യ പ്രക്രിയയെ ഒരു നിലക്കും അംഗീകരിക്കാനാകില്ലെന്നും അത് പാശ്ചാത്യ സൃഷ്ടിയാണെന്നും അവര്‍ പറഞ്ഞു കളയും! ഭരണാധികാരി ജീവിതകാലം മുഴുവന്‍ ഭരണാധികാരിയായി തുടരുന്നതില്‍ അവര്‍ ഒരു അനിസ്‌ലാമികതയും കാണില്ല. അതാവണവരുടെ ശരീഅത്ത്. ഇസ്‌ലാമിന്റെ അന്തസ്സത്തയേക്കാള്‍ ഇക്കൂട്ടര്‍ പ്രതിനിധീകരിക്കുന്നത് ബാഹ്യമായ ഇസ്‌ലാം പ്രതിനിധാനങ്ങളെയാണ്. പുരുഷന്‍മാര്‍ താടി നീട്ടി വളര്‍ത്തിയും, വസ്ത്രങ്ങള്‍ ഞെരിയാണിക്കു മുകളിലേക്ക് പൊക്കിയും സ്ത്രീകള്‍ മുഖം കൂടി മറയുന്ന നിഖാബുകള്‍ ധരിച്ചും ദീനിനെ കണിശതയോടെ പിന്തുടരുന്നു.

പ്രവാചക കാലത്തെ പണമിടപാട്, ഇന്നത്തെ പോലെ കറന്‍സികളിലല്ലായിരുന്നുവെന്നതിനാല്‍, ഇന്നത്തെ കറന്‍സി നമ്മുടെ കൈയില്‍ എത്രയധികമുണ്ടെങ്കിലും അതിന് സകാത്തില്ലെന്ന് വാദിക്കുന്നു അവരില്‍ ചിലര്‍. എന്നാല്‍ അതിനേക്കാള്‍ വിചിത്രം, ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി, ഇമാം ശൗകാനി(റ)യെ പോലെ ഹദീസ് വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയ പണ്ഡിതന്മാര്‍, കച്ചവടത്തില്‍ നിന്നുണ്ടാകുന്ന സമ്പത്തിന് സകാത്തില്ല എന്നു വിധി പറഞ്ഞതാണ്. ഇമാം ശൗകാനി നമ്മുടെ കാലത്ത് ജീവിക്കുകയും, ബിസിനസില്‍ കോടികള്‍ സമ്പാദിക്കുന്ന സമ്പന്നരെ കാണുകയും ചെയ്തിരുന്നെങ്കില്‍, തീര്‍ച്ചയായും അദ്ദേഹത്തിന് ഈ വിഷയത്തില്‍ മറിച്ചൊരഭിപ്രായമാവും ഉണ്ടാവുക. എന്നാല്‍ നമ്മുടെ ഈ കാലത്ത് ജീവിച്ച ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി കച്ചവടത്തില്‍ നിന്നുള്ള വരുമാനത്തിന് സകാത്തില്ല എന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയും താന്‍ പറയുന്നത് മാത്രമാണ് ഇസ്‌ലാമിക വിധി എന്ന് ശഠിക്കുകയും ചെയ്യുന്നു. കച്ചവടത്തില്‍ നിന്നുള്ള ധനത്തിന് സകാത്തില്ലെന്ന ശിയാക്കളുടെ വാദത്തോടാണ് നിര്‍ഭാഗ്യവശാല്‍ നാസ്വിറുദ്ദീന്‍ അല്‍ബാനിയും ഇവ്വിഷയകമായി ചേര്‍ന്നു നില്‍ക്കുന്നത്. ഇസ്‌ലാമിക പ്രമാണങ്ങളെ അക്ഷരങ്ങളില്‍ വായിക്കുകയും അതാണ് ഇസ്‌ലാമിക നിയമമെന്ന് ശഠിക്കുകയും ചെയ്തതിന്റെ ഫലമാണ് ഇതെന്നും ഡോ. യൂസുഫുല്‍ ഖറദാവി മുന്നറിയിപ്പു നല്‍കുന്നു. പുത്തന്‍ അക്ഷര പൂജകര്‍ എന്ന് ഗ്രന്ഥകര്‍ത്താവ് പരിചയപ്പെടുത്തുന്ന, ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പറ്റി ഒട്ടും ചിന്തിക്കാതെ വാക്കര്‍ത്ഥങ്ങളെ ആസ്പദിച്ച് ശരീഅത്തിന്റെ നിയമങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ ശരീഅത്തിന്റെ അന്തസ്സത്തയെ തരിമ്പും ഉള്‍ക്കൊള്ളാതെ ഉപരിപ്ലവമായാണ് ഇസ്‌ലാമിക നിയമങ്ങളെ വായിക്കുന്നതെന്നു വരച്ചു കാണിക്കുന്നതാണ് ഈ കൃതി.

ശരീഅത്ത് പരിഷ്‌ക്കരണവാദികള്‍

ഖറദാവി പരിചയപ്പെടുത്തുന്ന മറ്റൊരു വിഭാഗം, ഇസ്‌ലാമിക ശരീഅത്തില്‍ കാലികമായ അഴിച്ചുപണികള്‍ വേണമെന്ന വാദമുയര്‍ത്തി തങ്ങളുടെ ഇച്ഛകള്‍ക്കനുസൃതമായി ശരീഅത്തിനെ മാറ്റിത്തിരുത്താന്‍ ശ്രമിക്കുന്നവരാണ്. ഈ കാലഘട്ടത്തിനും അതിലെ ജീവിതക്രമങ്ങള്‍ക്കുമനുസരിച്ച് ഇസ്‌ലാമിക ശരീഅത്തിനെ മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളിലേക്കു വലിച്ചിഴക്കുന്നവരാണവര്‍. ചെരുപ്പിനനുസരിച്ച് കാല്‍ മുറിക്കുന്നവര്‍. അല്ലാഹുവിന്റെ ശരീഅത്തിനെ കുറിച്ച് വേണ്ടത്ര ജ്ഞാനമില്ലാത്തവരാണ് ഇവരില്‍ അധിക പേരും. പടിഞ്ഞാറന്‍ ആശയങ്ങള്‍ക്ക് മനസ്സും ശരീരവും അടിയറവ് വെച്ച ഇക്കൂട്ടരും ശരീഅത്തിനെ വികലമായി സമീപിക്കുന്നവരാണ്. ദിവ്യബോധനത്തേക്കാള്‍ മനുഷ്യബുദ്ധിക്ക് പ്രാധാന്യം കല്‍പ്പിക്കുന്നവരാണിവര്‍.

ശരീഅത്തിനെ സന്തുലിതമായി സമീപിക്കുന്നവര്‍

ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കു പിന്നിലെ ലക്ഷ്യങ്ങളും അതിന്റെ കാരണങ്ങളും യുക്തിയും മനസ്സിലാക്കി, അതിന്റെ അടിസ്ഥാനത്തില്‍ ശരീഅത്ത് വിധികള്‍ നിര്‍ധാരണം ചെയ്യുന്ന മൂന്നാമത്തെ കൂട്ടരാണ് ശരിയായ പാതയിലുള്ളവരെന്ന് ശൈഖ് ഖറദാവി അടിവരയിടുന്നു.

അല്ലാഹുവിന്റെ ശരീഅത്തിനെ കുറിച്ച് കൃത്യമായി മനസ്സിലാക്കുന്ന ഇക്കൂട്ടര്‍ നിയമങ്ങളെ അതിന്റെ സമഗ്രതയില്‍ നോക്കിക്കാണുകയും സന്തുലിതമായി സമീപിക്കുകയും ചെയ്യുന്നവരാണ്. അല്ലാഹുവിന്റെ നിയമങ്ങള്‍, നിയമങ്ങള്‍ക്കു വേണ്ടിയുള്ള കേവല നിയമങ്ങളല്ലെന്നും, അതിനു പിന്നില്‍ അല്ലാഹു വ്യക്തമാക്കുകയോ മറച്ചുവെക്കുകയോ ചെയ്ത യുക്തിയും നന്മകളുമുണ്ടെന്നും അതിന്റെ പൂര്‍ത്തീകരണത്തിനുള്ളതാണ് ഇസ്‌ലാമിക ശരീഅത്തെന്നും മനസ്സിലാക്കുന്നവരാണവര്‍. നിയമങ്ങളെ കാലിക ലോകത്ത് വായിക്കുകയും അവയുടെ പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക അടിത്തറയില്‍ ഊന്നിനിന്നുകൊണ്ട് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇക്കൂട്ടരുടെ സമീപനങ്ങളില്‍ സന്തുലിതത്വവും എളുപ്പവുമാണ് കാണാനാവുക. ശരീഅത്തിന്റെ നിയമങ്ങളെ കര്‍ക്കശവും തീവ്രവുമായ ശൈലിയില്‍നിന്നും കെട്ടിക്കുടുക്കുകളില്‍നിന്നും മുക്തമാക്കി, അയത്‌നലളിതവും സുന്ദരവുമായാണ് ഇക്കൂട്ടര്‍ അവതരിപ്പിക്കുക. ശരീഅത്ത് നന്മയും ഐശ്വര്യവും എളുപ്പവുമായി മനുഷ്യരാശിക്ക് അനുഭവപ്പെടുക ശരീഅത്തിനെ അവ്വിധം സമീപിക്കുമ്പോഴാണ്. ഇസ്‌ലാമിന്റെ ഭാഗികമായ പല പ്രമാണങ്ങളെയും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി സാര്‍വത്രിക നിയമമായി അവതരിപ്പിക്കുന്നവര്‍, നിയമങ്ങളുടെ പിന്നിലെ അന്തസ്സത്ത അറിയാത്തവരോ അറിയാന്‍ ശ്രമിക്കാത്തവരോ ആണ്. ഇസ്‌ലാമിക ശരീഅത്തിനെ അതിന്റെ യഥാര്‍ഥ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ മനസ്സിലാക്കുന്ന ഏതാനും സമകാലിക പണ്ഡിതരുടെ വ്യത്യസ്ത വിഷയങ്ങളിലെ സമഗ്രവും സന്തുലിതവുമായ ഏതാനും ഫത്‌വകളാണ് പുസ്തകത്തിന്റെ അവസാന ഭാഗത്തില്‍. കയ്‌റോ ആസ്ഥാനമായുള്ള ദാറുശ്ശുറൂഖാണ് 288 പേജുകളുള്ള ഗ്രന്ഥം പുറത്തിറക്കിയിരിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /10-13
എ.വൈ.ആര്‍