Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 24

മദ്‌റസാ വിദ്യാഭ്യാസ രംഗത്തെ സി.ഐ.ഇ.ആറിന്റെ ഇടപെടലുകള്‍

അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി /കവര്‍‌സ്റ്റോറി

         മതപഠനം ഔപചാരികമായും വ്യവസ്ഥാപിതമായും പ്രാഥമിക തലത്തില്‍ സംവിധാനിച്ച അര ഡസനോളം ഏജന്‍സികള്‍ മുസ്‌ലിം കേരളത്തിലുണ്ട്. അവയില്‍ ഏറ്റവും അവസാനമായി രംഗത്തുവന്നത് കോഴിക്കോട് മര്‍കസുദ്ദഅ്‌വ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഇസ്്‌ലാമിക് എജുക്കേഷന്‍ ആന്റ് റിസര്‍ച്ച് (CIER) എന്ന സ്ഥാപനമാണ്. വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ സമീപനങ്ങളും നൂതന സങ്കേതങ്ങളും പഠനരംഗത്ത് സി.ഐ.ഇ.ആര്‍ ഉപയോഗിച്ചിട്ടുണ്ട്. കാലഘട്ടത്തെ അറിഞ്ഞ കരിക്കുലം, ശിശു കേന്ദ്രീകൃത സിലബസ്, ശിശു സൗഹൃദ പാഠപുസ്തകങ്ങള്‍, ജീവിതബന്ധിയായ പഠന പ്രവര്‍ത്തനങ്ങള്‍, പൊതു വിദ്യാഭ്യാസത്തില്‍ നേടിയ അറിവുകള്‍ മതപഠനവുമായി ബന്ധിപ്പിക്കല്‍, സ്വയം പഠനത്തിനു പര്യാപ്തമായ മെത്തഡോളജി, പ്രായത്തിനനുസരിച്ച വിഷയ വിന്യാസം, മാനസിക വളര്‍ച്ചക്കുതകുന്ന പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സജീവമായി പരിഗണിച്ചുകൊണ്ടാണ് സി.ഐ.ഇ.ആര്‍ മദ്‌റസാ സംവിധാനം വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ വിദ്യാഭ്യാസ സമീപന രേഖ, അധ്യാപക സഹായികള്‍, അധികവായനാ സാമഗ്രികള്‍ എന്നിവ തയാറാക്കുകയും സമയബന്ധിതമായ അധ്യാപക ശാക്തീകരണ സംവിധാനം, രക്ഷിതാക്കള്‍ക്ക് ബോധവത്കരണം, മാനേജ്‌മെന്റ് സഹകരണ പരിപാടികള്‍ തുടങ്ങിയവ നടത്തിവരികയും ചെയ്യുന്നു. പത്താംതരം വരെ ഔപചാരിക മതപഠനം ലക്ഷ്യം വെക്കുന്നു. ഏഴാംതരം വരെ ടെക്സ്റ്റ് ബുക്കുകള്‍ തയാറാക്കിയിട്ടുണ്ട്. അഞ്ചാംതരം വരെ ഇംഗ്ലീഷ് പുസ്തകങ്ങളും പുറത്തിറക്കി.

വിവിധ തലങ്ങളില്‍ മദ്‌റസാ പഠനം കാര്യക്ഷമമാക്കിയിട്ടും മുസ്‌ലിം സമുദായം ഈ രംഗത്ത് വ്യയം ചെയ്യുന്ന ഊര്‍ജത്തിന് പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുന്നില്ല എന്നു തന്നെയാണ്  പൊതു അഭിപ്രായം. കാരണങ്ങള്‍ പലതാണ്. പ്രശ്‌നപരിഹാരത്തിന് പാഠ്യപദ്ധതി മാറിയതുകൊണ്ട് മാത്രമായില്ല. ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. 

1. അധ്യാപകന്റെയോ പാഠപുസ്തകത്തിലെയോ വിവരം കുട്ടികള്‍ക്ക് കൈമാറുന്ന 'തഅ്‌ലീം' എന്നതില്‍ നിന്ന് മാറി, കുട്ടികളെ പ്രായോഗിക തലത്തില്‍ ദീന്‍ അഭ്യസിപ്പിക്കുന്ന 'തര്‍ബിയ'യാണ് മദ്‌റസയില്‍ നടക്കേണ്ടത്. 2. മദ്‌റസയില്‍ പഠിക്കുന്നതോടൊപ്പം ഈ 'തര്‍ബിയ'യില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. 3. പഠിക്കുന്ന തത്ത്വങ്ങള്‍ക്ക് റോള്‍ മോഡലുകള്‍ കാണുന്നില്ല എന്നത് കുട്ടിയില്‍ വിപരീത ഫലം ചെയ്യുകയാണ്. 4. മീഡിയ സമൂഹത്തെ നയിക്കുന്നത് വിപരീത ദിശയിലേക്കാണ് എന്നത് ഒരു വലിയ വെല്ലുവിളിയാണ്.

മദ്‌റസാ പഠനം ഇടക്ക് നിര്‍ത്തിയവരോ അല്ലാത്തവരോ ആയി പുറത്തു നില്‍ക്കുന്നവര്‍ക്കു വേണ്ടി അവധി ദിന ക്ലാസ്സുകള്‍ വ്യവസ്ഥാപിതമായി നടത്താവുന്നതാണ്. അത്തരം ക്ലാസ്സുകളിലെ പാഠ്യവസ്തു ഏകീകരിക്കാന്‍ സി.ഐ.ഇ.ആര്‍ ഒരു പാഠപുസ്തകം തയാറാക്കിയിട്ടുണ്ട് (ധര്‍മപാഠങ്ങള്‍).

ഇംഗ്ലീഷ് മീഡിയം സിലബസിനോടൊപ്പം നല്‍കപ്പെടുന്ന മോറല്‍ സ്റ്റഡീസ് അപര്യാപ്തമാണ്. കാരണങ്ങള്‍: ഒന്ന്, സമയ പരിമിതി. രണ്ട്, ഇംഗ്ലീഷ് മീഡിയത്തില്‍ മതാധ്യാപനം നടത്താന്‍ അധ്യാപകരുടെ പരിമിതി. മൂന്ന്, ഇംഗ്ലീഷ് ടെക്സ്റ്റ് പുസ്തകങ്ങളുടെ അഭാവം (സി.ഐ.ഇ.ആര്‍ അഞ്ചാംതരം വരെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ പുറത്തിറക്കിയിരിക്കുന്നു).

മതപഠന രംഗത്ത് മുസ്്‌ലിം സംഘടനകള്‍ ശ്രദ്ധിക്കേണ്ട ചില നിര്‍ദേശങ്ങള്‍: താത്വിക പഠനത്തിനപ്പുറം പ്രായോഗികതക്കും പ്രാധാന്യം നല്‍കണം. കേവല പഠനത്തോടൊപ്പം ചിന്തോദ്ദീപനവും കൂടി- പ്രത്യേകിച്ച് മുതിര്‍ന്ന ക്ലാസ്സുകളില്‍- വേണം. ഐ.ടി ഉള്‍പ്പെടെ ആധുനിക സങ്കേതങ്ങളുപയോഗിച്ച് മതാധ്യാപനത്തിനു മാററു കൂട്ടണം. മതാധ്യാപനത്തിന്റെ നെടുംതൂണായ അധ്യാപകര്‍ക്ക് മിനിമം യോഗ്യതയും നിശ്ചിത പരിശീലനവും നിര്‍ബന്ധമാക്കണം. അധ്യാപകരുടെ മാസവേതന വ്യവസ്ഥകള്‍ കാലികമായി പരിഷ്‌കരിക്കണം. അധിക വായനക്ക് ഉപയോഗിക്കാവുന്ന മദ്‌റസ ലൈബ്രറികള്‍ സ്ഥാപിച്ച് പ്രയോജനപ്പെടുത്തണം.സര്‍വോപരി കുട്ടികളില്‍ മദ്‌റസാ പഠനത്തോട് ആഭിമുഖ്യം വളര്‍ത്തണം. അശാസ്ത്രീയമായ ശിക്ഷാ മുറകള്‍ക്ക് പകരം സ്‌നേഹ ശുശ്രൂഷാ നിര്‍ഭരമായ ശിക്ഷണമാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ടത്. 

(സി.ഐ.ഇ.ആര്‍ സമിതിയംഗമാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /10-13
എ.വൈ.ആര്‍