അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ്യ മതപഠനരംഗത്ത് ഖത്തറിലെ മലയാളി മുസ്‌ലിം സമൂഹത്തിന്റെ പ്രതിനിധാനം
മതപഠനം ജീവിതത്തിന്റെ ഭാഗമാണ്. സന്താനങ്ങളുടെ സന്തുലിത വ്യക്തിത്വ വികാസത്തിന് അത്യന്താപേക്ഷിതമാണത്. മക്കളെ ഉത്തമ പൗരന്‍മാരും നല്ല മനുഷ്യരും സംസ്‌കാര സമ്പന്നരുമാക്കി വളര്‍ത്തിക്കൊണ്ടുവരുന്നതിന് മതപഠനത്തിന് അനല്‍പമായ പങ്കുണ്ട്. മതാഭിമുഖ്യമുള്ള ജീവിതം നയിക്കുന്നതിന് മതത്തിന്റെ വിശ്വാസ പ്രമാണങ്ങളും അനുഷ്ഠാന വിധികളും അറിഞ്ഞിരിക്കണം. ഉത്തമ സ്വഭാവ രൂപവല്‍ക്കരണത്തിന് സഹായകമായ ധാര്‍മിക ശിക്ഷണ വ്യവസ്ഥകളും സദാചാര മൂല്യങ്ങളും സ്വായത്തമാക്കണം. വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും പാലിക്കപ്പെടേണ്ട അച്ചടക്ക ശീലങ്ങളും മര്യാദകളും ആര്‍ജിക്കണം. ഉപര്യുക്ത ലക്ഷ്യ സാക്ഷാത്കാരത്തിന് മതപഠനം അനിവാര്യമാണ്. മുസ്‌ലിം സമൂഹം എക്കാലത്തും അതിനുള്ള സംവിധാനമൊരുക്കാന്‍ പ്രതിജ്ഞാബദ്ധരായിരുന്നു. മുസ്‌ലിം ലോകത്തെ വിശ്രുതങ്ങളായ കലാലയങ്ങളുടെ സ്ഥാപനത്തിന് പിന്നിലെ ലക്ഷ്യം മറ്റൊന്നായിരുന്നില്ല. ഇസ്‌ലാമിക സംസ്‌കാരത്തെ പുഷ്‌കലമാക്കുന്നതിലും മതവിജ്ഞാനം വികസിപ്പിക്കുന്നതിലും സംസ്‌കാര സമ്പന്നരായ ഒരു തലമുറയെ സൃഷ്ടിക്കുന്നതിലും മദ്‌റസകള്‍ വഹിച്ച പങ്ക് അദ്വിതീയമാണ്.
1980 കാലഘട്ടത്തില്‍ ഖത്തറിലെ മലയാളി പ്രവാസികളില്‍ സകുടുംബം താമസിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരുന്ന സന്ദര്‍ഭം. സ്‌കൂള്‍ പഠനത്തോടൊപ്പം പ്രാഥമിക മതപാഠങ്ങള്‍ പഠിക്കുന്നതിനും മദ്‌റസകള്‍ ആവശ്യമായി വന്നു. തദാവശ്യാര്‍ഥം 1985-86 ല്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ ആരംഭിച്ച സായാഹ്ന മദ്‌റസയാണ് അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ്യയായി പരിണമിച്ചത്. ബിദയിലെ കെ.സി.ആര്‍ അബ്ദുര്‍റഹ്മാന്‍ (ചേന്ദമംഗല്ലൂര്‍) ന്റെ മുറിയിലും പിന്നീട് ഫരീഖ് അബ്ദുല്‍ അസീസിലെ കെ.സി. മൊയ്തീന്‍ കോയയുടെ വസതിയിലുമായിരുന്നു മദ്‌റസ ആരംഭിച്ചത്. തുടക്കത്തില്‍ ആറ് പേരാണ് പഠിതാക്കളായി ഉണ്ടായിരുന്നത്. ഖത്തറിലെ മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ യാഥാര്‍ഥ്യമായതോടെ മദ്‌റസ സ്‌കൂള്‍ ആ ബില്‍ഡിംഗിലേക്ക് മാറ്റി. ഇക്കാലത്ത് കെ.സി.ആറിന് പുറമെ മര്‍ഹൂം കുഞ്ഞുമോയിന്‍ മാസ്റ്റര്‍ (മൊറയൂര്‍) അധ്യാപകനായി വന്ന് ചേര്‍ന്നു.
2003 ല്‍ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ്യ ഖത്തര്‍ മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടു. മജ്‌ലിസില്‍ അഫിലിയേറ്റ് ചെയ്യപ്പെടുന്ന ഗള്‍ഫിലെ ആദ്യ മദ്‌റസയാണിത്. മൂന്ന് പതിറ്റാണ്ടിന്റെ വിജയത്തിന്റെ പടവുകള്‍ കയറുന്നതിനിടക്ക് ദോഹ മദ്‌റസയില്‍ നിന്ന് ശതക്കണക്കിന് വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ പഠനം പൂര്‍ത്തിയാക്കി. ഒട്ടേറെ പേര്‍ ഭാഗികമായി പഠിച്ച് പുറത്തിറങ്ങി. ഇന്നിപ്പോള്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ കീഴില്‍ ദോഹ മദ്‌റസക്ക് പുറമെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലും സ്‌കോളേഴ്‌സ് ഇന്റര്‍നേഷണല്‍ സ്‌കൂളിലും അടക്കം ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് മദ്‌റസകള്‍ കൂടി പ്രവര്‍ത്തിക്കുന്നു. 3000-ത്തോളം വിദ്യാര്‍ഥികള്‍ അവയില്‍ പഠിക്കുന്നു. 150-ല്‍ പരം അധ്യാപകര്‍ സേവനം ചെയ്യുന്നു. വ്യാഴം വൈകുന്നേരവും വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ മുതല്‍ ഉച്ച വരെയുമാണ് മദ്‌റസ സമയം ക്രമീകരിച്ചിട്ടുള്ളത്. രണ്ട് മദ്‌റസകളില്‍ അധ്യയന ദിവസത്തിലും സമയത്തിലും ചില്ലറ മാറ്റം വരുത്തിയിട്ടുണ്ട്. പരമ്പരാഗത മദ്‌റസാ സങ്കല്‍പങ്ങള്‍ക്കും പഠനപ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം നൂതനവും ശാസ്ത്രീയവുമായ സങ്കേതങ്ങളും ആവിഷ്‌കാരങ്ങളുമാണിവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഉദ്ദേശ്യലക്ഷ്യങ്ങള്‍
ജീവിതം വിശുദ്ധ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്നതിന് ആവശ്യമായ ഇസ്‌ലാമിക വിജ്ഞാനവും പരിശീലനവും നല്‍കുക.
വിദ്യാര്‍ഥികളില്‍ ഇസ്‌ലാമിനെക്കുറിച്ച് സുബദ്ധവും സമഗ്രവുമായ അറിവും വീക്ഷണവും വളര്‍ത്തിയെടുക്കുക.
വിദ്യാര്‍ഥികളുടെ ഇസ്‌ലാമിക വ്യക്തിത്വ രൂപീകരണത്തിനും സ്വഭാവ സംസ്‌കരണത്തിനും ആവശ്യമായ ശിക്ഷണവും പ്രോല്‍സാഹനവും നല്‍കുക.
ഇസ്‌ലാമിന്റെ മാനവികമുഖം ഉയര്‍ത്തിക്കാട്ടുന്ന തലമുറയെ വളര്‍ത്തിയെടുക്കുക.
കലാഭിരുചി, സര്‍ഗാത്മകത, വായനാശീലം, സാമൂഹികാവബോധം എന്നിവ വളര്‍ത്തുക.
പൊതുവിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്താന്‍ ആവശ്യമായ പ്രോല്‍സാഹനവും പ്രേരണയും നല്‍കുക.
ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വ്യതിരിക്തതയും അതിജീവനശക്തിയും ബോധ്യപ്പെടുത്തുകയും ഏത് പ്രതികൂല സാഹചര്യത്തിലും അതിലുറച്ചുനില്‍ക്കാന്‍ കഴിയും വിധം സാംസ്‌കാരിക പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുക.
തനിക്കും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്പെടുന്ന ഉത്തമ പൗരന്മാരായി കുട്ടികളെ വളര്‍ത്തുന്നതിനാവശ്യമായ പ്രോത്സാഹനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുക.
വിദ്യാര്‍ഥികളെ ഇസ്‌ലാമിക മൂല്യങ്ങളിലൂടെയും ഇസ്‌ലാമിക സംസ്‌കൃതിയിലൂടെയും വളര്‍ത്തിക്കൊണ്ടുവരിക.
ഭാവിജീവിതത്തില്‍ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യാനും ഇസ്‌ലാമിക സംസ്‌കാരവും ഐഡന്റിറ്റിയും നിലനിര്‍ത്താനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക.
പാഠ്യപദ്ധതി
1 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍ 'മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി-കേരള'യുടെ പാഠപുസ്തകങ്ങളും 9, 10 ക്ലാസുകളില്‍ മദ്‌റസാ അക്കാദമിക് കൗണ്‍സില്‍ തയാറാക്കിയ പാഠപുസ്തകങ്ങളുമാണ് പഠിപ്പിക്കുന്നത്. തജ്‌വീദ് നിയമങ്ങള്‍ അനുസരിച്ചുള്ള ഖുര്‍ആന്‍ പാരായണം, മനഃപാഠം, ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ്, ഹദീസ് നിദാന ശാസ്ത്രം, ഫിഖ്ഹ്, വിശ്വാസകാര്യങ്ങള്‍, സ്വഭാവ സംസ്‌കരണ പാഠങ്ങള്‍, ഇസ്‌ലാമിക ചരിത്രം, അറബി ഭാഷ, ഇസ്‌ലാമിക പൊതുവിജ്ഞാനം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പാഠ്യപദ്ധതി. സെക്കന്ററി ക്ലാസുകളിലെ കര്‍മശാസ്ത്രത്തില്‍ ഇസ്‌ലാമിക വൈവാഹിക നിയമങ്ങള്‍, കുടുംബ സംവിധാനം, സാമൂഹിക ജീവിത വ്യവഹാരങ്ങളിലെ അനുവദനീയതകളുടെയും നിഷിദ്ധങ്ങളുടെയും വിശദമായ പഠനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഡോ. യൂസുഫുല്‍ ഖറദാവിയുടെ 'വിധിവിലക്കുകള്‍' അവലംബിച്ച് തയ്യാറാക്കിയ പുസ്തകമാണിതിന് നിശ്ചയിച്ചിട്ടുള്ളത്. പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിക് സ്റ്റഡീസില്‍ (അല്‍ ബുഹൂസ്) ഇസ്‌ലാമിന്റെ സമഗ്രത, ഇസ്‌ലാമിന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ധാര്‍മിക ജീവിത വ്യവസ്ഥകള്‍, ഇതര പ്രത്യയശാസ്ത്രങ്ങളും ഇസ്‌ലാമും താരതമ്യ പഠനം, ഇന്ത്യയും ഇസ്‌ലാമും, ഇന്ത്യന്‍ സംസ്‌കാരത്തിന് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍, ഇസ്‌ലാമിക നവോത്ഥാനം, ആധുനിക നവോത്ഥാന പ്രസ്ഥാനങ്ങള്‍, ഇസ്‌ലാമിക ശരീഅത്തിന്റെ മൗലികാടിത്തറകള്‍, ഇസ്‌ലാമിക ശരീഅത്തും ഇന്ത്യയിലെ വ്യക്തിനിയമവും, ഇസ്‌ലാമിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളുടെ ഖണ്ഡനം, ഇസ്‌ലാമിലെ ജിഹാദ്, മതമൗലികവാദവും ഭീകരവാദവും ഇസ്‌ലാമിക സമീപനം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഖത്തര്‍ റിലീജിയസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിപ്പിക്കുന്ന 'അല്‍ ബുഹൂസ്' എന്ന കൃതി മുഖ്യമായും അവലംബിച്ച് തയ്യാറാക്കിയ പാഠപുസ്തകമാണ് ഇതിന് ഉപയോഗിക്കുന്നത്.
അക്കാദമിക് കൗണ്‍സില്‍
പഠനനിലവാരം മെച്ചപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക, കരിക്കുലവും സിലബസും ടെക്സ്റ്റ് ബുക്കുകളും പരിശോധിക്കുക, പരിഷ്‌കരിക്കുക, അധ്യാപക പരിശീലനപരിപാടി സംഘടിപ്പിക്കുക, പരീക്ഷാരീതി കാലോചിതവും ശാസ്ത്രീയവുമാക്കുക, നൂതന ബോധനരീതികള്‍ നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ അക്കാദമിക് കൗണ്‍സില്‍ പ്രവര്‍ത്തിച്ചുവരുന്നു.
സ്റ്റാഫ് കൗണ്‍സില്‍
വിദ്യാര്‍ഥികളുടെ പഠനനിലവാരം, അച്ചടക്ക-ശിക്ഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും മദ്‌റസയുടെ പുരോഗതിക്കാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും സ്റ്റാഫ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നു. സ്റ്റാഫ് കൗണ്‍സിലിന് മാര്‍ഗനിര്‍ദേശം നല്‍കുന്നത് സ്റ്റാഫ് എക്‌സിക്യൂട്ടീവാണ്.
സാഹിത്യസമാജവും കലാമത്സരങ്ങളും
വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്താനും പരിപോഷിപ്പിക്കാനും കലാ-സാഹിത്യ മത്സരങ്ങളും ക്ലാസടിസ്ഥാനത്തില്‍ സാഹിത്യ സമാജങ്ങളും നടന്നുവരുന്നു.
ക്വിസ് പ്രോഗ്രാം
വിദ്യാര്‍ഥികളില്‍ ജനറല്‍ നോളജും ഇസ്‌ലാമിക നോളജും വര്‍ധിപ്പിക്കുന്നതിന് ക്ലാസടിസ്ഥാനത്തില്‍ ക്വിസ് മത്സരം നടത്തി ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് വര്‍ഷാവസാനം സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നു. ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ചും ഹിജ്‌റ വര്‍ഷാരംഭത്തിലും തല്‍സംബന്ധമായ വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
മിസ്‌ക്
മദ്‌റസയിലെ പഠനത്തിനും ധാര്‍മിക ശിക്ഷണത്തിനും പുറമെ മുതിര്‍ന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഇസ്‌ലാമിക വ്യക്തിത്വ രൂപീകരണവും ദൈനംദിന ജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങളുടെ പ്രയോഗവല്‍ക്കരണവും ലക്ഷ്യം വെച്ച് രൂപം കൊടുത്ത വിദ്യാര്‍ഥി കൂട്ടായ്മയാണ് മിസ്‌ക്. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ഊഷ്മളവും സൗഹൃദപൂര്‍ണവുമാക്കാന്‍ ഉതകുന്ന പ്രത്യേക പരിപാടികളും കൗണ്‍സലിംഗ്-നേതൃപരിശീലന വര്‍ക്‌ഷോപ്പുകളും പഠന യാത്രയും മിസ്‌കിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു.
സ്റ്റുഡന്റ്‌സ് ലൈബ്രറി
വിദ്യാര്‍ഥികളില്‍ പൊതുവായനാഭിരുചിയും ചിന്താശീലവും വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ 2500 ല്‍ പരം മലയാള കൃതികള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി പ്രവര്‍ത്തിക്കുന്നു. ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്ന രണ്ടു വിദ്യാര്‍ഥികളെ വിദ്യാഭ്യാസ വര്‍ഷാവസാനം ബെസ്റ്റ് റീഡര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്ത് പ്രോല്‍സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.
മദ്‌റസ ഫെസ്റ്റ്
വിദ്യാര്‍ഥികളുടെ സര്‍ഗശേഷിയും ടാലന്റും കണ്ടെത്തി വികസിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. തദാവശ്യാര്‍ഥം വര്‍ഷംതോറും മദ്‌റസാഫെസ്റ്റ് സംഘടിപ്പിക്കുന്നു.
അധ്യാപക-രക്ഷാകര്‍തൃ സമിതി
മദ്‌റസയുടെ പുരോഗതിക്കും വിദ്യാര്‍ഥികളുടെ അഭിവൃദ്ധിക്കും ഒഴിച്ചുകൂടാനാവാത്ത ഘടകം എന്ന നിലക്ക് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, മദ്‌റസയുടെ പ്രവര്‍ത്തനങ്ങള്‍ സജീവവും ഫലപ്രദവുമാക്കുന്നതിന് രക്ഷിതാക്കളുടെ സഹകരണവും സഹായവും തേടുക, രക്ഷാകര്‍ത്താക്കളും മദ്‌റസയും തമ്മില്‍ മികച്ച ബന്ധം നിലനിര്‍ത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ മദ്‌റസ മാനേജ്‌മെന്റ് കമ്മിറ്റിക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കാളിത്തമുള്ള ഒരു അധ്യാപക-രക്ഷാകര്‍തൃസമിതി പ്രവര്‍ത്തിക്കുന്നു.
മാതൃരക്ഷാ കര്‍തൃസംഗമം
വിദ്യാര്‍ഥികളുടെ പഠന പുരോഗതി, മതാനുഷ്ഠാനത്തോടുള്ള പ്രതിബദ്ധത തുടങ്ങി പഠന ശിക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ചോദിച്ചറിയാനും ഉതകുംവിധം മാതൃസംഗമവും രക്ഷാകര്‍തൃസംഗമവും സംഘടിപ്പിക്കുന്നു. പുറമെ മാതൃസമിതികളും രൂപീകൃതമായിട്ടുണ്ട്.
'ദൗഹ' വാര്‍ത്താ പത്രിക
മദ്‌റസകളുടെ വാര്‍ത്തകളും പഠനാനുബന്ധ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന ദൗഹ വാര്‍ത്താപത്രിക വര്‍ഷാവര്‍ഷം പ്രസിദ്ധീകരിച്ചുവരുന്നു.
പൊതുപ്രഭാഷണ പരിപാടി
ഇസ്‌ലാം, ഇസ്‌ലാമിക പ്രസ്ഥാനം, ആഗോള ഇസ്‌ലാമിക ചലനം, വിദ്യാര്‍ഥികളും മതശിക്ഷണവും തുടങ്ങിയ വിഷയങ്ങള്‍ അധികരിച്ച് പ്രമുഖരുടെ പ്രഭാഷണങ്ങള്‍ നടത്തിവരുന്നു.
മത-സാഹിത്യ-സാംസ്‌കാരിക നായകന്മാര്‍ക്ക് സ്വീകരണം
ഖത്തറില്‍ സന്ദര്‍ശനത്തിനെത്തുന്ന പണ്ഡിതന്മാര്‍, എഴുത്തുകാര്‍, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, പ്രഭാഷകര്‍, കലാകാരന്മാര്‍, പ്രസ്ഥാന നേതാക്കള്‍ തുടങ്ങിയവരുമായി വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാന്‍ അവസരം ഒരുക്കുന്നു.
ഫാക്കല്‍റ്റികള്‍
ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, ഇസ്‌ലാമിക പാഠങ്ങള്‍, വിശ്വാസ ശാസ്ത്രം, അറബിഭാഷ എന്നീ ഫാക്കല്‍റ്റികളുണ്ട്. പുറമെ പഠനാനുബന്ധവിഷയങ്ങള്‍ ശ്രദ്ധിക്കാനും വിദ്യാര്‍ഥികളുടെ ശിക്ഷണ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അച്ചടക്കം നിരീക്ഷിക്കാനും പ്രത്യേക സംവിധാനമുണ്ട്.
പരീക്ഷകള്‍
ദോഹ മദ്‌റസയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മദ്‌റസകളില്‍ അര്‍ദ്ധവാര്‍ഷിക-വാര്‍ഷിക പരീക്ഷകള്‍ കേന്ദ്രീകൃത രീതിയിലാണ് നടക്കുന്നത്. ഏഴാം ക്ലാസ് വാര്‍ഷിക പൊതുപരീക്ഷ മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി, കേരള നേരിട്ട് നടത്തുന്നു. പത്താം ക്ലാസ് വാര്‍ഷിക പരീക്ഷയില്‍ 50 മാര്‍ക്കിന്റെ വൈവയും നടത്തുന്നു.
റാങ്കിന്റെ തിളക്കം
മദ്‌റസാ പഠനം പൊതുവിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന മിഥ്യാധാരണയെ തിരുത്തിക്കുറിച്ചുകൊണ്ട് അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ്യയിലെ വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസത്തില്‍ ഉന്നത സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. 2004 മുതല്‍ മജ്‌ലിസ് നടത്തിവരുന്ന പൊതുപരീക്ഷയില്‍ ഖത്തര്‍ സെന്ററില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളാണ് റാങ്കുകളില്‍ ഭൂരിഭാഗവും നേടിയത്. അതോടൊപ്പം മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളിലും ഉയര്‍ന്ന റാങ്കുകള്‍ അവര്‍ കരസ്ഥമാക്കിയിട്ടുണ്ട്. ദോഹയിലെ മതസാംസ്‌കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിലും ജേതാക്കളാകാന്‍ മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നു.
അധ്യാപക പരിശീലനവും വര്‍ക്‌ഷോപ്പും
വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിഷ്‌ക്കരണങ്ങള്‍ക്കനുസൃതമായി പാഠ്യപദ്ധതി, ബോധനരീതിശാസ്ത്രം, മൂല്യനിര്‍ണയം, അച്ചടക്കവും ശിക്ഷണവും തുടങ്ങിയ രംഗങ്ങളിലെ നൂതന സങ്കേതങ്ങളും രീതികളും ഉള്‍ക്കൊള്ളാനും പ്രാവര്‍ത്തികമാക്കാനും ഉതകുംവിധം വിദഗ്ധരായ വിദ്യാഭ്യാസ പരിശീലകന്മാരെ സംഘടിപ്പിച്ചുകൊണ്ട് വര്‍ക്‌ഷോപ്പുകള്‍ നടത്തിവരുന്നു.
മദ്‌റസ വിസിറ്റിംഗും
ഇന്‍സ്‌പെക്ഷനും
പഠന നിലവാരം, അധ്യാപനം, മദ്‌റസാഭരണം, വിദ്യാര്‍ഥികളുടെ ഇസ്‌ലാമിക ശിക്ഷണം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന് കീഴിലുള്ള മദ്‌റസകളില്‍ സന്ദര്‍ശനവും ഇന്‍സ്‌പെക്ഷനും നടത്തിവരുന്നു.
സ്റ്റുഡന്റ്‌സ് ഡയറി
മദ്‌റസയെ ലഘുവായി പരിചയപ്പെടുത്തുന്നതും മദ്‌റസാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും വിശദീകരിക്കുന്നതും, അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയ വിനിമയരേഖ, കുട്ടികളുടെ പഠന-പാഠ്യേതര ഗൃഹ ശീലങ്ങള്‍ വിലയിരുത്തുവാന്‍ രക്ഷിതാക്കള്‍ക്കുള്ള ചാര്‍ട്ട്, വിദ്യാര്‍ഥികളുടെ ആരാധനാ നിര്‍വഹണ രേഖ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതുമായ ഡയറി വര്‍ഷംതോറും നല്‍കിവരുന്നു.
അലുംനി
മദ്‌റസ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമവേദിയാണ് അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ്യ അലുംനി. സ്ഥാപനവുമായും സ്ഥാപനത്തിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായും പൂര്‍വവിദ്യാര്‍ഥികള്‍ക്ക് ബന്ധം നിലനിര്‍ത്താനും സ്ഥാപനത്തിന്റെ പുരോഗതിയില്‍ അവരുടെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്താനും അലുംനി പ്രവര്‍ത്തിക്കുന്നു.
മാതൃഭാഷാപഠനം
ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാതൃഭാഷയില്‍ ആശയവിനിമയം നടത്തുവാനുള്ള നൈപുണി വളര്‍ത്തുവാന്‍ മലയാള ഭാഷ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ അറബി ഭാഷയൊഴികെയുള്ള വിഷയങ്ങളുടെ ബോധന മാധ്യമം മലയാളമാണ്.
ചുമര്‍ചിത്രം
രചനാരംഗത്ത് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് മത്സരാടിസ്ഥാനത്തില്‍ ചുമര്‍ചിത്രം പ്രസിദ്ധീകരിക്കുന്നു.
ഖുര്‍ആന്‍ പാരായണം, ഹോളിഡേ ഹോം വര്‍ക്‌സ്
ഓരോ വര്‍ഷവും റമദാനില്‍ ഖുര്‍ആന്‍ മുഴുവനായും ഒന്നിലധികം തവണ പാരായണം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും വേനലവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന വിഷയാധിഷ്ഠിത ഹോം വര്‍ക് ഏറ്റവും നന്നായി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും സമ്മാനം നല്‍കി പ്രോത്സാഹിപ്പിക്കുന്നു.
മദ്‌റസയിലെ പൂര്‍വ വിദ്യാര്‍ഥിനിയായിരുന്ന നഈമ റഷീദിന്റെ അനുഭവക്കുറിപ്പോടെ ഈ ലേഖനം അവസാനിപ്പിക്കാം: ''ഞങ്ങളെ പഠിപ്പിച്ച ഓരോ അധ്യാപകനും ഓരോ പ്രപഞ്ചമായിരുന്നു. അവരോതിത്തന്ന പാഠങ്ങള്‍ക്ക് വാത്സല്യത്തിന്റെ ചൂടുണ്ടായിരുന്നു. സ്‌നേഹത്തിന്റെ നൈര്‍മല്യമുണ്ടായിരുന്നു. ഞങ്ങളില്‍ നിന്ന് പ്രോജ്ജ്വലമായ ഒരു മുസ്‌ലിം യുവതയെ വാര്‍ത്തെടുക്കാന്‍ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ്യയുടെ ഓരോ അണുവും അശ്രാന്തം പരിശ്രമിച്ചിരുന്നു. തല്‍ഫലമായിരിക്കണം തികച്ചും വൈരുധ്യമാര്‍ന്ന ചുറ്റുപാടുകളിലെത്തിച്ചേര്‍ന്നിട്ടും സ്വന്തം ആദര്‍ശം മുറുകെപ്പിടിക്കാനും അതനുസരിച്ച് ജീവിക്കാനും ഞങ്ങളില്‍ മിക്ക വിദ്യാര്‍ഥികളും ഇന്നും ശ്രദ്ധ പുലര്‍ത്തുന്നത്..... ഇസ്‌ലാമിന്റെ ആദര്‍ശവും ആശയങ്ങളും കേവലം മനഃപാഠമാക്കുന്നതിലുപരി ആഴവും പരപ്പുമറിഞ്ഞ് യുക്തി ഭദ്രമായി മനസ്സിലുറപ്പിക്കാന്‍ അധ്യാപകര്‍ സഹായിച്ചു. നാട്ടിലെ കുത്തഴിഞ്ഞ സംസ്‌കാരത്തിന്റെ പ്രലോഭനങ്ങള്‍ക്കിടയില്‍ മതപരമായ അറിവ്‌കേടിനും അനാചാരങ്ങള്‍ക്കുമിടയില്‍, ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ്യ നല്‍കിയ നുറുങ്ങുവെട്ടം മാത്രമാണ് എന്റെ വഴിയില്‍ ഇന്നും വെളിച്ചമേകുന്നത്.''
Comments