Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 24

മദ്‌റസാ പഠനം പുതിയ കാലത്ത്

എസ്. ഖമറുദ്ദീന്‍ /കവര്‍‌സ്റ്റോറി

         കേരളത്തിലെ മദ്‌റസാ വിദ്യാഭ്യാസം വ്യത്യസ്തമായ ഒരനുഭവമാണ്. ഇസ്‌ലാമിക പാരമ്പര്യത്തോട് കണ്ണിചേര്‍ക്കുന്നതോടൊപ്പം തന്നെ സമാനതകളില്ലാതെ വേറിട്ട് നില്‍ക്കാന്‍ കേരളീയ മദ്‌റസകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മദ്‌റസകളെ സംബന്ധിച്ച് പഠനം നടത്തുന്ന പലരും അത്ഭുതത്തോടെ നിരീക്ഷിച്ച കാര്യമാണിത്. ഒരുകാലത്ത് 'പൊതുവിദ്യാഭ്യാസ'മായും പൊതു വിദ്യാഭ്യാസ വളര്‍ച്ചയില്‍ അരികുപറ്റി സമാന്തര വിദ്യാഭ്യാസമായും രൂപപരിണാമം സംഭവിക്കുമ്പോഴും മാറ്റങ്ങളും നവീകരണങ്ങളും പരിഷ്‌കരണങ്ങളും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ മദ്‌റസാ പ്രസ്ഥാനം തയാറായിട്ടുണ്ട്. ഈ ഒരു സന്നദ്ധതയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ മദ്‌റസാ സംവിധാനത്തെ വ്യതിരിക്തമാക്കിയത്. നിയമപരമായ എല്ലാ സാധ്യതകളും സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ഇസ്‌ലാമിക പഠനത്തിന് വേണ്ടി പ്രയോജനപ്പെടുത്താന്‍ കേരളീയ മുസ്‌ലിംകള്‍ ശ്രദ്ധിച്ചപ്പോഴും മദ്‌റസകള്‍ നമ്മുടെ വൈകാരികത ഏറ്റുവാങ്ങുന്ന സാമൂഹിക സ്ഥാപനങ്ങളായി നിലകൊണ്ടു. ഒരു സമുദായ സ്ഥാപനം എന്നതിലുപരി മുസ്‌ലിം സാമൂഹിക പരിഷ്‌കരണത്തിലും ആദര്‍ശ വിദ്യാഭ്യാസത്തിലും മദ്‌റസകള്‍ നിര്‍വഹിച്ച പങ്ക് ചരിത്ര യാഥാര്‍ഥ്യമാണ്. ഇപ്പോള്‍ പുതിയ ചുറ്റുപാടുകള്‍ വിലയിരുത്തി, ഒരു ചുവട് കൂടി മുന്നോട്ട് വയ്ക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനം ആഗ്രഹിക്കുന്നു- ലഭ്യമാകുന്ന സമയം ഫലപ്രദമായി ഉപയോഗിച്ച്, കാര്യക്ഷമതയുള്ള സ്ഥാപനമാക്കി മദ്‌റസകളെ നവീകരിക്കുകയെന്നതാണത്. ജീവിത വീക്ഷണങ്ങളെ കരുപ്പിടിപ്പിച്ച് ജീവിതത്തോട് കൂട്ടിയിണക്കുകയെന്നതാണത്.

മദ്‌റസകള്‍ എന്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു? ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളും കര്‍മങ്ങളും ഖുര്‍ആന്‍ പാരായണവും പഠിപ്പിക്കുന്നതോടെ മദ്‌റസകളുടെ ലക്ഷ്യം പൂര്‍ത്തിയാകുമോ? കുട്ടികളുടെ ജീവിത വീക്ഷണങ്ങളെ സ്വാധീനിക്കാന്‍  കഴിയുന്നുണ്ടോ? തീര്‍ച്ചയായും അടിസ്ഥാന പഠനങ്ങളോടൊപ്പം ജീവിത വീക്ഷണങ്ങളിലും സ്വഭാവ സംസ്‌കരണത്തിലും ഗുണാത്മകമായി സ്വാധീനം ചെലുത്താന്‍ മദ്‌റസകള്‍ക്ക് കഴിയേണ്ടതുണ്ട്. വിശ്വാസ കര്‍മാനുഷ്ഠാനങ്ങളുടെ താല്‍പര്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാത്ത കാലത്തോളം അവ ജീവിതത്തെ സ്വാധീനിക്കണമെന്നില്ല. മദ്‌റസാ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളും താല്‍പര്യങ്ങളും വിശദീകരിക്കുന്ന ഒരു കരിക്കുലം ഫ്രൈം വര്‍ക്ക് (പാഠ്യപദ്ധതി ചട്ടക്കൂട്), മദ്‌റസാ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെ നവീകരിക്കുന്നതിനായി മജ്‌ലിസ് എഡ്യുക്കേഷന്‍ ബോര്‍ഡ് തയാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മദ്‌റസാ പാഠപുസ്തകങ്ങള്‍  നവീകരിക്കുകയും ആകര്‍ഷകമാക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ മനസ്സിലേക്ക് ആശയങ്ങള്‍ ഫലപ്രദമായി സംവേദനം ചെയ്യാന്‍ ഉചിതമായ ചിത്രങ്ങളും നിറങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മദ്‌റസാ പാഠപുസ്തകങ്ങളില്‍ വന്ന കാലോചിതമായ മാറ്റം, നമ്മുടെ വിശാലമായ ലക്ഷ്യത്തെ സഹായിക്കുമെന്ന് കരുതാം.

പാഠപുസ്തകങ്ങള്‍ മാത്രമല്ല, ഒരു സ്ഥാപനത്തിലെ സംവിധാനങ്ങളും ചില സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്. മദ്‌റസയുടെ പേരെഴുതിവെച്ച ബോര്‍ഡ് മുതല്‍ ക്ലാസ് റൂം ഫര്‍ണിച്ചര്‍, അതിന്റെ ക്രമീകരണം, ചുറ്റുപാടുകളുടെ വൃത്തി എന്നിവ കുട്ടികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകള്‍ എന്തൊക്കെയായിരിക്കും?  ആഴ്ചയില്‍ അഞ്ചോ ഏഴോ മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ ഇത്രയൊക്കെ പോരേ എന്ന ചിന്തയുണ്ടാകാം. വലിയ കെട്ടിട സമുച്ചയവും വിപുലമായ സംവിധാനങ്ങളും വേണ്ട, ഉള്ള സംവിധാനങ്ങള്‍ വൃത്തിയും വെടിപ്പുമുള്ളതാകണം. ആകര്‍ഷകമാവണം. ആര്‍ഭാട രഹിതമായ ക്ലാസ് മുറികള്‍ അല്‍പം ശ്രദ്ധിച്ചാല്‍, ആകര്‍ഷകമാക്കി മാറ്റാന്‍ കഴിയും. ലഭ്യമാകുന്ന സമയം ഫലപ്രദമായി ഉപയോഗിക്കണമെങ്കില്‍ ഉചിതമായ സംവിധാനങ്ങള്‍ ഒരുക്കാനാകണം. ഖുര്‍ആന്‍ ലാബുകള്‍ വളരെ വേഗത്തില്‍ സുന്ദരമായ ഖുര്‍ആന്‍ പാരായണം പഠിക്കുന്നതിന് സഹായകമാവും. ഖുര്‍ആന്‍ റീഡിങ് പേനകള്‍ അധ്യാപകന് ക്ലാസ് റൂമില്‍ പാരായണ അധ്യാപനത്തിന് ഫലപ്രദമായി ഉപയോഗിക്കാം.

മദ്‌റസാ പ്രവര്‍ത്തനത്തിന് കാര്യക്ഷമമായുള്ള ഒരു ഭരണസംവിധാനം വേണം. നിരന്തരമുള്ള വിലയിരുത്തല്‍ വേണം. ചില വ്യക്തികളുടെ മാത്രം ഉത്തരവാദിത്തമായി മാറരുത്. മദ്‌റസാ പ്രവര്‍ത്തനം ഫലപ്രദമല്ലെന്ന പരാതി വരുന്നേടത്തൊക്കെ കാര്യക്ഷമമായ ഒരു കമ്മിറ്റിയുടെ അഭാവം കാണാം. ഒരു സാമൂഹിക ബാധ്യതയെന്ന നിലക്കും, വ്യക്തികളുടെ സംസ്‌കരണം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുഖ്യമായ ലക്ഷ്യമെന്ന നിലക്കും ഗൗരവമായി ഈ ഉത്തരവാദിത്തം നാമേറ്റെടുക്കണം. ആ അര്‍ഥത്തില്‍ മദ്‌റസ നടത്തിപ്പ് നമ്മുടെ അജണ്ടയുടെ ഭാഗമാകണം. ഒരു കാലത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന് മുസ്‌ലിം പൊതുസമൂഹത്തെ അഭിമുഖീകരിക്കാനുള്ള വേദി മദ്‌റസാ വാര്‍ഷികങ്ങളായിരുന്നു. നടത്തിപ്പ് ഫലപ്രദമാണെങ്കില്‍, മുസ്‌ലിം സമൂഹത്തോട് പ്രസ്ഥാനത്തെ കണ്ണി ചേര്‍ക്കാനുള്ള കരുത്ത് ഇന്നും മദ്‌റസകള്‍ക്കുണ്ട്. 

മദ്‌റസാ പ്രസ്ഥാനത്തിന്റെ 'ജീവന്‍' അധ്യാപകരാണ്. മദ്‌റസകളിലെ അധ്യാപനം ഒരു തൊഴിലായല്ല, ഒരു മിഷനായാണ് പലരും ഏറ്റെടുത്തിട്ടുള്ളത്. കേരളത്തിലെ മദ്‌റസകളെ സംബന്ധിച്ച് പഠനം നടത്തിയ ഡോ. സുഷമ ജയ്‌റേത്, മദ്‌റസാ രംഗത്തെ വനിതകളുടെ അഭാവം ഒരു മുഖ്യ പോരായ്മയായി എടുത്തുപറയുന്നു. കേരളത്തിലെ മുഴുവന്‍ മദ്‌റസകളെ പരിഗണിക്കുമ്പോള്‍ അത് ശരിയുമാണ്. പലയിടങ്ങളിലും വനിതകള്‍ സ്വന്തമായി നടത്തിയിരുന്ന പ്രാഥമിക വിദ്യാലയമായ ഓത്തുപള്ളികള്‍, മദ്‌റസകളായി വളര്‍ന്നില്ല. മജ്‌ലിസിന്റെ മദ്‌റസകളില്‍ വനിതാ പ്രതിനിധ്യം ആദ്യകാലത്ത് തന്നെ ഉണ്ടായിരുന്നു. ഇന്ന് അമ്പത് ശതമാനത്തിലധികം വനിതകള്‍ ഈ രംഗത്തുണ്ട്. മദ്‌റസാ പ്രവര്‍ത്തനത്തില്‍ അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് വലിയ സേവനമര്‍പ്പിക്കാന്‍ കഴിയും. അവരെ ശാക്തീകരിച്ച് രംഗത്ത് കൊണ്ട് വരേണ്ടതുണ്ട്. അധ്യാപനം മാത്രമല്ല, അഡ്മിനിസ്‌ട്രേഷനും അവര്‍ക്ക് ഭംഗിയായി നിര്‍വഹിക്കാനാകും. അധ്യാപക ശാക്തീകരണം തീര്‍ച്ചയായും ഗൗരവമായ വിഷയമായി നാം പരിഗണിക്കേണ്ടതുണ്ട്. എസ്.എസ്.എ നടത്തിയ മദ്‌റസാ അധ്യാപക ശാക്തീകരണ പരിപാടിയില്‍ മജ്‌ലിസ് സജീവമായി സഹകരിച്ചിരുന്നു. ഈ ലക്ഷ്യത്തിനായി നിരന്തരമായ പ്രവര്‍ത്തനം ഒറ്റക്കും കൂട്ടായും നാം നടത്തുന്നത്, നമ്മുടെ ലക്ഷ്യ സാധ്യത്തിന് അനിവാര്യമാണ്.  ബോധനരീതിയും വിദ്യാര്‍ഥി മനഃശാസ്ത്രവും കൂടാതെ കൗണ്‍സലിംഗ് രീതികളും അധ്യാപകര്‍ക്ക് പകര്‍ന്നു നല്‍കണം. പരിശീലന പരിപാടികളില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക്, മദ്‌റസകളില്‍ ആശാവഹമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിയുന്നുണ്ട്. കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും വഴികാട്ടിയാകുന്നതിനും അവര്‍ക്ക് കഴിയുന്നുണ്ട്.

പരീക്ഷകളിലും വിലയിരുത്തലിലും ഏറെ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നാം ശ്രമിച്ചിട്ടുണ്ട്. കുട്ടികളുടെ ജീവിതത്തിന് അനുഗുണമാകുന്ന രൂപത്തില്‍ നിരന്തര മൂല്യനിര്‍ണയം നടപ്പിലാക്കി, മദ്‌റസാ പഠനം ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടോ, ഫലപ്രദമാകുന്നുണ്ടോയെന്ന് പരിശോധിച്ച്, തിരുത്തല്‍ വരുത്താനുള്ള മാര്‍ഗമായാണ് നാം നിരന്തര മൂല്യ നിര്‍ണയത്തെ കാണുന്നത്. കുട്ടികള്‍ക്ക് വേണ്ടി മാത്രമല്ല, അധ്യാപകന് വേണ്ടിയുമുള്ളതാണ് ഈ മൂല്യനിര്‍ണയം. ഡയറി സംവിധാനവും, മുന്‍കൂട്ടി നിശ്ചയിച്ച മൂല്യ നിര്‍ണയ ചാര്‍ട്ടുകളും, പ്രാദേശിക സാഹചര്യങ്ങള്‍ക്കും കുട്ടികളുടെ മാനസിക നിലവാരത്തിനുമനുസരിച്ച് അധ്യാപകന് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതില്‍ സ്വീകരിക്കാവുന്ന സ്വതന്ത്ര്യവും ഇനിയും കാര്യക്ഷമതയോടെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

ലഭ്യമായ സമയം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍, സാങ്കേതിക സഹായത്തോടെ പരീക്ഷാ സംവിധാനം നാം പരിഷ്‌കരിച്ചു. ഒ.എം.ആര്‍ (ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡിംഗ്), ഒ.സി.ആര്‍ (ഒപ്റ്റിക്കല്‍ കാരക്ടര്‍ റക്കഗ്‌നിഷന്‍) രീതികള്‍ സ്വീകരിച്ചത് സൂക്ഷ്മമായ വിലയിരുത്തലിന് സഹായകമായി. പരീക്ഷയോട് കുട്ടികള്‍ ഗൗരവമായി പ്രതികരിക്കുന്നുവെന്നത് ഏറെ സന്തോഷമുണ്ടാക്കുന്നു. പാഠപുസ്തകത്തിലെയും പരീക്ഷാ സംവിധാനത്തിലെയും പരിഷ്‌കരണങ്ങള്‍ തീര്‍ച്ചയായും പ്രായോഗിക പ്രയാസങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നമ്മുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന്  അനുഗുണമാക്കണം. ശീലിച്ച് പോന്ന കാര്യങ്ങളില്‍ നിന്നുള്ള മാറ്റം പ്രയാസമുണ്ടാക്കാമെങ്കിലും മദ്‌റസാ സമൂഹം നല്‍കുന്ന പിന്തുണയോടൊപ്പം ക്രിയാത്മകമായ വിമര്‍ശനവും ഏറെ സന്തോഷകരം തന്നെ.

മദ്‌റസാ പ്രവര്‍ത്തനത്തിലും ഒരു വൈവിധ്യവത്കരണം അനിവാര്യമാണ്. ഒരൊറ്റ സംവിധാനവും രീതിയും മാത്രമേ നാം പിന്തുടരാവൂവെന്ന് ശഠിക്കേണ്ടതില്ല. വാരാന്ത മദ്‌റസകള്‍, ഒഴിവുകാല മദ്‌റസകള്‍, ഒഴിവുകാല ക്യാമ്പുകള്‍, ഓണ്‍ലൈന്‍ മദ്‌റസകള്‍, ഹോം സ്‌കൂളിംഗ്, ഡിസ്റ്റന്റ് മദ്‌റസകള്‍ എന്നിങ്ങനെ വ്യത്യസ്ത രീതികള്‍ പ്രാദേശികമായും കേന്ദ്രീകൃതമായും നമുക്ക് സ്വീകരിക്കാവുന്നതാണ്. ലോകത്ത് എവിടെയുമുള്ള മലയാളികളായ വിദ്യാര്‍ഥികള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ മീഡിയത്തില്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ഇസ്‌ലാമിക പഠനത്തിനുള്ള സൗകര്യം ലഭ്യമാകണമെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. മദ്‌റസാ ബോര്‍ഡുകളും പ്രവര്‍ത്തകരും ചിന്തിച്ചും ചര്‍ച്ച നടത്തിയും, ഗവേഷണ പരീക്ഷണങ്ങളിലൂടെയും വിദ്യാര്‍ഥികള്‍ക്കാവശ്യമായ സംവിധാനങ്ങളൊരുക്കണം. ഉദാഹരണത്തിന് ഹോം സ്‌കൂളിങ് പാഠപുസ്തകങ്ങള്‍ക്ക് സ്വയം പഠനത്തിന് സഹായകമാവുന്ന ഒരു രീതിയാണ് അവലംബിക്കേണ്ടത്. വര്‍ക്ക് ഷീറ്റുകളും ഓഡിയോ-വീഡിയോ മെറ്റീരിയലുകളും അനുബന്ധമായുണ്ടാവണം. ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ഒരു നെറ്റ്‌വര്‍ക്ക് രൂപപ്പെടുത്തുന്നത് അവരെ നവീകരിക്കുന്നതിന് സഹായകമാവും.  നിശ്ചിത ഇടവേളകളില്‍ അവര്‍ക്ക് ഒത്തുചേരുകയുമാവാം.

'ഒരു ചുവട് മുന്നോട്ട്' എന്ന പേരില്‍ ജമാഅത്തെ ഇസ്‌ലാമി മെയ് ഒന്ന് മുതല്‍ ഇരുപത് വരെ നടത്തുന്ന മദ്‌റസാ കാമ്പയിന്‍, മദ്‌റസാ രംഗത്ത് നാം നേടിയ നേട്ടങ്ങളെ വിലയിരുത്തുകയും, വീഴ്ചകളെ തിരുത്തുകയും മുന്നോട്ട് ഒരു കുതിപ്പ് നടത്താന്‍ രംഗസജ്ജീകരണം ഒരുക്കുകയും ചെയ്യുന്നതിനാണ്. മദ്‌റസാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കണം. സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യവും പരിഗണനയും നല്‍കണം. പുതുരക്തത്തിനും ചിന്തക്കും ഇടം നല്‍കണം. പ്രാദേശികമായ സകല സാധ്യതകളും ആരായണം. അടുത്തടുത്ത ദുര്‍ബല മദ്‌റസകളെ സംയുക്ത കമ്മിറ്റിക്ക് കീഴില്‍ കൂട്ടി യോജിപ്പിക്കണം. ആവശ്യമായ ആധുനിക സജ്ജീകരണങ്ങളൊരുക്കണം. നഗരങ്ങള്‍ കേന്ദ്രീകരിച്ച്, വാരാന്ത്യ മദ്‌റസകള്‍ക്ക് സൗകര്യമൊരുക്കണം. നമ്മുടെ പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ഥികളെയും മദ്രസാ സംവിധാനങ്ങളില്‍ എന്റോള്‍ ചെയ്യുന്നതിന് ആവശ്യമായ സംവിധാനങ്ങളൊരുക്കണം. ഒറ്റപ്പെട്ടു നില്‍ക്കാതെ, മദ്‌റസകളുടെ കൂട്ടായ്മയായ മജ്‌ലിസ് എജ്യുക്കേഷന്‍ ബോര്‍ഡില്‍  അഫിലിയേറ്റു ചെയ്യുന്നതിനും ശ്രദ്ധിക്കണം. ഈ രംഗത്ത് മുന്നോട്ടുള്ള ഓരോ ചവിട്ടടിയും ഓരോ സുവര്‍ണപാത തുറക്കുമെന്ന ബോധ്യം നമുക്ക് വേണം. 

(ജമാഅത്തെ ഇസ്‌ലാമി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /10-13
എ.വൈ.ആര്‍