Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 24

സൃഷ്ടി ഘടനയിലെ പ്രകൃതി തത്ത്വങ്ങളും മനുഷ്യനും

പി പി അബ്ദുര്‍റസാഖ് /പഠനം

         നമ്മുടെ സജീവ പഠനത്തിനും പരിചിന്തനത്തിനും വിധേയമാവേണ്ട മൂന്നു മഹാ പ്രപഞ്ചങ്ങളാണ് ഉള്ളത്. ഒന്ന്, നമ്മുടെ കണ്‍മുമ്പില്‍ ദൃശ്യമാകുന്ന ബൃഹത് പ്രപഞ്ചം.  രണ്ട്, ഈ ബൃഹത് പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് പ്രപഞ്ച വ്യവസ്ഥക്ക് സമാന്തരവും പൂരകവുമായ രൂപത്തില്‍ മനുഷ്യ ജീവിതത്തെയും  അവന്റെ സാമൂഹിക വ്യവസ്ഥയെയും  കെട്ടിപ്പടുക്കുന്നതിനു നല്‍കിയ വചന പ്രപഞ്ചം. മൂന്നാമതായി, പ്രപഞ്ചത്തിന്റെ തന്നെ ഭാഗമാണെങ്കിലും ഏറക്കുറെ പ്രപഞ്ചത്തെ പോലെ തന്നെ വിസ്മയവും കൗതുകവും ഉണര്‍ത്തുന്ന സൂക്ഷ്മ പ്രപഞ്ചമായ മനുഷ്യന്‍.  ഈ പ്രപഞ്ചത്തില്‍ ഭൂമിക്കു പുറത്ത് മനുഷ്യനെ പോലുള്ള ജീവികള്‍ ഉണ്ടാകാനുള്ള സാധ്യതയെ വിശുദ്ധ ഖുര്‍ആനും ശാസ്ത്രവും സൂചിപ്പിക്കുന്നുണ്ടെങ്കിലും, അറിഞ്ഞേടത്തോളം ഈ പ്രപഞ്ചത്തിലെ വേറിട്ട ജീവിയാണ് മനുഷ്യന്‍. ശാരീരികമായി മനുഷ്യന്‍ അവന്‍ പ്രതിനിധിയായി അധിവസിക്കുന്ന ഭൂമിയുടെ പരിഛേദം പോലെയാണെങ്കില്‍ മാനസികമായി അവന്‍ പ്രപഞ്ചത്തിന്റെ തന്നെ ഒരു സൂക്ഷ്മ രൂപം ആയിരിക്കാനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല. ഒരുപക്ഷേ മനുഷ്യനിലെ മണ്ണിന്റെയും, അനന്തവും അഞ്ജാതവും അവര്‍ണനീയവുമായ വിണ്ണിന്റെയും തലങ്ങളെ അവന്റെ ശരീരവും മനസ്സും തന്നെയാവണം പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ മനുഷ്യ ശരീരത്തെക്കുറിച്ച പഠനം ഭൂമിയെക്കുറിച്ച പഠനത്തിനു സമാനമാണെങ്കില്‍, അവന്റെ മനസ്സിനെക്കുറിച്ച പഠനം അതിരും പരിധിയും ഇനിയും അറിഞ്ഞിട്ടില്ലാത്ത പ്രപഞ്ച പഠനം പോലെയാണ്.             

വിശുദ്ധ ഖുര്‍ആന്‍ ബൃഹത് പ്രപഞ്ചത്തിന്റെ പിന്നിലെ യാഥാര്‍ഥ്യത്തെ  മനസ്സിലാക്കാന്‍ സൂക്ഷ്മ പ്രപഞ്ചമായ മനുഷ്യനെക്കുറിച്ച് തന്നെ ചിന്തിക്കാന്‍ മനുഷ്യനോട് ആവശ്യപ്പെടുന്നുണ്ട് (30:8) .  ഇവിടെ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച 'അന്‍ഫുസ്' എന്ന വാക്ക് മനുഷ്യന്റെ ആത്മാവിനെയും മനസ്സിനെയും കൂടി വ്യവഹരിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മനുഷ്യന്റെ മനസ്സിനും ഈ ദൃശ്യ പ്രപഞ്ചത്തിനുമിടയില്‍ വല്ല സാദൃശ്യവും ഉണ്ടോ?   സൂക്ഷ്മ പ്രപഞ്ചമായ മനുഷ്യനും അവന്റെ മനസ്സും,  നമ്മുടെ നെര്‍വസ് സിസ്റ്റത്തിന്റെ ബില്‍ഡിംഗ്  ബ്ലോക്കുകളായി പ്രവര്‍ത്തിക്കുന്ന,  തലപ്പത്ത് വൃക്ഷത്തിന്റെ ആകൃതിയോടുകൂടിയ ദെന്‍ദ്രൈറ്റ്‌സ്‌കളുള്ള (Dendrites),  ഒരു   ബില്യനിലേറെ എണ്ണം വരുന്ന ന്യൂറോണുകകളും, 14 ബില്യന്‍ സെല്ലുകളും ഉള്‍ക്കൊള്ളുന്ന  ഓരോ മനുഷ്യന്റെയും തലച്ചോറും,  അവ തന്നെ കോടാനുകോടി മനുഷ്യരില്‍ വ്യാപിച്ചു പരന്നു കിടക്കുന്ന അവസ്ഥയുമൊക്കെ ഇതൊരു ബൃഹത് പ്രപഞ്ചത്തിന്റെ തന്നെ ഒരു മാതൃകാ സൂക്ഷ്മ രൂപമാണോ (miniature) എന്ന ചിന്തക്ക് പോലും സാധ്യത നല്‍കുന്നുണ്ട്.   വിശുദ്ധ ഖുര്‍ആന്‍ അനുഭവാധിഷ്ഠിത സത്യമാണെന്ന്  ബോധ്യപ്പെടുത്തുന്നതിന് ദിഗന്തങ്ങളിലും മനുഷ്യരിലും  അവരുടെ മനസ്സുകളില്‍ തന്നെയും ദൃഷ്ടാന്തങ്ങളെ കാണിക്കുമെന്ന് പറയുന്ന  ഖുര്‍ആനിക സൂക്തവും (വി.ഖു. 41:53) ഇതേ കാര്യത്തിലേക്കുള്ള സൂചന കൂടി ഉള്‍ക്കൊളളുന്നുണ്ടോ?

വികസിക്കുന്ന മനസ്സും ചുരുങ്ങുന്ന ശരീരവും

ആധുനിക മനുഷ്യന്റെ ബുദ്ധിയും മനസ്സും ആദിമ മനുഷ്യനില്‍നിന്ന് ഏറെ വികസിച്ചിരിക്കുന്നുവെന്നത് ചരിത്രപരമായ വിശകലനത്തില്‍ വ്യക്തമാവുന്ന നിസ്തര്‍ക്കമായ വസ്തുതയാണ്. ഈ വികാസത്തിനു രണ്ടു മാനങ്ങളുണ്ട്.  ഒന്ന്, ഓരോ മനുഷ്യനിലെയും ബുദ്ധി,  മനസ്സ് എന്നിവയുടെ ബാഹ്യ ഘടന അതേപോലെ നിലനില്‍ക്കെ തന്നെ (ഇപ്പോള്‍ ഒരു ബില്യനിലേറെ എണ്ണം വരുന്ന ന്യൂറോണുകകളും 14 ബില്യന്‍ സെല്ലുകളും ഉള്‍ക്കൊള്ളുന്ന തലച്ചോര്‍ ആദിമ മനുഷ്യനും ഇതേ പോലെ ആയിരുന്നോ എന്ന വശവും പരിചിന്തന വിധേയമാക്കേണ്ടതാണ്) അവന്റെ ആന്തരിക ഘടന വികസിച്ചു. മനുഷ്യരുടെ എണ്ണം വര്‍ധിച്ചതിലൂടെയുള്ള ബാഹ്യ ഘടനയുടെ വികാസം ഇതിനു പുറമെയാണ്.  ഈ അര്‍ഥത്തില്‍ മനുഷ്യന്റെ മാനസികവികാസം എന്നത് ഒരൊറ്റ മനസ്സിന്റെ തന്നെ ആന്തരികവും ബാഹ്യവുമായ നിരന്തര നിവര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ ദൃശ്യ പ്രപഞ്ചവും നിരന്തരമായി വികസിച്ചുകൊണ്ടിരിക്കുന്നുവെന്നു ( 51:47)  വിശുദ്ധ ഖുര്‍ആന്‍ പറയുമ്പോള്‍ സ്വാഭാവികമായും ബില്യന്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാമിന്ന് കാണുന്ന ദൃശ്യ പ്രപഞ്ചവും അതിന്റെ ഉണ്‍മയില്‍ ആദിമ മനുഷ്യന്റെ മനസ്സ് പോലെ ഒരു ബിന്ദുവില്‍ നിന്ന് (വി.ഖു 21:30) ആരംഭിച്ചതായിരിക്കില്ലേ?  എന്നാല്‍, മണ്ണിനെ പ്രതിനിധീകരിക്കുന്ന മനുഷ്യന്റെ ശരീരമോ?  അത് ആദിമ മനുഷ്യനുമായി തട്ടിച്ചു നോക്കുമ്പോള്‍ നിരന്തരമായി ചുരുങ്ങി വരുന്നതായും കാണുന്നു.  ഇതേ കാര്യം തന്നെ മറ്റൊരു കോണില്‍ കൂടിയും നോക്കിക്കാണാവുന്നതാണ്.  ഭൂമിയിലെ ദൈവത്തിന്റെ സൃഷ്ടിജാലങ്ങളായ ഏതൊരു ജീവിയെയും സസ്യത്തെയും പഠന വിധേയമാക്കുക. നാം എന്നും കാണുന്ന പുല്ല്.  അതിന്റെ വലുപ്പവും നീളവും മുമ്പ് വളരെ വലുതും ഇപ്പോള്‍ ചെറുതുമായതാണോ? പട്ടിക്കും പശുവിന്നും ആനക്കും പൂച്ചയ്ക്കുമൊക്കെ കാലാകാലങ്ങളില്‍ അവയ്ക്ക് ഇപ്പോഴുള്ള വലുപ്പം തന്നെയായിരുന്നോ ഉണ്ടായിരുന്നത്? അതോ വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നോ, ഉണ്ടാവുന്നുണ്ടോ?   ഈ ജീവജാലങ്ങളുടെ വളര്‍ച്ചയുടെ തോത് പഴയ അതേ അവസ്ഥയില്‍ തന്നെയാണോ?  അവയൊക്കെ ചലിക്കുന്നത് നേരത്തെ അവര്‍ ചലിച്ചിരുന്ന അതേ വേഗതയില്‍ തന്നെയാണോ?  ഒരു ചീറ്റപ്പുലി പണ്ട് ഓടിയിരുന്ന അതേ വേഗതയില്‍ തന്നെയാണോ ഇപ്പോഴും ഓടുന്നത്? തേനീച്ചയുടെ കൂട് പണ്ട് ഏത് അവസ്ഥയിലായിരുന്നോ ഉണ്ടായിരുന്നത് അതേപോലെ തന്നെയാണ് ഇപ്പോഴും ഉള്ളത് എന്നത് പോലെ തന്നെ നേരത്തെ പറഞ്ഞ ജീവികളുടെ വലുപ്പവും വളര്‍ച്ചയും വേഗതയുമൊക്കെ അതിന്റെ ഉത്ഭവത്തില്‍ എങ്ങനെയായിരുന്നോ ഉണ്ടായിരുന്നത് അതേ പോലെ തന്നെയായിരിക്കണം ഇപ്പോഴും ഉള്ളത്.   ഇത് തന്നെയാണ് അവയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തിന്റെ വിഷയത്തിലും നാം കാണുന്നത്.  തുടക്കത്തില്‍ ഏതു അവസ്ഥയിലാണോ അവ ഉണ്ടായിരുന്നത് അതേ അവസ്ഥയില്‍ ഇപ്പോഴും തുടരുന്നു. 

ഇതൊരു വിശദമായ പഠനം ആവശ്യപ്പെടുന്ന പ്രാഥമിക നിരീക്ഷണം മാത്രമാണ്.   എന്നാല്‍ ഈ വിഷയത്തില്‍ മനുഷ്യന്റെ അവസ്ഥ തികച്ചും വ്യത്യസ്തമാണെന്നതാണ് വസ്തുത. ചരിത്രപരമായി ചിന്തിച്ചാല്‍ പുരാതനകാല മനുഷ്യന്‍ ആധുനിക മനുഷ്യനെക്കാള്‍ ആകാരത്തില്‍ ഏറെ വലുപ്പം കൂടിയവനായിരിക്കാനാണ് സാധ്യത. നിലവില്‍  ലഭ്യമായിട്ടുള്ള ചരിത്രാവശിഷ്ടങ്ങള്‍ നല്‍കുന്ന കൃത്യമായ സൂചനയും അതുതന്നെ.  ഈജിപ്തിലെ പിരമിഡുകളില്‍  സൂക്ഷിക്കപ്പെട്ടിരിക്കുന്ന മമ്മികളുടെ വലുപ്പവും, 1898-ല്‍ ജബാലിയ എന്ന പ്രദേശത്തിനടുത്ത് ചെങ്കടലില്‍ നിന്ന് കണ്ടെടുക്കപ്പെട്ട റംസീസ് രണ്ടാമന്‍ ഫറോവയുടെ മൃത ശരീരത്തിന്റെ വലുപ്പവും പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ച പുരാതന മനുഷ്യന്റെ ഫോസിലുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. അതുപോലെ മക്കയില്‍ പ്രവാചകന്‍ ഇബ്‌റാഹീം കഅ്ബയെ അതിന്റെ അസ്തിവാരത്തില്‍നിന്ന് പുനര്‍ നിര്‍മിക്കുന്നതിനു വേണ്ടി നിന്ന ഇടം എന്ന നിലക്ക് സൂക്ഷിക്കപ്പെട്ടിട്ടുള്ള  അദ്ദേഹത്തിന്റെ കാലടയാളത്തിന്റെ വലുപ്പവും, ആ കാലടയാളത്തില്‍നിന്ന് കഅ്ബയിലേക്കുള്ള ദൂരവും, ഒമാനിലെ സലാലയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഇമ്രാന്റേതെന്ന് പറയപ്പെടുന്ന ഖബ്‌റിന്റെ നീളവും വലുപ്പവും എല്ലാം സൂചിപ്പിക്കുന്നതും ഇതേ വസ്തുതതന്നെ. 

ഈ പറഞ്ഞ  ചരിത്രാവശിഷ്ടങ്ങള്‍ക്കും പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ മനുഷ്യവാസം ഭൂമിയില്‍ ആരംഭിച്ചിരുന്നുവെന്നുകൂടി നാം ഓര്‍ക്കണം.  രണ്ടു ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കാം മനുഷ്യനിലെ ശരീര വലുപ്പം നിര്‍ണയിക്കപ്പെടുന്നത്.  ഒന്ന്, ഭൂമിയിലെ ജനവാസം.  രണ്ട്, അവന്റെ സാങ്കേതിക വിദ്യയുടെ വികാസം. പുരാതന മനുഷ്യന്റെ അതേ വലുപ്പവും  ഇപ്പോഴത്തെ ജനബാഹുല്യവും ഒത്തു ചേര്‍ന്നാല്‍ ജീവിതം എന്തുമാത്രം ദുസ്സഹമായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളൂ.   പിന്നെ ശരീര വലുപ്പം മനുഷ്യനെ സംബന്ധിച്ചേടത്തോളം അവന്റെ നാഗരികമായ ആവശ്യങ്ങളുടെ നിര്‍വഹണത്തിനുള്ള  കായികാധ്വാനത്തിനു  കൂടി വേണ്ടിയാണല്ലോ. സാമൂഹികപരതയുടെ അകമ്പടിയോടുകൂടിയ എണ്ണത്തിലെ വര്‍ധനവ് അവന്റെ വ്യക്തിപരമായ അധ്വാനത്തിന്റെ തോത് സ്വാഭാവികമായും കുറച്ചു കൊണ്ടേയിരിക്കുന്നു. മനുഷ്യന്‍ തന്നെ അവനു ദൈവം നല്‍കിയ, നിരന്തരമായി വികസിക്കുന്ന ബുദ്ധി ഉപയോഗിച്ച് നിര്‍മിച്ച ഉപകരണങ്ങള്‍  കാലാ കാലങ്ങളില്‍ അവന്റെ  കായികാധ്വാനത്തിന്റെ ആവശ്യകത കുറച്ചിരിക്കെ,  തദനുസാരം ശരീര വലുപ്പവും കുറയുക സ്വാഭാവികം മാത്രമാണ്.   വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: ''അവര്‍  ഭൂമിയിലൂടെ സഞ്ചരിക്കുകയും അവര്‍ക്ക് മുമ്പ് കഴിഞ്ഞുപോയ ജനതതികളുടെ പരിണതിയെ സംബന്ധിച്ച് ചിന്തിക്കുകയും ചെയ്യുന്നില്ലേ? ഇവരുടെ പൂര്‍വികര്‍ ഇവരേക്കാള്‍ കായിക ശേഷിയുള്ളവരായിരുന്നു. അവര്‍ ഇവരേക്കാള്‍ കൂടുതലായി ഭൂമിയെ വാസയോഗ്യമാക്കുകയും ചെയ്തിരുന്നു'' (30 :9). ഇതേ കാര്യം തന്നെ വിശുദ്ധ ഖുര്‍ആന്‍ നിരവധി തവണ മറ്റു സ്ഥലങ്ങളില്‍ വ്യത്യസ്ത ശൈലികളില്‍ പറഞ്ഞിട്ടുണ്ട്.  (ഉദാ:  9:69; 35:44; 40:21; 40:82; 47:13). 

ഈ സൂക്തങ്ങളെല്ലാം വ്യക്തമാക്കിത്തരുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്,  മുഹമ്മദീയ പ്രവാചകത്വത്തിന്റെ മുമ്പുള്ള ജനതയെക്കാള്‍ കായികാധ്വാന ശേഷി കുറഞ്ഞവരാണ് മുഹമ്മദ് നബിയുടെ ജനത. മാത്രവുമല്ല,  മുഹമ്മദ് നബിയുടെ ജനതയില്‍ തന്നെ ഓരോ തലമുറയുടെയും കായികാധ്വാന ശേഷി മുന്‍തലമുറ യുടേതിനേക്കാള്‍ കുറവായിരിക്കും.  രണ്ട്,  ഭൂമിയിലെ ആവാസ വ്യവസ്ഥയുടെ സ്ഥിതിയും ഓരോ തലമുറ പിന്നിടുന്തോറും മോശമായിക്കൊണ്ടേയിരിക്കും. ബൈബിള്‍ ഉല്‍പത്തിയില്‍ പറയപ്പെട്ട  ആദ്യകാല മനുഷ്യരുടെയും  വിശുദ്ധ ഖുര്‍ആനിന്‍ പറയപ്പെട്ട പ്രവാചകന്‍  നോഹയുടെയും ആയുര്‍ദൈര്‍ഘ്യം ഒരു സൂചനയായി കണക്കാക്കിയാല്‍  ഇതു തന്നെയാണ് ആയുര്‍ദൈര്‍ഘ്യത്തില്‍ കാലാകാലങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന വ്യത്യാസത്തിന്റെ രഹസ്യവും. നോഹ 950 വര്‍ഷം പ്രബോധനം ചെയ്തുവെന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്, അത്രയും ആയുസ്സ് ആ കാലത്ത് അദ്ദേഹത്തിനു പ്രത്യേകമായി നല്‍കപ്പെട്ടു എന്ന നിലയില്‍ അല്ല.  കാരണം ആ കാലഘട്ടക്കാര്‍ക്ക് നോഹ അത്രയും കാലം ജീവിച്ചുവെന്നത് വേറിട്ട അത്ഭുതപ്പെടുത്തുന്ന കാര്യമായി  അനുഭവപ്പെട്ടിട്ടുണ്ടായിരുന്നില്ല.  വിശുദ്ധ ഖുര്‍ആന്‍ അത് സൂചിപ്പിച്ചത്   ആ കാലഘട്ടത്തിലെ   മനുഷ്യരുടെ  ആയുസ്സിനെ കുറിക്കാന്‍ കൂടിയാണ്. ഇവിടെയും രണ്ടു ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കാം മനുഷ്യന്റെ കാലാകാലങ്ങളിലെ ആയുസ്സ് നിര്‍ണയിക്കപ്പെടുന്നത്.   ഒന്ന്, അവന്റെ ഭൂമിയിലെ എണ്ണം തന്നെയായിരിക്കണം. പിന്നെ അവര്‍ സാങ്കേതിക വിദ്യയുടെ സഹായത്താലും അല്ലാതെയും ആര്‍ജിക്കുന്ന വേഗതയും.   പ്രത്യേകിച്ചും   ഗതാഗത രംഗത്തും ആശയ വിനിമയ രംഗത്തുമാണ്  ഇത് പ്രതിഫലിക്കുന്നത്.   പുരാതന മനുഷ്യന്റെ അതേ ആയുസ്സും   ഇപ്പോഴത്തെ ജനബാഹുല്യവും വേഗതയും ഒത്തുചേര്‍ന്നാല്‍ ജീവിതം എന്തുമാത്രം ദുസ്സഹമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 

ഇവിടെ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്, പ്രപഞ്ചത്തിന്റെ നിരന്തരമായ വികാസത്തെ കുറിച്ചു പറഞ്ഞ വിശുദ്ധ ഖുര്‍ആന്‍ പ്രപഞ്ചത്തിന്റെ തന്നെ ഭാഗമായ ഭൂമിയെ ചുരുക്കിക്കൊണ്ടിരിക്കുന്നതായി  (വി.ഖു. 13:41) പറഞ്ഞതും;  നമ്മുടെ ബുദ്ധിപരമായ വികാസത്തിനും ശാരീരികമായ സങ്കോചത്തിനും സമാന്തരമെന്നോണം തന്നെ.  ചുരുക്കത്തില്‍, പ്രകൃതി മനുഷ്യന്റെ സാമൂഹികപരതക്കും  അതിന്റെ തേട്ടത്തിനുമനുസരിച്ച്  ആയുസ്സിനെയും  ശരീര വലുപ്പത്തെയും ചുരുക്കുകയും,  ഉപകരണ നിര്‍മാണ രംഗത്തും ഗതാഗത  രംഗത്തും ആശയ വിനിമയ രംഗത്തും വികാസം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനു വേണ്ടി മനസ്സിനെ വികസിപ്പിച്ചുകൊണ്ടേയിരിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. വെറുതെയല്ല വിശുദ്ധ ഖുര്‍ആന്‍ വികാസ രഹിതമായ അടഞ്ഞ മനസ്സിനെ ദൈവ ശാപത്തിനു അര്‍ഹമാകുന്ന പ്രകൃതി വിരുദ്ധ കര്‍മമായി (കുഫ്ര്‍) വിശേഷിപ്പിച്ചത് (വി.ഖു 2: 88).  മനസ്സിന്റെ ഈ വികാസത്തെയാണ് ഓരോ കാലക്കാരും അതതു കാലക്കാരുടെ 'പുരോഗതിയായി' കണക്കാക്കുന്നത്. ഇതിനു പിന്നിലെ കൃത്യമായ ഫോര്‍മുല ദൈവത്തിനു മാത്രമേ അറിയൂ. അത് വിശുദ്ധ ഖുര്‍ആന്‍ പ്രപഞ്ചത്തിനു മുഴുവന്‍ ബാധകമായി സംവിധാനിച്ചതെന്നു വിശേഷിപ്പിച്ച ദൈവികമായ  ത്രാസിന്റെ (മീസാന്‍- 55:7) ഭാഗം കൂടിയായിരിക്കാം.  ഇവിടെയും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്‍ അവന്റെ സാമൂഹികപരതയുടെ തേട്ടത്തിനനുസരിച്ച് അവന്‍ തന്നെ  ആഗ്രഹിക്കുകയോ അറിയുകയോ പോലും ചെയ്യാതെ അവന്റെ സ്വത്വപരമായ സവിശേഷതകളും വര്‍ഗപരമായ സ്വഭാവങ്ങളും പൂര്‍ണമായും നിലനിര്‍ത്തിക്കൊണ്ട് ആന്തരികമായി പരിണമിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ്.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /10-13
എ.വൈ.ആര്‍