Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 24

ചോദ്യോത്തരം

മുജീബ്

അറബേതര മുസ്‌ലിം രാജ്യ കൂട്ടായ്മ

ഇസ്‌ലാമികമായി ബൗദ്ധികതലത്തിലോ ആദര്‍ശതലത്തിലോ ഒരു സംഭാവനയും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് മുസ്‌ലിം ലോകമുള്ളത്. അതേസമയം ഇസ്‌ലാമിന് വിരുദ്ധമായ തരത്തില്‍ ഏത് രാഷ്ട്രീയ ചലനത്തെയും സുന്നി-ശീഈ അല്ലെങ്കില്‍ ഇഖ്‌വാന്‍ എന്നീ നിറങ്ങള്‍ നല്‍കി വൈകാരിക തലങ്ങളിലേക്ക് കളം മാറ്റുന്നതായും കാണുന്നു. ആ നിലക്ക് ഒരു അറബേതര മുസ്‌ലിം രാജ്യ കൂട്ടായ്മക്ക് പ്രസക്തി ഇല്ലേ? പ്രത്യേകിച്ചും പടിഞ്ഞാറ് കേന്ദ്രീകരിച്ച്  ഇസ്‌ലാമിക നവോത്ഥാനം ശ്രദ്ധയാകര്‍ഷിക്കുന്ന ഈ പശ്ചാത്തലത്തില്‍. ഈ കൂട്ടായ്മയിലൂടെ ഇസ്‌ലാമിന്റെ തനതായ സന്ദേശം ലോകത്തിന് നല്‍കാന്‍ കഴിയില്ലേ? മാത്രമല്ല, ഇസ്‌ലാമിന്റെ അറബ് മുഖത്തിന് പകരം സാര്‍വദേശീയ മുഖം നല്‍കാന്‍ ഇത് പര്യാപ്തമാവില്ലേ? ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ കൂടി ഇത് സഹായമാകില്ലേ? ഒ.ഐ.സിയുടെ നിസ്സംഗതക്ക് മാറ്റം വരുത്താനും അതിന് കഴിയില്ലേ?

അബൂബക്കര്‍ സിദ്ദീഖ് പറവണ്ണ

         ഇസ്‌ലാമിന്റെ കളിത്തൊട്ടിലും പ്രഭവ കേന്ദ്രവും അറബ് ലോകമാണെന്നതില്‍ സംശയമില്ല. പ്രവാചക ശ്രേഷ്ഠന്റെ പിറവിയും നിയോഗവും പലായനവും കൊണ്ട് അനുഗൃഹീതമായ മക്ക-മദീന മേഖല, മുസ്‌ലിംകളുടെ ഖിബ്‌ലയും ഹജ്ജ് തീര്‍ഥാടനത്തിന്റെ ലക്ഷ്യ സ്ഥാനവുമായ പരിശുദ്ധ കഅ്ബാലയം നിലനില്‍ക്കുവോളം കാലം മുസ്‌ലിം ലോകത്തിന്റെ ആത്മീയ തലസ്ഥാനമായി തുടരുമെന്നതിലും സന്ദേഹമില്ല. വിശുദ്ധ ഖുര്‍ആന്റെ ഭാഷ അറബി ആയിരിക്കുന്നേടത്തോളം കാലം ആ ഭാഷയുടെ ഇസ്‌ലാമിക പ്രാധാന്യവും ചോദ്യം ചെയ്യപ്പെടുകയില്ല. അതിനാല്‍ മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ ആസ്ഥാനം ജിദ്ദയായതും യാദൃഛികമല്ല. നിര്‍ഭാഗ്യവശാല്‍ ഇസ്‌ലാമിക ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും അഭാവത്തില്‍ അറബ്‌ലോകം ശിഥിലവും ഛിന്നഭിന്നവും സാമ്രാജ്യത്വ ചതുരംഗപ്പലകയിലെ കരുക്കളുമായി മാറി. ഇരുപതാം നൂറ്റാണ്ടിലെ പ്രഥമവും സുശക്തവും സുസംഘടിതവുമായ ഇസ്‌ലാമിക പ്രസ്ഥാനത്തിന്-1928ല്‍ ശഹീദ് ഹസനുല്‍ ബന്ന ബീജാവാപം ചെയ്ത അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്- ഹ്രസ്വമായ കാലയളവില്‍ അറബ് ലോകത്ത് നേടിയെടുക്കാന്‍ കഴിഞ്ഞ വിസ്മയാവഹമായ സ്വാധീനവും ജനകീയാടിത്തറയും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ന് ചിത്രം മറ്റൊന്നായേനേ. സാമ്രാജ്യത്വ-സയണിസ്റ്റ് കുതന്ത്രങ്ങളും സ്വന്തക്കാരുടെ സ്വാര്‍ഥ പ്രേരിതമായ കുത്തിത്തിരിപ്പുകളും പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് സംഭവിച്ച വീഴ്ചകളും കാരണമായി അറബ് ലോകത്തിന്റെ ഏകീകരണവും ശക്തമായ അരങ്ങേറ്റവും സാധ്യമായില്ല. എങ്കില്‍ പോലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കനല്‍ കെടാതെ ജനഹൃദയങ്ങളില്‍ അവശേഷിക്കുന്നുവെന്ന സത്യത്തിന്റെ വിളംബരമായിരുന്നു അറബ് വസന്തം. തല്‍ക്കാലത്തെ തിരിച്ചടികളെ അതിജീവിച്ചു അറബ് ലോകത്തിന്റെ പുനരേകീകരണ ശക്തിയും മുസ്‌ലിം ലോകത്തിന്റെ പ്രതീക്ഷാ കേന്ദ്രവുമായി പ്രസ്ഥാനം രംഗപ്രവേശം ചെയ്യുമെന്ന ശുഭചിന്ത കേവലം വൈകാരികമോ കാല്‍പനികമോ അല്ല.

അറബ് ലോകത്തിന്റെ പുറത്തെ മുസ്‌ലിം രാജ്യങ്ങളില്‍ താരതമ്യേന ശാന്തിയും ജനാധിപത്യപരമായ ഭരണവും ഭദ്രതയും നിലനില്‍ക്കുന്നത് തുര്‍ക്കിയിലാണ്. റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എ.കെ.പിയുടെ അവധാനപൂര്‍ണവും പക്വവുമായ നേതൃത്വമാണ് കാരണം. പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളില്‍ ഉര്‍ദുഗാന്റെ ഇടപെടലുകളും തത്ത്വാധിഷ്ഠിതമാണ്. എന്നാല്‍, മുസ്‌ലിം രാജ്യങ്ങളുടെ നേതൃത്വം ഏറ്റെടുക്കാവുന്ന സ്ഥിതിയിലോളം തുര്‍ക്കി വളര്‍ന്നിട്ടില്ല. എങ്കിലും ആ ദിശയിലാണ് ഉര്‍ദുഗാനും സഹപ്രവര്‍ത്തകരും ചിന്തിക്കുന്നതെന്ന് കരുതാന്‍ സൂചനകളുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ പ്രഭാതത്തില്‍ ഉസ്മാനിയ്യ ഖിലാഫത്തിന്റെ പതനം വരെ തുര്‍ക്കിക്കായിരുന്നല്ലോ മുസ്‌ലിം ലോകത്തിന്റെ നായകത്വം. ഇസ്‌ലാമിന്റെ സാര്‍വദേശീയവും മാനവികവുമായ മുഖം കേവലം രാഷ്ട്രീയ നേതൃത്വത്തിന്റെ മാറ്റത്തെയല്ല ആശ്രയിച്ചിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും അടിത്തറയിലുള്ള സമഗ്രമായ ഇസ്‌ലാമിക പ്രബോധനം കാലോചിതവും അത്യാധുനികവുമായ ശൈലിയില്‍ അവതരിപ്പിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും, സമകാലിക പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക പരിഹാരം നിര്‍ദേശിക്കാന്‍ പണ്ഡിതന്മാര്‍ക്കും കഴിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇസ്‌ലാമിന്റെ സൂര്യോദയം. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ദിശാബോധം നല്‍കേണ്ടതും അവരിലെ പണ്ഡിതന്മാരും സംഘടനകളുമാണ്. അവര്‍ സ്വയം ദിശാബോധം നഷ്ടപ്പെട്ട് അലയരുത് എന്ന് മാത്രം. പാശ്ചാത്യ നാടുകളിലെ ഇസ്‌ലാമിക ചലനങ്ങള്‍ തീര്‍ച്ചയായും ആവേശകരം തന്നെ. പക്ഷേ, സാഹചര്യങ്ങളിലെ വ്യത്യസ്തത പടിഞ്ഞാറ് കേന്ദ്രമാക്കിയുള്ള ആഗോള മുസ്‌ലിം കൂട്ടായ്മയെ ദുഷ്‌കരമാക്കിത്തീര്‍ക്കുന്നു. 

മുഫ്തിമാരുടെ വെളിപാടുകള്‍

ഈയിടെ മൗലാനാ മുഫ്തി ഇല്‍യാസ് ബല്‍റാം പൂരി അയോധ്യയില്‍ ഒരു പ്രസ്താവന നടത്തി. ''സഹോദര സമുദായം വിശുദ്ധ ഉണ്മയായി കരുതുന്ന ശിവശങ്കരന്‍ മുസ്‌ലിംകളുടെ പ്രവാചകനാണ്. പ്രവാചകന്മാരില്‍ പ്രഥമനാണ്. നമ്മുടെ ആദി പിതാവാണ്. അദ്ദേഹത്തെ ആദം എന്ന് വിളിക്കേണ്ടവര്‍ക്ക് ആദം എന്ന് വിളിക്കാം. മനു എന്ന് വിളിക്കേണ്ടവര്‍ക്ക് മനു എന്ന് വിളിക്കാം. ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണ്....''

വാസ്തവത്തില്‍ ഇത്തരം പ്രസ്താവനകള്‍ ആരോഗ്യകരമായ മത സംവാദങ്ങള്‍ക്കും, പരസ്പരം ആരോപണ പ്രത്യാരോപണങ്ങളോ ആക്ഷേപ ശകാരങ്ങളോ ഇല്ലാത്ത സ്‌നേഹസംവാദങ്ങള്‍ക്കും വേദി ഒരുക്കേണ്ടതായിരുന്നില്ലേ? പ്രത്യേകിച്ച് നമ്മുടെ ഈ പ്രബുദ്ധ കേരളത്തിലെങ്കിലും?

ഡോ. ബഷീറുദ്ദീന്‍ അഹ്മദ് മഞ്ചേരി

         സൂക്ഷ്മമായ ഗവേഷണത്തിന്റെയോ പഠനത്തിന്റെയോ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമനമാണ് മുഫ്തി ഇല്‍യാസ് ബല്‍റാം പൂരിയുടെ പ്രസ്താവനക്ക് നിദാനം എന്ന് കരുതുക വയ്യ. ഹിന്ദുത്വശക്തികള്‍ രാജ്യത്ത് അധികാരമേറ്റ പശ്ചാത്തലത്തില്‍ അവരെ സന്തോഷിപ്പിക്കുന്ന അഭിപ്രായ പ്രകടനം എന്നതില്‍ കവിഞ്ഞ മാനം മുഫ്തിയുടെ വാക്കുകള്‍ക്കുണ്ടെന്ന് തോന്നുന്നില്ല. കാരണം, നടന്നേടത്തോളം ഒരു പഠനത്തിലും ഹിന്ദുക്കള്‍ അവതാര പുരുഷന്മാരായി വിശ്വസിക്കുന്ന ഒരാളെക്കുറിച്ചും ഇസ്‌ലാമിലെ പ്രവാചകനെന്ന് തീര്‍ത്തു പറയാവുന്ന തെളിവുകളില്ല. ദൈവത്തിന്റെ അവതാരം എന്ന സങ്കല്‍പം തന്നെ ഇസ്‌ലാം നിരാകരിക്കുന്നതാണ്. അതൊരു വേള പ്രവാചകത്വ സങ്കല്‍പത്തിന് കാലാന്തരേണ വന്ന മാറ്റമാവാം; ഇസ്‌ലാം പ്രവാചകനെന്ന് ദൃഢമായി വിശ്വസിക്കുന്ന യേശു ക്രൈസ്തവരുടെ കണ്ണില്‍ ദൈവപുത്രനായ പോലെ. എന്നാല്‍ ശിവശങ്കരനോ മനുവോ മറ്റു ഭാരതീയ ഇതിഹാസ കഥാപാത്രങ്ങളോ ഇസ്‌ലാമിന്റെ ഭാഷയിലെ പ്രവാചകരായിരുന്നു എന്നതിന് ഖുര്‍ആനോ വിശ്വാസ്യമായ ഹദീസുകളോ സാക്ഷ്യം നല്‍കുന്നില്ല.

അതേയവസരത്തില്‍ മനു നൂഹ് നബി ആയിരുന്നെന്ന അഭിപ്രായം ചില മുസ്‌ലിം പണ്ഡിതന്മാര്‍ക്കുണ്ട്. ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍ എന്ന കൃതിയില്‍ ഗവേഷകനായ ടി. മുഹമ്മദ് സാഹിബ് അങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടുണ്ട്. എന്തായാലും അക്കാദമിക തലത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും പ്രസക്തിയും  പ്രാധാന്യവുമുണ്ട്. ജമാഅത്തെ ഇസ്‌ലാമി തദ്വിഷയകമായി മുന്‍കൈ എടുക്കുകയും ചെയ്തിരുന്നു. മാറിയ സാഹചര്യങ്ങള്‍ സ്‌നേഹ സംവാദങ്ങള്‍ക്ക് പോലും സാധ്യതയും അവസരവും കുറക്കുകയാണ്. എന്നാലും നിരാശരാവാതെ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുകയാണ് സത്യപ്രബോധകരുടെ ചുമതല. 

സസ്യാഹാരികളുടെ ന്യായവാദങ്ങള്‍

''പരിസ്ഥിതി സംരക്ഷണത്തിനും ആവാസ വ്യവസ്ഥയുടെ സന്തുലനത്തിനും വേണ്ടി ചില ജീവികളെ നാം പ്രത്യേകം സംരക്ഷിക്കുന്നുണ്ട്. കടുവ, മയില്‍, വേഴാമ്പല്‍ എന്നിവ സംരക്ഷിക്കുന്നതില്‍ മാംസാഹാരികള്‍ക്ക് എതിര്‍പ്പില്ല. എങ്കില്‍ ആടുമാടുകളെ കശാപ്പു ചെയ്യരുതെന്ന് പറയുന്നതില്‍ മാത്രം വിരോധമെന്തിന്? ഭൂമിയിലുള്ളതെല്ലാം മനുഷ്യര്‍ക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന ചൂഷണ മനോഭാവം മാറാതെ പരിസ്ഥിതി സംരക്ഷണവും മൃഗസ്‌നേഹവും പ്രായോഗികമാവില്ല.''

സസ്യാഹാര ശീലം പുലര്‍ത്തുന്നവരുടെ ഈ വാക്കുകള്‍ക്ക് എന്താണ് മറുപടി?

സമദ് കല്ലടിക്കോട്

         ജീവികളെ കാട്ടുജീവികളെന്നും വളര്‍ത്തു ജീവികളെന്നും പ്രകൃതി വേര്‍തിരിച്ചത് തന്നെ രണ്ടു വര്‍ഗങ്ങള്‍ തമ്മിലെ അന്തരത്തെ അടിസ്ഥാനപ്പെടുത്തിയാണ്. കടുവകളും മയിലുകളും വേഴാമ്പലുകളും മറ്റു വന്യ ജീവികളും ഭക്ഷണത്തിനോ മറ്റാവശ്യങ്ങള്‍ക്കോ വേണ്ടി വേട്ടയാടപ്പെട്ടാല്‍ ക്രമേണ അവയ്ക്ക് വംശനാശം സംഭവിക്കും. അതിനാല്‍ ഇക്കാര്യത്തില്‍ നിയന്ത്രണമോ ചിലപ്പോള്‍ നിരോധമോ വേണമെന്ന് മനുഷ്യര്‍ തന്നെ തീരുമാനിച്ചു. എന്നാല്‍, ആഹാരത്തിനും പാലിനും തോലിനുമായി മനുഷ്യര്‍ വളര്‍ത്തുന്ന ജീവികള്‍ക്ക് വംശനാശം സംഭവിക്കുന്നില്ല. കാരണം അവയുടെ വംശവര്‍ധനവിന് മനുഷ്യര്‍ തന്നെ പോംവഴികള്‍ ഉണ്ടാക്കുന്നു. കാലികളെ എത്ര അറുത്ത് തിന്നാലും അത്രയോ അതിലധികമോ പുനരുല്‍പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ തന്നെയും ഏതെങ്കിലും വളര്‍ത്തു ജീവികള്‍ക്ക് വംശനാശ ഭീഷണിയുണ്ടെങ്കില്‍ അവയുടെ കാര്യത്തില്‍ നിയന്ത്രണമാവാം താനും.

ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഏത് ജീവിയുടെയും മാംസം ഭക്ഷിക്കാം (മുസ്‌ലിംകള്‍ക്ക് പന്നി മാംസം നിഷിദ്ധം). പോഷകാഹാരക്കുറവിനുള്ള പ്രതിവിധിയുമാണ് മാംസാഹാരം. 650 കോടി ജനങ്ങള്‍ക്ക് പോഷകാഹാരത്തിന് സസ്യങ്ങളെ മാത്രം അവലംബിക്കാനാവില്ല. അത്രയും  സസ്യങ്ങള്‍ ഉല്‍പാദിപ്പിക്കാനുമാവില്ല. ജീവികളോടുള്ള ദയയുടെ പ്രശ്‌നമുണ്ടെങ്കില്‍ അത് മത്സ്യങ്ങള്‍ക്കും ബാധകമാണ്. മത്സ്യാഹാരം കൂടി നിഷിദ്ധമാക്കിയാല്‍ പാവങ്ങളും സാധാരണക്കാരും വലഞ്ഞതുതന്നെ. ഭൂമിയിലുള്ളതെല്ലാം മനുഷ്യര്‍ക്ക് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടതെന്ന ദൈവവചനം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. മിതമായും ആവശ്യത്തിന് മാത്രമായും ഉപയോഗിച്ചാല്‍ ഒരു ചൂഷണത്തിന്റെയും പ്രശ്‌നമില്ല. അമിതത്വവും ധൂര്‍ത്തും ദുര്‍വ്യയവും ദൈവം തന്നെയാണ് വിലക്കിയത്. സസ്യാഹാരികള്‍ പാലും പാലുല്‍പന്നങ്ങളും യഥേഷ്ടം കഴിക്കുന്നു! മൃഗങ്ങളുടെ പാല്‍ അവയുടെ കുഞ്ഞുങ്ങള്‍ക്കുള്ള ആഹാരമാണെന്ന പ്രകൃതി സത്യം പരിഗണിച്ചാല്‍ അതും ചൂഷണമല്ലേ? 

പാല്‍ തരുന്ന മൃഗങ്ങളുടെ അറവ്

ഗോവധ നിരോധം പല സംസ്ഥാനങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സമയമാണല്ലോ. ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നം എന്നാണ് പ്രചരിപ്പിക്കുന്നത്. അത് ശരിയാണോ? മാംസം കഴിക്കല്‍ നിര്‍ബന്ധമാണോ? ഇനി, പാല്‍ തരുന്ന പശു, എരുമ, ആട്, ഒട്ടകം എന്നിവയെ അറുക്കല്‍ അനുവദനീയമാണോ? 

സാബിര്‍ മുനഫര്‍ തങ്ങള്‍ കൊയിലാണ്ടി

         ഗോവധ നിരോധത്തിന്റെ അടിസ്ഥാനം ആരെന്ത് വാദിച്ചാലും ഹിന്ദുക്കളിലെ ഒരു വിഭാഗം സവര്‍ണരുടെ വിശ്വാസപരമായ ശാഠ്യമാണ്. തങ്ങള്‍ ഗോക്കളെ പൂജിക്കുന്നത് കൊണ്ട് രാജ്യത്ത് മറ്റാരും അവയെ അറുക്കുകയോ തിന്നുകയോ ചെയ്യരുത് എന്ന അവരുടെ നിര്‍ബന്ധ ബുദ്ധിക്ക് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ വഴങ്ങി കേരളവും ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഒഴിച്ചുള്ള ഇന്ത്യയുടെ സിംഹഭാഗങ്ങളിലും ഗോവധം നിരോധിച്ചു. ആര്‍.എസ്.എസ് രാജ്യത്തിന്റെ കേന്ദ്രഭരണം പിടിച്ചെടുത്ത അനുകൂല സാഹചര്യത്തില്‍ അവര്‍ തന്നെ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോവധ നിരോധത്തിന്റെ പരിധി വിപുലീകരിക്കുകയും നിയമം കര്‍ക്കശമാക്കുകയുമാണ് ചെയ്തിരിക്കുന്നത്.

മനുഷ്യ വാസം ലോകത്താരംഭിച്ചത് മുതല്‍ പാലിനും മാംസത്തിനും വേണ്ടി ഒട്ടകം, പശു, എരുമ, ആട് മുതലായ ഇണങ്ങുന്ന മൃഗങ്ങളെ വളര്‍ത്തിവന്നിരുന്നു. പാല്‍ തരുന്ന മൃഗങ്ങളെ പ്രസവം നിലച്ച, കറവ വറ്റിയ ശേഷമാണ് സാധാരണ അറുക്കാറ്. ഹിന്ദുക്കളും ജൂതരും ക്രൈസ്തവരുമെല്ലാം ചെയ്തിരുന്ന പോലെ മുസ്‌ലിംകളും ഈ മൃഗങ്ങളെ പോറ്റുകയും പാല്‍ കറന്നെടുക്കുകയും പ്രായം കവിഞ്ഞാല്‍ അറുത്ത് തിന്നുകയും ചെയ്തു എന്നല്ലാതെ മാട്ടിറച്ചി സ്‌പെഷ്യലിസ്റ്റുകളുടെ സമുദായമല്ല മുസ്‌ലിംകള്‍. പാശ്ചാത്യരായ ക്രൈസ്തവരാണ് ഇക്കാര്യത്തില്‍ മുന്‍നിരയില്‍. കാളകളെ വണ്ടി വലിക്കാനോ നിലം ഉഴുതാനോ യോഗ്യമല്ലാതാവുമ്പോള്‍ അവയെയും അറുക്കുന്നു. അനേക ലക്ഷം ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യവയാസം കൂടിയാണ് മാട്ടിറച്ചി, തുകല്‍ എന്നീ വസ്തുക്കള്‍. മാടുകളെ അറുക്കാന്‍ പാടില്ലെന്ന് ശഠിക്കുന്നവര്‍ ഈ തൊഴിലാളികളുടെ പുനരധിവാസം ഉറപ്പ് വരുത്തുകയെങ്കിലും വേണം. ഇസ്‌ലാം സസ്യാഹാരമോ മാംസാഹാരമോ പ്രത്യേകം നിര്‍ബന്ധമാക്കിയിട്ടില്ല. ജീവിതം നിലനിര്‍ത്താന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കണം എന്നേ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ നല്ല വസ്തുക്കള്‍ നിഷിദ്ധമാക്കാന്‍ മനുഷ്യര്‍ക്കധികാരമില്ല എന്ന് ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്. 

ഘര്‍വാപസി ഏകദൈവ വിശ്വാസത്തിലേക്ക്

യഥാര്‍ഥത്തില്‍ ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ സത്യവിശ്വാസമാണ് മനുഷ്യന്റെ പ്രകൃതിക്കും യുക്തിക്കും യോജിച്ച മതം. ആദിമ മനുഷ്യന്റെ മതം അതായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ് താനും. കാലാകാലങ്ങളിലെ പൗരോഹിത്യ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചില വശങ്ങള്‍ ഒഴിവാക്കിയും അന്യമായ ചിലത് കൂട്ടിച്ചേര്‍ത്തും വികലമാക്കിയ വിവിധ രൂപങ്ങളല്ലേ ഇന്നീ കാണുന്ന വ്യത്യസ്ത മതങ്ങള്‍? അപ്പോള്‍ ഘര്‍വാപസി ആവേണ്ടത് ഏകദൈവവിശ്വാസത്തിലേക്കല്ലേ?

കെ.സി കുഞ്ഞിമുഹമ്മദ് മന്ദലാംകുന്ന്

         സ്രഷ്ടാവും ജഗന്നിയന്താവും കരുണാവാരിധിയും സര്‍വജ്ഞനുമായ ദൈവം വിശേഷബുദ്ധി നല്‍കി സൃഷ്ടിച്ച മനുഷ്യര്‍ക്ക് ആദി പിതാവായ ആദം മുഖേന നല്‍കിയ സന്മാര്‍ഗം ഒന്നേയുള്ളൂവെന്നും ഏക ദൈവത്വത്തിലധിഷ്ഠിതമായ ആ സന്മാര്‍ഗമാണ് കാലാകാലങ്ങളില്‍ പ്രവാചകന്മാര്‍ മുഖേന അവതരിപ്പിച്ചുകൊണ്ടിരുന്നതെന്നുമുള്ളത് ഇസ്‌ലാമിന്റെ മൗലികാധ്യാപനമാണ്. ആ നിലക്ക് മനുഷ്യകരങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ഒഴിവാക്കി യഥാര്‍ഥ ദൈവിക സന്മാര്‍ഗത്തിലേക്ക് ജാതി മത ഭേദം കൂടാതെ സര്‍വ മനുഷ്യരും വരണമെന്നാണ് ഇസ്‌ലാം ഉദ്‌ബോധിപ്പിക്കുന്നതും. ഈ സത്യം പ്രബോധനം ചെയ്യുക എന്ന ഉത്തരവാദിത്തം മുസ്‌ലിം തലമുറകള്‍ യഥാവിധി നിറവേറ്റിയിരുന്നെങ്കില്‍ ഇന്നത്തെ ഘര്‍വാപസി പോലുള്ള ഭീഷണികളെ നേരിടേണ്ടിവരുമായിരുന്നില്ല. വന്ന സ്ഥിതിക്ക് അതിന്റെ മുമ്പില്‍ ചകിതരോ ഭീരുക്കളോ ആവേണ്ടതുമില്ല. ബൗദ്ധിക സംവാദങ്ങളിലൂടെ സത്യം ബോധ്യപ്പെടുത്താന്‍ യത്‌നിക്കുകയാണ് വേണ്ടത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /10-13
എ.വൈ.ആര്‍