ബംഗ്ലാദേശ് നീതി വീണ്ടും തൂക്കുമരത്തിലേക്ക്
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു സമുന്നത നേതാവിനെ കൂടി ഹസീന വാജിദ് നേതൃത്വം നല്‍കുന്ന ഏകാധിപത്യ ഭരണകൂടം തൂക്കിലേറ്റി. അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും കോളമിസ്റ്റും ഇസ്‌ലാമിക ചിന്തകനും ജനകീയ നേതാവും ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമിയുടെ സീനിയര്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറലുമായ മുഹമ്മദ് ഖമറുസ്സമാനെ(62)യാണ് കഴിഞ്ഞ ഏപ്രില്‍ പതിനൊന്നിന് കള്ളക്കേസുകള്‍ ചുമത്തി കൊലപ്പെടുത്തിയത്. 2010 ജൂലൈ 13-ന് അറസ്റ്റ് ചെയ്യപ്പെട്ടത് മുതല്‍ വിചാരണാ പ്രഹസനങ്ങളാണ് അദ്ദേഹം നേരിട്ടുകൊണ്ടിരുന്നത്. 1971-ലെ ബംഗ്ലാദേശ് വിമോചന സമരക്കാലത്ത് പാക് സൈന്യത്തോടൊപ്പം ചേര്‍ന്ന് അതിക്രമങ്ങള്‍ നടത്തി എന്നായിരുന്നു കേസ്. ഏഴു കുറ്റങ്ങള്‍ അദ്ദേഹത്തിനെതിരെ ചാര്‍ത്തി. അതില്‍ കൂട്ടക്കൊല, പീഡനം, ബലാത്സംഗം, കൊള്ള തുടങ്ങി സകല കുറ്റകൃത്യങ്ങളും ഉള്‍പ്പെടും.
ആരോപണങ്ങളത്രയും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് തെളിവുകള്‍ സഹിതം സമര്‍ഥിക്കാന്‍ ഖമറുസ്സമാന്റെ അഭിഭാഷകന്‍ അബ്ദുര്‍റസ്സാഖിന് സാധിച്ചുവെങ്കിലും യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്ന ട്രൈബ്യൂണലോ സുപ്രീം കോടതിയോ അത് തെല്ലും വകവെച്ചില്ല. ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തെ ഒന്നടങ്കം വകവരുത്തണമെന്ന് ഭരണകക്ഷിയായ അവാമി ലീഗ് നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. അവാമി പക്ഷപാതികളെ കുത്തിനിറച്ച ട്രൈബ്യൂണലിനും കോടതികള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും ലോകത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ അന്വേഷണ -വിചാരണ പ്രഹസനങ്ങള്‍ നടത്തുക എന്ന പണിയേ ഉണ്ടായിരുന്നുള്ളൂ. സാക്ഷികളും ഇരകളും പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നതോ, മുകളില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് തങ്ങളിതൊക്കെ പറയുന്നത് എന്ന് അവര്‍ കുറ്റസമ്മതം നടത്തുന്നതോ (Kamaruzzaman -A Victim of Sheer Injustice എന്ന യൂട്യൂബ് വീഡിയോ കാണുക) അന്വേഷണത്തെയോ വിധിന്യായത്തെയോ ഒരു നിലക്കും സ്വാധീനിച്ചില്ല. സ്വാഭാവികമായും ട്രൈബ്യൂണലിന്റെ വിധി സുപ്രീം കോടതിയും ശരിവെച്ചു. പ്രസിഡന്റിന് ദയാഹരജി സമര്‍പ്പിക്കുക മാത്രമായിരുന്നു പിന്നെയുള്ള ഏക വഴി. അവാമി പക്ഷപാതികളായ ഭരണാധികാരികളില്‍ നിന്നോ ജഡ്ജിമാരില്‍ നിന്നോ നീതി പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ശഹീദ് ഖമറുസ്സമാന്‍ ദയാ ഹരജി കൊടുക്കാന്‍ വിസമ്മതിക്കുകയും രക്തസാക്ഷിത്വം ഏറ്റുവാങ്ങുകയുമായിരുന്നു.
ആരാണ് ഖമറുസ്സമാന്‍?
1952-ല്‍ ജനിച്ച ഖമറുസ്സമാന്‍ തൊള്ളായിരത്തി എണ്‍പതുകളില്‍ ബംഗ്ലാ കാമ്പസുകളെ പ്രകമ്പനം കൊള്ളിച്ച വിദ്യാര്‍ഥി നേതാവായിരുന്നു. ബംഗ്ലാദേശിലെ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനമായ ഇസ്‌ലാമി ഛാത്ര ശിബ്‌റിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍. 1978-ലും '79-ലും ഛാത്ര ശിബ്‌റിന്റെ കേന്ദ്ര പ്രസിഡന്റായിരുന്നു. 1979-ലാണ് ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വമെടുക്കുന്നത്. 1992-ല്‍ ജമാഅത്തിന്റെ അസി. സെക്രട്ടറി ജനറലായി നിയമിതനായി. ധാക്ക യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനിലും ജേര്‍ണലിസത്തിലും ബിരുദാനന്തര ബിരുദം നേടി. ഷന്‍ഗ്രാം ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററും ഷൊനാര്‍ ബംഗ്ലാ വാരികയുടെ എഡിറ്ററുമായിരുന്നിട്ടുണ്ട്. നാഷ്‌നല്‍ പ്രസ് ക്ലബ് അംഗവും ബംഗ്ലാ അക്കാദമിയുടെ ആജീവനാന്ത അംഗവുമായിരുന്നു.
2009-ല്‍ അവാമി ലീഗ് അധികാരത്തിലെത്തിയപ്പോഴാണ് ഖമറുസ്സമാനെതിരെ ഗവണ്‍മെന്റ് വക്താക്കള്‍ ഇങ്ങനെയൊരു ആരോപണം ആദ്യമായി ഉന്നയിച്ചത്. 1971-ലെ വിമോചന സമരകാലത്ത് വധിക്കപ്പെട്ടവരുടെ ബന്ധുക്കളോ പീഡനത്തിനിരയായവരോ പിന്നിട്ട 40 വര്‍ഷത്തിനിടക്ക് ഒരിക്കല്‍ പോലും ഖമറുസ്സമാന്‍ കുറ്റവാളിയാണെന്ന് പറഞ്ഞിട്ടില്ല. ഇതൊരു ഭരണകൂട ഗൂഢാലോചനയാണെന്നതിന് മറ്റൊരു തെളിവും വേണ്ടതില്ല. വിമോചന സമരത്തിന് ശേഷം അതിക്രമങ്ങളില്‍ പങ്കാളികളാവുകയോ കൂട്ടുനില്‍ക്കുകയോ ചെയ്ത നിരവധി പേരെ ബംഗ്ലാ ഗവണ്‍മെന്റ് പിടികൂടുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ഇദ്ദേഹത്തിന്റെ പേരില്ല.
1971-ലെ വിമോചന സമരകാലത്ത് ഖമറുസ്സമാന് പ്രായം വെറും പത്തൊമ്പത്. സെക്കന്ററി സ്‌കൂളില്‍ പഠിക്കുകയാണ്. ഈ കൊച്ചു പയ്യന്‍ പാകിസ്താന്‍ സൈന്യത്തിനും റസാഖര്‍, അല്‍ബദ്ര്‍ പോലുള്ള അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കും ആജ്ഞ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍, അവര്‍ സൊഹാഗപൂര്‍ എന്ന ഗ്രാമത്തിലേക്ക് മാര്‍ച്ച് ചെയ്യുകയും 64 ഗ്രാമീണരെ കൂട്ടക്കൊല നടത്തുകയും ചെയ്തു എന്നാണ് കേസ്. സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നും കുറ്റപത്രത്തിലുണ്ട്. എല്ലാറ്റിനും നേതൃത്വം നല്‍കിയത് ഈ പത്തൊമ്പത് വയസ്സുകാരന്‍! ഈ അത്ഭുതകൃത്യം അന്നത്തെ ഒരൊറ്റ പത്രവും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല!! ഇങ്ങനെ നട്ടാല്‍ മുളക്കാത്ത നുണകളുടെ സമാഹാരമാണ് ഖമറുസ്സമാനെതിരെയുള്ള കുറ്റപത്രം.
യുദ്ധക്കുറ്റ ട്രൈബ്യൂണല്‍
വിചാരണയുടെ യാതൊരു അന്താരാഷ്ട്ര മാനദണ്ഡവും മര്യാദയും പാലിക്കാത്ത ഒരു ഭരണകൂട സൃഷ്ടിയാണിത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, യു.എന്‍ ഹൈ റൈറ്റ്‌സ് കൗണ്‍സില്‍, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ ഒട്ടേറെ അന്താരാഷ്ട്ര വേദികള്‍ ട്രൈബ്യൂണലിന്റെ ഏകപക്ഷീയ വധശിക്ഷാ പ്രഖ്യാപനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇതിന്റെ പിന്നില്‍ നടക്കുന്ന കള്ളക്കളികളെക്കുറിച്ച് ബ്രിട്ടനില്‍ നിന്നിറങ്ങുന്ന ദി ഇക്കണോമിസ്റ്റ് വാരിക തുടര്‍ച്ചയായി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ഐ.പി.എച്ച് പുറത്തിറക്കിയ 'ബംഗ്ലാദേശ്- തൂക്കിലേറുന്നത് നീതിയും ജനാധിപത്യവും' എന്ന പുസ്തകം കാണുക). ട്രൈബ്യൂണലിന്റെ ചെയര്‍മാന്‍ ജസ്റ്റിസ് നിസാമുല്‍ ഹഖ് ബ്രസ്സല്‍സില്‍ അഭിഭാഷകനായ സിയാഉദ്ദീന്‍ അഹ്മദുമായി നടത്തിയ ദീര്‍ഘസംഭാഷണങ്ങളും ഇമെയില്‍ സന്ദേശങ്ങളുമാണ് വാരിക പുറത്തുവിട്ടത്. ഒരു തീവ്ര ജമാഅത്ത് വിരുദ്ധ ഗ്രൂപ്പിലെ അംഗമാണ് സിയാഉദ്ദീന്‍ അഹ്മദ്. ഗവണ്‍മെന്റിലോ ജുഡീഷ്യറിയിലോ അയാള്‍ക്ക് റോളൊന്നുമില്ല. എന്നിട്ടും അയാളാണ്, ജമാഅത്ത് നേതാക്കളെ എങ്ങനെയൊക്കെയാണ് വിചാരണ ചെയ്യേണ്ടത് എന്ന് ട്രൈബ്യൂണല്‍ ചെയര്‍മാനെ ഉപദേശിക്കുന്നത്! വാര്‍ത്ത പുറത്ത് വന്നതോടെ നിസാമുല്‍ ഹഖിന് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കേണ്ടിവന്നു. ജമാഅത്ത് നേതാക്കള്‍ക്കെതിരിലുള്ള വിധികള്‍ വേഗത്തിലാക്കാന്‍ ഖമറുല്‍ ഇസ്‌ലാം എന്ന മന്ത്രി നിര്‍ബന്ധിച്ചിരുന്നതായി നിസാമുല്‍ ഹഖ് തന്നെ സമ്മതിച്ചിട്ടുമുണ്ട്. കുറ്റാരോപിതര്‍ക്കെതിരെ എങ്ങനെ നീങ്ങണമെന്ന് ചര്‍ച്ചചെയ്യാന്‍ പ്രോസിക്യൂട്ടറും ട്രൈബ്യൂണല്‍ ജഡ്ജിമാരും അന്വേഷണ ഉദ്യോഗസ്ഥരുമെല്ലാം രഹസ്യമായി സമ്മേളിക്കാറുണ്ടായിരുന്നുവെന്ന കാര്യവും പുറത്ത് വന്നു.
നീതിയും ന്യായവും തൊട്ടു തെറിച്ചിട്ടില്ലാത്ത ഈ കംഗാരു കോടതിയാണ് ജമാഅത്ത് നേതാക്കള്‍ക്കെതിരെ നിരന്തരം വധശിക്ഷ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇതിലെ ഒന്നാമത്തെ രക്തസാക്ഷിയാണ് 2013 ഡിസംബര്‍ 12-ന് തൂക്കിലേറ്റപ്പെട്ട അബ്ദുല്‍ ഖാദിര്‍ മുല്ല. ഇതേ കള്ളക്കേസുകള്‍ ചുമത്തി ജയിലിലടച്ചിരുന്ന ബംഗ്ലാ ജമാഅത്തിന്റെ ഏറ്റവും മുതിര്‍ന്ന നേതാവ് പ്രഫ. ഗുലാം അഅ്‌സം മതിയായ ചികിത്സയും പരിചരണവും കിട്ടാതെ 2013 ഒക്‌ടോബര്‍ 23-ന് വിടപറഞ്ഞു. മുത്വീഉര്‍റഹ്മാന്‍ നിസാമി, ദെലാവര്‍ ഹുസൈന്‍ സഈദി, അലി അഹ്‌സന്‍ മുജാഹിദ്, എ.ടി.എം അസ്ഹറുല്‍ ഇസ്‌ലാം, മീര്‍ഖാസിം അലി തുടങ്ങിയ ജമാഅത്തിന്റെ മുതിര്‍ന്ന നേതാക്കളെയും കാത്തിരിക്കുന്നത് കൊലക്കയര്‍ തന്നെ.
എന്തുകൊണ്ട് ഖമറുസ്സമാന്‍?
മേല്‍ പറഞ്ഞ നേതാക്കളെല്ലാം ഖമറുസ്സമാനേക്കാള്‍ മുതിര്‍ന്നവരും സംഘടനയില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവരുമാണ്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ബംഗ്ലാ ജമാഅത്തിന്റെ അധ്യക്ഷനായിരുന്നു മുത്വീഉര്‍റഹ്മാന്‍ നിസാമി. ദെലാവര്‍ ഹുസൈന്‍ സഈദി സംഘടനയുടെ വൈസ് പ്രസിഡന്റും മികച്ച വാഗ്മിയുമാണ്. ഇവര്‍ക്ക് മുമ്പേ എന്തുകൊണ്ട് താരതമ്യേന ചെറുപ്പമായ ഖമറുസ്സമാനെ തൂക്കിലേറ്റി?
അവാമി ലീഗിന്റെ ദുര്‍ഭരണത്തിനും ഇരട്ടത്താപ്പിനുമെതിരെ ശക്തമായി തൂലിക ചലിപ്പിക്കുകയും പൊതു സമൂഹത്തില്‍ വലിയ ചലനം സൃഷ്ടിക്കുകയും ചെയ്ത നേതാവായിരുന്നു ഖമറുസ്സമാന്‍. ഭരണകക്ഷിയിലെ അംഗങ്ങളെ പേരെടുത്ത് തന്നെ അദ്ദേഹം വിമര്‍ശിച്ചു. അവരുടെ അഴിമതിക്കഥകള്‍ പുറത്ത് കൊണ്ടുവന്നു. തനിക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ ചാര്‍ത്തിയ പ്രധാനമന്ത്രി ഹസീനാ വാജിദിനെ അദ്ദേഹം വെല്ലുവിളിച്ചു: ഇപ്പോഴത്തെ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി ഡോ. മുഹിയുദ്ദീന്‍ ഖാന്‍ ആലംഗീര്‍, 1971-ല്‍ മെയ്മന്‍സിംഗിലെ പാക് ഡെപ്യൂട്ടി കളക്ടറായിരുന്നു. പാക് അതിക്രമങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തയാള്‍. ബംഗ്ലാദേശ് രൂപവത്കരണത്തോടെ കാറ്റ് മാറി വീശിയപ്പോള്‍ ഇയാള്‍ കളം മാറിച്ചവിട്ടി അവാമി ലീഗിന്റെ സ്വന്തം ആളായി. ഇപ്പോള്‍ ആഭ്യന്തരമന്ത്രിയുമായി. ഈ യുദ്ധക്കുറ്റവാളിയെ പിടികൂടി വിചാരണ ചെയ്യാന്‍ ധൈര്യമുണ്ടോ? ഹസീന വാജിദിന്റെ മകളുടെ ഭര്‍തൃപിതാവ് മുശര്‍റഫും അവാമി ലീഗിന്റെ അഡ്വ. ഖമറുല്‍ ഇസ്‌ലാമുമെല്ലാം ഇതുപോലെ പാക് അതിക്രമങ്ങള്‍ക്ക് കൂട്ടുനിന്നവരാണ്. തെളിവുകളും ചരിത്ര വസ്തുതകളും നിരത്തിയുള്ള ഈ കടന്നാക്രമണമാവാം ഭരണകൂടത്തെ പ്രകോപിപ്പിച്ചതും അരിശം കൊള്ളിച്ചതും.
ബംഗ്ലാ ജമാഅത്തിന്റെ ജനകീയ മുഖമാണ് മുഹമ്മദ് ഖമറുസ്സമാന്‍. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാവി പരിപാടികളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. തന്റെ എട്ട് പുസ്തകങ്ങളില്‍ ഈ പുതു ചിന്തകള്‍ അദ്ദേഹം പങ്കുവെക്കുന്നു. വിദേശ രാജ്യങ്ങളില്‍ ഏറ്റവുമധികം തിരിച്ചറിയപ്പെടുന്നതും ഈ ജനകീയ നേതാവ് തന്നെ. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാവി അമരക്കാരനാകാന്‍ പോകുന്ന ഈ നേതാവിനെ ഉന്മൂലനം ചെയ്യാന്‍ അവാമി ലീഗ് നേതൃത്വം ധൃതി കൂട്ടിയതില്‍ അത്ഭുതപ്പെടേണ്ടതില്ല.
തുടരുന്ന ജനാധിപത്യ കശാപ്പ്
ബംഗ്ലാദേശില്‍ ജനാധിപത്യത്തെ മാത്രമല്ല, മനുഷ്യത്വത്തെ തന്നെ കൊന്ന് കൊലവിളിക്കുകയാണെന്ന് പ്രമുഖ ഉര്‍ദു കോളമിസ്റ്റ് സലീം മന്‍സ്വൂര്‍ ഖാലിദ് എഴുതുന്നു. ഖമറുസ്സമാന്റെ രക്തസാക്ഷ്യവും ഒറ്റപ്പെട്ട് കാണേണ്ട ഒന്നല്ല. മുഖ്യ പ്രതിപക്ഷ കക്ഷികളായ ബംഗ്ലാ നാഷ്‌നലിസ്റ്റ് പാര്‍ട്ടി(ബി.എന്‍.പി)യും ജമാഅത്തെ ഇസ്‌ലാമിയും ഉള്‍പ്പെടെ പതിനെട്ട് പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യം അവാമി ലീഗിന്റെ ജനാധിപത്യ വിരുദ്ധ ഭീകര ഭരണത്തിനെതിരെ കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രക്ഷോഭ രംഗത്താണ്. 2014 ജനുവരി 5 ബംഗ്ലാദേശിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. അന്നാണ് സ്വതന്ത്ര തെരഞ്ഞെടുപ്പ് അട്ടിമറിച്ച് അവാമി ലീഗും സഖ്യകക്ഷികളും മുഴുവന്‍ പാര്‍ലമെന്റ് സീറ്റുകളും ഭാഗം വെച്ചെടുത്തത്. പാര്‍ലമെന്റില്‍ ഇപ്പോള്‍ പേരിനു പോലും പ്രതിപക്ഷമില്ല. ഈ കറുത്ത അധ്യായത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ കഴിഞ്ഞ ജനുവരി അഞ്ചിന് 'ജനാധിപത്യ കശാപ്പ് ദിന'മായാണ് പ്രതിപക്ഷം ആചരിച്ചത്. പ്രക്ഷോഭത്തിനിറങ്ങിയ 200-ലധികം പേരെ പോലീസ് വെടിവെച്ചു കൊന്നു. പതിനയ്യായിരം പേരെ തടവിലിട്ടു.
കഴിഞ്ഞ മാര്‍ച്ചില്‍ ചിറ്റഗോംഗിലെ രണ്ട് ഗവണ്‍മെന്റ് കോളേജുകളില്‍ നിന്ന് ഇസ്‌ലാമി ഛാത്ര ശിബ്‌റിന്റെ 80 പ്രവര്‍ത്തകരെയാണ് പോലീസ് യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. ഇവരെ പോലീസും അവാമി ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ ഛാത്ര് ലീഗും ചേര്‍ന്ന് മര്‍ദിച്ചവശരാക്കുകയും ചെയ്തു. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് 'ജുഡീഷ്യല്‍ മര്‍ഡര്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ തൂക്കിക്കൊല. ഖമറുസ്സമാന്‍ രക്തസാക്ഷിയായതിന്റെ പിറ്റേന്ന് പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ ജമാഅത്ത് ആഹ്വാനം ചെയ്യുകയുണ്ടായി. അടുത്ത ദിവസം കൊലയില്‍ പ്രതിഷേധിച്ച് നാടൊട്ടുക്ക് പൊതുപണിമുടക്കും നടത്തി.
ഒട്ടും ശുഭകരമല്ല ബംഗ്ലാദേശില്‍ കാര്യങ്ങള്‍. ജനാധിപത്യ രീതികള്‍ പുനഃസ്ഥാപിക്കുകയേ ഇതിന് പരിഹാരമുള്ളൂ. പൊതു തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയന്ന് ഹസീന വാജിദ്, തെരഞ്ഞെടുപ്പ് ചുമതല കെയര്‍ടേക്കര്‍ ഭരണസംവിധാനത്തിന് വിട്ടുകൊടുക്കാതിരുന്നതാണ് പ്രതിസന്ധി ഇത്ര രൂക്ഷമാക്കിയത്. കെയര്‍ ടേക്കര്‍ സംവിധാനം പുനഃസ്ഥാപിച്ചാലേ ക്രമസമാധാനം സാധാരണ നിലയിലാക്കാനാകൂ. അതിന് തയാറാകാത്ത ഹസീന വാജിദിന് ഭാവിയില്‍ വലിയ വില കൊടുക്കേണ്ടിവരും.
ശഹീദ് ഖമറുസ്സമാന്റെ അവസാന വാക്കുകള്‍
''എല്ലാ കാലങ്ങളിലും ഇസ്‌ലാമിനെതിരെ ഗൂഢാലോചനകള്‍ അരങ്ങേറിയിട്ടുണ്ട്. അവയൊക്കെ ചീറ്റിപ്പോയിട്ടേയുള്ളൂ. ഒരു ഇസ്‌ലാമിസ്റ്റിനെ വധിച്ചാല്‍ ഇസ്‌ലാമിക പ്രസ്ഥാനം ഇല്ലാതാവുകയല്ല, അതിന് കൂടുതല്‍ ഗതിവേഗവും ഉത്സുകതയും കൈവരികയാണ് ചെയ്യുക.... ജനനവും മരണവും ജീവിതത്തിന്റെ സ്വാഭാവികതകളാണ്. ഓരോ മനുഷ്യന്റെയും ജീവിത പുസ്തകത്തിന്റെ യഥാര്‍ഥ മൂല്യനിര്‍ണയം നടക്കുന്നത് വിചാരണ നാളിലാണ്. ഈ ലോകത്ത് ഞാന്‍ അനീതിക്ക് ഇരയായെങ്കിലും അന്ത്യദിനത്തില്‍ നീതി കിട്ടുമെന്ന് എനിക്കുറപ്പുണ്ട്. എനിക്കെതിരെ കള്ളക്കേസുകള്‍ കെട്ടിച്ചമച്ചവരുടെയും കള്ളസാക്ഷ്യം പറഞ്ഞവരുടെയും കാര്യം ഞാന്‍ സര്‍വലോക രക്ഷിതാവിന്റെ അന്ത്യനാളിലെ വിധിന്യായത്തിന് വിടുന്നു.
ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അണിചേര്‍ന്ന അന്നുതന്നെ ഞാന്‍ രക്തസാക്ഷ്യത്തിന് ഒരുങ്ങിക്കഴിഞ്ഞിരുന്നു. അന്ത്യദിനത്തിലെ ദൈവിക വിധിന്യായത്തില്‍ വിശ്വസിക്കുന്നവരെ മനുഷ്യര്‍ തട്ടിപ്പടച്ചുണ്ടാക്കിയ, ഏകാധിപത്യത്തോടൊപ്പം അന്തിയുറങ്ങുന്ന ഈ ട്രൈബ്യൂണലിന്റെ വിധി ഒട്ടുമേ അസ്വസ്ഥപ്പെടുത്തുകയില്ല.''
Comments