നബി കരഞ്ഞുകൊണ്ടിരിക്കും!
അബൂത്വാലിബ്, അവിശ്വാസിയായതോടൊപ്പം ദിവ്യ ദൗത്യവുമായി സമൂഹത്തിലേക്കിറങ്ങിയ മുഹമ്മദ് നബി(സ)യുടെ മക്കയിലെ ആദ്യകാല സംരക്ഷകന്‍. തന്റെ പ്രായാധിക്യവും പ്രാരാബ്ധങ്ങളും വിസ്മരിച്ച് സഹോദരപുത്രന് താങ്ങായിനിന്ന പ്രിയപിതൃവ്യന്‍... ശിഅ്ബ് അബീത്വാലിബില്‍ ഹാശിം കുടുംബത്തെയൊന്നാകെ ഉപരോധിച്ച ഘട്ടത്തില്‍ പുണ്യപ്രവാചകന്റെ ഉയിരിന് കണ്ണിമ ചിമ്മാതെ കാവല്‍ നിന്ന ആദരണീയ വ്യക്തിത്വം. ഒടുവില്‍ പുണ്യനബിയെ സങ്കടക്കടലിലാഴ്ത്തി സത്യമാര്‍ഗത്തിലേക്കുള്ള വിളി കേള്‍ക്കാതെ അബൂത്വാലിബ് ഇഹലോകം വെടിഞ്ഞപ്പോള്‍ ഹൃദയത്തിലെരിഞ്ഞ നെരിപ്പോടിന്റെ ആണ്ടിന് ദുഃഖ വര്‍ഷം എന്നു പേരിട്ടു പ്രവാചകന്‍. സന്മാര്‍ഗത്തിലേക്കുള്ള വിളിക്ക് ഉത്തരം നല്‍കാത്തവരെക്കുറിച്ചോര്‍ത്ത് മനംനൊന്ത് ജീവന്‍ വെടിയാറായ ഘട്ടം വരെയെത്തിയിരുന്നു നബി. സഹജീവികളോട് അദമ്യമായ സ്‌നേഹവും അനുകമ്പയുമായിരുന്നു നബിക്ക്. സന്മാര്‍ഗത്തിലേക്കു വരാന്‍ വിസമ്മതിച്ചു നില്‍ക്കുന്നവര്‍ക്കായുള്ള പ്രാര്‍ഥനകളായിരുന്നു ആ മനസ്സ് നിറയെ. അത്തരമൊരു പ്രാര്‍ഥനയുടെ ഉത്തരമായിരുന്നുവല്ലോ ഉമര്‍ ബ്‌നുല്‍ ഖത്വാബെന്ന ഇസ്‌ലാമികചരിത്രത്തിലെ എക്കാലത്തെയും കരുത്തനായ വ്യക്തിത്വത്തിന്റെ സന്മാര്‍ഗലബ്ധി. ആക്ഷേപങ്ങളാലോ വാദപ്രതിവാദങ്ങളാലോ അല്ല, ജീവിതവഴിയില്‍ ജ്വലിച്ചുനില്‍ക്കുന്ന വഴിവിളക്കായി സ്‌നേഹത്താലും പ്രാര്‍ഥനയാലും വെളിച്ചമേകി പുണ്യനബി. ലോകാനുഗ്രഹിയുടെ സ്‌നേഹപ്പെരുമഴയില്‍ സമസ്തപ്രപഞ്ചവും നനഞ്ഞുകുതിര്‍ന്നു.
ത്വാഇഫിലെ മലഞ്ചെരിവുകളിലൂടെ സന്മാര്‍ഗ ഗീതികള്‍ പാടിയലഞ്ഞ മാര്‍ഗദര്‍ശിക്കു നേരെ ചീറി വന്നത് കല്‍ചീളുകള്‍. ആക്ഷേപങ്ങള്‍ക്കും ആട്ടലുകള്‍ക്കുമൊടുവില്‍ ശിക്ഷയിറക്കാനുള്ള ആജ്ഞാശബ്ദത്തിന് കാതോര്‍ത്തു നിന്ന മാലാഖയോട് ത്വാഇഫുകാരെ ശിക്ഷിക്കാനല്ല വരും തലമുറയെയോര്‍ത്ത് അവരോട് ക്ഷമിക്കാന്‍ നിര്‍ദേശിക്കുന്നു കാരുണ്യത്തിന്റെ നബി. ആട്ടിയവരെ അതിലുമുറക്കെ തിരിച്ചാട്ടുകയും കൈവെട്ടുകയും വധിക്കുകയും ചെയ്യുന്ന മുസ്‌ലിംനാമധാരികള്‍ പിന്‍പറ്റുന്നതേതു പ്രവാചകമാതൃക?
പീഡനത്തിന്റെ ഒരു ഘട്ടത്തില്‍ സ്വന്തം അനുചരര്‍ക്ക് അഭയമേകാന്‍ തെരഞ്ഞെടുത്തത് ക്രൈസ്തവഭരണമുള്ള എത്യോപ്യ. പ്രിയപ്പെട്ട അനുയായികളുടെ ജീവന്‍ വിശ്വസിച്ചേല്‍പിച്ചത് നജ്ജാശി രാജാവിന്റെ കൈകളില്‍. നാടും വീടും നരകമായിത്തീര്‍ന്നവര്‍ക്ക് എത്യോപ്യന്‍ മണ്ണ് സ്വാഗതമോതി. വിശ്വാസവൈജാത്യങ്ങള്‍ക്കതീതമായി മനുഷ്യത്വത്തില്‍ നബി വിശ്വാസമര്‍പ്പിക്കുമ്പോള്‍ സംഘടനാപക്ഷപാതിത്വത്തിനപ്പുറത്തേക്ക് മനസ്സു തുറക്കുന്നില്ല ഇന്ന് 'പ്രവാചകാനുയായികള്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍.
പലായനത്തിനൊരുങ്ങിപ്പുറപ്പെട്ട നബിശിഷ്യന്‍ അബൂബക്‌റിനെ മക്കക്കാര്‍ വഴിതടഞ്ഞ് മടക്കി അയക്കുന്നത് അവിടെ തത്തുല്യനായ മറ്റൊരു അബൂബക്ര്‍ ഇല്ലാത്തതിനാലായിരുന്നു. അബൂബക്‌റിനെപ്പോലെ സുസമ്മതനായൊരു വ്യക്തിത്വത്തെ നഷ്ടപ്പെടുത്താന്‍ മക്കക്കാര്‍ക്കു വയ്യ. സ്വന്തം നാട്ടുകാര്‍ക്ക് (സംഘടനക്കാര്‍ക്കല്ല) തടഞ്ഞുവെക്കാനും തിരിച്ചയക്കാനും എത്ര അബൂബക്ര്‍മാര്‍ ശേഷിക്കുന്നുണ്ട് ഇന്നത്തെ പ്രവാചകന്റെ 'പിന്‍മുറക്കാരില്‍?'
മക്കയിലെ പീഡനപര്‍വത്തിന്റെ ഒടുവില്‍ മദീനയിലേക്കുള്ള പലായനത്തിന്റെ രാത്രിയിലും മുഹമ്മദിന്റെ രക്തത്തിന് ദാഹിച്ച് ഉറക്കമിളച്ചവരുടെ പോലും സ്വത്തിന് കാവലിരിക്കാന്‍ മറ്റൊരാളുണ്ടായില്ല മക്കയില്‍! കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല ചാര്‍ത്തിയവര്‍ക്കെതിരെ ഗൂഢതന്ത്രങ്ങള്‍ മെനയാതെ സ്‌നേഹബാഷ്പവുമായി പ്രിയപ്പെട്ട മക്കയെ ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കി മദീനയിലേക്ക് മെല്ലെ പടിയിറങ്ങി. മദീനായാത്രയില്‍ വഴികാട്ടിയായത് അവിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉറൈഖിത്ത്. അതീവ രഹസ്യസ്വഭാവത്തില്‍ നിര്‍വഹിച്ച മദീനാ പലായനത്തിന്റെ രഹസ്യമറിഞ്ഞ അപൂര്‍വം ചിലരില്‍ ഒരാള്‍. അദ്ദേഹം ഭിന്ന മതസ്ഥനെങ്കിലും മനുഷ്യത്വത്തില്‍ നബിക്കുള്ള വിശ്വാസം ഒരിക്കലും നഷ്ടപ്പെട്ടിരുന്നില്ല.
പ്രിയപ്പെട്ട മുഹമ്മദിന്റെ സമുദായമേ, പ്രവാചകന്റെ സ്‌നേഹവും കരുതലും വിശ്വാസ്യതയും നമുക്ക് കൈമോശം വന്നതെവിടെയാണ്? കാലത്തിന്റെ ഏതു വഴിത്തിരിവിലാണ് പ്രവാചകമാതൃകകളെ നാം കൈവിട്ടുകളഞ്ഞത്? പരസ്പരം പോരടിക്കുന്ന പണ്ഡിത നേതൃത്വങ്ങള്‍ക്ക് നബിയുടെ ജീവിതത്തില്‍ നിന്ന് പോരടിയുടെയും ശത്രുതാ മനോഭാവത്തിന്റെയും ഒരു ഉദാഹരണമെങ്കിലുമുണ്ടോ? പക്ഷപാതിത്വത്തിന്റെയും തന്‍പോരിമയുടെയും മതിലുകളില്‍ ആദര്‍ശപ്രവാഹം തട്ടിയുടയുമ്പോള്‍ വരും തലമുറയ്ക്ക് പാഠമാകാന്‍ എന്തു നന്മയാണ് നാം അവശേഷിപ്പിക്കുന്നത്?
മദീനയുടെ ചരിത്രം നമ്മെ വെല്ലുവിളിക്കുകയാണ്. അതുപോലൊരു സമൂഹത്തെ പുനഃസൃഷ്ടിക്കാന്‍ ആര്‍ജവമുള്ള നേതൃത്വമെവിടെ? മദീനയിലെ അധികാരത്തിന്റെ തണലിലും ഇതര വിശ്വാസികളെ ചേര്‍ത്തുനിര്‍ത്താന്‍ വെമ്പല്‍കൊണ്ടു തിരുഹൃദയം. മദീനാവാസികളായ ഇതര വിശ്വാസികളുമായി പരസ്പര സഹകരണത്തിന്റെ കരാറുണ്ടാക്കിയത് മദീനയിലെ പ്രഥമ ദൗത്യങ്ങളിലൊന്നായിരുന്നു. ക്രൈസ്തവര്‍ക്കും യഹൂദര്‍ക്കും തങ്ങളുടെ പ്രമാണങ്ങളനുസരിച്ച് വിധി നടപ്പിലാക്കാന്‍ അനുവാദമുള്ള വിശ്വാസ സ്വാതന്ത്ര്യത്തിന്റെ നാടായിരുന്നു പ്രവാചകന്റെ മദീനാ രാഷ്ട്രം. അടിച്ചേല്‍പിക്കലിന്റെ ശബ്ദങ്ങള്‍ മാത്രം ശീലിച്ചവര്‍ പ്രവാചക നഗരിയിലേക്ക് ഒരിക്കല്‍കൂടി നോക്കേണ്ടതുണ്ട്.
നജ്‌റാനില്‍ നിന്നുള്ള പാതിരിമാരടങ്ങുന്ന ക്രൈസ്തവ നിവേദക സംഘത്തെ പ്രവാചകന്‍ സ്വീകരിച്ചത് തന്റെ പള്ളിയില്‍. ചര്‍ച്ചകള്‍ക്കിടയില്‍ പ്രാര്‍ഥനാ സമയമായപ്പോള്‍ അവിടെത്തന്നെ അതിനുള്ള സൗകര്യവും ചെയ്തുകൊടുത്തു. ത്രിയേകത്വവാദികളും യേശുവിനെ ദൈവപുത്രനായി കരുതിയിരുന്നവരുമായിരുന്നു അക്കാലത്തെ ക്രൈസ്തവരും. അവരുമായുണ്ടാക്കിയ കരാറില്‍ അവരുടെ ജീവനും വിശ്വാസത്തിനും, നാടിനും സമ്പത്തിനുമെല്ലാം സംരക്ഷണപ്രതിജ്ഞ നല്‍കി പ്രവാചകന്‍. അവരുടെ മതത്തിലും സംസ്‌കാരത്തിലും രീതികളിലും യാതൊരു മാറ്റവും വരുത്താതെ, ഒരു അവകാശവും അടിയറവ് വെക്കാതെ, ഒരു പാതിരിയെയോ പുരോഹിതനെയോ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യാതെ. അവര്‍ക്കുള്ളതെല്ലാം അവര്‍ക്കുതന്നെ വകവെച്ചു നല്‍കിക്കൊണ്ട്.
ക്രി. 628-ല്‍ സീനാമലയുടെ താഴ്‌വാരത്തിലുള്ള സെന്റ് കാതറിന്‍ ദേവാലയത്തില്‍ നിന്ന് വന്ന പ്രതിനിധി സംഘത്തിനും ലഭിച്ചു തത്തുല്യമായൊരു ഉറപ്പ്. അനന്തകാലത്തേക്കും പാലിക്കപ്പെടേണ്ടതായ ഒരു ഉറപ്പ്. പ്രവാചകന്റെ മുദ്ര പതിഞ്ഞ ആ കരാര്‍ ലംഘിക്കാന്‍ ധൈര്യപ്പെടുന്നവരെ ദൈവവുമായുള്ള കരാര്‍ ലംഘിച്ചവരായും പ്രവാചകനോടുള്ള അനുസരണത്തില്‍ നിന്ന് പിന്നോട്ടുപോയവരായും കണക്കാക്കുന്ന കരാര്‍ ഇന്നും അതിന്റെ പവിത്രതയോടെ പാലിക്കപ്പെടുന്നു.
തന്റെ ശരികളില്‍ സുദൃഢമായി നില്‍ക്കുമ്പോഴും, മറ്റുള്ളവരുടെ തെറ്റുകള്‍ ഗുണകാംക്ഷാപൂര്‍വം ചൂണ്ടിക്കാണിക്കുമ്പോഴും ഔദാര്യത്തിന്റെയും മാന്യതയുടെയും സമസ്ത മര്യാദകളും പാലിച്ചിരുന്നു പ്രവാചകന്‍. പരിഹാസത്തില്‍ പൊതിഞ്ഞ ആക്ഷേപ ശൈലികളാല്‍ ഒരു വാക്കിനെ പോലും കളങ്കിതമാക്കിയില്ല. സ്‌നേഹമെന്നത് കേവലമൊരു പദമായിരുന്നില്ല, ആത്മാവിന്റെ തപസ്യയായിരുന്നു. പരമകാരുണികനായ ദൈവം ലോകത്തിനു കാരുണ്യമായി അവതരിപ്പിച്ച പ്രവാചകന്റെ കളരിയില്‍ നിന്നല്ലാതെ കാരുണ്യത്തിന്റെ പാഠങ്ങള്‍ മറ്റെവിടന്നു പഠിക്കാന്‍? വാക്ശരങ്ങളാല്‍ എതിരാളികളുടെ ശിരസ്സ് കൊയ്യുന്നവരും, ആയുധങ്ങളാല്‍ നിരപരാധികളെ ചുട്ടുകരിക്കുന്നവരും നബിയില്‍ നിന്ന് എത്രയോ കാതമകലെയാണ്. വിദ്വേഷപ്രചാരണങ്ങളിലൂടെ സംഘശക്തി കൂട്ടാന്‍ ശ്രമിക്കുന്നവര്‍ എത്ര കാതങ്ങള്‍ താണ്ടിയാലാണ് നബിയോടടുത്തെത്താനാവുക??
മുസ്‌ലിം സമുദായം തിരിഞ്ഞൊന്നുനോക്കണം. ദുര്‍ബലരും പീഡിതരുമായ മുസ്‌ലിംകളുള്ള മക്കയിലേക്ക്. ഭൂരിപക്ഷത്തിനുമേല്‍ അധികാരബലമുള്ള മദീനയിലേക്ക്. എവിടെ നോക്കിയാലും മനുഷ്യത്വത്തിന്റെയും നന്മയുടെയും വിശുദ്ധിയുടെയും വിശാലപാഠങ്ങള്‍ മാത്രം. വിശ്വാസ സ്വാതന്ത്ര്യം, മനുഷ്യസമത്വം, പീഡിത-ദുര്‍ബല വിഭാഗങ്ങളുടെ മോചനം, സ്ത്രീവിമോചനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയാണ് പ്രവാചകന്‍ ശബ്ദമുയര്‍ത്തിയത്. ബഹുദൈവവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കും അശ്ലീലതകള്‍ക്കും ധനപൂജക്കും അധികാരമോഹത്തിനുമെതിരെയാണ് നബി ശബ്ദമുയര്‍ത്തിയത്. സാമുദായികതയുടെയും വംശീയതയുടെയും വര്‍ഗീയതയുടെയും സങ്കുചിതത്വത്തില്‍ നിന്ന് മാനവികതയുടെ വിശാലതയിലേക്കാണ് നബി ലോകത്തെ നയിച്ചത്.
തന്നെ വേട്ടയാടുകയും ആട്ടിയോടിക്കുകയും ശിഅ്ബ് അബീത്വാലിബില്‍ ബഹിഷ്‌ക്കരിക്കുകയും ചെയ്ത മക്കയെ ക്ഷാമം ബാധിച്ചപ്പോള്‍ ആ ദുരിതം അവരര്‍ഹിക്കുന്നതാണെന്ന് കണ്ട് സന്തോഷിച്ചില്ല. പകരം നബിയുടെ മദീനയില്‍ നിന്ന് മക്കയിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ ഒഴുക്കാണ് നാം കാണുന്നത്. മക്കയിലേക്കുള്ള ധാന്യവിതരണം മരവിപ്പിക്കാന്‍ തുനിഞ്ഞ യമാമ ഗോത്രക്കാരുടെ നിലപാടിനെ തിരുത്തിക്കൊണ്ട് പ്രവാചകന്‍ പഠിപ്പിച്ചത് ശത്രുവിനെയും കീഴടക്കുന്ന സ്‌നേഹമുദ്രകളായിരുന്നുവെന്ന് ചരിത്രം പറഞ്ഞുതരുമ്പോള്‍, ബഹിഷ്‌ക്കരണങ്ങളുടെയും ഹിംസാത്മകസമരരീതികളുടെയും പ്രത്യയശാസ്ത്രങ്ങള്‍ ഉരുത്തിരിയുന്നത് പ്രവാചകന്റേതല്ലാത്ത മറ്റേതോ പാഠശാലയില്‍ നിന്നാണെന്നും, അതിവൈകാരികത വിശ്വാസത്തെ അതിജീവിച്ച ഒരു വിഭാഗം അതില്‍ കരുവാക്കപ്പെട്ടിരിക്കുകയാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ആദര്‍ശസംഘത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച ബദ്ര്‍യുദ്ധ പര്യവസാനത്തില്‍ യുദ്ധത്തടവുകാരായി പിടികൂടിയവരുടെ മോചനദ്രവ്യമായി, പിച്ചവെച്ചുതുടങ്ങുന്ന മദീനാ രാഷ്ട്രത്തിലെ പൗരന്മാര്‍ക്ക് അക്ഷരാഭ്യാസം നല്‍കലായി പ്രഖ്യാപിക്കുന്നതിലൂടെ സാഹചര്യങ്ങളെ അനുകൂലമായും ക്രിയാത്മകമായും ഒരു നേതാവിന് എങ്ങനെ പ്രയോജനപ്പെടുത്താനാവുമെന്ന് കാണിച്ചുതരികയായിരുന്നു നബി.
ഇസ്‌ലാമികാധ്യാപനങ്ങളുടെ ജീവിക്കുന്ന മാതൃകകളായ ഒരു സംഘമെങ്കിലും രൂപപ്പെടാതെ ഇസ്‌ലാമിന്റെ അന്തസ്സ് തിരിച്ചുകിട്ടുകയില്ല. പ്രതികാര ചിന്തകളും സംഹാരാത്മക പ്രതിഷേധങ്ങളും തജ്ജന്യമായ ചെയ്തികളും ഇസ്‌ലാമിന് അപമാനമല്ലാതെ മറ്റൊന്നും നേടിത്തരുന്നുമില്ല. കേവലം അറബി അറിയാവുന്ന പണ്ഡിതന്മാരുടെ സംഘമല്ല, വികസനോന്മുഖമായ ലോകത്തിന്റെ നാഡിമിടിപ്പുകള്‍ അറിഞ്ഞുകൊണ്ട് സമസ്ത മണ്ഡലങ്ങളിലും സമുദായത്തെ വഴിനടത്താനും അവര്‍ക്ക് നേതൃത്വം നല്‍കാനും പ്രാപ്തരായവരുടെ ഒരു സംഘമാവണം അത്. തന്റെ വ്യക്തിത്വത്തിന്റെ നിറച്ചാര്‍ത്തുകള്‍ അനുയായികള്‍ പകര്‍ത്തുംവരെ ദൈവദൂതന്‍ കരഞ്ഞുകൊണ്ടേയിരിക്കും..!
Comments