Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 24

കേന്ദ്ര ഗവണ്‍മെന്റിന്റെ ജനദ്രോഹ ഭരണം

പ്രമേയങ്ങള്‍

ഏപ്രില്‍ 1 മുതല്‍ 5 വരെ ദിവസങ്ങളില്‍ ന്യൂദല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭ അംഗീകരിച്ച പ്രമേയങ്ങള്‍

         കേന്ദ്രത്തില്‍ പുതിയ എന്‍.ഡി.എ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് മുതല്‍ കേള്‍ക്കുന്നതാണ് സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച തുടര്‍ച്ചയായ വര്‍ത്തമാനങ്ങള്‍. പക്ഷേ, ഈ വികസനം കൊണ്ട് പ്രയോജനമുള്ളത് കോര്‍പ്പറേറ്റ് മേഖലക്ക് മാത്രമാണ്. ഇത് കാരണം ജനം പണത്തിന്റെ അടിമകളായിത്തീരുകയും പരമ്പരാഗത നൈതിക മൂല്യങ്ങളൊക്കെ ലംഘിക്കപ്പെടുകയും ചെയ്യുന്നു. ഈ മുതലാളിത്ത വികസന രീതിയാണ് രാജ്യത്ത് സകലവിധ ധാര്‍മിക ദൂഷ്യങ്ങളും ഉടലെടുക്കാന്‍ കാരണം. പുതിയ ഭൂനിയമം (Land Acquisition Act) കൊണ്ടുവന്ന് കര്‍ഷകരില്‍ നിന്ന് അവരുടെ ഭൂമി കവര്‍ന്നെടുക്കുന്നു. ആരോഗ്യമേഖലയില്‍ ഇന്‍ഷുറന്‍സ് കമ്പനികളെ കൊണ്ടുവന്ന്, വൈദ്യ ചികിത്സ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കി തീര്‍ക്കുന്നു. പ്രതിരോധ സജ്ജീകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ വന്‍ തുകയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ നേട്ടങ്ങള്‍ കൊയ്യുന്നത് കോര്‍പറേറ്റുകളും യുദ്ധ വ്യവസായികളുമാണ്. അതേസമയം വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്ക് തുഛമായ തുകയേ നീക്കിവെക്കുന്നുള്ളൂ. യഥാര്‍ഥത്തില്‍ ഇത്തരം അടിസ്ഥാന മേഖലകളിലാണ് കൂടുതല്‍ പണം ചെലവിടേണ്ടിയിരുന്നത്. വിദ്യാഭ്യാസം സാധാരണ പൗരന്മാര്‍ക്ക് കിട്ടാകനിയായി മാറിക്കൊണ്ടിരിക്കുമ്പോള്‍, സര്‍വ പ്രോത്സാഹനവും ലഭിക്കുന്നത് സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്. പണമുള്ള കുടുംബങ്ങള്‍ക്കേ അവ കൊണ്ട് പ്രയോജനമുള്ളൂ.

വളരെ ഉത്കണ്ഠയോടെയാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി പ്രതിനിധി സഭ ഈ സ്ഥിതിവിശേഷത്തെ നോക്കിക്കാണുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സന്നദ്ധത കാണിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. സാധാരണക്കാരുടെ ജീവിത പ്രയാസങ്ങള്‍ അകറ്റാന്‍ സംസ്ഥാന ഗവണ്‍മെന്റുകളും രംഗത്തിറങ്ങണം. സാമ്പത്തിക നയങ്ങള്‍ തിരുത്തിക്കാനും, മുതലാളിമാരുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും പിടിയില്‍ നിന്ന് രാഷ്ട്രത്തെ രക്ഷിക്കാനും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും എന്‍.ജി.ഒകളുമെല്ലാം കേന്ദ്ര ഗവണ്‍മെന്റിന്റെ മേല്‍ സമ്മര്‍ദം ചെലുത്തേണ്ടിയിരിക്കുന്നു. ഇതിനു വേണ്ടി ജനകീയ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കണം.

ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍

പതിനൊന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇപ്പോഴത്തെ ഗവണ്‍മെന്റ് അധികാരമേറ്റത് മുതല്‍ തുടങ്ങിയതാണ് മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കല്‍. അതിപ്പോഴും തുടരുന്നു. ഒരു പ്രത്യേക മത വിശ്വാസവും സംസ്‌കാരവും പാരമ്പര്യവും പാഠ്യപദ്ധതിയുടെ ഭാഗമാക്കിക്കൊണ്ടിരിക്കുന്നു. ഘര്‍വാപസി, വ്യാജമെന്ന് തെളിയിക്കപ്പെട്ട ലൗ ജിഹാദ് തുടങ്ങിയ അപകടകരമായ കാമ്പയിനുകളിലൂടെ അന്തരീക്ഷം കലുഷമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും എടുത്തു കളയാനുള്ള നീക്കം നടക്കുന്നു. ദലിതുകള്‍ക്കെതിരെ മേല്‍ജാതിക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമങ്ങളില്‍ സ്ഥിതി കൂടുതല്‍ മോശമാണ്. കാളയെയും പശുവിനെയും അറുക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിരോധം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും മാത്രം ബാധിക്കുന്ന ഒന്നല്ല; ഭൂരിപക്ഷ സമുദായത്തിലെ ഒട്ടേറെ വിഭാഗങ്ങളെയും അത് ദോഷകരമായി ബാധിക്കും. അവര്‍ എണ്ണത്തില്‍ കോടികള്‍ വരും. തുഛമായ വിലയ്ക്ക് പ്രോട്ടീന്‍ ലഭിക്കാനുള്ള അവസരമാണ് അവര്‍ക്ക് നഷ്ടപ്പെടുത്തുന്നത്. നിരോധത്തിന്റെ പരിധിയില്‍ ഒട്ടകങ്ങള്‍ പോലുള്ള മറ്റു മൃഗങ്ങളെയും ഉള്‍പ്പെടുത്തുകയാണ്.

അറവ് നിരോധത്തിന്റെ സാമ്പത്തിക വശങ്ങളും കാണാതിരുന്നു കൂടാ. കര്‍ഷകരെയും കയറ്റുമതിക്കാരെയുമെല്ലാം അത് പ്രതിസന്ധിയിലാക്കും. പക്ഷേ, ഭരണകൂടവും അതിനെ നയിക്കുന്ന പാര്‍ട്ടിയും ഇതൊന്നും കാണാതെ തങ്ങളുടെ പ്രത്യേക അജണ്ടയുമായി മുന്നോട്ടുപോവുകയാണ്. ഇന്ത്യയിലെ ജനകോടികളുടെ ഭക്ഷണം എന്ന നിലക്കും ദേശീയ സമ്പദ്ഘടനയുടെ വികാസം മുന്‍നിര്‍ത്തിയും ഗോവധ നിരോധത്തില്‍ നിന്ന് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ പിന്തിരിയണമെന്ന് കേന്ദ്ര പ്രതിനിധി സഭ ആവശ്യപ്പെടുന്നു. വികസനം, നല്ല ഭരണം തുടങ്ങി തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്ന ഭരണകക്ഷി, പ്രശ്‌നമേ അല്ലാത്ത വിഷയങ്ങള്‍ കുത്തിപ്പൊക്കി ആശയക്കുഴപ്പം സൃഷ്ടിച്ച് ജനശ്രദ്ധ തെറ്റിക്കുകയാണെന്നും പ്രതിനിധിസഭക്ക് അഭിപ്രായമുണ്ട്.

യു.പി.എ ഗവണ്‍മെന്റിന്റെ കാലത്തെന്ന പോലെ, സംശയത്തിന്റെ പേരില്‍ മുസ്‌ലിം ചെറുപ്പക്കാരെ പിടികൂടുകയും അവരുടെ കുടുംബങ്ങളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന പ്രവണത പുതിയ ഗവണ്‍മെന്റിന്റെ കാലത്തും തുടരുകയാണ്. കുറ്റവാളികള്‍ക്കെതിരെ നടപടികളൊന്നും സ്വീകരിക്കാത്തതിന്റെ ഫലമായി, ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലിലെയും, 2002 ഗുജറാത്ത് കലാപത്തിലെയും പ്രതികള്‍ മോചിതരായിരിക്കുകയാണ്. ഹാഷിംപുര കൂട്ടക്കൊലക്കേസിലെ പ്രതികളായ 16 പി.എ.സി ഉദ്യോഗസ്ഥരെയും മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് ഈയിടെ വിട്ടയക്കുകയുണ്ടായി. ഭരണകൂട അടിച്ചമര്‍ത്തലിന്റെ ഏറ്റവും മാരകമായ രൂപങ്ങളിലൊന്നാണ് ഹാഷിംപുര കൂട്ടക്കൊല. നീതി ലഭ്യമാവാത്തതിന്റെ ഏറ്റവും പരിതാപകരമായ ഉദാഹരണമായും അത് മാറുന്നുണ്ട്. അതേസമയം വിചാരണത്തടവുകാരായി കഴിയുന്ന മുസ്‌ലിംകളുടെ വിചാരണ വേഗത്തിലാക്കാന്‍ നടപടികളൊന്നും സ്വീകരിക്കുന്നുമില്ല. ഇതെല്ലാം വലിയ അനീതിയാണെന്നും അത് രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രതിനിധി സഭ കരുതുന്നു. അതേസമയം, ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ പങ്ക് അന്വേഷിക്കാന്‍ കോടതി നല്‍കിയ ഉത്തരവും സമാനമായ ഉത്തരവുകളും പ്രതിനിധി സഭ വിലമതിക്കുന്നു. രാജ്യത്തെ നീതിന്യായ സംവിധാനത്തിന് ഭാവിയിലും അതിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്ന് ആശിക്കുകയും ചെയ്യുന്നു.

മുസ്‌ലിം സമുദായത്തോട്  ഒരു അഭ്യര്‍ഥന

രാഷ്ട്രീയ കാലാവസ്ഥ പ്രയാസങ്ങള്‍ നിറഞ്ഞതാണെങ്കിലും മുസ്‌ലിം സമുദായത്തിന്റ മുമ്പില്‍ ചില ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും, രാജ്യത്തെ ബഹുഭൂരിപക്ഷവും ഇതൊന്നും ഇഷ്ടപ്പെടുന്നില്ല. ആശ്വാസത്തിന് വക നല്‍കുന്നതാണ് ഈ നിലപാട്. പണ്ഡിതന്മാരും ബുദ്ധിജീവികളും അവരുടെ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ ജമാഅത്ത് പ്രതിനിധി സഭ ഏറെ വിലമതിക്കുന്നു. സാമൂഹിക വിരുദ്ധരുടെ നിരന്തര പ്രകോപനങ്ങളുണ്ടായിട്ടും, ക്ഷമയും സംയമനവും കൈവിടാതെ മുന്നോട്ടുപോകുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹവും പ്രശംസയര്‍ഹിക്കുന്നു. മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തില്‍ ഇതുപോലുള്ള അവസ്ഥകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം വിജയക്കൊടി നാട്ടിക്കൊണ്ടാണ് അവര്‍ ആ പ്രതിസന്ധികളെ മറികടന്നത്. വിശ്വാസം മുറുകെ പിടിക്കാനായതാണ് അതിനു കാരണം; ഇടക്കൊക്കെ ചില്ലറ വീഴ്ചകള്‍ വന്നുപോയിട്ടുണ്ടെങ്കിലും. ദൈവാനുഗ്രഹത്താല്‍ ഈ പ്രതിസന്ധിയെയും സമുദായം മറികടക്കുക തന്നെ ചെയ്യും. എല്ലാ രാജ്യനിവാസികളുമായും ചേര്‍ന്നു നിന്ന് ആത്മവിശ്വാസത്തോടെയും ധീരതയോടെയും തങ്ങളുടെ ക്രിയാത്മകമായ പങ്ക് നിര്‍വഹിക്കാന്‍ മുസ്‌ലിം സമുദായം മുന്നോട്ടുവരണമെന്ന് പ്രതിനിധി സഭ അഭ്യര്‍ഥിക്കുന്നു.

അന്താരാഷ്ട്ര സാഹചര്യം

കാല്‍നൂറ്റാണ്ട് മുമ്പ് ശീതയുദ്ധത്തിന് അവസാനം കുറിക്കപ്പെടുകയും അമേരിക്കന്‍ മുതലാളിത്ത സാമ്പത്തിക ഘടന മേധാവിത്തം അരക്കിട്ടുറപ്പിക്കുകയും ചെയ്തതോടെ എങ്ങനെയും സമ്പാദിക്കാം എന്ന മനോഭാവത്തിലേക്ക് മാറിയിട്ടുണ്ട് ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം ജനങ്ങള്‍. സമ്പാദിക്കുന്ന രീതി ശരിയോ തെറ്റോ എന്ന നോട്ടമില്ല. മുതലാളിത്ത രാജ്യങ്ങളും ബഹുരാഷ്ട്ര കുത്തകകളുമാണ് ഈയൊരു മനോഭാവത്തിലേക്ക് ജനങ്ങളെ കൊണ്ട് വന്നത്. അത് വലിയ തോതിലുള്ള ധര്‍മച്യുതിക്ക് കാരണമാവുകയും ചെയ്തു. ആയുധങ്ങളും മറ്റു യുദ്ധക്കോപ്പുകളും നിര്‍മിക്കുന്ന രാഷ്ട്രങ്ങളും കമ്പനികളും യുദ്ധഭ്രമത്തിലാണ്. അമേരിക്കയുള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ ഈ പടയോട്ടത്തില്‍ ലക്ഷ്യമിടുന്നത് ഇസ്‌ലാമിനെയാണ്. അതിനെതിരെ ശക്തമായ പ്രൊപഗണ്ടയും അവര്‍ ആരംഭിച്ചുകഴിഞ്ഞു. മുസ്‌ലിം സമൂഹത്തെ ശിഥിലീകരിക്കാനും അവരുടെ ആത്മവിശ്വാസം കെടുത്താനും ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ ശക്തികള്‍ മുസ്‌ലിം രാഷ്ട്രങ്ങളെ തമ്മിലടിപ്പിക്കുന്നത് രണ്ട് ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ്; വിഭവ സമ്പന്നമായ മുസ്‌ലിം നാടുകളിലെ സമ്പത്ത് പിടിച്ചെടുക്കാനും ഇസ്‌ലാമിലുള്ള അവരുടെ വിശ്വാസത്തെ തകര്‍ക്കാനും. ഇസ്‌ലാമിക തത്ത്വങ്ങളില്‍ ഊന്നുന്ന ഒരു ഭരണക്രമത്തെയും അവര്‍ പൊറുപ്പിക്കുകയില്ല. അതുകൊണ്ടാണ് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ ഭരണകൂടത്തെ ഗൂഢാലോചനയിലൂടെ അവര്‍ പുറത്താക്കിയത്. നിര്‍ഭാഗ്യവശാല്‍ ചില സമ്പന്ന മുസ്‌ലിം രാഷ്ട്രങ്ങള്‍ തന്നെ ആ ശക്തികള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നു.

ഇറാഖിലും സിറിയയിലും യമനിലും കാണുന്ന ശൈഥില്യവും അരാജകത്വവും ഈ ഗൂഢാലോചനകളുടെ സൃഷ്ടിയാണ്. ശീഈ-സുന്നി സംഘര്‍ഷവും സുന്നികള്‍ക്കിടയിലെ വിഭാഗീയതകളുമെല്ലാം വളരെ വ്യവസ്ഥാപിതമായി ആസൂത്രണം ചെയ്യപ്പെടുന്നതാണ്. മുസ്‌ലിം ലോകത്ത് പുതിയ യുദ്ധമുഖങ്ങള്‍ തുറന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. വളരെ ആശങ്കയോടെയാണ് ജമാഅത്ത് കേന്ദ്ര പ്രതിനിധി സഭ ഈ സ്ഥിതിവിശേഷത്തെ നോക്കിക്കാണുന്നത്. മുസ്‌ലിം അണികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ മുസ്‌ലിം രാഷ്ട്രങ്ങളും പണ്ഡിതന്മാരും  ബുദ്ധിജീവികളുമെല്ലാം രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. ഇത്തരം ഗൂഢാലോചനകള്‍ക്കുള്ള സമുചിത മറുപടി വിവിധ മുസ്‌ലിം രാഷ്ട്രങ്ങളും വിഭാഗങ്ങളുമെല്ലാം ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ്. ഒ.ഐ.സി, മുസ്‌ലിം വേള്‍ഡ് ലീഗ് പോലുള്ള സ്ഥാപനങ്ങളും സമുദായത്തെ ഐക്യത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ ക്രിയാത്മക യത്‌നങ്ങള്‍ നടത്തേണ്ടതുണ്ട്.

ഇസ്‌ലാമിക് ബാങ്കിംഗ്

രാജ്യത്ത് സാമ്പത്തിക നീതി പുലരണമെങ്കില്‍ ചൂഷണാധിഷ്ഠിത പലിശ സഹിത സമ്പദ്ഘടനക്ക് അന്ത്യം കുറിച്ച് പലിശ രഹിത സമ്പദ്ഘടനയെ വളര്‍ത്തിക്കൊണ്ട് വരേണ്ടതുണ്ട്. ഇതിനു വേണ്ടി കുറെക്കാലമായി പണിയെടുത്തുകൊണ്ടിരിക്കുന്നുണ്ട് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തിന്റെയും ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഫിനാന്‍സ് (ICIF) പോലുള്ള സ്ഥാപനങ്ങളുടെയും ശ്രമഫലമായി പലിശമുക്ത സമ്പദ് വ്യവസ്ഥയെ രാജ്യത്തിന് പരിചയപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ റിസര്‍വ് ബാങ്ക് അധികൃതരുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അതിന്റെയൊക്കെ ഫലമായിട്ടായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ ശരീഅ മ്യൂച്ചല്‍ ഫണ്ട് സ്‌കീം പ്രഖ്യാപിച്ചത്. പക്ഷേ, ഇതിനേക്കാള്‍ നല്ലൊരു സ്‌കീം പ്രഖ്യാപിക്കാമെന്ന് പറഞ്ഞ് സ്റ്റേറ്റ് ബാങ്ക് ആ മ്യൂച്ചല്‍ ഫണ്ട് സ്‌കീം പെട്ടെന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ഇന്നുവരെ ആ വിഷയത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടുമില്ല. ചില ഭരണ, രാഷ്ട്രീയ ഇടപെടല്‍ കാരണമായി എസ്.ബി.ഐ ആ സ്‌കീം നീട്ടിവെച്ചുവെന്നാണ് പിന്നീട് പുറത്ത് വന്ന വിവരം. ഈ സ്‌കീം ദേശീയ സമ്പദ്ഘടനക്ക് വളരെയേറെ പ്രയോജനം ചെയ്യുമെന്ന് വിശ്വസിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞരും ഗവണ്‍മെന്റ് - ബാങ്ക് ഉദ്യോഗസ്ഥരും ഇപ്പുറത്ത് ധാരാളമുണ്ട് താനും. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭ കേന്ദ്ര ധനകാര്യമന്ത്രാലയത്തോട് ഇക്കാര്യത്തില്‍ സത്വര നടപടികള്‍ കൈക്കൊള്ളാന്‍ അഭ്യര്‍ഥിക്കുന്നു. ജമാഅത്തിന്റെയും ഐ.സി.ഐ.എഫ് പോലുള്ള കൂട്ടായ്മകളുടെയും പൂര്‍ണ സഹകരണമുണ്ടാവുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /10-13
എ.വൈ.ആര്‍