Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 24

നമ്മളിങ്ങനെ പരിഷ്‌കൃതരായാല്‍ നാളെ നാടെന്താകും?

മുബാറക്ക് വാഴക്കാട്

നമ്മളിങ്ങനെ പരിഷ്‌കൃതരായാല്‍ 
നാളെ നാടെന്താകും?

സിയ ചാലക്കലിന്റെ 'അവധിക്കാലത്ത് മക്കള്‍ക്കല്‍പ്പം അവധി കൊടുക്കണേ' എന്ന ലേഖനം (ലക്കം 2896) ശ്രദ്ധേയമായി. നാം കടന്നുപോന്ന കുട്ടിക്കാലത്തിന്റെ അനുഭവക്കുറിപ്പുകളല്ല ഇന്നത്തെ തലമുറക്കാവശ്യം. ആ കുട്ടിക്കാലത്തെ തന്നെ എന്തുകൊണ്ട് നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തുകൂടാ? അന്ന് പലതരം കളികളിലൂടെ നാമേവരും വാരിക്കൂട്ടിയത് വിലമതിക്കാനാവാത്ത സൗഹൃദങ്ങളായിരുന്നു. പക്ഷേ ജാക്കീചാനോടും ചോട്ടാഭീനോടും കൂട്ടുകൂടി പിറന്നാള്‍ സമ്മാനം കിട്ടിയ പാവയെയും കെട്ടിപ്പിടിച്ചുറങ്ങുന്ന പുതു തലമുറക്കതെല്ലാം അന്യമായിരിക്കുന്നു. എന്തിനെയൊക്കെയോ തോല്‍പ്പിക്കണമെന്ന ചിന്തയാവാം നമ്മെ പരിഷ്‌കൃതരാക്കിയത്. സ്വയം പരിഷ്‌കൃതരാവാന്‍ ശ്രമിക്കുന്നതിനിടയില്‍ നമ്മുടെ പഴമത്വം ചോര്‍ന്നുപോയി. 

ഇംഗ്ലീഷ് അക്ഷരങ്ങളെയല്ല, പ്രകൃതിയെയാണ് കുട്ടികള്‍ക്ക് ആദ്യം പരിചയപ്പെടുത്തേണ്ടത്. നെല്ല് എന്താണെന്ന് ചോദിച്ചപ്പോള്‍ അരിയുണ്ടാക്കുന്ന മരമെന്ന് ഉത്തരം പറഞ്ഞത് നമ്മുടെ മക്കളാണ്. ചെരിപ്പൂരി മണ്ണിലൂടെ നടക്കാനിഷ്ടപ്പെടാത്ത എത്രയെത്ര കുട്ടികള്‍! മണ്ണിനെ തിരിച്ചറിഞ്ഞവര്‍ക്ക് മാത്രമേ രക്തത്തെ തിരിച്ചറിയാനാകൂ. 'വിഡ്ഢി'പ്പെട്ടിക്കും 'വിവര'പ്പെട്ടിക്കുമപ്പുറം പ്രകൃതിയില്‍ നിന്ന് കാര്യങ്ങള്‍ പഠിച്ചെടുക്കാം..

ലേഖിക ആവശ്യപ്പെട്ട, രക്ഷിതാക്കളും മക്കളും ഒരുമിച്ച് പങ്കെടുക്കുന്ന സഹവാസക്യാമ്പുകളെ നമുക്ക് സ്വാഗതം ചെയ്യാം. ദൃശ്യമാധ്യമ കഥാപാത്രങ്ങളെ അമിതമായി സ്‌നേഹിച്ച് നാളെ നമുക്ക് നേരെ തോക്കേന്തുന്ന മക്കളാക്കി മാറ്റണോ അതോ മണ്ണിനെ തിരിച്ചറിഞ്ഞ്,മണ്ണില്‍ നിന്നാണ് തുടക്കമെന്നും മണ്ണിലേക്കാണ് മടക്കമെന്നുമറിയുന്ന, പഴമയെ മുറുകെ പിടിക്കുന്നവരാക്കി മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്..

മുബാറക്ക് വാഴക്കാട്

പിന്നെയും വര്‍ധിക്കുക മാത്രം ചെയ്യുന്ന സ്ത്രീ പീഡനങ്ങള്‍

സ്ത്രീപ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങള്‍ എക്കാലത്തും പ്രസക്തമാണെങ്കിലും ആവശ്യത്തിലധികം പ്രശ്‌നവത്കരിക്കപ്പെട്ടും ചര്‍ച്ചചെയ്യപ്പെട്ടും അതിന്റെ നിറവും മാറ്റും കുറഞ്ഞുപോയിരിക്കുന്നു. സ്ത്രീ പീഡനങ്ങള്‍ ഒരു വാര്‍ത്തയേ അല്ലാതായിത്തീര്‍ന്ന ഇക്കാലത്ത് സമൂഹത്തിലെ ഉയര്‍ന്ന തട്ടിലുള്ളവര്‍ ഇരകളോ വേട്ടക്കാരോ ആകുമ്പോള്‍ അമിത മാധ്യമ ശ്രദ്ധ കിട്ടാറുണ്ട്. എന്നാല്‍, സാമൂഹിക ശ്രേണിയിലെ താഴെ തട്ടിലെയോ അധഃസ്ഥിത വര്‍ഗത്തിലെയോ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളോ ചൂഷണങ്ങളോ ആര്‍ക്കും വാര്‍ത്തയോ ചര്‍ച്ചയോ ആകാറില്ല. സ്ത്രീ സുരക്ഷക്കായി അതത് കാലങ്ങളില്‍ നിയമം ഭേദഗതി ചെയ്ത് കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ തോത് കൂടിയിട്ടേയുള്ളൂ. കര്‍ശനമെന്നത് ഭരണഘടനയില്‍ മാത്രമൊതുങ്ങുന്ന വാക്കാണെന്ന തിരിച്ചറിവും നിയമത്തിന്റെ സുതാര്യതയെക്കുറിച്ചുള്ള അവബോധവുമാണ് കുറ്റം ആവര്‍ത്തിക്കാന്‍ ക്രിമിനലുകള്‍ക്ക് ധൈര്യമേകുന്നത്. ദല്‍ഹി സംഭവത്തിലെ പ്രതിയുടെ അഭിപ്രായ പ്രകടനം തന്നെ അതിനുദാഹരണം. 'നിര്‍ഭയ' പോലൊരു സംരംഭം തുടങ്ങാനും അധികൃതരുടെ കണ്ണ് തുറക്കാനും ഒരു പെണ്‍കുട്ടിയുടെ ജീവന്‍ വേണ്ടിവന്നു.

കേരള മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു സൗമ്യാ വധക്കേസ്. എന്നാല്‍, അതിക്രൂരമായ ആ കൊലപാതകത്തേക്കാള്‍ നമ്മെ ഞെട്ടിച്ചത് പ്രതിക്കായി ഹാജരായ ഉന്നത വക്കീലന്മാരുടെ വാദമായിരുന്നു. സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് ഒരു എം.പിയുടെ വിവാദ പ്രസ്താവനയയും വേദനയോടെയല്ലാതെ ഒരു പെണ്‍കുട്ടിക്കും ശ്രവിക്കാനാവില്ല. ഭരണവര്‍ഗം തന്നെ വേട്ടക്കാരോ അവരുടെ കൂട്ടാളികളോ ആകുന്ന ദുരന്തപൂര്‍ണമായ കാഴ്ചയാണ് ഓരോ പെണ്‍വാണിഭ പീഡനക്കേസുകളിലും കാണാന്‍ കഴിയുന്നത്.

ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള ഉപഭോഗവസ്തുവായി പെണ്ണുടല്‍ മാറിയെങ്കില്‍, അല്ലെങ്കില്‍ ആസൂത്രിതമായി മാറ്റപ്പെടുന്നുവെങ്കില്‍ അതിനൊരു പരിധിവരെ കാരണം അവള്‍ അതിന് തലവെച്ച് കൊടുക്കുന്നത് തന്നെയാണ്. പെണ്മ നഷ്ടപ്പെട്ട പെണ്ണുടലുകളുടെ പ്രദര്‍ശനപരതയാണെവിടെയും.

സുല്‍ഫത്ത് റാഫി കൂട്ടിലങ്ങാടി

ഇങ്ങനെയൊക്കെ മതിയോ നമ്മുടെ പള്ളികള്‍?

സ്‌ലാമിക പ്രവര്‍ത്തകരുടെ നിതാന്ത പരിശ്രമഫലമായി പലേടത്തും പള്ളികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ചില പ്രദേശങ്ങളില്‍ അത്തരം പള്ളികള്‍ പലതരം പരിമിതികള്‍ നേരിടുന്നുണ്ട്. കേവലം ആരാധനാലയത്തിനപ്പുറം പള്ളിയെ ഒരു സാംസ്‌കാരിക കേന്ദ്രമായി വികസിപ്പിക്കാന്‍ പില്‍ക്കാല ഭാരവാഹികള്‍ക്ക് സാധിക്കുന്നില്ല.

പല പള്ളികളിലും യുവാക്കളുടെ സാന്നിധ്യം കുറവാണ്. തീരെ ഇല്ലാത്തവയുമുണ്ട്. പുതു തലമുറയെ ഉയര്‍ത്തി ക്കൊണ്ടുവരാന്‍ പള്ളി-സ്ഥാപന ട്രസ്റ്റുകളിലും കമ്മിറ്റികളിലും അവരേയുംകൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തനരേഖകളുണ്ടാക്കി മുന്നോട്ടു പോകാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നമസ്‌കരിക്കുന്ന സ്ഥലം ഒഴികെ പള്ളിയുടെ ഉപയോഗിക്കാത്ത സ്ഥലങ്ങള്‍ പലപ്പോഴും വൃത്തിഹീനമായാണ് കാണുന്നത്. അശാസ്ത്രീയമായ നിര്‍മാണം കാരണം അസഹ്യമായ ദുര്‍ഗന്ധമനുഭവപ്പെടുന്ന ടോയ്‌ലറ്റുകളുള്ള പള്ളികളുമുണ്ട്. സുന്ദരമായി പണി കഴിപ്പിച്ച പല പള്ളികളിലും ഇമാമുമാര്‍ താമസിക്കേണ്ടത് ഇടുങ്ങിയ, നിന്ന് തിരിയാന്‍ പോലും ഏറെ പ്രയാസപ്പെടുന്ന മുറിയിലോ, കാഴ്ച ബംഗ്ലാവിനു തുല്യമായ വേലിക്കെട്ടോട് കൂടിയ സ്ഥലത്തോ ആണെന്നത് ആരെയും ദുഃഖിപ്പിക്കുന്നില്ല. ചില ഇമാമുമാരോടുള്ള പള്ളി നടത്തിപ്പുകാരുടെ സമീപനം പഴയ ജന്മി-കുടിയാന്‍ ബന്ധത്തെ ഓര്‍മിപ്പിക്കുന്നു.

നോര്‍ത്തിന്ത്യന്‍ ഇമാം ട്രെന്‍ഡാണ് മറ്റൊരു വിഷയം. സുന്ദരമായ ഖിറാഅത്ത്(?) എന്ന പേര് പറഞ്ഞ് ദീനിന്റെ അടിസ്ഥാനവിധികള്‍ പോലുമറിയാത്ത ഹാഫിളുകളെ നിയമിക്കുന്നത് ഇന്ന് വ്യാപകമാണ്. മതിയായ ശമ്പളം നല്‍കി മലയാളിയായ ദീനീ പ്രവര്‍ത്തകനെ നിയമിച്ച് പ്രദേശത്തിന്റെ ഇസ്‌ലാമിക വളര്‍ച്ചയെ ത്വരിതപ്പെടുത്തണം എന്ന ചിന്ത പലര്‍ക്കുമില്ല. 

ദീനി മദാരിസുകളില്‍ നിന്നും, അറബിക് കോളേജുകളില്‍ നിന്നും ഇന്ന് പഠിച്ചിറങ്ങുന്നവര്‍ ഭൗതിക വിദ്യാഭ്യാസം കൂടി നേടിയവരാണ്. അവരില്‍ പലരും കേരളത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളില്‍ നിന്ന് ബിരുദമോ ബിരുദാനന്തര ബിരുദമോ അതിലപ്പുറമോ കൂടി നേടിയവരാണ്. അതുകൊണ്ട് തന്നെ ഒരു കൂലിപ്പണിക്കാരന് ഒരു മാസം അധ്വാനിച്ചാല്‍ കിട്ടുന്നതിന്റെ പകുതിപോലും ശമ്പളം ഓഫര്‍ ചെയ്യാത്ത പള്ളികളില്‍ അവരെങ്ങനെ പണിയെടുക്കും? ക്രിസ്ത്യന്‍ പള്ളിയിലെ പാതിരിമാര്‍ക്ക് നല്‍കുന്ന പരിഗണനയുടെയും ബഹുമാനത്തിന്റെയും പകുതിയെങ്കിലും പള്ളി ഇമാമുമാര്‍ക്ക്് നല്‍കാന്‍ നമുക്ക് കഴിയണം. ഇമാമുമാരെ കിട്ടാനില്ല എന്ന് പരിതപിക്കുന്ന നാം അവരോടുള്ള സമീപനം മാറ്റാന്‍ തയാറാവുകയാണ് വേണ്ടത്.

സാമൂഹിക അടിയൊഴുക്കുകള്‍ തനതായ രൂപത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്ന തരത്തിലുള്ള മാനുഷിക ബന്ധങ്ങള്‍ എല്ലാ തരത്തിലുമുള്ള ആളുകളുമായി വെച്ചുപുലര്‍ത്താത്തതിന്റെ അഭാവമാണ് മറ്റൊന്ന്. 'മിഡില്‍ ക്ലാസ്' ബന്ധങ്ങളുടെ കെട്ടുപാടുകളില്‍നിന്ന് ഇനിയും പലരും മുക്തമായിട്ടില്ല. 'റയിഞ്ചു' മാറ്റിപ്പിടിച്ചാലേ പലതും മനസ്സിലാകൂ എന്നത് നാടന്‍ ഭാഷ്യം. ഇസ്‌ലാമിക സ്വത്വം നഷ്ടപ്പെടുത്താതെ തന്നെ പല റയിഞ്ചുകളിലുമുള്ള സാമൂഹിക അടിയൊഴുക്കുകള്‍ മനസ്സിലാക്കിയവരാണ് പ്രവാചകന്മാര്‍ എന്നത് ചരിത്ര സത്യം. പള്ളികളുമായി ബന്ധപ്പെട്ട് ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിനു ഈ 'റയിഞ്ചു വിദ്യാഭ്യാസം' അനിവാര്യമാണ്. 

ഇപ്പറഞ്ഞതിനൊക്കെ അപവാദങ്ങളുമുണ്ട് എന്നത് മറ്റൊരു കാര്യം. മസ്ജിദ് കൗണ്‍സില്‍ എന്ന കേന്ദ്രീയ സംവിധാനം പ്രാദേശിക വ്യത്യാസങ്ങള്‍ കൂടി കണക്കിലെടുത്ത് പള്ളിയുടെ നടത്തിപ്പില്‍ ഇടപെടുകയും പ്രാസ്ഥാനിക വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാകുന്ന രൂപത്തില്‍ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുകയും സമയ ബന്ധിതമായി അവ നടപ്പിലാക്കുകയും വേണം. കേവല നമസ്‌കാര-ഖുത്വ്ബകള്‍ക്ക് അപ്പുറം നവോത്ഥാനത്തിന്റെ സുഗന്ധ പുഷ്പങ്ങള്‍ വാരി വിതറുന്ന സാംസ്‌കാരിക കേന്ദ്രങ്ങളാകട്ടെ നമ്മുടെ എല്ലാ പള്ളികളും.

ഇബ്‌നു ഹമീദ്

സോഷ്യല്‍ മീഡിയ ദുരുപയോഗം

ന്ന് സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം വര്‍ധിച്ചുവരികയാണ്. ഏത് ചെറിയ കുട്ടികള്‍ക്കും ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ട്വിറ്ററും മറ്റും ഉപയോഗിക്കാന്‍ കഴിയുന്നു. സാങ്കേതിക വിദ്യകളെല്ലാം നല്ലതുതന്നെ. പക്ഷേ, അതിനെ ഉപയോഗിക്കുന്ന രീതിയിലാണ് പലപ്പോഴും തെറ്റ് പറ്റുന്നത്. നല്ല രൂപത്തില്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഗുണകരമാണ്. പക്ഷേ, പലപ്പോഴും സംഭവിക്കുന്നത് മറിച്ചാണ്. ഫേസ് ബുക്കിലൂടെയും മറ്റും അശ്ലീലത ആസ്വദിക്കുന്ന ട്രെന്റാണ് ഇപ്പോഴുള്ളത്. ഇത് അപകടകരമാണ്. മാത്രമല്ല, സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ഒരു പിടി ജീവിതങ്ങള്‍ തകര്‍ന്നുപോകുന്നുണ്ട്. ഇത്തരം അപകടങ്ങളെക്കുറിച്ച് ശരിയായ ബോധവത്കരണം അനിവാര്യമാണ്.

മുഹമ്മദ് ഷബീര്‍ വാടാനപ്പള്ളി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /10-13
എ.വൈ.ആര്‍