ഗുജറാത്ത് മുതല് വാറങ്കല് വരെ
രണ്ട് വ്യാജ ഏറ്റുമുട്ടലുകള് കഴിഞ്ഞ വാരം ദേശീയ മാധ്യമങ്ങളില് നിറഞ്ഞുനിന്നു. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലായി 25 പേരെയാണ് പോലീസ് നിര്ദാക്ഷിണ്യം വെടിവെച്ചു കൊന്നത്. തങ്ങള് ആത്മരക്ഷാര്ഥം വെടിവെക്കുകയായിരുന്നു എന്ന പോലീസ് ഭാഷ്യത്തിന് ഒരു ദിവസത്തെ ആയുസ് പോലുമുണ്ടായില്ല. സംഭവസ്ഥലത്ത് നിന്ന് വന്ന റിപ്പോര്ട്ടുകളും ചിത്രങ്ങളും പോലീസ് പച്ചക്കളം പറയുകയാണെന്ന് സ്ഥിരീകരിച്ചു. ആന്ധ്രയിലെ ചിറ്റൂര് ജില്ലയില് ശേഷാചലം വനത്തിലാണ് 20 പേര് കൊല്ലപ്പെട്ടത്. ഇവര് തമിഴ്നാട്ടില് നിന്നുള്ള തൊഴിലാളികളാണ്. ശേഷാചലം വനത്തില് രക്തചന്ദനം കള്ളക്കടത്തിനായി ആന്ധ്രയിലെ ചന്ദനമാഫിയ വിലയ്ക്കെടുത്തതാണ് അവരെ. ചന്ദനത്തടികള് കടത്തവെ തങ്ങള് അവരെ പിടികൂടിയെന്നും മാരകായുധങ്ങളുമായി ആക്രമിക്കാന് വന്നപ്പോള് അവരെ വെടിവെച്ച് വീഴ്ത്തിയെന്നുമാണ് പോലീസ് തുടക്കത്തില് പറഞ്ഞിരുന്നത്. ഇവരില് പലരെയും പോലീസ് നേരത്തേ പിടിച്ചുകൊണ്ടുപോയിരുന്നു എന്ന് തെളിഞ്ഞതോടെ അക്കഥ പൊളിഞ്ഞു.
ശേഷാചലം വനത്തിലെ ചന്ദനക്കടത്തും അനുബന്ധമായി നടക്കുന്ന പോലീസ് റെയ്ഡും കസ്റ്റഡി മരണങ്ങളുമൊന്നും പുതുവാര്ത്തയല്ല. രക്തചന്ദനത്തിന് ചൈനയിലെയും മറ്റും മാര്ക്കറ്റുകളില് മോഹവിലയുള്ളതുകൊണ്ട് സംസ്ഥാന മാഫിയകളുടെ കളിക്കളമാണ് ശേഷാചലം വനമേഖല. ഭരണം മാറുമ്പോള് പുതിയ ഭരണകക്ഷി ചന്ദനക്കടത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന് ശ്രമിക്കും. എതിരാളികളെ പോലീസിനെ വിട്ട് തകര്ക്കാന് നോക്കും. തമിഴ്നാട്ടില് നിന്നെത്തിയ തൊഴിലാളികളെ കൂട്ടക്കൊല ചെയ്തത് ഇതിന്റെ ഭാഗമാണെന്ന സംശയം ഉയര്ന്നിട്ടുണ്ട്. പിന്നില് കളിക്കുന്നവര് പണവും സ്വാധീനവുമുള്ള വന് സ്രാവുകളായതിനാല് അന്വേഷണം വല്ലാതെയൊന്നും മുന്നോട്ടുപോകാന് ഇടയില്ല.
കുറെക്കൂടി ഗൗരവമായ ശ്രദ്ധയര്ഹിക്കുന്നതാണ്, വാറങ്കല് ജയിലില് നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുവരികയായിരുന്ന അഞ്ച് വിചാരണ തടവുകാരെ വഴിയില് വെച്ച് പോലീസ് വെടിവെച്ചു കൊന്ന സംഭവം. ഹൈദരാബാദുകാരായ മുഹമ്മദ് വഖാറുദ്ദീന്, മുഹമ്മദ് ഹനീഫ്, അംജദ് അലി, റിയാസ് ഖാന്, ഉത്തര്പ്രദേശുകാരനായ ഇദ്ഹാര് ഖാന് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര് തീവ്രവാദക്കേസുകളില് വിചാരണ നേരിടുന്നവരാണ്. ഇവര് സിമിക്കാരാണെന്നാണ് ആദ്യം പോലീസ് പറഞ്ഞത്; പിന്നെ കൊള്ളക്കാരാണെന്ന് മാറ്റിപ്പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന് തഹ്രീകെ ഗലബ ഇസ്ലാമി എന്നൊരു സായുധ സംഘടനക്ക് രൂപം കൊടുത്തു എന്ന കുറ്റാരോപണവും അവര്ക്കെതിരിലുണ്ട്. ഇറാഖില് പുതുതായി ജന്മമെടുത്ത 'ഇസ്ലാമിക് സ്റ്റേറ്റി'ന്റെ ആളുകളാണെന്ന് പോലീസ് പറഞ്ഞു നോക്കിയെങ്കിലും, 2010 മുതല് തടവില് കഴിയുന്ന ഇവരെങ്ങനെ അതിന്റെ പ്രവര്ത്തകരാകും എന്ന ചോദ്യത്തിന് പോലീസിന് ഉത്തരമില്ല.
വാഹനത്തിനകത്ത് കൈയാമം വെച്ച നിലയില് കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങള് പോലീസ് വെടിവെച്ചത് പ്രാണരക്ഷാര്ഥമല്ല എന്ന് വിളിച്ചുപറയുന്നു. എന്തിനാവാം പോലീസ് അവരെ മനഃപൂര്വം വെടിവെച്ച് കൊന്നത്? വെടിയേറ്റ് മരിച്ച അഞ്ച് ചെറുപ്പക്കാരുടെ അഭിഭാഷകരായ അബ്ദുല് അസീമിനും ഖാലിദ് സൈഫുല്ലക്കും അതിന് വ്യക്തമായ മറുപടിയുണ്ട്: ''വിചാരണ നടക്കേണ്ട ദിവസമാണ് ചെറുപ്പക്കാര് കൊല്ലപ്പെടുന്നത്. തീവ്രവാദ പ്രവര്ത്തനങ്ങള് നടത്തിയതിന് തെളിവില്ലാത്തതിനാല് കോടതി അവരെ വെറുതെ വിടുമെന്ന് ഞങ്ങള്ക്ക് ഉറപ്പുണ്ടായിരുന്നു.'' ഇവരെ അപായപ്പെടുത്താന് മുമ്പും പോലീസ് ശ്രമിച്ചിട്ടുണ്ടെന്ന് അഭിഭാഷകര് പറഞ്ഞു.
ഗുജറാത്തില് നിന്ന് തുടങ്ങിയ വ്യാജ ഏറ്റുമുട്ടലുകളുടെ ഏറ്റവും പുതിയ കണ്ണിയാണ് വാറങ്കല് സംഭവം. സുഹ്റാബുദ്ദീന് ശൈഖിനെയും ഭാര്യ കൗസര് ബീയെയും ഹൈദരാബാദ് പോലിസായിരുന്നല്ലോ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പോലീസിന് കൈമാറിയത്. പിന്നെ കേള്ക്കുന്നു അഹ്മദാബാദില് വെച്ച് സുഹ്റാബുദ്ദീന് പോലീസ് ഏറ്റുമുട്ടലില് മരിച്ചെന്ന്. അത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് തെളിഞ്ഞു. കൗസര്ബിക്ക് എന്തു സംഭവിച്ചു എന്ന് ഇന്നും വ്യക്തമല്ല. ഇശ്റത്ത് ജഹാന്, സ്വാദിഖ് ജമാല്, ജാവീദ് ഗുലാം ശൈഖ് തുടങ്ങി വളരെപ്പേര് പിന്നീട് ഗുജറാത്തില് വെച്ച് വധിക്കപ്പെടുകയുണ്ടായി. ആ സംഭവങ്ങളില് അന്വേഷണവും വിചാരണയുമൊക്കെ ഇഴഞ്ഞുനീങ്ങുന്നു. മനുഷ്യാവകാശ സംഘടനകള് ഒച്ച വെച്ചതിന്റെ ഫലമായി നടക്കുന്ന അന്വേഷണങ്ങള് എവിടെയും എത്താറില്ല. അന്വേഷണ വിധേയരായി നടപടികള് നേരിട്ട ഉദ്യോഗസ്ഥര് തന്നെ സര്വീസിലേക്ക് തിരിച്ചു കയറുന്നതും നാം കണ്ടു.
വാറങ്കല് ജയിലില് നിന്ന് ഹൈദരാബാദിലെ കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടക്ക് വഴിയില് വെച്ച് കൊല്ലപ്പെട്ട ചെറുപ്പക്കാരുടെ കാര്യത്തില് ഈ നീതി നിഷേധവും അലംഭാവവും തുടരാന് അനുവദിക്കരുത്. രാഷ്ട്രീയ പാര്ട്ടികളും മത സംഘടനകളും സന്നദ്ധ സംഘടനകളും ഇക്കാര്യത്തില് ജാഗ്രത പുലര്ത്തണം. നിയമനടപടികളുമായി മുന്നോട്ടുപോകുന്ന ഇരകളുടെ കുടുംബങ്ങള്ക്ക് വേണ്ട സഹായങ്ങള് നല്കണം. ഇന്ത്യന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല് നുസ്റത്ത് അലി ആവശ്യപ്പെട്ടതുപോലെ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് സംസ്ഥാന ഗവണ്മെന്റ് തയാറാവണം. വിദ്യാ സമ്പന്നരായ മുസ്ലിം ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി, അവരുടെ മേല് പലതരം ഭീകര കുറ്റങ്ങള് ചുമത്തി ജയിലിലിട്ട് പീഡിപ്പിക്കുകയോ വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്തുകയോ ചെയ്യുന്ന സംഭവങ്ങള് അടുത്തകാലത്തായി വര്ധിച്ചുവരികയാണ്. ഇത്തരം സംഭവങ്ങളില് കുറ്റവാളികളെന്ന് തെളിഞ്ഞവര് ശിക്ഷിക്കപ്പെടാതെ അധികാരത്തിന്റെ തിണ്ണബലത്തില് രക്ഷപ്പെടുകയാണെങ്കില് വാറങ്കലുകള് ആവര്ത്തിച്ചുകൊണ്ടിരിക്കും.
Comments