ഏറ്റുമുട്ടല്‍ കൊല; മുസ്‌ലിം നേതാക്കള്‍ തെലുങ്കാന മുഖ്യമന്ത്രിയെ കണ്ടു
ഏറ്റുമുട്ടല്‍ കൊല; മുസ്‌ലിം നേതാക്കള്‍
തെലുങ്കാന മുഖ്യമന്ത്രിയെ കണ്ടു
തെലുങ്കാനയില്‍ അഞ്ച് മുസ്‌ലിം യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ചും ഇടപെടല്‍ ആവശ്യപ്പെട്ടും മുസ്‌ലിം രാഷ്ട്രീയ- മത നേതാക്കള്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ സന്ദര്‍ശിച്ചു. മുസ്‌ലിം യുനൈറ്റഡ് ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് ദൗത്യ സംഘം മുഖ്യമന്ത്രിയെ കണ്ടത്. അസദുദ്ദീന്‍ ഉവൈസി എം.പി, മൗലാനാ അബ്ദുര്‍റഹീം ഖുറൈശി എം.പി (ഹൈദരാബാദ്), മൗലാനാ ജഅ്ഫര്‍ പാഷ (ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി), റഹിമുദ്ദീന്‍ അന്‍സാരി, സയ്യിദ് ഖുബൂല്‍ പാഷ ശത്താരി, സയ്യിദ് അക്ബര്‍ നിസാമുദ്ദീന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും സംഘം ആവശ്യപ്പെട്ടു.
വിഷന്‍ 2016 സ്‌കോളര്‍ഷിപ്പ് വിതരണം
വിഷന്‍ 2016-ന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. അസം, ത്രിപുര, മണിപ്പൂര്‍, നാഗാലാന്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 114 വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്. ഇവരിലെ അസമിലെ 68 വിദ്യാര്‍ഥികളാണ് ഗുവഹത്തിയിലെ നാഷ്‌നല്‍ എജുക്കേഷന്‍ ഫൗണ്ടേഷന്റെ ലോ കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സ്‌കോളര്‍ഷിപ്പ് ഏറ്റുവാങ്ങിയത്. 46 പേര്‍ ഡിഗ്രി വിദ്യാര്‍ഥികളും 22 പേര്‍ പി.ജി വിദ്യാര്‍ഥികളുമാണ്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ ഹമീദ്, എസ്.ബി കോളേജ് അസോസിയേറ്റ് പ്രഫസര്‍ ഗീഥാലി ദാസ്, ദൈനിക് ഗണ അധികാര്‍ സബ് എഡിറ്റര്‍ സൈഫുല്‍ ഇസ്‌ലാം എന്നിവര്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.
ഭീകരത രഹിത ഇന്ത്യ
'ഭീകരതരഹിത ഇന്ത്യ'യെക്കുറിച്ച് എസ്.ഐ.ഒ പൊതു ചര്‍ച്ച സംഘടിപ്പിച്ചു. Terrorism Free India: Road Ahead എന്ന തലക്കെട്ടില്‍ ന്യൂദല്‍ഹി അബുല്‍ ഫസല്‍ എന്‍ക്ലൈവില്‍ നടന്ന പരിപാടിയില്‍ പ്രുഖ പത്രപ്രവര്‍ത്തകന്‍ അജിത് സാഹി മുഖ്യപ്രഭാഷണം നടത്തി. ''ഇന്റലിജന്‍സ് ഏജന്‍സികളും പോലീസും കള്ളക്കേസുകള്‍ ഉണ്ടാക്കി നിരപരാധികളെ ജയിലിലടക്കുകയാണ്. വര്‍ഗീയതയുടെയും ഇസ്‌ലാമോഫോബിയയുടെയും ഭാഗമായി മുസ്‌ലിംകളാണ് ഇത്തരം കേസുകളില്‍ കൂടുതല്‍ പ്രതികളാക്കപ്പെടുന്നത്. കോണ്‍ഗ്രസ്സോ മറ്റു പാര്‍ട്ടികളോ ഇത്തരം വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല''- അജിത് സാഹി പറഞ്ഞു. എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി അലിഫ് ശുകൂര്‍ ഉദ്ഘാടനം ചെയ്തു. എ.പി.സി.ആര്‍ ദേശീയ കണ്‍വീനര്‍ അബൂബക്കര്‍ സബാക് സുബ്ഹാനി സംസാരിച്ചു.
Comments