Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 24

അല്ലാഹുവിന്റെ ത്രാസില്‍ അളന്നുതൂക്കിയ വിശ്വപ്രപഞ്ചം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി /ലേഖനം

'സ്തുതി സര്‍വലോക പരിപാലകനായ അല്ലാഹുവിനു മാത്രമാകുന്നു' എന്ന മഹാ വാക്യത്തിലെ സ്തുതി, സര്‍വലോകം എന്നീ പദങ്ങളുടെ അര്‍ഥതലങ്ങളെക്കുറിച്ചാണ് ഇതുവരെ ചിന്തിച്ചത്. ഇനി ചിന്തിക്കാനുള്ളത് 'പരിപാലനം' എന്ന വാക്കിനെക്കുറിച്ചാണ്. ചിലതിനെ നശിപ്പിക്കലോ ചിലതിനെ സംരക്ഷിക്കലോ മാത്രമല്ല പരിപാലനം. പരിപാലനത്തില്‍ സമതുലനം പാലിക്കുക എന്ന ധര്‍മവും ഉള്ളടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തുലാസ് അഥവാ ത്രാസ് ആണ് പരിപാലനം എന്ന ഖുര്‍ആനിക ആശയത്തെ പ്രതിനിധീകരിക്കുന്നതിന് ഭൂമിയില്‍ കണ്ടെത്താവുന്ന ഏറ്റവും ഉചിതമായ ഉപകരണ വിശേഷം എന്നു പറയാം. ഏറ്റക്കുറച്ചില്‍ വരാത്ത വിധം അളവ് കൃത്യമാക്കി ചെയ്യാനുള്ളതാണല്ലോ ത്രാസ്. ത്രാസില്‍ പരിപാലന ധര്‍മത്തിലെ സമതുലന തത്ത്വം പ്രതിഷ്ഠിതമായി കാണുന്നുണ്ട്. ഇക്കാര്യം ഒട്ടൊന്നു വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ഓടക്കുഴല്‍, വൈഷ്ണവ മതത്തിന്റെ അന്തഃസത്തയെ പ്രതിനിധീകരിക്കുന്ന ഏറ്റവും ഉജ്ജ്വലമായൊരു വാദ്യോപകരണമാണ്. ഭാഗവത പുരുഷോത്തമനായ ശ്രീകൃഷ്ണന്‍ നല്ലൊരു പുല്ലാങ്കുഴല്‍ വാദകനായിരുന്നു എന്നതു മാത്രമല്ല ഇതിനു കാരണം. മറ്റനവധി കാരണങ്ങള്‍, വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിന്റെ അന്തഃസത്തയെ ഉദാഹരിക്കാന്‍ എടുത്തു കാണിക്കാവുന്ന ഉപകരണമായി ഓടക്കുഴല്‍ അവതരിപ്പിക്കപ്പെട്ടുവരുന്നതിനു പിന്നിലുണ്ട്. അതിന്റെ അടിസ്ഥാന കാരണം ഇങ്ങനെ വ്യക്തമാക്കാം: ഉള്ളു പൊള്ളയായതും നിശ്ചിതമായ ക്രമത്തില്‍ തുള വീഴ്ത്തപ്പെട്ടതുമായ മുളന്തണ്ടിലൂടെ മാത്രമേ കാറ്റ് തടസ്സമില്ലാതെ കടന്നുപോവുകയും സംഗീതം പുറപ്പെടുകയും ചെയ്യൂ. ഇതുപോലെ മനുഷ്യന്‍, ഞാനെന്ന ഭാവം അഥവാ അഹങ്കാരം വിട്ടൊഴിഞ്ഞ് ഉള്ളം ശുദ്ധ ശൂന്യമാക്കിയാല്‍ മാത്രമേ മനുഷ്യനിലൂടെ ദൈവിക പ്രാണന്‍ തടയില്ലാതെ കടന്നുപോവുകയും ഭക്തിമാധുര്യമെന്ന സംഗീതം മനുഷ്യനില്‍ നിന്ന് ലോകത്തിനു ലഭിക്കുകയും ചെയ്യൂ. ദൈവത്താല്‍ ഊതപ്പെടുന്ന ഓടക്കുഴലായി മനുഷ്യന്‍ മാറുക എന്നതാണ് ഭാഗവത ധര്‍മത്തിന്റെ അന്തഃസാരം എന്നു ചുരുക്കം. ഇതിനാലാണ് ഓടക്കുഴല്‍ വൈഷ്ണവ മതത്തിന്റെ അന്തഃസത്തയെ പ്രതിനിധാനം ചെയ്യുന്ന ഉജ്ജ്വല പ്രതീകമായി എണ്ണപ്പെട്ടു വരുന്നത്. ഈ നിലയിലൊരു ഉപകരണ പ്രതിനിധാനം ഖുര്‍ആനികമായ ആശയ പ്രപഞ്ചത്തിനു കണ്ടെത്താന്‍ ശ്രമിച്ചാല്‍, അത് തുലാസ് അഥവാ ത്രാസ് ആയിരിക്കും. എങ്ങനെയെന്നും എന്തുകൊണ്ടെന്നും സൂചിപ്പിക്കാം:

ഖുര്‍ആനില്‍ 'ത്രാസ്' എന്ന ഉപകരണത്തെക്കുറിച്ച് നേരിട്ടും അല്ലാതെയും ധാരാളം പ്രസ്താവങ്ങള്‍ കാണാം. എന്തുകൊണ്ട് ത്രാസിനെപ്പറ്റി ഇത്രയേറെ ഖുര്‍ആനില്‍ പറയപ്പെട്ടു കാണുന്നു? വിശ്വസ്തനായ (അല്‍ അമീന്‍) വ്യാപാരിയായിരുന്നു ഖുര്‍ആന്‍ വെളിപ്പെട്ടു കിട്ടിയ മുഹമ്മദ് നബി എന്ന മനുഷ്യ വംശത്തിന്റെ പ്രവാചകന്‍ എന്നതു മാത്രമല്ല ത്രാസിന് ഇത്രമേല്‍ പരാമര്‍ശപരമായ പ്രാധാന്യം ഖുര്‍ആനില്‍ ലഭിക്കാന്‍ ഇടവന്നത്. പിന്നെന്താണ്? ചിന്തിച്ചു നോക്കാം.

ധാന്യം മുതല്‍ പൊന്നു വരെ മനുഷ്യന്റെ ജീവിതാവശ്യത്തിനും അലങ്കാരത്തിനും വേണ്ടുന്ന സാധനങ്ങളെല്ലാം അളന്നു തൂക്കി വിതരണം ചെയ്യാനുള്ള സാങ്കേതിക വിദ്യയാണ് ത്രാസ് എന്നത് സത്യമാണല്ലോ. അതിനാല്‍ അളവ് തെറ്റിപ്പോകാതെ സൂക്ഷിക്കുക അഥവാ അളവില്‍ സൂക്ഷ്മത പുലര്‍ത്തുക എന്നതാണ് ത്രാസിന്റെ സന്ദേശം എന്നു പറയാം. വിശ്വപ്രപഞ്ചത്തിലെ ഏതു പ്രതിഭാസത്തെ പരിശോധിച്ചാലും അതിലൊക്കെ അളവില്‍ സൂക്ഷ്മത പുലര്‍ത്തുന്ന മഹനീയമായൊരു ജാഗ്രതയുടെ സാന്നിധ്യം അനുഭവിക്കാനാവും. ഒരളവില്‍ കവിഞ്ഞ് കടല്‍ കരയിലേക്ക് ഇരമ്പിക്കയറാറില്ല. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ഭൂകമ്പം ഭൂമിയില്‍ ഉണ്ടാവാറില്ല. നാം കൊടും വേനല്‍ എന്നു വിളിക്കുന്ന എത്ര കടുത്ത വേനലും ഹിമവാനെ ഉരുക്കി വെള്ളമാക്കി ഒഴുക്കാവുന്നത്ര അളവില്‍ ശക്തിയുള്ളതായിരിക്കാറില്ല. മഴയോ കാറ്റോ മഞ്ഞോ രാവോ പകലോ ഒന്നും ഒരു അളവില്‍ കവിഞ്ഞ് നീളാറില്ല; അതുപോലെ കുറയാറുമില്ല. അളവിന്റേതായ കൃത്യതയും അതിരും ഒക്കെ വിശ്വപ്രപഞ്ചത്തിലെ സമസ്ത പ്രതിഭാസങ്ങളെയും ഭരിച്ചുവരുന്നതായി ഇതില്‍ നിന്ന് മനസ്സിലാക്കാനാവും. വിശ്വപ്രപഞ്ച ജീവിയായ മനുഷ്യനും ഇപ്പറഞ്ഞ നിയമത്തിനു പുറത്തല്ല. അതുകൊണ്ടാണ് മനുഷ്യന്റെ കാഴ്ച, കേള്‍വി, മണക്കാനുള്ള കഴിവ് എന്നിങ്ങനെയുള്ള ഇന്ദ്രിയ സംവേദനങ്ങള്‍ക്കെല്ലാം ഒരളവു പൊതുവെ കണ്ടുവരുന്നത്. ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്നത് വിശ്വപ്രപഞ്ചത്തില്‍ എവിടെയും അളവ് കവിയാനോ കുറയാനോ ഒന്നിനെയും അനുവദിക്കാത്ത വിധത്തില്‍ ജാഗ്രതയുടേതായ ഒരു ശാസനാ ശക്തി പ്രകടമാണെന്നും അതിലൂടെയാണ് വിശ്വപ്രപഞ്ച പരിപാലനം നടന്നുവരുന്നതെന്നുമാണ്. വിശ്വപ്രപഞ്ചത്തില്‍ ഒന്നിനെയും നിശ്ചിതമായ അളവിനപ്പുറം പോകാന്‍ അനുവദിക്കാത്ത മഹത്തായ ശാസനാ ശക്തിയാണ് അല്ലാഹു. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ ത്രാസിനാല്‍ തൂക്കി നോക്കി അളവും മൂല്യവും നിശ്ചയിക്കാത്ത യാതൊന്നും ചരാചര പ്രപഞ്ചത്തില്‍ ഇല്ലെന്നു പറയാം. ഇതിനാല്‍ മാത്രമാണ് ഏതു പെരും മഴയും നിശ്ചിത സമയത്തിനകം നിലച്ചുപോകുന്നത്, ഫറവോന്മാരെ പോലുള്ള ചക്രവര്‍ത്തിമാരുടെ 'ഞാനാണ് ദൈവം' എന്ന അഹങ്കാരത്തോടു കൂടിയ തേര്‍വാഴ്ചകള്‍ നിശ്ചിതമായ കാലയളവിനുള്ളില്‍ കടലെടുത്ത് തുടച്ചുമാറ്റപ്പെട്ടു കാണുന്നത്.

സൂര്യ ചന്ദ്രാദികള്‍ക്കും കാറ്റിനും മഞ്ഞിനും മഴക്കും വെയിലിനും കടലിനും കരക്കും അറിവിനും അന്തസ്സിനും അധികാരത്തിനും അഴകിനും പണത്തിനും ആരോഗ്യത്തിനും ആയുസ്സിനും ഒക്കെ അതിരും അളവും ഉണ്ട്. അളവില്‍ കവിയാത്ത വിധം അഥവാ അമിതമാകാത്ത വിധം എല്ലാറ്റിനും വേണ്ടുന്നത്ര ഇടം നല്‍കുക എന്നതാണ് സമതുലന പ്രധാനമായ പരിപാലനം. അളവു കവിയുന്നത് ക്രമം തെറ്റലാണ്. ക്രമം തെറ്റല്‍ തന്നെയാണ് ചുരുക്കത്തില്‍ അക്രമം. അല്ലാഹുവോ വിശുദ്ധ ഖുര്‍ആനോ അക്രമം അനുവദിക്കുകയോ അക്രമകാരികളെ അനുമോദിക്കുകയോ ചെയ്യുന്നില്ല. ഒന്നിലും ആരും അതിരു കവിയുന്നതിനെ ഇഷ്ടപ്പെടുന്നുമില്ല. ഇപ്പറഞ്ഞതിനെ പ്രമാണീകരിക്കുന്നതിനായി ചില സൂക്തങ്ങള്‍ ഖുര്‍ആനിലെ രണ്ടാം അധ്യായമായ അല്‍ബഖറയില്‍ നിന്ന് ഉദ്ധരിക്കാം. നോമ്പനുഷ്ഠാനവും അതിന്റെ ഭാഗമായ ഇഅ്ത്തികാഫും (പള്ളിയില്‍ ഭജനമിരിക്കല്‍) പറയുന്നിടത്തും യുദ്ധത്തെപ്പറ്റി പറയുന്നിടത്തും അതിരു വിടാതിരിക്കാനുള്ള അനുശാസനാ സ്വരം ഖുര്‍ആന്‍ പ്രകടിപ്പിക്കുന്നുണ്ട്. ''നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു'' എന്നു പറഞ്ഞതിനു ശേഷം ഖുര്‍ആന്‍ പറയുന്നു: ''എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഭജനം ഇരിക്കുമ്പോള്‍ (ഇഅ്ത്തികാഫ്) ഭാര്യമാരുമായി സഹവസിക്കരുത്. അല്ലാഹുവിന്റെ അതിര്‍വരമ്പാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കാന്‍ ഇടവരരുത്'' (അല്‍ബഖറ 187). തുടര്‍ന്ന് ഖുര്‍ആന്‍ യുദ്ധത്തെപ്പറ്റി പറയുന്നിടത്ത് ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: ''നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ'' (അല്‍ബഖറ 190). ഖുര്‍ആനിലെ ഇത്തരം താക്കീതിന്റെ സ്വരങ്ങള്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെ ആരെയും പരിധിവിടാന്‍ അനുവദിക്കാത്ത വിധം അല്ലാഹുവിനാല്‍ എല്ലാറ്റിനും അളവു നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്നു കൂടി സ്പഷ്ടമാക്കുന്നുണ്ട്. ഇതില്‍ നിന്ന്, പരിധി വിടാത്തവിധം അഥവാ ക്രമം തെറ്റാത്തവിധം എല്ലാറ്റിനെയും നിശ്ചിതമായ അളവിനുള്ളില്‍ നിര്‍ത്തുക എന്ന ശാസനാ ശക്തിയാണ് ഖുര്‍ആനിലൂടെ അവതരിപ്പിക്കപ്പെടുന്ന പരിപാലന ധര്‍മത്തിന്റെ അടിസ്ഥാന ഭാവമെന്നു പറയാം

പരിപാലന ധര്‍മ നിര്‍വഹണാര്‍ഥമുള്ള ശാസനാ ശക്തിയെ ഭാരതീയ മതം അഥവാ മഹര്‍ഷി മതമെന്ന ഹിന്ദു മതം ശാസ്താവ് എന്നാണ് വിളിക്കുന്നത്. എന്തൊക്കെ ചെയ്യാം, ഏതളവുവരെ ചെയ്യാം എന്നൊക്കെ ശാസിക്കുന്ന ശക്തി മനുഷ്യനെ അതിരു കവിയാതിരിക്കാന്‍ പഠിപ്പിക്കുന്ന ശക്തിയായതിനാല്‍ ധര്‍മശാസ്ത്ര ശക്തിയെ ഗുരു എന്നു വിശേഷിപ്പിക്കുന്ന പതിവും ഹിന്ദു മതത്തില്‍ പരക്കെ കാണാം. ഭഗവദ്ഗീതയിലെ രണ്ടാം അധ്യായത്തിലെ ഏഴാം ശ്ലോകം ഇപ്പറഞ്ഞതിന് തെളിവാണ്. പ്രസ്തുത ശ്ലോകത്തില്‍ അര്‍ജുനന്‍ ഇങ്ങനെ പ്രസ്താവിക്കുന്നു:

കാര്‍പണ്യ ദോഷോ പഹത സ്വഭാവ
പൃച്ഛാമി ത്വാം ധര്‍മ സമ്മൂഡ ചേതാ
യച്ഛ് ശ്രേയ സ്വാന്നിശ്ചിതം ബ്രൂഹിതന്മേ
ശിഷ്യ സ്‌ത്യേഹം ശാധിമാം ത്വാം പ്രപന്നം

അജ്ഞാത കാലുഷ്യത്താല്‍ സ്വഭാവ ദോഷം ബാധിച്ച എനിക്ക് ധര്‍മമെന്ത്, അധര്‍മെന്ത് എന്ന തിരിച്ചറിവിനു കഴിവില്ലാതായിരിക്കുന്നു. അതിനാല്‍ ഏതൊന്നാണോ ശ്രേയസ്‌ക്കരമായത് അതെനിക്ക് സുനിശ്ചിതമായി പറഞ്ഞു തരിക. ശിഷ്യനായ ഞാന്‍ അവിടുത്തെ ശരണം പ്രാപിക്കുന്നു- ഇതാണ് മേലുദ്ധരിച്ച ശ്ലോകത്തിന്റെ ഭാവാര്‍ഥം. ഇവിടെ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്തുകൂടാ, ഏതളവുവരെ ചെയ്യാം എന്നൊക്കെ മനുഷ്യനെ സുനിശ്ചിതമായി പഠിപ്പിക്കുന്ന മാര്‍ഗദര്‍ശകനായ ഗുരുവായി, ധര്‍മശാസ്താവായി തന്നെയാണ് അര്‍ജുനന്‍ ശ്രീകൃഷ്ണനെ കാണുന്നതെന്നു വ്യക്തം. ധര്‍മശാസനം ചെയ്യുന്ന നിയോഗിത മനുഷ്യനെ ഗുരു എന്ന അര്‍ഥത്തില്‍ റബ്ബി എന്നു വിളിക്കുന്ന പതിവ് ഹീബ്രു ഭാഷയിലും മറ്റും നിലവിലുണ്ടെന്ന് മൗലാനാ അബുല്‍ കലാം ആസാദ് ഉള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിശ്വപ്രപഞ്ചത്തിലെ സമസ്ത ചരാചാരങ്ങളെയും അളവും അതിരും കവിയാത്ത വിധം ശാസനയില്‍ നിലനിര്‍ത്തി പരിപാലിക്കുന്ന അല്ലാഹുവെ റബ്ബ് എന്നു വിശേഷിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍, വിശ്വപരിപാലന ധര്‍മത്തിന്റെ അടിസ്ഥാന ഭാവം അളവും അതിരും കവിയാതെ എല്ലാറ്റിനെയും നിലനിര്‍ത്തുക എന്നതാണെന്നും, ഈ നിലയില്‍ വിശ്വുപരിപാലന ധര്‍മത്തിന്റെ ശാസ്താവും ഗുരുവുമാണ് 'റബ്ബ്' എന്നു സ്തുതിക്കപ്പെടുന്ന അല്ലാഹു എന്നും പ്രബോധനം ചെയ്യുന്നതായി പറയാം.

അല്ലാഹു നിശ്ചയിച്ച അളവിനപ്പുറം യാതൊന്നും സംഭവിക്കുന്നില്ല എന്ന സന്ദേശം ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പ്രഖ്യാപനം ചെയ്യപ്പെട്ടു കാണുന്നുണ്ട്. 'ഒരു വസ്തുവിന്റെയും ഖജനാവുകള്‍ നമ്മുടെ അധീനത്തില്‍ ഇല്ലാതില്ല. എന്നാല്‍, നിശ്ചിത അളവില്‍ മാത്രമേ നാം അത് ഇറക്കി കൊടുക്കുന്നുള്ളൂ' (ഖുര്‍ആന്‍ 15:21) എന്നും 'ഏതുകാര്യവും അവന്റെ സമക്ഷത്തില്‍ നിശ്ചിത തോതനുസരിച്ചാണ്' (13:8) എന്നും 'തീര്‍ച്ചയായും എല്ലാ വസ്തുക്കളെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാണ്' (54:49) എന്നുമൊക്കെയുള്ള ഖുര്‍ആനിക പ്രസ്താവങ്ങള്‍ക്ക് അളവുമായുള്ള ബന്ധം വളരെ പ്രത്യക്ഷമാണല്ലോ. തോത്, വ്യവസ്ഥ എന്നീ പദങ്ങളും അളവിനെ തന്നെയാണ് സൂചിപ്പിക്കുന്നതെന്നും സൂക്ഷ്മമായി ചിന്തിച്ചാല്‍ ബോധ്യമാകും. അതിനാല്‍ അല്ലാഹുവിനാല്‍ അളക്കപ്പെടാത്തതോ അളവ് നിശ്ചയിക്കപ്പെടാത്തതോ ആയി വിശ്വപ്രപഞ്ചത്തില്‍ യാതൊന്നും തന്നെയില്ലെന്ന് ഖുര്‍ആനികമായി തീര്‍ത്ത് പറയാം. അതുകൊണ്ടുതന്നെ അളവിന് പരിപാലനത്തിന്റെ ധര്‍മവ്യവസ്ഥയില്‍ വളരെ വലിയ പ്രാധാന്യമുണ്ടെന്ന് ഉറപ്പിക്കാം. ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ ഖുര്‍ആനികമായ ആശയ പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്നതിന് ഏറ്റവും ഉചിതമായ ഉപകരണം ത്രാസ് തന്നെയാണെന്നു പറയുന്നത് തെറ്റാവില്ല. സര്‍വലോക പ്രതിഭാസങ്ങളും അല്ലാഹുവിന്റെ അളക്കലിനു വിധേയമായി മാത്രം നിലനില്‍ക്കുന്നവയാണെന്ന തിരിച്ചറിവില്ലാതെ, 'സര്‍വസ്തുതിയും സര്‍വലോക പരിപാലകനായ അല്ലാഹുവിനാകുന്നു' എന്ന ഫാതിഹാ വാക്യത്തിലെ 'പരിപാലനം' എന്ന പദത്തെ വ്യാഖ്യാനിക്കാനാവുകയില്ല. എല്ലാം അളക്കുന്ന അല്ലാഹു എന്ന അളവറ്റ ശക്തിയുടെ വിശ്വപരിപാലന ധര്‍മം, അളവിനെ പരിഗണിക്കാതെ അറിയാന്‍ ശ്രമിക്കുന്നത് ഖുര്‍ആനികമായി ശരിയാവില്ലെന്ന് ചുരുക്കം. ഇതിനാലാണ് 'പരിപാലന'ത്തെപ്പറ്റി ചിന്തിക്കവെ ത്രാസിനെപ്പറ്റിയും പറയേണ്ടിവന്നത്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /10-13
എ.വൈ.ആര്‍