Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 10

വിരുന്ന് കാലമായിരുന്നില്ലേ അന്ന് നമ്മുടെ ഒഴിവുകാലം

മജീദ് കുട്ടമ്പൂര്‍ /ലൈക് പേജ്

         കുട്ടികള്‍ക്കിന്ന് ഒഴിവുകാലം ഇല്ലാതായിരിക്കുന്നു. തിരക്കുപിടിച്ച നമ്മുടെ ജീവിതത്തിനിടയില്‍ കുട്ടികളുടെ ഒഴിവും വിനോദവും വെറും വാക്കുകളായി മാറുന്നു. പണ്ടൊക്കെ ഒഴിവുകാലം കുട്ടികളുടെ ആര്‍പ്പുവിളികളാലും ബഹളങ്ങളാലും മുഖരിതമായിരുന്നു. അന്നൊക്കെ വേനലവധി അവര്‍ക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞതായിരുന്നു.

ഊഞ്ഞാലാടാന്‍ ഊഴം കാത്തിരിക്കുന്നവര്‍, കുന്നുകളും പറമ്പുകളും താണ്ടി പൂക്കളും ചെടികളും അന്വേഷിക്കുന്നവര്‍, പട്ടം പറത്താന്‍ മത്സരിക്കുന്നവര്‍, സൈക്കിള്‍ പഠിക്കാനും നീന്തല്‍ പഠിക്കാനും മത്സരിക്കുന്നവര്‍, മനം നിറയെ കളിക്കുന്നവര്‍, വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ തറവാട്ടില്‍ താമസിക്കാന്‍ പോകുന്നവര്‍, കുടുംബത്തോടൊപ്പം ഉല്ലാസ യാത്ര പോകുന്നവര്‍... തികഞ്ഞ സംതൃപ്തിയോടെ അതിനോടെല്ലാം സഹകരിക്കുന്ന മാതാപിതാക്കള്‍... പുതിയ കാലത്ത് ഇത്തരം വിനോദങ്ങളും ഒഴിവുവേളകളുമെല്ലാം ഓര്‍മകളും കഥകളും മാത്രം. മാതാപിതാക്കളുടെ ജീവിതത്തിരക്കുകളില്‍ പെട്ട് ഒഴിവുകാലം നിശ്ശബ്ദമായി കടന്നുപോവുകയാണിന്ന്.

ഈ ഒഴിവുകാലത്ത് നമ്മുടെ കുട്ടികള്‍ മണ്ണിലിറങ്ങി ശാരീരിക ആയാസമുള്ള കളികളിലേര്‍പ്പെടട്ടെ. പുതിയ പഠനങ്ങള്‍ അനുസരിച്ച് കുട്ടികള്‍ മണ്ണിലിറങ്ങി കളിക്കാനുള്ള അവസരമൊരുക്കുന്നത് ശാരീരികാരോഗ്യത്തിനു മാത്രമല്ല, മാനസികാരോഗ്യം മെച്ചപ്പെടാനും രോഗപ്രതിരോധ ശേഷി വര്‍ധിക്കാനും സാമൂഹിക കഴിവുകള്‍ വികസിക്കാനുമെല്ലാം ഇടയാക്കുന്നുവെന്നാണ്. കളികള്‍ കുട്ടികളുടെ മാനസിക വൈഭവങ്ങള്‍ വികസിക്കാനുള്ള കളരിയാണ്. മസ്തിഷ്‌കം അതിവേഗം വികസിക്കുന്ന കുട്ടിക്കാലത്ത് മണ്ണിലിറങ്ങി മറ്റുള്ളവരോടൊപ്പം ശാരീരികായാസമുള്ള കളികളിലേര്‍പ്പെടുന്നത് അവരെ സ്മാര്‍ട്ടാകാന്‍ സഹായിക്കുന്നുവെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. മികച്ച ഏകാഗ്രതക്കും ഉന്മേഷത്തിനും ഇത് കുട്ടികളെ സഹായിക്കുന്നു. ഓര്‍മശക്തി, വേഗത്തില്‍ സര്‍ഗാത്മകമായി പ്രതികരിക്കാനുള്ള വൈഭവം, ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും ഏകോപനം, നിയന്ത്രണ ശേഷി എന്നിവയെല്ലാം ആര്‍ജിക്കാന്‍ കുട്ടികള്‍ ആവോളം കളിക്കണമെന്നാണ് പഠനം. അതിനാല്‍ അവര്‍ മനം നിറയെ കളിക്കട്ടെ. കുട്ടിക്കാലം കളികളുടെ കാലമാണെന്ന് മുതിര്‍ന്നവര്‍ ഓര്‍ത്തിരിക്കുക. കളിക്കാനുള്ള നൈസര്‍ഗിക താല്‍പര്യം ഈശ്വരന്‍ അവരില്‍ ഒരുക്കിയത് വലിയ ലക്ഷ്യങ്ങള്‍ കണ്ടാണ്. നമ്മുടെ ഇടുങ്ങിയ ചിന്ത കൊണ്ട് അതില്ലാതാക്കരുത്.

പല രക്ഷിതാക്കളും കുട്ടികള്‍ കളിക്കുന്നത് കണ്ടാല്‍ പൊട്ടിത്തെറിക്കും. കളിച്ചു നടക്കുമെന്ന കാരണം പറഞ്ഞുതന്നെ ഒഴിവുകാലത്ത് പോലും പഠിക്കാന്‍ നിര്‍ബന്ധിക്കുന്നവരുണ്ട്. കുട്ടിക്ക് താല്‍പര്യമുള്ളതാണോ ഭാവിയില്‍ ഉപകാരപ്പെടുന്നതാണോ എന്നൊന്നും പരിഗണിക്കാതെ അവധിക്കാല കോഴ്‌സുകളില്‍ കുരുക്കിയിടുകയാണ് പലരും. കമ്പ്യൂട്ടര്‍ പഠനം, സ്‌പെഷ്യല്‍ കോച്ചിംഗ്, അഡ്വാന്‍സ് ട്യൂഷന്‍, വെക്കേഷന്‍ കോഴ്‌സ്, മറ്റു കുട്ടികളോടുള്ള മത്സര ബുദ്ധിയുമൊക്കെയായി അവര്‍ക്ക് ഒഴിവുകാലം നിഷേധിക്കപ്പെടുകയാണ്. പണ്ടൊക്കെ ഒഴിവുകാലം വിരുന്നുകാലം കൂടിയായിരുന്നു. ഉമ്മയോടൊപ്പം വിരുന്നു പോകുന്ന കാലം. അകന്ന ബന്ധുവീട്ടിലെ കുട്ടികള്‍ വിരുന്നു വരുന്നതും അവരുടെ വീട്ടിലേക്ക് പോകുന്നതും ഒഴിവുകാലത്താണ്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ മാതാപിതാക്കള്‍ വിരുന്നു പോകാന്‍ തീരുമാനിക്കുന്നത് തന്നെ അക്കാലത്താണ്. അതിനായി ഒഴിവുകാലം വരാന്‍ കാത്തിരിക്കുകയായിരുന്നു അന്ന് പതിവ്. മറ്റുള്ളവരോട് ആകര്‍ഷകമായി പെരുമാറാനും, മറ്റുള്ളവരെ സ്വാധീനിക്കാനുമുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കാനുമായി നാമവരെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കണം. വിട്ടുവീഴ്ചാ മനോഭാവം, ക്ഷമ, മികച്ച ആശയ വിനിമയ ശേഷി എന്നിവയൊക്കെ വളരാനും വികസിക്കാനുമായി ഈ ഒഴിവുകാലത്തെങ്കിലും നാമവരെ ബന്ധുവീടുകളിലും മറ്റും കൊണ്ടുപോകണം. ബന്ധങ്ങള്‍ അറ്റുപോവുകയും ഓരോരുത്തരും തന്നിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.

സ്വന്തം വീട്ടിലല്ലാതെ രാത്രി മറ്റെവിടെയെങ്കിലും താമസിക്കേണ്ടിവന്നാല്‍ അസ്വസ്ഥരാകുന്നു നമ്മുടെ മക്കള്‍. അവരെ സ്വന്തം വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ ശീലിപ്പിച്ചിട്ടില്ലല്ലോ. മറ്റുള്ളവരുടെ ജീവിതാവസ്ഥകള്‍ മനസ്സിലാക്കുന്നതോടൊപ്പം അവനവന്റെ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും വിശകലനം ചെയ്യാനും കാര്യങ്ങളുടെ ഗുണദോഷങ്ങള്‍ മനസ്സിലാക്കി ജീവിതം ആസൂത്രണം ചെയ്യാനുമുള്ള കഴിവ് കുട്ടികള്‍ക്കുണ്ടാകുന്നത് മറ്റുള്ളവരുമായുള്ള ഇടപഴകലിലൂടെയാണ്.

വിനോദവും ഒഴിവുവേളകളുമില്ലാത്ത കുട്ടിക്കാലം വിരസവും ഉന്മേഷരഹിതവുമായിരിക്കും. അതിനാല്‍ നിരന്തര പഠനത്തിനും പരിശീലനത്തിനും ശേഷം തീര്‍ച്ചയായും അവര്‍ക്കൊരു ഒഴിവുകാലമുണ്ടാകണം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /5
എ.വൈ.ആര്‍