Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 10

സബീദ് നെറ്റിയില്‍ വിയര്‍പ്പുമായി അല്ലാഹുവിങ്കലേക്ക് മടങ്ങി

ആബിദ് എളമരം

സബീദ് നെറ്റിയില്‍ വിയര്‍പ്പുമായി 

അല്ലാഹുവിങ്കലേക്ക് മടങ്ങി

രീക്കോട് വടക്കുംമുറി തെരട്ടെമ്മല്‍ സവാദ് മാസ്റ്ററുടെ മകന്‍ സബീദി(31)ന്റെ വേര്‍പാട് ഇസ്‌ലാമിക പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. ഒരുപാട് കാലം കൊണ്ട് ചെയ്യാവുന്ന വലിയ വലിയ കാര്യങ്ങള്‍ ചുരുങ്ങിയ ആയുസ്സിനുള്ളില്‍ സ്വയം ഏറ്റെടുത്ത് നിര്‍വഹിച്ച് പുതിയ തലമുറക്ക് മാതൃകയാവുകയായിരുന്നു സബീദ്. കുറച്ച് ദിവസം മുമ്പ് പനി ബാധിക്കുമ്പോള്‍, തന്നെ വേട്ടയാടാന്‍ വന്ന അര്‍ബുദമാണ് അതെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്നാഴ്ചത്തെ ചികിത്സക്കിടെ സബീദ് വിധിക്ക് കീഴടങ്ങുകയായിരുന്നു.

ഒന്നര വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ സബീദ് പിന്നീടുള്ള തന്റെ ജീവിതം പാവപ്പെട്ടവര്‍ക്കുവേണ്ടി നീക്കിവെക്കുകയായിരുന്നു. സോളിഡാരിറ്റി വാഴക്കാട് ഏരിയാ സമിതിയംഗമായിരുന്നു. അരീക്കോട് ഏരിയയിലാണ് വീടെങ്കിലും വാഴക്കാട് ഏരിയയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായി. സമൂഹത്തിലെ അവശരെയും അര്‍ഹരെയും കണ്ടെത്തി സഹായിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു സബീദ്. വിദേശത്തും മറ്റുമുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് സ്വയം ഫണ്ട് ശേഖരിച്ചായിരുന്നു പ്രവര്‍ത്തനം.

സോളിഡാരിറ്റിയുടെ കീഴില്‍ അരീക്കോട്, വാഴക്കാട് ഏരിയകളിലെ ഭവന നിര്‍മാണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയത് സബീദായിരുന്നു. ഒരു വീട് പൂര്‍ത്തിയായാല്‍ അര്‍ഹരായവര്‍ക്ക് അടുത്ത വീട് കണ്ടെത്തി പണിയാരംഭിക്കും. ജോലിക്കാരോടൊപ്പം ഒരു തൊഴിലാളിയെ പോലെ അവിശ്രാന്തം പണിയെടുക്കും. അഞ്ച് വീടുകള്‍ സബീദ് സ്വയം മുന്‍കൈയെടുത്ത് നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ കിടന്ന അവസാന സമയത്തും സബീദ് അന്വേഷിച്ചുകൊണ്ടിരുന്നത് താന്‍ തുടങ്ങിവെച്ച സംരംഭങ്ങളെക്കുറിച്ചും അതിന്റെ പൂര്‍ത്തീകരണത്തെക്കുറിച്ചുമായിരുന്നു, മറ്റുള്ളവരുടെ കാര്യങ്ങള്‍ നോക്കി നടക്കുന്നതിനിടയില്‍ സ്വന്തം കാര്യം മറന്നുപോവരുതെന്ന് ഓര്‍മിപ്പിച്ചുകൊണ്ടിരുന്ന രക്ഷിതാക്കളോട് 'ഈ ലോകത്ത് വലിയ സമ്പാദ്യങ്ങളൊന്നും നിങ്ങള്‍ക്കായി നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും പരലോകത്ത് ഞാന്‍ നിങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കു'മെന്ന മറുപടിയാണ് സബീദ് നല്‍കാറുള്ളത്.

പരലോക വിജയത്തെക്കുറിച്ച തികഞ്ഞ ആത്മവിശ്വാസം സബീദ് സ്വായത്തമാക്കിയത് തന്റെ പരന്ന ഇസ്‌ലാമിക വായനയിലൂടെയായിരുന്നു. ഖുര്‍ആനെ സബീദ് ഏറെ സ്‌നേഹിച്ചു. സ്വുബ്ഹി നമസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഒരു മണിക്കൂറിലേറെ ദിവസവും ഖുര്‍ആന്‍ പഠനത്തിനായി നീക്കിവെച്ചു. കിട്ടുന്ന എല്ലാ ഇസ്‌ലാമിക സാഹിത്യങ്ങളും വായിക്കും. അരീക്കോട്ടെ ഒരു ഇസ്‌ലാമിക ലൈബ്രറിയില്‍ അംഗത്വമെടുത്ത് ആറ് മാസത്തിനുള്ളില്‍ അവിടത്തെ മുഴുവന്‍ പുസ്തകങ്ങളും വായിച്ചുതീര്‍ത്ത അനുഭവവും സബീദിനുണ്ട്. വായിക്കുന്ന പുസ്തകങ്ങളിലെ ആശയങ്ങള്‍ സഹപ്രവര്‍ത്തകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.

തനിക്കു വേണ്ടി ജീവിക്കുന്നതിനേക്കാള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാനാണ് സബീദ് ഇഷ്ടപ്പെട്ടത്. രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും സഹായമെത്തിച്ചു നല്‍കി. സഹപ്രവര്‍ത്തകര്‍ ചെറിയ അസുഖമായി കിടന്നാല്‍ പോലും സബീദ് സന്ദര്‍ശിക്കാനെത്തുമായിരുന്നു. വിവാഹ വീടുകളിലും മരണവീടുകളിലുമെല്ലാം സഹായഹസ്തവുമായി സബീദുണ്ടാവും. ഈ അടുത്ത് നാട്ടില്‍ വലിയൊരു വിവാഹത്തിന് മൂന്ന്  ചെമ്പോളം ഭക്ഷണം ബാക്കിയാവുകയും എന്തുചെയ്യണമെന്നറിയാതെ വീട്ടുകാര്‍ പ്രയാസപ്പെടുകയും ചെയ്തപ്പോള്‍ സബീദ് അത് ഏറ്റെടുത്തു. തന്റെ കൂട്ടുകാരനെ കൂട്ടി വാഹനത്തില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയും തെരുവില്‍ അന്തിയുറങ്ങുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം യാത്ര ചെയ്യവേ ഉച്ചക്ക് കഴിക്കാന്‍ വീട്ടില്‍ നിന്ന് കരുതിയ ഭക്ഷണം വാഹനത്തിനടുത്ത് വന്ന് യാചിച്ച ഒരു കുടുംബത്തിന് നല്‍കുകയായിരുന്നു. കുടുംബത്തിനു മൊത്തം കഴിക്കാനുള്ള ഭക്ഷണം അപ്പാടെ നല്‍കിയതിനെ പിതാവ് ചോദ്യം ചെയ്തപ്പോള്‍ 'അവര്‍ക്ക് ഭക്ഷണം വാങ്ങി കഴിക്കാന്‍ പണമില്ലാത്തതുകൊണ്ടാണല്ലോ നമ്മുടെ അടുത്ത് വന്ന് ചോദിക്കുന്നത്. നമ്മുടെ കൈയില്‍ ഭക്ഷണം വാങ്ങി കഴിക്കാനുള്ള പണമുണ്ടല്ലോ' എന്ന മറുപടിയാണ് സബീദ് നല്‍കിയത്. മറ്റുള്ളവരുടെ പ്രയാസം സബീദിന് സഹിക്കാന്‍ കഴിയുമായിരുന്നില്ല.

രോഗത്തിന്റെ വേദന കടിച്ചിറക്കി അവസാന നാളുകളില്‍ ബോധക്ഷയമുണ്ടാവുന്നതുവരെ സബീദ് അന്വേഷിച്ചുകൊണ്ടിരുന്നത് പ്രസ്ഥാനത്തെക്കുറിച്ചും, തന്റെ നേതൃത്വത്തില്‍ പ്രസ്ഥാനം തുടങ്ങിവെച്ച സംരംഭങ്ങളെക്കുറിച്ചും മാത്രമായിരുന്നു.

നല്ല ധൈര്യശാലി കൂടിയായിരുന്നു സബീദ്. പിതാവ് തലശ്ശേരി പാനൂരില്‍ അധ്യാപകനായിരിക്കെ സബീദും കുടുംബവും അവിടെ താമസിച്ചിരുന്നു. ഇക്കാലത്ത് ബി.ജെ.പി - സി.പി.എം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇവിടെ നിത്യ സംഭവമായിരുന്നു. സബീദിന്റെ വീടിനടുത്തുവെച്ച് ഒരു ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. സബീദ് വീട്ടില്‍ നിന്ന് വെള്ളമെടുത്ത് യുവാവിന്റെ അടുത്തേക്ക് ഓടുമ്പോള്‍ പലരും സബീദിനെ തടഞ്ഞു. 'മരിക്കാനായ ഒരാള്‍ക്ക് വെള്ളം കൊടുക്കുന്നതിന് എന്നെ വെട്ടി കൊല്ലുമെങ്കില്‍ വെട്ടെട്ടെ' എന്ന് പറഞ്ഞ് സബീദ് അദ്ദേഹത്തിന് വെള്ളം നല്‍കി. വെള്ളം കുടിച്ച സുഹൃത്ത് ഉടന്‍ മരണത്തിന് കീഴടങ്ങി. സബീദ് കാത്തുസൂക്ഷിച്ച ഈ മാനുഷിക സൗഹൃദം തന്നെയാവണം സബീദിന്റെ മരണ വാര്‍ത്തയറിഞ്ഞ് പാനൂരില്‍ നിന്നുപോലും ബി.ജെ.പി പ്രവര്‍ത്തകരുള്‍പ്പെടെ ധാരാളം സുഹൃത്തുക്കളെ തെരട്ടമ്മലുള്ള വീട്ടിലെത്തിച്ചത്.

എല്ലാ വിഭാഗം ജനങ്ങളുമായും സബീദ് കാത്തുസൂക്ഷിച്ച ആത്മബന്ധം പുതിയ തലമുറയിലെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് അനുകരണീയ മാതൃകയാണ്. പ്രായം ചെന്നവരുമായും കുട്ടികളുമായും എല്ലാ മത വിഭാഗത്തില്‍ പെട്ടവരുമായും സൗഹൃദം സ്ഥാപിക്കാനും നിലനിര്‍ത്താനും സബീദിന് സാധിച്ചു. മരണവാര്‍ത്ത കേട്ട് തന്റെ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയ വന്‍ ജനാവലി ആ സൗഹൃദത്തിന്റെ നേര്‍ സാക്ഷ്യമായി.

വാഴക്കാട് മുണ്ടുമുഴി സ്വദേശിനി സുബൈദയാണ് മാതാവ്. വാഴക്കാട് സ്വദേശിനി ജുംന മര്‍യം ഭാര്യയും, ഒന്നര വയസ്സുകാരനായ ഹിസാന്‍ മുഹമ്മദ് മകനുമാണ്. ഷബീര്‍, സല്‍വ എന്നിവര്‍ സഹോദരങ്ങളാണ്.

'നമുക്ക് നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞ് അല്ലാഹുവിനെ കണ്ടുമുട്ടാം' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന തലത്തില്‍ സേവന കാമ്പയിന്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലയളവിലാണ് സോളിഡാരിറ്റിയെയും സേവനത്തെയും ഹൃദയത്തിലേറ്റുവാങ്ങിയ സഹോദരന്‍ അല്ലാഹുവിങ്കലേക്ക് യാത്രയായത്; ഈ പ്രമേയത്തെ ജീവിതം കൊണ്ട് അന്വര്‍ഥമാക്കിക്കൊണ്ട്. നാഥാ, ഞങ്ങളുടെ സഹോദരന് നീ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കേണമേ, സബീദിന്റെ കുടുംബത്തിന് നീ ക്ഷമയും ആശ്വാസവും നല്‍കേണമേ. ആമീന്‍.

ആബിദ് എളമരം

സമവായത്തിന്റെ മാര്‍ഗം സ്വീകരിച്ച ഖാലിദ് എച്ച്. ഇസ്മാഈല്‍

റു പതിറ്റാണ്ടുകാലം സേവനരംഗത്ത് നിറഞ്ഞുനിന്ന സമുദായ സ്‌നേഹിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു മാഹി പെരിങ്ങാടിയിലെ ഖാലിദ് എച്ച്. ഇസ്മാഈല്‍. വിദ്യാഭ്യാസ പ്രചാരണത്തിലും മതാധ്യാപനത്തിലും ഖാലിദ് എച്ച്. ഇസ്മാഈലിന്റെ കഴിവ് ചെറുപ്പകാലത്ത് നോക്കിക്കാണാന്‍ എനിക്ക് സാധിച്ചിരുന്നു. സംഘാടക പ്രതിഭയായ അദ്ദേഹം സേവനരംഗം മുംബൈയിലേക്ക് പറിച്ചുനട്ടപ്പോള്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

വിഷയം അവതരിപ്പിക്കുന്നതില്‍ അസാമാന്യ കഴിവുള്ള ഖാലിദ് നാട്ടിലെന്ന പോലെ മറുനാട്ടിലും പ്രഭാഷണ കലയില്‍ പ്രശോഭിച്ചു. മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് മുംബൈയില്‍ പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങിയ അദ്ദേഹം നിരവധി വ്യക്തികള്‍ക്ക് സഹായങ്ങള്‍ നല്‍കി.

വിദ്യാഭ്യാസ രംഗത്തെ കൊഴിഞ്ഞുപോക്കിനെ ഒരു വിധത്തിലും സഹിക്കാനാകാത്ത സ്വഭാവക്കാരനായിരുന്നു അദ്ദേഹം. പഠനത്തിനിടയില്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി കള്ളലോഞ്ചില്‍ മുംബൈയില്‍ നിന്ന് ഗള്‍ഫിലേക്ക് ചേക്കേറാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ കണ്ടുപിടിച്ച് നാട്ടിലെത്തിച്ച് പഠനം തുടരാന്‍ പ്രോത്സാഹിപ്പിച്ച അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം കാരണം മുസ്‌ലിം വിദ്യാര്‍ഥികളുടെ പഠിപ്പു മുടങ്ങരുതെന്ന ശാഠ്യക്കാരന്‍ കൂടിയായിരുന്നു.

ഖാലിദിന്റെ കരസ്പര്‍ശമേറ്റ് വളര്‍ന്ന സ്ഥാപനങ്ങള്‍ നിരവധിയാണ്. കച്ചവടക്കണ്ണോടെയായിരുന്നില്ല സ്ഥാപന നടത്തിപ്പ്. ഒരു തലമുറയെ സംസ്‌കാര സമ്പന്നരായി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം പാടുപെട്ടു. ആദര്‍ശം ബലി കഴിച്ചുള്ള ഒരു പ്രവര്‍ത്തനത്തിലും അദ്ദേഹം ഭാഗഭാക്കായില്ല. പറയാനുള്ളത് തുറന്നു പറഞ്ഞതിന്റെ പേരില്‍ ജയില്‍വാസം അനുഷ്ഠിക്കാന്‍ പോലും അദ്ദേഹം തയാറായി.

കാഞ്ഞിരാണ്ടി ഖാലിദ് എച്ച്. ഇസ്മാഈല്‍ എന്ന് കേട്ടാല്‍ അറുപതുകളിലും എഴുപതുകളിലും യുവതലമുറക്ക് ആവേശമായിരുന്നു. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിയാബാധയായി മാറിയ പ്രദേശങ്ങളില്‍ സമവായത്തിന്റെ മാര്‍ഗം സ്വീകരിച്ച അദ്ദേഹം പുന്നോല്‍, മാഹി, പെരിങ്ങാടി, കുറ്റിയാടി ഭാഗങ്ങളില്‍ ദീനീപ്രചാരണത്തെ ദുര്‍ബലമാക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ത്തു തോല്‍പിച്ചു. സമ്പന്ന പക്ഷപാതിത്വമുള്ള മഹല്ലുകളില്‍ വിമര്‍ശനങ്ങളും വെല്ലുവിളിയുമായിട്ടായിരുന്നില്ല അദ്ദേഹത്തിന്റെ രംഗപ്രവേശം. ഭിന്നിപ്പിന്റെ ആഴക്കയങ്ങളില്‍ നിപതിച്ചവരെ സാവകാശം രഞ്ജിപ്പിന്റെയും സഹിഷ്ണുതയുടെയും മേഖലയിലേക്ക് അദ്ദേഹം കൊണ്ടുവന്നു. പ്രശ്‌നങ്ങള്‍ നിര്‍ബന്ധങ്ങള്‍ക്കും ശാഠ്യങ്ങള്‍ക്കും അതീതമായി സത്യസന്ധതയോടെയും നിഷ്പക്ഷമായും വിലയിരുത്തുന്ന രീതിയും, ക്രിയാത്മകമായി സഹകരിക്കുന്ന ശൈലിയും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.

ഏറ്റവുമൊടുവില്‍, മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ വിവാഹവേദി തലശ്ശേരി വിക്ടറി ടൗണ്‍ ഹാളില്‍ ഒരുക്കിയപ്പോള്‍ വയസ്സ് എണ്‍പത്തിനാലില്‍ എത്തി നില്‍ക്കുന്ന വിവരം പറഞ്ഞ് ആരോഗ്യത്തിനും ഈമാനോടു കൂടിയ മരണത്തിനുംവേണ്ടി ദുആ ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മുസ്‌ലിം വിദ്യാഭ്യാസ ഘടനകളുടെ പുരോഗതിയും ഐക്യവും ആ മനസ്സില്‍ തുടികൊട്ടിയതായി അനുഭവപ്പെട്ടു.

പീഡിതര്‍ക്ക് വേണ്ടിയുള്ള സമര്‍പ്പണമായിരുന്നു യഥാര്‍ഥത്തില്‍ ആ ജീവിതം. ഇസ്‌ലാമിന്റെ അര്‍ഥവ്യാപ്തി മനസ്സിലാക്കിക്കൊടുക്കാന്‍ ആ നാക്കും തൂലികയും പ്രയോജനപ്പെട്ടു. കടുത്ത വെല്ലുവിളികള്‍ അതിജീവിച്ച ആ ജീവിതം തലമുറകള്‍ക്ക് സാധനപാഠമാകേണ്ട ഒന്നാണെന്ന് നിസ്സംശയം പറയാം.  ഒരാണും ഏഴു പെണ്‍ മക്കളുമാണ് അദ്ദേഹത്തിനുള്ളത്.

കെ.പി കുഞ്ഞിമൂസ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /5
എ.വൈ.ആര്‍