Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 10

അവധിക്കാലത്ത് മക്കള്‍ക്കല്‍പ്പം അവധി കൊടുക്കണേ

റസിയ ചാലക്കല്‍ /കവര്‍സ്‌റ്റോറി

         ചെറുപ്പത്തിന്റെ ആനന്ദവും ആസ്വാദ്യതയും നഷ്ടപ്പെടുത്തുന്ന തരത്തില്‍ പഠനം കേവലം യാന്ത്രികമായ വരിഞ്ഞുമുറുക്കലാകുമ്പോള്‍ ശൈശവ -ബാല്യ- കൗമാരങ്ങള്‍ അനുഭവിക്കുന്ന പിരിമുറുക്കം രക്ഷിതാക്കള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണിന്ന്. പഠനഭാരം ഇറക്കിവെച്ച്, മാവിന്‍ ചോട്ടില്‍ കുടില്‍ കെട്ടിയും കഞ്ഞിയും കറിയും വെച്ച് കളിച്ചും ചൂണ്ടയിട്ടും നീന്തിത്തുടിച്ചും പുഴക്കരകളെ സജീവമാക്കിയ വേനലവധിക്കാലം പഴങ്കഥയാകുന്നതും, കുട്ടികള്‍ വിവര സാങ്കേതിക വിദ്യയുടെ പുതിയ മേച്ചില്‍ പുറങ്ങളില്‍ ആനന്ദം കണ്ടെത്തുന്നതും വേനലവധിയുടെ ചൂടും വേവും ഒന്നുകൂടി വര്‍ധിപ്പിക്കുന്നു.

ഒഴിവു സമയവും ഒഴിവു ദിനങ്ങളും കളിച്ചു തിമിര്‍ക്കുന്ന പഴയകാല കുഞ്ഞുങ്ങളോട് രക്ഷിതാക്കള്‍ പറഞ്ഞിരുന്നത് 'മതിയെടാ, ഇനിയൊന്ന് അകത്തേക്ക് കയറ്' എന്നായിരുന്നുവെങ്കില്‍ ഇന്ന് മണിക്കൂറുകളോളം ടി.വിയുടെയും കമ്പ്യൂട്ടറിന്റെയും മുന്നിലിരിക്കുന്ന അവരോട് നാം പറയുന്നത് 'ഒന്ന് ഓഫാക്കി പുറത്തേക്കിറങ്ങ് മക്കളേ' എന്നാണ്. അധ്യയന ദിനങ്ങള്‍ കുട്ടികളിലും അവധിക്കാലം രക്ഷിതാക്കളിലും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കും വിധം പഠന വിനോദങ്ങള്‍ മാറ്റിമറിക്കപ്പെട്ടതെങ്ങനെയാണ്?

ജനിക്കുമ്പോള്‍ തന്നെ കുഞ്ഞ് ഇംഗ്ലീഷ് സംസാരിക്കണമെന്ന ഉദ്ദേശ്യത്തോടെ 'ഭാര്യ തന്‍ പേറങ്ങിംഗ്ലണ്ടിലാക്കി' എന്ന് കുഞ്ഞുണ്ണി മാഷ് പാടിയതു പോലെയാണ് കാര്യങ്ങള്‍. ഭാര്യക്ക് ഗര്‍ഭ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ആരംഭിക്കുന്നു കുട്ടിയെക്കുറിച്ചുള്ള സങ്കല്‍പ സ്വപ്‌നങ്ങള്‍. ഉമ്മയുടെ താരാട്ടും ഉപ്പയുടെ വാത്സല്യവും കൊണ്ട് മനസ്സും മസ്തിഷ്‌കവും ഊര്‍ജസ്വലമാകുമ്പോള്‍ രക്ഷാകര്‍തൃത്വത്തിന്റെ ചൂടും ചൂരും അനുഭവിച്ചാസ്വദിച്ച് കുട്ടി നേടുന്ന സുരക്ഷാബോധവും ആത്മവിശ്വാസവുമാണ് ശൈശവത്തിന്റെ പൂര്‍ണത. അതിന്റെ ശീതളഛായയില്‍ ഉമ്മയുടെ കൈപിടിച്ചും ഉപ്പയുടെ തോളത്തേറിയും വല്യുപ്പയുടെ മടിയിലിരുന്നും ജീവിത പാഠങ്ങള്‍ ഗ്രഹിക്കാന്‍ ലഭിക്കുന്ന നിരവധിയനവധി അവസരങ്ങളുടെ കടക്കല്‍ കത്തിവെച്ചുകൊണ്ട് എത്രയും നേരത്തെ കുഞ്ഞിനെ തന്നില്‍ നിന്നടര്‍ത്തി മാറ്റി സ്‌കൂള്‍ മുറ്റത്തെത്തിക്കാന്‍ തിടുക്കം കാണിക്കുന്നതിലൂടെ ഇളം മനസ്സുകളില്‍ സംഘര്‍ഷത്തിന്റെ ആദ്യ വിത്ത് പാകുകയാണ് നാം. അവിടന്നങ്ങോട്ട് പഠന- പാഠ്യേതര മേഖലകളില്‍ കുട്ടിക്ക് താങ്ങും തണലുമായി പ്രചോദനം നല്‍കുന്നതിനു പകരം അവന്റെ കഴിവും കഴിവുകേടും തിരിച്ചറിയാതെ നാം താല്‍പര്യപ്പെടുന്ന വേദികളിലവനെ കയറ്റി നിര്‍ത്തി 'മത്സരിക്കാന്‍' പഠിപ്പിക്കുന്നു.

അയല്‍പക്കത്തെ കുട്ടികളത്രയും വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചുല്ലസിക്കുമ്പോള്‍ പാവം നസീബ് പിേറ്റ ദിവസത്തെ ആര്‍ട്‌സ് ഫെസ്റ്റിനുള്ള പരിശീലനത്തിലായിരുന്നു. സ്ഫുടമായി സംസാരിക്കാന്‍ പോലും അറിയാത്ത അവനെ അടച്ചിട്ട മുറിയില്‍ അടിച്ചും ശാസിച്ചും പ്രസംഗം പഠിപ്പിക്കുമ്പോള്‍ ഭാവിയിലെ 'സുകുമാര്‍ അഴിക്കോടി'നെ ആ മൂന്നര വയസ്സുകാരനില്‍ കണ്ടിട്ടുണ്ടാകണം പ്രിയ മാതാവ്.

അടുത്ത ദിവസം മകന്റെ തട്ടുതകര്‍പ്പന്‍ പ്രഭാഷണം കേട്ട് കുളിരണിയാന്‍ മുന്‍നിരയില്‍ തന്നെ അവര്‍ സ്ഥാനം പിടിച്ചു. മൈക്കിനു മുന്നിലെത്തി 'അസ്സലാമു അലൈക്കും' എന്ന് മകന്‍ സദസ്സിനെ അഭിവാദ്യം ചെയ്തപ്പോള്‍ ഉമ്മ തലയുയര്‍ത്തി അടുത്തുള്ളവരെ ഒന്നൊളിഞ്ഞ് നോക്കി അല്‍പമൊന്ന് ഇളകിയിരുന്നു. 'കണ്ടോളൂ എന്റെ മകന്റെ പ്രസംഗ പാടവം' എന്ന മട്ടില്‍.

'എനിക്ക് ഉമ്മി ഒന്നും പഠിപ്പിച്ചു തന്നില്ല; എനിക്കൊന്നും അറിയില്ല.' ആ നിഷ്‌കളങ്ക ബാല്യത്തിന്റെ ഹൃദയസ്പൃക്കായ പ്രസംഗം, വൈകുന്നേരത്തെ കളി നിഷേധിച്ചതിന് ഉമ്മയോടുള്ള പകരം വീട്ടലാകാന്‍ തരമില്ല. ഏതായാലും ആര്‍ത്തു ചിരിക്കുന്ന ആ സദസ്സില്‍ നിന്ന് ഉമ്മ എങ്ങനെ രക്ഷപ്പെട്ടു എന്നറിയില്ല. ശേഷമുള്ള സംഭവങ്ങള്‍ വായനക്കാരുടെ ഭാവനക്ക് വിടുന്നു.

ലോകം വിരല്‍ത്തുമ്പിലെത്തിയതോടെ പഠനം യാന്ത്രികവും ലക്ഷ്യം തൊഴില്‍ സമ്പാദനവും മാത്രമായി. പ്രകൃതിയെ കാണാതെയും സഹജീവികളെ ശ്രദ്ധിക്കാതെയുമുള്ള പഠനക്രമം സാമൂഹിക പ്രതിബദ്ധത നഷ്ടപ്പെട്ട ഒരു തലമുറയുടെ സൃഷ്ടിക്ക് കാരണമാകുന്നു എന്നത് അനുഭവ സാക്ഷ്യം. അങ്ങനെയാണ് ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന ക്രൂരതകള്‍ മനുഷ്യന്‍ പ്രകൃതിയോടും സഹജീവികളോടും കാണിക്കാന്‍ തുടങ്ങിയത്.

ഭൗതിക വിദ്യാഭ്യാസ രംഗത്തുണ്ടായ അതിവേഗ- ബഹുദൂര കുതിച്ചു ചാട്ടവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കടന്നുകയറ്റവും 'പാക്ഡ് സിലബസ്സി'ലും 'ക്ലോസ്ഡ് ക്ലാസ്സ് റൂമി'ലുമായി ബാല്യ കൗമാരങ്ങളെ വരിഞ്ഞുമുറുക്കിയപ്പോള്‍ മുസ്്‌ലിം സമൂഹം അനിവാര്യമായി കാണുന്ന മത-ധാര്‍മിക പഠനത്തിനുള്ള സമയത്തിന്റെ അപര്യാപ്തത വലിയ പ്രതിസന്ധി സൃഷ്ടിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ വ്യാപകമാകുന്നതിന് മുമ്പ് മുഖ്യമായും ഗവണ്‍മെന്റ് സ്‌കൂളുകളായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം. കുട്ടികളുടെ ബാഹുല്യം മൂലം മോണിംഗ്, ആഫ്റ്റര്‍ നൂണ്‍-ഷിഫ്റ്റുകളായിട്ടാണ് സ്‌കൂള്‍ ക്ലാസ്സുകള്‍ നടന്നിരുന്നത് എന്നതിനാല്‍ മോണിംഗ്, ഈവിനിംഗ് മദ്‌റസാ ക്ലാസ്സുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നു അക്കാലത്ത്.

പുതിയ സ്‌കൂള്‍ പഠന ക്രമത്തോട് താദാത്മ്യപ്പെടാന്‍ സ്‌കൂള്‍-മദ്‌റസാ പഠനങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനരീതിയിലേക്ക് പല സ്ഥാപനങ്ങളും ചുവടുമാറ്റം നടത്തി. കിടക്കപ്പായില്‍ നിന്നെഴുന്നേറ്റ് നേരെ ചൊവ്വേ പ്രഭാത കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാതെ മദ്‌റസയിലേക്കോടുന്ന പിഞ്ചു കുട്ടികളുടെ ദിനചര്യയിലുണ്ടാകുന്ന അനാരോഗ്യകരമായ അവസ്ഥ തിരിച്ചറിഞ്ഞ് ചിലരെങ്കിലും ഹോളിഡേ മദ്‌റസകളിലേക്ക് തിരിഞ്ഞു.

എന്നാല്‍, അവിടെയും വേനലവധിയുടെ കളി-വിനോദങ്ങള്‍ പാടേ നിരാകരിച്ചുകൊണ്ടോ പരിമിതപ്പെടുത്തിക്കൊണ്ടോ മതപഠനത്തില്‍ വിരസത സൃഷ്ടിക്കുന്നത് അഭിലഷണീയമല്ല. നാമാസ്വദിച്ച ചെറുപ്പത്തിന്റെ വശ്യത നമ്മുടെ മക്കള്‍ക്ക് എന്തിന് നിഷേധിക്കണം? അവധിക്കാല മദ്‌റസകള്‍ ഉയര്‍ന്ന ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതാണ് അഭികാമ്യം. താഴ്ന്ന ക്ലാസ്സുകളിലെ കുറഞ്ഞ സിലബസിനെ കൂടുതല്‍ വലിച്ചുനീട്ടി, വിനോദയാത്രക്കും കുടുംബ സന്ദര്‍ശനത്തിനുമുള്ള അവസരം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ നഷ്ടപ്പെടുത്തിക്കൊണ്ട് വെക്കേഷന്‍ മദ്‌റസ നടത്തി അവധിക്കാലത്തിന് അവധി കൊടുക്കണമെന്ന വാശി എന്തുകൊണ്ടും നല്ലതല്ല. ഇളം പ്രായക്കാരുടെ മനസ്സിന്റെ തേട്ടം കാണാതിരിക്കുന്ന ഈ പ്രവണത മതപഠനത്തോടുള്ള വിരക്തിയിലാണ് ചെന്നെത്തുക.

എന്നാല്‍, ചെറുപ്പകാലത്തെ മദ്‌റസാ പഠനത്തിന് മേല്‍പ്പറഞ്ഞ സൗകര്യങ്ങളൊന്നും യഥാവിധി ഉപയോഗപ്പെടുത്താന്‍ കഴിയാത്തവര്‍ 10-12 വയസ്സാകുന്നതോടെ കുട്ടിയില്‍ പ്രകടമാകുന്ന ചില സ്വഭാവ വൈകല്യങ്ങളും വൈകൃതങ്ങളും ദര്‍ശിക്കുമ്പോഴാണ് 'ദീന്‍' പഠിപ്പിക്കാന്‍ പറ്റിയ സ്ഥാപനം അന്വേഷിച്ചിറങ്ങുക. കതിരില്‍ വളം വെക്കുന്ന ഈ പരിപാടിയുടെ അര്‍ഥശൂന്യത തിരിച്ചറിയുന്നവരും മദ്‌റസാ പഠനത്തിന്റെ അപര്യാപ്തത ബോധ്യപ്പെടുന്നവരും പരിഹാരമെന്നോണം കണ്ടെത്തുന്ന പുതിയ ആശ്വാസ കേന്ദ്രമാണ് ഇസ്്‌ലാമിക സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന 'അവധിക്കാല പഠന സഹവാസ ക്യാമ്പുകള്‍'.

30-35 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ പിറവിയെടുത്ത വെക്കേഷന്‍ ക്ലാസ്സുകള്‍ കാര്യക്ഷമമായ മതപഠന സൗകര്യങ്ങള്‍ ഏറെയൊന്നും ലഭ്യമല്ലാതിരുന്ന അന്നത്തെ കേരളീയ സാഹചര്യത്തിന്റെ അനിവാര്യതയായിരുന്നു. മദ്‌റസാ പഠനം പോരാ എന്നു തോന്നുന്നവര്‍, കുട്ടികളുടെ ടി.വി-കമ്പ്യൂട്ടര്‍ മാനിയ കണ്ട് അസഹനീയത അനുഭവിക്കുന്ന രക്ഷിതാക്കള്‍, ഇവര്‍ക്കൊക്കെയും ഇന്നത്തെ അവധിക്കാല കൂട്ടായ്മകള്‍ ആശ്വാസകരമായി തോന്നുന്നതില്‍ അതിശയിക്കാനില്ല.

എന്നാല്‍, 1970-കളിലെ സാഹചര്യത്തിനനുസരിച്ച് രൂപപ്പെടുത്തിയ 'സഹവാസ' സിലബസിന് പേഴ്‌സണാലിറ്റി ഡവലപ്‌മെന്റിന്റെയും മൈന്‍ഡ് ട്യൂണിംഗ് പ്രോഗ്രാമിന്റെയും മുഖഛായ കൂടി നല്‍കി ഭംഗിയാക്കിയത് കൊണ്ട് മാത്രം കാര്യമില്ല. മൊബൈല്‍ ഫോണിനെ കളിപ്പാട്ടമായും, കമ്പ്യൂട്ടര്‍ സ്‌ക്രീനിനെ കളിക്കളമായും കാണുന്ന ഇന്നത്തെ കുട്ടികള്‍ക്ക് മുന്നില്‍ പഴകിപ്പതിഞ്ഞ സിലബസ്സും മൂത്ത് മുരടിച്ച അധ്യാപന രീതിയുമാണ് നമുക്ക് പകരം വെക്കാനുള്ളതെങ്കില്‍ പുതിയ ചിന്തകള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി കണ്ടെത്താന്‍ അവര്‍ക്ക് കഴിയാതെ വരും.

ഹൈടെക് യുഗത്തില്‍ ജനിച്ചുവളരുന്ന കുട്ടികള്‍ക്ക് ഗൗരവമായ തുറന്ന ചര്‍ച്ചകള്‍ക്ക് വരെ വേദിയാവുന്ന സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യതകളെ ഗുണപരമായി ഉപയോഗപ്പെടുത്താന്‍ പര്യാപ്തമായ പരിശീലനമാണ് നല്‍കേണ്ടത്. അവധിക്കാല പഠനക്യാമ്പുകളുടെ രൂപഭാവങ്ങള്‍ അടിമുടി മാറണമെന്ന് ചുരുക്കം. പഴയ ശീലങ്ങളും ശൈലികളും മാറ്റിവെച്ചുകൊണ്ട് വിവര സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വേണം ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്ര പഠനങ്ങള്‍ പോലും നടത്താന്‍. അഥവാ ഇസ്്‌ലാമിനെ കാലാനുസൃതമായി വായിക്കാന്‍ പാകത്തിലുള്ള പരിശീലനമാണ് വേണ്ടത്. കാലഘട്ടത്തെ അറിഞ്ഞുവേണം ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍. രണ്ടാഴ്ച കൊണ്ടോ ഒരു മാസം കൊണ്ടോ 'എങ്ങനെയെങ്കിലും' ഉണ്ടാക്കിയെടുക്കാവുന്ന ഒന്നല്ല ദീന്‍ എന്ന് നമുക്ക് നന്നായറിയാം. ബെല്ലടിച്ചുണരുന്ന സ്വുബ്ഹിക്കും, വടിയുടെ പിന്നില്‍ ക്യൂ നില്‍ക്കുന്ന അച്ചടക്ക ശീലങ്ങള്‍ക്കും പരിശീലനം എന്നതിനപ്പുറം കുട്ടികളില്‍ സമഗ്ര ഇസ്‌ലാമിനെ സൃഷ്ടിക്കാന്‍ കഴിയില്ല.

10 മുതല്‍ 18 വയസ്സുവരെയുള്ളവര്‍, ഇസ്്‌ലാമിക സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍, കാര്യക്ഷമമായ മദ്‌റസാ പഠനം ലഭിച്ചിട്ടില്ലാത്തവര്‍, കുട്ടികളുടെ പ്രായത്തിലും ദീനീ പശ്ചാത്തലത്തിലുമുള്ള ഈ വൈവിധ്യം പഠിക്കാതെയും പരിഗണിക്കാതെയും തട്ടിക്കൂട്ടുന്ന ഇത്തരം ഒത്തുചേരലുകളുടെ വൈകല്യ-വൈകൃതങ്ങള്‍ കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

എല്ലാറ്റിലുമുപരി, ഒരു സഹവാസ ക്യാമ്പിനും ഓഫര്‍ ചെയ്യാന്‍ കഴിയാത്ത വ്യക്തിത്വ വികാസവും ധാര്‍മിക ചിന്തയും നല്‍കാന്‍ കഴിയുന്നവരാണ് രക്ഷിതാക്കള്‍ എന്ന വസ്തുത നാം ബോധപൂര്‍വം അവഗണിക്കുകയാണ്. കുട്ടികളുടെ അവധിക്കാലം ഏതെങ്കിലും ക്യാമ്പുകളില്‍ 'സുരക്ഷിത'മാക്കിയിട്ട് നമ്മുടേതായ തിരക്കുകളിലേക്ക് നാം ഓടിമറയുമ്പോള്‍ ഒന്നോര്‍ക്കുക, പറിച്ചു മാറ്റി പരിശീലിപ്പിക്കുകയല്ല, ചേര്‍ത്തു നിര്‍ത്തി'ശീലി'പ്പിക്കുകയാണ് വേണ്ടത്. ഹോസ്റ്റല്‍ അഡ്മിഷന്‍ നേടിയ ഒരു കുട്ടിയുടെ രക്ഷിതാവ് അവനെ എത്തിക്കാന്‍ പറ്റിയ അവധിക്കാല പഠന ക്യാമ്പിനെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി. ഒരു മാസത്തെ കാലാവധി നിര്‍ബന്ധം, സ്‌കൂള്‍ അടച്ചാലുടനെ 'സഹവാസ ക്യാമ്പിലേക്ക്. ശേഷം അവിടെ നിന്ന് നേരെ ഹോസ്റ്റലിലേക്ക്.' വരും നാളുകളില്‍ ഈ മക്കള്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലല്ലാതെ മറ്റെവിടെ എത്തിക്കും?

ഒഴിവു സമയവും ഒഴിവു ദിനങ്ങളും മക്കളോടൊപ്പമിരുന്ന് ചിരിച്ചും ചിന്തിപ്പിച്ചും പഠിച്ചും പഠിപ്പിച്ചും കണ്ടും കാണിച്ചും കേട്ടും കേള്‍പ്പിച്ചും രക്ഷിതാക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന അധ്യാപനങ്ങളാണ് മക്കള്‍ക്ക് സമ്മാനിക്കാവുന്ന ആജീവനാന്ത ധാര്‍മികബോധം. ജീവിതം തന്നെ ഒരു വലിയ പാഠപുസ്തകമാണ്. ഇസ്്‌ലാമിന്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലാന്‍ കഴിയുന്ന ഈ ബൃഹദ് ഗ്രന്ഥത്തെ പഠിക്കലാണ് ദീനീ വിദ്യാഭ്യാസത്തിന്റെ കാതലായ വശം. ജീവിതത്തോട് ഇടഞ്ഞു നില്‍ക്കുന്ന പ്രത്യയശാസ്ത്രമായല്ല, ജീവിതത്തോട് ഇഴുകിച്ചേര്‍ന്ന ആദര്‍ശമായി ഇസ്‌ലാമിനെ മക്കള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ കഴിയണം. പ്രാപഞ്ചിക സത്യങ്ങളിലൂടെ സഞ്ചരിച്ച് സ്രഷ്ടാവിനെ കണ്ടെത്താനും ജീവിത ലക്ഷ്യം തിരിച്ചറിഞ്ഞ് മൂല്യങ്ങളെ സ്വരൂപിക്കാനും സഹായിക്കുന്ന പ്രായോഗികവും ജീവിത ഗന്ധിയുമായ അനുഭവങ്ങളിലൂടെ മക്കളെ കൊണ്ടുപോകുമ്പോഴാണ് സാമൂഹിക ജീവിയായി ജീവിക്കാനുള്ള കരുത്ത് അവര്‍ നേടുക. ചൊല്ലി പഠിപ്പിക്കുന്ന അറിവിനേക്കാള്‍ അഭിലഷണീയമായത് അതുതന്നെയാണ്. അതുകൊണ്ടാണല്ലോ ഖുര്‍ആന്‍ അടിക്കടി 'നിങ്ങള്‍ ചിന്തിക്കുന്നില്ലേ' എന്ന് നമ്മോട് ചോദിച്ചുകൊണ്ടിരിക്കുന്നത്.

അതുകൊണ്ട് രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് പങ്കെടുക്കുന്ന സഹവാസ ക്യാമ്പുകളെക്കുറിച്ച് നമുക്ക് ആലോചിക്കാം. ഇരു കൂട്ടരും ഇരു ദിശകളിലാണിന്ന് സഞ്ചരിക്കുന്നത്. കാലഘട്ടത്തിന്റെ മാറ്റവും ഗതിയുമറിയാതെ കുട്ടികളെ കൈകാര്യം ചെയ്ത് വഷളാക്കുന്ന രക്ഷിതാക്കളും, അല്‍പജ്ഞാനികളായ രക്ഷിതാക്കളെ അതിവിദഗ്ധമായി കബളിപ്പിച്ച് സമര്‍ഥരാകുന്ന മക്കളും ഒത്തുചേരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. തങ്ങളുടെ പേഴ്‌സണാലിറ്റി ഡിസോര്‍ഡേഴ്‌സിനെ തിരിച്ചറിയാനും തിരുത്താനും ഇരു കൂട്ടര്‍ക്കും അത് സഹായകമാകും. നിസ്സഹായനായ കുട്ടിയെ നിര്‍ബന്ധിച്ചും ശാസിച്ചും കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്ന് അവധിക്കാല ക്യാമ്പിലെത്തിക്കുന്നതിലല്ല രക്ഷിതാവിന്റെ കാര്യശേഷി. പകരം കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും സകല വ്യവഹാരങ്ങളും മാറ്റിവെച്ച് മക്കളോടൊപ്പം ഒത്തുചേരാന്‍ രക്ഷിതാക്കള്‍ സന്നദ്ധരായാല്‍ 30 ദിവസത്തെ സഹവാസ ക്യാമ്പിനേക്കാള്‍ എന്തുകൊണ്ടും ഗുണകരമായിരിക്കും.

ഇരു മനസ്സുകളും ഫലപ്രദമായി ടൂണ്‍ ചെയ്യപ്പെടുന്ന വേദിയായിരിക്കുമത്. മാത്രമല്ല, ഈ കൂട്ടായ്മയില്‍ പല കുടുംബങ്ങളും ഒന്നിച്ചു ചേരുന്നു എന്നതിനാല്‍ ഊഷ്മളമായ കുടുംബ-സാമൂഹിക ബന്ധങ്ങള്‍ക്ക് വഴിയൊരുക്കുകയും മക്കളുടെ സൗഹൃദങ്ങളെ തിരിച്ചറിയാനുള്ള അവസരമുണ്ടാവുകയും ചെയ്യുന്നു എന്നതിന്റെ ഗുണഫലം സങ്കല്‍പത്തിനതീതമാണ്.

സ്‌പോക്കണ്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ കോഴ്‌സ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് എന്നിങ്ങനെ വിവിധങ്ങളായ വെക്കേഷന്‍ പ്രോഗ്രാമുകള്‍ വേറെയുമുണ്ട്. അയല്‍പക്ക സൗഹൃദം, രോഗ സന്ദര്‍ശനം, മരണാനന്തര ചടങ്ങുകളിലെ സാന്നിധ്യം, അതിഥി സല്‍ക്കാരം, പഠന-വിനോദ യാത്രകള്‍- കൂടെ കൂട്ടി ജീവിതം പഠിപ്പിക്കാന്‍ ഇത്രയും അവസരങ്ങള്‍ പോരേ ഈ അവധിക്കാലത്ത്? 'വിഡ്ഢി'പ്പെട്ടിയുടെയും 'വിവര'പ്പെട്ടിയുടെയും മുന്നില്‍ ചടഞ്ഞുകൂടുന്ന നമ്മുടെ മക്കള്‍ക്ക് അതിഥിയെ സ്വീകരിച്ചിരുത്തുന്നതിന്റെ ബാലപാഠം പോലും അറിയില്ലെന്ന യാഥാര്‍ഥ്യം മനസ്സിലാക്കുമ്പോള്‍ മക്കളെ ജീവിക്കാന്‍ പഠിപ്പിക്കുകയല്ല, പകരം യന്ത്രങ്ങളെ സൃഷ്ടിക്കുകയാണ് നാം എന്ന സത്യം അംഗീകരിക്കേണ്ടതായി വരും.

ഇതു പറയുമ്പോള്‍, കലശലായ വയറു വേദന മൂലം പരീക്ഷക്ക് വൈകിയെത്തിയ കുട്ടിയോടൊപ്പം ഓഫീസില്‍ വന്ന രക്ഷിതാവിന്റെ ആത്മഗതമാണ് ഓര്‍മ വരുന്നത്. രാത്രി തുടങ്ങിയതാണ് കടുത്ത വേദന. അതിരാവിലെ ഹോസ്പിറ്റലില്‍ പോയി മടങ്ങിവരുന്ന വഴിയാണ്. ഇനി പരീക്ഷ കഴിയുന്നതുവരെ കാത്തിരിക്കാം. അല്ലാതെന്തു ചെയ്യാന്‍? ഒരു ദിവസം പോയി; അതും ഈ മാര്‍ച്ച് മാസത്തിന്റെ അവസാനവാര തിരക്കില്‍... മകന്റെ ചികിത്സക്കു വേണ്ടി മാറ്റിവെക്കുന്ന സമയവും അധ്വാനവും പോലും വന്‍ നഷ്ടമായി കരുതുന്ന രക്ഷിതാക്കള്‍ ചിന്തിക്കുന്നുണ്ടോ, ആ മകന്‍ നഷ്ടപ്പെട്ടാലുണ്ടാവുന്ന അവസ്ഥയെക്കുറിച്ച്? സമ്പത്ത് വാരിക്കൂട്ടാനുള്ള നെട്ടോട്ടമാണോ യഥാര്‍ഥ രക്ഷാകര്‍തൃത്വം? ഈ തിടുക്കത്തിന്റെ ഒടുക്കമെന്തായിരിക്കും? നമുക്ക് വേണ്ടി വൃദ്ധസദനത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നുവെക്കുന്ന മക്കളായിരിക്കും ഇക്കൂട്ടരുടെ അവസാന സമ്പാദ്യം.

മക്കളുടെ കാര്യത്തില്‍ അമിത ഉത്കണ്ഠയും അമിതാവേശവും നല്ലതല്ല. അവരുടെ കഴിവും കഴിവുകേടും തിരിച്ചറിഞ്ഞ് അനുയോജ്യമായ അവസരങ്ങള്‍ നല്‍കുക മാത്രമേ വേണ്ടൂ. 'അല്ലാഹു ഒരാളെയും അവന്റെ കഴിവിന്നതീതമായി ഒന്നും ഏല്‍പിക്കുകയില്ല' (ഖുര്‍ആന്‍) എന്നിരിക്കെ നമ്മളെന്തിന് അസാധ്യമായ കാര്യങ്ങള്‍ അവരില്‍ അടിച്ചേല്‍പിക്കുന്നു? അവരുടെ പ്രായവും മനഃശാസ്ത്രവും അറിഞ്ഞു പെരുമാറുക.

പ്രവാചക പത്‌നിമാരില്‍ ഏറ്റവും പ്രായം കുറവ് ആഇശ(റ)ക്കായിരുന്നു. പള്ളി ഇമാം, കുടുംബനാഥന്‍, രാഷ്ട്ര നായകന്‍, സേനാ നായകന്‍, ഇതിനെല്ലാമുപരി പ്രവാചകത്വത്തിന്റെ ഭാരിച്ച ഉത്തരവാദിത്തവും ഏല്‍പിക്കപ്പെട്ട അല്ലാഹുവിന്റെ റസൂല്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് ആഇശയുടെ മനസ്സറിഞ്ഞ് കൂടെ ഓടിക്കളിക്കാനും അമ്പെയ്ത്ത് മത്സരം കാണിച്ചുകൊടുക്കാനും സമയം കണ്ടെത്തിയിരുന്നു. പേരക്കുട്ടിയെയും കൊണ്ട് മിമ്പറില്‍ കയറിയ പ്രവാചകനെയാണ് നമുക്ക് മാതൃകയാക്കാനുള്ളത് എന്നറിഞ്ഞിട്ടും ജീവിതത്തോടൊപ്പം ഇഴചേര്‍ന്നു കിടക്കുന്ന ഇസ്‌ലാമിനെ ക്യാമ്പുകളിലും ക്ലാസ്സുകളിലുമായി പരിമിതപ്പെടുത്തുന്നു എന്നതാണ് മുസ്‌ലിം സമൂഹത്തിന് സംഭവിച്ച ഒരു വലിയ അപചയം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /5
എ.വൈ.ആര്‍