ലൈംഗിക സദാചാരം സ്ത്രീ-പുരുഷ പരിപ്രേക്ഷ്യങ്ങള്‍
സംസ്‌കാരത്തിന്റെയും നാഗരികതയുടെയും വികാസത്തില്‍ മാനവരാശി എത്തിയിരിക്കുന്ന ഇടത്തില്‍ നിന്നുള്ള തിരിഞ്ഞുനടത്തം അടുത്തകാലത്തായി പല സംഭവങ്ങളിലും ദൃശ്യമായതാണ്. വധശിക്ഷക്കെതിരെയുള്ള ശബ്ദങ്ങള്‍ യു.എന്നിന്റെയും മറ്റും ആഭിമുഖ്യത്തിലുള്ള അന്തര്‍ദേശീയവേദികളില്‍ മുഴങ്ങുന്നതിനിടയിലാണ് നമ്മുടെ ഭരണകൂടം പല കൊലപാതകങ്ങളും ഔദ്യോഗികതലത്തില്‍ നടപ്പിലാക്കിയത്. അജ്മല്‍ കസബിന്റെ വധശിക്ഷക്ക് പറഞ്ഞ ന്യായം ജനങ്ങള്‍ അതാഗ്രഹിക്കുന്നുവെന്നതാണ്. അഫ്‌സല്‍ ഗുരുവിനെ കൊന്നതാവട്ടെ തിടുക്കത്തില്‍ സ്വന്തം ഭാര്യയെപ്പോലും അറിയിക്കാതെയാണെന്ന് പരക്കെ ആരോപണങ്ങള്‍ ഉയര്‍ന്നതാണ്.
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളാകട്ടെ ഇന്ത്യയില്‍ നിത്യ സംഭവങ്ങളാണ്. മാവോയിസ്റ്റ് വേട്ടയുടെയും മറ്റും മറവില്‍ ആദിവാസികള്‍ക്കെതിരെ നടക്കുന്ന മനുഷ്യത്വഹീനമായ അതിക്രമങ്ങള്‍ക്ക് കൈയും കണക്കുമില്ല. യു.എ.പി.എ, അഫ്‌സ്പ പോലുള്ള നിയമങ്ങള്‍ എല്ലാവിധ അതിക്രമങ്ങള്‍ക്കും സാധുത നല്‍കുന്നു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ കൗസര്‍ബിയെപ്പോലുള്ളവര്‍ മരിച്ചത് ബലാത്സംഗംമടക്കമുള്ള മനുഷ്യത്വഹീനമായ പ്രവൃത്തികള്‍ക്ക് ഇരയായിക്കൊണ്ടാണ്. 2012 ഡിസംബറില്‍ ദല്‍ഹിയില്‍ ബസ്സില്‍ വെച്ച് നടന്ന കൂട്ട ബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങളെ തുടര്‍ന്ന് കൊല്ലപ്പെട്ട ജ്യോതി സിംഗ് പാണ്ഡെ, കൗസര്‍ബി അടക്കമുള്ള, ഇന്നാട്ടിലെ ഇത്തരം അതിക്രമങ്ങളുടെ മുന്‍ ഇരകളെപ്പോലെ ഹതഭാഗ്യയാണ്.
ഈ സംഭവവുമായി ബന്ധപ്പെട്ട് മുമ്പ് ഉണ്ടായ പ്രതിഷേധങ്ങളിലും വിവാദങ്ങളിലും ഉയര്‍ന്നുകേട്ട വാദങ്ങളും, ഈയിടെ ലസ്‌ലി ഉദ്‌വിന്റെ ഡോക്യുമെന്ററിക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകളുമെല്ലാം പ്രതിനിധാനം ചെയ്യുന്നത് ഈ വിഷയത്തില്‍ സമകാലിക ഇന്ത്യന്‍ സമൂഹം വെച്ചുപുലര്‍ത്തുന്ന ആശയക്കുഴപ്പങ്ങളെയാണ്. ഇന്ത്യന്‍ സമൂഹ മനസ്ഥിതിയുടെ അര്‍ബുദാത്മകമായ വളര്‍ച്ചയാണ് ഇപ്പറഞ്ഞ ആശയക്കുഴപ്പങ്ങളില്‍ പ്രതിഫലിക്കുന്നത്. കോശങ്ങളുടെ അല്ലെങ്കില്‍ കലകളുടെ അഥവാ ടിഷ്യൂകളുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയാണ് അര്‍ബുദമെങ്കിലും അത് അഭികാമ്യമല്ല. അസന്തുലിതമാണത്. ഈ അസന്തുലിതത്വമാണ് ഇന്ത്യന്‍ സമൂഹത്തെ രോഗാത്മകമാക്കുന്നത്. ദല്‍ഹി കൂട്ടബലാത്സംഗവും അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിലെ അപക്വതകളും ഇന്ന് 'ഇന്ത്യയുടെ പുത്രി' എന്ന ലെസ്‌ലി ഉദ്‌വിന്റെ ഡോക്യുമെന്ററിക്കെതിരെ നടക്കുന്ന കോലാഹലങ്ങളുമെല്ലാം ഈ അര്‍ബുദത്തിന്റെ പല തരത്തിലുള്ള വ്യക്തിതഭാവങ്ങള്‍ അല്ലെങ്കില്‍ മാനിഫെസ്റ്റേഷനുകള്‍ ആണ്.
ജീവിവര്‍ഗത്തില്‍ മനുഷ്യന്‍ (ഹോമോ സാപ്പിയന്‍സ്) എന്ന സ്പീഷീസിനെ ഇതര സ്പീഷീസുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് സംസ്‌കാരമാണ്. സംസ്‌കാരമെന്നത് മനുഷ്യ സ്വഭാവത്തിന്റെ ഭാഗമാണ്. മനുഷ്യന്‍ അവന്റെ പ്രകൃതിയില്‍ നിന്ന് അഥവാ പ്രാകൃത ഭാവങ്ങളില്‍ നിന്ന് ബോധപൂര്‍വം സൃഷ്ടിക്കുന്ന മാറ്റമാണ് സംസ്‌കൃതി. പ്രകൃതിയില്‍ നിന്നുള്ള മാറ്റങ്ങള്‍ രണ്ടു തരത്തിലുണ്ട്. അവയിലൊന്ന് സംസ്‌കൃതിയാണെങ്കില്‍ മറ്റേത് വികൃതിയാണ്. സന്തുലിതമായ വളര്‍ച്ചയാണ് സംസ്‌കൃതിയെങ്കില്‍ വികൃതിയെന്നത് അസന്തുലിതവും അര്‍ബുദാത്മകവുമായ വളര്‍ച്ചയാണ്.
സംസ്‌കാരം കൂടാതെ മനുഷ്യജീവിതം പൂര്‍ണമല്ല. സംസ്‌കാരമെന്നത് മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ഭാവങ്ങളിലൊന്നാണ്. ഇതര ജീവികളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്ന പ്രധാന ഘടകം തലച്ചോറിന്റെ വികാസമാണ്. മനുഷ്യന് ശാരീരികമായി അവനെക്കാള്‍ ശക്തിയുള്ള ജീവികളെ കീഴടക്കാന്‍ സാധിച്ചത് ബുദ്ധി കൊണ്ടാണ്. വികസിതമായ മസ്തിഷ്‌കമാണ് സംസ്‌കാരത്തെ മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ഭാവമാക്കി മാറ്റിയത്. ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം, വികസിച്ച തലച്ചോറിന്റെ സംഭാവനകളായതിനാല്‍ ഇപ്പറഞ്ഞ സംസ്‌കാരത്തിന്റെ വിവിധ ഭാവങ്ങളുമാണ്. സംസ്‌കാരവും നാഗരികതയും പരസ്പര ബന്ധിതമാണ്. ഇവയുടെ ഒരു വശമാണ് ശാസ്ത്ര- സാങ്കേതിക വിദ്യകളിലൂടെ ലഭിച്ച ജീവിത സൗകര്യങ്ങളെങ്കില്‍ സാമൂഹിക വ്യവസ്ഥിതിയിലും ധാര്‍മികതയിലുമുണ്ടാകുന്ന വികാസം അഥവാ പുരോഗതി രണ്ടാമത്തെ വശമാണ്. വ്യാവസായിക വിപ്ലവത്തിലേക്ക് നയിച്ചപ്പോള്‍ ഫ്യൂഡലിസത്തെ കടപുഴക്കിക്കൊണ്ടാണ് മുതലാളിത്തം കടന്നുവന്നത്. മുതലാളിത്തത്തിന്റെ നൈതികവ്യതിയാനങ്ങളെ ചെറുക്കാന്‍ കമ്യൂണിസമുണ്ടാവാന്‍ അധികകാലം വേണ്ടി വന്നില്ല. സംസ്‌കാരത്തിന്റെ സ്വാധീനം ദൃശ്യമാവുന്ന മറ്റൊരു മേഖല ലൈംഗിക സദാചാരമാണ്. മനുഷ്യനല്ലാത്ത ജീവികളുടെ ലൈംഗികസദാചാരം പൂര്‍ണമായും ജൈവബന്ധിതമായിരിക്കുമ്പോള്‍ മനുഷ്യരിലേത് സംസ്‌കാരബന്ധിതം കൂടിയാണ്.
തേനീച്ചകള്‍ പോലുള്ള അകശേരുകി വര്‍ഗങ്ങളില്‍ കാണുന്ന പോളിയാന്‍ഡ്രി(ബഹുഭര്‍തൃത്വം)യും, കോഴികളെയും മയിലുകളെയും പോലുള്ള കശേരുകി വര്‍ഗങ്ങളില്‍ കാണുന്ന പോളിഗമി(ബഹുഭാര്യാത്വം)യും മനുഷ്യേതര ജന്തുക്കളിലെ ജൈവബന്ധിതവും സ്ഥിരവുമായ പോളിഗമി(ബഹുവിണ) സമ്പ്രദായത്തിന്റെ രണ്ട് ഉദാഹരണങ്ങളാണ്. പ്രജനനകാലത്ത് ചില ജീവികളുണ്ടാക്കുന്ന കൂടും, പെണ്‍ രാജവെമ്പാല അടയിരിക്കുമ്പോള്‍ ആണ്‍ രാജവെമ്പാല പുറത്ത് കാവലിരിക്കുന്നതുമെല്ലാം കാലാകാലങ്ങളായി മാറ്റമില്ലാതെ തുടരുന്നതാണ്. എന്നാല്‍ മനുഷ്യരില്‍ മിക്ക കാര്യങ്ങളും അങ്ങനെയല്ല.
പുരുഷന്റെ വോയറിസ്റ്റിക് മനോഭാവവും സ്ത്രീയുടെ എക്‌സിബിഷനിസ്റ്റിക് മനോഭാവവും മനുഷ്യരിലെ അടിസ്ഥാനപരവും ജൈവവുമായ ലൈംഗികഭാവങ്ങളിലുള്‍പ്പെടുന്നു. സാംസ്‌കാരിക പരിണാമത്തിന് മുമ്പത്തെ ജൈവമനുഷ്യരിലെ ലൈംഗിക പ്രവൃത്തി പൂര്‍ണമായും ഇവയെ ആശ്രയിച്ചായിരിക്കാം നിലകൊണ്ടിരുന്നത്. പുരുഷന്റെ ലൈംഗികപൂര്‍വകേളി(Fore-play) സ്ത്രീ ശരീരത്തിന്റെ ദൃശ്യാസ്വാദനത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. എന്നാല്‍, സ്ത്രീക്കാവട്ടെ ഇതിനനുപൂരകമായ പ്രദര്‍ശനാത്മകതയ്ക്കാണ് പ്രാധാന്യം. നൈമിഷികമായ ലൈംഗിക പ്രവൃത്തിയില്‍ പുരുഷന്‍ തൃപ്തനാവുമ്പോള്‍ ദീര്‍ഘവും, ശ്രവണാത്മകമായ ആശയ സംവേദനത്തിന് പ്രാധാന്യമുളളതുമായ ലൈംഗിക പ്രവൃത്തിയിലാണ് സ്ത്രീക്ക് കൂടുതല്‍ താല്‍പര്യം. മാത്രമല്ല, സുരതക്രിയയില്‍ പുരുഷന്‍ സജീവ പങ്കാളി(Active Partner)യും സ്ത്രീ നിര്‍ജീവ പങ്കാളി(Passive Partner)യുമാണ്. ഇവയെല്ലാം പരസ്പര ബന്ധിതമാണ്. ബലാത്സംഗത്തെ പുരുഷനു മാത്രം ചെയ്യാവുന്ന ഒരു കുറ്റകൃത്യമാക്കി മാറ്റിയത് ഇവയാണ്. ഇന്ത്യയടക്കം ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും ബലാത്സംഗത്തിന്റെ നിര്‍വചനം ഈ വസ്തുതയില്‍ അധിഷ്ഠിതമാണ്. ഫ്രഞ്ച് നിയമങ്ങളുടെ ചില ഭാഗങ്ങളിലും, സിയാവുല്‍ ഹഖിന്റെ കാലത്ത് പാകിസ്താനില്‍ നിലവില്‍ വന്നതും പര്‍വേസ് മുശര്‍റഫിന്റെ കാലത്ത് പുറം തള്ളപ്പെട്ടതുമായ ഹുദൂദ് ഓര്‍ഡിനന്‍സിലും മറ്റുമാണ് വ്യത്യാസമുള്ളത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ബലാത്സംഗത്തിന്റെ നിര്‍വചനം പെനെട്രേഷനില്‍ അധിഷ്ഠിതമായിരിക്കുമ്പോള്‍ സ്ത്രീക്കു കൂടി ചെയ്യാവുന്ന ഒരു കുറ്റകൃത്യമായി ബലാത്സംഗത്തെ നിര്‍വചിക്കുന്ന നിയമങ്ങളില്‍ അങ്ങനെയല്ല. എന്നാല്‍, സിയാഉല്‍ ഹഖിന്റെ ഹുദൂദ് ഓര്‍ഡിനന്‍സില്‍ അതിനു മുമ്പത്തെ പാകിസ്താന്‍ പീനല്‍ കോഡിലെ 375-ാം വകുപ്പ് പോലെ പെനെട്രേഷനു തന്നെയായിരുന്നു പ്രാധാന്യം. എന്നിട്ടും സ്ത്രീക്കു കൂടി ചെയ്യാന്‍ പറ്റുന്ന കുറ്റകൃത്യമായി ബലാത്സംഗത്തെ നിര്‍വചിച്ചത് വ്യഭിചാരത്തെക്കുറിച്ചുള്ള ഇസ്‌ലാമിക പാഠങ്ങളില്‍ നിന്ന് ബലാത്സംഗത്തിന്റെ നിര്‍വചനമുണ്ടാക്കിയപ്പോള്‍ പറ്റിയ തെറ്റാണ്.
മുകളില്‍ വിവരിച്ച ജൈവലൈംഗിക ഭാവങ്ങള്‍ക്കായിരുന്നു സാംസ്‌കാരിക പരിണാമത്തിനു മുമ്പത്തെ മനുഷ്യ സമൂഹത്തില്‍ പ്രാധാന്യം. സാംസ്‌കാരിക പരിണാമത്തില്‍ പ്രവാചകന്മാരുടെയും മറ്റു യുഗപുരുഷന്മാരുടെയും പങ്ക് ചെറുതല്ല. വിവാഹവും കുടുംബവുമൊക്കെ സാമൂഹികമായ ആവശ്യങ്ങളുടെ പരിണതിയായിരുന്നു. ഒരുപാട് ഘടകങ്ങള്‍ ഇവയുടെ ഉല്‍പത്തിയിലേക്ക് നയിച്ചിട്ടുണ്ട്. ജീവിവര്‍ഗങ്ങളില്‍ പ്രായവും ലിംഗവുമായി ബന്ധപ്പെട്ട അവശതകള്‍ ഏറ്റവും കൂടുതലുള്ള ഒരു വിഭാഗമാണ് മനുഷ്യര്‍. മനുഷ്യക്കുഞ്ഞുങ്ങള്‍ സ്വന്തമായി ഭക്ഷണം കഴിക്കാന്‍ തന്നെ ഒരുപാട് കാലമെടുക്കുന്നു. അതുപോലെത്തന്നെ വാര്‍ധക്യത്തിന്റെ അവശതകളും വളരെ കൂടുതലാണ്. ലിംഗപരമായ അവശതകളും മനുഷ്യരില്‍ കൂടുതല്‍ തന്നെയാണ്. ചില ജീവികളില്‍ ഈ അവസ്ഥയുണ്ടെങ്കിലും മനുഷ്യരുടെയത്രത്തോളമില്ല. ഇത്തരം സാഹചര്യങ്ങള്‍ നേരിടാനാണ് കുടുംബം ഉണ്ടായിവന്നത്. പ്രായവുമായി ബന്ധപ്പെട്ട അവശതകളില്‍ ശൈശവത്തിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നത് വലിയ പ്രശ്‌നമുള്ള കാര്യമല്ല. മാതൃത്വം എന്നത് എല്ലാ ജീവികളിലുമുള്ള ഒരു ജന്മ വാസനയാണ്. കുഞ്ഞ് സ്വയം പര്യാപ്തമാവുന്നതു വരെ അത് നിലനില്‍ക്കും. അതിന്റെ ഭാരം സ്ത്രീക്ക് പുറമേ പുരുഷനും കൂടി പങ്കുവെക്കുന്ന അവസ്ഥ കുടുംബ സംവിധാനത്തിലൂടെ ഉണ്ടായെന്നു മാത്രം. എന്നാല്‍, വാര്‍ധക്യത്തിലെ അവശത ഒരു പ്രശ്‌നം തന്നെയാണ്. മറ്റു ജീവജാലങ്ങളില്‍ ഇത് വലിയ പ്രശ്‌നമുള്ള കാര്യമല്ല. അതത് സ്പീഷീസിനിണങ്ങുന്ന വിധത്തിലുള്ള പ്രകൃതിദത്ത ഭക്ഷണങ്ങളാണ് അവ കഴിക്കുന്നത്. സസ്യഭുക്കുകള്‍ക്കും മിശ്ര ഭുക്കുകള്‍ക്കും അത് വലിയ പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍, മാംസഭുക്കുകള്‍ക്ക് ഇരയെ തേടിപ്പിടിച്ച് കൊന്നു തിന്നുകയെന്ന ബുദ്ധിമുട്ടുണ്ട്. വാര്‍ധക്യം ബാധിച്ച് അതിനുള്ള കഴിവ് നശിക്കുന്നതോടു കൂടി ജീവിത മത്സരത്തില്‍ പുറംതള്ളപ്പെടുന്ന ആ ജീവി മരണത്തെ പുല്‍കിയിരിക്കും. വാര്‍ധക്യത്തില്‍ മാത്രമല്ല, അപകടത്തിലോ മറ്റോ അംഗഭംഗം സംഭവിച്ചാലും ഇതുതന്നെയാണ് ഗതി. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍, മൈറ്റ് ഈസ് റൈറ്റ് തുടങ്ങിയ ആപ്ത വാക്യങ്ങളില്‍ വിവിധ ഭാഷകളില്‍ അറിയപ്പെടുന്നതും, പ്രകൃതി നിര്‍ധാരണ സിദ്ധാന്തം എന്ന പേരില്‍ ചാള്‍സ് ഡാര്‍വിന്‍ ശാസ്ത്രീയമായി വിശദീകരിച്ചതുമായ പ്രകൃതി തത്ത്വമനുസരിച്ച് ഇത് സ്വാഭാവികമാണ്. മനുഷ്യരില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ കൂടുതലായി അനുഭവപ്പെടുന്നതിന് ജൈവമെന്നതിലുപരി സാംസ്‌കാരികമായ കാരണം കൂടിയുണ്ട്. സാംസ്‌കാരിക പരിണാമം ചില കാര്യങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റു ചില കാര്യങ്ങളില്‍ ജീവിതം ഏറെ ദുസ്സഹമാക്കുകയാണുണ്ടായത്. ഇണചേരലിലും ഇര തേടലിലുമെല്ലാം ഇതിന്റെ സ്വാധീനം കാണാം.
കുടുംബവും അതിനു വേണ്ടി വിവാഹവുമൊക്കെ നിലവില്‍ വന്നതോടെ അവയ്ക്കാവശ്യമുള്ള സദാചാര നിയമങ്ങളും ഉണ്ടാവാന്‍ തുടങ്ങി. ആദ്യകാലത്ത് അവയുടെ പ്രായോഗികത ഭാഗികമായിരുന്നു. ഗണിക, വേശ്യ, ദേവദാസി തുടങ്ങിയ പേരുകളിലറിയപ്പെടുന്ന, അടിമത്തവും സംബന്ധവുമൊക്കെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി നിലനില്‍ക്കുന്ന തരത്തിലുള്ള സദാചാര നിയമങ്ങളാണ് ആദ്യമുണ്ടായിരുന്നത്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇപ്രകാരം കുടുംബത്തെയും വിവാഹത്തെയും കേന്ദ്രീകരിച്ചുകൊണ്ടുള്ള സദാചാര നിയമങ്ങള്‍ വന്നു. ഗോത്ര വര്‍ഗ വ്യവസ്ഥിതിയില്‍ ഇവ കര്‍ശനമായി പാലിക്കപ്പെടുകയും ലംഘിക്കുന്നവര്‍ ശക്തമായ ശിക്ഷാ നടപടികള്‍ക്ക് വിധേയമാവുകയും ചെയ്തു. നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങളെ നയിക്കുന്നത് കുടുംബത്തെയും വിവാഹത്തെയും ചുറ്റിപ്പറ്റിയുള്ള ഈ സദാചാര സങ്കല്‍പങ്ങളാണ്. മാനവ സമൂഹത്തിന്റെ ക്രമാനുഗതമായ വികാസത്തെത്തുടര്‍ന്നാണ് ഈ സദാചാര സങ്കല്‍പങ്ങള്‍ വളര്‍ന്നുവന്നത്. അതുകൊണ്ടുതന്നെ സന്തുലിതവും ഗോത്ര വര്‍ഗ-ഗ്രാമീണ സാമൂഹിക വ്യവസ്ഥിതികളില്‍ പ്രയോഗക്ഷമത കൂടുതലുള്ളവയുമാണ് ഈ സദാചാര നിയമങ്ങള്‍.
സംസ്‌കാരം സന്തുലിതമായ വികാസത്തിന് വിധേയമായിക്കൊണ്ട് മുന്നോട്ട് കുതിക്കുന്നതിനിടയിലാണ് അസന്തുലിതവും അര്‍ബുദാത്മകവുമായ ഒരുതരം വികാസം യൂറോപ്പില്‍ ദൃശ്യമാവുന്നത്. മധ്യകാലത്ത് നിന്ന് ആധുനികതയിലേക്കുള്ള മാറ്റമായി ലോകം അടയാളപ്പെടുത്തിയത് പ്രസ്തുത വികാസത്തെയാണ്. മനുഷ്യ സമൂഹത്തെ വരിഞ്ഞുമുറുക്കിയ കത്തോലിക്കാ സഭയുടെ സദാചാര കാര്‍ക്കശ്യത്തോടുള്ള പ്രതിഷേധമായാണ് ഇത് നിലവില്‍ വന്നത്.
സ്വാതന്ത്ര്യം, സമത്വം തുടങ്ങി ആധുനികത ഉയര്‍ത്തിപ്പിടിച്ച ഇതര മുദ്രാവാക്യങ്ങളുമായി സമരസപ്പെട്ടുകൊണ്ട് ഈ സദാചാരധ്വംസനം മുന്നേറി. ഈ ഇടിച്ചുനിരത്തല്‍ യൂറോപ്പില്‍ സമ്പൂര്‍ണമായതിനാല്‍ തന്നെ സദാചാര രാഹിത്യം കൊണ്ടുണ്ടായ അരാജകത്വമൊഴിച്ചു നിര്‍ത്തിയാല്‍ യൂറോപ്പില്‍ വലിയ പ്രശ്‌നമൊന്നുമുണ്ടായില്ല. എന്നാല്‍, ഇന്ത്യ പോലുള്ള ഗോത്ര വര്‍ഗ സദാചാര വ്യവസ്ഥിതി പൂര്‍ണമായും മാറിയിട്ടില്ലാത്ത കിഴക്കന്‍ നാടുകളുടെ അവസ്ഥ ഇതായിരുന്നില്ല. പരമ്പരാഗതവും ആധുനികവുമായ സദാചാര സങ്കല്‍പങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വന്‍ പൊട്ടിത്തെറിയിലേക്കാണ് നയിച്ചത്. നിര്‍ദയ സംഭവമെന്ന് നാമകരണം ചെയ്യപ്പെട്ട ദല്‍ഹി കൂട്ടബലാത്സംഗവും ലെസ്‌ലി ഉദ്‌വിന്റെ ഡോക്യുമെന്ററിയോടുള്ള ഇന്നത്തെ പ്രതിഷേധവുമെല്ലാം ഇനിയും പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ സംഘര്‍ഷത്തിന് ഉദാഹരണങ്ങളാണ്.
ഇന്ത്യന്‍ പീനല്‍ കോഡടക്കം ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളിലും ഈ സംഘര്‍ഷം കാണാം. 1860-ല്‍ മെക്കാളെ പ്രഭുവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡ് നിലവില്‍ വരുമ്പോള്‍ യൂറോപ്പില്‍ മേല്‍പ്പറഞ്ഞ സദാചാര ധ്വംസനം പൂര്‍ണമായിരുന്നില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വ്യഭിചാരവുമായി ബന്ധപ്പെട്ട 497-ാം വകുപ്പ്. ബ്രിട്ടീഷ് പൊതു നിയമത്തില്‍ ഉണ്ടായിരുന്നതും, അവയെ ആധാരമാക്കി രൂപപ്പെടുത്തിയ കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലെ പീനല്‍ കോഡുകളില്‍ പലതിലും ഇന്നും നിലനില്‍ക്കുന്നതുമായ കാഴ്ചപ്പാടിന് ബൈബിള്‍ പഴയ നിയമത്തോടാണ് കടപ്പാടുള്ളത്. ബ്രിട്ടീഷ് പൊതു നിയമത്തിന്റെ അവശിഷ്ടമായി ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിന്റെ 497-ാം വകുപ്പനുസരിച്ച് സ്ത്രീ പുരുഷന്മാര്‍ നിയമത്തിന് മുമ്പില്‍ തുല്യരല്ല. പുരുഷന്റെ സ്വത്താണ് സ്ത്രീയെന്ന കാഴ്ചപ്പാടാണ് അത് പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുത വകുപ്പനുസരിച്ച് വ്യഭിചാരമെന്നത് സ്വതന്ത്രരായ രണ്ട് സ്ത്രീ പുരുഷന്മാര്‍ നടത്തുന്ന വിവാഹ ബാഹ്യ ലൈംഗിക ബന്ധമല്ല; മറിച്ച് ഒരു പുരുഷന്റെ സ്വകാര്യ സ്വത്തായ ഭാര്യയെ അയാളുടെ അനുമതി കൂടാതെ മറ്റൊരാള്‍ അനുഭവിക്കുന്നതാണ്. ഒരാളുടെ സമ്പത്ത് മറ്റൊരാള്‍ കൊള്ളയടിച്ചാല്‍ പരാതിപ്പെടാനുള്ള അവകാശം കൊള്ളയടിക്കപ്പെട്ട വ്യക്തിക്കാണല്ലോ. അതുപോലെത്തന്നെ കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുന്നത് കൊള്ളയടിച്ച വ്യക്തിയാണ്. ഒരാളില്‍ നിന്ന് മറ്റൊരാള്‍ അടിച്ചുമാറ്റിയ പണത്തിന് ഒരിക്കലും ശിക്ഷ അനുഭവിക്കേണ്ടി വരാറില്ല. കൃത്യമായും ഇതുപോലെയാണ് ഇന്ത്യയില്‍ ഐ.പി.സി 497 അനുസരിച്ചുള്ള വ്യഭിചാരം. ഒരാളുടെ ഭാര്യയുമായി അയാളുടെ അനുവാദമില്ലാതെ മറ്റൊരാള്‍ ലൈംഗികബന്ധം പുലര്‍ത്തുന്നതാണ് 497 അനുസരിച്ചുള്ള വ്യഭിചാരം. ഇവിടെ പരാതിപ്പെടുന്നത് വ്യഭിചരിച്ച സ്ത്രീയുടെ ഭര്‍ത്താവാണ്. കുറ്റം തെളിഞ്ഞാല്‍ ശിക്ഷ ഏറ്റുവാങ്ങുന്നതാവട്ടെ ആ സ്ത്രീയുമായി അവരുടെ ഭര്‍ത്താവിന്റെ സമ്മതം കൂടാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട വ്യക്തിയും. സ്ത്രീയുടെ സമ്മതത്തോടെയാണോ അല്ലേ ലൈംഗിക ബന്ധം നടന്നതെന്ന കാര്യം അന്വേഷിക്കുന്നതേയില്ല. ഭര്‍ത്താവിന്റെ സമ്മതമാണ് പ്രധാനം. സ്ത്രീയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെങ്കില്‍ ഭര്‍ത്താവിന്റെ സമ്മതമില്ലെങ്കിലും ആ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പുരുഷന്‍ ശിക്ഷിക്കപ്പെടും. കൊള്ളയടിക്കപ്പെട്ട പണം ശിക്ഷിക്കപ്പെടാത്തതുപോലെ വ്യഭിചാരം സമ്മതത്തോടുകൂടിയാണെങ്കിലും സ്ത്രീ ശിക്ഷിക്കപ്പെടില്ല. അവള്‍ക്ക് പരാതിപ്പെടാനോ ശിക്ഷ ഏറ്റുവാങ്ങാനോ കഴിയില്ല. കാരണം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പിനാധാരമായി ബ്രിട്ടീഷ് പൊതു നിയമമനുസരിച്ച് ഭാര്യ ഭര്‍ത്താവിന്റെ സ്വത്തു മാത്രമാണ്. ഇവിടെ പറഞ്ഞതിന് നേര്‍ വിപരീതമായ അവസ്ഥക്ക് വ്യഭിചാര നിരോധന നിയമം ബാധകമല്ലെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. വിവാഹിതനായ ഒരു പുരുഷന്‍ പരസ്ത്രീഗമനം നടത്തിയാല്‍ അയാളുടെ ഭാര്യക്ക് തന്റെ ഭര്‍ത്താവുമായി അവിഹിതബന്ധം പുലര്‍ത്തിയ സ്ത്രീക്കെതിരെ കോടതിയെ സമീപിക്കാനാവില്ല. ഇവിടെ ഭാര്യക്ക് ആകെ കൂടി ചെയ്യാനാവുന്നത് വിവാഹമോചനത്തിന് ആവശ്യപ്പെടുകയാണ്. പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന 377-ാം വകുപ്പ് പ്രതിനിധാനം ചെയ്യുന്നതും ആധുനികപൂര്‍വമായ കാഴ്ചപ്പാടാണ്. 375-ഉം 376-ഉം വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുന്നത് വരെ തുരുമ്പെടുത്ത പല വീക്ഷണങ്ങളും ഉള്‍പ്പെടുന്നവയായിരുന്നു.
കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് ജ്യോതി സിംഗ് പാണ്ഡെ മരിച്ചത് മുതല്‍ ലെസ്‌ലി ഉദ്‌വിന്റെ ഡോക്യുമെന്ററി വരെയുള്ള എല്ലാ വിവാദങ്ങളിലും കാണുന്നത് പാരമ്പര്യവും ആധുനികവുമായ സദാചാര സങ്കല്‍പങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ്. 2013-ന്റെ തുടക്കത്തില്‍ ആദ്യമായി ഈ വിഷയത്തില്‍ വന്ന പ്രസ്താവനകളിലൊന്ന് ആര്‍.എസ്.എസ് അധ്യക്ഷന്റേതാണ്. പിന്നീട് പ്രതിഭാഗം അഭിഭാഷകരുടെ ഊഴമായി. ഇപ്പോഴിതാ പ്രതി തന്നെ സംസാരിക്കുന്നു. ഇവയിലെല്ലാം കാണുന്നത് സ്ത്രീ-പുരുഷ ബന്ധത്തിന്റെ പുരുഷ പരിപ്രേക്ഷ്യമെന്നതിലുപരി ലിംഗ നിരപേക്ഷമായ പരമ്പരാഗത സദാചാരബോധം കൂടിയാണ്. ഇവയില്‍ രണ്ടാമത്തേതിനെ ലിംഗ നിരപേക്ഷമെന്നു പറയാന്‍ പ്രത്യേകം കാരണമുണ്ട്. ആര്‍.എസ്.എസ് അധ്യക്ഷന്റെ പ്രസ്താവനയെ പിന്തുണച്ചവരില്‍ സ്ത്രീകളുണ്ടായിരുന്നുവെന്നതാണത്.
ലൈംഗികതയുടെ സ്ത്രീ-പുരുഷ പരിപ്രേക്ഷ്യങ്ങളെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ ഇരു വിഭാഗത്തിന്റെയും മനഃശാസ്ത്രത്തെ അവഗണിക്കാനാവില്ല. അതാവട്ടെ ഇരു കൂട്ടരുടെയും ശരീരത്തിലോടുന്ന ഹോര്‍മോണുകളാല്‍ ബന്ധിതമായ ജൈവ ഭാവങ്ങളില്‍ അധിഷ്ഠിതമാണ് താനും. ഇത്തരം ചര്‍ച്ചകളില്‍ പലപ്പോഴും ജൈവികത അവഗണിക്കപ്പെടുമ്പോള്‍ വിജയിക്കുന്നത് കണ്ണടച്ചിരുട്ടാക്കുന്ന തന്ത്രമാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുകയെന്ന ആത്മാര്‍ഥമായ ലക്ഷ്യമാണ് നമുക്കുള്ളതെങ്കില്‍ ഈ തന്ത്രത്തെ തിരിച്ചറിഞ്ഞേ തീരൂ. സഹസ്രാബ്ദങ്ങള്‍ കൊണ്ട് മനുഷ്യ വര്‍ഗം ആര്‍ജിച്ച സംസ്‌കാരത്തെ തല തിരിച്ചിടുന്ന പ്രക്രിയയാണ് ആധുനിക പാശ്ചാത്യ സംസ്‌കാരത്തിന്റെ ഉദയത്തോടെ സംഭവിച്ചത്. ഇതനുസരിച്ച് ലൈംഗികതയുമായി ബന്ധപ്പെട്ട് രൂപപ്പെട്ടുവന്ന എല്ലാ സദാചാര മൂല്യങ്ങളും ഒറ്റയടിക്ക് ഇല്ലാതായി.
പുരുഷന്റെ വോയറിസ്റ്റിക് മനോഭാവത്തെയും സ്ത്രീയുടെ എക്‌സിബിഷനിസ്റ്റിക് മനോഭാവത്തെയും കിടപ്പറയുടെ ഭിത്തികള്‍ക്കിടയിലൊതുക്കുകയാണ് പരമ്പരാഗത സംസ്‌കാരം ചെയ്തത്. അതാവട്ടെ സഹസ്രാബ്ദങ്ങളിലൂടെ വളര്‍ന്നുവന്ന സന്തുലിതവും ആരോഗ്യകരവുമായ സംസ്‌കാരമായിരുന്നു. ഇതിനെ കടപുഴക്കി രംഗത്തുവന്ന ആധുനിക പാശ്ചാത്യ സംസ്‌കാരം കൂടുതല്‍ അസന്തുലിതവും അനാരോഗ്യകരവുമായത്, പറിച്ചു നടപ്പെട്ട പൗരസ്ത്യ നാടുകളിലാണ്. പുരുഷന്റെ സ്‌കോപ്‌റ്റോഫീലിക് മനോഭാവം അവന്റെ ശരീരത്തിലോടുന്ന പുരുഷ ഹോര്‍മോണുകളാല്‍ ബന്ധിതമായ ജൈവ ഭാവമായി കരുതി പുരുഷനും സ്ത്രീയും ഒന്നിച്ചിടപഴകേണ്ട സാമൂഹിക ജീവിതത്തില്‍ അത് പ്രശ്‌നമാക്കാത്ത തരത്തിലുള്ള വസ്ത്രധാരണ രീതികളാണ് എല്ലാ പരമ്പരാഗത സംസ്‌കാരങ്ങളും രൂപപ്പെടുത്തിയത്. എന്നാല്‍, പാശ്ചാത്യ സംസ്‌കാരം നമ്മുടെ നാട്ടിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടപ്പോള്‍ പുരുഷനെ ഇക്കിളിപ്പെടുത്തുകയെന്നത് പലതിന്റെയും എളുപ്പവഴിയായിത്തീര്‍ന്നു. ഇതിനെതിരെയാണ് ഈയടുത്ത കാലത്ത് യേശുദാസ് പ്രതികരിച്ചത്. പാശ്ചാത്യ നാടുകളിലേതിനെക്കാള്‍ ഈയവസ്ഥ സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഭീഷണിയുയര്‍ത്തിയത് ഇന്ത്യയിലാണ്. അതിന് കാരണമുണ്ട്. വിവാഹപ്രായവും, വിവാഹവുമായി ബന്ധപ്പെട്ട ഇതര ചട്ടവട്ടങ്ങളും നിയമപ്രകാരമുള്ള ലൈംഗികതക്ക് തടസ്സങ്ങളാണ് സൃഷ്ടിക്കുന്നത്. ഇമ്മോറല്‍ ട്രാഫിക്കിംഗ് നിരോധിച്ചുകൊണ്ട് ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമം (The Immoral Traffic (prevention) Act, 1956) വാണിജ്യാടിസ്ഥാനത്തിലുള്ള ലൈംഗിക ബന്ധത്തിന് ഒരുപാട് പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ട്. ബലാത്സംഗമുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചത് ഈ സാഹചര്യത്തിലാണ്, ജ്യോതി സിംഗ് പാണ്ഡെയുടെ കാര്യത്തില്‍ മറ്റൊന്നു കൂടി സംഭവിച്ചിട്ടുണ്ട്. മദ്യപാനത്തെ തുടര്‍ന്നുള്ള യൂഫോറിക് മാനസികാവസ്ഥയിലായിരുന്നു പ്രതികള്‍. ലൈംഗിക സ്വഭാവം പുലര്‍ത്തുന്ന ഡെല്യൂഷനുകളില്‍ മനസ്സ് വ്യാപരിക്കുന്നതിനിടയിലാണ് അസമയത്ത് ഒരു പെണ്‍കുട്ടി അവരുടെ കണ്ണില്‍ പെടുന്നത്. ഇതിനപ്പുറം ലൈംഗിക സദാചാരത്തിന്റെ പുരുഷ പരിപ്രേക്ഷ്യം കൂടി ഇവിടെ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. അര്‍ധരാത്രി ബോയ് ഫ്രണ്ടിനോടൊത്ത് കാണപ്പെടുന്ന പെണ്‍കുട്ടി സദാചാര നിഷ്ഠയുള്ളവളല്ലെന്നും, അതുകൊണ്ടുതന്നെ അവളുടെ ശരീരത്തില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നുമുള്ള ബോധമാണത്. ഇതു കൂടാതെ അടുത്ത കാലത്തു നടന്ന മറ്റു പല ലൈംഗികാതിക്രമങ്ങളിലും സ്ത്രീയെക്കുറിച്ചും സദാചാരത്തെക്കുറിച്ചുമുള്ള ഈ പുരുഷ പരിപ്രേക്ഷ്യത്തിന് കാര്യമായ പങ്കുണ്ട്. ജ്യോതി സിംഗ് പാണ്ഡെ സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് അധ്യക്ഷനും പ്രതിഭാഗം അഭിഭാഷകരായ ആര്‍.പി സിംഗും എം.എല്‍ ശര്‍മയും, പ്രതിയായ മുകേഷ് സിംഗുമൊക്കെ നടത്തിയ പ്രസ്താനകളിലും അഭിമുഖങ്ങളിലും ഇതിന്റെ ധ്വനിയുണ്ട്. ഒരു സ്ത്രീ ഏതു നേരത്ത് ഏതു പുരുഷന്റെ കൂടെ പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവളുടെ സ്വന്തമാണെന്ന സത്യം ഈ പ്രസ്താവനകള്‍ക്കെതിരെ നില്‍ക്കുന്നുണ്ട്. പക്ഷേ, അസമയത്ത് നിയമപാലകരുടെ ദൃഷ്ടി പതിയാത്ത ഇടങ്ങളില്‍ എന്തൊക്കെ സംഭവിക്കാമെന്നതിനെക്കുറിച്ചുള്ള ബോധം സ്ത്രീക്ക് മാത്രമല്ല, ഓരോ മനുഷ്യനും സ്വന്തം സുരക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടാവേണ്ടതാണ്.
Comments